വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഉണർന്നിരിപ്പിൻ”

“ഉണർന്നിരിപ്പിൻ”

“ഉണർന്നിരിപ്പിൻ”

പുരാതനകാലത്ത്‌ പട്ടണങ്ങളുടെയോ ക്ഷേത്രങ്ങളുടെയോ കവാടത്തിങ്കൽ വേലചെയ്യാൻ ചില പുരുഷന്മാരെ നിയമിക്കുന്ന പതിവുണ്ടായിരുന്നു, ചിലയിടങ്ങളിൽ സ്വകാര്യ ഭവനങ്ങളുടെ വാതിൽക്കൽപ്പോലും. രാത്രികാലങ്ങളിൽ പടിവാതിലുകൾ അടച്ചിട്ടുണ്ടെന്ന്‌ ഉറപ്പുവരുത്തുന്നതിനു പുറമേ, ഇവർ കാവൽക്കാരായി വർത്തിക്കുകയും ചെയ്‌തിരുന്നു. ഇതു വളരെ ഉത്തരവാദിത്വമുള്ള ഒരു നിയമനം ആയിരുന്നു, കാരണം പട്ടണത്തിന്റെ സുരക്ഷിതത്വം, അപകടസൂചന ലഭിക്കുന്നയുടനെ അവർ അതു വിളിച്ചറിയിക്കുന്നതിനെ ആശ്രയിച്ചാണിരുന്നത്‌.

വാതിൽ കാവൽക്കാരുടെ ഉത്തരവാദിത്വം സംബന്ധിച്ച്‌ യേശുവിനു നന്നായി അറിയാമായിരുന്നു. ഒരു അവസരത്തിൽ, അവൻ തന്റെ ശിഷ്യന്മാരെ വാതിൽ കാവൽക്കാരോട്‌ ഉപമിക്കുകയും യഹൂദവ്യവസ്ഥിതിയുടെ സമാപനം സംബന്ധിച്ച്‌ ഉണർന്നിരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു. അവൻ പറഞ്ഞു: ‘ആ കാലം എപ്പോൾ എന്നു നിങ്ങൾ അറിയായ്‌കകൊണ്ടു സൂക്ഷിച്ചുകൊൾവിൻ; ഉണർന്നിരിപ്പിൻ. ഒരു മനുഷ്യൻ വീടുവിട്ടു പരദേശത്തു പോകുമ്പോൾ വാതിൽ കാവല്‌ക്കാരനോടു ഉണർന്നിരിപ്പാൻ കല്‌പിച്ചതുപോലെ തന്നേ. യജമാനൻ എപ്പോൾ വരും എന്നു അറിയായ്‌കകൊണ്ടു ഉണർന്നിരിപ്പിൻ.’​—⁠മർക്കൊസ്‌ 13:⁠33-36.

സമാനമായി, വീക്ഷാഗോപുരം എന്ന ഈ പത്രിക 125-ലധികം വർഷമായി, “ഉണർന്നിരിപ്പിൻ” എന്ന, യേശു നൽകിയ പ്രോത്സാഹനം പകർന്നുകൊടുത്തുകൊണ്ടിരിക്കുന്നു. എങ്ങനെ? ഈ മാസികയുടെ രണ്ടാം പേജിൽ പ്രസ്‌താവിച്ചിരിക്കുന്നതുപോലെ, “ഇത്‌ ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയായുള്ള ലോകസംഭവങ്ങളെ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നു. സഹമനുഷ്യരെ ഞെരുക്കുന്നവരെ ദൈവരാജ്യം താമസിയാതെ നശിപ്പിക്കുമെന്നും ഭൂമിയെ ഒരു പറുദീസയാക്കി മാറ്റുമെന്നുമുള്ള സുവാർത്തയാൽ ഇതു സകല ജനങ്ങളെയും ആശ്വസിപ്പിക്കുന്നു.” 150 ഭാഷകളിലായി 2,60,00,000-ത്തിലധികം പ്രതികൾ മുദ്രണം ചെയ്യപ്പെടുന്ന വീക്ഷാഗോപുരമാണ്‌ ലോകത്തിൽ ഏറ്റവുമധികം വിതരണം ചെയ്യപ്പെടുന്ന മതസംബന്ധമായ മാസിക. ഈ മാധ്യമത്തിലൂടെ യഹോവയുടെ സാക്ഷികൾ പുരാതന വാതിൽ കാവൽക്കാരെപ്പോലെ, ആത്മീയമായി ‘ഉണർന്നിരിക്കാൻ’ എല്ലായിടത്തുമുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ്‌, എന്തുകൊണ്ടെന്നാൽ ഈ വ്യവസ്ഥിതിയുടെമേൽ ന്യായവിധി നടപ്പാക്കാനായി യജമാനനായ യേശുക്രിസ്‌തു മടങ്ങിവരാനുള്ള സമയം ആസന്നമായിരിക്കുകയാണ്‌.​—⁠മർക്കൊസ്‌ 13:⁠26, 37.