വാർധക്യം ‘ശോഭയുള്ള ഒരു കിരീടം’പോലെ—എപ്പോൾ?
“എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു”
വാർധക്യം ‘ശോഭയുള്ള ഒരു കിരീടം’പോലെ—എപ്പോൾ?
“ഇതിലും മെച്ചപ്പെട്ട ഒരു ജീവിതം ഇല്ല,” 101 വയസ്സുള്ള മ്യുറിയൽ പറഞ്ഞു. “മഹത്തായ ഒരു പദവി തന്നെ!” 70-കാരനായ തിയോഡൊറൊസിന്റെ അഭിപ്രായമാണിത്. “ഏറ്റവും ശ്രേഷ്‌ഠമായ ജീവിതരീതിയാണ് ഞാൻ തിരഞ്ഞെടുത്തത് എന്നെനിക്ക് ഉറപ്പുണ്ട്,” 73-ാം വയസ്സിൽ മാരീയാ പറഞ്ഞു. തങ്ങളുടെ ജീവിതം യഹോവയുടെ സേവനത്തിൽ അർപ്പിച്ചവരായിരുന്നു ഇവരെല്ലാവരും.
ഇവർ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. ലോകവ്യാപകമായി യഹോവയെ തീക്ഷ്‌ണതയോടെ ആരാധിക്കുന്ന പ്രായമായ അനേകരുണ്ട്. പ്രായാധിക്യവും ആരോഗ്യപ്രശ്‌നങ്ങളും മറ്റു പ്രാതികൂല്യങ്ങളും ഉണ്ടായിരിക്കെത്തന്നെ അവർ പൂർണ ആത്മാവോടും മനസ്സോടും കൂടെ ദൈവത്തെ സേവിക്കുന്നതിൽ തുടരുന്നു. ക്രിസ്‌തീയ സഭയിലുള്ളവർ വിശ്വസ്‌തരായ അത്തരം പ്രായമേറിയ ആളുകളെ ദൈവഭക്തിയുടെ മാതൃകകളെന്ന നിലയിൽ ബഹുമാനിക്കുന്നു. സാഹചര്യങ്ങൾ നിമിത്തം അധികമൊന്നും ചെയ്യാൻ കഴിയാതെ വരുമ്പോൾപ്പോലും യഹോവ അവരുടെ സേവനത്തെ അങ്ങേയറ്റം വിലമതിക്കുന്നു. *—2 കൊരിന്ത്യർ 8:12.
വിശ്വസ്‌തരായ വൃദ്ധജനങ്ങൾക്ക് എത്തരത്തിലുള്ള ജീവിതം പ്രതീക്ഷിക്കാൻ കഴിയും എന്നതിനെക്കുറിച്ചു സങ്കീർത്തനപ്പുസ്‌തകത്തിൽ വളരെ ഉചിതമായ ഒരു പ്രസ്‌താവന കാണാം. ഫലം കായ്‌ച്ചുകൊണ്ട് ദീർഘകാലമായി പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ഒരു വൃക്ഷത്തെപ്പോലെ ആയിരിക്കാൻ അവർക്കു കഴിയും. വിശ്വസ്‌തരായ വൃദ്ധരെക്കുറിച്ചു സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.”—സങ്കീർത്തനം 92:14.
വാർധക്യത്തിൽ ഊർജസ്വലത നഷ്ടമാകുന്നതോടെ തങ്ങൾ ആർക്കും വേണ്ടാത്തവരായിത്തീരുകയും മറ്റുള്ളവർ തങ്ങളെ അവഗണിക്കുകയും ചെയ്യുമെന്ന് ചിലർ ഭയപ്പെടുന്നു. “വാർദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കയുമരുതേ” എന്ന് ദാവീദ് ദൈവത്തോട് അപേക്ഷിച്ചു. (സങ്കീർത്തനം 71:9) ഒരു വ്യക്തി തന്റെ വാർധക്യത്തിൽ ക്ഷയിക്കുമോ അതോ പുഷ്ടിപ്രാപിക്കുമോ എന്നു നിർണയിക്കുന്നത് എന്താണ്? നീതി എന്ന ദൈവികഗുണം. സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നീതിമാൻ പനപോലെ തഴെക്കും.”—സങ്കീർത്തനം 92:12.
വിശ്വസ്‌തമായി ദൈവത്തെ സേവിച്ചുകൊണ്ട് ജീവിതം ചെലവഴിച്ചിരിക്കുന്നവർ സാധാരണഗതിയിൽ വാർധക്യത്തിലും നല്ല ഫലം കായ്‌ക്കുന്നു. വിത്തുകൾ പൊട്ടിമുളച്ച് പിൽക്കാലത്തു നല്ല വിളവ് നൽകുന്നതുപോലെ, തങ്ങളുടെതന്നെയും മറ്റുള്ളവരുടെയും നന്മയ്‌ക്കായി അവർ ചെയ്‌ത പല കാര്യങ്ങളുടെയും നല്ല ഫലങ്ങൾ ആസ്വദിക്കാൻ കഴിയുന്ന സമയമാണ് അത്. (ഗലാത്യർ 6:7-10; കൊലൊസ്സ്യർ 1:10) നേരെമറിച്ച്, ദിവ്യ മാർഗനിർദേശം അവഗണിച്ചുകൊണ്ട് സ്വാർഥാഭിലാഷങ്ങൾ തൃപ്‌തിപ്പെടുത്തുന്നതിൽ മുഴുകി ജീവിതം പാഴാക്കിക്കളഞ്ഞിട്ടുള്ളവർക്ക് പ്രായമാകുമ്പോൾ അഭിമാനപൂർവം ചൂണ്ടിക്കാട്ടാൻ ഒന്നുംതന്നെ കണ്ടെന്നുവരില്ല.
നീതിപ്രവൃത്തികൾ വാർധക്യത്തിനു മകുടംചാർത്തുന്നതായി സദൃശവാക്യങ്ങളും ഊന്നിപ്പറയുന്നു. നാം ഇങ്ങനെ വായിക്കുന്നു: “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.” (സദൃശവാക്യങ്ങൾ 16:31) അതേ, ആന്തരിക സൗന്ദര്യത്തിന്റെ, ശോഭയുടെ പ്രതിഫലനമാണ് നീതി. നീണ്ട ഒരു ആയുഷ്‌കാലത്തുടനീളം നീതി പിൻപറ്റുന്ന ഒരു വ്യക്തി മറ്റുള്ളവരുടെ ആദരവു സമ്പാദിക്കുന്നു. (ലേവ്യപുസ്‌തകം 19:32) ജ്ഞാനവും നന്മയും കൈമുതലായുള്ള വൃദ്ധർ തീർച്ചയായും മാനിക്കപ്പെടും.—ഇയ്യോബ് 12:12.
ദൈവസേവനത്തിൽ ഒരു വ്യക്തി നീതിനിഷ്‌ഠമായ ജീവിതം നയിക്കുമ്പോൾ യഹോവ അതിനെ പ്രീതിയോടെ വീക്ഷിക്കുന്നു. അത്തരമൊരു ജീവിതം യഹോവയുടെ മുമ്പിൽ ശോഭയുള്ള ഒന്നാണ്. തിരുവെഴുത്തുകൾ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ വാർദ്ധക്യംവരെയും ഞാൻ അങ്ങനെതന്നെയായിരിക്കും. നിങ്ങൾക്കു നര ബാധിക്കുമ്പോഴും ഞാൻ നിങ്ങളെ വഹിക്കും . . . ചുമലിലേറ്റി രക്ഷിക്കുകയും ചെയ്യും.” (യെശയ്യാവു 46:4, പി.ഒ.സി. ബൈബിൾ) സ്‌നേഹവാനായ നമ്മുടെ സ്വർഗീയ പിതാവ്, അവനോടു വിശ്വസ്‌തത പാലിക്കുന്നവരെ അവരുടെ വാർധക്യത്തിൽ പരിപാലിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുമെന്നു വാഗ്‌ദാനം ചെയ്‌തിരിക്കുന്നു എന്നറിയുന്നത് എത്ര ആശ്വാസദായകമാണ്!—സങ്കീർത്തനം 48:14.
ദൈവസേവനത്തിൽ വിശ്വസ്‌തമായി ജീവിതം ചെലവഴിക്കുന്ന ഒരു വ്യക്തിയെ യഹോവ പ്രീതിയോടെ വീക്ഷിക്കുകയും അദ്ദേഹത്തിന്റെ ജീവിതത്തെ ശോഭയുള്ളതായി കണക്കാക്കുകയും ചെയ്യുന്നെങ്കിൽ, മറ്റുള്ളവരും അദ്ദേഹത്തോട് ആദരവു പ്രകടിപ്പിക്കേണ്ടതല്ലേ? പ്രായമായ സഹവിശ്വാസികളെ വിലയേറിയവരായി കണക്കാക്കിക്കൊണ്ട് നമുക്ക് ദൈവിക വീക്ഷണം പ്രതിഫലിപ്പിക്കാൻ കഴിയും. (1 തിമൊഥെയൊസ് 5:1, 2) അതുകൊണ്ട് അവരുടെ ആവശ്യങ്ങൾക്കായി കരുതിക്കൊണ്ട് ക്രിസ്‌തീയ സ്‌നേഹം പ്രകടിപ്പിക്കാവുന്ന പ്രായോഗിക വിധങ്ങളെക്കുറിച്ചു നമുക്കു ചിന്തയുള്ളവർ ആയിരിക്കാം.
ജീവിത സായാഹ്നത്തിൽ നീതിമാർഗം കണ്ടെത്തുന്നു
“നീതിയുടെ മാർഗ്ഗത്തിൽ ജീവനുണ്ട്” എന്നു ശലോമോൻ ഉറപ്പുനൽകുന്നു. (സദൃശവാക്യങ്ങൾ 12:28) ആ മാർഗത്തിൽ പ്രവേശിക്കുന്നതിന് പ്രായാധിക്യം ഒരു തടസ്സമല്ല. ഉദാഹരണത്തിന്, മൊൾഡോവയിലുള്ള ഒരു 99 വയസ്സുകാരൻ തന്റെ യൗവനകാലം കമ്മ്യൂണിസ്റ്റ് ചിന്താഗതി പ്രചരിപ്പിക്കുന്നതിൽ ചെലവഴിച്ചിരുന്നു. വി. ഐ. ലെനിനെപ്പോലുള്ള പ്രശസ്‌തരായ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി നേരിട്ടു സംഭാഷണം നടത്താനുള്ള അവസരം ലഭിച്ചതിൽ അദ്ദേഹം അഭിമാനിച്ചിരുന്നു. ഒടുവിൽ കമ്മ്യൂണിസം തളരുകയും തകരുകയും ചെയ്‌തപ്പോൾ ആ വൃദ്ധന്റെ ജീവിതത്തിന് ഉദ്ദേശ്യവും ലക്ഷ്യബോധവും ഇല്ലാതായി. എന്നാൽ മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾക്കുള്ള യഥാർഥമായ ഏക പരിഹാരം ദൈവരാജ്യമാണെന്ന് യഹോവയുടെ സാക്ഷികൾ കാണിച്ചുകൊടുത്തപ്പോൾ, അദ്ദേഹം ഉടനടി ബൈബിൾസത്യം സ്വീകരിക്കുകയും ഉത്സാഹപൂർവം തിരുവെഴുത്തുപഠനം ആരംഭിക്കുകയും ചെയ്‌തു. യഹോവയുടെ സ്‌നാപനമേറ്റ ഒരു ദാസൻ ആയിത്തീരാൻ തയ്യാറെടുക്കവേയാണ് അദ്ദേഹം മരണമടഞ്ഞത്.
ദൈവത്തിന്റെ ധാർമിക നിബന്ധനകളെക്കുറിച്ചു പഠിച്ചപ്പോൾ ഹംഗറിയിലുള്ള 81 വയസ്സായ ഒരു സ്‌ത്രീ, വർഷങ്ങളായി അവരോടൊപ്പം താമസിച്ചിരുന്ന പുരുഷനെ അവർ നിയമാനുസൃതം വിവാഹം ചെയ്യേണ്ടതുണ്ടെന്നു തിരിച്ചറിഞ്ഞു. തന്റെ ബൈബിളധിഷ്‌ഠിത വീക്ഷണത്തെക്കുറിച്ച് അവർ ധൈര്യപൂർവം പങ്കാളിയോടു വിശദീകരിച്ചു. അദ്ദേഹം വിവാഹത്തിനു സമ്മതിച്ചപ്പോൾ അവർക്ക് എന്തെന്നില്ലാത്ത ആശ്ചര്യവും സന്തോഷവും തോന്നി. വിവാഹബന്ധത്തിനു നിയമസാധുത കൈവന്നതിനെത്തുടർന്ന് അവർ ത്വരിതഗതിയിൽ ആത്മീയ പുരോഗതി പ്രാപിച്ചു. ബൈബിളധ്യയനം തുടങ്ങി എട്ടു മാസത്തിനുള്ളിൽ അവർ സ്‌നാപനമേൽക്കാത്ത ഒരു പ്രസാധിക ആയിത്തീരുകയും തുടർന്ന് അധികം താമസിയാതെ സ്‌നാപനമേൽക്കുകയും ചെയ്‌തു. നീതിയുടെ മാർഗം വൃദ്ധരെ ശോഭയുള്ള ഒരു കിരീടം അണിയിക്കുന്നു അഥവാ യഥാർഥ സൗന്ദര്യമുള്ളവരാക്കിത്തീർക്കുന്നു എന്നത് എത്ര സത്യമാണ്!
ദൈവത്തിനു തങ്ങളെക്കുറിച്ചു തീർച്ചയായും കരുതലുണ്ടെന്ന് പ്രായമേറിയ വിശ്വസ്‌ത ക്രിസ്‌ത്യാനികൾക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. അവനോടു വിശ്വസ്‌തരായി നിലകൊള്ളുന്നവരെ അവൻ ഒരിക്കലും കൈവിടുകയില്ല. പകരം വാർധക്യത്തിലും അവരെ വഴിനടത്തുമെന്നും പിന്തുണയ്‌ക്കുമെന്നും പരിപാലിക്കുമെന്നും അവൻ വാഗ്‌ദാനം ചെയ്യുന്നു. “എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു” എന്ന സങ്കീർത്തനക്കാരന്റെ വാക്കുകൾ അവരുടെ ജീവിതത്തിൽ അന്വർഥമായിത്തീരുന്നു.—സങ്കീർത്തനം 121:2.
[അടിക്കുറിപ്പ്]
^ ഖ. 4 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2005, ജനുവരി/ഫെബ്രുവരി കാണുക.
[9-ാം പേജിലെ ആകർഷകവാക്യം]
“നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.”—സദൃശവാക്യങ്ങൾ 16:31
[8-ാം പേജിലെ ചതുരം]
യഹോവ തന്റെ വൃദ്ധരായ ദാസന്മാർക്കായി കരുതുന്നു
‘നരച്ചവന്റെ മുമ്പാകെ എഴുന്നേല്‌ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും വേണം.’—ലേവ്യപുസ്‌തകം 19:32.
“നിങ്ങളുടെ വാർദ്ധക്യംവരെയും ഞാൻ അങ്ങനെതന്നെയായിരിക്കും. നിങ്ങൾക്കു നര ബാധിക്കുമ്പോഴും ഞാൻ നിങ്ങളെ വഹിക്കും.” —യെശയ്യാവു 46:4, പി.ഒ.സി. ബൈ.