ദൈവികജ്ഞാനത്താൽ നിങ്ങളുടെ മക്കളെ സംരക്ഷിക്കാവുന്നത് എങ്ങനെ?
ദൈവികജ്ഞാനത്താൽ നിങ്ങളുടെ മക്കളെ സംരക്ഷിക്കാവുന്നത് എങ്ങനെ?
നമ്മുടെ ശരീരം പ്രതിദിനം നിരവധി സൂക്ഷ്‌മരോഗാണുക്കളുമായി പോരാട്ടത്തിൽ ഏർപ്പെടുന്നുണ്ട്. എന്നാൽ അവയിൽനിന്നു നമ്മെ സംരക്ഷിക്കാൻ പര്യാപ്‌തമായ ഒരു പ്രതിരോധവ്യവസ്ഥയോടെയാണു നമ്മിൽ മിക്കവരും ജനിക്കുന്നത്. ഈ സംവിധാനം നിരവധി പകർച്ചവ്യാധികളിൽനിന്നു നമ്മെ സംരക്ഷിക്കുന്നു.
സമാനമായ ഒരു വിധത്തിൽ, ക്രിസ്‌ത്യാനികൾ തിരുവെഴുത്തുവിരുദ്ധമായ ചിന്തകൾ, മൂല്യങ്ങൾ, ആത്മീയാരോഗ്യം നശിപ്പിച്ചേക്കാവുന്ന സമ്മർദങ്ങൾ എന്നിവയോടു പോരാടേണ്ടതുണ്ട്. (2 കൊരിന്ത്യർ 11:3) നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ലക്ഷ്യംവെച്ചിരിക്കുന്ന ഈ നിരന്തര ആക്രമണത്തെ ചെറുക്കുന്നതിന് നാം ആത്മീയ പ്രതിരോധ സംവിധാനം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്.
അത്തരം പ്രതിരോധം നമ്മുടെ കുട്ടികൾക്കു വിശേഷിച്ചും ആവശ്യമാണ്. എന്തുകൊണ്ടെന്നാൽ, ലോകത്തിന്റെ ആത്മാവിനെ പ്രതിരോധിക്കത്തക്ക ആത്മീയ പ്രതിരോധ സംവിധാനത്തോടെയല്ല അവർ ജനിക്കുന്നത്. (എഫെസ്യർ 2:2) കുട്ടികൾ വളർന്നുവരുമ്പോൾ, സ്വന്തം പ്രതിരോധ സംവിധാനം വളർത്തിയെടുക്കാൻ മാതാപിതാക്കൾ അവരെ സഹായിക്കേണ്ടതു മർമപ്രധാനമാണ്. ആ പ്രതിരോധം എന്തിലാണ് ആശ്രയിച്ചിരിക്കുന്നത്? ബൈബിൾ വിശദീകരിക്കുന്നു: “യഹോവയല്ലോ ജ്ഞാനം നല്‌കുന്നതു; . . . അവൻ . . . തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു.” (സദൃശവാക്യങ്ങൾ 2:6, 8) ദിവ്യജ്ഞാനത്തിന് ചെറുപ്പക്കാരുടെ പാതയെ കാക്കാൻ കഴിയും. എന്നാൽ അതിന്റെ അഭാവത്തിൽ അവർ ഹാനികരമായ സഹവാസത്തിനോ സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തിനോ അനാരോഗ്യകരമായ വിനോദങ്ങൾക്കോ അടിപ്പെട്ടുപോയേക്കാം. മാതാപിതാക്കൾക്ക് യഹോവയുടെ മാർഗനിർദേശം പിൻപറ്റിക്കൊണ്ട് മക്കളിൽ ദൈവികജ്ഞാനം ഉൾനടാൻ എങ്ങനെ കഴിയും?
കെട്ടുപണിചെയ്യുന്ന സഹവാസം തേടൽ
കൗമാരപ്രായക്കാർ മറ്റു കൗമാരപ്രായക്കാരോടു സഹവസിക്കാൻ ഇഷ്ടപ്പെടുന്നതു മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ തങ്ങളെപ്പോലെതന്നെ അനുഭവജ്ഞാനം ഇല്ലാത്ത ആളുകളുമായിമാത്രം സഹവസിക്കുന്നത് ദിവ്യജ്ഞാനം നേടിയെടുക്കാനും പ്രാവർത്തികമാക്കാനും സഹായിക്കില്ല. “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു” എന്ന് സദൃശവാക്യം മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 22:15) അങ്ങനെയെങ്കിൽ, സഹവാസത്തിന്റെ കാര്യത്തിൽ ദിവ്യജ്ഞാനം ബാധകമാക്കാൻ ചില മാതാപിതാക്കൾ മക്കളെ സഹായിച്ചിരിക്കുന്നത് എങ്ങനെ?
ഡോൺ * എന്നു പേരുള്ള ഒരു പിതാവ് ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ പുത്രന്മാർ അവരുടെ സമപ്രായക്കാരായ കൂട്ടുകാരോടൊത്തു വളരെയധികം സമയം ചെലവഴിക്കുമായിരുന്നു. എന്നാൽ ആ സമയത്തിലധികവും അവർ ചെലവിട്ടത് ഞങ്ങളുടെ വീട്ടിൽ, ഞങ്ങളുടെ സാന്നിധ്യത്തിലായിരുന്നു. ഞങ്ങളുടെ വീട് ചെറുപ്പക്കാർക്കായി എപ്പോഴും തുറന്നുകിടന്നു. അവരെക്കൊണ്ട് വീട് എല്ലായ്‌പോഴും നിറഞ്ഞിരുന്നു. ഞങ്ങൾ അവരെ സ്വാഗതം ചെയ്യുകയും ഭക്ഷണം നൽകുകയും ചെയ്‌തു. ഞങ്ങളുടെ കുട്ടികൾക്കു സുരക്ഷിതവും ആസ്വാദ്യവുമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനുവേണ്ടി ഒച്ചപ്പാടും ബഹളവും ഒക്കെ സഹിക്കുന്നതിൽ ഞങ്ങൾക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ.”
ബ്രയനും മേരിക്കും സത്‌സ്വഭാവികളായ മൂന്നു മക്കളാണുള്ളത്. എന്നാൽ മക്കളെ പരിശീലിപ്പിക്കുന്നത് എല്ലായ്‌പോഴും അത്ര എളുപ്പമായിരുന്നിട്ടില്ലെന്ന് അവർ തുറന്നു സമ്മതിക്കുന്നു. അവർ പറയുന്നു: “സഭയിൽ ഞങ്ങളുടെ മകൾ ജെയ്‌നിന് സഹവസിക്കാൻ കൗമാരത്തിന്റെ അവസാനത്തിലെത്തിയ ചെറുപ്പക്കാർ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവൾക്ക് സൂസൻ എന്നു പേരായ ഒരു കൂട്ടുകാരിയുണ്ടായിരുന്നു, നല്ല സൗഹൃദമനോഭാവമുള്ള, പ്രസരിപ്പുള്ള ഒരു കുട്ടി. എന്നാൽ അവളുടെ മാതാപിതാക്കൾ ഞങ്ങളോടുള്ള താരതമ്യത്തിൽ മകൾക്കു കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ജെയ്‌ൻ നേരത്തേതന്നെ വീട്ടിലെത്തണമായിരുന്നു. എന്നാൽ സൂസന് രാത്രി വൈകിയും പുറത്തു കഴിയാമായിരുന്നു. ഇറക്കം കുറഞ്ഞ വസ്‌ത്രം ധരിക്കുന്നതിനും ചോദ്യംചെയ്യത്തക്ക സംഗീതം കേൾക്കുന്നതിനും അനുചിതമായ ചലച്ചിത്രങ്ങൾ കാണുന്നതിനും അവളെ അനുവദിച്ചിരുന്നു. വളരെക്കാലത്തേക്ക് ഞങ്ങളുടെ നിലപാട് ഉൾക്കൊള്ളാൻ ജെയ്‌നിനു കഴിഞ്ഞിരുന്നില്ല. അവളുടെ ദൃഷ്ടിയിൽ ഞങ്ങൾ അമിതമായ നിയന്ത്രണങ്ങൾ വെക്കുന്നവരും സൂസന്റെ മാതാപിതാക്കൾ മക്കളെ നന്നായി മനസ്സിലാക്കുന്നവരും ആയിരുന്നു. ഞങ്ങൾ ജെയ്‌നിനെ കർശനമായി നിയന്ത്രിച്ചിരുന്നത് അവളെ സംരക്ഷിക്കുന്നതിനുവേണ്ടി ആയിരുന്നെന്ന് സൂസൻ കുഴപ്പത്തിൽ അകപ്പെട്ടപ്പോഴാണ് അവൾക്കു മനസ്സിലായത്. ഞങ്ങളുടെ മകളുടെ നന്മയ്‌ക്ക് ഉതകുന്നതെന്ന് ഞങ്ങൾ വിചാരിച്ചതിൽനിന്നു പിന്നാക്കം പോകാതിരുന്നതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്.”
സഹവാസത്തിന്റെ കാര്യത്തിൽ മാതാപിതാക്കളുടെ മാർഗനിർദേശം തേടുന്നതിന്റെ ജ്ഞാനം ജെയ്‌നിനെപ്പോലെ പല ചെറുപ്പക്കാരും മനസ്സിലാക്കിയിട്ടുണ്ട്. “ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും” എന്ന് സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 15:31) ദിവ്യജ്ഞാനം ചെറുപ്പക്കാരെ കെട്ടുപണിചെയ്യുന്ന സുഹൃത്തുക്കളുടെ സഹവാസം തേടുന്നതിലേക്കു നയിക്കുന്നു.
അനുരൂപപ്പെടാനുള്ള സമ്മർദം തരണംചെയ്യൽ
സഹവാസത്തോട് അടുത്തു ബന്ധപ്പെട്ട ഒരു കാര്യമാണ് സമപ്രായക്കാരിൽനിന്നുള്ള സമ്മർദം. അനുരൂപപ്പെടാനുള്ള സമ്മർദം നിരന്തരമായി നമ്മുടെ മക്കളുടെ പ്രതിരോധത്തിന്റെ കരുത്തു പരിശോധിക്കുന്നു. യുവജനങ്ങൾ സാധാരണമായി സമപ്രായക്കാരുടെ അംഗീകാരം തേടുന്നതിനാൽ ലോകം അഭികാമ്യമെന്നു വീക്ഷിക്കുന്ന മൂശയിലേക്ക് അവരെ തിരുകിക്കയറ്റാൻ സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തിനു കഴിയും.—സദൃശവാക്യങ്ങൾ 29:25.
“ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു” എന്ന് ബൈബിൾ നമുക്കു മുന്നറിയിപ്പു നൽകുന്നു. (1 യോഹന്നാൻ 2:17) അതുകൊണ്ട് ലോകത്തിന്റെ വീക്ഷണങ്ങൾ തങ്ങളുടെ മക്കളെ അമിതമായി ബാധിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത്. ക്രിസ്‌തീയ വിധത്തിൽ ചിന്തിക്കാൻ മക്കളെ സഹായിക്കാൻ അവർക്ക് എങ്ങനെ കഴിയും?
“മറ്റു ചെറുപ്പക്കാരെപ്പോലെ വസ്‌ത്രം ധരിക്കാൻ എന്റെ മകൾ എല്ലായ്‌പോഴും ആഗ്രഹിച്ചിരുന്നു,” റിച്ചാർഡ് പറയുന്നു. “അവൾ ഈ വിഷയം ഉന്നയിച്ചപ്പോഴെല്ലാം അതിന്റെ ഗുണദോഷങ്ങൾ സംബന്ധിച്ച് ഞങ്ങൾ അവളുമായി ക്ഷമാപൂർവം ന്യായവാദം ചെയ്‌തു. കുഴപ്പമില്ലാത്തതെന്നു ഞങ്ങൾ വീക്ഷിച്ച ഫാഷന്റെ കാര്യത്തിൽപ്പോലും ഏതാനും വർഷങ്ങൾക്കുമുമ്പു കേട്ട ഒരു ബുദ്ധിയുപദേശം ഞങ്ങൾ പിൻപറ്റി, ‘ജ്ഞാനിയായ ഒരാൾ ഒരു പുതിയ ഫാഷൻ ഏറ്റവും ആദ്യം സ്വീകരിക്കുകയോ ഏറ്റവും അവസാനം ഉപേക്ഷിക്കുകയോ ചെയ്യില്ല.’”
പൗളിൻ എന്നു പേരുള്ള ഒരു മാതാവ് സമപ്രായക്കാരിൽനിന്നുള്ള സമ്മർദം ചെറുക്കാൻ മക്കളെ സഹായിച്ചതു മറ്റൊരു വിധത്തിലാണ്. അവൾ അനുസ്‌മരിക്കുന്നു: “എന്റെ മക്കളുടെ ഇഷ്ടാനിഷ്ടങ്ങളിൽ ഞാൻ താത്‌പര്യമെടുത്തു. അവരുടെ മുറിയിൽപ്പോയി ഞാൻ അവരോടു പതിവായി സംസാരിക്കുമായിരുന്നു. ഈ നീണ്ട സംഭാഷണങ്ങളിലൂടെ അവരുടെ ആശയങ്ങളെ തേച്ചുമിനുക്കിയെടുക്കാനും കാര്യങ്ങളെ മറ്റു വിധങ്ങളിൽ നോക്കിക്കാണാൻ അവരെ സഹായിക്കാനും എനിക്കു കഴിഞ്ഞു.”
സമപ്രായക്കാരിൽനിന്നുള്ള സമ്മർദം ഇല്ലാതാകുകയില്ല. അതിനാൽ, മാതാപിതാക്കൾ ‘ലൗകിക സങ്കല്‌പങ്ങളെ [“ന്യായവാദങ്ങളെ,” NW] ഇടിച്ചുകളയുന്നതിനും’ തങ്ങളുടെ ചിന്തകളെ ‘ക്രിസ്‌തുവിനോടുള്ള അനുസരണത്തിനായിട്ടു പിടിച്ചടക്കുന്നതിന്’ മക്കളെ സഹായിക്കുന്നതിനും സാധ്യതയനുസരിച്ച് നിരന്തരം കഠിനശ്രമം ചെയ്യേണ്ടതായി വരും. (2 കൊരിന്ത്യർ 10:5) എന്നാൽ “പ്രാർത്ഥനയിൽ ഉറ്റിരി”ക്കുന്നതിലൂടെ മാതാപിതാക്കൾക്കും മക്കൾക്കും ഈ നിർണായക ദൗത്യം പൂർത്തീകരിക്കുന്നതിനു ശക്തി സംഭരിക്കാൻ കഴിയും.—റോമർ 12:13; സങ്കീർത്തനം 65:2.
വിനോദത്തിന്റെ ശക്തമായ ആകർഷണം
കൈകാര്യംചെയ്യാൻ ബുദ്ധിമുട്ടുള്ളതായി മാതാപിതാക്കൾ കണ്ടെത്തിയേക്കാവുന്ന മൂന്നാമതൊരു സ്വാധീനമാണ് വിനോദം. സ്വാഭാവികമായും കൊച്ചുകുട്ടികൾക്കു കളികൾ ഇഷ്ടമാണ്. മുതിർന്ന കുട്ടികളും വിനോദം തേടുന്നതിൽ അതീവ തത്‌പരരാണ്. (2 തിമൊഥെയൊസ് 2:22) എന്നാൽ ജ്ഞാനരഹിതമായ വിധത്തിൽ ഈ ആഗ്രഹം തൃപ്‌തിപ്പെടുത്തുന്നെങ്കിൽ ആത്മീയ പ്രതിരോധത്തിന്റെ തകർച്ചയായിരിക്കും ഫലം. പ്രധാനമായും രണ്ടു വിധത്തിലാണ് അപകടം ഉളവാകുന്നത്.
ഒന്നാമതായി, മിക്ക വിനോദങ്ങളും ലോകത്തിന്റെ അധഃപതിച്ച ധാർമിക നിലവാരങ്ങളാണു പ്രതിഫലിപ്പിക്കുന്നത്. (എഫെസ്യർ 4:17-19) എന്നാൽ, അവ അവതരിപ്പിക്കപ്പെടുന്നതാകട്ടെ എല്ലായ്‌പോഴും ആവേശകരവും ആകർഷകവും ആയ ഒരു വിധത്തിലും. ഇത് ചതിക്കുഴികൾ തിരിച്ചറിയാൻ കഴിയാതിരുന്നേക്കാവുന്ന ചെറുപ്പക്കാർക്ക് വലിയ അപകടമുയർത്തുന്നു.
രണ്ടാമതായി, വിനോദങ്ങൾക്കായി ചെലവഴിക്കുന്ന സമയത്തിന്റെ അളവും പ്രശ്‌നങ്ങൾക്കു കാരണമായേക്കാം. ചിലരെ സംബന്ധിച്ചിടത്തോളം, രസിക്കുന്നത് ജീവിതത്തിലെ പരമപ്രധാന സംഗതിയായിത്തീരുന്നു, ഇത് വളരെയധികം സമയവും ഊർജവും അപഹരിക്കുന്നു. “തേൻ ഏറെ കുടിക്കുന്നതു നന്നല്ല” എന്ന് ഒരു സദൃശവാക്യം മുന്നറിയിപ്പു നൽകുന്നു. (സദൃശവാക്യങ്ങൾ 25:27) സമാനമായി, ഏറെ വിനോദിക്കുന്നത് ആത്മീയാഹാരത്തോടുള്ള താത്‌പര്യം കുറയാനിടയാക്കുകയും മാനസികമായ അലസതയിലേക്കു നയിക്കുകയും ചെയ്യുന്നു. (സദൃശവാക്യങ്ങൾ 21:17; 24:30-34) ഈ ലോകത്തെ പൂർണമായി അനുഭവിക്കുന്നത് “സാക്ഷാലുള്ള ജീവനെ”—ദൈവത്തിന്റെ പുതിയ ലോകത്തിലെ നിത്യജീവനെ—‘പിടിച്ചുകൊള്ളു’ന്നതിൽനിന്നു യുവാക്കളെ തടയും. (1 തിമൊഥെയൊസ് 6:12, 19) മാതാപിതാക്കൾ ഈ വെല്ലുവിളിയെ നേരിട്ടിരിക്കുന്നത് എങ്ങനെ?
മൂന്നു പെൺകുട്ടികളുടെ മാതാവായ മാരീ കാർമെൻ പറയുന്നു: “മക്കൾ ആരോഗ്യാവഹമായ വിനോദം ആസ്വദിക്കാനും ഉല്ലസിക്കാനും ഞങ്ങൾ ആഗ്രഹിച്ചു. അതുകൊണ്ട് ഞങ്ങൾ ഒരു കുടുംബമെന്ന നിലയിൽ മിക്കപ്പോഴും പുറത്തുപോകുമായിരുന്നു. സഭയിലെ സുഹൃത്തുക്കളുമൊത്തും അവർ സമയം ചെലവഴിക്കുമായിരുന്നു. എന്നാൽ ഞങ്ങൾ വിനോദത്തെ അതിന്റെ സ്ഥാനത്തു നിറുത്തി. ഭക്ഷണശേഷം കഴിക്കുന്ന മധുരത്തിന്റെ സ്ഥാനത്താണ് ഞങ്ങൾ വിനോദത്തെ കണ്ടിരുന്നത്, അല്ലാതെ ഭക്ഷണത്തിന്റെ സ്ഥാനത്തല്ല. വീട്ടിലും സ്‌കൂളിലും സഭയിലും വേലചെയ്യുന്നവർ ആയിരിക്കാൻ അവർ പഠിച്ചു.”
ഡോണും രൂത്തും സമാനമായി മക്കൾക്ക് വിനോദത്തിനുള്ള അവസരം ഒരുക്കുന്നതിന് പ്രത്യേക ശ്രമം ചെയ്‌തു. “ശനിയാഴ്‌ചകൾ കുടുംബം ഒരുമിച്ചായിരിക്കാനുള്ള ദിവസമായി ഞങ്ങൾ നിശ്ചയിച്ചിരുന്നു,” അവർ വിശദീകരിച്ചു. “രാവിലെ ഞങ്ങൾ വയൽശുശ്രൂഷയിൽ പങ്കുപറ്റും, ഉച്ചകഴിഞ്ഞ് നീന്താൻപോകും. വൈകുന്നേരം വിശേഷ ഭക്ഷണവും ഉണ്ടായിരിക്കും.”
ഈ മാതാപിതാക്കളുടെ വാക്കുകൾ, ആരോഗ്യാവഹമായ വിനോദത്തിനുള്ള അവസരം പ്രദാനം ചെയ്യുകയും ഒരു ക്രിസ്‌ത്യാനിയുടെ ജീവിതത്തിൽ വിനോദത്തെ അതിന്റെ സ്ഥാനത്തു നിറുത്തുകയും ചെയ്യുന്ന കാര്യത്തിൽ സമനില ഉണ്ടായിരിക്കുന്നതിന്റെ മൂല്യം കാണിച്ചുതരുന്നു.—സഭാപ്രസംഗി 3:4; ഫിലിപ്പിയർ 4:5, NW.
യഹോവയിൽ ആശ്രയിക്കുക
ആത്മീയ പ്രതിരോധം വികസിപ്പിച്ചെടുക്കുന്നതിന് അനേക വർഷങ്ങൾ വേണ്ടിവരും. തങ്ങളുടെ സ്വർഗീയ പിതാവിൽ ആശ്രയിക്കാൻ മക്കളെ പ്രചോദിപ്പിച്ചുകൊണ്ട് ദൈവികജ്ഞാനം ഉൾനടുന്ന അത്ഭുത മരുന്നൊന്നുമില്ല. മറിച്ച് മാതാപിതാക്കൾ മക്കളെ “കർത്താവിന്റെ [“യഹോവയുടെ,” NW] ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തു”കതന്നെ വേണം. (എഫെസ്യർ 6:4) തുടർച്ചയായ ഈ “പത്ഥ്യോപദേശം” അഥവാ മാനസിക ക്രമവത്‌കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ദൈവം വീക്ഷിക്കുന്നതുപോലെ കാര്യങ്ങൾ വീക്ഷിക്കാൻ മക്കളെ സഹായിക്കുക എന്നാണ്. മാതാപിതാക്കൾക്ക് ഈ ലക്ഷ്യം കൈവരിക്കാൻ എങ്ങനെ കഴിയും?
ക്രമമായ കുടുംബ ബൈബിളധ്യയനമാണ് വിജയത്തിന്റെ ഒരു താക്കോൽ. ഈ പഠനം ദൈവത്തിന്റെ ‘ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു മക്കളുടെ കണ്ണുകളെ തുറക്കും.’ (സങ്കീർത്തനം 119:18) കുടുംബാധ്യയനത്തെ വളരെ ഗൗരവത്തോടെ കണ്ടിരുന്ന ത്യേഗോ, യഹോവയോട് അടുത്തുചെല്ലാൻ കുട്ടികളെ സഹായിച്ചു. “ഞാൻ അധ്യയനത്തിനുവേണ്ടി നന്നായി തയ്യാറാകുമായിരുന്നു,” അദ്ദേഹം പറയുന്നു. “തിരുവെഴുത്തധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിൽ ഗവേഷണം നടത്തിക്കൊണ്ട് ബൈബിൾ കഥാപാത്രങ്ങളെ കുട്ടികൾക്ക് യഥാർഥമാക്കിത്തീർക്കാൻ ഞാൻ പഠിച്ചു. വിശ്വസ്‌ത വ്യക്തികളുടെ ജീവിതത്തിലെയും സ്വന്തം ജീവിതത്തിലെയും സമാനതകൾ കണ്ടെത്താൻ ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു. യഹോവയെ പ്രസാദിപ്പിക്കുന്നത് എന്താണെന്നതു സംബന്ധിച്ച വ്യക്തമായ ഒരു ഓർമിപ്പിക്കലായി അത് ഉതകി.”
അനൗപചാരിക സന്ദർഭങ്ങളിലും കുട്ടികൾ കാര്യങ്ങൾ പഠിക്കുന്നു. “വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും” യഹോവയുടെ ഓർമിപ്പിക്കലുകളെക്കുറിച്ചു കുട്ടികളോടു പറയാൻ മോശെ മാതാപിതാക്കളെ ഉദ്‌ബോധിപ്പിച്ചു. (ആവർത്തനപുസ്‌തകം 6:7) ഒരു പിതാവ് വിശദീകരിക്കുന്നു: “എന്റെ മകന് ഹൃദയം തുറക്കാനും അവന്റെ വികാരങ്ങൾ പ്രകടിപ്പിക്കാനും സമയം ആവശ്യമാണ്. ഞങ്ങൾ നടക്കാൻപോകുകയോ ഒരുമിച്ച് എന്തെങ്കിലും ജോലിയിൽ ഏർപ്പെടുകയോ ചെയ്യുമ്പോൾ അവൻ സാവധാനം ഹൃദയം തുറക്കുന്നു. അത്തരം സന്ദർഭങ്ങളിലെ സംഭാഷണം ഞങ്ങളിരുവർക്കും പ്രയോജനം ചെയ്യുന്നു.”
മാതാപിതാക്കളുടെ പ്രാർഥനയും മക്കളുടെമേൽ ശക്തമായ സ്വാധീനം ചെലുത്തുന്നു. മാതാപിതാക്കൾ താഴ്‌മയോടെ ദൈവത്തെ സമീപിച്ച് അവന്റെ സഹായവും ക്ഷമയും യാചിക്കുന്നതു കേൾക്കുമ്പോൾ, ‘ദൈവം ഉണ്ട് എന്നു വിശ്വസിക്കാൻ’ കുട്ടികൾ പ്രേരിതരായിത്തീരും. (എബ്രായർ 11:6) വിജയകരമായി മക്കളെ വളർത്തുന്ന മിക്ക മാതാപിതാക്കളും കുടുംബപ്രാർഥനയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു, പ്രത്യേകിച്ച് സ്‌കൂളിലെ കാര്യങ്ങൾപോലെ കുട്ടികളെ ആകുലപ്പെടുത്തുന്ന പ്രശ്‌നങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രാർഥനകൾ. മക്കൾ സ്‌കൂളിൽ പോകുന്നതിനുമുമ്പ് തന്റെ ഭാര്യ എന്നും അവരോടൊത്തു പ്രാർഥിക്കുമെന്ന് ഒരു പിതാവു പറയുന്നു.—സങ്കീർത്തനം 62:8; 112:7.
“നന്മ ചെയ്‌കയിൽ നാം മടുത്തുപോകരുത്”
എല്ലാ മാതാപിതാക്കൾക്കും തെറ്റു പറ്റുന്നു, ചില സാഹചര്യങ്ങൾ കൈകാര്യംചെയ്‌ത വിധത്തെപ്പറ്റി പിന്നീട് ഖേദിക്കേണ്ടതായും വന്നേക്കാം. എന്നാൽ “നന്മ ചെയ്‌കയിൽ നാം മടുത്തുപോകരുത്” എന്നും തുടർന്നും ശ്രമിച്ചുകൊണ്ടിരിക്കണമെന്നും ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.—ഗലാത്യർ 6:9.
എന്നാൽ മക്കളെ മനസ്സിലാക്കാൻ കഴിയാതെവരുമ്പോൾ ശ്രമം ഉപേക്ഷിച്ചുകളയാൻ മാതാപിതാക്കൾക്കു തോന്നിയേക്കാം. യുവതലമുറ വ്യത്യസ്‌തരാണ്, അവരെ കൈകാര്യംചെയ്യാൻ ബുദ്ധിമുട്ടാണ് എന്നൊക്കെ പറഞ്ഞൊഴിയാൻ എളുപ്പമാണ്. എന്നാൽ വാസ്‌തവത്തിൽ മുൻതലമുറകൾക്ക് ഉണ്ടായിരുന്ന അതേ കുറവുകളും സമാനമായ പ്രലോഭനങ്ങളും തന്നെയാണ് ഇന്നത്തെ കുട്ടികൾക്കും ഉള്ളത്—തെറ്റു ചെയ്യാനുള്ള സമ്മർദം ഇന്നു കൂടുതലാണെന്നുമാത്രം. അതുകൊണ്ട് ഒരു പിതാവ് തന്റെ മകനു തിരുത്തൽ നൽകിയതിനുശേഷം ഇങ്ങനെ പറഞ്ഞുകൊണ്ട് തന്റെ വാക്കുകൾ മയപ്പെടുത്തുമായിരുന്നു: “നിന്റെ പ്രായത്തിൽ എനിക്കു ചെയ്യണമെന്നു തോന്നിയ കാര്യങ്ങൾ മാത്രമേ നീയും ചെയ്യാൻ ആഗ്രഹിക്കുന്നുള്ളൂ.” മാതാപിതാക്കൾക്ക് ഒരുപക്ഷേ കമ്പ്യൂട്ടറുകളെക്കുറിച്ച് അധികമൊന്നും അറിയില്ലായിരിക്കാം. എന്നാൽ മത്തായി 26:41; 2 കൊരിന്ത്യർ 2:11.
അപൂർണ ജഡത്തിന്റെ ചായ്‌വുകളെക്കുറിച്ച് അവർക്കു നന്നായി അറിയാം.—ചില കുട്ടികൾ മാതാപിതാക്കളുടെ മാർഗനിർദേശത്തോടു പ്രതികരിക്കാൻ വിമുഖത കാണിച്ചേക്കാം. ഒരുപക്ഷേ ശിക്ഷണത്തോടു മറുക്കുകപോലും ചെയ്‌തേക്കാം. വീണ്ടും സഹിഷ്‌ണുത അനിവാര്യമായിവരുന്നു. തുടക്കത്തിലെ വിമുഖതയ്‌ക്കും എതിർപ്പിനും ശേഷം പല കുട്ടികളും അനുകൂലമനോഭാവം സ്വീകരിക്കുന്നു. (സദൃശവാക്യങ്ങൾ 22:6; 23:22-25) ഇപ്പോൾ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകളിലൊന്നിൽ സേവിക്കുന്ന മാത്യു എന്ന യുവക്രിസ്‌ത്യാനി പറയുന്നു: “ഒരു കൗമാരക്കാരനായിരുന്നപ്പോൾ, മാതാപിതാക്കൾ അന്യായമായ നിയന്ത്രണങ്ങൾ വെക്കുന്നതായാണ് എനിക്കു തോന്നിയത്. എന്റെ കൂട്ടുകാരുടെ മാതാപിതാക്കൾക്ക് ചിലതൊക്കെ അനുവദിക്കാമെങ്കിൽ എന്റെ മാതാപിതാക്കൾക്ക് എന്തുകൊണ്ട് അനുവദിച്ചുകൂടാ എന്നു ഞാൻ ചിന്തിച്ചു. ചിലപ്പോഴൊക്കെ, എനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന വിനോദം—ചിറ്റോടം തുഴയൽ—അനുവദിക്കാതെ അവർ ശിക്ഷിച്ചത് എന്നെ വല്ലാതെ ദേഷ്യംപിടിപ്പിച്ചു. എന്നാൽ പിന്തിരിഞ്ഞുനോക്കുമ്പോൾ, എന്റെ മാതാപിതാക്കൾ നൽകിയ ശിക്ഷണം ഫലപ്രദവും അത്യാവശ്യവും ആയിരുന്നെന്നു ഞാൻ തിരിച്ചറിയുന്നു. എനിക്ക് ആവശ്യമായിരുന്ന മാർഗനിർദേശം ഉചിതമായ സമയത്തു പ്രദാനം ചെയ്‌തതിൽ ഞാൻ അവരോടു നന്ദിയുള്ളവനാണ്.”
നമ്മുടെ കുട്ടികൾക്ക് ചിലപ്പോഴൊക്കെ അനാരോഗ്യകരമായ ആത്മീയ ചുറ്റുപാടുകളിൽ ആയിരിക്കേണ്ടിവന്നാലും അവർക്കു നല്ല ക്രിസ്‌ത്യാനികളായി വളരാൻ കഴിയുമെന്നതിൽ യാതൊരു സംശയമില്ല. ബൈബിൾ വാഗ്‌ദാനം ചെയ്യുന്നതുപോലെ ദൈവികജ്ഞാനത്തിന് അവർക്കാവശ്യമായ ആത്മീയ പ്രതിരോധം തീർക്കാൻ കഴിയും. അത് ഇങ്ങനെ പറയുന്നു: “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും. അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും.”—സദൃശവാക്യങ്ങൾ 2:10-12.
ഒമ്പതു മാസം ഒരു കുട്ടിയെ ഗർഭത്തിൽ വഹിക്കുന്നത് അത്ര നിസ്സാരമായ കാര്യമല്ല. അടുത്ത 20 വർഷം സന്തോഷത്തോടൊപ്പം സന്താപവും ഉളവായേക്കാം. എന്നാൽ ക്രിസ്‌തീയ മാതാപിതാക്കൾ തങ്ങളുടെ മക്കളെ സ്‌നേഹിക്കുന്നതിനാൽ ദൈവികജ്ഞാനത്താൽ അവരെ സംരക്ഷിക്കാൻ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നു. വാർധക്യത്തിലെത്തിയ യോഹന്നാൻ അപ്പൊസ്‌തലന് തന്റെ ആത്മീയ മക്കളെക്കുറിച്ചു തോന്നിയതുതന്നെയാണ് അവർക്കു തങ്ങളുടെ മക്കളെക്കുറിച്ചും തോന്നുന്നത്: “എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.”—3 യോഹന്നാൻ 4.
[അടിക്കുറിപ്പ്]
^ ഖ. 7 ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന ചില പേരുകൾ മാറ്റിയിട്ടുണ്ട്.
[24-ാം പേജിലെ ചിത്രം]
“ഞങ്ങളുടെ വീട് ചെറുപ്പക്കാർക്കായി എപ്പോഴും തുറന്നുകിടന്നു. അവരെക്കൊണ്ട് വീട് എല്ലായ്‌പോഴും നിറഞ്ഞിരുന്നു”
[25-ാം പേജിലെ ചിത്രം]
നിങ്ങളുടെ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളിൽ താത്‌പര്യമെടുക്കുക
[26-ാം പേജിലെ ചിത്രം]
“ഞാൻ അധ്യയനത്തിനുവേണ്ടി നന്നായി തയ്യാറാകുമായിരുന്നു”