വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ ഭാവി നിർണയിക്കുന്നത്‌ എന്താണ്‌?

നിങ്ങളുടെ ഭാവി നിർണയിക്കുന്നത്‌ എന്താണ്‌?

നിങ്ങളുടെ ഭാവി നിർണയിക്കുന്നത്‌ എന്താണ്‌?

“മറ്റു ജന്തുക്കളെപ്പോലെതന്നെ മനുഷ്യനും അവന്റെ ഭാവിയുടെമേൽ യാതൊരു നിയന്ത്രണവുമില്ല” എന്ന്‌ പരിണാമവാദിയായ ജോൺ ഗ്രേ എഴുതി. എന്നാൽ ഇതിനു കടകവിരുദ്ധമായ ഒരു വീക്ഷണമാണ്‌ ഗ്രന്ഥകാരനായ ഷ്‌മൂലി ബോറ്റെയാഹിന്റേത്‌. ആൻ ഇന്റെലിജെന്റ്‌ പേഴ്‌സൺസ്‌ ഗൈഡ്‌ ടു ജുഡൈയ്‌സം എന്ന തന്റെ പുസ്‌തകത്തിൽ അദ്ദേഹം ഇപ്രകാരം പറയുന്നു: “മനുഷ്യൻ ഒരു മൃഗമല്ല, അതുകൊണ്ടുതന്നെ സ്വന്തം ഭാവിയുടെമേൽ അവനു പൂർണമായ നിയന്ത്രണവുമുണ്ട്‌.”

ഗ്രേയുടെ അഭിപ്രായത്തോട്‌ അനേകർ യോജിക്കുന്നു. മനുഷ്യകുലത്തിന്റെ ഭാവി ചില നിയന്ത്രണാതീത പ്രകൃതിശക്തികളുടെ കൈകളിലാണെന്ന്‌ അവർ വിശ്വസിക്കുന്നു. അതേസമയം, മനുഷ്യനെ സൃഷ്ടിച്ചതു ദൈവമാണെന്നും സ്വന്തം ഭാവി രൂപപ്പെടുത്താനുള്ള പ്രാപ്‌തി ദൈവം അവനു നൽകിയിട്ടുണ്ടെന്നും ചിലർ കരുതുന്നു.

ശക്തമായ മാനുഷ ഘടകങ്ങൾ തങ്ങളുടെ ഭാവി നിയന്ത്രിക്കുന്നെന്നു ചിന്തിക്കുന്നവരാണ്‌ വേറെ ചിലർ. “സ്‌പഷ്ടമായും സഹമനുഷ്യരാലുള്ള അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയരാകുന്നതിനാൽ ലോകത്തിലെ ഭൂരിപക്ഷം ആളുകൾക്കും സ്വന്തം ജീവിതത്തിന്മേൽ യാതൊരു അധികാരമോ നിയന്ത്രണമോ ഇല്ല, ഇന്നോളം ജീവിച്ചിട്ടുള്ള സ്‌ത്രീകളിൽ സിംഹഭാഗത്തിന്റെയും കാര്യത്തിൽ ഇതു വിശേഷിച്ചും സത്യമായിരുന്നിട്ടുണ്ട്‌” എന്ന്‌ എഴുത്തുകാരനായ റോയി വെദെർഫോർഡ്‌ അഭിപ്രായപ്പെട്ടു. (മുൻനിർണയത്തിന്റെ ആന്തരാർഥങ്ങൾ, [ഇംഗ്ലീഷ്‌]) വിവിധ രാഷ്‌ട്രീയ, സൈനിക ശക്തികൾ തമ്മിലുള്ള അധികാരമത്സരത്തിൽ ഒരു സന്തുഷ്ടഭാവി സംബന്ധിച്ചുള്ള അനേകരുടെയും സുന്ദരസ്വപ്‌നങ്ങൾ തകർന്നടിഞ്ഞിരിക്കുന്നു.

പ്രകൃത്യതീത ശക്തികളുടെ കയ്യിലെ കളിപ്പാവകളാണ്‌ തങ്ങളെന്നു കരുതി സംഭവിക്കുന്നതെന്തും നിശ്ശബ്ദം ഏറ്റുവാങ്ങിയിട്ടുള്ള ചിലരും ചരിത്രത്തിലുടനീളം ഉണ്ടായിരുന്നിട്ടുണ്ട്‌. “മുൻനിശ്ചയിക്കപ്പെട്ട ഭാവിയെ മറികടക്കാൻ മനുഷ്യർക്കു സാധ്യമല്ലാത്തസ്ഥിതിക്ക്‌ ഭാവി സംബന്ധിച്ചുള്ള ഏതൊരു പ്രത്യാശയും നിഷ്‌ഫലമാണെന്ന ചിന്ത പുരാതന ഗ്രീക്കുകാരെ ഭരിച്ചിരുന്നു” എന്നു ബോറ്റെയാഹ്‌ പറയുന്നു. ചഞ്ചലചിത്തരായ ദേവതമാരാണ്‌ സകല മനുഷ്യരുടെയും ഭാവി നിശ്ചയിക്കുന്നതെന്ന്‌ അവർ വിശ്വസിച്ചു. ഒരു മനുഷ്യൻ എപ്പോൾ മരിക്കണം എന്നും ജീവിച്ചിരിക്കെ അയാൾ എത്രമാത്രം കഷ്ടപ്പാടും വേദനയും അനുഭവിക്കണം എന്നും ആ ദേവതകൾ തീരുമാനിക്കുന്നു എന്നതായിരുന്നു അവരുടെ വിശ്വാസം.

അമാനുഷികമായ ഒരു ശക്തി മനുഷ്യന്റെ ഭാവി നിയന്ത്രിക്കുന്നുവെന്ന വിശ്വാസം ഇന്നു സർവസാധാരണമാണ്‌. ഉദാഹരണത്തിന്‌, അനേകർ വിധിവിശ്വാസം വെച്ചുപുലർത്തുന്നവരാണ്‌. തലയിലെഴുത്ത്‌, ‘കിസ്‌മത്ത്‌’ തുടങ്ങിയ വിവിധ പേരുകളിൽ അത്‌ അറിയപ്പെടുന്നു. മനുഷ്യൻ ചെയ്യുന്ന സകല കർമങ്ങളുടെയും പരിണതഫലങ്ങളും അവന്റെ മരണസമയവും ദൈവം കാലേക്കൂട്ടി നിശ്ചയിച്ചിരിക്കുകയാണെന്ന്‌ അവർ പറയുന്നു. മുൻനിശ്ചയം എന്ന സഭാപഠിപ്പിക്കലും ഇന്നു നിലവിലുണ്ട്‌. അതനുസരിച്ച്‌, സർവശക്തനായ ദൈവം “ഓരോ മനുഷ്യന്റെയും നിത്യരക്ഷ അല്ലെങ്കിൽ നിത്യനാശം മുൻനിർണയിച്ചിരിക്കുന്നു.” ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്ന അനേകർ ഈ പഠിപ്പിക്കലിൽ വിശ്വസിക്കുന്നു.

നിങ്ങൾ എന്തു വിചാരിക്കുന്നു? പൂർണമായും നിങ്ങളുടെ നിയന്ത്രണത്തിനതീതമായ ഏതെങ്കിലും ശക്തികൾ നിങ്ങളുടെ ഭാവി നിശ്ചയിച്ചു വെച്ചിരിക്കുകയാണോ? അതോ, ഇംഗ്ലീഷ്‌ നാടകകൃത്തായ വില്യം ഷേക്‌സ്‌പിയറിന്റെ പിൻവരുന്ന വാക്കുകളിൽ അൽപ്പമെങ്കിലും സത്യമുണ്ടായിരിക്കുമോ? അദ്ദേഹം ഇങ്ങനെ എഴുതി: “ചില സന്ദർഭങ്ങളിൽ മനുഷ്യൻതന്നെയാണ്‌ അവന്റെ വിധി നിശ്ചയിക്കുന്നത്‌.” ഇതു സംബന്ധിച്ച്‌ ബൈബിൾ എന്താണു പറയുന്നതെന്നു നമുക്കു നോക്കാം.