വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘തമ്മിൽ അതിഥിസത്‌കാരം ആചരിപ്പിൻ’

‘തമ്മിൽ അതിഥിസത്‌കാരം ആചരിപ്പിൻ’

‘തമ്മിൽ അതിഥിസത്‌കാരം ആചരിപ്പിൻ’

ഒന്നാം നൂറ്റാണ്ടിലെ ഒരു ക്രിസ്‌ത്യാനിയായിരുന്ന ഫേബ ഒരു പ്രശ്‌നത്തെ അഭിമുഖീകരിച്ചു. അവൾ ഗ്രീസിലെ കെംക്രെയയിൽനിന്നു റോമിലേക്കു പോകുകയായിരുന്നു. പക്ഷേ, അവൾക്ക്‌ ആ നഗരത്തിലുള്ള സഹവിശ്വാസികളിൽ ആരെയും പരിചയമുണ്ടായിരുന്നില്ല. (റോമർ 16:1, 2) “[ആ കാലത്ത്‌] ദുഷ്ടത കൊടികുത്തിവാണ, കിരാതമായ ഒന്നായിരുന്നു റോമൻസമൂഹം” എന്നു ബൈബിൾ വിവർത്തകനായ എഡ്‌ഗർ ഗുഡ്‌സ്‌പീഡ്‌ പറയുന്നു. “സത്രങ്ങൾ കുപ്രസിദ്ധങ്ങളായിരുന്നു. അവ ഒരു മാന്യസ്‌ത്രീക്ക്‌, പ്രത്യേകിച്ച്‌ ഒരു ക്രിസ്‌തീയ വനിതയ്‌ക്കു താമസിക്കാൻ പറ്റിയ ഇടമായിരുന്നില്ല.” അങ്ങനെയാകുമ്പോൾ ഫേബ എവിടെ താമസിക്കുമായിരുന്നു?

ബൈബിൾ കാലങ്ങളിൽ ആളുകൾ ധാരാളം യാത്രചെയ്‌തിരുന്നു. യഹൂദയിലും ഗലീലയിലുമുള്ള പ്രദേശങ്ങളിലാകമാനം സുവാർത്ത പ്രസംഗിക്കുന്നതിന്‌ യേശുക്രിസ്‌തുവും ശിഷ്യന്മാരും യാത്രചെയ്‌തു. താമസിയാതെ, പൗലൊസിനെപ്പോലെയുള്ള ക്രിസ്‌തീയ മിഷനറിമാർ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായ റോം ഉൾപ്പെടെ മെഡിറ്ററേനിയനു ചുറ്റുമുള്ള പലഭാഗങ്ങളിലും സുവാർത്ത പ്രസംഗിച്ചു. യെഹൂദാദേശത്തും പുറത്തുമായി ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ ഇങ്ങനെ യാത്രചെയ്‌തപ്പോൾ അവർ എവിടെയാണു താമസിച്ചത്‌? താമസസൗകര്യം കണ്ടെത്തുന്നതിനോടുള്ള ബന്ധത്തിൽ അവർക്ക്‌ എന്തെല്ലാം ബുദ്ധിമുട്ടുകൾ നേരിട്ടു? ആതിഥ്യം കാണിക്കുന്നതിൽ അവർ നമുക്ക്‌ എന്തു മാതൃകവെച്ചു?

“ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു

ആതിഥ്യം എന്നാൽ “അതിഥികളെ ഉദാരവും, ഹൃദയംഗമവുമായ വിധത്തിൽ സ്വീകരിക്കുന്നതാണ്‌” എന്നു നിർവചിക്കപ്പെട്ടിരിക്കുന്നു. ഇത്‌ നൂറ്റാണ്ടുകളിലുടനീളം യഹോവയുടെ സത്യാരാധകരുടെ മുഖമുദ്രയായിരുന്നിട്ടുണ്ട്‌. ഉദാഹരണത്തിന്‌, അബ്രാഹാം, ലോത്ത്‌, റിബേക്ക എന്നിവർ അതു പ്രകടമാക്കി. (ഉല്‌പത്തി 18:1-8; 19:1-3; 24:17-20) അപരിചിതരോടു താൻ കാണിച്ചിരുന്ന മനോഭാവത്തെക്കുറിച്ച്‌ ഗോത്രപിതാവായ ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “പരദേശി തെരുവീഥിയിൽ രാപ്പാർക്കേണ്ടി വന്നിട്ടില്ല; വഴിപോക്കന്നു ഞാൻ എന്റെ വാതിൽ തുറന്നുകൊടുത്തു.”​—ഇയ്യോബ്‌ 31:32.

യാത്രക്കാർക്ക്‌ സഹ ഇസ്രായേല്യരുടെ ആതിഥ്യം സ്വീകരിക്കുന്നതിന്‌ പലപ്പോഴും ആരെങ്കിലും വീട്ടിലേക്കു വിളിക്കുന്നതുംകാത്ത്‌ നഗരത്തിലെ പൊതുചത്വരത്തിൽ ഇരുന്നാൽ മതിയായിരുന്നു. (ന്യായാധിപന്മാർ 19:15-21) ആതിഥേയൻ സാധാരണമായി അതിഥികളുടെ കാൽകഴുകി, അവർക്ക്‌ ഭക്ഷണവും പാനീയവും നൽകുമായിരുന്നു, ഒപ്പം മൃഗങ്ങൾക്കു തീറ്റിയും. (ഉല്‌പത്തി 18:4, 5; 19:2; 24:32, 33) ആതിഥേയരെ ബുദ്ധിമുട്ടിക്കേണ്ടല്ലോ എന്നു ചിന്തിക്കുന്നവർ യാത്രയിൽ ആവശ്യത്തിനുള്ള അപ്പവും വീഞ്ഞും കഴുതകൾക്കുള്ള വൈക്കോലും തീറ്റിയും കൂടെക്കരുതിയിരുന്നു, അവർക്ക്‌ രാത്രിയിൽ തലചായ്‌ക്കാൻ ഒരിടം മാത്രമേ വേണ്ടിയിരുന്നുള്ളൂ.

യേശുവിന്റെ പ്രസംഗപര്യടനങ്ങളിൽ അവനു താമസസൗകര്യം ലഭിച്ചിരുന്നത്‌ എങ്ങനെയാണ്‌ എന്നതിനെക്കുറിച്ചു ബൈബിൾ അധികമൊന്നും പറയുന്നില്ല. എന്നിരുന്നാലും അവനും ശിഷ്യന്മാർക്കും തലചായ്‌ക്കാൻ ഒരിടം ആവശ്യമായിരുന്നു. (ലൂക്കൊസ്‌ 9:58) യെരീഹോയിലെത്തിയപ്പോൾ യേശു സക്കായിയോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു.” സക്കായി തന്റെ അതിഥിയെ “സന്തോഷത്തോടെ” സ്വീകരിച്ചു. (ലൂക്കൊസ്‌ 19:5, 6) ബെഥാന്യയിലുള്ള തന്റെ സുഹൃത്തുക്കളായ മാർത്ത, മറിയ, ലാസർ എന്നിവരുടെ ഭവനത്തിൽ യേശു പലപ്പോഴും താമസിച്ചിരുന്നു. (ലൂക്കൊസ്‌ 10:38; യോഹന്നാൻ 11:1, 5, 18) കഫർന്നഹൂമിൽവെച്ച്‌ അവൻ താമസിച്ചത്‌ ശിമോൻ പത്രൊസിന്റെ വീട്ടിലായിരുന്നിരിക്കണം.​—⁠മർക്കൊസ്‌ 1:21, 29-35.

തന്റെ 12 അപ്പൊസ്‌തലന്മാരെ ശുശ്രൂഷയ്‌ക്ക്‌ അയയ്‌ക്കുമ്പോൾ യേശു ചില നിർദേശങ്ങൾ നൽകി. അതിൽനിന്ന്‌ ഇസ്രായേലിൽ അവർക്ക്‌ ഏതുതരം സ്വീകരണം പ്രതീക്ഷിക്കാനാകും എന്നതിനെക്കുറിച്ച്‌ ഏറെക്കാര്യങ്ങൾ മനസ്സിലാക്കാം. യേശു അവരോടു പറഞ്ഞു: “മടിശ്ശീലയിൽ പൊന്നും വെള്ളിയും ചെമ്പും വഴിക്കു പൊക്കണവും രണ്ടു ഉടുപ്പും ചെരിപ്പും വടിയും കരുതരുതു; വേലക്കാരൻ തന്റെ ആഹാരത്തിന്നു യോഗ്യനല്ലോ. ഏതു പട്ടണത്തിലോ ഗ്രാമത്തിലോ കടക്കുമ്പോൾ അവിടെ യോഗ്യൻ ആർ എന്നു അന്വേഷിപ്പിൻ; പുറപ്പെടുവോളം അവിടെത്തന്നേ പാർപ്പിൻ.” (മത്തായി 10:9-11) നീതിഹൃദയരായവർ തന്റെ ശിഷ്യന്മാരെ തങ്ങളുടെ വീടുകളിൽ കൈക്കൊള്ളുകയും അവരുടെ ഭക്ഷണത്തിനും താമസത്തിനും മറ്റാവശ്യങ്ങൾക്കുംവേണ്ടി കരുതുകയും ചെയ്യുമെന്ന്‌ അവന്‌ അറിയാമായിരുന്നു.

എന്നിരുന്നാലും, വൈകാതെതന്നെ സാഹചര്യത്തിനു മാറ്റംവരുമായിരുന്നു. സഞ്ചാര സുവിശേഷകർ തങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്കും ചെലവുകൾക്കുമായി കരുതേണ്ടിവരുമായിരുന്നു. ഭാവിയിൽ തന്റെ ശിഷ്യന്മാർ വിദ്വേഷത്തിന്‌ ഇരകളാകുമെന്നുള്ള വസ്‌തുതയും ഇസ്രായേലിനു പുറത്തുള്ള പ്രദേശങ്ങളിൽ സുവാർത്ത വ്യാപിക്കേണ്ടതിന്റെ ആവശ്യവും കണക്കിലെടുത്ത്‌ യേശു പറഞ്ഞു: “എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും.” (ലൂക്കൊസ്‌ 22:36) സുവാർത്തയുടെ വ്യാപനത്തിന്‌ യാത്രയും മറ്റെവിടെയെങ്കിലുമുള്ള താമസവും ഒഴിവാക്കാൻ പറ്റാത്തതായിരുന്നു.

‘അതിഥിസത്‌കാരം ആചരിക്കുവിൻ’

താരതമ്യേന സമാധാനപരമായ ചുറ്റുപാടുകളും റോമാസാമ്രാജ്യത്തെയാകമാനം കൂട്ടിയിണക്കിയിരുന്ന കല്ലുപാകിയ റോഡുകളുടെ ഒരു വിപുലശൃംഖലയും ഉണ്ടായിരുന്നതിനാൽ ഒന്നാം നൂറ്റാണ്ടിലെ ആ സമൂഹം യാത്രയിൽ തത്‌പരരായിരുന്നു. * യാത്രക്കാരുടെ ബാഹുല്യം താമസസ്ഥലങ്ങളുടെ ആവശ്യം വർധിപ്പിച്ചു. സത്രങ്ങളായിരുന്നു ഇതിനു പരിഹാരം. പ്രധാനവീഥിയിൽ ഒരു ദിവസത്തെ വഴി പിന്നിടുന്നിടത്തൊക്കെ സത്രമുണ്ടായിരുന്നു. എന്നിരുന്നാലും, പ്രവൃത്തികളുടെ പുസ്‌തകം​—⁠ഗ്രീക്ക്‌-റോമൻ പശ്ചാത്തലത്തിൽ (ഇംഗ്ലീഷ്‌) ഇങ്ങനെ പറയുന്നു: “അത്തരം താമസസൗകര്യങ്ങളെപ്പറ്റി ശോചനീയമായ ഒരു ചിത്രമാണ്‌ ലിഖിതരേഖകൾ നൽകുന്നത്‌. മൂട്ടകൾ നിറഞ്ഞതും ഗൃഹോപകരണങ്ങളൊന്നുംതന്നെ ഇല്ലാത്തതുമായ ജീർണിച്ച, വൃത്തികെട്ട സ്ഥലങ്ങൾ, തീരെ ഗുണനിലവാരമില്ലാത്ത ഭക്ഷണപാനീയങ്ങൾ, വിശ്വസിക്കാൻ കൊള്ളാത്ത സത്രമുടമകളും ജോലിക്കാരും, മാന്യരല്ലാത്ത താമസക്കാർ, അധാർമികമായ അന്തരീക്ഷം എന്നിങ്ങനെയാണ്‌ ലഭ്യമായ ലിഖിതരേഖകളും പുരാവസ്‌തു ഉറവിടങ്ങളും പൊതുവിൽ ഇവയെക്കുറിച്ചു വിവരിക്കുന്നത്‌.” നല്ല ധാർമികനിലവാരമുള്ള ഒരു യാത്രക്കാരൻ ഇത്തരമൊരു സത്രത്തിലെ താമസം കഴിയുന്നത്ര ഒഴിവാക്കാൻ ശ്രമിക്കുമായിരുന്നു എന്നതിനു യാതൊരു സംശയവുമില്ല.

അതുകൊണ്ട്‌ ആതിഥ്യമരുളാൻ തിരുവെഴുത്തുകൾ ക്രിസ്‌ത്യാനികളെ ആവർത്തിച്ച്‌ ആഹ്വാനം ചെയ്‌തതിൽ അതിശയിക്കാനില്ല. റോമിലെ ക്രിസ്‌ത്യാനികളോട്‌ പൗലൊസ്‌ ഇപ്രകാരം പറഞ്ഞു: “വിശുദ്ധന്മാരുടെ ആവശ്യങ്ങളിൽ കൂട്ടായ്‌മ കാണിക്കയും അതിഥിസല്‌ക്കാരം ആചരിക്കയും ചെയ്‌വിൻ.” (റോമർ 12:13) യെഹൂദ ക്രിസ്‌ത്യാനികളെ അവൻ ഇങ്ങനെ ഓർമിപ്പിച്ചു: “അതിഥിസല്‌ക്കാരം മറക്കരുതു. അതിനാൽ ചിലർ അറിയാതെ ദൈവദൂതന്മാരെ സല്‌ക്കരിച്ചിട്ടുണ്ടല്ലോ.” (എബ്രായർ 13:​1, 2) തന്റെ സഹാരാധകരോട്‌ പത്രൊസ്‌ ഇപ്രകാരം ആഹ്വാനം ചെയ്‌തു: “പിറുപിറുപ്പു കൂടാതെ തമ്മിൽ അതിഥിസല്‌ക്കാരം ആചരിപ്പിൻ.”​—⁠1 പത്രൊസ്‌ 4:⁠9.

എന്നിരുന്നാലും, ചിലരോട്‌ ആതിഥ്യം കാണിക്കുന്നത്‌ ഉചിതമല്ലാതിരുന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു. “ക്രിസ്‌തുവിന്റെ ഉപദേശത്തിൽ നിലനില്‌ക്കാതെ അതിർ കടന്നുപോകുന്ന” വ്യക്തികളെക്കുറിച്ച്‌ അപ്പൊസ്‌തലനായ യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ.” (2 യോഹന്നാൻ 9-11) അനുതാപമില്ലാത്ത പാപികളെക്കുറിച്ച്‌ പൗലൊസ്‌ എഴുതി: “സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുർന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്‌ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസർഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു.”​—⁠1 കൊരിന്ത്യർ 5:11.

വഞ്ചകരും മറ്റും സത്യക്രിസ്‌ത്യാനികളുടെ ഔദാര്യമനസ്‌കതയെ ചൂഷണം ചെയ്യാൻ ശ്രമിച്ചിരുന്നിരിക്കാം. പൊ.യു. രണ്ടാം നൂറ്റാണ്ടിൽ ദ ഡീഡാഹി അല്ലെങ്കിൽ പന്ത്രണ്ട്‌ അപ്പൊസ്‌തലന്മാരുടെ പഠിപ്പിക്കൽ (ഇംഗ്ലീഷ്‌) എന്നറിയപ്പെടുന്ന, ക്രിസ്‌തീയ വിശ്വാസത്തിന്റെ ബൈബിളേതര രേഖകളിലൊന്ന്‌ ഒരു സഞ്ചാര സുവിശേഷകന്‌ “ഒരു ദിവസത്തേക്ക്‌, ആവശ്യമെങ്കിൽ രണ്ടു ദിവസത്തേക്ക്‌” അതിഥിസത്‌കാരം നൽകാൻ പറയുന്നു. അതിനുശേഷം പോകുമ്പോൾ “അയാൾ ആഹാരമല്ലാതെ മറ്റൊന്നും സ്വീകരിക്കരുത്‌. . . . പണം ചോദിക്കുന്നെങ്കിൽ അയാൾ കള്ളപ്രവാചകനാണ്‌.” രേഖ തുടരുന്നു: “അയാൾ നിങ്ങളുടെ വീട്ടിൽത്തന്നെ താമസിക്കാൻ ആഗ്രഹിക്കുന്നപക്ഷം, ഒരു തൊഴിലറിയാമെങ്കിൽ തന്റെ അന്നത്തിനായി അയാൾ ജോലി ചെയ്യട്ടെ. തൊഴിലൊന്നും വശമില്ലെങ്കിൽ അയാളുടെ ആവശ്യം മനസ്സിലാക്കി നിങ്ങൾ സഹായിക്കുക. എന്നാൽ ക്രിസ്‌ത്യാനിയാണ്‌ എന്നതിന്റെ പേരിൽ ജോലി ചെയ്യാതെ കഴിയുന്ന ഒരുത്തനും നിങ്ങളുടെ ഇടയിൽ ഉണ്ടാകരുത്‌. ജോലി ചെയ്യാൻ വിസമ്മതിക്കുന്നവൻ ക്രിസ്‌ത്യാനിത്വത്തെ വയറ്റിപ്പിഴപ്പ്‌ ആക്കുകയാണ്‌, അത്തരക്കാരെ സൂക്ഷിക്കുക.”

ചില നഗരങ്ങളിൽ ദീർഘകാലം താമസിക്കേണ്ടിവന്നപ്പോൾ തന്റെ ആതിഥേയർക്ക്‌ ഒരു ഭാരമാകാതിരിക്കാൻ അപ്പൊസ്‌തലനായ പൗലൊസ്‌ ശ്രദ്ധയുള്ളവനായിരുന്നു. അവൻ സ്വന്തം ചെലവുകൾക്കായി കൂടാരപ്പണിചെയ്‌തു. (പ്രവൃത്തികൾ 18:1-3; 2 തെസ്സലൊനീക്യർ 3:7-12) ആദിമ ക്രിസ്‌ത്യാനികൾ തങ്ങൾക്കിടയിലെ സഹായം ആവശ്യമുള്ള യാത്രക്കാർക്ക്‌ അതു കിട്ടാൻ തക്കവണ്ണം ശുപാർശക്കത്തുകൾ അയച്ചിരുന്നതായി തോന്നുന്നു. പൗലൊസ്‌ ഫേബയെ പരിചയപ്പെടുത്തിക്കൊണ്ട്‌ എഴുതിയതുപോലെ: “നമ്മുടെ സഹോദരി . . . ഫേബയെ നിങ്ങൾ വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതുകാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭരമേല്‌പിക്കുന്നു.”​—⁠റോമർ 16:1, 2.

ആതിഥ്യം കാണിക്കുന്നതിന്റെ അനുഗ്രഹങ്ങൾ

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ മിഷനറിമാർ തങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കുംവേണ്ടി യഹോവ കരുതുമെന്നു വിശ്വസിച്ചു. എന്നാൽ തങ്ങളുടെ സഹാരാധകർ അതിഥിസത്‌കാരം കാണിക്കുമെന്ന്‌ അവർക്കു പ്രതീക്ഷിക്കാനാകുമായിരുന്നോ? ലുദിയാ തന്റെ ഭവനം പൗലൊസിനും മറ്റുള്ളവർക്കും തുറന്നുകൊടുത്തു. കൊരിന്തിൽ അപ്പൊസ്‌തലൻ അക്വിലാസിന്റെയും പ്രിസ്‌കില്ലയുടെയും കൂടെ താമസിച്ചു. ഫിലിപ്പിയിൽവെച്ച്‌ ഒരു കാരാഗൃഹപ്രമാണി പൗലൊസിനും ശീലാസിനും ഭക്ഷണമൊരുക്കി. തെസ്സലൊനീക്കയിൽവെച്ചു യാസോനും കൈസര്യയിൽവെച്ചു ഫിലിപ്പൊസും കൈസര്യയിൽനിന്ന്‌ യെരൂശലേമിലേക്കുള്ള വഴിക്ക്‌ മ്‌നാസോനും പൗലൊസിന്‌ ആതിഥ്യമരുളി. റോമിലേക്കുള്ള വഴിമധ്യേ പൗലൊസ്‌ പുത്യൊലിയിലെ സഹോദരങ്ങളോടൊപ്പം താമസിച്ചു. അവന്‌ ആതിഥ്യമരുളിയവർക്ക്‌ അത്‌ ആത്മീയമായി എത്ര പ്രതിഫലദായകമായിരുന്നിരിക്കണം!​—⁠പ്രവൃത്തികൾ 16:33, 34; 17:7; 18:1-3; 21:8, 16; 28:13, 14.

പണ്ഡിതനായ ഫ്രെഡറിക്‌ എഫ്‌. ബ്രൂസ്‌ ഇപ്രകാരം പറയുന്നു: “സുഹൃത്തുക്കളും സഹപ്രവർത്തകരുമായ ഈ ആതിഥേയർ പൗലൊസിനെ സ്വീകരിച്ചതിനു പിന്നിലെ വികാരം അവനോടുള്ള സ്‌നേഹവും അവൻ സേവിക്കുന്ന കർത്താവിനോടുള്ള സ്‌നേഹവുമല്ലാതെ മറ്റൊന്നുമായിരുന്നില്ല. അവനെ ശുശ്രൂഷിക്കുന്നതിലൂടെ കർത്താവിനു ശുശ്രൂഷ ചെയ്യുകയാണെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു.” ആതിഥ്യം കാണിക്കുന്നതിനുള്ള ഒരു നല്ല കാരണമാണ്‌ ഇത്‌.

ആതിഥ്യം കാണിക്കേണ്ട ആവശ്യം ഇപ്പോഴുമുണ്ട്‌. യഹോവയുടെ സാക്ഷികളുടെ ആയിരക്കണക്കിന്‌ സഞ്ചാരപ്രതിനിധികൾ തങ്ങളുടെ സഹാരാധകരിൽനിന്ന്‌ അതിഥിസത്‌കാരം ആസ്വദിക്കുന്നു. സുവാർത്ത അധികം ചെന്നെത്തിയിട്ടില്ലാത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നതിനായി ചില രാജ്യഘോഷകർ തങ്ങളുടെ സ്വന്തം ചെലവിൽ യാത്രചെയ്യുന്നു. നമ്മുടെ ഭവനം എത്ര എളിയതാണെങ്കിലും അത്തരം ശുശ്രൂഷകർക്കു തുറന്നുകൊടുക്കുന്നതിൽനിന്നും വലിയ പ്രയോജനങ്ങൾ ആസ്വദിക്കാനാകും. ഒരുനേരത്തെ ഭക്ഷണംമാത്രം ഉൾപ്പെടുന്ന ഹാർദമായ ആതിഥ്യംപോലും ‘പ്രോത്സാഹന കൈമാറ്റത്തിന്റെ’ ഉത്തമ വേളകളായിരിക്കും, നമ്മുടെ സഹോദരങ്ങളോടും ദൈവത്തോടും സ്‌നേഹം പ്രകടമാക്കാൻ കഴിയുന്ന നല്ല അവസരങ്ങളുമാണ്‌ അവ. (റോമർ 1:11, 12, NW) ഇത്തരം സന്ദർഭങ്ങൾ വിശേഷാൽ ആതിഥേയർക്ക്‌ ആനന്ദം പകരുന്നു, കാരണം “സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്‌.”​—⁠പ്രവൃത്തികൾ 20:35, NW.

[അടിക്കുറിപ്പ്‌]

^ ഖ. 11 പൊതുയുഗം (പൊ.യു.) 100 ആയപ്പോഴേക്ക്‌ ഏകദേശം 80,000 കിലോമീറ്റർ കല്ലുപാകിയ റോഡുകൾ റോമിലുണ്ടായിരുന്നെന്നു കണക്കാക്കപ്പെടുന്നു.

[23-ാം പേജിലെ ചിത്രം]

ക്രിസ്‌ത്യാനികൾ ‘അതിഥി സത്‌കാരം ആചരിക്കുന്നു’