വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവസ്‌നേഹത്താൽ ഏകീകൃതർ

ദൈവസ്‌നേഹത്താൽ ഏകീകൃതർ

ദൈവസ്‌നേഹത്താൽ ഏകീകൃതർ

പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ രൂപംകൊണ്ട ക്രിസ്‌തീയ സഭയ്‌ക്കു ശ്രദ്ധാർഹമായ അനേകം സവിശേഷതകൾ ഉണ്ടായിരുന്നു. അംഗങ്ങൾക്കിടയിലെ വൈവിധ്യം ഗണ്യമാക്കാതെ സഭ ആസ്വദിച്ച ഐക്യമാണ്‌ അതിലൊന്ന്‌. സത്യദൈവത്തിന്റെ ആ ആരാധകരിൽ ഏഷ്യ, യൂറോപ്പ്‌, ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നെല്ലാമുള്ള ആളുകൾ ഉൾപ്പെട്ടിരുന്നു. പുരോഹിതന്മാർ, പട്ടാളക്കാർ, അടിമകൾ, അഭയാർഥികൾ, വിവിധ തൊഴിലുകളിൽ വൈദഗ്‌ധ്യം സിദ്ധിച്ചവർ, വ്യാപാരികൾ എന്നിങ്ങനെ വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽനിന്ന്‌ ഉള്ളവരായിരുന്നു അവർ. ചിലർ യഹൂദന്മാരും മറ്റുള്ളവർ വിജാതീയരും ആയിരുന്നു. അവരിൽ പലരും മുമ്പ്‌ വ്യഭിചാരികളോ സ്വവർഗസംഭോഗികളോ മദ്യപാനികളോ മോഷ്ടാക്കളോ പിടിച്ചുപറിക്കാരോ ഒക്കെ ആയിരുന്നു. എന്നിരുന്നാലും ക്രിസ്‌ത്യാനികൾ ആയിത്തീർന്നപ്പോൾ അവർ തങ്ങളുടെ മോശമായ നടപടികൾ ഉപേക്ഷിക്കുകയും വിശ്വാസത്തിൽ ദൃഢമായി ഏകീകൃതരാകുകയും ചെയ്‌തു.

വിഭിന്നരായിരുന്ന ആ മനുഷ്യരെയെല്ലാം ഐക്യത്തിൽ കൂട്ടിവരുത്താൻ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനിത്വത്തിനു സാധിച്ചത്‌ എങ്ങനെ? എന്തുകൊണ്ടാണ്‌ അവർ പരസ്‌പരവും മറ്റുള്ളവരോടും സമാധാനത്തിൽ ആയിരുന്നത്‌? പ്രക്ഷോഭങ്ങളിലും സംഘട്ടനങ്ങളിലും അവർ പങ്കുചേരാതിരുന്നത്‌ എന്തുകൊണ്ട്‌? ആദിമ ക്രിസ്‌തീയ സഭ ഇന്നത്തെ പ്രമുഖ മതങ്ങളിൽനിന്നു വളരെയേറെ വ്യത്യസ്‌തം ആയിരുന്നതിന്റെ കാരണം എന്തായിരുന്നു?

സഭാംഗങ്ങളെ ഏകീകരിച്ചത്‌ എന്ത്‌?

ദൈവത്തോടുള്ള സ്‌നേഹം ആയിരുന്നു ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികളെ ഏകീകരിച്ച ഏറ്റവും പ്രധാന ഘടകം. സത്യദൈവമായ യഹോവയെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ മനസ്സോടും കൂടെ സ്‌നേഹിക്കുക എന്നത്‌ തങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വമാണെന്ന്‌ ആ ക്രിസ്‌ത്യാനികൾ തിരിച്ചറിഞ്ഞു. ഉദാഹരണത്തിന്‌, യഹൂദനായിരുന്ന അപ്പൊസ്‌തലനായ പത്രൊസിനോട്‌ ഒരിക്കൽ ഒരു വിജാതീയന്റെ വീടു സന്ദർശിക്കാൻ ആവശ്യപ്പെടുകയുണ്ടായി. സാധാരണഗതിയിൽ അത്തരക്കാരുമായി അവൻ അടുത്തു സഹവസിച്ചിരുന്നില്ല. ആ സ്ഥിതിക്ക്‌, യഹോവയോടുള്ള സ്‌നേഹം ആയിരുന്നു ആ നിർദേശം അനുസരിക്കാൻ അവനെ പ്രേരിപ്പിച്ച പ്രധാന സംഗതി. പത്രൊസും മറ്റ്‌ ആദിമ ക്രിസ്‌ത്യാനികളും യഹോവയുമായി ഒരു അടുത്ത ബന്ധം ആസ്വദിച്ചു. അവന്റെ വ്യക്തിത്വവും ഇഷ്ടാനിഷ്ടങ്ങളും സംബന്ധിച്ചുള്ള സൂക്ഷ്‌മമായ പരിജ്ഞാനത്തിൽ അടിസ്ഥാനപ്പെട്ടതായിരുന്നു ആ ബന്ധം. കാലക്രമത്തിൽ എല്ലാ ആരാധകരും, തങ്ങൾ “ഏകമനസ്സിലും ഏകാഭിപ്രായത്തിലും യോജിച്ചി”രിക്കണം എന്നത്‌ യഹോവയുടെ ഹിതമാണെന്നു മനസ്സിലാക്കുകയുണ്ടായി.​—⁠1 കൊരിന്ത്യർ 1:10; മത്തായി 22:37; പ്രവൃത്തികൾ 10:1-35.

യേശുക്രിസ്‌തുവിലുള്ള വിശ്വാസമാണ്‌ ക്രിസ്‌തീയ വിശ്വാസികളെ ഏകീകരിച്ച മറ്റൊരു ഘടകം. അവന്റെ കാൽച്ചുവടുകൾ അടുത്തു പിൻപറ്റാൻ അവർ ആഗ്രഹിച്ചു. അവൻ അവരോട്‌ ഇപ്രകാരം കൽപ്പിച്ചു: “ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം. . . . നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) ഈ സ്‌നേഹം ഉപരിപ്ലവമായ ഒരു വികാരത്തള്ളൽ ആയിരിക്കുന്നതിനു പകരം ആത്മത്യാഗപരമായ ഒരു ഗുണം ആയിരിക്കേണ്ടിയിരുന്നു. അത്‌ എന്തു ഫലം ഉളവാക്കുമായിരുന്നു? തന്നിൽ വിശ്വാസം അർപ്പിക്കുന്നവരെക്കുറിച്ച്‌ യേശു ഇപ്രകാരം പ്രാർഥിച്ചു: ‘അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ ഞാൻ അപേക്ഷിക്കുന്നു.’​—⁠യോഹന്നാൻ 17:20, 21; 1 പത്രൊസ്‌ 2:21.

തന്റെ യഥാർഥ ദാസരുടെമേൽ യഹോവ തന്റെ പരിശുദ്ധാത്മാവ്‌ അഥവാ പ്രവർത്തനനിരത ശക്തി പകർന്നതും അവർക്കിടയിൽ ഐക്യത്തിനു സംഭാവന ചെയ്‌തു. ബൈബിളിന്റെ പഠിപ്പിക്കലുകൾ സംബന്ധിച്ചുള്ള ഗ്രാഹ്യം ലഭിക്കാൻ ദൈവാത്മാവ്‌ ഇടയാക്കി. എല്ലാ സഭകളും ഒരുപോലെ ആ അറിവ്‌ കൈക്കൊള്ളുകയും ചെയ്‌തു. യഹോവയുടെ ആരാധകർ ഒരേ സന്ദേശം പ്രസംഗിച്ചു. മുഴുമനുഷ്യവർഗത്തെയും ഭരിക്കാനിരിക്കുന്ന സ്വർഗീയ ഗവൺമെന്റായ ദൈവത്തിന്റെ മിശിഹൈക രാജ്യത്തിലൂടെ യഹോവയുടെ നാമം വിശുദ്ധീകരിക്കപ്പെടാൻ പോകുന്നതിനെക്കുറിച്ച്‌ ഉള്ളതായിരുന്നു ആ സന്ദേശം. “ഈ ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കാൻ കടപ്പെട്ടവരാണു തങ്ങളെന്ന്‌ ആദിമ ക്രിസ്‌ത്യാനികൾ മനസ്സിലാക്കി. അതുകൊണ്ട്‌ ആഭ്യന്തര പ്രക്ഷോഭങ്ങളോ സൈനിക പോരാട്ടങ്ങളോ അരങ്ങേറിയപ്പോഴെല്ലാം അവർ നിഷ്‌പക്ഷത പാലിച്ചു. സകല മനുഷ്യരോടും സമാധാനത്തിലായിരിക്കാൻ അവർ ശ്രദ്ധിച്ചു.​—⁠യോഹന്നാൻ 14:26; 18:​36, NW; മത്തായി 6:9, 10; പ്രവൃത്തികൾ 2:1-4; റോമർ 12:17-21.

വിശ്വാസികളായ എല്ലാവരും ഐക്യം ഉന്നമിപ്പിക്കുന്നതിൽ തങ്ങൾക്കുള്ള വ്യക്തിപരമായ ഉത്തരവാദിത്വം നിറവേറ്റി. അതിൽ എന്താണ്‌ ഉൾപ്പെട്ടിരുന്നത്‌? അപ്പൊസ്‌തലനായ പൗലൊസ്‌ ഉദ്‌ബോധിപ്പിച്ച പ്രകാരം തങ്ങളുടെ നടത്ത ബൈബിൾനിലവാരങ്ങൾക്കു ചേർച്ചയിലാണെന്ന്‌ അവർ ഉറപ്പുവരുത്തി. അവൻ ഇപ്രകാരം എഴുതി: ‘മുമ്പിലത്തെ നടപ്പ്‌ അനുസരിച്ചുള്ള പഴയ മനുഷ്യനെ ഉപേക്ഷിച്ച്‌ പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.’​—⁠എഫെസ്യർ 4:22-32.

ഐക്യത്തിൽ തുടരുന്നു

ഒന്നാം നൂറ്റാണ്ടിലെ വിശ്വാസികൾ പൂർണതയുള്ളവർ ആയിരുന്നില്ല. അതുകൊണ്ടുതന്നെ ഐക്യത്തിനു വെല്ലുവിളി ഉയർത്തുന്ന സാഹചര്യങ്ങളും വികാസം പ്രാപിച്ചു. ഉദാഹരണത്തിന്‌, ഗ്രീക്ക്‌ ഭാഷക്കാരും എബ്രായ ഭാഷക്കാരുമായ യഹൂദ ക്രിസ്‌ത്യാനികളുടെ ഇടയിലുണ്ടായ ഒരു അഭിപ്രായവ്യത്യാസത്തെക്കുറിച്ച്‌ പ്രവൃത്തികൾ 6:1-6 വിവരിക്കുന്നു. തങ്ങൾ വിവേചനയ്‌ക്ക്‌ ഇരയായതായി ഗ്രീക്ക്‌ ഭാഷക്കാർക്കു തോന്നി. എന്നാൽ അപ്പൊസ്‌തലന്മാരെ ഇക്കാര്യം അറിയിച്ചപ്പോൾ ഉടൻതന്നെ അവർ ആ പ്രശ്‌നം നിഷ്‌പക്ഷമായി പരിഹരിച്ചു. പിന്നീട്‌, ഉപദേശസംബന്ധമായ ഒരു വിഷയം, യഹൂദേതരർക്കു ക്രിസ്‌തീയ സഭയിലുള്ള കടമകൾ സംബന്ധിച്ച വിവാദത്തിനു തിരികൊളുത്തിയപ്പോൾ ബൈബിൾതത്ത്വങ്ങളുടെ അടിസ്ഥാനത്തിൽ ഒരു തീരുമാനം കൈക്കൊള്ളുകയും എല്ലാ സഭകളും ഐകകണ്‌ഠ്യേന അത്‌ അംഗീകരിക്കുകയും ചെയ്‌തു.​—⁠പ്രവൃത്തികൾ 15:1-29.

അഭിപ്രായവ്യത്യാസങ്ങൾ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയിൽ കക്ഷിപിരിവുകൾക്കോ ഉപദേശസംബന്ധമായ ചില വീക്ഷണങ്ങളിൽ കടിച്ചുതൂങ്ങുന്നതുമൂലമുള്ള അനൈക്യത്തിനോ ഇടയാക്കിയില്ലെന്ന്‌ ഈ ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, യഹോവയോടുള്ള സ്‌നേഹം, യേശുക്രിസ്‌തുവിലുള്ള വിശ്വാസം, പരസ്‌പരമുള്ള ആത്മത്യാഗസ്‌നേഹം, പരിശുദ്ധാത്മാവിന്റെ നടത്തിപ്പിനോടുള്ള അനുസരണം, ബൈബിൾ പഠിപ്പിക്കലുകൾ സംബന്ധിച്ചുള്ള പൊതുവായ ഗ്രാഹ്യം, വ്യക്തിപരമായ നടത്തയിൽ മാറ്റം വരുത്താനുള്ള മനസ്സൊരുക്കം മുതലായ ഏകീകരണ ഘടകങ്ങൾ ആ ആദിമ സഭയുടെ ഐക്യവും സമാധാനവും നിലനിറുത്താൻമാത്രം ശക്തമായിരുന്നു.

ആരാധനയിലെ ഐക്യം ആധുനിക നാളിൽ

മേൽവിവരിച്ച അതേ വിധത്തിൽ ഐക്യം നേടിയെടുക്കാൻ ഇന്നു കഴിയുമോ? ഒരു മതവിശ്വാസത്തിലെ അംഗങ്ങളെ ഒന്നിപ്പിച്ചുനിറുത്താനും ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള സകല വർഗത്തിലുംപെട്ട മനുഷ്യരുമായി സമാധാനത്തിലായിരിക്കാൻ അവരെ പ്രാപ്‌തരാക്കാനും അതേ ഘടകങ്ങൾക്കു കഴിയുമോ? തീർച്ചയായും! യഹോവയുടെ സാക്ഷികൾ 230-ലധികം ദേശങ്ങളിലും ദ്വീപുകളിലും ആയി വ്യാപിച്ചുകിടക്കുന്ന ഒരു ലോകവ്യാപക സഹോദരവർഗമായി ഏകീകരിക്കപ്പെട്ടിരിക്കുന്നു. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികളെ ഏകീകരിച്ച അതേ ഘടകങ്ങൾ തന്നെയാണ്‌ അവരെയും ഒന്നിപ്പിച്ചിരിക്കുന്നത്‌.

യഹോവയുടെ സാക്ഷികൾ ആസ്വദിക്കുന്ന ഐക്യത്തിന്‌ ഏറ്റവുമധികം സംഭാവന ചെയ്യുന്നത്‌ യഹോവയാം ദൈവത്തോടുള്ള അവരുടെ ഭക്തിയാണ്‌. ഏതു സാഹചര്യത്തിലും അവനോടു വിശ്വസ്‌തരായിരിക്കാൻ അവർ പ്രയത്‌നിക്കുന്നു എന്നാണ്‌ അതിന്റെ അർഥം. കൂടാതെ, യേശുക്രിസ്‌തുവിലും അവന്റെ പഠിപ്പിക്കലുകളിലും യഹോവയുടെ സാക്ഷികൾ വിശ്വാസം അർപ്പിക്കുന്നു. സഹവിശ്വാസികളെ ആത്മത്യാഗപരമായി സ്‌നേഹിക്കുന്ന ഈ ക്രിസ്‌ത്യാനികൾ, തങ്ങൾ പ്രവർത്തിക്കുന്ന എല്ലാ ദേശങ്ങളിലും ദൈവരാജ്യത്തെക്കുറിച്ചുള്ള ഒരേ സുവാർത്തതന്നെ പ്രസംഗിക്കുന്നു. എല്ലാ മതവിശ്വാസത്തിലും വർഗത്തിലും ദേശത്തിലും സാമൂഹിക കൂട്ടങ്ങളിലും ഉൾപ്പെട്ടവരോട്‌ ഈ രാജ്യത്തെക്കുറിച്ചു സംസാരിക്കാൻ അവർ സന്തോഷമുള്ളവരാണ്‌. ലോകത്തിന്റെ കാര്യാദികളോടുള്ള ബന്ധത്തിൽ നിഷ്‌പക്ഷത പാലിക്കുന്നതിനാൽ, മനുഷ്യരെ ഭിന്നിപ്പിക്കുന്ന രാഷ്‌ട്രീയവും സാംസ്‌കാരികവും സാമൂഹികവും വാണിജ്യപരവും ആയ സമ്മർദങ്ങളെ ചെറുത്തുനിൽക്കാൻ യഹോവയുടെ സാക്ഷികൾക്കു സാധിക്കുന്നു. ബൈബിൾ നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ ഐക്യത്തെ ഉന്നമിപ്പിക്കാനുള്ള തങ്ങളുടെ വ്യക്തിപരമായ കടപ്പാടിനോട്‌ അവർ നീതിപുലർത്തുന്നു.

ഐക്യം മറ്റുള്ളവരെ ആകർഷിക്കുന്നു

മിക്കപ്പോഴും ഇത്തരം ഐക്യം സാക്ഷികൾ അല്ലാതിരുന്ന വ്യക്തികളുടെ താത്‌പര്യം ഉണർത്തിയിട്ടുണ്ട്‌. ജർമനിയിലെ ഒരു കത്തോലിക്ക മഠത്തിൽ കന്യാസ്‌ത്രീ ആയിരുന്ന ഇൽസ * അതിന്‌ ഉദാഹരണമാണ്‌. അവരെ യഹോവയുടെ സാക്ഷികളിലേക്ക്‌ ആകർഷിച്ചത്‌ എന്തായിരുന്നു? ഇൽസ പറയുന്നു: “ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും നല്ല മനുഷ്യരാണ്‌ യഹോവയുടെ സാക്ഷികൾ. അവർ യുദ്ധത്തിൽ പങ്കെടുക്കുകയോ ഏതെങ്കിലും വിധത്തിൽ ആരെയെങ്കിലും ദ്രോഹിക്കുകയോ ചെയ്യുന്നില്ല. ദൈവരാജ്യത്തിൻ കീഴിലെ പറുദീസാഭൂമിയിൽ സന്തോഷത്തോടെ ജീവിക്കാൻ ആളുകളെ സഹായിക്കുക എന്നതാണ്‌ അവരുടെ ആഗ്രഹം.”

രണ്ടാം ലോകയുദ്ധ കാലത്ത്‌ ഫ്രാൻസിലേക്ക്‌ അയയ്‌ക്കപ്പെട്ട ഗ്വെന്റർ എന്ന ജർമൻ പട്ടാളക്കാരനാണ്‌ മറ്റൊരു ഉദാഹരണം. ഒരു ദിവസം ഒരു പ്രൊട്ടസ്റ്റന്റ്‌ പുരോഹിതൻ ഗ്വെന്ററിന്റെ യൂണിറ്റിലുള്ള പട്ടാളക്കാർക്കുവേണ്ടി ഒരു മതശുശ്രൂഷ നടത്തി. ദൈവാനുഗ്രഹത്തിനും സംരക്ഷണത്തിനും വിജയത്തിനും വേണ്ടി പുരോഹിതൻ പ്രാർഥിച്ചു. അതേത്തുടർന്ന്‌ ഗ്വെന്റർ കാവൽഭടനെന്ന നിലയിലുള്ള തന്റെ ജോലി ആരംഭിച്ചു. തന്റെ ബൈനോക്യുലറിലൂടെ നിരീക്ഷണം നടത്തുമ്പോൾ, മറുവശത്തുള്ള ശത്രുസൈന്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അവരും ഒരു പുരോഹിതൻ നടത്തുന്ന മതശുശ്രൂഷയിൽ പങ്കുപറ്റുകയായിരുന്നു. പിന്നീട്‌ ഗ്വെന്റർ ഇപ്രകാരം അഭിപ്രായപ്പെടുകയുണ്ടായി: “സാധ്യതയനുസരിച്ച്‌, അനുഗ്രഹത്തിനും സംരക്ഷണത്തിനും വിജയത്തിനും വേണ്ടിത്തന്നെയാണ്‌ ആ പുരോഹിതനും പ്രാർഥിച്ചത്‌. യുദ്ധത്തിൽ എതിർപക്ഷങ്ങളിൽ നിന്നുകൊണ്ട്‌ പരസ്‌പരം ഏറ്റുമുട്ടാൻ ക്രിസ്‌തീയ സഭകൾക്കു കഴിയുന്നത്‌ എങ്ങനെയെന്നു ഞാൻ അതിശയിച്ചുപോയി.” ആ രംഗം ഗ്വെന്ററിന്റെ ഓർമയിൽ ഒരു മായാത്ത മുദ്ര പതിപ്പിച്ചു. പിന്നീട്‌ യഹോവയുടെ സാക്ഷികളുമായി സമ്പർക്കത്തിൽവന്ന ഗ്വെന്റർ, അവർ യുദ്ധത്തിൽ പങ്കെടുക്കുകയില്ലെന്നു മനസ്സിലാക്കുകയും അവരുടെ ലോകവ്യാപക സഹോദരവർഗത്തിന്റെ ഭാഗം ആയിത്തീരുകയും ചെയ്‌തു.

ഒരു പൗരസ്‌ത്യ മതത്തിൽപ്പെട്ടവരായിരുന്നു അഷോകും ഫീമയും. അവർക്കു വീട്ടിൽത്തന്നെ ഒരു ആരാധനാമന്ദിരം ഉണ്ടായിരുന്നു. എന്നാൽ ഗുരുതരമായ ഒരു രോഗം കുടുംബത്തെ ബാധിച്ചപ്പോൾ അവർ തങ്ങളുടെ മതം പുനഃപരിശോധനയ്‌ക്കു വിധേയമാക്കി. യഹോവയുടെ സാക്ഷികളുമായി നടത്തിയ സംഭാഷണങ്ങളിലൂടെ ബൈബിൾ പഠിപ്പിക്കലുകളിലും സാക്ഷികൾക്കിടയിൽ സ്ഥിതിചെയ്യുന്ന സ്‌നേഹത്തിലും ആകൃഷ്ടർ ആയിത്തീർന്ന അഷോകും ഫീമയും ഇപ്പോൾ യഹോവയുടെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്തയുടെ തീക്ഷ്‌ണരായ പ്രസാധകരാണ്‌.

ഇൽസയും ഗ്വെന്ററും അഷോകും ഫീമയും ദശലക്ഷക്കണക്കിനു യഹോവയുടെ സാക്ഷികളോടൊപ്പം ഒരു ആഗോള സഹോദരവർഗമായി ഏകീകരിക്കപ്പെട്ടിരിക്കുന്നു. ഇന്ന്‌ ആരാധനയിൽ തങ്ങളെ ഏകീകരിക്കുന്ന അതേ ഘടകങ്ങൾ പെട്ടെന്നുതന്നെ അനുസരണമുള്ള മുഴു മനുഷ്യവർഗത്തെയും ഏകീകൃതരാക്കുമെന്ന ബൈബിളിന്റെ വാഗ്‌ദാനത്തിൽ അവർ വിശ്വസിക്കുന്നു. മതത്തിന്റെ പേരിലുള്ള ഘോരകൃത്യങ്ങളോ അനൈക്യമോ ഭിന്നതകളോ പിന്നീടൊരിക്കലും തലപൊക്കുകയില്ല. സത്യദൈവമായ യഹോവയുടെ ആരാധനയിൽ മുഴു ലോകവും ഒന്നുചേരും.​—⁠വെളിപ്പാടു 21:4, 5.

[അടിക്കുറിപ്പ്‌]

^ ഖ. 16 ഈ ലേഖനത്തിലെ ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്‌.

[4, 5 പേജുകളിലെ ചിത്രങ്ങൾ]

വ്യത്യസ്‌ത പശ്ചാത്തലങ്ങളിൽ നിന്നുള്ളവർ ആയിരുന്നിട്ടും ആദിമ ക്രിസ്‌ത്യാനികൾ ഏകീകൃതരായിരുന്നു