വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ എല്ലായ്‌പോഴും ശരിയായതുമാത്രം ചെയ്യുന്നു

യഹോവ എല്ലായ്‌പോഴും ശരിയായതുമാത്രം ചെയ്യുന്നു

യഹോവ എല്ലായ്‌പോഴും ശരിയായതുമാത്രം ചെയ്യുന്നു

‘യഹോവ തന്റെ സകലവഴികളിലും നീതിമാൻ ആകുന്നു.’​—⁠സങ്കീർത്തനം 145:⁠17.

1. ആരെങ്കിലും നിങ്ങളെക്കുറിച്ചു തെറ്റായ നിഗമനത്തിൽ എത്തിച്ചേർന്നാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും, അത്തരമൊരു അനുഭവത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും?

മറ്റുള്ളവർ എന്നെങ്കിലും നിങ്ങളെക്കുറിച്ചു തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ടോ, ഒരുപക്ഷേ, എല്ലാ വസ്‌തുതകളും മനസ്സിലാക്കാതെ നിങ്ങളുടെ പ്രവൃത്തികളെയോ ആന്തരത്തെയോ ചോദ്യംചെയ്‌തുകൊണ്ട്‌? ഉണ്ടെങ്കിൽ അതു നിങ്ങളെ വേദനിപ്പിച്ചിരിക്കണം, അതു സ്വാഭാവികവുമാണ്‌. ഇതിൽനിന്ന്‌ നമുക്കു പ്രധാനപ്പെട്ട ഒരു പാഠം പഠിക്കാനാകും: കാര്യങ്ങൾ സംബന്ധിച്ച മുഴുചിത്രവും വ്യക്തമല്ലാത്തപ്പോൾ തിടുക്കത്തിൽ നിഗമനങ്ങളിൽ എത്തുന്നത്‌ ഒഴിവാക്കുകയാണു ജ്ഞാനം.

2, 3. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം നൽകാത്ത ബൈബിൾ വിവരണങ്ങളോടു ചിലർ എങ്ങനെ പ്രതികരിക്കുന്നു, എന്നിരുന്നാലും യഹോവയെക്കുറിച്ച്‌ ബൈബിൾ നമ്മോട്‌ എന്തു പറയുന്നു?

2 യഹോവയാം ദൈവത്തെക്കുറിച്ചു നിഗമനങ്ങളിൽ എത്തിച്ചേരുമ്പോൾ നാം ഈ പാഠം മനസ്സിൽപ്പിടിക്കേണ്ടതുണ്ട്‌. എന്തുകൊണ്ട്‌? ഒറ്റവായനയിൽ കുഴപ്പിക്കുന്നതെന്നു തോന്നുന്ന ചില വിവരണങ്ങൾ ബൈബിളിൽ ഉണ്ടെന്നുള്ളതാണു കാരണം. ഒരുപക്ഷേ ദൈവത്തിന്റെ ചില ആരാധകരുടെ പ്രവർത്തനങ്ങളോ ദൈവത്തിന്റെ മുൻകാല ന്യായവിധികളോ ഉൾപ്പെടുന്ന ഇത്തരം വിവരണങ്ങളിൽ നമ്മുടെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ഉണ്ടായെന്നുവരില്ല. സങ്കടകരമെന്നുപറയട്ടെ, ചിലർ ആ വിവരണങ്ങളെ ആസ്‌പദമാക്കി ദൈവത്തിന്റെ നീതിയെയും ന്യായത്തെയും ചോദ്യം ചെയ്‌തിട്ടുപോലുമുണ്ട്‌. എന്നിരുന്നാലും ‘യഹോവ തന്റെ സകലവഴികളിലും നീതിമാൻ’ ആണെന്ന്‌ ബൈബിൾ നമ്മോടു പറയുന്നു. (സങ്കീർത്തനം 145:⁠17) അവൻ നിശ്ചയമായും “ദുഷ്ടത പ്രവർത്തിക്കയില്ല” എന്നുംകൂടെ ബൈബിൾ നമ്മോടു പറയുന്നു. (ഇയ്യോബ്‌ 34:⁠12; സങ്കീർത്തനം 37:⁠28) അപ്പോൾ, മറ്റുള്ളവർ അവനെപ്പറ്റി തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുമ്പോൾ അവന്‌ എത്രമാത്രം വേദനിക്കുന്നുണ്ടാവുമെന്ന്‌ ഓർത്തുനോക്കൂ!

3 യഹോവയുടെ ന്യായവിധികൾ ഉചിതമായവയാണെന്നു നാം അംഗീകരിക്കേണ്ടതിന്റെ അഞ്ചു കാരണങ്ങൾ നമുക്കു പരിചിന്തിക്കാം. എന്നിട്ട്‌ ആ കാരണങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട്‌, മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതെന്നു ചിലർ പറയുന്ന രണ്ടു ബൈബിൾ വിവരണങ്ങൾ നമുക്കു പരിശോധിക്കാം.

യഹോവയുടെ ന്യായവിധികൾ ഉചിതമായവയാണെന്ന്‌ അംഗീകരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

4. ദൈവത്തിന്റെ പ്രവൃത്തികൾ പരിചിന്തിക്കുമ്പോൾ നാം എളിമയുള്ളവർ ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? ദൃഷ്ടാന്തീകരിക്കുക.

4 ഒന്നാമത്‌, ഉൾപ്പെട്ടിരിക്കുന്ന എല്ലാ വസ്‌തുതകളും യഹോവയ്‌ക്കു മാത്രമേ അറിയൂ, നമുക്ക്‌ അവ അറിയില്ല. അതുകൊണ്ടുതന്നെ ദൈവത്തിന്റെ പ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുമ്പോൾ നാം എളിമ പ്രകടിപ്പിക്കണം. ദൃഷ്ടാന്തത്തിന്‌, നിഷ്‌പക്ഷമായി കേസുകൾ തീർപ്പാക്കുന്നതിൽ കീർത്തികേട്ട ഒരു ന്യായാധിപൻ പുതിയൊരു കേസിന്റെ വിധി പ്രഖ്യാപിച്ചെന്നു കരുതുക. കേസു സംബന്ധിച്ച മുഴുവൻ വസ്‌തുതകളും ഉൾപ്പെട്ടിരിക്കുന്ന നിയമങ്ങളും അറിയാത്ത ഒരാൾ ആ ന്യായാധിപന്റെ വിധിയെ വിമർശിച്ചാൽ നിങ്ങൾ അയാളെക്കുറിച്ച്‌ എന്തു വിചാരിക്കും? ഒരു കാര്യത്തെപ്പറ്റിയുള്ള പൂർണ വിവരങ്ങൾ മനസ്സിലാക്കാതെ അതേക്കുറിച്ചു വിമർശിക്കുന്നതു ഭോഷത്തമാണ്‌. (സദൃശവാക്യങ്ങൾ 18:⁠13) അതിലും എത്രയോ വലിയ ഭോഷത്തമാണ്‌ നിസ്സാരരായ മനുഷ്യർ “സർവ്വഭൂമിക്കും ന്യായാധിപതി”യായവനെ വിമർശിക്കുന്നത്‌!​—⁠ഉല്‌പത്തി 18:⁠25.

5. ചില വ്യക്തികളുടെമേലുള്ള ദിവ്യന്യായവിധി നിർവഹണം സംബന്ധിച്ച വിവരണങ്ങൾ വായിക്കുമ്പോൾ നാം എന്തു മറന്നുപോകരുത്‌?

5 ദൈവത്തിന്റെ ന്യായവിധികൾ ഉചിതമായവയാണെന്ന്‌ അംഗീകരിക്കേണ്ടതിന്റെ രണ്ടാമത്തെ കാരണം മനുഷ്യരിൽനിന്നു വ്യത്യസ്‌തമായി ദൈവത്തിനു ഹൃദയങ്ങൾ വായിക്കാനുള്ള കഴിവുണ്ടെന്നതാണ്‌. (1 ശമൂവേൽ 16:⁠7) അവന്റെ വചനം ഇങ്ങനെ പ്രസ്‌താവിക്കുന്നു: “യഹോവയായ ഞാൻ ഹൃദയത്തെ ശോധനചെയ്‌തു അന്തരംഗങ്ങളെ പരീക്ഷിച്ചു ഓരോരുത്തന്നു അവനവന്റെ നടപ്പിന്നും പ്രവൃത്തിയുടെ ഫലത്തിന്നും തക്കവണ്ണം കൊടുക്കുന്നു.” (യിരെമ്യാവു 17:⁠10) അതുകൊണ്ട്‌ ചില വ്യക്തികളുടെമേലുള്ള ദൈവത്തിന്റെ ന്യായവിധികൾ സംബന്ധിച്ച വിവരണങ്ങൾ വായിക്കുമ്പോൾ നാം ഒരു കാര്യം മറന്നുപോകരുത്‌. ആ വ്യക്തികളുടെ ഗൂഢമായ ചിന്തകളും ആന്തരങ്ങളും താത്‌പര്യങ്ങളും​—⁠ദൈവവചനത്തിൽ അവ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും​—⁠സകലവും കാണുന്ന അവന്റെ കണ്ണുകൾ കണക്കിലെടുത്തിട്ടുണ്ടെന്നുള്ളതു തീർച്ചയാണ്‌.​—⁠1 ദിനവൃത്താന്തം 28:⁠9.

6, 7. (എ) വ്യക്തിപരമായി എത്ര കനത്ത നഷ്ടം സഹിക്കേണ്ടിവന്നാലും ന്യായയുക്തവും നീതിനിഷ്‌ഠവും ആയ തന്റെ നിലവാരങ്ങളിൽ വിട്ടുവീഴ്‌ച കാണിക്കില്ലെന്ന്‌ യഹോവ പ്രകടമാക്കിയത്‌ എങ്ങനെ? (ബി) ദൈവം ന്യായവും ശരിയും ആയ വിധത്തിലാണോ പ്രവർത്തിച്ചതെന്ന സംശയം ഉളവാക്കുന്ന ഒരു ബൈബിൾ ഭാഗം വായിക്കുമ്പോൾ നാം എന്ത്‌ ഓർമിക്കണം?

6 യഹോവയുടെ ന്യായവിധികൾ ഉചിതമായവയാണെന്ന്‌ അംഗീകരിക്കുന്നതിനുള്ള മൂന്നാമത്തെ കാരണം, വ്യക്തിപരമായി എത്ര കനത്ത നഷ്ടം സഹിക്കേണ്ടി വന്നാലും നീതിനിഷ്‌ഠമായ തന്റെ നിലവാരങ്ങളിൽ യഹോവ വിട്ടുവീഴ്‌ച കാണിക്കില്ല എന്നതാണ്‌. ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക. അനുസരണമുള്ള മനുഷ്യവർഗത്തിനുവേണ്ടി തന്റെ പുത്രനെ ഒരു മറുവിലയായി നൽകുകവഴി യഹോവ ന്യായവും നീതിയും സംബന്ധിച്ച തന്റെ നിലവാരങ്ങൾക്ക്‌ അനുസൃതമായി പ്രവർത്തിക്കുകയായിരുന്നു. (റോമർ 5:⁠18, 19) എന്നിരുന്നാലും തന്റെ പ്രിയപുത്രൻ ഒരു ദണ്ഡനസ്‌തംഭത്തിൽ പീഡനമനുഭവിക്കുകയും മരിക്കുകയും ചെയ്യുന്ന കാഴ്‌ച, യഹോവയെ അങ്ങേയറ്റം വേദനിപ്പിച്ചിരിക്കണം. ഇതു ദൈവത്തെ സംബന്ധിച്ച്‌ നമ്മോട്‌ എന്താണു പറയുന്നത്‌? “ക്രിസ്‌തുയേശുവിങ്കലെ വീണ്ടെടുപ്പ്‌” അഥവാ യേശു നൽകിയ മറുവില ‘[ദൈവത്തിന്റെ] നീതിയെ പ്രദർശിപ്പി’ക്കുന്ന ഒന്നാണെന്ന്‌ ബൈബിൾ പറയുന്നു. (റോമർ 3:⁠24-26) മറ്റൊരു ഭാഷാന്തരപ്രകാരം റോമർ 3:⁠25 ഇങ്ങനെ വായിക്കുന്നു: “ദൈവം എല്ലായ്‌പോഴും ശരിയും ഉചിതവും ആയതു പ്രവർത്തിക്കുന്നുവെന്ന്‌ ഇതു കാണിച്ചുതന്നു.” (ന്യൂ സെഞ്ച്വറി വേർഷൻ) അതേ, മറുവില പ്രദാനം ചെയ്യാൻ യഹോവ ഏതു പരിധിവരെയും പോകാൻ തയ്യാറായിരുന്നുവെന്ന സംഗതി, “ശരിയും ഉചിതവും ആയ” കാര്യങ്ങളെ അവൻ അങ്ങേയറ്റം വിലമതിക്കുന്നുവെന്നു കാണിക്കുന്നു.

7 അങ്ങനെയെങ്കിൽ, ദൈവം ചെയ്‌തത്‌ ന്യായവും ശരിയും ആണോയെന്നു ചിലർ സംശയിക്കാൻ ഇടയാക്കിയിട്ടുള്ള ഒരു ബൈബിൾ ഭാഗം വായിക്കുമ്പോൾ നാം ഇതു മനസ്സിൽപ്പിടിക്കേണ്ടതാണ്‌: നീതിയും ന്യായവും സംബന്ധിച്ച തന്റെ നിലവാരങ്ങളോടുള്ള വിശ്വസ്‌തത നിമിത്തം യഹോവ, സ്വന്തപുത്രൻ വേദനാജനകമായ ഒരു മരണത്തിന്‌ ഇരയാകുന്നതുപോലും അനുവദിച്ചെങ്കിൽ മറ്റു കാര്യങ്ങളോടുള്ള ബന്ധത്തിൽ ആ നിലവാരങ്ങൾ ലംഘിക്കാൻ തയ്യാറാകുമോ? യഹോവ ഒരിക്കലും നീതിനിഷ്‌ഠവും ന്യായയുക്തവും ആയ തന്റെ നിലവാരങ്ങൾ ലംഘിക്കുകയില്ല എന്നതാണു സത്യം. അതിനാൽ, അവൻ എല്ലായ്‌പോഴും ശരിയും ഉചിതവും ആയ കാര്യങ്ങൾ മാത്രമേ ചെയ്യൂ എന്ന ബോധ്യം ഉള്ളവരായിരിക്കാൻ നമുക്കു മതിയായ കാരണങ്ങളുണ്ട്‌.​—⁠ഇയ്യോബ്‌ 37:⁠23.

8. യഹോവ ന്യായവും നീതിയും ഇല്ലാത്തവനാണെന്ന്‌ മനുഷ്യർ വിചാരിക്കുന്നതു യുക്തിഹീനം ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 യഹോവയുടെ ന്യായവിധികൾ ഉചിതമായവയാണെന്നു നാം അംഗീകരിക്കേണ്ടതിന്റെ നാലാമത്തെ കാരണം പരിചിന്തിക്കുക: യഹോവ തന്റെ സ്വരൂപത്തിലാണു മനുഷ്യനെ സൃഷ്ടിച്ചത്‌. (ഉല്‌പത്തി 1:⁠27) അതുവഴി ന്യായബോധവും നീതിബോധവും ഉൾപ്പെടെയുള്ള ദൈവിക ഗുണങ്ങൾ മനുഷ്യർക്കു നൽകപ്പെട്ടിരിക്കുന്നു. എന്നാൽ ആ ഗുണങ്ങൾ യഹോവയ്‌ക്കില്ലെന്നു വിചാരിക്കാൻ ന്യായവും നീതിയും സംബന്ധിച്ച നമ്മുടെ ബോധം ഇടയാക്കുന്നെങ്കിൽ അത്‌ അസംബന്ധമാണ്‌. ഒരു പ്രത്യേക ബൈബിൾ വിവരണം സംബന്ധിച്ച്‌ ആശയക്കുഴപ്പത്തിലാകുന്നെങ്കിൽ നാം ഒരു കാര്യം ഓർക്കേണ്ടതുണ്ട്‌, കൈമാറിക്കിട്ടിയ അപൂർണത നിമിത്തം ന്യായവും ശരിയും സംബന്ധിച്ച നമ്മുടെ ബോധം അപൂർണമാണ്‌. തന്റെ സ്വരൂപത്തിൽ നമ്മെ സൃഷ്ടിച്ച യഹോവയാം ദൈവം ന്യായത്തിലും നീതിയിലും പരിപൂർണനാണ്‌. (ആവർത്തനപുസ്‌തകം 32:⁠4) മനുഷ്യർക്കു ദൈവത്തെക്കാൾ ന്യായവും നീതിയും ഉള്ളവരായിരിക്കാൻ കഴിയുമെന്നു ചിന്തിക്കുന്നതുതന്നെ പരിഹാസ്യമാണ്‌!​—⁠റോമർ 3:⁠4, 5; 9:⁠4.

9, 10. തന്റെ പ്രവൃത്തികൾ മനുഷ്യർക്കു വിശദീകരിച്ചുകൊടുക്കാനോ അവരുടെ മുമ്പാകെ ന്യായീകരിക്കാനോ യഹോവയ്‌ക്കു ബാധ്യതയില്ലാത്തത്‌ എന്തുകൊണ്ട്‌?

9 യഹോവ “സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ” ആണെന്നതാണ്‌ അവന്റെ ന്യായവിധികൾ ഉചിതമായവയാണെന്ന്‌ അംഗീകരിക്കുന്നതിനുള്ള അഞ്ചാമത്തെ കാരണം. (സങ്കീർത്തനം 83:⁠18) അതുകൊണ്ടുതന്നെ തന്റെ പ്രവൃത്തികൾ മനുഷ്യർക്കു വിശദീകരിച്ചുകൊടുക്കാനോ അവരുടെ മുമ്പാകെ ന്യായീകരിക്കാനോ അവനു ബാധ്യതയൊന്നുമില്ല. യഹോവ കുശവനും നാം അവൻ മെനഞ്ഞെടുത്തിരിക്കുന്ന മൺപാത്രങ്ങളുമാണ്‌. ആ പാത്രങ്ങൾ തന്റെ ഇഷ്ടപ്രകാരം അവനു കൈകാര്യം ചെയ്യാം. (റോമർ 9:⁠19-21) അവന്റെ തീരുമാനങ്ങളെയോ പ്രവൃത്തികളെയോ ചോദ്യംചെയ്യാൻ കേവലം അവൻ നിർമിച്ച പാത്രങ്ങളായ നമുക്കെന്ത്‌ അവകാശം? ഗോത്രപിതാവായിരുന്ന ഇയ്യോബിന്‌ മനുഷ്യരോടുള്ള ദൈവത്തിന്റെ ഇടപെടലുകൾ സംബന്ധിച്ച്‌ തെറ്റിദ്ധാരണ ഉണ്ടായപ്പോൾ ഇങ്ങനെ ചോദിച്ചുകൊണ്ട്‌ യഹോവ അവനെ തിരുത്തി: “നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?” ശരിയായി കാര്യം ഗ്രഹിക്കാതെയാണു താൻ സംസാരിച്ചതെന്നു മനസ്സിലാക്കിയ ഇയ്യോബ്‌ പിന്നീട്‌ അനുതപിച്ചു. (ഇയ്യോബ്‌ 40:⁠8; 42:⁠6) ദൈവത്തിന്റെ കുറ്റം കണ്ടുപിടിക്കാൻ ശ്രമിക്കുകയെന്ന അബദ്ധം നാമൊരിക്കലും ചെയ്യാതിരിക്കട്ടെ!

10 വ്യക്തമായും, യഹോവ എല്ലായ്‌പോഴും ശരിമാത്രമേ ചെയ്യൂ എന്നു വിശ്വസിക്കുന്നതിനു നമുക്കു ശക്തമായ കാരണങ്ങളുണ്ട്‌. യഹോവയുടെ വഴികൾ മനസ്സിലാക്കുന്നതിനുള്ള ഈ അടിസ്ഥാനങ്ങൾ മനസ്സിൽപ്പിടിച്ചുകൊണ്ട്‌, കുഴപ്പിക്കുന്നതെന്നു ചിലർക്കു തോന്നിയേക്കാവുന്ന രണ്ടു ബൈബിൾ വിവരണങ്ങൾ നമുക്കു പരിശോധിക്കാം. ആദ്യത്തെ വിവരണത്തിൽ ദൈവത്തിന്റെ ഒരു ആരാധകന്റെ പ്രവൃത്തികളും രണ്ടാമത്തേതിൽ ദൈവത്തിന്റെതന്നെ ന്യായവിധി നിർവഹണവും ഉൾപ്പെടുന്നു.

ലോത്ത്‌ തന്റെ പെൺമക്കളെ കോപാകുലരായ ജനക്കൂട്ടത്തിനു വിട്ടുകൊടുക്കാമെന്നു പറഞ്ഞത്‌ എന്തുകൊണ്ട്‌?

11, 12. (എ) ജഡശരീരമെടുത്ത രണ്ടു ദൂതന്മാരെ ദൈവം സൊദോമിലേക്ക്‌ അയച്ചപ്പോൾ എന്തു സംഭവിച്ചെന്നു വിശദീകരിക്കുക. (ബി) ഈ വിവരണം ചിലരുടെ മനസ്സിൽ എന്തു ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നു?

11 ജഡശരീരമെടുത്ത രണ്ടു ദൂതന്മാരെ ദൈവം സൊദോമിലേക്ക്‌ അയച്ചപ്പോൾ ഉണ്ടായ സംഭവങ്ങളുടെ വിവരണം ഉല്‌പത്തി 19-ാം അധ്യായത്തിൽ നാം കാണുന്നു. തന്റെ ഭവനത്തിൽ തങ്ങാൻ ലോത്ത്‌ സന്ദർശകരെ നിർബന്ധിക്കുന്നു. എന്നാൽ ആ രാത്രിയിൽ നഗരത്തിലെ ഒരു കൂട്ടം പുരുഷന്മാർ ലോത്തിന്റെ വീടു വളയുകയും അധാർമിക ഉദ്ദേശ്യങ്ങൾക്കായി ആ അതിഥികളെ വിട്ടുകൊടുക്കണമെന്ന്‌ ആവശ്യപ്പെടുകയും ചെയ്‌തു. ലോത്ത്‌ ജനക്കൂട്ടത്തെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തന്റെ അതിഥികളെ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തിൽ ലോത്ത്‌ പറഞ്ഞു: “സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ. പുരുഷൻ തൊടാത്ത രണ്ടു പുത്രിമാർ എനിക്കുണ്ടു; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്‌തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവർ എന്റെ വീട്ടിന്റെ നിഴലിൽ വന്നത്‌.” ജനക്കൂട്ടം അതൊന്നും ചെവിക്കൊണ്ടില്ല, അവർ വാതിൽ പൊളിച്ച്‌ അകത്തു കടക്കാൻ ഭാവിച്ചു. ഒടുവിൽ, ആ ദൂതസന്ദർശകർ അവരെ അന്ധരാക്കി.​—⁠ഉല്‌പത്തി 19:⁠1-11.

12 ഈ വിവരണം ചിലരുടെ മനസ്സിൽ പിൻവരുന്ന ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്‌: ‘അതിഥികളെ സംരക്ഷിക്കാനായി തന്റെ പുത്രിമാരെ കാമാന്ധരായ ആ ജനക്കൂട്ടത്തിനു വിട്ടുകൊടുക്കാമെന്നു പറയാൻ ലോത്തിന്‌ എങ്ങനെ മനസ്സുവന്നു? അവന്റെ പ്രവൃത്തി അനുചിതമായിരുന്നില്ലേ, എന്തിന്‌ അത്‌ ഭീരുത്വംതന്നെ ആയിരുന്നില്ലേ?’ ഈ വിവരണത്തിന്റെ വീക്ഷണത്തിൽ ലോത്തിനെ ‘നീതിമാൻ’ എന്നു വിളിക്കാൻ പത്രൊസിനെ ദൈവം നിശ്വസ്‌തനാക്കിയത്‌ എന്തുകൊണ്ട്‌? ദൈവത്തിന്റെ അംഗീകാരത്തോടെയാണോ ലോത്ത്‌ അങ്ങനെ പ്രവർത്തിച്ചത്‌? (2 പത്രൊസ്‌ 2:⁠7, 8) തെറ്റായ നിഗമനത്തിൽ എത്തിച്ചേരാതിരിക്കാൻ നമുക്ക്‌ ഈ സംഭവം ഒന്ന്‌ യുക്തിസഹമായി വിശകലനം ചെയ്യാം.

13, 14. (എ) ലോത്തിന്റെ പ്രവൃത്തികൾ സംബന്ധിച്ച ബൈബിൾ വിവരണത്തെക്കുറിച്ച്‌ നാം മനസ്സിലാക്കേണ്ടത്‌ എന്താണ്‌? (ബി) ലോത്ത്‌ ഒരു ഭീരുവിനെപ്പോലെ പെരുമാറുകയായിരുന്നില്ലെന്ന്‌ എന്തു സൂചിപ്പിക്കുന്നു?

13 ഒന്നാമതായി, നാം മനസ്സിലാക്കേണ്ട സംഗതി ഇതാണ്‌: ലോത്തിന്റെ പ്രവൃത്തിയെ അംഗീകരിക്കുകയോ കുറ്റംവിധിക്കുകയോ ചെയ്യാതെ സംഭവിച്ചതെന്തെന്നു വിശദീകരിക്കുക മാത്രമാണു ബൈബിൾ ചെയ്യുന്നത്‌. ലോത്തിന്റെ മനസ്സിലുണ്ടായിരുന്നത്‌ എന്താണെന്നോ അങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചത്‌ എന്താണെന്നോ ബൈബിൾ പറയുന്നില്ല. “നീതിമാന്മാരുടെ . . . പുനരുത്ഥാന”ത്തിൽ തിരികെ വരുമ്പോൾ ഒരുപക്ഷേ അവൻ വിശദാംശങ്ങൾ വെളിപ്പെടുത്തുമായിരിക്കും.​—⁠പ്രവൃത്തികൾ 24:⁠15.

14 ലോത്ത്‌ ഒരു ഭീരുവായിരുന്നില്ല. അവൻ ദുഷ്‌കരമായ ഒരു സാഹചര്യത്തിൽ അകപ്പെട്ടുപോയി. അതിഥികൾ ‘എന്റെ വീട്ടിന്റെ നിഴലിൽ വന്നു’ എന്നു പറഞ്ഞതിലൂടെ അവർക്കു സംരക്ഷണവും അഭയവും നൽകേണ്ടത്‌ തന്റെ കർത്തവ്യമായി താൻ കരുതുന്നുവെന്ന്‌ ലോത്ത്‌ സൂചിപ്പിച്ചു. എന്നാൽ അതത്ര എളുപ്പമായിരിക്കുമായിരുന്നില്ല. “സൊദോമ്യർ പുരുഷന്മാരോട്‌ അനീതിയും ദൈവത്തോടു ഭക്തികേടും കാണിച്ചിരുന്നു. . . . അവർ അപരിചിതരെ വെറുക്കുകയും സ്വവർഗബന്ധങ്ങൾ പുലർത്തുകയും ചെയ്‌തിരുന്നു” എന്ന്‌ യഹൂദ ചരിത്രകാരനായ ജോസീഫസ്‌ പറയുന്നു. എന്നിരുന്നാലും പകയോടെ നിന്നിരുന്ന ആ പുരുഷാരത്തെ ഭയന്ന്‌ ലോത്ത്‌ പിന്മാറിയില്ല. മറിച്ച്‌ അവൻ വീട്ടിനു പുറത്തുചെന്ന്‌ കുപിതരായ ആ പുരുഷന്മാരുമായി ന്യായവാദം ചെയ്‌തു. അവൻ വീടിന്റെ ‘കതക്‌ അടയ്‌ക്കുക’പോലും ചെയ്‌തു.​—⁠ഉല്‌പത്തി 19:⁠6.

15. വിശ്വാസം നിമിത്തമായിരിക്കാം ലോത്ത്‌ അങ്ങനെ പ്രവർത്തിച്ചതെന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌?

15 ‘എന്നാലും ലോത്ത്‌ തന്റെ പെൺമക്കളെ ജനക്കൂട്ടത്തിനു വിട്ടുകൊടുക്കാമെന്നു പറഞ്ഞത്‌ എന്തിനാണ്‌,’ ചിലർ ചോദിച്ചേക്കാം, മോശമായ ആന്തരത്തോടെയാണ്‌ അവൻ അങ്ങനെ പറഞ്ഞതെന്നു നിഗമനം ചെയ്യുന്നതിനു പകരം എന്തുകൊണ്ടു ചില സാധ്യതകൾ പരിചിന്തിച്ചുകൂടാ? ഒന്നാമത്‌ അവന്റെ വിശ്വാസമായിരിക്കാം അങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചത്‌. അതെങ്ങനെ? തന്റെ പിതൃസഹോദരനായ അബ്രാഹാമിന്റെ ഭാര്യയായ സാറായെ യഹോവ സംരക്ഷിച്ചത്‌ എങ്ങനെയെന്നു ലോത്തിന്‌ അറിയാമായിരുന്നുവെന്നതിൽ സംശയമില്ല. അതിസുന്ദരിയായിരുന്ന സാറായെ സ്വന്തമാക്കാൻ മറ്റുള്ളവർ തന്നെ കൊല്ലാതിരിക്കേണ്ടതിന്‌ അവൾ തന്റെ സഹോദരിയാണെന്നു പറയാൻ അബ്രാഹാം സാറായോടു പറഞ്ഞിരുന്നുവെന്ന്‌ ഓർക്കുക. * പിന്നീട്‌ സാറാ ഫറവോന്റെ കൊട്ടാരത്തിലേക്ക്‌ ആനയിക്കപ്പെട്ടു. എന്നാൽ യഹോവ ഇടപെടുകയും സാറായെ മാനഭംഗപ്പെടുത്തുന്നതിൽനിന്ന്‌ ഫറവോനെ തടയുകയും ചെയ്‌തു. (ഉല്‌പത്തി 12:⁠11-20) തന്റെ പുത്രിമാരും സമാനമായി സംരക്ഷിക്കപ്പെടുമെന്നു ലോത്ത്‌ വിശ്വസിച്ചിരിക്കാൻ സാധ്യതയുണ്ട്‌. ശ്രദ്ധേയമായി, യഹോവ തന്റെ ദൂതന്മാർ മുഖാന്തരം പ്രശ്‌നത്തിൽ ഇടപെടുകതന്നെ ചെയ്‌തു, അങ്ങനെ പെൺകുട്ടികൾ സംരക്ഷിക്കപ്പെട്ടു.

16, 17. (എ) ലോത്ത്‌ സൊദോമിലെ പുരുഷന്മാരെ ഞെട്ടിക്കാനും ആശയക്കുഴപ്പത്തിലാക്കാനും ശ്രമിക്കുകയായിരുന്നിരിക്കാം എന്നു പറയാൻ കഴിയുന്നത്‌ എന്തുകൊണ്ട്‌? (ബി) ലോത്തിന്റെ ന്യായവാദം എന്തുതന്നെയായിരുന്നാലും നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

16 മറ്റൊരു സാധ്യത പരിഗണിക്കുക. ലോത്ത്‌ ആ പുരുഷാരത്തെ ഞെട്ടിക്കാനും ആശയക്കുഴപ്പത്തിലാക്കാനും ശ്രമിക്കുകയായിരുന്നിരിക്കാം. സൊദോമ്യർ ‘പ്രകൃതിവിരുദ്ധ’ ലൈംഗികതയിൽ അഥവാ സ്വവർഗരതിയിൽ അഭിരമിക്കുന്നവർ ആകയാൽ തന്റെ പെൺമക്കളെ അവർ ആഗ്രഹിക്കുകയില്ലെന്ന്‌ അവൻ വിശ്വസിച്ചിരുന്നിരിക്കാം. (യൂദാ 7, NW) മാത്രമല്ല, ആ നഗരത്തിലെതന്നെ രണ്ടു ചെറുപ്പക്കാരുമായി ആ പെൺകുട്ടികളുടെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ വ്യാപാരപങ്കാളികളോ ആൾക്കൂട്ടത്തിൽ ഉണ്ടായിരിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. (ഉല്‌പത്തി 19:⁠14) അവരിലാരെങ്കിലും തന്റെ പെൺമക്കൾക്കുവേണ്ടി സംസാരിക്കുമെന്ന്‌ ലോത്ത്‌ പ്രതീക്ഷിച്ചിരിക്കാം. അത്തരത്തിലൊരു ചേരിതിരിവ്‌ ഉണ്ടായാൽപ്പിന്നെ ജനക്കൂട്ടത്തെ അത്ര പേടിക്കേണ്ടതില്ലായിരുന്നു. *

17 ലോത്തിന്റെ ന്യായവാദങ്ങളും ആന്തരവും എന്തുതന്നെ ആയിരുന്നാലും ഒരു കാര്യം സംബന്ധിച്ച്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും: യഹോവ എല്ലായ്‌പോഴും ശരി മാത്രം പ്രവർത്തിക്കുന്നവനാകയാൽ ലോത്തിനെ ‘നീതിമാൻ’ ആയി വീക്ഷിക്കുന്നതിന്‌ അവനു നല്ല കാരണങ്ങൾ ഉണ്ടായിരുന്നിരിക്കണം. സൊദോമിലെ സമനിലതെറ്റിയ ജനക്കൂട്ടത്തിന്റെ പ്രവൃത്തികളുടെ വീക്ഷണത്തിൽ, ആ ദുഷ്ട നഗരത്തിന്മേൽ ന്യായവിധി നടപ്പാക്കിയത്‌ യഹോവയുടെ ഭാഗത്തെ പരിപൂർണ നീതിയാണെന്നതിൽ എന്തെങ്കിലും സംശയം ഉണ്ടായിരിക്കാവുന്നതാണോ?​—⁠ഉല്‌പത്തി 19:⁠23-25.

യഹോവ ഉസ്സായെ സംഹരിച്ചത്‌ എന്തുകൊണ്ട്‌?

18. (എ) നിയമപെട്ടകം യെരൂശലേമിലേക്കു കൊണ്ടുവരാൻ ദാവീദ്‌ ശ്രമിച്ചപ്പോൾ എന്തു സംഭവിച്ചു? (ബി) ഈ വിവരണം എന്തു ചോദ്യം ഉയർത്തുന്നു?

18 ചിലരെ കുഴപ്പിക്കുന്ന മറ്റൊരു വിവരണം നിയമപെട്ടകം യെരൂശലേമിലേക്കു കൊണ്ടുവരാൻ ദാവീദ്‌ നടത്തിയ ശ്രമവുമായി ബന്ധപ്പെട്ടുള്ളതാണ്‌. നിയമപെട്ടകം ഒരു കാളവണ്ടിയിലാണു കയറ്റിയിരുന്നത്‌. ഉസ്സായും സഹോദരനുമാണ്‌ വണ്ടിതെളിച്ചിരുന്നത്‌. ബൈബിൾ പ്രസ്‌താവിക്കുന്നു: “അവർ നാഖോന്റെ കളത്തിങ്കൽ എത്തിയപ്പോൾ കാള വിരണ്ടതുകൊണ്ടു ഉസ്സാ കൈനീട്ടി ദൈവത്തിന്റെ പെട്ടകം പിടിച്ചു. അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം [‘അനാദരവ്‌,’ പി.ഒ.സി. ബൈബിൾ] നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു; അവൻ അവിടെ ദൈവത്തിന്റെ പെട്ടകത്തിന്റെ അടുക്കൽവെച്ചു മരിച്ചു.” ഏതാനും മാസങ്ങൾക്കുശേഷം ദൈവം നിർദേശിച്ച രീതിയിൽ കാര്യങ്ങൾ ചെയ്‌തപ്പോൾ, അതായത്‌ കെഹാത്യ ലേവ്യർ പെട്ടകം തോളിൽ വഹിച്ചുകൊണ്ടുപോയപ്പോൾ ശ്രമം വിജയിച്ചു. (2 ശമൂവേൽ 6:⁠6, 7; സംഖ്യാപുസ്‌തകം 4:⁠15; 7:⁠9; 1 ദിനവൃത്താന്തം 15:⁠1-14) ചിലർ ചോദിച്ചേക്കാം: ‘യഹോവ അത്ര ശക്തമായി പ്രതികരിച്ചത്‌ എന്തുകൊണ്ടാണ്‌? പെട്ടകം മറിഞ്ഞുപോകാതിരിക്കാൻ അതു പിടിക്കുകമാത്രമല്ലേ ഉസ്സാ ചെയ്‌തുള്ളൂ?’ തെറ്റായ നിഗമനത്തിലെത്താതിരിക്കാൻ നാം സഹായകമായ ചില വിവരങ്ങൾ പരിചിന്തിക്കുന്നതു നന്നായിരിക്കും.

19. നീതികേടു പ്രവർത്തിക്കുക യഹോവയ്‌ക്ക്‌ അസാധ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 നീതികേടു പ്രവർത്തിക്കുക യഹോവയ്‌ക്ക്‌ അസാധ്യമാണെന്നു നാം ഓർത്തിരിക്കേണ്ടതുണ്ട്‌. (ഇയ്യോബ്‌ 34:⁠10) അങ്ങനെ ചെയ്യുന്നത്‌ അവനെ സംബന്ധിച്ചിടത്തോളം സ്‌നേഹമില്ലായ്‌മയായിരിക്കും. എന്നാൽ “ദൈവം സ്‌നേഹം തന്നേ” എന്ന്‌ ബൈബിൾ പഠനത്തിലൂടെ നാം മനസ്സിലാക്കിയിട്ടുണ്ട്‌. (1 യോഹന്നാൻ 4:⁠8) മാത്രമല്ല, “നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു” എന്നുംകൂടെ തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. (സങ്കീർത്തനം 89:⁠14) അപ്പോൾപ്പിന്നെ അവന്‌ അനീതി പ്രവർത്തിക്കാൻ കഴിയുന്നതെങ്ങനെ? അങ്ങനെ ചെയ്യുന്നത്‌ അവൻ സ്വന്തം പരമാധികാരത്തിന്റെ അടിത്തറ തകർക്കുന്നതിനു തുല്യമായിരിക്കും.

20. പെട്ടകം സംബന്ധിച്ച ചട്ടങ്ങൾ ഉസ്സാ അറിഞ്ഞിരിക്കേണ്ടിയിരുന്നത്‌ ഏതു കാരണങ്ങളാൽ?

20 ഉസ്സാ ന്യായപ്രമാണം നന്നായി അറിഞ്ഞിരിക്കേണ്ടിയിരുന്നു എന്നതു മനസ്സിൽപ്പിടിക്കുക. നിയമപെട്ടകം യഹോവയുടെ സാന്നിധ്യത്തെ പ്രതിനിധീകരിച്ചു. അധികാരപ്പെടുത്തിയിട്ടില്ലാത്ത ആരും അതിൽ തൊടരുതെന്നും നിയമലംഘികൾ മരണശിക്ഷയ്‌ക്ക്‌ അർഹരായിരിക്കുമെന്നും ന്യായപ്രമാണം വ്യക്തമാക്കിയിരുന്നു. (സംഖ്യാപുസ്‌തകം 4:⁠18-20; 7:⁠89) അതുകൊണ്ട്‌ നിയമപെട്ടകം മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുന്നതു ലാഘവത്തോടെ കാണേണ്ടിയിരുന്ന ഒരു കാര്യമായിരുന്നില്ല. ഉസ്സാ (ഒരു പുരോഹിതനല്ലായിരുന്നെങ്കിലും) വ്യക്തമായും ഒരു ലേവ്യനായിരുന്നു, അതുകൊണ്ട്‌ അവൻ ന്യായപ്രമാണവുമായി പരിചിതനായിരിക്കേണ്ടിയിരുന്നു. കൂടാതെ, വർഷങ്ങൾക്കുമുമ്പ്‌ പെട്ടകം സുരക്ഷിതമായി വെക്കുന്നതിന്‌ അവന്റെ പിതാവിന്റെ ഭവനത്തിലേക്കു മാറ്റിയിരുന്നു. (1 ശമൂവേൽ 6:20-7:1) ദാവീദ്‌ പെട്ടകം അവിടെനിന്നു മാറ്റാൻ തീരുമാനിക്കുന്നതുവരെ, അതായത്‌ ഏകദേശം 70 വർഷം പെട്ടകം അവിടെത്തന്നെയായിരുന്നു. അതുകൊണ്ട്‌ ചെറുപ്പംമുതൽത്തന്നെ പെട്ടകം സംബന്ധിച്ച നിയമങ്ങൾ ഉസ്സായ്‌ക്ക്‌ അറിയാമായിരുന്നിരിക്കണം.

21. ഉസ്സായുടെ കാര്യത്തിൽ, യഹോവ ആന്തരങ്ങൾ ശോധനചെയ്യുന്നു എന്നത്‌ ഓർത്തിരിക്കുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

21 മുമ്പു പരാമർശിച്ചതുപോലെ യഹോവയ്‌ക്കു ഹൃദയങ്ങൾ പരിശോധിക്കാൻ കഴിയും. ഉസ്സായുടെ പ്രവൃത്തിയെ ‘അനാദരവ്‌’ ആയി ബൈബിൾ വിശേഷിപ്പിക്കുന്നതിനാൽ, വിവരണത്തിൽ എടുത്തു പറഞ്ഞിട്ടില്ലാത്ത എന്തെങ്കിലും സ്വാർഥ താത്‌പര്യം യഹോവ ഉസ്സായിൽ കണ്ടിട്ടുണ്ടായിരിക്കണം. ഉസ്സാ പരിധികൾ ലംഘിക്കാൻ ചായ്‌വു കാണിച്ചിരുന്ന ഒരു അഹങ്കാരിയായിരുന്നോ? (സദൃശവാക്യങ്ങൾ 11:⁠2) തന്റെ കുടുംബത്തിൽ സൂക്ഷിച്ചിരുന്ന നിയമപെട്ടകവുമായി ജനമധ്യത്തിലൂടെ പോകുന്നത്‌ അവനെ നിഗളിപ്പിച്ചുവോ? (സദൃശവാക്യങ്ങൾ 8:⁠13) തന്റെ സാന്നിധ്യത്തെ പ്രതിനിധാനം ചെയ്യുന്ന നിയമപെട്ടകം വീണുപോകാതെ തടയാൻ പ്രാപ്‌തിയില്ലാതവണ്ണം യഹോവയുടെ കൈ കുറുകിപ്പോയെന്ന്‌ ഉസ്സാ വിചാരിച്ചുവോ? അങ്ങനെ വിചാരിക്കാൻ മാത്രം അത്ര വിശ്വാസമില്ലാത്ത ഒരു വ്യക്തിയായിരുന്നോ അവൻ? അത്‌ എന്തുതന്നെയായാലും യഹോവ ചെയ്‌തത്‌ ഉചിതമായിരുന്നെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. പെട്ടെന്നു ന്യായംവിധിക്കത്തവണ്ണം, അവന്റെ ഹൃദയത്തിലുള്ള ചിലത്‌ യഹോവ കണ്ടിരിക്കണം.​—⁠സദൃശവാക്യങ്ങൾ 21:⁠2.

വിശ്വാസമർപ്പിക്കാൻ ഒരു ഉറച്ച അടിസ്ഥാനം

22. യഹോവയുടെ വചനം ചിലപ്പോൾ ചില വിശദാംശങ്ങൾ ഒഴിവാക്കുന്നതിൽ അവന്റെ ജ്ഞാനം പ്രകടമാകുന്നത്‌ എങ്ങനെ?

22 യഹോവയുടെ വചനം ചില സന്ദർഭങ്ങളിൽ ചില വിശദാംശങ്ങൾ ഒഴിവാക്കുന്നുവെന്നത്‌ അവന്റെ അനുപമമായ ജ്ഞാനത്തിന്റെ പ്രകടനമാണ്‌. കാരണം അതുവഴി, നാം അവനിൽ വിശ്വാസമർപ്പിക്കുന്നെന്നു കാണിക്കുന്നതിനുള്ള ഒരു അവസരം നൽകുകയാണ്‌ അവൻ ചെയ്യുന്നത്‌. യഹോവയുടെ ന്യായവിധികൾ ഉചിതമാണെന്ന്‌ അംഗീകരിക്കുന്നതിന്‌ നമുക്കു ശക്തമായ കാരണങ്ങളുണ്ടെന്നു നാം പരിചിന്തിച്ചുകഴിഞ്ഞ കാര്യങ്ങളിൽനിന്നു വ്യക്തമല്ലേ? അതേ, ആത്മാർഥ ഹൃദയത്തോടെയും തുറന്ന മനസ്സോടെയും നാം ദൈവവചനം പഠിക്കുമ്പോൾ, യഹോവ എല്ലായ്‌പോഴും ന്യായവും നീതിയും മാത്രമേ പ്രവർത്തിക്കുകയുള്ളുവെന്ന്‌ നമ്മെ ബോധ്യപ്പെടുത്തുന്ന നിരവധി കാര്യങ്ങൾ നാം ഗ്രഹിക്കും. അതുകൊണ്ട്‌ ചില ബൈബിൾ വിവരണങ്ങൾ നമുക്കു കൃത്യമായ ഉത്തരം പെട്ടെന്നു കണ്ടുപിടിക്കാനാവാത്ത ചോദ്യങ്ങൾ ഉയർത്തുമ്പോഴും, യഹോവ ശരിയായതുതന്നെയാണു പ്രവർത്തിച്ചിരിക്കുന്നതെന്ന കാര്യത്തിൽ നമുക്കു പൂർണ വിശ്വാസം പുലർത്താം.

23. ഭാവിയിൽ യഹോവ ചെയ്യാൻപോകുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാനാകും?

23 ഭാവിയിൽ യഹോവ ചെയ്യാൻപോകുന്ന കാര്യങ്ങൾ സംബന്ധിച്ചും നമുക്കു സമാനമായ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും. ആസന്നമായ മഹോപദ്രവത്തിങ്കൽ ന്യായവിധി നിർവഹണത്തിനായി വരുമ്പോൾ അവൻ ‘ദുഷ്ടനോടുകൂടെ നീതിമാനെയും സംഹരിക്കുക’യില്ലെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാവുന്നതാണ്‌. (ഉല്‌പത്തി 18:⁠23) നീതിയോടും ന്യായത്തോടും ഉള്ള സ്‌നേഹം മറ്റൊരു വിധത്തിൽ പ്രവർത്തിക്കാൻ ഒരുനാളും അവനെ അനുവദിക്കുകയില്ല. ആഗതമാകുന്ന പുതിയ ലോകത്തിൽ സാധ്യമാകുന്ന ഏറ്റവും മികച്ച വിധത്തിൽ അവൻ നമ്മുടെ ആവശ്യങ്ങളെല്ലാം തൃപ്‌തിപ്പെടുത്തുമെന്നതിലും നമുക്കു പൂർണമായ ഉറപ്പുണ്ടായിരിക്കാൻ കഴിയും.​—⁠സങ്കീർത്തനം 145:⁠16.

[അടിക്കുറിപ്പുകൾ]

^ ഖ. 15 അബ്രാഹാമിന്റെ ഭയം അടിസ്ഥാനരഹിതമായിരുന്നില്ല. പടയാളികളെ അയച്ച്‌ സുന്ദരിയായ ഒരു സ്‌ത്രീയെ പിടികൂടുകയും അവളുടെ ഭർത്താവിനെ വധിക്കുകയും ചെയ്‌ത ഒരു ഫറവോനെപ്പറ്റി ഒരു പുരാതന പപ്പൈറസ്‌ പറയുന്നു.

^ ഖ. 16 കൂടുതൽ വിവരങ്ങൾക്ക്‌ 1979 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്‌) 31-ാം പേജ്‌ കാണുക.

നിങ്ങൾ ഓർമിക്കുന്നുവോ?

• യഹോവയുടെ ന്യായവിധികൾ ഉചിതമാണെന്ന്‌ അംഗീകരിക്കുന്നതിന്‌ നമുക്ക്‌ ഏതു കാരണങ്ങളുണ്ട്‌?

• ലോത്ത്‌ തന്റെ പെൺമക്കളെ ജനക്കൂട്ടത്തിനു വിട്ടുകൊടുക്കാമെന്നു പറഞ്ഞതു സംബന്ധിച്ച്‌ തെറ്റായ നിഗമനത്തിൽ എത്തിച്ചേരാ തിരിക്കാൻ എന്തു നമ്മെ സഹായിക്കും?

• യഹോവ ഉസ്സായെ സംഹരിച്ചതിന്റെ കാരണം മനസ്സിലാക്കാൻ ഏതു വസ്‌തുതകൾ നമ്മെ സഹായിക്കും?

• ഭാവിയിൽ യഹോവ ചെയ്യാൻപോകുന്ന കാര്യങ്ങൾ സംബന്ധിച്ച്‌ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?

[അധ്യയന ചോദ്യങ്ങൾ]