വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്വന്തം ഭാവി രൂപപ്പെടുത്താൻ നിങ്ങൾക്കാകുമോ?

സ്വന്തം ഭാവി രൂപപ്പെടുത്താൻ നിങ്ങൾക്കാകുമോ?

സ്വന്തം ഭാവി രൂപപ്പെടുത്താൻ നിങ്ങൾക്കാകുമോ?

നമ്മുടെ ആത്യന്തികഭാവി മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നുവോ? ജീവിതത്തിൽ നാം നടത്തുന്ന തിരഞ്ഞെടുപ്പുകൾക്കു നമ്മുടെ ഭാവിയെ ഒരു വിധത്തിലും സ്വാധീനിക്കാനാവില്ലേ?

ഓരോ വ്യക്തിയുടെയും ഭാവി അയാൾതന്നെയാണു നിർണയിക്കുന്നതെന്നു വിചാരിക്കുക. അങ്ങനെ ആകുമ്പോൾ, ഒരു വ്യക്തി ഒരു പ്രത്യേക ദൗത്യം നിറവേറ്റണം എന്നോ ഒരു പ്രത്യേക പദവി വഹിക്കണം എന്നോ മുൻനിർണയിക്കാൻ കഴിയുമോ? മനുഷ്യർക്കു തങ്ങളുടെ ഭാവി രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിൽ, ഭൂമിയെക്കുറിച്ചുള്ള തന്റെ ഉദ്ദേശ്യം നിറവേറ്റാൻ ദൈവത്തിനു കഴിയുന്നത്‌ എങ്ങനെ? ഈ ചോദ്യങ്ങൾക്കുള്ള തൃപ്‌തികരമായ ഉത്തരം ബൈബിൾ പ്രദാനം ചെയ്യുന്നു.

മുൻനിശ്ചയവും ഇച്ഛാസ്വാതന്ത്ര്യവും ​—⁠രണ്ടും ഒത്തുപോകുമോ?

യഹോവയാം ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക. “ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, . . . ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു” എന്ന്‌ ബൈബിൾ പറയുന്നു. (ഉല്‌പത്തി 1:27) ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന നമുക്ക്‌ സ്‌നേഹം, നീതി, ജ്ഞാനം, ശക്തി എന്നീ ദൈവികഗുണങ്ങൾ പ്രതിഫലിപ്പിക്കാനുള്ള കഴിവുണ്ട്‌. ഇച്ഛാസ്വാതന്ത്ര്യം എന്ന ദാനവും ദൈവം നമുക്കു നൽകിയിരിക്കുന്നു, അതായത്‌ സ്വന്തമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്‌. ഇതു നമ്മെ ദൈവത്തിന്റെ മറ്റെല്ലാ ഭൗമികസൃഷ്ടികളിൽനിന്നും തികച്ചും വ്യത്യസ്‌തരാക്കുന്നു. ധാർമിക കാര്യങ്ങളിൽ ദൈവം നൽകിയിരിക്കുന്ന നിർദേശങ്ങൾ അനുസരിക്കണോ വേണ്ടയോ എന്നു നമുക്കു തീരുമാനിക്കാനാകും. അതുകൊണ്ടാണ്‌ പ്രവാചകനായ മോശെ പിൻവരുന്നപ്രകാരം പറഞ്ഞത്‌: “ജീവനും മരണവും, അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു എന്നതിന്നു ഞാൻ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു; അതുകൊണ്ടു നീയും നിന്റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിന്നും . . . നിന്റെ ദൈവമായ യഹോവയെ സ്‌നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും ചെയ്യേണ്ടതിന്നും ജീവനെ തിരഞ്ഞെടുത്തുകൊൾക.”​—⁠ആവർത്തനപുസ്‌തകം 30:19, 20.

തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം നമുക്കു നൽകിയിട്ടുണ്ടെങ്കിലും നാം സമ്പൂർണമായും സ്വതന്ത്രരാണെന്ന്‌ അതർഥമാക്കുന്നില്ല. പ്രപഞ്ചത്തിന്റെ സ്ഥിരതയ്‌ക്കും സമാധാനത്തിനും വേണ്ടി ദൈവം ഉണ്ടാക്കിയിട്ടുള്ള ഭൗതികവും ധാർമികവും ആയ നിയമങ്ങളിൽനിന്ന്‌ അതു നമ്മെ സ്വതന്ത്രരാക്കുന്നില്ല. നമ്മുടെ നന്മയ്‌ക്കായി നൽകപ്പെട്ടിരിക്കുന്ന ആ നിയമങ്ങൾ ധിക്കരിച്ചാൽ ഫലം ഗുരുതരമായിരിക്കും. ഉദാഹരണത്തിന്‌, ഗുരുത്വാകർഷണ നിയമത്തെ അവഗണിച്ചുകൊണ്ട്‌ ഉയരമുള്ള ഒരു കെട്ടിടത്തിന്റെ മുകളിൽനിന്നു നാം താഴേക്കു ചാടിയാൽ എന്തു സംഭവിക്കുമെന്നു ചിന്തിക്കുക!​—⁠ഗലാത്യർ 6:⁠7.

തിരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യം, അത്തരം സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടില്ലാത്ത സൃഷ്ടികൾക്കില്ലാത്ത ചില ഉത്തരവാദിത്വങ്ങളും നമ്മുടെമേൽ കൊണ്ടുവരുന്നു. “മനുഷ്യർ നടത്തുന്ന തിരഞ്ഞെടുപ്പുകളും അവരുടെ പ്രവൃത്തികളും മുൻനിശ്ചയിക്കപ്പെട്ടിരിക്കുന്നുവെന്നു . . . നാം അംഗീകരിച്ചാൽ, അവർ ചെയ്യുന്ന കുറ്റത്തിന്റെ ധാർമിക ഉത്തരവാദിത്വം അവരിൽ ആരോപിക്കാനും അതിന്റെ പേരിൽ അവരെ ശിക്ഷിക്കാനും നമുക്ക്‌ എങ്ങനെ കഴിയും?” എന്ന്‌ എഴുത്തുകാരനായ കോർലിസ്‌ ലാമോണ്ട്‌ ചോദിക്കുന്നു. തീർച്ചയായും കഴിയില്ല. ജന്മവാസനയനുസരിച്ചു പ്രവർത്തിക്കുന്ന മൃഗങ്ങളുടെമേൽ ആരും അവ ചെയ്യുന്ന കാര്യങ്ങൾക്കുള്ള ധാർമിക ഉത്തരവാദിത്വം ചുമത്താറില്ലല്ലോ. മനുഷ്യർ നിശ്ചയിക്കുന്ന പ്രോഗ്രാമിനു ചേർച്ചയിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടറുകളുടെ കാര്യവും അങ്ങനെതന്നെ. അതുകൊണ്ട്‌, തിരഞ്ഞെടുപ്പ്‌ സ്വാതന്ത്ര്യം നമ്മുടെമേൽ വലിയ ഉത്തരവാദിത്വം വരുത്തിവെക്കുകയും നമ്മുടെ പ്രവർത്തനങ്ങൾക്കു കണക്കുബോധിപ്പിക്കേണ്ടവർ ആക്കിത്തീർക്കുകയും ചെയ്യുന്നു.

നാം എന്തെല്ലാം ചെയ്യുമെന്ന്‌ നമ്മൾ ജനിക്കുന്നതിനു മുമ്പുതന്നെ നിശ്ചയിച്ചുവെച്ചിട്ട്‌ പിന്നീട്‌ നമ്മുടെ പ്രവർത്തനങ്ങൾക്കു നമ്മോടു കണക്കുചോദിക്കുന്നെങ്കിൽ, അത്‌ യഹോവയാം ദൈവത്തിന്റെ പക്ഷത്തെ എത്ര സ്‌നേഹശൂന്യവും ന്യായരഹിതവും ആയ ഒരു നടപടി ആയിരിക്കും! എന്നാൽ അവൻ അങ്ങനെ ചെയ്യുന്നില്ല. കാരണം, ‘ദൈവം സ്‌നേഹമാണ്‌.’ കൂടാതെ ‘അവന്റെ വഴികൾ ഒക്കെയും ന്യായമാണ്‌.’ (1 യോഹന്നാൻ 4:8; ആവർത്തനപുസ്‌തകം 32:4) തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം നമുക്കു നൽകിയിരിക്കുന്ന സ്ഥിതിക്ക്‌, മുൻനിശ്ചയത്തിൽ വിശ്വസിക്കുന്നവർ തറപ്പിച്ചുപറയുന്ന പ്രകാരം ‘ആരെയൊക്കെ രക്ഷിക്കും എന്നും ആരെയെല്ലാം ശിക്ഷിക്കും എന്നും ദൈവം അനിശ്ചിതകാലങ്ങൾക്കുമുമ്പുതന്നെ നിശ്ചയിച്ചുറപ്പിച്ചി’ട്ടില്ല. തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുള്ളതിനാൽ മുൻനിശ്ചയത്തിന്റെ ആശയം അടിസ്ഥാനരഹിതമായിത്തീരുന്നു.

നാം നടത്തുന്ന തിരഞ്ഞെടുപ്പുകൾ നമ്മുടെ ഭാവിയെ സ്വാധീനിക്കുമെന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്‌, ദുഷ്‌പ്രവൃത്തിക്കാരോട്‌ ദൈവം ഇങ്ങനെ അഭ്യർഥിക്കുന്നു: “നിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗവും ദുഷ്‌പ്രവൃത്തികളും വിട്ടുതിരിവിൻ . . . എന്നാൽ ഞാൻ നിങ്ങൾക്കു അനർത്ഥം വരുത്തുകയില്ല.” (യിരെമ്യാവു 25:5, 6) ഓരോരുത്തരുടെയും ഭാവി ദൈവം മുന്നമേതന്നെ നിശ്ചയിച്ചിരിക്കുന്നെങ്കിൽ ഈ അഭ്യർഥന നിരർഥകമാണെന്നുവരും. തന്നെയുമല്ല, ദൈവവചനം ഇങ്ങനെയും പറയുന്നു: ‘ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കർത്താവിന്റെ സമ്മുഖത്തുനിന്നു ആശ്വാസകാലങ്ങൾ വരും.’ (പ്രവൃത്തികൾ 3:⁠19) തങ്ങളുടെ ഭാവിക്കു മാറ്റം വരുത്താൻ ആളുകൾക്ക്‌ ഒന്നുംതന്നെ ചെയ്യാനാവില്ലെന്ന്‌ ദൈവത്തിനു നേരത്തേതന്നെ അറിയാമെങ്കിൽ, മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊള്ളാൻ അവൻ അവരോട്‌ ആവശ്യപ്പെടുന്നത്‌ എന്തിനാണ്‌?

യേശുക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ രാജാക്കന്മാരായി ഭരിക്കാൻ ദൈവം ചിലർക്കു ക്ഷണം നൽകിയിരിക്കുന്നതായി തിരുവെഴുത്തുകൾ പറയുന്നു. (മത്തായി 22:14; ലൂക്കൊസ്‌ 12:32) എന്നാൽ അന്ത്യത്തോളം സഹിച്ചുനിൽക്കാത്തപക്ഷം ആ പദവി അവർക്കു നഷ്ടപ്പെടുമെന്ന്‌ ബൈബിൾ പറയുന്നു. (വെളിപ്പാടു 2:10) അവരെ തിരഞ്ഞെടുക്കുകയില്ലെന്ന്‌ ദൈവം നേരത്തേതന്നെ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അതിനായി അവൻ അവരെ ക്ഷണിക്കേണ്ട ആവശ്യം എന്താണ്‌? അപ്പൊസ്‌തലനായ പൗലൊസ്‌ സഹവിശ്വാസികൾക്കെഴുതിയ പിൻവരുന്ന വാക്കുകളും പരിചിന്തിക്കുക: ‘സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപംചെയ്‌താൽ പാപങ്ങൾക്കുവേണ്ടി പിന്നെ ഒരു യാഗവും ശേഷിക്കുന്നില്ല.’ (എബ്രായർ 10:26) അവരുടെയെല്ലാം ഭാവി ദൈവം മുൻനിയമിച്ചുകഴിഞ്ഞിരുന്നെങ്കിൽ അത്തരം ഒരു മുന്നറിയിപ്പുകൊണ്ട്‌ യാതൊരു പ്രയോജനവും ഉണ്ടായിരിക്കുമായിരുന്നില്ല. എന്നാൽ യേശുക്രിസ്‌തുവിനോടൊപ്പം ഭരിക്കാൻ ചില വ്യക്തികളെയെങ്കിലും ദൈവം മുൻനിയമിച്ചിരിക്കുന്നതായി ബൈബിൾ പറയുന്നുണ്ടെന്ന വാദം ശരിയാണോ?

മുൻനിയമിക്കപ്പെട്ടത്‌ വ്യക്തികളോ ഒരു കൂട്ടമോ?

അപ്പൊസ്‌തലനായ പൗലൊസ്‌ ഇപ്രകാരം എഴുതി: “സ്വർഗ്ഗത്തിലെ സകല ആത്മികാനുഗ്രഹത്താലും നമ്മെ ക്രിസ്‌തുവിൽ അനുഗ്രഹിച്ചിരിക്കുന്ന . . . [ദൈവം] ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്‌തുമുഖാന്തരം നമ്മെ ദത്തെടുക്കേണ്ടതിന്നു . . . നമ്മെ മുന്നിയമിക്കയും ചെയ്‌തുവല്ലോ.” (എഫെസ്യർ 1:3-6) എന്താണ്‌ ദൈവം മുൻനിയമിച്ചത്‌? “ലോകസ്ഥാപനത്തിന്നു മുമ്പെ” തിരഞ്ഞെടുക്കപ്പെട്ടുവെന്നതിന്റെ അർഥം എന്താണ്‌?

ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാൻ ആദ്യമനുഷ്യനായ ആദാമിന്റെ സന്തതികളിൽ ചിലരെ ദൈവം തിരഞ്ഞെടുത്തിരിക്കുന്നതായി ഈ തിരുവെഴുത്തുഭാഗം പറയുന്നു. (റോമർ 8:14-17, 28-30; വെളിപ്പാടു 5:9, 10) എന്നാൽ ചില വ്യക്തികളെ, അവർ ജനിക്കുന്നതിന്‌ ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ്‌ യഹോവയാം ദൈവം ഈ പദവിയിലേക്കു മുൻനിയമിച്ചെന്ന നിഗമനം, തിരഞ്ഞെടുപ്പു സ്വാതന്ത്ര്യം മനുഷ്യർക്കുണ്ടെന്ന വസ്‌തുതയുമായി ചേർന്നുപോകുകയില്ല. വ്യക്തികളെ അല്ല, ഒരു കൂട്ടത്തെ അഥവാ ആളുകളുടെ ഒരു വിഭാഗത്തെയാണ്‌ ദൈവം മുൻനിയമിച്ചത്‌.

ദൃഷ്ടാന്തത്തിന്‌, ഒരു ഗവൺമെന്റ്‌ ഒരു പ്രത്യേക ഏജൻസി രൂപീകരിക്കാൻ തീരുമാനിക്കുന്നെന്നു വിചാരിക്കുക. ഏജൻസിയുടെ ധർമങ്ങളും അധികാരപരിധിയും വലുപ്പവും ഗവൺമെന്റ്‌ മുൻകൂട്ടി നിശ്ചയിക്കുന്നു. രൂപീകരണത്തെ തുടർന്ന്‌ ഏജൻസി പ്രവർത്തനം ആരംഭിക്കുമ്പോൾ അതിന്റെ അംഗങ്ങൾ ഇങ്ങനെയൊരു പ്രസ്‌താവന ഇറക്കുന്നു: “ഞങ്ങളുടെ കർത്തവ്യം എന്തായിരിക്കുമെന്ന്‌ വർഷങ്ങൾക്കുമുമ്പെ ഗവൺമെന്റ്‌ നിശ്ചയിച്ചിരുന്നു. ഇപ്പോൾ ഞങ്ങൾ ആ വേല ആരംഭിക്കുകയാണ്‌.” ആ ഏജൻസിയുടെ അംഗങ്ങളായി പ്രവർത്തിക്കുന്ന വ്യക്തികൾ ആരെല്ലാമായിരിക്കുമെന്ന്‌ വർഷങ്ങൾക്കുമുമ്പുതന്നെ ഗവൺമെന്റ്‌ മുൻനിശ്ചയിച്ചിരുന്നുവെന്ന്‌ നിങ്ങൾ നിഗമനം ചെയ്യുമോ? തീർച്ചയായും ഇല്ല. സമാനമായി, ആദാം ചെയ്‌ത പാപത്തിന്റെ പരിണതഫലങ്ങൾ പരിഹരിക്കാൻ ഒരു പ്രത്യേക ഏജൻസിക്കു രൂപംനൽകുമെന്ന്‌ ദൈവം മുൻനിശ്ചയിച്ചു. ഒരു കൂട്ടം ആളുകൾ ആ ഏജൻസിയിൽ പ്രവർത്തിക്കുമെന്ന്‌ അവൻ മുൻനിർണയിച്ചു. എന്നാൽ അതിലെ ഓരോ അംഗത്തെയും അവൻ മുൻനിയമിച്ചില്ല. അവരെ പിന്നീട്‌ തിരഞ്ഞെടുക്കുമായിരുന്നു. ജീവിതത്തിൽ അവർ നടത്തുന്ന തിരഞ്ഞെടുപ്പുകൾ, അന്തിമമായി അവർ അംഗീകരിക്കപ്പെടുമോ ഇല്ലയോ എന്നതിനെ സ്വാധീനിക്കുമായിരുന്നു.

“[ദൈവം] ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടു”ത്തെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞപ്പോൾ ഏതു ലോകത്തെയാണ്‌ അവൻ അർഥമാക്കിയത്‌? ആദാമിനെയും ഹവ്വായെയും ദൈവം സൃഷ്ടിച്ച സമയത്ത്‌ ആരംഭിച്ച ലോകത്തെയല്ല പൗലൊസ്‌ ഇവിടെ പരാമർശിക്കുന്നത്‌. പാപത്തിൽനിന്നും അപക്ഷയത്തിൽനിന്നും പരിപൂർണമായും മുക്തമായിരുന്ന ആ ലോകം “എത്രയും നല്ല”തായിരുന്നു. (ഉല്‌പത്തി 1:31) പാപത്തിൽനിന്നുള്ള ഒരു ‘മോചനം’ അതിന്‌ ആവശ്യമായിരുന്നില്ല.​—⁠എഫെസ്യർ 1:⁠7.

ഏദെനിൽവെച്ച്‌ ആദാമും ഹവ്വായും ദൈവത്തോടു മത്സരിച്ചശേഷം ആസ്‌തിക്യത്തിൽവന്ന ലോകത്തെയാണ്‌ പൗലൊസ്‌ അർഥമാക്കിയത്‌. ആദിയിൽ ദൈവം ഉദ്ദേശിച്ചിരുന്ന ലോകത്തിൽനിന്നു തികച്ചും വ്യത്യസ്‌തമായിരുന്നു അത്‌. ആദാമിനും ഹവ്വായ്‌ക്കും ജനിച്ച മക്കളാണ്‌ ആ ലോകത്തിനു തുടക്കം കുറിച്ചത്‌. ദൈവത്തിൽനിന്ന്‌ അന്യപ്പെട്ട, പാപത്തിനും അപക്ഷയത്തിനും അടിമപ്പെട്ട മനുഷ്യർ നിറഞ്ഞ ഒന്നായിരുന്നു ആ ലോകം. മനഃപൂർവ പാപികളായ ആദാമിൽനിന്നും ഹവ്വായിൽനിന്നും വ്യത്യസ്‌തമായി, വീണ്ടെടുക്കപ്പെടാൻ കഴിയുന്ന ആളുകളുടെ ഒരു ലോകം ആയിരുന്നു അത്‌.​—⁠റോമർ 5:12; 8:18-21.

ഏദെനിലെ മത്സരം ഉളവാക്കിയ സാഹചര്യം തത്‌ക്ഷണം കൈകാര്യം ചെയ്യാൻ യഹോവയാം ദൈവം പ്രാപ്‌തനായിരുന്നു. ആദാമ്യ പാപത്തിൽനിന്നു മനുഷ്യവർഗത്തെ വീണ്ടെടുക്കേണ്ട ആവശ്യം സംജാതമായ ഉടൻതന്നെ, ആ ഉദ്ദേശ്യം സാക്ഷാത്‌കരിക്കാൻ യേശുക്രിസ്‌തുവിന്റെ കൈകളിലെ മിശിഹൈക രാജ്യമാകുന്ന ഒരു പ്രത്യേക ഏജൻസിയെ അവൻ മുൻനിയമിച്ചു. (മത്തായി 6:10) വീണ്ടെടുക്കപ്പെടാൻ കഴിയുന്ന മനുഷ്യരുടെ ‘ലോകം സ്ഥാപിക്കപ്പെടുന്നതിനു മുമ്പെ,’ അഥവാ ആദാമും ഹവ്വായും മക്കളെ ജനിപ്പിക്കുന്നതിനുമുമ്പുതന്നെ അവൻ അതു ചെയ്‌തു.

ഉദ്ദേശിക്കുന്ന കാര്യം നിർവഹിക്കാൻ സാധാരണഗതിയിൽ മനുഷ്യർ പ്രവർത്തനപദ്ധതികൾ തയ്യാറാക്കേണ്ടതുണ്ട്‌. സകലവും മുൻനിശ്ചയിച്ചുകൊണ്ട്‌ പ്രപഞ്ചത്തിനുവേണ്ടി ദൈവവും വിശദമായ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നെന്ന ആശയവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്‌ മുൻനിശ്ചയ വിശ്വാസം. റോയി വെദെർഫോർഡ്‌ ഇങ്ങനെ എഴുതുന്നു: “പ്രപഞ്ചത്തിലെ ഓരോ ഇലയനക്കവും സംബന്ധിച്ച്‌ വിശദമായി മുന്നമേ രേഖപ്പെടുത്താൻ കഴിയാതിരിക്കുന്നത്‌ ദൈവത്തിന്റെ അത്യുന്നത മാഹാത്മ്യത്തിനു നിരക്കുന്നതല്ലെന്ന്‌ അനേകം തത്ത്വജ്ഞാനികളും വിചാരിക്കുന്നു.” എന്നാൽ എല്ലാ സംഭവങ്ങളും ദൈവം മുന്നമേ വിശദമായി രേഖപ്പെടുത്തേണ്ട ആവശ്യമുണ്ടോ?

അന്തമില്ലാത്ത ശക്തിയുടെയും അനുപമമായ ജ്ഞാനത്തിന്റെയും ദൈവമായ യഹോവയ്‌ക്ക്‌, തന്റെ സൃഷ്ടികൾ ഇച്ഛാസ്വാതന്ത്ര്യത്തിന്റെ പ്രയോഗത്തിലൂടെ ഉളവാക്കിയേക്കാവുന്ന ഏത്‌ അടിയന്തിരതയും അല്ലെങ്കിൽ സ്ഥിതിവിശേഷവും കൈകാര്യം ചെയ്യാനുള്ള പ്രാപ്‌തിയുണ്ട്‌. (യെശയ്യാവു 40:25, 26; റോമർ 11:33) ചിന്തിച്ചു സമയം കളയാതെ തത്‌ക്ഷണം നടപടിയെടുക്കാൻ അവനു കഴിയും. പരിമിതമായ പ്രാപ്‌തിയോടുകൂടിയ അപൂർണ മനുഷ്യരെപ്പോലെയല്ല സർവശക്തനായ ദൈവം പ്രവർത്തിക്കുന്നത്‌. ഭൂമിയിലുള്ള സകല മനുഷ്യരുടെയും ഭാവി മുന്നമേ നിശ്ചയിച്ചുകൊണ്ടുള്ള വിശദവും മാറ്റമില്ലാത്തതുമായ ആയ ഒരു പദ്ധതി തയ്യാറാക്കേണ്ട ആവശ്യം അവനില്ല. (സദൃശവാക്യങ്ങൾ 19:21) പല ബൈബിൾ പരിഭാഷകളും എഫെസ്യർ 3:⁠11-ൽ, ദൈവത്തിന്‌ ഒരു നിശ്ചിത പദ്ധതി ഉണ്ടെന്നു പറയുന്നതിനു പകരം അവന്‌ ഒരു ‘നിത്യോദ്ദേശ്യം’ ഉള്ളതായിട്ടാണു പറയുന്നത്‌.

നിങ്ങളുടെ ഭാവി നിങ്ങൾക്കു തിരഞ്ഞെടുക്കാം

ഭൂമിയെ സംബന്ധിച്ച്‌ ദൈവത്തിന്‌ ഒരു ഉദ്ദേശ്യമുണ്ട്‌. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന ഒന്നാണ്‌ അത്‌. അതേക്കുറിച്ച്‌ വെളിപ്പാടു 21:​3-5 ഇങ്ങനെ പറയുന്നു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും. അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും. ഇനി മരണം ഉണ്ടാകയില്ല; ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല; ഒന്നാമത്തേതു കഴിഞ്ഞുപോയി.” അതേ, യഹോവയുടെ ആദിമോദ്ദേശ്യത്തിനു ചേർച്ചയിൽ ഈ ഭൂമി ഒരു പറുദീസയായിത്തീരും. (ഉല്‌പത്തി 1:27, 28) എന്നാൽ നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ? ഇപ്പോൾ നിങ്ങൾ നടത്തുന്ന തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കും അത്‌. യഹോവ നിങ്ങളുടെ ഭാവി തീരുമാനിച്ചുറപ്പിച്ചിട്ടില്ല.

ദൈവപുത്രനായ യേശുക്രിസ്‌തുവിന്റെ മറുവിലയാഗം അവനിൽ വിശ്വസിക്കുന്ന സകലർക്കും നിത്യജീവൻ പ്രാപിക്കുക സാധ്യമാക്കിത്തീർക്കുന്നു. (യോഹന്നാൻ 3:16, 17; പ്രവൃത്തികൾ 10:34, 35) ബൈബിൾ ഇങ്ങനെ പറയുന്നു: “പുത്രനിൽ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണുകയില്ല.” (യോഹന്നാൻ 3:36) ബൈബിളിന്റെ സഹായത്താൽ ദൈവത്തെയും അവന്റെ പുത്രനെയും ദൈവോദ്ദേശ്യത്തെയും കുറിച്ചു പഠിച്ചുകൊണ്ടും പഠിക്കുന്ന കാര്യങ്ങൾക്കൊത്തു ജീവിച്ചുകൊണ്ടും നിങ്ങൾക്കു ജീവൻ തിരഞ്ഞെടുക്കാൻ കഴിയും. ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യഥാർഥ ജ്ഞാനത്തിനുചേർച്ചയിൽ പ്രവർത്തിക്കുന്നവൻ “നിർഭയം വസിക്കയും ദോഷഭയം കൂടാതെ സ്വൈരമായിരിക്കയും ചെയ്യും” എന്ന്‌ ദൈവം ഉറപ്പുനൽകുന്നു.​—⁠സദൃശവാക്യങ്ങൾ 1:20, 33.

[5-ാം പേജിലെ ചിത്രങ്ങൾ]

മൃഗങ്ങളിൽനിന്നു വ്യത്യസ്‌തമായി, മനുഷ്യർക്ക്‌ തങ്ങളുടെ പ്രവൃത്തികളുടെ ധാർമിക ഉത്തരവാദിത്വം ഉണ്ട്‌

[കടപ്പാട്‌]

പരുന്ത്‌: ഫോട്ടോ: Cortesía de GREFA