വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“എന്താണിതിന്റെ രഹസ്യം?”

“എന്താണിതിന്റെ രഹസ്യം?”

“എന്താണിതിന്റെ രഹസ്യം?”

പ്രായംചെന്ന ഒരു അപരിചിതൻ ഒരു ഫാസ്റ്റ്‌-ഫുഡ്‌ റസ്റ്ററന്റിൽവെച്ച്‌ ഓർക്കാപ്പുറത്താണ്‌ മൂന്നുകുട്ടികളുടെ അമ്മയായ മ്യൂരിയേലിനോട്‌ ഈ ചോദ്യം ചോദിച്ചത്‌. കുട്ടികളെ ഡോക്ടറെ കാണിച്ചിട്ടുവരികയായിരുന്നു അവർ. വീട്ടിൽപ്പോയി ഭക്ഷണം കഴിച്ചിട്ട്‌ തങ്ങളുടെ ക്രിസ്‌തീയ യോഗത്തിനു പോകാൻ സമയമില്ലാത്തതിനാലാണ്‌ അവർ കുട്ടികളെയും കൂട്ടി അടുത്തുള്ള ഒരു റസ്റ്ററന്റിലെത്തിയത്‌.

അവർ കഴിച്ചുതീരാറായപ്പോൾ ഒരാൾ മ്യൂരിയേലിനെ സമീപിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഇവിടെ വന്നുകയറിയതുമുതൽ ഞാൻ ശ്രദ്ധിക്കുന്നതാണ്‌. സാധാരണ കാണാറുള്ള കുട്ടികളിൽനിന്നും വളരെ വ്യത്യസ്‌തരാണു നിങ്ങളുടെ കുട്ടികൾ. സാധാരണഗതിയിൽ അവർ കാൽ മേശപ്പുറത്ത്‌ കയറ്റിവെച്ചും കസേരകൾ അങ്ങോട്ടുമിങ്ങോട്ടും വലിച്ചുനിരക്കിയുമൊക്കെ എന്തൊരു ബഹളമായിരിക്കും. എന്നാൽ നിങ്ങളുടെ കുട്ടികൾ എത്ര ശാന്തരാണ്‌, നല്ല അച്ചടക്കമുള്ളവർ. എന്താണിതിന്റെ രഹസ്യം?”

മ്യൂരിയേലിന്റെ മറുപടി ഇതായിരുന്നു: “ഞാനും ഭർത്താവും കുട്ടികളോടൊത്തു ക്രമമായി ബൈബിൾ പഠിക്കാറുണ്ട്‌. പഠിക്കുന്ന കാര്യങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്‌.” ഇതു കേട്ടപ്പോൾ ആ മനുഷ്യൻ പറഞ്ഞു: “ഞാൻ ഒരു യഹൂദനാണ്‌, നാസി കൂട്ടക്കുരുതിയെ അതിജീവിച്ചവരിൽ ഒരാൾ. ജർമനിയിൽ യഹോവയുടെ സാക്ഷികളെ പീഡിപ്പിക്കുന്നതു ഞാൻ കണ്ടിട്ടുണ്ട്‌. ശരിയാണ്‌, അന്നേ അവർ വളരെ വ്യത്യസ്‌തരായിരുന്നു. ഏതായാലും നിങ്ങളുടെ മക്കളുടെ പെരുമാറ്റം അതിശയംതന്നെ. നിങ്ങളുടെ മതത്തെക്കുറിച്ച്‌ എനിക്ക്‌ കാര്യമായൊന്നു പഠിക്കണം.”

കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനുള്ള ഉത്‌കൃഷ്ടമായ വഴികാട്ടിയാണ്‌ ബൈബിൾ. തിരുവെഴുത്തുകളിൽ കാണുന്ന മാർഗനിർദേശത്തിൽനിന്നു പ്രയോജനം അനുഭവിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ വളരെ താത്‌പര്യമുള്ളവരാണ്‌. അത്തരം സഹായത്തിൽനിന്നു പ്രയോജനം നേടാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു.