വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ന്യായാധിപന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ

ന്യായാധിപന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

ന്യായാധിപന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ

തന്റെ സ്വന്തജനം തനിക്കെതിരെ പുറംതിരിഞ്ഞ്‌ വ്യാജദൈവങ്ങളെ ആരാധിക്കാൻ തുടങ്ങിയാൽ യഹോവ എങ്ങനെയാണു പ്രതികരിക്കുക? അവർ കൂടെക്കൂടെ അനുസരണക്കേടു കാണിക്കുകയും വിപത്തുകൾ നേരിടുമ്പോൾമാത്രം സഹായത്തിനായി അവനിലേക്കു തിരിയുകയും ചെയ്യുന്നെങ്കിലോ? അങ്ങനെയാണെങ്കിൽപ്പോലും യഹോവ അവർക്ക്‌ ഒരു രക്ഷാമാർഗം കാണിച്ചുകൊടുക്കുമോ? ന്യായാധിപന്മാർ എന്ന ബൈബിൾ പുസ്‌തകം ഇവയ്‌ക്കും മറ്റു പ്രധാനപ്പെട്ട ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നു. ഈ പുസ്‌തകം എഴുതിയത്‌ ശമൂവേൽ പ്രവാചകനാണ്‌, എഴുത്തു പൂർത്തിയായത്‌ ഏതാണ്ട്‌ പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) 1100-ലും. യോശുവയുടെ മരണംമുതൽ ഇസ്രായേലിന്റെ പ്രഥമരാജാവിനെ അവരോധിക്കുന്നതുവരെയുള്ള ഏകദേശം 330 വർഷത്തെ സംഭവങ്ങളാണ്‌ ഇതിന്റെ ഉള്ളടക്കം.

ദൈവത്തിന്റെ ശക്തിചെലുത്തുന്ന വചനത്തിന്റെ അഥവാ സന്ദേശത്തിന്റെ ഭാഗമെന്നനിലയിൽ ഈ ബൈബിൾപുസ്‌തകം നമ്മെ സംബന്ധിച്ച്‌ വലിയ മൂല്യമുള്ള ഒന്നാണ്‌. (എബ്രായർ 4:12) ഇതിലെ ആവേശഭരിതമായ വിവരണങ്ങൾ ദൈവത്തിന്റെ വ്യക്തിത്വം സംബന്ധിച്ച്‌ നമുക്ക്‌ ഉൾക്കാഴ്‌ച നൽകുന്നു. അവയിൽനിന്നു നാം ഉൾക്കൊള്ളുന്ന പാഠങ്ങൾ നമ്മുടെ വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നു, ‘സാക്ഷാലുള്ള ജീവന്റെമേൽ’ അതായത്‌ ദൈവിക വാഗ്‌ദാനമായ ഒരു പുതിയലോകത്തിലെ നിത്യജീവന്റെമേൽ ഒരു ദൃഢമായ പിടി ഉണ്ടായിരിക്കാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു. (1 തിമൊഥെയൊസ്‌ 6:12, 19; 2 പത്രൊസ്‌ 3:13) തന്റെ ജനത്തെ രക്ഷിക്കാൻവേണ്ടി യഹോവ ചെയ്യുന്നതൊക്കെയും ഭാവിയിൽ തന്റെ പുത്രനായ യേശുക്രിസ്‌തുവിലൂടെ വരുന്ന വലിയ വിമോചനത്തിലേക്കു വിരൽചൂണ്ടുന്നു.

ന്യായാധിപന്മാരെ ആവശ്യമായിവന്നത്‌ എന്തുകൊണ്ട്‌?

(ന്യായാധിപന്മാർ 1:1-3:6)

യോശുവയുടെ നേതൃത്വത്തിൽ കനാനിലെ രാജാക്കന്മാരെയെല്ലാം പരാജയപ്പെടുത്തിയശേഷം ഗോത്രങ്ങൾ ഓരോന്നായി താന്താങ്ങളുടെ അവകാശത്തിലേക്കു പോയി ദേശം കൈവശമാക്കുന്നു. എന്നിരുന്നാലും, ഇസ്രായേല്യർ ദേശനിവാസികളെ പൂർണമായി ഒഴിപ്പിക്കുന്നില്ല. ഇതു പിന്നീട്‌ അവർക്ക്‌ ഒരു വലിയ കെണിയായിത്തീരുന്നു.

യോശുവയുടെ കാലശേഷം, “യഹോവയെയും അവൻ യിസ്രായേലിന്നു വേണ്ടി ചെയ്‌തിട്ടുള്ള പ്രവൃത്തികളെയും അറിയാത്ത വേറൊരുതലമുറ” ഉണ്ടാകുന്നു. (ന്യായാധിപന്മാർ 2:10) അതിനുപുറമേ, അവർ കനാന്യരുമായി വിവാഹബന്ധം സ്ഥാപിക്കുകയും അവരുടെ ദൈവങ്ങളെ സേവിക്കാൻ തുടങ്ങുകയും ചെയ്യുന്നു. അതുകൊണ്ട്‌ യഹോവ അവരെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കുന്നു. ശത്രുക്കൾ അവരെ കഠിനമായി ഞെരുക്കുമ്പോൾ ഇസ്രായേൽമക്കൾ സഹായത്തിനായി സത്യദൈവത്തെ വിളിച്ചപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള മതപരവും സാമൂഹികവും രാഷ്‌ട്രീയവുമായ ഒരു ചുറ്റുപാടിലാണ്‌ തന്റെ ജനത്തെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കാൻ യഹോവ ന്യായാധിപന്മാരെ എഴുന്നേൽപ്പിക്കുന്നത്‌.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

1:​2, 4—⁠അവകാശമായി ലഭിച്ച ദേശം കൈവശമാക്കാൻ പുറപ്പെടുന്ന ആദ്യഗോത്രമായി യെഹൂദായെ തിരഞ്ഞെടുത്തത്‌ എന്തുകൊണ്ട്‌? വാസ്‌തവത്തിൽ, ഈ പദവി യാക്കോബിന്റെ ആദ്യജാതനായ രൂബേന്റെ ഗോത്രത്തിനു കിട്ടേണ്ടതായിരുന്നു. എന്നാൽ ആദ്യജാതനെന്ന നിലയിലുള്ള തന്റെ ജന്മാവകാശം കളഞ്ഞുകുളിച്ച രൂബേൻ ശ്രേഷ്‌ഠനാകുകയില്ല എന്ന്‌ മരണശയ്യയിൽവെച്ചു നടത്തിയ പ്രവചനത്തിൽ യാക്കോബ്‌ പറഞ്ഞിരുന്നു. ശിമെയോനും ലേവിയും ക്രൂരതയോടെ പ്രവർത്തിച്ചതിനാൽ അവർ ഇസ്രായേലിൽ ചിതറിക്കപ്പെടുമായിരുന്നു. (ഉല്‌പത്തി 49:3-5, 7) അതുകൊണ്ട്‌ ഈ പദവി യാക്കോബിന്റെ നാലാമത്തെ പുത്രനായ യെഹൂദായ്‌ക്കു ലഭിച്ചു. യെഹൂദായോടൊപ്പം പോയ ശിമെയോന്‌ യെഹൂദായ്‌ക്കു കിട്ടിയ വിശാലമായ ദേശത്ത്‌ അങ്ങിങ്ങായി ചിതറിക്കിടന്ന കൊച്ചുകൊച്ചു പ്രദേശങ്ങളാണ്‌ അവകാശമായിക്കിട്ടിയത്‌. *​—⁠യോശുവ 19:⁠9.

1:​6, 7—⁠പരാജയപ്പെട്ട രാജാക്കന്മാരുടെ തള്ളവിരലുകളും കാലിന്റെ പെരുവിരലുകളും മുറിച്ചുകളഞ്ഞിരുന്നത്‌ എന്തുകൊണ്ടായിരുന്നു? തള്ളവിരലുകളും പെരുവിരലുകളും നഷ്ടപ്പെട്ട ഒരുവന്‌ പടയിൽ പൊരുതാൻ ശേഷി ഉണ്ടായിരിക്കില്ല. തള്ളവിരലുകൾ ഇല്ലാതെ ഒരു പടയാളിക്ക്‌ വാളോ കുന്തമോ ഉപയോഗിക്കാൻ കഴിയില്ലല്ലോ. കാലിന്റെ പെരുവിരലുകൾ നഷ്ടമായാൽ നേരെനിൽക്കാനും കഴിയാതെവരും.

നമുക്കുള്ള പാഠങ്ങൾ:

2:​10-12. യഹോവയുടെ ‘ഉപകാരങ്ങൾ ഒന്നും മറക്കാതിരിക്കാൻ’ നമുക്ക്‌ ക്രമമായ ഒരു ബൈബിൾ പഠനപരിപാടി ആവശ്യമാണ്‌. (സങ്കീർത്തനം 103:2) ദൈവവചനത്തിലെ സത്യം മാതാപിതാക്കൾ മക്കളുടെ ഹൃദയത്തിൽ ഉൾനടേണ്ടതുണ്ട്‌.​—⁠ആവർത്തനപുസ്‌തകം 6:6-9.

2:​14, 21, 22. തന്റെ അനുസരണംകെട്ട ജനത്തിനു ദോഷംവന്നുഭവിക്കാൻ യഹോവ അനുവദിക്കുന്നതിനു പിന്നിൽ ഒരു ഉദ്ദേശ്യമുണ്ടായിരിക്കും. അവരെ ശിക്ഷിക്കാനോ, ശുദ്ധീകരിക്കാനോ അവനിലേക്കു തിരിയാൻ അവരെ പ്രേരിപ്പിക്കാനോ ആയിരിക്കും അത്‌.

യഹോവ ന്യായാധിപന്മാരെ എഴുന്നേൽപ്പിക്കുന്നു

(ന്യായാധിപന്മാർ 3:7-16:31)

ന്യായാധിപന്മാരുടെ വീര്യപ്രവൃത്തികളെക്കുറിച്ചുള്ള ആവേശജനകമായ വിവരണം തുടങ്ങുന്നത്‌ ഒത്‌നീയേലിൽനിന്നാണ്‌, അവൻ മെസൊപ്പൊത്താമ്യയിലെ ഒരു രാജാവിന്റെ കീഴിലെ എട്ടുവർഷത്തെ അടിമത്തത്തിൽനിന്ന്‌ ഇസ്രായേല്യരെ മോചിപ്പിക്കുന്നു. ധീരമായ ഒരു തന്ത്രത്തിലൂടെ ന്യായാധിപനായ ഏഹൂദ്‌ മോവാബ്യരാജാവും പൊണ്ണത്തടിയനുമായ എഗ്ലോനെ വകവരുത്തുന്നു. പരാക്രമശാലിയായ ശംഗർ ഒരു മുടിങ്കോൽകൊണ്ട്‌ 600 ഫെലിസ്‌ത്യരെ ഒറ്റയ്‌ക്കു വകവരുത്തുന്നു. പ്രവാചകിയായ ദെബോരയിൽനിന്നുള്ള പ്രോത്സാഹനവും യഹോവയുടെ പിന്തുണയുംകൊണ്ട്‌ ബാരാക്ക്‌ വലിയ യുദ്ധ സന്നാഹങ്ങളൊന്നുമില്ലാത്ത പതിനായിരം പേരടങ്ങുന്ന തന്റെ സൈന്യത്താൽ സീസെരയുടെ ശക്തമായ സൈന്യത്തെ മുട്ടുകുത്തിക്കുന്നു. യഹോവ പിന്നീട്‌ ഗിദെയോനെ എഴുന്നേൽപ്പിക്കുന്നു, അവനും അവന്റെ കൂടെപ്പോകുന്ന 300 പുരുഷന്മാർക്കും യഹോവ മിദ്യാന്യരുടെമേൽ വിജയം നൽകുന്നു.

യിഫ്‌താഹിലൂടെ യഹോവ ഇസ്രായേല്യരെ അമ്മോന്യരുടെ കൈയിൽനിന്നു വിടുവിക്കുന്നു. തോലാ, യായീർ, ഇബ്‌സാൻ, ഏലോൻ, അബ്ദോൻ എന്നിവരും ഇസ്രായേലിലെ 12 ന്യായാധിപന്മാരിൽപ്പെടുന്നു. ഫെലിസ്‌ത്യരോടു യുദ്ധം ചെയ്യുന്ന ശിംശോന്റെ കാലത്തോടെ ന്യായാധിപന്മാരുടെ കാലഘട്ടം അവസാനിക്കുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

4:​8—⁠പ്രവാചകിയായ ദെബോര തന്റെകൂടെ യുദ്ധഭൂമിയിലേക്കു വരണമെന്നു ബാരാക്ക്‌ നിർബന്ധംപിടിച്ചത്‌ എന്തുകൊണ്ട്‌? സീസെരയുടെ സൈന്യത്തോടു പോരാടാൻ താൻ അപര്യാപ്‌തനാണെന്ന്‌ ബാരാക്കിനു തോന്നിയിരിക്കണം. എന്നാൽ പ്രവാചകി ഒപ്പം ഉണ്ടെങ്കിൽ അത്‌ അവനും കൂടെയുള്ള പുരുഷന്മാർക്കും ആത്മധൈര്യവും തങ്ങൾക്കു ദൈവത്തിന്റെ നടത്തിപ്പ്‌ ഉണ്ടെന്നുള്ള ഉറപ്പും നൽകുമായിരുന്നു. ദെബോര തന്റെ കൂടെവരണമെന്നു ശഠിച്ചത്‌ അവന്റെ ബലഹീനതയുടെയല്ല മറിച്ച്‌ ശക്തമായ വിശ്വാസത്തിന്റെ തെളിവായിരുന്നു.

5:​20—⁠ബാരാക്കിനുവേണ്ടി ആകാശത്തുനിന്നു നക്ഷത്രങ്ങൾ പൊരുതിയത്‌ എങ്ങനെയാണ്‌? ദൂതസഹായത്തെയാണോ, സീസെരയുടെ ജ്യോതിഷികൾ ദുശ്ശകുനമായി വ്യാഖ്യാനിച്ച ഉൽക്കാവർഷത്തെയാണോ അതോ സീസെര ആശ്രയം വെച്ച ജ്യോതിഷപ്രവചനങ്ങൾ ഫലിക്കാതെപോയതിനെയാണോ ഇത്‌ കുറിക്കുന്നതെന്നൊന്നും ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും, ഏതോ തരത്തിലുള്ള ദിവ്യ ഇടപെടൽ ഉണ്ടായിരുന്നു എന്നതിനു സംശയമില്ല.

7:​1-3; 8:​10—⁠1,35,000 യോദ്ധാക്കളുള്ള ശത്രുസൈന്യത്തോടു പോരാടാൻ ഗിദെയോന്റെ കൂടെയുള്ള 32,000 പുരുഷന്മാർ അധികമാകുന്നു എന്ന്‌ യഹോവ പറഞ്ഞത്‌ എന്തുകൊണ്ടാണ്‌? കാരണം ഗിദെയോനും കൂടെയുള്ള പുരുഷന്മാർക്കും വിജയം നൽകാൻ പോകുന്നത്‌ യഹോവയായിരുന്നു. തങ്ങൾ സ്വന്ത ശക്തിയാലാണ്‌ മിദ്യാന്യരെ തോൽപ്പിച്ചതെന്ന്‌ അവർ ചിന്തിക്കാൻ യഹോവ ആഗ്രഹിച്ചില്ല.

11:​30, 31​—⁠യിഫ്‌താഹ്‌ ശപഥം ചെയ്‌തപ്പോൾ നരബലി എന്ന ആശയം അവന്റെ മനസ്സിലുണ്ടായിരുന്നോ? യിഫ്‌താഹ്‌ അങ്ങനെയൊരു കാര്യത്തെക്കുറിച്ച്‌ ചിന്തിച്ചിട്ടുപോലുമുണ്ടാവില്ല. കാരണം ന്യായപ്രമാണം ഇങ്ങനെ വ്യവസ്ഥ ചെയ്‌തിരുന്നു: “തന്റെ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവൻ . . . നിങ്ങളുടെ ഇടയിൽ കാണരുത്‌.” (ആവർത്തനപുസ്‌തകം 18:​10, 11) എന്നാൽ ശപഥം ചെയ്‌തപ്പോൾ യിഫ്‌താഹിന്റെ മനസ്സിലുണ്ടായിരുന്നത്‌ ഏതെങ്കിലും മൃഗമല്ല, ഒരു മനുഷ്യജീവി തന്നെയായിരുന്നു. യാഗത്തിനുള്ള മൃഗങ്ങളെ സാധാരണ ഇസ്രായേല്യരുടെ വീടുകളിൽ പാർപ്പിച്ചിരുന്നില്ല. മാത്രമല്ല, ഒരു മൃഗത്തെ യാഗം കഴിച്ചുകൊള്ളാം എന്നു പറയുന്നതിൽ പ്രത്യേകതയൊന്നുമില്ല. തന്നെ സ്വീകരിക്കാൻ വീട്ടിൽനിന്നും പുറത്തുവരുന്നത്‌ സാധ്യതയനുസരിച്ച്‌ തന്റെ മകൾതന്നെയായിരിക്കും എന്ന്‌ യിഫ്‌താഹിന്‌ അറിയാമായിരുന്നു. ആരായിരുന്നാലും ആ വ്യക്തിയെ “ഹോമയാഗമായി” അർപ്പിക്കും. അതായത്‌, ആ വ്യക്തി യഹോവയുടെ വിശുദ്ധമന്ദിരത്തിൽ സേവചെയ്യാൻ പൂർണമായി സമർപ്പിക്കപ്പെടും എന്നാണ്‌ അവൻ അർഥമാക്കിയത്‌.

നമുക്കുള്ള പാഠങ്ങൾ:

3:10. ആത്മീയ ഉദ്യമങ്ങൾ വിജയംവരിക്കുന്നത്‌ മനുഷ്യജ്ഞാനത്താലല്ല മറിച്ച്‌ യഹോവയുടെ ആത്മാവിനാലാണ്‌.​—⁠സങ്കീർത്തനം 127:⁠1.

3:21. ഏഹൂദ്‌ തന്റെ വാൾ അതിവിദഗ്‌ധമായി, സധൈര്യം ഉപയോഗിച്ചു. അതുപോലെ ‘ദൈവവചനം എന്ന ആത്മാവിന്റെ വാൾ’ ഉപയോഗിക്കുന്നതിൽ നാം നിപുണരായിത്തീരണം. അതിന്റെയർഥം നമ്മുടെ ശുശ്രൂഷയിൽ നാം തിരുവെഴുത്തുകൾ ധൈര്യപൂർവം ഉപയോഗിക്കണം എന്നാണ്‌.​—⁠എഫെസ്യർ 6:17; 2 തിമൊഥെയൊസ്‌ 2:15.

6:​11-15; 8:​1-3, 22, 23. ഗിദെയോന്റെ എളിമ നമ്മെ മൂന്നു പ്രധാന പാഠങ്ങൾ പഠിപ്പിക്കുന്നു: (1) നമുക്ക്‌ സേവനപദവികൾ വെച്ചുനീട്ടുമ്പോൾ അതിനൊപ്പം വരുന്ന സ്ഥാനമാനത്തെയോ കീർത്തിയെയോ കുറിച്ചു ചിന്തിക്കുന്നതിനുപകരം അതു കൈവരുത്തുന്ന ഉത്തരവാദിത്വത്തെക്കുറിച്ചായിരിക്കണം നമ്മുടെ ചിന്ത. (2) ശണ്‌ഠകൂടാൻ പ്രവണതയുള്ളവരോട്‌ ഇടപെടുമ്പോൾ എളിമ പ്രകടമാക്കുന്നത്‌ ജ്ഞാനമാണ്‌. (3) സ്ഥാനമാനങ്ങളുടെ പുറകെ പോകുന്നതിൽനിന്ന്‌ എളിമ നമ്മെ തടയും.

6:​17-22; 36-40. നാമും “ഏതു നിശ്വസ്‌ത മൊഴിയും വിശ്വസിക്കാതെ (NW)” ജാഗ്രതയുള്ളവരായിരിക്കണം. പകരം അത്‌ “ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന” ചെയ്യേണ്ടതുണ്ട്‌. (1 യോഹന്നാൻ 4:1) താൻ നൽകാൻ പോകുന്ന ബുദ്ധിയുപദേശം ദൈവവചനത്തിൽ വേരൂന്നിയതാണെന്ന്‌ ഉറപ്പുവരുത്താൻ പുതുതായി നിയമിതനായ ഒരു മൂപ്പൻ പരിചയസമ്പത്തുള്ള മറ്റൊരു മൂപ്പനെ സമീപിക്കുന്നതു ജ്ഞാനമാണ്‌.

6:​25-27. എതിരാളികളെ അനാവശ്യമായി പ്രകോപിപ്പിക്കാതിരിക്കാൻ ഗിദെയോൻ വിവേചന ഉപയോഗിച്ചു. നാം സുവാർത്ത പ്രസംഗിക്കുമ്പോൾ നമ്മുടെ സംസാരത്താൽ ആരെയും അനാവശ്യമായി പ്രകോപിതരാക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം.

7:⁠6. യഹോവയെ സേവിക്കുന്ന കാര്യത്തിൽ നാം ഗിദെയോന്റെ 300 പുരുഷന്മാരെപ്പോലെ ജാഗ്രതയും കരുതലും ഉള്ളവരായിരിക്കണം.

9:​8-15. അഹങ്കാരത്തോടെ പ്രവർത്തിക്കുന്നതും സ്ഥാനമാനങ്ങൾക്കു വേണ്ടിയുള്ള ആഗ്രഹം വെച്ചുപുലർത്തുന്നതും എത്ര വിഡ്‌ഢിത്തമാണ്‌!

11:​35-37. യിഫ്‌താഹിന്റെ നല്ല ദൃഷ്ടാന്തം അവന്റെ മകളിൽ ശക്തമായ വിശ്വാസവും ആത്മത്യാഗമനോഭാവവും വളർത്തിയെടുക്കുന്നതിൽ പങ്കുവഹിച്ചു എന്നതിനു സംശയമില്ല. ഇന്നു മക്കൾക്കായി അത്തരത്തിലുള്ള നല്ല മാതൃകവെക്കാൻ മാതാപിതാക്കൾക്കു കഴിയും.

11:40. യഹോവയുടെ സേവനത്തിനായി തന്നെത്തന്നെ വിട്ടുകൊടുക്കുന്ന ഒരു വ്യക്തിയെ അഭിനന്ദിക്കുന്നത്‌ അയാൾക്കൊരു പ്രോത്സാഹനമാകും.

13:⁠8. മക്കളെ പഠിപ്പിക്കുന്ന കാര്യത്തിൽ സഹായത്തിനായി മാതാപിതാക്കൾ യഹോവയോടു പ്രാർഥിക്കുകയും അവന്റെ മാർഗനിർദേശങ്ങൾ അനുസരിക്കുകയും വേണം.​—⁠2 തിമൊഥെയൊസ്‌ 3:16.

14:​16, 17; 16:16. കരച്ചിലും പരാതിയുംകൊണ്ടു പൊറുതിമുട്ടിക്കുന്നത്‌ വ്യക്തികൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളൽവീഴ്‌ത്തും.​—⁠സദൃശവാക്യങ്ങൾ 19:13; 21:19.

ഇസ്രായേലിലെ മറ്റു പാപങ്ങൾ

(ന്യായാധിപന്മാർ 17:1-21:25)

ന്യായാധിപന്മാർ എന്ന പുസ്‌തകത്തിന്റെ ഒടുവിലത്തെ ഭാഗത്ത്‌ രണ്ട്‌ സവിശേഷ വിവരണങ്ങൾ അടങ്ങിയിരിക്കുന്നു. ആദ്യത്തേത്‌ മീഖാവെന്ന വ്യക്തിയുമായി ബന്ധപ്പെട്ടതാണ്‌. അയാൾ തന്റെ വീട്ടിൽ ഒരു വിഗ്രഹം ഉണ്ടാക്കിവെക്കുകയും തനിക്കുവേണ്ടി പൗരോഹിത്യവേല ചെയ്യാൻ ഒരു ലേവ്യനെ ശമ്പളത്തിന്‌ ആക്കുകയും ചെയ്യുന്നു. ലയീശ്‌ അഥവാ ലേശെം നഗരം നശിപ്പിച്ചശേഷം ദാൻഗോത്രക്കാർ പുതിയ നഗരം പണിത്‌ അതിനു ദാൻ എന്നു പേരിടുന്നു. മീഖാവിന്റെ വിഗ്രഹത്തെയും പുരോഹിതനെയും ഉപയോഗിച്ച്‌ ദാൻ നഗരത്തിൽ അവർ ഒരു പുതിയ ആരാധനക്രമം സ്ഥാപിക്കുന്നു. തെളിവനുസരിച്ച്‌, ലയീശ്‌ പിടിച്ചടക്കിയത്‌ യോശുവയുടെ മരണത്തിനുമുമ്പാണ്‌.​—⁠യോശുവ 19:47.

യോശുവ മരിച്ച്‌ അധികം കഴിയുന്നതിനുമുമ്പാണ്‌ രണ്ടാമത്തെ സംഭവം നടക്കുന്നത്‌. ബെന്യാമീന്യരുടെ നഗരമായ ഗിബെയയിൽവെച്ച്‌ ചില പുരുഷന്മാർ ഒരു സ്‌ത്രീയെ കൂട്ടബലാത്സംഗം ചെയ്‌തു. ഇത്‌ ആ ഗോത്രത്തിലെ 600 പുരുഷന്മാരൊഴികെ ഗോത്രം മുഴുവനും നശിപ്പിക്കപ്പെടുന്നതിലേക്കു നയിക്കുന്നു. എന്നിരുന്നാലും, ഒരു പ്രായോഗിക നടപടിമൂലം അവർക്ക്‌ ഭാര്യമാരെ കിട്ടാൻ ഇടയാകുന്നു. അങ്ങനെ ദാവീദിന്റെ ഭരണകാലമായപ്പോഴേക്ക്‌ ആ ഗോത്രത്തിൽ യോദ്ധാക്കളുടെ എണ്ണം 60,000-ത്തോളമായി വർധിക്കുന്നു.​—⁠1 ദിനവൃത്താന്തം 7:5ബി-11.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

17:6; 21:​25—⁠‘ഓരോരുത്തൻ തനിക്കു ബോധിച്ചതുപോലെ നടന്നാൽ’ അത്‌ അരാജകത്വത്തിനു വഴിതെളിക്കുമായിരുന്നില്ലേ? അവശ്യം അങ്ങനെയാകണമെന്നില്ല. കാരണം, തന്റെ ജനത്തിന്‌ ആവശ്യമായ മാർഗനിർദേശം യഹോവ പ്രദാനം ചെയ്‌തിരുന്നു. തന്റെ വഴികൾ അവരെ പഠിപ്പിക്കാൻ അവൻ അവർക്കു ന്യായപ്രമാണം നൽകിയിരുന്നു. കൂടാതെ പുരോഹിതന്മാരും ഇക്കാര്യത്തിൽ അവരെ സഹായിക്കുമായിരുന്നു. പ്രാധാന്യമർഹിക്കുന്ന കാര്യങ്ങൾ സംബന്ധിച്ചുള്ള ദൈവഹിതം അറിയാൻ ഊറീമും തുമ്മീമും മഹാപുരോഹിതനെ സഹായിച്ചു. (പുറപ്പാടു 28:30) ഓരോ പട്ടണത്തിലും, മികച്ച ബുദ്ധിയുപദേശം നൽകാൻ പ്രാപ്‌തരായ മൂപ്പന്മാരെയും നിയമിച്ചിരുന്നു. ഈ ക്രമീകരണങ്ങളെയെല്ലാം പ്രയോജനപ്പെടുത്തുന്ന ഒരു ഇസ്രായേല്യന്‌ തന്റെ മനസ്സാക്ഷിയെ പിഴവറ്റരീതിയിൽ നയിക്കാൻ കഴിഞ്ഞിരുന്നു. ഇങ്ങനെ “തനിക്കു ബോധിച്ചതുപോലെ” നടക്കുന്നത്‌ നന്മയിൽ കലാശിക്കുമായിരുന്നു. നേരെമറിച്ച്‌, ഒരുവൻ ന്യായപ്രമാണം കാറ്റിൽപ്പറത്തിയിട്ട്‌ പെരുമാറ്റവും ആരാധനയും സംബന്ധിച്ച്‌ സ്വന്തം തീരുമാനങ്ങൾ എടുത്താൽ അതിനു തിക്തഫലം ഉറപ്പായിരുന്നു.

20:17-48—⁠ശിക്ഷിക്കപ്പെടേണ്ടിയിരുന്നത്‌ ബെന്യാമീന്യരായിരുന്നിട്ടും അവർ രണ്ടുവട്ടം മറ്റ്‌ ഇസ്രായേൽ ഗോത്രങ്ങളെ പരാജയപ്പെടുത്താൻ യഹോവ അനുവദിച്ചത്‌ എന്തുകൊണ്ടായിരുന്നു? ആദ്യം മറ്റു വിശ്വസ്‌ത ഗോത്രങ്ങൾക്കു ഭീമമായ നഷ്ടം വരാൻ അനുവദിച്ചുകൊണ്ട്‌, ഇസ്രായേലിൽനിന്ന്‌ തിന്മ പറിച്ചെറിയാനുള്ള അവരുടെ നിശ്ചയദാർഢ്യം യഹോവ ഉറപ്പാക്കുകയായിരുന്നു.

നമുക്കുള്ള പാഠങ്ങൾ:

19:​14, 15. അതിഥിപ്രിയം കാണിക്കാൻ മനസ്സില്ലാതിരുന്നത്‌ ഗിബെയയിലെ ആളുകളുടെ ധാർമികബോധത്തിലുണ്ടായ വീഴ്‌ചയെ വെളിപ്പെടുത്തുന്നു. ‘അതിഥിസല്‌ക്കാരം ആചരിക്കുവിൻ’ എന്ന്‌ ക്രിസ്‌ത്യാനികളോട്‌ ആഹ്വാനം ചെയ്‌തിരിക്കുന്നു.​—⁠റോമർ 12:13.

വിടുതൽ മുന്നിൽ

പെട്ടെന്നുതന്നെ, യേശുക്രിസ്‌തുവിന്റെ കൈകളിലെ ദൈവരാജ്യം ഈ ദുഷ്ടലോകത്തെ നശിപ്പിക്കുകയും നേരുള്ളവരും നിഷ്‌കളങ്കരുമായവർക്ക്‌ ഒരു വലിയ വിടുതൽ നൽകുകയും ചെയ്യും. (സദൃശവാക്യങ്ങൾ 2:21, 22; ദാനീയേൽ 2:44) യഹോവയുടെ ‘ശത്രുക്കൾ ഒക്കെയും നശിക്കുകയും അവനെ സ്‌നേഹിക്കുന്നവർ പ്രതാപത്തോടെ ഉദിക്കുന്ന സൂര്യനെപോലെ’ ആയിത്തീരുകയും ചെയ്യും. (ന്യായാധിപന്മാർ 5:31) ന്യായാധിപന്മാർ എന്ന ബൈബിൾപുസ്‌തകത്തിൽനിന്നു നാം പഠിച്ചിരിക്കുന്നത്‌ പ്രവൃത്തിപഥത്തിൽ വരുത്തിക്കൊണ്ട്‌ നാം യഹോവയെ സ്‌നേഹിക്കുന്നവരുടെ പട്ടികയിലാണെന്നു നമുക്കു തെളിയിക്കാം.

ഈ പുസ്‌തകത്തിലുടനീളം ആവർത്തിച്ചു പ്രകടമായിരിക്കുന്ന ഒരു അടിസ്ഥാന സത്യമിതാണ്‌: “യഹോവയോടുള്ള അനുസരണം അളവറ്റ അനുഗ്രഹങ്ങളിൽ കലാശിക്കുന്നു. അനുസരണക്കേട്‌ കൊടിയ തിക്തഫലങ്ങളിലും.” (ആവർത്തനപുസ്‌തകം 11:26-28) ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട ഇഷ്ടം “ഹൃദയപൂർവ്വം അനുസരി”ക്കുന്നത്‌ എത്ര പ്രധാനമാണ്‌!​—⁠റോമർ 6:17; 1 യോഹന്നാൻ 2:17.

[അടിക്കുറിപ്പ്‌]

^ ഖ. 10 ഇസ്രായേലിൽ ആകമാനം ചിതറിക്കിടന്ന 48 നഗരങ്ങളല്ലാതെ ലേവിഗോത്രത്തിനു വാഗ്‌ദത്ത ദേശത്ത്‌ വേറെ അവകാശം കൊടുത്തില്ല.

[25-ാം പേജിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

“യഹോവ ന്യായാധിപന്മാരെ എഴുന്നേല്‌പിച്ചു; അവർ കവർച്ചക്കാരുടെ കയ്യിൽനിന്നു അവരെ രക്ഷിച്ചു.”​—⁠ന്യായാധിപന്മാർ 2:16

ന്യായാധിപന്മാർ

1. ഒത്‌നീയേൽ (മനശ്ശെ ഗോത്രം)

2. ഏഹൂദ്‌ (യെഹൂദാ ഗോത്രം)

3. ശംഗർ (യെഹൂദാ ഗോത്രം)

4. ബാരാക്ക്‌ (നഫ്‌താലി ഗോത്രം)

5. ഗിദെയോൻ (യിസ്സാഖാർ ഗോത്രം)

6. തോലാ (മനശ്ശെ ഗോത്രം)

7. യായീർ (മനശ്ശെ ഗോത്രം)

8. യിഫ്‌താഹ്‌ (ഗാദ്‌ ഗോത്രം)

9. ഇബ്‌സാൻ (ആശേർ ഗോത്രം)

10. ഏലോൻ (സെബൂലൂൻ ഗോത്രം)

11. അബ്ദോൻ (എഫ്രയീം ഗോത്രം)

12. ശിംശോൻ (യെഹൂദാ ഗോത്രം)

ദാൻ

മനശ്ശെ

നഫ്‌താലി

ആശേർ

സെബൂലൂൻ

യിസ്സാഖാർ

മനശ്ശെ

ഗാദ്‌

എഫ്രയീം

ദാൻ

ബെന്യാമീൻ

രൂബേൻ

യെഹൂദാ

[26-ാം പേജിലെ ചിത്രം]

ദെബോര യുദ്ധഭൂമിയിലേക്കു പോരണമെന്ന്‌ ബാരാക്ക്‌ നിർബന്ധം പിടിച്ചതിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തു പഠിക്കാൻ കഴിഞ്ഞു?