വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളുടെ വിദ്യാർഥികളിൽ സത്യം ഫലംകായ്‌ക്കുന്നുവോ?

നിങ്ങളുടെ വിദ്യാർഥികളിൽ സത്യം ഫലംകായ്‌ക്കുന്നുവോ?

നിങ്ങളുടെ വിദ്യാർഥികളിൽ സത്യം ഫലംകായ്‌ക്കുന്നുവോ?

യഹോവയുടെ സാക്ഷികളിൽ ഒരാളായി തുടരാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന്‌ എറിക്‌ എന്ന യുവപ്രായക്കാരൻ പറഞ്ഞപ്പോൾ അവന്റെ മാതാപിതാക്കൾ ആകെ തകർന്നുപോയി. എറിക്കിൽ അങ്ങനെയൊരു മാറ്റം അവർ നിരീക്ഷിച്ചതേയില്ല. കുട്ടിയായിരിക്കെ അവൻ കുടുംബ ബൈബിളധ്യയനത്തിൽ സംബന്ധിക്കുകയും യോഗങ്ങളിൽ ഹാജരാകുകയും സഭയോടൊത്തു വയൽസേവനത്തിൽ പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഇതെല്ലാം അവൻ “സത്യത്തിൽ നടക്കുന്നു” എന്ന പ്രതീതി ഉളവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അവൻ വീട്ടിൽനിന്നു പോയപ്പോഴാണ്‌ അവൻ സത്യം സ്വന്തമാക്കിയിരുന്നില്ലെന്നു മാതാപിതാക്കൾ മനസ്സിലാക്കുന്നത്‌. ആ തിരിച്ചറിവ്‌ അവരെ ഞെട്ടിക്കുകയും നിരാശരാക്കുകയും ചെയ്‌തു.

ഒരു ബൈബിൾ വിദ്യാർഥി അപ്രതീക്ഷിതമായി പഠനം നിറുത്തുമ്പോൾ സമാനമായ ഒരു വികാരം മറ്റുള്ളവർക്കും ഉണ്ടായിട്ടുണ്ട്‌. അത്തരം സന്ദർഭങ്ങളിൽ അവർ മിക്കപ്പോഴും സ്വയം ഇങ്ങനെ ചോദിക്കാറുണ്ട്‌, “ഇങ്ങനെയുണ്ടാകുമെന്ന്‌ എനിക്കു മനസ്സിലാക്കാൻ കഴിയാതെപോയത്‌ എന്തുകൊണ്ടാണ്‌?” ആത്മീയ ദുരന്തം സംഭവിക്കുന്നതിനുമുമ്പ്‌, നാം പഠിപ്പിക്കുന്ന ആളുകളിൽ സത്യം ഫലംകായ്‌ക്കുന്നുണ്ടോയെന്ന്‌ നമുക്കു മനസ്സിലാക്കാൻ കഴിയുമോ? നമ്മെയും നാം പഠിപ്പിക്കുന്ന ആളുകളെയും സത്യം സ്വാധീനിക്കുന്നുണ്ടെന്ന്‌ നമുക്ക്‌ ഉറപ്പാക്കാൻ കഴിയുന്നതെങ്ങനെ? വളരെ പരിചിതമായ വിതക്കാരന്റെ ഉപമയിൽ, ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്താനുള്ള സഹായം യേശു പ്രദാനം ചെയ്‌തിട്ടുണ്ട്‌.

സത്യം ഹൃദയത്തിൽ എത്തിച്ചേരണം

“വിത്തു ദൈവവചനം,” യേശു പറഞ്ഞു. “നല്ല മണ്ണിലുള്ളതോ [വിതയ്‌ക്കപ്പെട്ടതോ] വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവർ തന്നേ.” (ലൂക്കൊസ്‌ 8:⁠11, 15) അപ്പോൾ രാജ്യസത്യത്തിനു വിദ്യാർഥികളിൽ എന്തെങ്കിലും ഫലം പുറപ്പെടുവിക്കാൻ കഴിയുന്നതിനുമുമ്പ്‌, അത്‌ അവരുടെ ആലങ്കാരിക ഹൃദയങ്ങളിൽ വേരുപിടിക്കേണ്ടതുണ്ട്‌. നല്ല മണ്ണിൽ വീണ വിത്തുപോലെ, രാജ്യസത്യം നല്ല ഹൃദയത്തെ സ്‌പർശിച്ചുകഴിഞ്ഞാൽ പെട്ടെന്നുതന്നെ അതു പ്രവർത്തനക്ഷമമാകുകയും ഫലം ഉത്‌പാദിപ്പിക്കുകയും ചെയ്യുമെന്ന്‌ യേശു ഉറപ്പുനൽകുന്നു. എന്തിനാണു നാം ശ്രദ്ധ നൽകേണ്ടത്‌?

ബാഹ്യപ്രത്യക്ഷതയല്ല, ആന്തരിക ഗുണങ്ങളാണു നാം ശ്രദ്ധിക്കേണ്ടത്‌. ആരാധനയിൽ പതിവായി പങ്കെടുക്കുന്നു എന്നതിനാൽമാത്രം ഒരുവന്റെ ഹൃദയത്തിലുള്ളത്‌ എന്തെന്നു വെളിപ്പെടണമെന്നില്ല. (യിരെമ്യാവു 17:⁠9, 10; മത്തായി 15:⁠7-9) നാം കൂടുതൽ ആഴത്തിലേക്കു നോക്കേണ്ടതുണ്ട്‌. വ്യക്തിയുടെ ആഗ്രഹങ്ങളിലും ആന്തരങ്ങളിലും മുൻഗണനകളിലും സുനിശ്ചിതമായ മാറ്റം ദൃശ്യമായിരിക്കണം. അയാൾ ദൈവേഷ്ടത്തിന്‌ അനുരൂപമായ പുതിയ വ്യക്തിത്വം വികസിപ്പിച്ചെടുക്കുന്നുണ്ടായിരിക്കണം. (എഫെസ്യർ 4:⁠20-24) ദൃഷ്ടാന്തത്തിന്‌, തെസ്സലൊനീക്യയിലുള്ളവർ സുവാർത്ത കേട്ടപ്പോൾ അവർ അതു ദൈവവചനമായിത്തന്നെ സ്വീകരിച്ചെന്നു പൗലൊസ്‌ പറയുന്നു. എന്നാൽ അവരിൽ സത്യം ‘വ്യാപരിക്കുന്നുണ്ടെന്ന്‌’ അവനു ബോധ്യംവന്നത്‌ അവരുടെ സഹിഷ്‌ണുതയും വിശ്വസ്‌തതയും സ്‌നേഹവും നിമിത്തം ആയിരുന്നു.​—⁠1 തെസ്സലൊനീക്യർ 2:13, 14; 3:⁠6.

എറിക്കിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെ, വിദ്യാർഥിയുടെ ഹൃദയത്തിലുള്ളതെന്തെന്ന്‌ അയാളുടെ പെരുമാറ്റത്തിലൂടെ അധികം വൈകാതെതന്നെ വെളിപ്പെടും. (മർക്കൊസ്‌ 7:⁠21, 22; യാക്കോബ്‌ 1:⁠14, 15) നിർഭാഗ്യകരമെന്നു പറയട്ടെ, വ്യക്തിയുടെ പ്രവർത്തനങ്ങളിൽ ചില ദുർഗുണങ്ങൾ പ്രത്യക്ഷമാകുമ്പോഴേക്കും വളരെ വൈകിപ്പോയിരിക്കും. അതുകൊണ്ട്‌, ചില പ്രത്യേക ബലഹീനതകൾ ആത്മീയ ഇടർച്ചക്കല്ലുകളാകുംമുമ്പുതന്നെ അവയെ തിരിച്ചറിയുക എന്നതാണു വെല്ലുവിളി. ആലങ്കാരിക ഹൃദയത്തിലേക്കു നോക്കാൻ നമുക്കൊരു മാർഗം ആവശ്യമാണ്‌. അതെങ്ങനെ ചെയ്യാൻ കഴിയും?

യേശുവിൽനിന്നു പഠിക്കുക

യേശുവിന്‌ കൃത്യമായി ആളുകളുടെ നിരൂപണങ്ങൾ അറിയാനുള്ള പ്രാപ്‌തിയുണ്ടായിരുന്നു. (മത്തായി 12:⁠25) നമുക്കാർക്കും ആ കഴിവില്ല. എന്നിരുന്നാലും ഒരു വ്യക്തിയുടെ ആഗ്രഹങ്ങളും ആന്തരങ്ങളും മുൻഗണനകളും വിവേചിക്കാൻ നമുക്കും കഴിയുമെന്ന്‌ അവൻ കാണിച്ചുതന്നു. പരിശീലനം ലഭിച്ച ഒരു ഡോക്ടർ രോഗിയുടെ ഹൃദയത്തെ ബാധിച്ചിരിക്കുന്ന രോഗമെന്തെന്നു കണ്ടുപിടിക്കുന്നതിനു വ്യത്യസ്‌ത രോഗനിർണയ ഉപാധികൾ ഉപയോഗിക്കുന്നതുപോലെ ആളുകളുടെ “ഹൃദയത്തിലെ ആലോചന” അഥവാ ഹൃദയത്തിലെ ചിന്തകളും ആന്തരങ്ങളും ‘കോരിയെടുക്കുന്നതിന്‌’ യേശു ദൈവവചനം ഉപയോഗിച്ചു, പൊതുജനങ്ങളുടെ നിരീക്ഷണവലയത്തിൽ അവ പെടാതിരുന്നപ്പോൾപ്പോലും.—⁠സദൃശവാക്യങ്ങൾ 20:⁠5; എബ്രായർ 4:⁠12.

ദൃഷ്ടാന്തത്തിന്‌ ഒരു സന്ദർഭത്തിൽ, പിൽക്കാലത്ത്‌ പത്രൊസിന്‌ ഒരു ഇടർച്ചക്കല്ലായി മാറിയ ഒരു ബലഹീനത തിരിച്ചറിയാൻ യേശു അവനെ സഹായിച്ചു. പത്രൊസ്‌ തന്നെ സ്‌നേഹിക്കുന്നുവെന്ന്‌ യേശുവിന്‌ അറിയാമായിരുന്നു. വാസ്‌തവത്തിൽ യേശു “സ്വർഗ്ഗ രാജ്യത്തിന്റെ താക്കോൽ” പത്രൊസിനെ ഏൽപ്പിച്ചുകഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. (മത്തായി 16:⁠13-19) എന്നാൽ സാത്താൻ അപ്പൊസ്‌തലന്മാരെ നോട്ടമിട്ടിട്ടുണ്ടെന്ന കാര്യവും യേശുവിന്‌ അറിയാമായിരുന്നു. വരാനിരുന്ന ദിനങ്ങളിൽ അവർ വിട്ടുവീഴ്‌ച ചെയ്യാനുള്ള കൊടിയ സമ്മർദത്തിൻകീഴിൽ ആകുമായിരുന്നു. തന്റെ ശിഷ്യന്മാരിൽ ചിലരുടെ വിശ്വാസത്തിനു ചില ബലഹീനതകൾ ഉണ്ടെന്ന്‌ യേശു വ്യക്തമായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട്‌ അവർ എന്താണു ചെയ്യേണ്ടതെന്നു പറയുന്നതിൽ അവൻ മടിച്ചുനിന്നില്ല. ആ വിഷയം അവൻ അവതരിപ്പിച്ചത്‌ എങ്ങനെയെന്നു പരിചിന്തിക്കുക.

‘അന്നുമുതൽ യേശു താൻ പലതും സഹിച്ചു കൊല്ലപ്പെടുമെന്നു ശിഷ്യന്മാരോടു പ്രസ്‌താവിച്ചുതുടങ്ങി [“ശിഷ്യന്മാർക്കു കാണിച്ചുകൊടുത്തുതുടങ്ങി,” NW]’ എന്ന്‌ മത്തായി 16:⁠21 പറയുന്നു. തനിക്കു സംഭവിക്കാൻ പോകുന്നതു സംബന്ധിച്ച്‌ അവൻ കേവലം പറയുകയല്ല, കാണിച്ചുകൊടുത്തു എന്നതു ശ്രദ്ധിക്കുക. മിശിഹാ പീഡനമനുഭവിക്കുകയും മരിക്കുകയും ചെയ്യുമെന്നു സൂചിപ്പിക്കുന്ന സങ്കീർത്തനം 22:⁠14-18, യെശയ്യാവു 53:⁠10-12 പോലെയുള്ള വാക്യങ്ങൾ അവൻ ഉപയോഗിച്ചിരിക്കാനാണു കൂടുതൽ സാധ്യത. അതെന്തായാലും, തിരുവെഴുത്തുകൾ വായിക്കുകയോ ഉദ്ധരിക്കുകയോ ചെയ്‌തുകൊണ്ട്‌ യേശു പത്രൊസിനും മറ്റുള്ളവർക്കും തങ്ങളുടെ ഹൃദയം തുറക്കാൻ ഒരവസരം നൽകി. പീഡനമെന്ന ഭാവിയാഥാർഥ്യത്തോട്‌ അവർ എങ്ങനെ പ്രതികരിക്കുമായിരുന്നു?

അതിശയകരമെന്നു പറയട്ടെ, പത്രൊസ്‌ ധീരതയും തീക്ഷ്‌ണതയും പ്രകടമാക്കിയിട്ടുണ്ടായിരുന്നു എങ്കിലും ഈ അവസരത്തിൽ അവൻ നടത്തിയ എടുത്തുചാടിയുള്ള പ്രതികരണം അവന്റെ ചിന്തയിലെ ഗൗരവതരമായ ഒരു പിശക്‌ തുറന്നുകാട്ടി. “കർത്താവേ, അതു അരുതേ; നിനക്കു അങ്ങനെ ഭവിക്കരുതേ” എന്നാണ്‌ അവൻ പറഞ്ഞത്‌. പത്രൊസ്‌ ചിന്തിച്ച രീതി വ്യക്തമായും തെറ്റിപ്പോയിരുന്നു. ആ ചിന്താഗതി “ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ” എന്ന്‌ യേശു ചൂണ്ടിക്കാണിച്ചു. ഗുരുതരമായ പരിണതഫലങ്ങളിലേക്കു നയിക്കാവുന്ന ഒരു പിശകായിരുന്നു അത്‌. തുടർന്ന്‌ യേശു എന്താണു ചെയ്‌തത്‌? പത്രൊസിനെ ശാസിച്ചശേഷം, യേശു അവനോടും മറ്റു ശിഷ്യന്മാരോടും ഇങ്ങനെ പറഞ്ഞു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ.” സങ്കീർത്തനം 48:⁠9; 62:⁠12 എന്നീ തിരുവെഴുത്തുകളിലെ ആശയങ്ങൾ പരാമർശിച്ചുകൊണ്ട്‌ നിത്യഭാവി സംബന്ധിച്ച അവരുടെ പ്രത്യാശ, രക്ഷിക്കാൻ പ്രാപ്‌തിയില്ലാത്ത മനുഷ്യരിലല്ല ദൈവത്തിലാണ്‌ ആശ്രയിച്ചിരിക്കുന്നതെന്ന്‌ അവൻ ദയാപൂർവം അവരെ ഓർമിപ്പിച്ചു.​—⁠മത്തായി 16:⁠22-28.

പിന്നീട്‌ ഒരവസരത്തിൽ പത്രൊസ്‌ താത്‌കാലികമായി ഭയത്തിന്‌ അടിപ്പെട്ട്‌ യേശുവിനെ മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞെങ്കിലും ഇതും മറ്റു ചർച്ചകളും ദ്രുതഗതിയിലുള്ള ആത്മീയ പുനരുജ്ജീവനത്തിന്‌ അവനെ സഹായിച്ചുവെന്നതിൽ സംശയമില്ല. (യോഹന്നാൻ 21:⁠15-19) കേവലം 50 ദിവസത്തിനുശേഷം യെരൂശലേമിൽ ഒരു ജനക്കൂട്ടത്തിനുമുമ്പാകെ പത്രൊസ്‌ സധൈര്യം യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു സാക്ഷ്യം നൽകി. തുടർന്നുവന്ന വാരങ്ങളിലും മാസങ്ങളിലും വർഷങ്ങളിലും ഉണ്ടായ ആവർത്തിച്ചുള്ള അറസ്റ്റുകളും മർദനവും തടവും ധൈര്യപൂർവം നേരിട്ടുകൊണ്ട്‌ അവൻ അചഞ്ചലമായ വിശ്വസ്‌തതയുടെ മുന്തിയ ദൃഷ്ടാന്തംവെച്ചു.​—⁠പ്രവൃത്തികൾ 2:⁠14-36; 4:⁠18-21; 5:⁠29-32, 40-42; 12:⁠3-5.

ഇതിൽനിന്നു നാമെന്താണു പഠിക്കുന്നത്‌? പത്രൊസിന്റെ ഹൃദയത്തിലുള്ളതു പുറത്തെടുക്കാനും തുറന്നുകാട്ടാനും യേശു എന്താണു ചെയ്‌തതെന്നു നിങ്ങൾക്കു കാണാൻ കഴിഞ്ഞോ? ഒന്നാമത്‌ പത്രൊസ്‌ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായ വശങ്ങൾക്കു ചേരുന്ന തിരുവെഴുത്തുകൾ അവൻ തിരഞ്ഞെടുത്തു. എന്നിട്ട്‌ ഹൃദയത്തിൽനിന്നു പ്രതികരിക്കാൻ പത്രൊസിന്‌ അവസരം കൊടുത്തു. ഒടുവിൽ അവന്റെ ചിന്താഗതിയിലും വികാരങ്ങളിലും പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നതിനാവശ്യമായ കൂടുതലായ തിരുവെഴുത്തു ബുദ്ധിയുപദേശവും പ്രദാനം ചെയ്‌തു. ഇത്തരത്തിലുള്ള പഠിപ്പിക്കൽ നിങ്ങളുടെ പ്രാപ്‌തിക്കപ്പുറത്താണെന്ന്‌ നിങ്ങൾ വിചാരിച്ചേക്കാം. എന്നാൽ തയ്യാറാകലും യഹോവയിലുള്ള ആശ്രയവും യേശുവിന്റെ മാതൃക പിൻപറ്റുന്നതിനു നമ്മെ ഓരോരുത്തരെയും എങ്ങനെ സഹായിക്കുമെന്നു കാണിക്കുന്ന രണ്ടു ദൃഷ്ടാന്തങ്ങൾ നമുക്കു പരിചിന്തിക്കാം.

ഹൃദയത്തിലുള്ളതു കോരിയെടുക്കൽ

6-ഉം 7-ഉം വയസ്സുള്ള തന്റെ ആൺമക്കൾ അധ്യാപികയുടെ മേശപ്പുറത്തുനിന്ന്‌ മിഠായി എടുത്തെന്നറിഞ്ഞ ഒരു ക്രിസ്‌തീയ പിതാവ്‌ അവരോടൊപ്പമിരുന്ന്‌ അതേക്കുറിച്ചു ചർച്ച ചെയ്‌തു. നിരുപദ്രവകരമായ കുട്ടിക്കളിയായി തള്ളിക്കളയുന്നതിനു പകരം, എന്താണു ചെയ്‌തതെന്ന്‌ ആ പിതാവു പറയുന്നു: “മോശമായ ആ കാര്യം ചെയ്യുന്നതിന്‌ അവരെ പ്രേരിപ്പിച്ചത്‌ എന്താണെന്നറിയാൻ അവരുടെ ഹൃദയം തുറക്കാൻ ഞാൻ ശ്രമിച്ചു.”

യോശുവ 7-ാം അധ്യായത്തിലെ വിവരണത്തിൽ ആഖാന്‌ എന്താണു സംഭവിച്ചതെന്ന്‌ പിതാവ്‌ മക്കളോടു ചോദിച്ചു. അവർക്ക്‌ പെട്ടെന്നുതന്നെ കാര്യം മനസ്സിലാകുകയും തെറ്റു സമ്മതിക്കുകയും ചെയ്‌തു. അവരുടെ മനസ്സാക്ഷി അതിനോടകംതന്നെ അവരെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. പിതാവ്‌ അവരെക്കൊണ്ട്‌ എഫെസ്യർ 4:⁠28 വായിപ്പിച്ചു. “കള്ളൻ ഇനി കക്കാതെ മുട്ടുള്ളവന്നു ദാനം ചെയ്‌വാൻ ഉണ്ടാകേണ്ടതിന്നു . . . അദ്ധ്വാനിക്കയത്രേ വേണ്ടത്‌” എന്നാണ്‌ അവിടെ പറയുന്നത്‌. കുട്ടികളെക്കൊണ്ടു മിഠായി വാങ്ങിപ്പിച്ച്‌ അധ്യാപികയ്‌ക്കു കൊടുപ്പിച്ചത്‌ തിരുവെഴുത്തു ബുദ്ധിയുപദേശത്തെ കൂടുതൽ ബലിഷ്‌ഠമാക്കി.

“തെറ്റെന്നു മനസ്സിലാക്കുന്ന എന്തും ഹൃദയത്തിൽനിന്നു പിഴുതു മാറ്റാനും കുട്ടികളുമായി ന്യായവാദം ചെയ്‌തുകൊണ്ട്‌, തത്‌സ്ഥാനത്ത്‌ നല്ലതും ശുദ്ധവും ആയ ആന്തരങ്ങൾ നട്ടുവളർത്താനും ഞങ്ങൾ ശ്രമിച്ചു,” പിതാവ്‌ പറയുന്നു. മക്കളെ പഠിപ്പിക്കുന്ന കാര്യത്തിൽ യേശുവിനെ അനുകരിച്ചതിനാൽ ഈ മാതാപിതാക്കൾ പിന്നീട്‌ നല്ല ഫലം ആസ്വദിച്ചു. രണ്ടു മക്കൾക്കും ബ്രുക്ലിൻ ബെഥേലിൽ സേവിക്കാനുള്ള ക്ഷണം ലഭിച്ചു. ഒരാൾ 25 വർഷത്തിനുശേഷവും സേവനത്തിൽ തുടരുന്നു.

മറ്റൊരു ക്രിസ്‌ത്യാനി തന്റെ ബൈബിൾ വിദ്യാർഥിനിയെ സഹായിച്ചതെങ്ങനെയെന്നു നോക്കുക. വിദ്യാർഥിനി യോഗങ്ങളിൽ ഹാജരാകുകയും ശുശ്രൂഷയിൽ പങ്കെടുക്കുകയും സ്‌നാപനമേൽക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു. എന്നാൽ യഹോവയിൽ ആശ്രയിക്കുന്നതിനെക്കാൾ കൂടുതലായി അവർ തന്നിൽത്തന്നെ ആശ്രയിക്കുന്നതായി കാണപ്പെട്ടു. “ഭർത്താവില്ലാത്ത ഒരു സ്‌ത്രീയെന്ന നിലയിൽ അവർ ആവശ്യത്തിലധികം സ്വാശ്രയശീലം വളർത്തിയെടുത്തിരുന്നു,” സാക്ഷി അനുസ്‌മരിക്കുന്നു. “അവർ മാനസികമായും ആത്മീയമായും തകരാൻപോകുകയാണെന്ന്‌ ഞാൻ ആശങ്കപ്പെട്ടു.”

അതുകൊണ്ട്‌ മത്തായി 6:⁠33-നെ ആസ്‌പദമാക്കി വിദ്യാർഥിനിയുമായി ന്യായവാദം ചെയ്യാൻ സാക്ഷി മുൻകൈയെടുത്തു. മുൻഗണനകളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിക്കൊണ്ട്‌ രാജ്യം ഒന്നാമതു വെക്കാനും കാര്യങ്ങൾ ഏറ്റവും നന്നായി കലാശിക്കുന്നതിനുവേണ്ടി യഹോവയിൽ ആശ്രയിക്കാനും സഹോദരി ആ സ്‌ത്രീയെ പ്രോത്സാഹിപ്പിച്ചു. സാക്ഷി അവരോട്‌ തുറന്നു ചോദിച്ചു: “സ്വയംപര്യാപ്‌തയായി ജീവിക്കുന്നത്‌ മറ്റുള്ളവരെ ആശ്രയിക്കാൻ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നുണ്ടോ, ഒരുപക്ഷേ, യഹോവയെപ്പോലും?” താൻ പ്രാർഥനപോലും ഏതാണ്ടു നിറുത്തിയിരുന്നെന്ന്‌ അവർ സമ്മതിച്ചുപറഞ്ഞു. 1 പത്രൊസ്‌ 5:⁠7-ൽ ‘യഹോവ നിങ്ങൾക്കായി കരുതുന്നു’ എന്ന ഉറപ്പു നൽകിയിരിക്കുന്നതിനാൽ സങ്കീർത്തനം 55:⁠22-ലെ ബുദ്ധിയുപദേശം പിൻപറ്റാനും സകല ഭാരവും യഹോവയുടെമേൽ ഇടാനും പ്രസാധിക അവരെ പ്രോത്സാഹിപ്പിച്ചു. ആ വാക്കുകൾ അവരുടെ ഹൃദയത്തെ സ്‌പർശിച്ചു. സാക്ഷി പറയുന്നു: “അവർ കരയുന്നതായി ഞാൻ കണ്ട അപൂർവം സന്ദർഭങ്ങളിൽ ഒന്നായിരുന്നു അത്‌.”

സത്യം നിങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കട്ടെ

നമ്മുടെ വിദ്യാർഥികൾ ബൈബിൾ സത്യത്തോടു പ്രതികരിക്കുന്നത്‌ നമുക്കു വർധിച്ച സന്തോഷം കൈവരുത്തുന്നു. എന്നാൽ മറ്റുള്ളവരെ സഹായിക്കാനുള്ള നമ്മുടെ ശ്രമങ്ങൾ പൂവണിയണമെങ്കിൽ നാംതന്നെ നല്ല മാതൃകകൾ ആയിരിക്കണം. (യൂദാ 22, 23) നാമെല്ലാം ‘ഭയത്തോടും വിറയലോടും കൂടെ നമ്മുടെ രക്ഷക്കായി’ പ്രവർത്തിക്കേണ്ടതുണ്ട്‌. (ഫിലിപ്പിയർ 2:⁠12) ആ പ്രവർത്തനത്തിൽ, തിരുവെഴുത്തുകൾ പ്രസരിപ്പിക്കുന്ന പ്രകാശം നമ്മുടെ ഹൃദയത്തിൽ പതിയാൻ തുടർച്ചയായി അനുവദിക്കുന്നതും തിരുത്തൽ ആവശ്യമുള്ള മനോഭാവങ്ങളും ആഗ്രഹങ്ങളും വികാരങ്ങളും നമ്മിൽ അങ്കുരിച്ചിട്ടുണ്ടോയെന്നു പരിശോധിക്കുന്നതും ഉൾപ്പെടുന്നു.—⁠2 പത്രൊസ്‌ 1:⁠19.

ദൃഷ്ടാന്തത്തിന്‌ ക്രിസ്‌തീയ പ്രവർത്തനത്തിലുള്ള നിങ്ങളുടെ തീക്ഷ്‌ണത കാലാന്തരത്തിൽ മന്ദീഭവിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്‌? നിങ്ങൾ ആവശ്യത്തിലധികം നിങ്ങളെത്തന്നെ ആശ്രയിക്കുന്നതാകാം ഒരു കാരണം. അത്‌ അങ്ങനെതന്നെയാണോയെന്ന്‌ എങ്ങനെ പറയാൻ കഴിയും? ഹഗ്ഗായി 1:⁠2-11 വായിക്കുക. സ്വദേശത്തു മടങ്ങിയെത്തിയ യഹൂദന്മാരോടുള്ള യഹോവയുടെ ന്യായവാദത്തെക്കുറിച്ചു സത്യസന്ധമായി ചിന്തിക്കുക. എന്നിട്ട്‌ സ്വയം ഇങ്ങനെ ചോദിക്കുക: ‘ഞാൻ സാമ്പത്തിക സുരക്ഷിതത്വത്തെയും ഭൗതിക സുഖങ്ങളെയും കുറിച്ച്‌ ആവശ്യത്തിലേറെ ഉത്‌കണ്‌ഠപ്പെടുന്നുണ്ടോ? ഞാൻ ആത്മീയ കാര്യങ്ങൾക്കു മുൻഗണന കൊടുക്കുന്നപക്ഷം യഹോവ എന്റെ കുടുംബത്തിനായി കരുതുമെന്നു ഞാൻ വാസ്‌തവമായും വിശ്വസിക്കുന്നുണ്ടോ? അതോ, രാജ്യതാത്‌പര്യങ്ങൾക്കു പകരം സ്വന്ത കാര്യങ്ങൾക്കാണു മുൻതൂക്കം കൊടുക്കേണ്ടത്‌ എന്നാണോ ഞാൻ വിചാരിക്കുന്നത്‌?’ നിങ്ങളുടെ ചിന്താഗതിയിലോ വികാരങ്ങളിലോ പൊരുത്തപ്പെടുത്തലുകൾ ആവശ്യമാണെങ്കിൽ, അങ്ങനെ ചെയ്യാൻ മടിക്കരുത്‌. മത്തായി 6:⁠25-33; ലൂക്കൊസ്‌ 12:⁠13-21; 1 തിമൊഥെയൊസ്‌ 6:⁠6-12 എന്നീ വാക്യങ്ങളിൽ കാണുന്നതു പോലെയുള്ള തിരുവെഴുത്തു ബുദ്ധിയുപദേശം ഭൗതിക ആവശ്യങ്ങളും വസ്‌തുക്കളും സംബന്ധിച്ച സമനിലയുള്ള ഒരു വീക്ഷണത്തിന്‌ അടിത്തറയിടുന്നു. അങ്ങനെ ചെയ്യുന്നത്‌ യഹോവയിൽനിന്നുള്ള തുടർച്ചയായ അനുഗ്രഹങ്ങൾക്കു വഴിതെളിക്കും.—⁠മലാഖി 3:⁠10.

ഇത്തരം തുറന്ന ആത്മപരിശോധന ഗൗരവാവഹമായ ഒരു സംഗതിയാണ്‌. നമ്മുടെ ചില ബലഹീനതകൾ ആരെങ്കിലും ചൂണ്ടിക്കാട്ടുമ്പോൾ അത്‌ അംഗീകരിക്കാൻ വൈകാരികമായി ബുദ്ധിമുട്ടു തോന്നിയേക്കാം. എന്നിരുന്നാലും നിങ്ങൾ സ്‌നേഹപൂർവം നിങ്ങളുടെ കുട്ടിയെയോ ബൈബിൾ വിദ്യാർഥിയെയോ ഇനി, നിങ്ങളെത്തന്നെയോ സഹായിക്കാൻ മുൻകൈയെടുക്കുമ്പോൾ​—⁠കാര്യം എത്രതന്നെ വ്യക്തിപരമോ അസ്വസ്ഥതയുളവാക്കുന്നതോ ആയിരുന്നാലും ശരി—മറ്റൊരാളുടെയോ നിങ്ങളുടെതന്നെയോ ജീവൻ രക്ഷിക്കാനുള്ള ആദ്യപടി സ്വീകരിക്കുകയാണ്‌.—⁠ഗലാത്യർ 6:⁠1.

എന്നാൽ നിങ്ങളുടെ ശ്രമങ്ങളൊന്നും നല്ല ഫലങ്ങൾ ഉളവാക്കുന്നതായി തോന്നുന്നില്ലെങ്കിലോ? ശ്രമം പെട്ടെന്ന്‌ ഉപേക്ഷിച്ചുകളയരുത്‌. ഒരു അപൂർണ ഹൃദയത്തെ പാകപ്പെടുത്തുന്നതു വളരെ ശ്രമകരവും സമയമെടുക്കുന്നതും ചിലപ്പോൾ മടുപ്പിക്കുന്നതുപോലും ആയ ഒരു സംരംഭമാണ്‌. എന്നാൽ അതിനു ഫലദായകമായിരിക്കാനും കഴിയും.

തുടക്കത്തിൽ പരാമർശിച്ച എറിക്‌ ഒടുവിൽ സുബോധത്തിലേക്കു തിരികെ വരികയും വീണ്ടും ‘സത്യത്തിൽ നടക്കാൻ’ തുടങ്ങുകയും ചെയ്‌തു. (2 യോഹന്നാൻ 4) “എനിക്കു നഷ്ടപ്പെടുന്നത്‌ എന്താണെന്നു മനസ്സിലായപ്പോൾ ഞാൻ യഹോവയിങ്കലേക്കു മടങ്ങിച്ചെന്നു,” അവൻ പറയുന്നു. മാതാപിതാക്കളുടെ സഹായത്തോടെ എറിക്‌ ഇപ്പോൾ യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നു. ഹൃദയം പരിശോധിക്കാൻ തന്നെ പ്രേരിപ്പിക്കാനുള്ള മാതാപിതാക്കളുടെ ആവർത്തിച്ചുള്ള ശ്രമം ഒരുകാലത്ത്‌ അരോചകമായി തോന്നിയിരുന്നെങ്കിലും അവർ തനിക്കുവേണ്ടി ചെയ്‌തത്‌ അവൻ ഇപ്പോൾ ആഴമായി വിലമതിക്കുന്നു. “എത്ര നല്ല മാതാപിതാക്കളാണ്‌ എനിക്കുള്ളത്‌, എന്നെ സ്‌നേഹിക്കുന്നത്‌ അവർ ഒരിക്കലും നിറുത്തിക്കളഞ്ഞില്ല,” അവൻ പറയുന്നു.

ദൈവവചനത്തിന്റെ വെളിച്ചം നാം പഠിപ്പിക്കുന്നവരുടെ ഹൃദയത്തിൽ പ്രകാശിപ്പിക്കുന്നത്‌ ‘സ്‌നേഹദയയുടെ’ ഒരു പ്രകടനമാണ്‌. (സങ്കീർത്തനം 141:⁠5, NW) നിങ്ങളുടെ കുട്ടികളിലും ബൈബിൾ വിദ്യാർഥികളിലും പുതിയ വ്യക്തിത്വം വികാസംപ്രാപിക്കുന്നുവോയെന്നു നിരീക്ഷിക്കുന്നതിനായി അവരുടെ ഹൃദയങ്ങൾ പരിശോധിക്കുന്നതിൽ തുടരുക. “സത്യവചനത്തെ യഥാർഥമായി പ്രസംഗിച്ചുകൊണ്ട്‌” മറ്റുള്ളവരിലും നിങ്ങളിലും സത്യം പ്രവർത്തനത്തിലിരിക്കുന്നുവെന്ന്‌ ഉറപ്പാക്കുക.​—⁠2 തിമൊഥെയൊസ്‌ 2:⁠15.

[29-ാം പേജിലെ ചിത്രം]

യേശുവിന്റെ വാക്കുകൾ പത്രൊസിന്റെ ഒരു ബലഹീനത വെളിപ്പെടുത്തി

[31-ാം പേജിലെ ചിത്രം]

ഹൃദയത്തിലുള്ളതു പുറത്തെടുക്കുന്നതിന്‌ ബൈബിൾ ഉപയോഗിക്കുക