വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭക്ഷണവേള കേവലം ഭക്ഷണത്തിനുള്ള സമയമല്ല!

ഭക്ഷണവേള കേവലം ഭക്ഷണത്തിനുള്ള സമയമല്ല!

ഭക്ഷണവേള കേവലം ഭക്ഷണത്തിനുള്ള സമയമല്ല!

രുചികരമായ ഭക്ഷണം കഴിക്കുന്നത്‌ നമുക്കെല്ലാവർക്കും ഇഷ്ടമാണ്‌. പ്രിയപ്പെട്ടവരുടെ പ്രസന്നമായ സംഭാഷണവും ഊഷ്‌മളമായ സഹവാസവും കൂടെ ഒത്തുചേരുമ്പോൾ അതു വിശപ്പിനെ ശമിപ്പിക്കുന്നതിലുമധികം കാര്യങ്ങൾ സാധിപ്പിച്ചുകൊണ്ട്‌ ഉല്ലാസപ്രദമായ ഒരു അനുഭവം ആയിത്തീരുന്നു. ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഒന്നിച്ചിരുന്ന്‌ ആഹാരം കഴിക്കുക എന്നത്‌ അനേകം കുടുംബങ്ങളുടെയും ശീലമാണ്‌. ഓരോ ദിവസത്തെയും പ്രവർത്തനങ്ങൾ അല്ലെങ്കിൽ പദ്ധതികൾ സംബന്ധിച്ചു ചർച്ച ചെയ്യാൻ ഭക്ഷണവേള കുടുംബാംഗങ്ങൾക്ക്‌ അവസരമൊരുക്കുന്നു. കുട്ടികളുടെ അഭിപ്രായപ്രകടനങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ മാതാപിതാക്കൾക്ക്‌ അവരുടെ വികാരവിചാരങ്ങളെക്കുറിച്ച്‌ ഒരു ധാരണ ലഭിക്കുന്നു. ഭക്ഷണവേളകളിൽ ആസ്വദിക്കുന്ന സന്തുഷ്ടവും സമ്മർദരഹിതവും ആയ സഹവാസം കാലക്രമത്തിൽ സുരക്ഷിതത്വത്തിന്റെയും പരസ്‌പര വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഒരു അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ കുടുംബക്രമീകരണത്തിന്റെ ഭദ്രതയെ ഊട്ടിയുറപ്പിക്കുന്നു.

ഇന്ന്‌ അനേകം ആളുകൾക്കും തിരക്കൊഴിഞ്ഞിട്ടു നേരമില്ല. സദാ പരക്കംപായുന്ന അവർക്കു കുടുംബത്തോടൊപ്പം ഒരു നേരത്തെ ഭക്ഷണം കഴിക്കുക എന്നത്‌ പ്രയാസമേറിയ കാര്യമാണ്‌. ലോകത്തിന്റെ ചില ഭാഗങ്ങളിലെ സംസ്‌കാരം, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷിക്കുന്നതിനോ ഭക്ഷണവേളയിൽ സംസാരിക്കുന്നതിനുപോലുമോ വിലക്കു കൽപ്പിക്കുന്നു. മറ്റു ചില കുടുംബങ്ങൾ, ഭക്ഷണത്തിനിരിക്കുമ്പോൾ പതിവായി ടിവി ഓൺ ചെയ്യുന്നു. അത്‌ പ്രയോജനപ്രദമായ ആശയവിനിമയത്തിനുള്ള അവസരങ്ങൾ മുഴുവൻ കവർന്നെടുക്കുന്നു.

എന്നാൽ, കുടുംബാംഗങ്ങളെ പരിപുഷ്ടിപ്പെടുത്തുന്നതിനു ലഭിക്കുന്ന ഏതൊരു അവസരവും പ്രയോജനപ്പെടുത്താൻ ക്രിസ്‌തീയ മാതാപിതാക്കൾ സദാ ശ്രദ്ധ പുലർത്തുന്നു. (സദൃശവാക്യങ്ങൾ 24:27) മക്കൾക്കു ദൈവവചനം ഉപദേശിച്ചുകൊടുക്കാൻ ഏറ്റവും യോജിച്ച അവസരങ്ങളിലൊന്ന്‌ ‘വീട്ടിൽ ഇരിക്കുന്ന’ സമയം ആണെന്ന്‌ ദീർഘകാലംമുമ്പ്‌ മാതാപിതാക്കളോടു പറയപ്പെട്ടിരുന്നു. (ആവർത്തനപുസ്‌തകം 6:7) ഒന്നിച്ചിരുന്നു ക്രമമായി ഭക്ഷണം കഴിക്കുന്നത്‌ യഹോവയോടും അവന്റെ നീതിനിഷ്‌ഠമായ തത്ത്വങ്ങളോടുമുള്ള ആഴമായ സ്‌നേഹം മക്കളിൽ ഉൾനടാൻ മാതാപിതാക്കൾക്ക്‌ അനുപമമായ ഒരു അവസരം പ്രദാനംചെയ്യുന്നു. സന്തുഷ്ടവും സമ്മർദരഹിതവും ആയ ഒരു അന്തരീക്ഷം നട്ടുവളർത്തിക്കൊണ്ട്‌ നിങ്ങൾക്കും ഭക്ഷണവേളയെ നിങ്ങളുടെ കുടുംബത്തിന്‌ ആസ്വാദ്യവും പരിപുഷ്ടിപ്പെടുത്തുന്നതും ആയ ഒരു അവസരമാക്കാൻ കഴിയും. അങ്ങനെയാകുമ്പോൾ, ഭക്ഷണവേള കേവലം ഭക്ഷണത്തിനുള്ള സമയമായിരിക്കുകയില്ല!