വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വിലയേറിയ ഒരു മുത്ത്‌ കണ്ടെത്തുമ്പോൾ’

‘വിലയേറിയ ഒരു മുത്ത്‌ കണ്ടെത്തുമ്പോൾ’

വിലയേറിയ ഒരു മുത്ത്‌ കണ്ടെത്തുമ്പോൾ’

“മനുഷ്യർ പ്രയത്‌നിക്കുന്നത്‌ സ്വർഗരാജ്യം എന്ന ലക്ഷ്യത്തിൽ എത്താനാണ്‌, പ്രയത്‌നിച്ചു മുന്നേറുന്നവരോ അതു കൈവശമാക്കുകയും ചെയ്യുന്നു.”​—⁠മത്തായി 11:⁠12, NW.

1, 2. (എ) രാജ്യത്തെക്കുറിച്ചുള്ള ദൃഷ്ടാന്തങ്ങളിലൊന്നിൽ ഏത്‌ അപൂർവ ഗുണമാണ്‌ യേശു ചിത്രീകരിച്ചത്‌? (ബി) വിലയേറിയ മുത്തിനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ യേശു എന്താണു പറഞ്ഞത്‌?

ഉള്ളതെല്ലാം ത്യജിച്ചിട്ടായാൽപ്പോലും നേടിയെടുക്കത്തക്ക മൂല്യമുള്ളതായി നിങ്ങൾ കരുതുന്ന എന്തെങ്കിലുമുണ്ടോ? പണം, പ്രശസ്‌തി, അധികാരം, സ്ഥാനമാനങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ നേടാനായി സ്വയം ഉഴിഞ്ഞുവെക്കുന്നതിനെക്കുറിച്ച്‌ ആളുകൾ പറയാറുണ്ടെങ്കിലും, താൻ അത്യന്തം മൂല്യവത്തായി കരുതുന്ന ഒരു സംഗതിക്കുവേണ്ടി ഉള്ളതെല്ലാം വെടിയാൻ ഒരു വ്യക്തി സന്നദ്ധനാകുന്നത്‌ അത്യപൂർവമാണ്‌. അപൂർവമെങ്കിലും അഭികാമ്യമായ ഈ ഗുണത്തെക്കുറിച്ച്‌, ദൈവരാജ്യത്തെ സംബന്ധിക്കുന്ന തന്റെ ചിന്തോദ്ദീപകമായ ദൃഷ്ടാന്തങ്ങളിലൊന്നിൽ യേശു പരാമർശിച്ചു.

2 വിലയേറിയ മുത്തിനെക്കുറിച്ചുള്ള ഈ ദൃഷ്ടാന്തം അഥവാ ഉപമ യേശു ശിഷ്യന്മാരോടു മാത്രമായാണു പറഞ്ഞത്‌. അവൻ പറഞ്ഞ ഉപമ ഇതാണ്‌: “സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു [“സഞ്ചാരവ്യാപാരിയോട്‌,” NW] സദൃശം. അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു [“ഉടനെ ചെന്ന്‌,” NW] തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.” (മത്തായി 13:⁠36, 45, 46) ഈ ഉപമയിൽനിന്ന്‌ തന്റെ കേൾവിക്കാർ എന്തു മനസ്സിലാക്കാനാണ്‌ യേശു ആഗ്രഹിച്ചത്‌? അവന്റെ വാക്കുകളിൽനിന്നു നമുക്ക്‌ എങ്ങനെ പ്രയോജനം നേടാൻ കഴിയും?

മുത്തുകളുടെ ഉയർന്ന മൂല്യം

3. പുരാതന കാലത്ത്‌ നല്ല മുത്തുകൾ വളരെ വിലപിടിപ്പുള്ളവ ആയിരുന്നത്‌ എന്തുകൊണ്ട്‌?

3 പുരാതനകാലം മുതൽത്തന്നെ മുത്തുകൾ വിലപിടിപ്പുള്ള അലങ്കാരവസ്‌തുക്കളായി കണക്കാക്കപ്പെട്ടിരുന്നു. “വിലപിടിപ്പുള്ള വസ്‌തുക്കളിൽ അത്യുന്നതസ്ഥാനം” മുത്തുകൾക്കാണെന്ന അഭിപ്രായമാണ്‌ റോമൻ പണ്ഡിതനായ പ്ലിനി ദി എൽഡർക്ക്‌ ഉണ്ടായിരുന്നതെന്ന്‌ ഒരു ഉറവിടം പറയുന്നു. സ്വർണം, വെള്ളി, രത്‌നക്കല്ലുകൾ എന്നിവയിൽനിന്നു വ്യത്യസ്‌തമായി മുത്തുകൾ ഉണ്ടാകുന്നത്‌ ജീവികളിൽനിന്നാണ്‌. ചില ചിപ്പികൾക്ക്‌, അവയുടെ ശരീരത്തിൽ കടന്നുകൂടി അസഹ്യപ്പെടുത്തുന്ന വസ്‌തുക്കളെ​—⁠ഉദാഹരണത്തിന്‌ മൺതരികളെ​—⁠ഒരുതരം സ്രവത്താൽ പൊതിഞ്ഞ്‌ തിളങ്ങുന്ന മുത്തുകളാക്കിമാറ്റാൻ കഴിയുമെന്നതു പരക്കെ അറിയപ്പെടുന്ന ഒരു കാര്യമാണ്‌. പുരാതന കാലങ്ങളിൽ ഏറ്റവും നല്ല മുത്തുകൾ ലഭിച്ചിരുന്നത്‌ ചെങ്കടൽ, പേർഷ്യൻ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽനിന്ന്‌ ആയിരുന്നു. ഇവയാകട്ടെ ഇസ്രായേലിൽനിന്നു വളരെയകലെ ആയിരുന്നുതാനും. സംശയലേശമെന്യേ, അതുകൊണ്ടാണ്‌ യേശു ‘നല്ല മുത്ത്‌ അന്വേഷിക്കുന്ന സഞ്ചാരവ്യാപാരി’യെക്കുറിച്ചു പറഞ്ഞത്‌. യഥാർഥ മൂല്യമുള്ള മുത്തുകൾ കണ്ടെത്തുന്നതിൽ വളരെയധികം പ്രയത്‌നം ഉൾപ്പെട്ടിട്ടുണ്ട്‌.

4. സഞ്ചാരവ്യാപാരിയുടെ ഉപമയിലെ മുഖ്യാശയമെന്ത്‌?

4 നല്ല മുത്തുകൾ പുരാതനകാലം മുതലേ വിലപിടിപ്പുള്ളവ ആയിരുന്നെങ്കിലും യേശുവിന്റെ ഉപമയിലെ മുഖ്യാശയം വ്യക്തമായും മുത്തുകളുടെ പണപരമായ മൂല്യത്തെ കേന്ദ്രീകരിച്ചുള്ളതല്ല. ഈ ദൃഷ്ടാന്തത്തിൽ യേശു സ്വർഗരാജ്യത്തെ കേവലം വിലയേറിയ ഒരു മുത്തിനോട്‌ ഉപമിക്കുകയല്ല; ‘നല്ല മുത്ത്‌ അന്വേഷിക്കുന്ന ഒരു സഞ്ചാരവ്യാപാരി’യിലേക്ക്‌ അവൻ ശ്രോതാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. മുത്ത്‌ തേടി സഞ്ചരിക്കുന്ന ഒരു വ്യാപാരി ഒരു സാധാരണ കച്ചവടക്കാരനെപ്പോലെയല്ല, അയാൾ ഈ ഇടപാടിൽ വൈദഗ്‌ധ്യം നേടിയ ആളാണ്‌. ഒരു മുത്തിനെ അനുപമമാക്കുന്ന അതിന്റെ അലങ്കാരമൂല്യവും ഒളിഞ്ഞിരിക്കുന്ന ഗുണവിശേഷതകളും തിരിച്ചറിയാനുള്ള പ്രാപ്‌തി അഥവാ നിരീക്ഷണപാടവം അയാൾക്കുണ്ട്‌. യഥാർഥ മുത്ത്‌ നോക്കിയെടുക്കാൻ അയാൾക്കറിയാം, ഗുണമേന്മ കുറഞ്ഞതോ വ്യാജമോ ആയ ഉത്‌പന്നങ്ങളാൽ അയാൾ കബളിപ്പിക്കപ്പെടുകയില്ല.

5, 6. (എ) യേശുവിന്റെ ഉപമയിലെ വ്യാപാരിയെക്കുറിച്ച്‌ വിശേഷാൽ ശ്രദ്ധേയമായിട്ടുള്ളത്‌ എന്താണ്‌? (ബി) വയലിൽ ഒളിച്ചുവെച്ച നിധിയെക്കുറിച്ചുള്ള ഉപമ സഞ്ചാരവ്യാപാരിയെ സംബന്ധിച്ച്‌ എന്തു വെളിപ്പെടുത്തുന്നു?

5 ഈ വ്യാപാരിയെക്കുറിച്ചു ശ്രദ്ധേയമായ മറ്റൊരു കാര്യംകൂടി ഉണ്ട്‌. ഒരു സാധാരണ വ്യാപാരി, ഒരുപക്ഷേ ആദ്യംതന്നെ മുത്തിന്റെ കമ്പോളവില കണക്കുകൂട്ടുകയായിരിക്കും ചെയ്യുന്നത്‌. വിൽക്കുമ്പോൾ ലാഭം കിട്ടത്തക്കവിധം എന്തു വിലയ്‌ക്ക്‌ ആ മുത്ത്‌ വാങ്ങാമെന്നു തീരുമാനിക്കാനാണ്‌ ഇത്‌. പെട്ടെന്നു വിറ്റഴിക്കാൻ സാധിക്കുമാറ്‌ അത്തരം മുത്തിന്‌ കമ്പോളത്തിൽ ഡിമാന്റുണ്ടോ എന്നതും അയാൾ കണക്കിലെടുക്കാനിടയുണ്ട്‌. മറ്റു വാക്കുകളിൽ പറഞ്ഞാൽ, മുത്ത്‌ സ്വന്തമാക്കുന്നതിലല്ല, പണമിറക്കി പെട്ടെന്നൊരു ലാഭമുണ്ടാക്കുന്നതിലാണ്‌ അയാളുടെ ശ്രദ്ധ. എന്നാൽ യേശുവിന്റെ ദൃഷ്ടാന്തത്തിലെ വ്യാപാരിയെ സംബന്ധിച്ചിടത്തോളം അതല്ല സംഗതി. അയാളുടെ ഉന്നം സാമ്പത്തികമോ ഭൗതികമോ ആയ നേട്ടമല്ല. താൻ തേടിക്കൊണ്ടിരുന്ന വസ്‌തുവിനു പകരമായി “തനിക്കുള്ളതൊക്കെയും” ഒരുപക്ഷേ, തന്റെ മുഴുവൻ ആസ്‌തികളും വസ്‌തുവകകളും നൽകാൻ അയാൾ തയ്യാറാണ്‌.

6 യേശുവിന്റെ ഉപമയിലെ മനുഷ്യന്റെ പ്രവൃത്തി മിക്ക വ്യാപാരികളുടെയും കണ്ണിൽ വിഡ്‌ഢിത്തമായിരിക്കാം. കുശാഗ്രബുദ്ധിയായ ഒരു കച്ചവടക്കാരൻ ഇങ്ങനെയുള്ള ഒരു സംരംഭത്തിന്‌ ഒരിക്കലും മുതിരുകയില്ല. എന്നാൽ യേശുവിന്റെ ഉപമയിലെ വ്യാപാരി, മൂല്യങ്ങൾ സംബന്ധിച്ച്‌ വ്യത്യസ്‌തമായൊരു വീക്ഷണമാണു വെച്ചുപുലർത്തിയിരുന്നത്‌. എന്തെങ്കിലും സാമ്പത്തിക നേട്ടമായിരുന്നില്ല, മറിച്ച്‌ അതീവ മൂല്യവത്തായ എന്തെങ്കിലും സ്വന്തമാക്കുന്നതിലുള്ള സന്തോഷവും സംതൃപ്‌തിയും ആയിരുന്നു അയാളുടെ പ്രതിഫലം. യേശു പറഞ്ഞ മറ്റൊരു ദൃഷ്ടാന്തത്തിൽ ഈ ആശയം വ്യക്തമാക്കിയിട്ടുണ്ട്‌. അവൻ പറഞ്ഞു: “സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.” (മത്തായി 13:⁠44) അതേ, നിധി കണ്ടെത്തുകയും അതു സ്വന്തമാക്കുകയും ചെയ്യുന്നതിൽനിന്ന്‌ ഉളവാകുന്ന സന്തോഷം, തനിക്കുള്ളതെല്ലാം നഷ്ടപ്പെടുത്താൻ ആ മനുഷ്യനെ പ്രേരിപ്പിച്ചു. അത്തരം വ്യക്തികൾ ഇന്നുണ്ടോ? അത്തരമൊരു ത്യാഗത്തിനു തക്ക മൂല്യമുള്ള നിധി ഇന്നുണ്ടോ?

ഉയർന്നമൂല്യം വിലമതിച്ചവർ

7. താൻ രാജ്യത്തിന്റെ ഉന്നതമൂല്യം അതിയായി വിലമതിക്കുന്നുവെന്ന്‌ യേശു പ്രകടിപ്പിച്ചത്‌ എങ്ങനെ?

7 ഈ ഉപമയിലൂടെ യേശു “സ്വർഗ്ഗരാജ്യ”ത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. രാജ്യത്തിന്റെ ഉന്നതമൂല്യത്തെ വിലമതിച്ച ഒരു വ്യക്തിയായിരുന്നു യേശു. ആ വസ്‌തുതയ്‌ക്ക്‌ തിരുവെഴുത്തു വിവരണങ്ങൾ ശക്തമായ സാക്ഷ്യം വഹിക്കുന്നു. പൊതുയുഗം (പൊ.യു.) 29-ൽ സ്‌നാപനമേറ്റശേഷം യേശു, “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പ്രസംഗിച്ചുതുടങ്ങി.” മൂന്നര വർഷക്കാലം അവൻ നിരവധി ആളുകളെ രാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു. “ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും,” ദേശം മുഴുവൻ, അവൻ ചുറ്റിസഞ്ചരിച്ചു.​—⁠മത്തായി 4:⁠17; ലൂക്കൊസ്‌ 8:⁠1.

8. ദൈവരാജ്യം ഭാവിയിൽ ചെയ്യാനിരിക്കുന്ന കാര്യങ്ങളുടെ ഒരു പൂർവവീക്ഷണം യേശു നൽകിയത്‌ എങ്ങനെ?

8 പ്രദേശത്തുടനീളം നിരവധി അത്ഭുതങ്ങൾ ചെയ്‌തുകൊണ്ട്‌​—⁠രോഗികളെ സൗഖ്യമാക്കുകയും വിശക്കുന്നവർക്ക്‌ ആഹാരം നൽകുകയും പ്രകൃതിശക്തികളെ നിയന്ത്രിക്കുകയും മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്‌തുകൊണ്ട്‌​—⁠ദൈവരാജ്യം ഭാവിയിൽ ചെയ്യാനിരിക്കുന്ന കാര്യങ്ങളുടെ ഒരു പൂർവവീക്ഷണം യേശു നൽകി. (മത്തായി 14:⁠14-21; മർക്കൊസ്‌ 4:⁠37-39; ലൂക്കൊസ്‌ 7:⁠11-17) ഒടുവിൽ തന്റെ ജീവൻ നൽകിക്കൊണ്ട്‌, ദണ്ഡനസ്‌തംഭത്തിൽ ഒരു രക്തസാക്ഷിയായി മരിച്ചുകൊണ്ട്‌, അവൻ ദൈവത്തോടും ദൈവരാജ്യത്തോടും ഉള്ള വിശ്വസ്‌തത തെളിയിച്ചു. ‘വിലയേറിയ മുത്തിനു’വേണ്ടി തനിക്കുള്ളതെല്ലാം മനസ്സോടെ ത്യജിച്ച സഞ്ചാരവ്യാപാരിയെപ്പോലെ, യേശു ദൈവരാജ്യത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്‌തു.​—⁠യോഹന്നാൻ 18:⁠37.

9. യേശുവിന്റെ ആദിമ ശിഷ്യന്മാർ അപൂർവമായ ഏതു ഗുണം പ്രകടിപ്പിച്ചു?

9 യേശു തന്റെ ജീവിതം രാജ്യത്തിൽ കേന്ദ്രീകരിച്ചുവെന്നു മാത്രമല്ല, ഒരു ചെറിയ കൂട്ടം അനുയായികളെ കൂട്ടിച്ചേർക്കുകയും ചെയ്‌തു. ഇവരും രാജ്യത്തിന്റെ ഉയർന്ന മൂല്യം വളരെയേറെ വിലമതിച്ചിരുന്നു. അവരിൽ ഒരുവനായിരുന്നു യോഹന്നാൻ സ്‌നാപകന്റെ ശിഷ്യനായിരുന്ന അന്ത്രെയാസ്‌. യേശു ‘ദൈവത്തിന്റെ കുഞ്ഞാട്‌’ ആണെന്ന യോഹന്നാന്റെ സാക്ഷ്യം കേട്ടപ്പോൾ അന്ത്രെയാസും യോഹന്നാൻ സ്‌നാപകന്റെ മറ്റൊരു ശിഷ്യനും​—⁠സാധ്യതയനുസരിച്ച്‌ സെബദിയുടെ പുത്രന്മാരിലൊരുവനായ യോഹന്നാൻ​—⁠തത്‌ക്ഷണം യേശുവിലേക്ക്‌ ആകർഷിക്കപ്പെടുകയും അവനിൽ വിശ്വസിക്കുകയും ചെയ്‌തു. അതൊരു തുടക്കം മാത്രമായിരുന്നു. അന്ത്രെയാസ്‌ നേരെ തന്റെ സഹോദരനായ ശിമോന്റെയടുത്തുചെന്ന്‌ “ഞങ്ങൾ മശീഹയെ . . . കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. വളരെ പെട്ടെന്നുതന്നെ ശിമോനും (പിന്നീട്‌ കേഫാ അഥവാ പത്രൊസ്‌ എന്ന്‌ അറിയപ്പെട്ടു) ഫിലിപ്പൊസും അവന്റെ സ്‌നേഹിതനായ നഥനയേലും യേശു മിശിഹാ ആണെന്നു തിരിച്ചറിഞ്ഞു. “നീ ദൈവപുത്രൻ, നീ യിസ്രായേലിന്റെ രാജാവ്‌” എന്ന്‌ യേശുവിനോടു പറയാൻ നഥനയേൽ പ്രേരിതനായി.—⁠യോഹന്നാൻ 1:⁠35-49.

പ്രവർത്തനത്തിനു പ്രചോദിതർ

10. ആദ്യത്തെ കണ്ടുമുട്ടലിനുശേഷം കുറച്ചു നാൾ കഴിഞ്ഞ്‌ വീണ്ടും യേശു തങ്ങളെ വന്നു വിളിച്ചപ്പോൾ ശിഷ്യന്മാർ പ്രതികരിച്ചത്‌ എങ്ങനെ?

10 മിശിഹായെ കണ്ടെത്തിയപ്പോൾ അന്ത്രെയാസിനും പത്രൊസിനും യോഹന്നാനും മറ്റുള്ളവർക്കും അനുഭവപ്പെട്ട ആവേശത്തെ വിലയേറിയ മുത്ത്‌ കണ്ടെത്തിയ സഞ്ചാരവ്യാപാരിയുടെ വികാരങ്ങളോടു താരതമ്യപ്പെടുത്താവുന്നതാണ്‌. അവരിപ്പോൾ എന്തു ചെയ്യും? യേശുവുമായുള്ള ആദ്യത്തെ കണ്ടുമുട്ടലിനുശേഷം ഉടനെ അവർ എന്തുചെയ്‌തുവെന്നതു സംബന്ധിച്ച്‌ ബൈബിൾ അധികമൊന്നും പറയുന്നില്ല. അവരിൽ മിക്കവരും തങ്ങളുടെ മുൻജീവിതഗതിയിലേക്കു മടങ്ങിപ്പോയതായി കാണപ്പെടുന്നു. എന്നാൽ ഏകദേശം ആറു മാസത്തിനും ഒരു വർഷത്തിനും ഇടയിൽ യേശു ഒരിക്കൽക്കൂടി അന്ത്രെയാസിനെയും പത്രൊസിനെയും യോഹന്നാനെയും അവന്റെ സഹോദരനായ യാക്കോബിനെയും കണ്ടുമുട്ടി. അവർ അപ്പോൾ ഗലീലക്കടലിൽ മീൻപിടിത്തത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. * അവരെ കണ്ടപ്പോൾ യേശു പറഞ്ഞു: “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.” അവരുടെ പ്രതികരണം എന്തായിരുന്നു? പത്രൊസിനെയും അന്ത്രെയാസിനെയും കുറിച്ച്‌ മത്തായിയുടെ വിവരണം പറയുന്നു: “ഉടനെ അവർ വല വിട്ടേച്ചു അവനെ അനുഗമിച്ചു.” യാക്കോബിനെയും യോഹന്നാനെയും കുറിച്ച്‌ നാം ഇങ്ങനെ വായിക്കുന്നു: “അവരും ഉടനെ പടകിനെയും അപ്പനെയും വിട്ടു അവനെ അനുഗമിച്ചു.” അവർ “സകലവും വിട്ടു അവനെ അനുഗമിച്ചു” എന്ന്‌ ലൂക്കൊസിന്റെ വിവരണം കൂട്ടിച്ചേർക്കുന്നു.​—⁠മത്തായി 4:⁠18-22; ലൂക്കൊസ്‌ 5:⁠1-11.

11. യേശുവിന്റെ ക്ഷണത്തോട്‌ ശിഷ്യന്മാർ പെട്ടെന്നു പ്രതികരിക്കാനുള്ള കാരണം എന്തായിരിക്കാം?

11 യേശുവിനെ അനുഗമിക്കാൻ ശിഷ്യന്മാർ തത്‌ക്ഷണം കൈക്കൊണ്ട തീരുമാനം പെട്ടെന്നുണ്ടായ ഒരു തോന്നലിന്റെ ഫലമായിരുന്നോ? അശേഷമല്ല! യേശുവുമായുള്ള ആദ്യത്തെ കൂടിക്കാഴ്‌ചയ്‌ക്കുശേഷം അവർ തങ്ങളുടെ പരമ്പരാഗത തൊഴിലിലേക്കു തിരികെ പോയെങ്കിലും തങ്ങൾ കണ്ടതും കേട്ടതും അവരുടെ ഹൃദയത്തിലും മനസ്സിലും മായാത്ത മുദ്ര പതിപ്പിച്ചുവെന്നതിൽ സംശയമില്ല. ഏകദേശം ഒരു വർഷം നീണ്ടുനിന്ന ഇടവേളയിൽ അവർ ആ കാര്യങ്ങളെക്കുറിച്ചു ഗഹനമായി ചിന്തിച്ചിരുന്നിരിക്കണം. ഇപ്പോൾ ഒരു തീരുമാനത്തിനുള്ള സമയമായി. അമൂല്യമായ മുത്ത്‌ കണ്ടെത്തിയപ്പോൾ അതു സ്വന്തമാക്കാൻ തീവ്രമായ പ്രേരണ തോന്നിയ, യേശു വിവരിച്ചതുപോലെ ‘ഉടനെ ചെന്ന്‌’ അതു വാങ്ങുന്നതിനുള്ള ഏർപ്പാടുകൾ ചെയ്‌ത സഞ്ചാരവ്യാപാരിയെപ്പോലെ ആയിരിക്കുമായിരുന്നോ അവർ? തീർച്ചയായും. തങ്ങൾ കണ്ടതും കേട്ടതും ആയ കാര്യങ്ങൾ അവരുടെ ഹൃദയത്തെ സ്‌പർശിച്ചു. പ്രവർത്തനത്തിനുള്ള സമയമായെന്ന്‌ അവർ തിരിച്ചറിഞ്ഞു. അങ്ങനെ, വിവരണം പറയുന്നതുപോലെ, യാതൊരു മടിയുംകൂടാതെ തങ്ങൾക്കുള്ളതെല്ലാം ത്യജിച്ച്‌ അവർ യേശുവിന്റെ അനുഗാമികളായിത്തീർന്നു.

12, 13. (എ) യേശുവിന്റെ കേൾവിക്കാരിൽ പലരും ഏതു വിധത്തിലാണു പ്രതികരിച്ചത്‌? (ബി) തന്റെ വിശ്വസ്‌ത ശിഷ്യന്മാരെക്കുറിച്ച്‌ യേശു എന്താണു പറഞ്ഞത്‌, അവന്റെ വാക്കുകൾ എന്തു സൂചിപ്പിക്കുന്നു?

12 ഈ വിശ്വസ്‌ത ശിഷ്യന്മാർ, പിന്നീട്‌ സുവിശേഷ വിവരണങ്ങളിൽ പരാമർശിച്ചിരിക്കുന്ന ചിലരിൽനിന്ന്‌ എത്ര വ്യത്യസ്‌തരായിരുന്നു! അവരിലേറെയും യേശു സുഖപ്പെടുത്തുകയോ പോഷിപ്പിക്കുകയോ ചെയ്‌തിട്ടുള്ള ആളുകളായിരുന്നു. എന്നാൽ അവർ തങ്ങളുടെ അനുദിന കാര്യാദികളിൽ മുഴുകി. (ലൂക്കൊസ്‌ 17:⁠17, 18; യോഹന്നാൻ 6:⁠26) തന്നെ അനുഗമിക്കാൻ യേശു ക്ഷണിച്ചപ്പോൾ ചിലർ ഒഴികഴിവുകൾ പറഞ്ഞുകൊണ്ട്‌ ഒഴിഞ്ഞുമാറുകപോലും ചെയ്‌തു. (ലൂക്കൊസ്‌ 9:⁠59-62) എന്നാൽ തികച്ചും വ്യത്യസ്‌തമായി വിശ്വസ്‌ത ശിഷ്യന്മാരെക്കുറിച്ച്‌ യേശു പിന്നീടു പറഞ്ഞു: “യോഹന്നാൻസ്‌നാപകന്റെ കാലംമുതൽ ഇന്നുവരെയും മനുഷ്യർ പ്രയത്‌നിക്കുന്നത്‌ സ്വർഗരാജ്യം എന്ന ലക്ഷ്യത്തിൽ എത്താനാണ്‌, പ്രയത്‌നിച്ചു മുന്നേറുന്നവരോ അതു കൈവശമാക്കുകയും ചെയ്യുന്നു.”​—⁠മത്തായി 11:⁠12, NW.

13 ‘പ്രയത്‌നിക്കുക,’ ‘പ്രയത്‌നിച്ചു മുന്നേറുക’ എന്നീ പദങ്ങൾ എന്താണു സൂചിപ്പിക്കുന്നത്‌? ഈ പ്രയോഗങ്ങൾക്ക്‌ ആധാരമായ ഗ്രീക്കു ക്രിയയെക്കുറിച്ച്‌ വൈൻസ്‌ എക്‌സ്‌പോസിറ്ററി ഡിക്‌ഷനറി ഓഫ്‌ ഓൾഡ്‌ ആൻഡ്‌ ന്യൂ ടെസ്റ്റമെന്റ്‌ വേർഡ്‌സ്‌ ഇങ്ങനെ പറയുന്നു: “ഈ ക്രിയ, ശക്തി പ്രയോഗിച്ചുകൊണ്ടുള്ള ഒരു സംരംഭത്തെയാണു സൂചിപ്പിക്കുന്നത്‌.” ഈ വാക്യത്തെക്കുറിച്ച്‌ ബൈബിൾ പണ്ഡിതനായ ഹീന്‌റിഹ്‌ മെയെർ ഇങ്ങനെ പ്രസ്‌താവിക്കുന്നു: “ആഗതമായിക്കൊണ്ടിരിക്കുന്ന മിശിഹൈക രാജ്യത്തെ സമീപിക്കുന്നതിനുള്ള ആകാംക്ഷാഭരിതവും തടുത്തുകൂടാനാവാത്തതും ആയ പ്രയത്‌നത്തെയും പോരാട്ടത്തെയും ആണ്‌ ഇവിടെ വിശദീകരിച്ചിരിക്കുന്നത്‌. . . . [ദൈവ]രാജ്യത്തോടുള്ള താത്‌പര്യം അത്രയ്‌ക്കു തീക്ഷ്‌ണവും ആവേശഭരിതവും ആണ്‌ (നിശ്ചലമായ കാത്തിരിപ്പ്‌ അല്ല).” സഞ്ചാരവ്യാപാരിയെപ്പോലെ ഈ ഏതാനും വ്യക്തികൾ, യഥാർഥത്തിൽ മൂല്യവത്തായത്‌ എന്താണെന്നു പെട്ടെന്നു തിരിച്ചറിയുകയും തങ്ങളുടെ സർവസ്വവും രാജ്യത്തിനുവേണ്ടി മനസ്സോടെ ഉപേക്ഷിക്കുകയും ചെയ്‌തു.​—⁠മത്തായി 19:⁠27, 28; ഫിലിപ്പിയർ 3:⁠8.

തിരച്ചിലിൽ മറ്റുള്ളവരും പങ്കാളികളാകുന്നു

14. യേശു അപ്പൊസ്‌തലന്മാരെ രാജ്യപ്രസംഗവേലയ്‌ക്കായി ഒരുക്കിയത്‌ എങ്ങനെ, അതിന്റെ ഫലമെന്തായിരുന്നു?

14 ശുശ്രൂഷ തുടരവേ, രാജ്യം എത്തിപ്പിടിക്കാൻ യേശു മറ്റുള്ളവരെ പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്‌തു. ആദ്യം, അവൻ തന്റെ ശിഷ്യന്മാരിൽനിന്ന്‌ 12 പേരെ തിരഞ്ഞെടുത്ത്‌, അയയ്‌ക്കപ്പെട്ടവർ എന്നർഥമുള്ള അപ്പൊസ്‌തലന്മാർ ആയി നിയമിച്ചു. അവൻ അവർക്ക്‌ ശുശ്രൂഷ നിർവഹിക്കുന്നതു സംബന്ധിച്ച വിശദമായ നിർദേശങ്ങളും അവർ നേരിടുമായിരുന്ന വെല്ലുവിളികളെയും ക്ലേശങ്ങളെയും കുറിച്ചുള്ള മുന്നറിയിപ്പും നൽകി. (മത്തായി 10:⁠1-42; ലൂക്കൊസ്‌ 6:⁠12-16) പിന്നത്തെ രണ്ടു വർഷങ്ങളിൽ ദേശത്തുടനീളം യേശു നടത്തിയ പ്രസംഗപര്യടനങ്ങളിൽ, അവനുമായി ഒരു അടുത്ത ബന്ധം ആസ്വദിച്ചുകൊണ്ട്‌ അവർ അവനെ അനുഗമിച്ചു. അവർ അവന്റെ വാക്കുകൾ കേൾക്കുകയും വീര്യപ്രവൃത്തികൾക്കു സാക്ഷ്യം വഹിക്കുകയും അവന്റെ വ്യക്തിപരമായ മാതൃക കാണുകയും ചെയ്‌തു. (മത്തായി 13:⁠16, 17) ഇതെല്ലാം അവരുടെ ഹൃദയങ്ങളെ സ്‌പർശിച്ചുവെന്നതിൽ സംശയമില്ല. അങ്ങനെ, സഞ്ചാരവ്യാപാരി പ്രകടമാക്കിയതിനു സമാനമായ തീക്ഷ്‌ണതയോടെ, മുഴുഹൃദയത്തോടെ രാജ്യം മുൻനിറുത്തിയുള്ള പ്രവർത്തനങ്ങളിൽ മുഴുകാൻ അവർ പ്രേരിതരായി.

15. ശിഷ്യന്മാർക്കു സന്തോഷിക്കാൻ കഴിയുന്നതിന്റെ യഥാർഥ കാരണം എന്താണെന്നാണ്‌ യേശു പറഞ്ഞത്‌?

15 പന്ത്രണ്ട്‌ അപ്പൊസ്‌തലന്മാർക്കു പുറമേ, “കർത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താൻ ചെല്ലുവാനുള്ള ഓരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു.” അവരെ കാത്തിരിക്കുന്ന പരിശോധനകളെയും കഷ്ടപ്പാടുകളെയും കുറിച്ചും അവൻ അവരോടു പറഞ്ഞു. “ദൈവരാജ്യം നിങ്ങൾക്കു സമീപിച്ചുവന്നിരിക്കുന്നു” എന്ന്‌ ആളുകളോടു പറയാൻ അവൻ നിർദേശിച്ചു. (ലൂക്കൊസ്‌ 10:⁠1-12) തിരിച്ചു വന്നപ്പോൾ ആഹ്ലാദചിത്തരായിരുന്ന ആ 70 പേർ യേശുവിന്‌ ഇങ്ങനെയൊരു റിപ്പോർട്ടു നൽകി: “കർത്താവേ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു.” എന്നാൽ ഒരുപക്ഷേ അവരെ അതിശയിപ്പിച്ചുകൊണ്ട്‌, രാജ്യത്തെപ്രതിയുള്ള അവരുടെ തീക്ഷ്‌ണത നിമിത്തം അതിലും വലിയ സന്തോഷം അവരെ കാത്തിരിക്കുന്നെന്ന്‌ യേശു വെളിപ്പെടുത്തി. അവൻ അവരോടു പറഞ്ഞു: “ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിലല്ല. നിങ്ങളുടെ പേർ സ്വർഗ്ഗത്തിൽ എഴുതിയിരിക്കുന്നതിലത്രേ സന്തോഷിപ്പിൻ.”​—⁠ലൂക്കൊസ്‌ 10:⁠17, 20.

16, 17. (എ) അപ്പൊസ്‌തലന്മാരുമൊത്തുള്ള തന്റെ അവസാന രാത്രിയിൽ യേശു അവരോട്‌ എന്താണു പറഞ്ഞത്‌? (ബി) യേശുവിന്റെ വാക്കുകൾ വിശ്വസ്‌ത അപ്പൊസ്‌തലന്മാർക്ക്‌ എന്തു സന്തോഷവും ഉറപ്പും നൽകി?

16 ഒടുവിൽ പൊ.യു. 33 നീസാൻ 14-ാം തീയതി, യേശു തന്റെ അപ്പൊസ്‌തലന്മാരോടൊപ്പം ചെലവഴിച്ച അവസാന രാത്രിയിൽ, കർത്താവിന്റെ സന്ധ്യാഭക്ഷണം എന്നു പിൽക്കാലത്ത്‌ അറിയപ്പെട്ട ആചരണം ഏർപ്പെടുത്തി. അത്‌ തുടർന്ന്‌ ആചരിക്കാൻ അവൻ അവരോടു കൽപ്പിക്കുകയും ചെയ്‌തു. ആ രാത്രിയിൽ, തന്നോടൊപ്പം നിലകൊണ്ട 11 പേരോട്‌ യേശു പറഞ്ഞു: “നിങ്ങൾ ആകുന്നു എന്റെ പരീക്ഷകളിൽ എന്നോടുകൂടെ നിലനിന്നവർ. എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും നിയമിച്ചുതരുന്നു. നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.”​—⁠ലൂക്കൊസ്‌ 22:⁠19, 20, 28-30.

17 ആ വാക്കുകൾ കേട്ടപ്പോൾ അപ്പൊസ്‌തലന്മാർക്ക്‌ എത്രമാത്രം സന്തോഷവും സംതൃപ്‌തിയും തോന്നിയിരിക്കണം! ഏതൊരു മനുഷ്യനും ലഭിക്കാവുന്നതിൽവെച്ച്‌ ഏറ്റവും ഉന്നതമായ പദവി അവർക്കു വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നു. (മത്തായി 7:⁠13, 14; 1 പത്രൊസ്‌ 2:⁠9) ദൈവരാജ്യ താത്‌പര്യങ്ങൾ മുന്നിൽവെച്ചുകൊണ്ട്‌ യേശുവിനെ അനുഗമിക്കുന്നതിന്‌ സഞ്ചാരവ്യാപാരിയെപ്പോലെ, അവർ വളരെയേറെ ത്യാഗം ചെയ്‌തിരുന്നു. അന്നുവരെ അനുഷ്‌ഠിച്ച ത്യാഗങ്ങളൊന്നും വൃഥാവായില്ലെന്ന്‌ ഇപ്പോൾ അവർക്ക്‌ ഉറപ്പു ലഭിച്ചിരിക്കുന്നു.

18. പതിനൊന്ന്‌ അപ്പൊസ്‌തലന്മാർക്കു പുറമേ, ആരെല്ലാം ഒടുവിൽ രാജ്യത്തിൽനിന്നു പ്രയോജനം നേടും?

18 ആ രാത്രിയിൽ യേശുവിനോടൊപ്പം ഉണ്ടായിരുന്ന അപ്പൊസ്‌തലന്മാർ മാത്രമല്ല രാജ്യം മുഖേനയുള്ള പ്രയോജനങ്ങൾ ആസ്വദിക്കാനിരുന്നത്‌. മഹത്ത്വപൂർണമായ സ്വർഗീയ രാജ്യത്തിൽ യേശുക്രിസ്‌തുവിന്റെ സഹഭരണാധികാരികളായിരിക്കാൻ 1,44,000 പേരെ രാജ്യ ഉടമ്പടിയിലേക്ക്‌ എടുക്കണമെന്നുള്ളത്‌ യഹോവയുടെ ഹിതമായിരുന്നു. ഇതിനു പുറമേ, “ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം . . . സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നില്‌ക്കുന്നത്‌” അപ്പൊസ്‌തലനായ യോഹന്നാൻ ദർശനത്തിൽ കണ്ടു. “രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവർ . . . ആർത്തുകൊണ്ടിരുന്നു.” ഇവരാണ്‌ രാജ്യത്തിന്റെ ഭൗമിക പ്രജകൾ. *​—⁠വെളിപ്പാടു 7:⁠9, 10; 14:⁠1, 4.

19, 20. (എ) സകല ജനതകളിൽനിന്നുമുള്ള ആളുകൾക്ക്‌ ഏത്‌ അവസരം ലഭ്യമാണ്‌? (ബി) അടുത്ത ലേഖനത്തിൽ ഏതു ചോദ്യം പരിചിന്തിക്കും?

19 യേശു സ്വർഗാരോഹണം ചെയ്യുന്നതിനു തൊട്ടുമുമ്പ്‌ തന്റെ വിശ്വസ്‌ത അനുഗാമികളോട്‌ ഇങ്ങനെ കൽപ്പിച്ചു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്‌പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ട്‌.” (മത്തായി 28:⁠19, 20) അങ്ങനെ സകല ജനതകളിലുംനിന്നുള്ള ആളുകൾ യേശുക്രിസ്‌തുവിന്റെ ശിഷ്യന്മാരായിത്തീരുമായിരുന്നു. ഇവരും​—⁠അവരുടെ പ്രതിഫലം സ്വർഗീയമോ ഭൗമികമോ ആകട്ടെ​—⁠സഞ്ചാരവ്യാപാരി വിലയേറിയ മുത്തിന്റെ കാര്യത്തിൽ ചെയ്‌തതുപോലെ സർവ ശ്രദ്ധയും രാജ്യത്തിൽ കേന്ദ്രീകരിക്കുന്നു.

20 ശിഷ്യരെ ഉളവാക്കുകയെന്ന ദൗത്യം “ലോകാവസാനത്തോളം” അഥവാ വ്യവസ്ഥിതിയുടെ സമാപനത്തോളം നീണ്ടുനിൽക്കുമെന്ന്‌ യേശുവിന്റെ വാക്കുകൾ സൂചിപ്പിച്ചു. അങ്ങനെയെങ്കിൽ, രാജ്യം അന്വേഷിക്കുന്നതിനായി തങ്ങൾക്കുള്ളതെല്ലാം നൽകാൻ മനസ്സൊരുക്കമുള്ള, സഞ്ചാരവ്യാപാരിയെപ്പോലെയുള്ള വ്യക്തികൾ നമ്മുടെ നാളിൽ ഉണ്ടോ? ഈ ചോദ്യം അടുത്ത ലേഖനത്തിൽ പരിചിന്തിക്കുന്നതായിരിക്കും.

[അടിക്കുറിപ്പുകൾ]

^ ഖ. 10 സെബദിയുടെ പുത്രനായ യോഹന്നാൻ, യേശുവുമായുള്ള ആദ്യത്തെ കണ്ടുമുട്ടലിനുശേഷം അവനെ അനുഗമിക്കുകയും അവന്റെ ചില പ്രവൃത്തികൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്‌തിരിക്കണം. തത്‌ഫലമായി ആ പ്രവൃത്തികൾ തന്റെ സുവിശേഷ വിവരണത്തിൽ സുവ്യക്തമായി രേഖപ്പെടുത്താൻ യോഹന്നാനു സാധിച്ചു. (യോഹന്നാൻ 2-5 അധ്യായങ്ങൾ) എന്നിരുന്നാലും യേശു ശിഷ്യന്മാരെ വിളിക്കുന്നതിന്‌ അൽപ്പംമുമ്പ്‌ അവൻ തന്റെ കുലത്തൊഴിലായ മത്സ്യബന്ധനത്തിലേക്കു തിരികെപ്പോയിരുന്നു.

^ ഖ. 18 കൂടുതൽ വിശദാംശങ്ങൾക്ക്‌ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ 10-ാം അധ്യായം കാണുക.

നിങ്ങൾക്കു വിശദീകരിക്കാമോ?

• സഞ്ചാരവ്യാപാരിയെക്കുറിച്ചുള്ള ഉപമയിലെ മുഖ്യ പാഠം എന്ത്‌?

• രാജ്യത്തിന്റെ ഉയർന്ന മൂല്യത്തോടുള്ള ഏറിയ വിലമതിപ്പ്‌ യേശു പ്രകടമാക്കിയത്‌ എങ്ങനെ?

• അന്ത്രെയാസും പത്രൊസും യോഹന്നാനും മറ്റുള്ളവരും യേശുവിന്റെ ക്ഷണത്തോടു പെട്ടെന്നു പ്രതികരിക്കാൻ ഇടയാക്കിയതെന്ത്‌?

• സകല ജനതകളിൽനിന്നുമുള്ള ആളുകൾക്ക്‌ ഏതു മഹത്തായ അവസരം ലഭ്യമാണ്‌?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

‘അവർ സകലവും വിട്ടു യേശുവിനെ അനുഗമിച്ചു’

[12-ാം പേജിലെ ചിത്രം]

സ്വർഗാരോഹണം ചെയ്യുന്നതിനുമുമ്പ്‌ യേശു, ശിഷ്യരെ ഉളവാക്കാൻ തന്റെ അനുഗാമികളോടു കൽപ്പിച്ചു