വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജീവൻ വിലയുള്ളതോ വിലയില്ലാത്തതോ?

ജീവൻ വിലയുള്ളതോ വിലയില്ലാത്തതോ?

ജീവൻ വിലയുള്ളതോ വിലയില്ലാത്തതോ?

“മനുഷ്യൻ ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ ഒരു മനുഷ്യജീവൻ ഹനിക്കുമ്പോൾ, ലോകത്തിൽവെച്ച്‌ ഏറ്റവും വിലയേറിയതും വിശുദ്ധവും ആയ ഒന്ന്‌ നശിപ്പിച്ചുകളയുകയാണ്‌.”​—⁠സാധാരണക്കാരന്റെ സദാചാര വഴികാട്ടി (ഇംഗ്ലീഷ്‌), വില്യം ബാർക്ലേ.

‘ലോകത്തിൽവെച്ച്‌ ഏറ്റവും വിലയേറിയ ഒന്ന്‌.’ ജീവനെക്കുറിച്ചു നിങ്ങൾക്ക്‌ അങ്ങനെയാണോ തോന്നുന്നത്‌? അനേകർ ആ എഴുത്തുകാരനോടു യോജിക്കുന്നില്ലെന്ന്‌ അവർ പെരുമാറുന്ന വിധത്തിൽനിന്നു വ്യക്തമാണ്‌. സഹജീവികളുടെ ക്ഷേമത്തിന്‌ അൽപ്പംപോലും വിലകൽപ്പിക്കാതെ സ്വാർഥമതികളായ അക്രമികൾ ദശലക്ഷക്കണക്കിനു ജീവനാളങ്ങളാണ്‌ ഊതിക്കെടുത്തിയിട്ടുള്ളത്‌.​—⁠സഭാപ്രസംഗി 8:⁠9.

വിലയില്ലാത്ത, വലിച്ചെറിയാവുന്ന വസ്‌തുക്കൾ

ഒന്നാം ലോകമഹായുദ്ധം ഇതിന്‌ ഏറ്റവും അനുയോജ്യമായ ഉദാഹരണമാണ്‌. ആ ഭീകര സംഘർഷം നടക്കവേ, യുദ്ധദേവതയുടെ ബലിക്കല്ലിൽ “മനുഷ്യജീവൻ നിഷ്‌കരുണം ഹോമിക്കപ്പെട്ടുകൊണ്ടിരുന്നു” എന്ന്‌ ചരിത്രകാരനായ എ.ജെ.പി. ടെയ്‌ലർ പറയുന്നു. പേരിനും പെരുമയ്‌ക്കും വേണ്ടിയുള്ള പരക്കംപാച്ചലിനിടയിൽ സൈനിക നേതാക്കൾ സാധാരണ സൈനികരെ യാതൊരു വിലയുമില്ലാത്ത, വലിച്ചെറിയാവുന്ന വസ്‌തുക്കളെപ്പോലെയാണു വീക്ഷിച്ചത്‌. വെർഡൻ പിടിച്ചെടുക്കുന്നതിനുവേണ്ടി നടന്ന യുദ്ധത്തിൽ ഫ്രാൻസിന്‌ അഞ്ചു ലക്ഷത്തിലധികം ആൾനഷ്ടം ഉണ്ടായി. “മനുഷ്യരെ കൊന്നൊടുക്കി മഹത്ത്വം നേടുക എന്നതിൽക്കവിഞ്ഞ്‌ ആ യുദ്ധത്തിനു തന്ത്രപരമായി ഒരു പ്രാധാന്യവുമുണ്ടായിരുന്നില്ല,” ടെയ്‌ലർ എഴുതുന്നു.​—⁠ഒന്നാം ലോകമഹായുദ്ധം (ഇംഗ്ലീഷ്‌).

ജീവന്റെ മൂല്യത്തോടുള്ള അത്തരം അവജ്ഞ ഇന്നും വ്യാപകമാണ്‌. ഈ അടുത്ത കാലത്തെ “ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ ഫലമായി ലോകത്തിലെ തൊഴിൽക്കമ്പോളത്തിൽ ദരിദ്രരുടെയും ദുർബലരുടെയും എണ്ണം ക്രമാതീതമായി പെരുകിയിരിക്കുകയാണ്‌,” കെവിൻ ബേൽസ്‌ എന്ന പണ്ഡിതൻ ചൂണ്ടിക്കാട്ടുന്നു. “ജീവനു വില കൽപ്പിക്കാത്ത” ഇന്നത്തെ മർദക കമ്പോള വ്യവസ്ഥിതിയിൽ അതിജീവനത്തിനായി ഇവർക്ക്‌ ഒരു ആജീവനാന്ത പോരാട്ടംതന്നെ നടത്തേണ്ടി

വരുന്നു. അവരെ ചൂഷണംചെയ്യുന്ന ആളുകൾ അവരെ അടിമകളെപ്പോലെ, “പണമുണ്ടാക്കുന്നതിനുള്ള, ഉപയോഗശേഷം വലിച്ചെറിയാവുന്ന ഉപകരണങ്ങൾപോലെ” കണക്കാക്കുന്നു.​—⁠ഡിസ്‌പോസബിൾ പീപ്പിൾ.

‘വൃഥാപ്രയത്‌നം’

ദശലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ തങ്ങൾ ഒന്നിനും കൊള്ളാത്തവരും ഹതാശരും ആണെന്നു തോന്നുന്നതിനു വേറെയും കാരണങ്ങളുണ്ട്‌, അവർ ജീവിച്ചാലും മരിച്ചാലും ആരും ഗൗനിക്കുന്നില്ല. യുദ്ധത്തിനും അനീതിക്കും പുറമേ വരൾച്ച, ക്ഷാമം, രോഗങ്ങൾ, മരണം തുടങ്ങിയ എണ്ണമറ്റ കഷ്ടപ്പാടുകൾ മുഴു മനുഷ്യവർഗത്തെയും കാർന്നുതിന്നുകൊണ്ടിരിക്കുകയാണ്‌. ഇതെല്ലാം കണ്ട്‌ ജീവന്‌ എന്തെങ്കിലും മൂല്യമുണ്ടോയെന്ന്‌ ആളുകൾ സംശയിച്ചുപോകുന്നു.​—⁠സഭാപ്രസംഗി 1:⁠8, 14.

തീർച്ചയായും, അങ്ങേയറ്റത്തെ ദാരിദ്ര്യവും കൊടിയ വേദനയും നിറഞ്ഞ ജീവിതം എല്ലാവർക്കും നേരിടേണ്ടിവരുന്നില്ല. എന്നാൽ അത്തരം അവസ്ഥയിലല്ലാത്തവർപോലും മിക്കപ്പോഴും പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവിന്റെ വാക്കുകളോടു യോജിച്ചിട്ടുണ്ട്‌. അവൻ ഇങ്ങനെ ചോദിച്ചു: “സൂര്യന്നു കീഴെ പ്രയത്‌നിക്കുന്ന സകലപ്രയത്‌നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?” കാര്യങ്ങളെക്കുറിച്ചു ചിന്തിച്ചതിനുശേഷം തങ്ങളുടെ പ്രവൃത്തികളിലധികവും “മായയും വൃഥാപ്രയത്‌നവും അത്രേ” എന്ന തിരിച്ചറിവിലാണ്‌ മിക്ക ആളുകളും എത്തിച്ചേർന്നിട്ടുള്ളത്‌.​—⁠സഭാപ്രസംഗി 2:⁠22, 26.

പിന്തിരിഞ്ഞു നോക്കുമ്പോൾ പലരും ഇങ്ങനെ ചോദിച്ചുപോകുന്നു: “ഇത്രയൊക്കെയേ ഉള്ളോ ജീവിതം?” അതേ, ഗോത്രപിതാവായ അബ്രാഹാമിനെപ്പോലെ കാലസമ്പൂർണരായി, യഥാർഥ സംതൃപ്‌തിയോടെ മരിച്ച എത്ര പേരുണ്ട്‌? (ഉല്‌പത്തി 25:⁠8) മിക്ക ആളുകൾക്കും ജീവിതം വ്യർഥമാണെന്ന തോന്നലാണുള്ളത്‌. എന്നാൽ വാസ്‌തവത്തിൽ ജീവിതം അങ്ങനെയായിരിക്കേണ്ടതില്ല. ദൈവം ഓരോ മനുഷ്യന്റെയും ജീവൻ വിലയേറിയതായി കണക്കാക്കുന്നു. നാമെല്ലാം അർഥപൂർണവും സംതൃപ്‌തിദായകവും ആയ ഒരു ജീവിതം നയിക്കാൻ അവൻ ആഗ്രഹിക്കുകയും ചെയ്യുന്നു. അത്‌ എങ്ങനെ സാധ്യമായിത്തീരും? ഇതേക്കുറിച്ച്‌ അടുത്ത ലേഖനം എന്താണു പറയുന്നതെന്നു കാണുക.