വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

താൻ കൊന്നവരുടെ ദേഹത്തു സ്‌പർശിക്കാനും അതേസമയം ഒരു നാസീർ ആയിരിക്കാനും ശിംശോനു കഴിഞ്ഞത്‌ എങ്ങനെ?

പുരാതന ഇസ്രായേലിൽ ഒരു വ്യക്തിക്ക്‌ സ്വമേധയാ ഒരു നേർച്ച നേർന്നുകൊണ്ട്‌ ഒരു കാലയളവിലേക്ക്‌ നാസീർ ആയിരിക്കാനാകുമായിരുന്നു. * വ്രതമെടുക്കുന്ന ഏതൊരാളും പിൻവരുന്ന നിരോധനത്തിൻകീഴിൽ ആയിരിക്കുമായിരുന്നു: “അവൻ യഹോവെക്കു തന്നെത്താൻ സമർപ്പിച്ചിരിക്കുന്ന കാലത്തൊക്കെയും ശവത്തിന്റെ അടുക്കൽ ചെല്ലരുതു; അപ്പൻ, അമ്മ, സഹോദരൻ, സഹോദരി എന്നിവരിൽ ആരെങ്കിലും മരിക്കുമ്പോൾ അവരാൽ അവൻ തന്നെത്താൻ അശുദ്ധനാകരുത്‌.” ‘അവന്റെ അടുക്കൽവെച്ചു വല്ലവനും പെട്ടെന്നു മരിച്ചാൽ’ എന്ത്‌? അത്തരമൊരു യാദൃച്ഛിക സ്‌പർശനംപോലും അയാളെ അശുദ്ധനാക്കുകയും വ്രതഭംഗം വരുത്തുകയും ചെയ്യുമായിരുന്നു. അങ്ങനെയുള്ളപ്പോൾ “മുമ്പിലത്തെ കാലം തള്ളിപ്പോകേണം” എന്നു പറഞ്ഞിരുന്നു. അവൻ ഒരു ശുദ്ധീകരണ ചടങ്ങിലൂടെ കടന്നുപോകുകയും വ്രതാനുഷ്‌ഠാനം ആദ്യംമുതൽ തുടങ്ങുകയും ചെയ്യേണ്ടിയിരുന്നു.​—⁠സംഖ്യാപുസ്‌തകം 6:⁠6-12.

എന്നാൽ ശിംശോൻ നാസീർ ആയിരുന്നത്‌ ഒരു വ്യത്യസ്‌ത അർഥത്തിലാണ്‌. അവൻ ജനിക്കുന്നതിനുമുമ്പുതന്നെ യഹോവയുടെ ദൂതൻ അവന്റെ അമ്മയോടു പറഞ്ഞു: “നീ ഗർഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്‌ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.” (ന്യായാധിപന്മാർ 13:⁠5) ശിംശോൻ നാസീർവ്രത പ്രതിജ്ഞയൊന്നും എടുത്തില്ല. അവനെ നാസീറായി നിയമിച്ചതു ദൈവമാണ്‌, അവന്റെ വ്രതമാകട്ടെ ആജീവനാന്തം ഉള്ളതും. മൃതശരീരത്തിൽ സ്‌പർശിക്കുന്നതിനെതിരെയുള്ള വിലക്ക്‌ അവന്റെ കാര്യത്തിൽ ബാധകമാകില്ലായിരുന്നു. അതു ബാധകമായിരുന്നെങ്കിൽ, യാദൃച്ഛികമായി ഒരു മൃതദേഹത്തിൽ തൊട്ടുപോയാൽ ജനനത്തിങ്കൽ തുടങ്ങിയ വ്രതം പുനരാരംഭിക്കാൻ അവന്‌ എങ്ങനെ കഴിയുമായിരുന്നു? അപ്പോൾ വ്യക്തമായും ആജീവനാന്ത നാസീർവ്രതം അനുഷ്‌ഠിക്കുന്നവരിൽനിന്നു പ്രതീക്ഷിച്ചിരുന്ന കാര്യങ്ങളും വ്രതം സ്വമേധയാ ഏറ്റെടുക്കുന്നവർ അനുഷ്‌ഠിക്കേണ്ടിയിരുന്ന നിബന്ധനകളും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു.

ശിംശോൻ, ശമൂവേൽ, യോഹന്നാൻ സ്‌നാപകൻ എന്നിങ്ങനെ ബൈബിളിൽ പരാമർശിച്ചിരിക്കുന്ന, ആജീവനാന്ത നാസീർവ്രതം അനുഷ്‌ഠിച്ചിരുന്ന മൂന്നുപേർക്ക്‌ യഹോവ നൽകിയ കൽപ്പനകൾ പരിചിന്തിക്കുക. മുമ്പു കണ്ടതുപോലെ, ശിംശോന്റെ മുടി മുറിക്കാൻ പാടില്ലായിരുന്നു. ഇനിയും, ശമൂവേലിനെ ഗർഭംധരിക്കുന്നതിനുമുമ്പുതന്നെ ഹന്നാ ഈ നേർച്ച നേർന്നു: “അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല.” (1 ശമൂവേൽ 1:⁠11) യോഹന്നാൻ സ്‌നാപകന്റെ കാര്യത്തിൽ യഹോവയുടെ ദൂതൻ ഇങ്ങനെ പറഞ്ഞു: അവൻ “വീഞ്ഞും മദ്യവും കുടിക്കയില്ല.” (ലൂക്കൊസ്‌ 1:⁠15) മാത്രമല്ല, “യോഹന്നാന്നു ഒട്ടകരോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.” (മത്തായി 3:⁠4) ഈ മൂന്നുപേരിൽ ആരോടും മൃതശരീരത്തിനടുത്തു പോകരുതെന്നു കൽപ്പിച്ചിരുന്നില്ല.

ഒരു നാസീർ ആയിരുന്നെങ്കിലും കവർച്ചക്കാരുടെ കൈയിൽനിന്ന്‌ ഇസ്രായേലിനെ രക്ഷിക്കാൻ യഹോവ എഴുന്നേൽപ്പിച്ച ന്യായാധിപന്മാരിൽ ഒരാളായിരുന്നു ശിംശോൻ. (ന്യായാധിപന്മാർ 2:⁠16) ഈ നിയമനം നിർവഹിക്കുന്നതിന്റെ ഭാഗമായി അവൻ മൃതശരീരങ്ങളിൽ സ്‌പർശിച്ചു. ഒരവസരത്തിൽ ശിംശോൻ 30 ഫെലിസ്‌ത്യരെ സംഹരിച്ച്‌ അവരുടെ വസ്‌ത്രങ്ങൾ ഉരിഞ്ഞെടുത്തു. പിന്നീട്‌ ശത്രുക്കളെ സംഹരിക്കവേ, “അവരെ കഠിനമായി അടിച്ചു തുടയും നടുവും തകർത്തുകളഞ്ഞു.” മറ്റൊരു സന്ദർഭത്തിൽ കഴുതയുടെ പച്ചത്താടിയെല്ലുകൊണ്ട്‌ അവൻ ആയിരം പേരെ കൊന്നുകളഞ്ഞു. (ന്യായാധിപന്മാർ 14:⁠19; 15:⁠8, 15) ഇതെല്ലാം ചെയ്യുന്നതിൽ അവന്‌ യഹോവയുടെ പ്രീതിയും അംഗീകാരവും ഉണ്ടായിരുന്നു. അനുകരണീയമായ വിശ്വാസത്തിന്റെ മാതൃകയെന്ന നിലയിലാണ്‌ തിരുവെഴുത്തുകൾ അവനെ പരാമർശിക്കുന്നത്‌.​—⁠എബ്രായർ 11:⁠32; 12:⁠1.

ശിംശോൻ സിംഹത്തെ “ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു” എന്ന പ്രസ്‌താവന, അവന്റെ നാളിൽ ആട്ടിൻകുട്ടികളെ കീറുന്നത്‌ ഒരു സാധാരണ നടപടി ആയിരുന്നു എന്നു സൂചിപ്പിക്കുന്നുവോ?

ഇസ്രായേല്യ ന്യായാധിപന്മാരുടെ നാളുകളിൽ, ആട്ടിൻകുട്ടികളെ കീറിക്കളയുന്ന രീതി നിലവിലിരുന്നു എന്നതിന്‌ യാതൊരു തെളിവുമില്ല. ന്യായാധിപന്മാർ 14:⁠6 പ്രസ്‌താവിക്കുന്നു: “അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ [ശിംശോന്റെമേൽ] വന്നു; കയ്യിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ [ഒരു ബാലസിംഹത്തെ] ഒരു ആട്ടിൻകുട്ടിയെപ്പോലെ കീറിക്കളഞ്ഞു.” ഈ പരാമർശം ഒരു ദൃഷ്ടാന്തമായിരിക്കാനാണു സാധ്യത.

‘അവൻ അതിനെ കീറിക്കളഞ്ഞു’ എന്ന പ്രയോഗം രണ്ട്‌ അർഥത്തിൽ എടുക്കാം. ശിംശോൻ ഒന്നുകിൽ സിംഹത്തിന്റെ മുകൾത്താടിയിലും കീഴ്‌ത്താടിയിലും പിടിച്ച്‌ അതിനെ രണ്ടായി പിളർന്നിരിക്കണം, അല്ലെങ്കിൽ അവയവങ്ങൾ ഏതെങ്കിലും വിധത്തിൽ വേർപെടുത്തിയെടുത്തിരിക്കണം. ആദ്യത്തേതാണ്‌ അർഥമാക്കുന്നതെങ്കിൽ, ഒരു ആട്ടിൻകുട്ടിയെ അങ്ങനെ ചെയ്യുക എന്നതു മനുഷ്യനു സാധ്യമായ ഒരു കാര്യമാണ്‌. അങ്ങനെയാണെങ്കിൽ വെറുംകൈകൊണ്ട്‌ ഒരു സിംഹത്തെ കീഴടക്കുന്നത്‌ ശിംശോനെ സംബന്ധിച്ചിടത്തോളം ഒരു ആട്ടിൻകുട്ടിയെ കീഴടക്കുന്നതുപോലെ അത്ര എളുപ്പമായിരുന്നു എന്നു വ്യക്തമാക്കാൻ ദൃഷ്ടാന്തം ഉതകുന്നു. എന്നാൽ, ശിംശോൻ സിംഹത്തെ അവയവച്ഛേദം ചെയ്‌ത്‌ കൊലപ്പെടുത്തുകയായിരുന്നെങ്കിലോ? അങ്ങനെയെങ്കിൽ ആ പരാമർശം ഒരിക്കലും ഒരു ദൃഷ്ടാന്തമെന്നതിലപ്പുറം എന്തെങ്കിലുമായി കരുതാൻ കഴിയില്ല. അസാധാരണമായ കരുത്ത്‌ ആവശ്യമായിരുന്ന ഒരു സംഗതി ചെയ്യാൻ യഹോവയുടെ ആത്മാവ്‌ ശിംശോനെ പ്രാപ്‌തനാക്കി എന്നു വ്യക്തമാക്കുകയായിരിക്കും അലങ്കാരപ്രയോഗത്തിന്റെ ഉദ്ദേശ്യം. രണ്ടു വിധത്തിലായാലും യഹോവയുടെ സഹായത്താൽ ശിംശോന്‌, ഒരു സാധാരണ മനുഷ്യൻ ആട്ടിൻകുട്ടിയെ കൈകാര്യംചെയ്യുന്ന ലാഘവത്തോടെ കരുത്തേറിയ സിംഹത്തെ നേരിടാൻ കഴിഞ്ഞുവെന്നാണ്‌ ന്യായാധിപന്മാർ 14:⁠6-ലെ താരതമ്യം വരച്ചുകാട്ടുന്നത്‌.

[അടിക്കുറിപ്പ്‌]

^ ഖ. 3 എത്ര കാലത്തേക്കു വ്രതമെടുക്കണമെന്നു വ്യക്തിപരമായി തീരുമാനിക്കാമായിരുന്നു. എന്നാൽ, യഹൂദപാരമ്പര്യമനുസരിച്ച്‌ ഏറ്റവും കുറഞ്ഞ കാലയളവ്‌ 30 ദിവസമായിരുന്നു. അതിൽ കുറഞ്ഞാൽ വ്രതാനുഷ്‌ഠാനത്തിന്‌ യാതൊരു വിശേഷതയും ഉണ്ടായിരിക്കുകയില്ലെന്ന്‌ അവർ വിചാരിച്ചിരുന്നു.