വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അത്ഭുതങ്ങൾ സത്യമോ മിഥ്യയോ?

അത്ഭുതങ്ങൾ സത്യമോ മിഥ്യയോ?

അത്ഭുതങ്ങൾ സത്യമോ മിഥ്യയോ?

“അത്ഭുതങ്ങൾ നടക്കുന്നു​—⁠ദൈവദൂതന്മാരോടു ചോദിക്കുകയേ വേണ്ടൂ.” തന്റെ മുമ്പിലൂടെ കടന്നുപോയ കാറിന്റെ ബംബറിൽ ഒട്ടിച്ചിരുന്ന പരസ്യം മതഭക്തനായ ആ മനുഷ്യന്റെ ശ്രദ്ധ പെട്ടെന്ന്‌ ആകർഷിച്ചു. എന്നാൽ അതിന്റെ അർഥം അദ്ദേഹത്തിനു പിടികിട്ടിയില്ല. ആ കാറുടമ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നു എന്നാണോ ആ പരസ്യം സൂചിപ്പിക്കുന്നത്‌? അതോ, അത്ഭുതങ്ങളിലും ദൈവദൂതന്മാരിലും ഉള്ള വിശ്വാസത്തെ കളിയാക്കിക്കൊണ്ടുള്ള ഒരു പ്രസ്‌താവന ആയിരുന്നോ അത്‌?

രസാവഹമായി, ജർമൻ എഴുത്തുകാരനായ മാൻഫ്രേറ്റ്‌ ബാർറ്റെൽ ഇപ്രകാരം അഭിപ്രായപ്പെട്ടു: “അത്ഭുതം എന്ന വാക്ക്‌, നിമിഷനേരംകൊണ്ട്‌ വായനക്കാരെ രണ്ടു വിരുദ്ധ ചേരികളായി വേർതിരിക്കും.” അത്ഭുതങ്ങളിൽ വിശ്വസിക്കുന്നവർ, അത്ഭുതങ്ങൾ നടക്കുന്നു എന്നു മാത്രമല്ല ഒരുപക്ഷേ അവ കൂടെക്കൂടെ നടക്കുന്നു എന്നും അടിയുറച്ചു വിശ്വസിക്കുന്നു. * ഉദാഹരണത്തിന്‌ ഗ്രീസിൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി മാസത്തിലൊരിക്കൽ എന്ന തോതിൽ അത്ഭുതങ്ങൾ നടക്കുന്നുണ്ടെന്ന്‌ വിശ്വാസികൾ അവകാശപ്പെട്ടതായി റിപ്പോർട്ടു ചെയ്യപ്പെടുന്നു. തത്‌ഫലമായി ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയുടെ ഒരു ബിഷപ്പ്‌ പിൻവരുന്ന അനുശാസനം നൽകുകയുണ്ടായി: “ദൈവത്തിനും മറിയയ്‌ക്കും വിശുദ്ധന്മാർക്കും മനുഷ്യത്വം കൽപ്പിക്കാനാണു വിശ്വാസികൾ പ്രവണത കാട്ടുന്നത്‌. എന്നാൽ അത്‌ അധികമാകരുത്‌.”

മറ്റു ചില രാജ്യങ്ങളിൽ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നവർ കുറവാണ്‌. 2002-ൽ ജർമനി പ്രസിദ്ധപ്പെടുത്തിയ അലെൻസ്‌ബാഹ്‌ പോൾ അഭിപ്രായ വോട്ടെടുപ്പ്‌ അനുസരിച്ച്‌, അത്ഭുതങ്ങൾ വെറും കെട്ടുകഥയാണെന്നു കരുതുന്നവരാണ്‌ അവിടത്തെ 71 ശതമാനം ജനങ്ങളും. അതായത്‌, മൂന്നിലൊന്നിലും കുറവ്‌ ആളുകളേ അത്ഭുതങ്ങളിൽ വിശ്വസിക്കുന്നുള്ളൂ. അക്കൂട്ടത്തിലുള്ള മൂന്നു സ്‌ത്രീകൾ, കന്യാമറിയത്തിൽനിന്ന്‌ തങ്ങൾക്ക്‌ ഒരു സന്ദേശം ലഭിച്ചതായി അവകാശപ്പെടുന്നു. ദൂതന്മാരുടെയും ഒരു പ്രാവിന്റെയും അകമ്പടിയോടെ മറിയ അവർക്കു പ്രത്യക്ഷപ്പെട്ടതായി പറയപ്പെട്ടതിന്‌ ഏതാനും മാസങ്ങൾക്കുശേഷം ജർമൻ വർത്തമാനപ്പത്രമായ വെസ്റ്റ്‌ഫാലെൻപോസ്റ്റ്‌ ഇങ്ങനെ റിപ്പോർട്ടു ചെയ്‌തു: “ഇന്നുവരെയുള്ള കണക്കു നോക്കിയാൽ, തീർഥാടകർ, രോഗശാന്തി ആഗ്രഹിക്കുന്നവർ, ജിജ്ഞാസുക്കൾ എന്നിങ്ങനെ ഏകദേശം 50,000 പേർ ആ സ്‌ത്രീകൾ കണ്ട ദർശനത്തിൽ അതീവ താത്‌പര്യം പ്രകടിപ്പിച്ചിരിക്കുന്നു.” മറിയ വീണ്ടും പ്രത്യക്ഷപ്പെടുന്നതു കാണാൻ പിന്നെയും 10,000 പേർ കൂടെ ആ ഗ്രാമത്തിലേക്കു പ്രവഹിക്കുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. സമാനമായി, 1858-ൽ ഫ്രാൻസിലെ ലൂർദിലും 1917-ൽ പോർച്ചുഗലിലെ ഫാത്തിമായിലും കന്യാമറിയം പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്നു.

ക്രിസ്‌തീയേതര മതങ്ങൾ എന്തു വിശ്വസിക്കുന്നു?

അത്ഭുതങ്ങളിലുള്ള വിശ്വാസം എല്ലാ മതങ്ങളിലുംതന്നെ കണ്ടുവരുന്നു. ഇസ്ലാംമതം, ക്രിസ്‌തുമതം, ബുദ്ധമതം എന്നിവയുടെ സ്ഥാപകർക്ക്‌ അത്ഭുതങ്ങൾ സംബന്ധിച്ചു വ്യത്യസ്‌ത വീക്ഷണങ്ങളാണ്‌ ഉണ്ടായിരുന്നത്‌ എന്നു വിശദമാക്കിയശേഷം ദി എൻസൈക്ലോപീഡിയ ഓഫ്‌ റിലീജിയൻ ഇപ്രകാരം അഭിപ്രായപ്പെടുന്നു: “ഈ മതങ്ങളുടെ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ, അത്ഭുതങ്ങളും അത്ഭുതങ്ങളെക്കുറിച്ചുള്ള വൃത്താന്തങ്ങളും മാനവചരിത്രത്തിലെ മതവിശ്വാസങ്ങളുടെ ഒരു അവിഭാജ്യ ഘടകമായിരുന്നിട്ടുണ്ട്‌ എന്ന്‌ അനിഷേധ്യമാംവിധം പ്രകടമായിത്തീരുന്നു.” “ചിലപ്പോഴൊക്കെ ബുദ്ധൻതന്നെ അത്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്‌” എന്നും പിന്നീട്‌ ‘ബുദ്ധമതം ചൈനയുടെ മണ്ണിലേക്കു പറിച്ചുനട്ടപ്പോൾ ആ മതത്തിന്റെ മിഷനറിമാർ തങ്ങൾക്കുള്ള അത്ഭുതസിദ്ധികളുടെ പ്രകടനം കൂടെക്കൂടെ കാഴ്‌ചവെച്ചെന്നും’ ഈ പരാമർശകൃതി പറയുന്നു.

അത്ഭുതങ്ങൾ എന്നു സങ്കൽപ്പിക്കപ്പെടുന്ന അത്തരം അനേകം ഉദാഹരണങ്ങൾ പരാമർശിച്ചശേഷം ആ വിജ്ഞാനകോശം ഇപ്രകാരം ഉപസംഹരിക്കുന്നു: “മതഭക്തരായ ജീവചരിത്ര ലേഖകർ എഴുതിയ ഈ അത്ഭുതകഥകളെല്ലാം വിശ്വസിക്കുക ഒരുവനു പ്രയാസമായിരുന്നേക്കാം. എന്നാൽ, തന്റെ തീക്ഷ്‌ണതയുള്ള അനുയായികൾക്ക്‌ അത്തരം അത്ഭുതസിദ്ധികൾ നൽകാൻ പ്രാപ്‌തനായിരുന്ന ബുദ്ധനെ മഹത്ത്വപ്പെടുത്തുക എന്ന ഉദാത്തമായ ലക്ഷ്യം മുൻനിറുത്തിയാണ്‌ അവ സൃഷ്ടിക്കപ്പെട്ടത്‌ എന്നതിനു സംശയമില്ല.” അതേ ഗ്രന്ഥം ഇസ്ലാം മതത്തെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു: “ഭൂരിപക്ഷം മുസ്ലീങ്ങളും അത്ഭുതങ്ങൾ നടക്കുന്നതു കാണാൻ ഇന്നും പ്രതീക്ഷിക്കുന്നു. [ഇസ്ലാമിന്റെ] പരമ്പരാഗത വൃത്താന്തങ്ങൾ, അനേകം സന്ദർഭങ്ങളിൽ പരസ്യമായി അത്ഭുതങ്ങൾ ചെയ്‌ത വ്യക്തിയായി മുഹമ്മദിനെ ചിത്രീകരിക്കുന്നു. . . . വിശ്വസ്‌തരുടെ നന്മയ്‌ക്കായി വിശുദ്ധന്മാർ തങ്ങളുടെ മരണശേഷംപോലും ശവക്കല്ലറയിങ്കൽ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഭക്തർ അവരുടെ മാധ്യസ്ഥം അഭ്യർഥിക്കുകയും ചെയ്യുന്നു.”

ക്രിസ്‌ത്യാനിത്വവും അത്ഭുതങ്ങളും

ക്രിസ്‌ത്യാനിത്വം സ്വീകരിച്ചിട്ടുള്ള അനേകരും അത്ഭുതങ്ങളുടെ കാര്യത്തിൽ അഭിപ്രായൈക്യം ഉള്ളവരല്ല. ക്രിസ്‌തീയപൂർവ കാലങ്ങളിലെ ദൈവദാസരും അതുപോലെതന്നെ യേശുക്രിസ്‌തുവും നിർവഹിച്ച അത്ഭുതങ്ങളെക്കുറിച്ചുള്ള ബൈബിൾ റിപ്പോർട്ടുകൾ സത്യമാണെന്നു ചിലർ വിശ്വസിക്കുന്നു. എന്നാൽ അനേകരും പ്രൊട്ടസ്റ്റന്റ്‌ പരിഷ്‌കർത്താവായ മാർട്ടിൻ ലൂഥറിന്റെ അഭിപ്രായത്തോടു യോജിക്കുന്നു. അദ്ദേഹത്തെക്കുറിച്ച്‌ എൻസൈക്ലോപീഡിയ ഓഫ്‌ റിലീജിയൻ ഇങ്ങനെ പറയുന്നു: “അത്ഭുതങ്ങളുടെ യുഗം കഴിഞ്ഞിരിക്കുന്നെന്നും ഇനി അതു സംഭവിക്കുമെന്ന്‌ ആരും പ്രതീക്ഷിക്കരുതെന്നും ലൂഥറും കാൾവിനും എഴുതി.” അത്ഭുതങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്നതിന്‌ “യുക്തിസഹമായ വിശദീകരണം നൽകാൻ ശ്രമിക്കാതെ” കത്തോലിക്കാ സഭ തുടർന്നും അവയിൽ വിശ്വസിച്ചുപോന്നു എന്ന്‌ ആ പരാമർശകൃതി പറയുന്നു. എന്നാൽ “ക്രിസ്‌തീയ വിശ്വാസം ഏറെയും ഒരു ധാർമിക തത്ത്വസംഹിത ആണെന്നും ദൈവമോ ആത്മമണ്ഡലത്തിലുള്ളവരോ മനുഷ്യന്റെ കാര്യാദികളിലേക്ക്‌ എത്തിനോക്കുകയോ അവന്റെ ദൈനംദിന ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തുകയോ ചെയ്യുന്നില്ലെന്നും പ്രബുദ്ധരായ പ്രൊട്ടസ്റ്റന്റ്‌ സമുദായക്കാർ വിശ്വസിക്കാനിടയായിത്തീർന്നു” എന്നും അതു കൂട്ടിച്ചേർക്കുന്നു.

ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്ന മറ്റു ചിലർ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള അത്ഭുതങ്ങളുടെ സത്യതയിൽ സംശയം പ്രകടിപ്പിക്കുന്നു. ചില പുരോഹിതന്മാരും അവരിൽപ്പെടുന്നു. ഉദാഹരണത്തിന്‌, കത്തുന്ന മുൾപ്പടർപ്പിനെക്കുറിച്ച്‌ പുറപ്പാടു 3:1-5-ൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരണം പരിചിന്തിക്കുക. ഇത്‌ ഒരു അക്ഷരീയ അത്ഭുതം സംബന്ധിച്ചുള്ള വിവരണമാണെന്ന്‌ ജർമനിയിലെ അനേകം ദൈവശാസ്‌ത്രജ്ഞരും കരുതുന്നില്ലെന്ന്‌ യഥാർഥത്തിൽ ബൈബിൾ പറയുന്നത്‌ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം വിശദമാക്കുന്നു. മറിച്ച്‌, അത്‌ “തീപിടിച്ച ഒരു മനസ്സാക്ഷിയുടെ കുത്തിനോവിക്കുന്ന നൊമ്പരങ്ങളുമായി മോശെ നടത്തിയ ആന്തരിക സംഘട്ടനത്തിന്റെ പ്രതീകം” ആണെന്ന്‌ അവർ വ്യാഖ്യാനിക്കുന്നു. “ദിവ്യ സാന്നിധ്യമാകുന്ന സൂര്യപ്രകാശത്തിൽ തത്‌ക്ഷണം പൊട്ടിവിരിഞ്ഞ പുഷ്‌പങ്ങളെയാണ്‌ തീജ്വാലകൾ പ്രതിനിധാനം ചെയ്‌തത്‌ എന്നും പറയാവുന്നതാണ്‌” എന്ന്‌ ആ പുസ്‌തകം കൂട്ടിച്ചേർത്തു.

അത്തരമൊരു വിശദീകരണം തൃപ്‌തികരമാണെന്നു നിങ്ങൾക്കു തോന്നാൻ ഇടയില്ല. അപ്പോൾപ്പിന്നെ നിങ്ങൾ എന്തു വിശ്വസിക്കും? അത്ഭുതങ്ങൾ നടന്നിട്ടുണ്ടെന്നു വിശ്വസിക്കുന്നത്‌ വസ്‌തുതകൾക്കു ചേർച്ചയിലാണോ? നമ്മുടെ കാലത്തു നടക്കുന്ന അത്ഭുതങ്ങളെക്കുറിച്ച്‌ എന്തു പറയാൻ കഴിയും? ദൂതന്മാരോടു ചോദിക്കാൻ കഴിയാത്ത സ്ഥിതിക്ക്‌ നാം ഇതെല്ലാം ആരോടു ചോദിക്കും?

ബൈബിൾ നൽകുന്ന ഉത്തരം

പൊയ്‌പോയ കാലങ്ങളിൽ ദൈവം ചിലപ്പോഴെല്ലാം മനുഷ്യരുടെ കാര്യാദികളിൽ ഇടപെട്ടുകൊണ്ട്‌ അവർക്കു നിർവഹിക്കാൻ സാധിക്കാത്ത പ്രവൃത്തികൾ ചെയ്‌തിട്ടുണ്ടെന്ന ബൈബിളിന്റെ പ്രസ്‌താവനകൾ ആർക്കും നിഷേധിക്കാനാവില്ല. അവനെക്കുറിച്ച്‌ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘നിന്റെ ജനമായ യിസ്രായേലിനെ അടയാളങ്ങൾകൊണ്ടും അത്ഭുതങ്ങൾകൊണ്ടും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും മിസ്രയീംദേശത്തുനിന്നു നീ കൊണ്ടുവന്നു.’ (യിരെമ്യാവു 32:21) ആദ്യജാതന്മാരുടെ മരണം ഉൾപ്പെടെയുള്ള പത്തു ബാധകൾ അയച്ചുകൊണ്ട്‌, ഒരു കാലത്ത്‌ ലോകത്തിലെ ഏറ്റവും ശക്തമായിരുന്ന ഒരു ജനതയെ ദൈവം തറപറ്റിച്ചതിനെക്കുറിച്ചു ചിന്തിക്കുക. ആ ബാധകൾ നിശ്ചയമായും അത്ഭുതങ്ങളായിരുന്നു!​—⁠പുറപ്പാടു 7-14.

നൂറ്റാണ്ടുകൾക്കുശേഷം, നാലു സുവിശേഷ എഴുത്തുകാർ യേശു ചെയ്‌ത ഏകദേശം 35 അത്ഭുതങ്ങൾ രേഖപ്പെടുത്തി. യഥാർഥത്തിൽ, അവർ റിപ്പോർട്ട്‌ ചെയ്‌തതിലും വളരെക്കൂടുതൽ അത്ഭുത പ്രവൃത്തികൾ അവൻ നിർവഹിച്ചതായി അവരുടെ വാക്കുകൾ സൂചിപ്പിക്കുന്നു. ആ റിപ്പോർട്ടുകൾ സത്യമാണോ, അതോ കെട്ടുകഥകളാണോ? *​—⁠മത്തായി 9:35; ലൂക്കൊസ്‌ 9:11.

ബൈബിൾ അവകാശപ്പെടുന്നതുപോലെ അതു ദൈവത്തിന്റെ സത്യവചനമാണെങ്കിൽ, അതിൽ പറഞ്ഞിരിക്കുന്ന അത്ഭുതങ്ങളിൽ വിശ്വസിക്കാൻ നിങ്ങൾക്ക്‌ ഈടുറ്റ അടിസ്ഥാനമുണ്ട്‌. അത്ഭുത രോഗശാന്തി, മരിച്ചവരെ ഉയിർപ്പിക്കൽ എന്നിങ്ങനെയുള്ള അത്ഭുതങ്ങൾ മുൻകാലങ്ങളിൽ നടന്നതായി ബൈബിൾ സ്‌പഷ്ടമായി റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ അത്തരം അത്ഭുതങ്ങൾ ഇപ്പോൾ നടക്കുന്നില്ലെന്നും തുല്യസ്‌പഷ്ടതയോടെ അതു വിശദമാക്കുന്നു. (“മുൻകാലങ്ങളിലേതുപോലുള്ള അത്ഭുതങ്ങൾ ഇപ്പോൾ സംഭവിക്കാത്തതിന്റെ കാരണം” എന്ന 4-ാം പേജിലുള്ള ചതുരം കാണുക.) അപ്പോൾ, ബൈബിൾ സത്യമാണെന്ന്‌ അംഗീകരിക്കുന്നവർപോലും, ആധുനികകാലങ്ങളിൽ നടക്കുന്നതായി പറയപ്പെടുന്ന അത്ഭുതങ്ങളിൽ വിശ്വസിക്കുന്നില്ലെന്നാണോ അതിന്റെ അർഥം? ഉത്തരത്തിനായി അടുത്ത ലേഖനം വായിക്കുക.

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഈ ലേഖനത്തിൽ “അത്ഭുതങ്ങൾ” എന്ന വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌ ഒരു ബൈബിൾ നിഘണ്ടു അതിനു നൽകിയിരിക്കുന്ന പിൻവരുന്ന നിർവചനത്തിനു ചേർച്ചയിലാണ്‌: “മനുഷ്യനോ പ്രകൃതിക്കോ ഉള്ളതായി നമുക്കറിയാവുന്ന ഏതൊരു ശക്തിക്കും നിർവഹിക്കാനാവാത്തതും അതിനാൽ പ്രകൃത്യതീത സ്രോതസ്സിൽനിന്നുള്ളതെന്നു കരുതപ്പെടുന്നതുമായ ഭൗതിക പ്രതിഭാസങ്ങൾ.”

^ ഖ. 14 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിട്ടുള്ള ബൈബിൾ​—⁠ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിൽ, ബൈബിൾ വിശ്വാസയോഗ്യമാണെന്നതിനുള്ള തെളിവുകൾ നിങ്ങൾക്കു പരിശോധിക്കാവുന്നതാണ്‌.

[4-ാം പേജിലെ ചതുരം]

മുൻകാലങ്ങളിലേതുപോലുള്ള അത്ഭുതങ്ങൾ ഇപ്പോൾ സംഭവിക്കാത്തതിന്റെ കാരണം

പലതരത്തിലുള്ള അത്ഭുതങ്ങളെക്കുറിച്ച്‌ ബൈബിൾ പരാമർശിക്കുന്നുണ്ട്‌. (പുറപ്പാടു 7:19-21; 1 രാജാക്കന്മാർ 17:1-7; 18:22-38; 2 രാജാക്കന്മാർ 5:1-14; മത്തായി 8:24-27; ലൂക്കൊസ്‌ 17:11-19; യോഹന്നാൻ 2:1-11; 9:1-7) യേശു മിശിഹാ ആണെന്നു തിരിച്ചറിയിക്കാനും അവന്‌ ദൈവത്തിന്റെ പിന്തുണ ഉണ്ടെന്നു തെളിയിക്കാനും അവയിൽ പലതും ഉതകി. അന്യഭാഷകളിൽ സംസാരിക്കുക, ദിവ്യ അരുളപ്പാടുകൾ വിവേചിക്കുക തുടങ്ങിയ അത്ഭുതവരങ്ങൾ യേശുവിന്റെ ആദിമ ശിഷ്യന്മാർക്ക്‌ ഉണ്ടായിരുന്നു. (പ്രവൃത്തികൾ 2:5-12; 1 കൊരിന്ത്യർ 12:28-31) ശൈശവത്തിലായിരുന്ന ക്രിസ്‌തീയ സഭയ്‌ക്ക്‌ അത്തരം അത്ഭുതവരങ്ങൾ ആവശ്യമായിരുന്നു. എന്തുകൊണ്ട്‌?

ഒന്നാമതായി, തിരുവെഴുത്തുകളുടെ പ്രതികൾ അന്നു നന്നേ വിരളമായിരുന്നു. സാധാരണഗതിയിൽ, സമ്പന്നർക്കല്ലാതെ മറ്റാർക്കും യാതൊരു വിധ ചുരുളുകളോ പുസ്‌തകങ്ങളോ ഉണ്ടായിരുന്നില്ല. ബൈബിളിനെക്കുറിച്ചോ അതിന്റെ ഗ്രന്ഥകർത്താവായ യഹോവയെക്കുറിച്ചോ ക്രിസ്‌തീയേതര ദേശങ്ങളിൽ ഉള്ള ആളുകൾക്ക്‌ യാതൊരു അറിവും ഇല്ലായിരുന്നു. വായ്‌മൊഴിയിലൂടെ ആയിരുന്നു ക്രിസ്‌തീയ ഉപദേശങ്ങൾ പ്രചരിപ്പിച്ചിരുന്നത്‌. ക്രിസ്‌തീയ സഭയെ ദൈവം ഉപയോഗിക്കുന്നെന്നു വ്യക്തമാക്കാൻ അത്ഭുതവരങ്ങൾ സഹായിക്കുമായിരുന്നു.

എന്നാൽ ഉദ്ദേശ്യം നിറവേറിക്കഴിഞ്ഞാൽ അത്തരം വരങ്ങൾ നിന്നുപോകും എന്ന്‌ പൗലൊസ്‌ വിശദീകരിച്ചു. “പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; ജ്ഞാനമോ, അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു; അംശമായി മാത്രം പ്രവചിക്കുന്നു; പൂർണ്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.”​—⁠1 കൊരിന്ത്യർ 13:8-10.

വിവിധ വിജ്ഞാനകോശങ്ങളും കൺകോർഡൻസുകളും ബൈബിൾ ഭാഷാന്തരങ്ങളും ഇന്ന്‌ ആളുകൾക്കു ലഭ്യമാണ്‌. പരിശീലനം സിദ്ധിച്ച 60 ലക്ഷത്തിലധികം ക്രിസ്‌ത്യാനികൾ ബൈബിളിൽ അധിഷ്‌ഠിതമായ ദിവ്യ പരിജ്ഞാനം സമ്പാദിക്കാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യുന്നു. അതിനാൽ, ദൈവം നിയോഗിച്ചിരിക്കുന്ന വിമോചകനാണ്‌ യേശുക്രിസ്‌തു എന്ന വസ്‌തുത സാക്ഷ്യപ്പെടുത്താനോ യഹോവ തന്റെ ദാസന്മാരെ പിന്തുണയ്‌ക്കുന്നുണ്ട്‌ എന്നതിനു തെളിവു നൽകാനോ വേണ്ടി ഇന്ന്‌ അത്ഭുതങ്ങൾ പ്രവർത്തിക്കേണ്ടതില്ല.