വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങളെ സേവനത്തിനു ‘നിർബ്ബന്ധിച്ചാൽ’

നിങ്ങളെ സേവനത്തിനു ‘നിർബ്ബന്ധിച്ചാൽ’

നിങ്ങളെ സേവനത്തിനു ‘നിർബ്ബന്ധിച്ചാൽ’

“എടോ! ആ പണി നിറുത്തിയിട്ട്‌ ഇവിടെവന്ന്‌ എന്റെ ഈ പെട്ടി ഒന്നെടുക്കൂ.” തിരക്കോടെ ജോലി ചെയ്യുന്ന ഒന്നാം നൂറ്റാണ്ടിലെ ഒരു യഹൂദനോട്‌ അന്ന്‌ ഒരു റോമൻ പടയാളി ഇപ്രകാരം പറഞ്ഞാൽ അയാൾ എങ്ങനെ പ്രതികരിക്കുമായിരുന്നെന്നാണ്‌ നിങ്ങൾ വിചാരിക്കുന്നത്‌? “ഒരുത്തൻ [അതായത്‌ ഒരു അധികാരി] നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക” എന്ന്‌ യേശു തന്റെ ഗിരിപ്രഭാഷണത്തിൽ ഉദ്‌ബോധിപ്പിക്കുകയുണ്ടായി. (മത്തായി 5:41) അവന്റെ ശ്രോതാക്കൾക്ക്‌ അതിൽനിന്ന്‌ എന്തു മനസ്സിലാകുമായിരുന്നു? അത്‌ ഇന്നു നമുക്ക്‌ എന്ത്‌ അർഥമാക്കുന്നു?

ഉത്തരം കണ്ടുപിടിക്കാൻ, പുരാതനകാലങ്ങളിൽ നിലവിലിരുന്ന നിർബന്ധിത സേവനത്തെക്കുറിച്ച്‌ നാം മനസ്സിലാക്കേണ്ടതുണ്ട്‌. യേശുവിന്റെ നാളിൽ ജീവിച്ചിരുന്ന ഇസ്രായേല്യർക്ക്‌ അതു സുപരിചിതമായിരുന്നു.

നിർബന്ധിത സേവനം

സമീപ പൗരസ്‌ത്യദേശത്ത്‌ നിർബന്ധിത സേവനം (കൂലിയില്ലാവേല) പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) 18-ാം നൂറ്റാണ്ടിൽത്തന്നെ നിലവിലുണ്ടായിരുന്നെന്നു തെളിവുകൾ പ്രകടമാക്കുന്നു. സ്വകാര്യ സേവനങ്ങൾക്കായി ഗവൺമെന്റ്‌ നിയോഗിച്ചിരുന്ന കൂലിയില്ലാവേലക്കാരുടെ കൂട്ടങ്ങളെക്കുറിച്ച്‌, പുരാതന സിറിയൻ നഗരമായ അലലക്കിൽനിന്നു ലഭിച്ച ഭരണസംബന്ധമായ ലിഖിതങ്ങൾ പരാമർശിക്കുന്നു. സിറിയയുടെ തീരത്തുള്ള ഉഗാറിത്തിൽ പാട്ടത്തിനു കൃഷി ചെയ്‌തിരുന്ന കർഷകർ അത്തരം നിർബന്ധിത സേവനങ്ങൾക്കു വിധേയരായിരുന്നു. രാജാവിനുമാത്രമേ അതിനു വിലക്കുകൽപ്പിക്കാൻ കഴിയുമായിരുന്നുള്ളൂ.

പലപ്പോഴും, അടിമകളോ ബന്ധികളോ ആയി പിടിച്ചുകൊണ്ടുവന്നിരുന്നവരെ നിർബന്ധമായി പണിയെടുപ്പിച്ചിരുന്നു. ഈജിപ്‌തിലായിരിക്കെ അവിടത്തെ മേലാളന്മാർ ഇസ്രായേല്യരെ അടിമകളാക്കി ഇഷ്ടികകൾ ഉണ്ടാക്കുന്ന തൊഴിൽ ചെയ്യിച്ചിരുന്നു. പിൽക്കാലത്ത്‌, ഇസ്രായേല്യർ വാഗ്‌ദത്തദേശത്തു പാർത്തിരുന്ന കനാന്യരെക്കൊണ്ട്‌ അടിമവേല ചെയ്യിച്ചു. ദാവീദും ശലോമോനും അത്തരം നടപടികൾ പിൻപറ്റിയിരുന്നു.​—⁠പുറപ്പാടു 1:13, 14; 2 ശമൂവേൽ 12:31; 1 രാജാക്കന്മാർ 9:20, 21.

തങ്ങൾക്ക്‌ ഒരു രാജാവിനെ വേണമെന്ന്‌ ഇസ്രായേല്യർ ആവശ്യപ്പെട്ടപ്പോൾ, രാജാവിന്റെ അവകാശങ്ങൾ എന്തൊക്കെ ആയിരിക്കുമെന്ന്‌ ശമൂവേൽ വിശദീകരിച്ചു. രാജാവ്‌ ജനങ്ങളെ തനിക്കു തേരാളികളും കുതിരച്ചേവകരും ആക്കുമായിരുന്നു. നിലം കൃഷിചെയ്യാനും വിളവെടുക്കാനും ആയുധങ്ങൾ നിർമിക്കാനും ഒക്കെ അവൻ അവരെ ഉപയോഗിക്കുമായിരുന്നു. (1 ശമൂവേൽ 8:4-17) എന്നിരുന്നാലും, യഹോവയുടെ ആലയത്തിന്റെ നിർമാണസമയത്ത്‌ ‘യിസ്രായേൽമക്കളിൽനിന്ന്‌ ശലോമോൻ ആരെയും ദാസ്യവേലക്കാക്കിയില്ല. അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതിമാരും ആയിരുന്നു.’ (1 രാജാക്കന്മാർ 9:22) ആ സന്ദർഭത്തിൽ അന്യജാതിക്കാരായിരുന്നു നിർബന്ധിത സേവനം ചെയ്‌തത്‌.

നിർമാണ പദ്ധതികളിൽ ഉൾപ്പെട്ടിരുന്ന ഇസ്രായേല്യരെ സംബന്ധിച്ച്‌ 1 രാജാക്കന്മാർ 5:13, 14 ഇങ്ങനെ പറയുന്നു: “ശലോമോൻ രാജാവു യിസ്രായേലിൽനിന്നൊക്കയും ഊഴിയവേലക്കാരെ വരിയിട്ടെടുത്തു; ഊഴിയവേലക്കാർ മുപ്പതിനായിരംപേരായിരുന്നു. അവൻ അവരെ മാസംതോറും പതിനായിരംപേർവീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവർ ഒരു മാസം ലെബാനോനിലും രണ്ടു മാസം വീട്ടിലും ആയിരുന്നു.” ഒരു പണ്ഡിതൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ചെലവുകൂടാതെ സ്വന്തം കൃഷിയിടങ്ങളിലെ പണികൾ നടത്താനും സ്വകാര്യ കെട്ടിടങ്ങൾ നിർമിക്കാനും ഇസ്രായേലിലെയും യഹൂദയിലെയും രാജാക്കന്മാർ കൂലിയില്ലാവേല സമ്പ്രദായം പ്രയോജനപ്പെടുത്തി എന്നതിനു സംശയമില്ല.”

ശലോമോന്റെ കാലത്ത്‌ അടിമവേല ഏറെ ദുഷ്‌കരമായിരുന്നു. അതു കൂടുതൽ കഠിനമാക്കാൻ രെഹബെയാം ശ്രമിച്ചപ്പോൾ ഇസ്രായേല്യർ ഒന്നടങ്കം അതിനോടു പ്രതികരിക്കുകയും വേലയ്‌ക്കു മേൽനോട്ടം വഹിച്ചിരുന്ന അധികാരിയെ കല്ലെറിഞ്ഞു കൊല്ലുകയും ചെയ്‌തു. (1 രാജാക്കന്മാർ 12:12-18) എന്നാൽ നിർബന്ധിച്ചു പണിയെടുപ്പിക്കുന്ന രീതി പിന്നെയും തുടർന്നുപോന്നു. ഗേബ, മിസ്‌പ എന്നീ പട്ടണങ്ങൾ പണിയാൻ രെഹബെയാമിന്റെ കൊച്ചുമകനായ ആസാ യഹൂദജനതയെ “ഒട്ടൊഴിയാതെ” വിളിച്ചുകൂട്ടി.—⁠1 രാജാക്കന്മാർ 15:22.

റോമൻ നുകത്തിനുകീഴിൽ

‘നിർബന്ധിത’ സേവനത്തിനുള്ള സാധ്യതയെക്കുറിച്ച്‌ ഒന്നാം നൂറ്റാണ്ടിലെ യഹൂദന്മാർക്ക്‌ നന്നായി അറിയാമായിരുന്നെന്ന്‌ ഗിരിപ്രഭാഷണം പ്രകടമാക്കുന്നു. ആഗാരെവോ എന്ന ഗ്രീക്കുപദത്തിൽനിന്നാണ്‌ ഈ പ്രയോഗം വന്നിരിക്കുന്നത്‌. തുടക്കത്തിൽ പേർഷ്യൻ സന്ദേശവാഹകരുടെ പ്രവർത്തനത്തോടു ബന്ധപ്പെടുത്തിയാണ്‌ ആ പദം ഉപയോഗിച്ചിരുന്നത്‌. പൊതുസേവനം സുഗമമാക്കാനായി, എന്തും​—⁠വ്യക്തികൾ, കുതിരകൾ, കപ്പലുകൾ തുടങ്ങിയവ​—⁠ഉപയോഗപ്പെടുത്താൻ അവർക്ക്‌ അധികാരം ഉണ്ടായിരുന്നു.

യേശുവിന്റെ നാളിൽ ഇസ്രായേല്യർ റോമാക്കാരുടെ കീഴിലായിരുന്നു. തങ്ങളുടേതായ വിധത്തിൽ അവർ നിർബന്ധിത സേവനം നടപ്പാക്കിയിരുന്നു. സാധാരണമായുള്ള നികുതികൾക്കുപുറമേ ക്രമമായ അടിസ്ഥാനത്തിലോ ഏതെങ്കിലും പ്രത്യേക സാഹചര്യത്തിലോ കിഴക്കൻ പ്രവിശ്യകളിൽ ആളുകളെക്കൊണ്ട്‌ നിർബന്ധമായി പണിയെടുപ്പിച്ചിരുന്നു. അത്‌ ഒട്ടും ജനരഞ്‌ജകം ആയിരുന്നില്ല. കൂടാതെ, പൊതുഗതാഗതത്തിനായി മൃഗങ്ങളെയും ഡ്രൈവർമാരെയും ചരക്കുവണ്ടികളെയും അനധികൃതമായി പിടിച്ചെടുക്കുക സാധാരണമായിരുന്നു. ചരിത്രകാരനായ മൈക്കിൾ റൊസ്റ്റൊഫ്‌റ്റ്‌സിഫ്‌ പറയുന്നതനുസരിച്ച്‌ ഭരണകർത്താക്കൾ “[ഈ സമ്പ്രദായത്തെ] നിയന്ത്രിക്കാനും ചിട്ടപ്പെടുത്താനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അതു നിലനിൽക്കുന്നിടത്തോളംകാലം അതിന്റെ ദുഷ്‌ഫലങ്ങളും നിലനിൽക്കും. ഇത്തരം സേവനവ്യവസ്ഥയുടെ സ്വഭാവവിശേഷമായ സ്വേച്ഛാധിപത്യവും അടിച്ചമർത്തലും നിറുത്തലാക്കാൻ ആത്മാർഥമായി ആഗ്രഹിച്ച സ്ഥാനപതിമാർ തുടർച്ചയായി ഉത്തരവുകൾ പുറപ്പെടുവിച്ചു. . . . എന്നിട്ടും ആ സമ്പ്രദായത്തിനു യാതൊരു മാറ്റവും ഉണ്ടായില്ല.”

ഒരു ഗ്രീക്ക്‌ പണ്ഡിതൻ ഇങ്ങനെ പറഞ്ഞു: “ഒരു നിശ്ചിതദൂരത്തോളം പട്ടാളക്കാരുടെ പെട്ടികൾ ചുമക്കാൻ ആരോടും കൽപ്പിക്കാൻ കഴിയുമായിരുന്നു. അധികാരികൾ ആഗ്രഹിക്കുന്ന ഏതു സേവനം അനുഷ്‌ഠിക്കാനും ആരെ വേണമെങ്കിലും ഉപയോഗിക്കാമായിരുന്നു.” കുറേനക്കാരനായ ശീമോന്റെ കാര്യത്തിൽ സംഭവിച്ചത്‌ അതായിരുന്നു. യേശുവിന്റെ ദണ്ഡനസ്‌തംഭം റോമൻ പടയാളികൾ അവനെക്കൊണ്ട്‌ “നിർബ്ബന്ധ”പൂർവം ചുമപ്പിക്കുകയായിരുന്നു.​—⁠മത്തായി 27:32.

ജനരഞ്‌ജകമല്ലാത്ത ഈ സമ്പ്രദായത്തെക്കുറിച്ച്‌ റബിമാരുടെ ഗ്രന്ഥങ്ങളിലും പരാമർശമുണ്ട്‌. ഉദാഹരണത്തിന്‌, ഒരു റബിയെക്കൊണ്ട്‌ ഒരു കൊട്ടാരത്തിലേക്ക്‌ മിർട്ടിൽസ്‌ തടി ചുമപ്പിച്ചുവത്രേ. ഒരു തൊഴിലുടമയുടെ കീഴിൽ ജോലിചെയ്യുന്നവരെ നിർബന്ധപൂർവം മറ്റൊരു വേലയ്‌ക്കായി കൂട്ടിക്കൊണ്ടുപോകുമായിരുന്നു. അപ്പോഴും മുൻതൊഴിലുടമതന്നെ അവർക്കു കൂലി നൽകേണ്ടിയിരുന്നു. ചുമട്ടുമൃഗങ്ങളെയോ കാളകളെയോ പിടിച്ചെടുക്കുന്ന രീതിയും ഉണ്ടായിരുന്നു. എന്നെങ്കിലും അവയെ തിരിച്ചുകൊടുത്താൽത്തന്നെ, അവ തീർത്തും വേല ചെയ്യാൻ കഴിയാത്ത ഒരു അവസ്ഥയിലെത്തിയിരിക്കും. മൃഗങ്ങളെയും മറ്റും കൊണ്ടുപോയിക്കഴിഞ്ഞാൽ, അവ തങ്ങൾക്ക്‌ എന്നെന്നേക്കുമായി നഷ്ടപ്പെട്ടതായിട്ടാണ്‌ ആളുകൾ കരുതിയിരുന്നത്‌. “മരണത്തിനു തുല്യമാണ്‌ ആഗാരിയാ” എന്ന യഹൂദ പഴമൊഴി തീർച്ചയായും അർഥവത്താണ്‌. ഒരു ചരിത്രകാരൻ പറയുന്നു: “ചുമട്ടുമൃഗങ്ങൾക്കുപകരം, ഉഴവുകാളകളെ ആഗാരിയായ്‌ക്കുവേണ്ടി പിടിച്ചെടുക്കുന്നത്‌ ഒരു ഗ്രാമത്തിന്റെതന്നെ നാശത്തിന്‌ ഇടയാക്കുമായിരുന്നു.”

ധാർഷ്‌ട്യവും അനീതിയും മുഖമുദ്രയായ അത്തരം ഏർപ്പാടുകൾ ആളുകൾക്ക്‌ എത്ര അനിഷ്ടമായിരുന്നെന്നു നിങ്ങൾക്ക്‌ ഊഹിക്കാൻ കഴിയും. വിജാതീയ ആധിപത്യത്തെ വെറുത്തിരുന്ന യഹൂദരെ, ദുരിതപൂർണമായ ഇത്തരം വേലയ്‌ക്കു വിധേയരാക്കുകകൂടി ചെയ്‌തപ്പോൾ അവരിലെ പ്രതിഷേധാഗ്നി ആളിക്കത്തി. ഒരു പൗരനെ എത്ര ദൂരത്തോളം ഭാരം ചുമപ്പിക്കാൻ കഴിയുമായിരുന്നെന്നു കൃത്യമായി സൂചിപ്പിക്കുന്ന നിയമമൊന്നും നിലവിലില്ല. എങ്കിലും ഒരു കാര്യം ഊഹിക്കാൻ കഴിയും: നിയമം ആവശ്യപ്പെട്ടിരുന്നതിലും ഒരു ചുവടുപോലും കൂടുതൽ നടക്കാൻ പലരും തയ്യാറായിരുന്നെന്നു തോന്നുന്നില്ല.

“ഒരുത്തൻ [അതായത്‌ ഒരു അധികാരി] നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക” എന്നു പറഞ്ഞപ്പോൾ ഈ സമ്പ്രദായത്തെ ഉദ്ദേശിച്ചാണ്‌ യേശു സംസാരിച്ചത്‌. (മത്തായി 5:41) അവൻ പറഞ്ഞത്‌ അന്യായമാണെന്നു ചിലർ വിചാരിച്ചിരിക്കാം. എന്താണ്‌ അവൻ കൃത്യമായും അർഥമാക്കിയത്‌?

ക്രിസ്‌ത്യാനികൾ പ്രതികരിക്കേണ്ട വിധം

ന്യായാനുസൃതമായ ഒരു സേവനം അനുഷ്‌ഠിക്കാൻ അധികാരികൾ നിർബന്ധിക്കുന്നപക്ഷം നീരസം കൂടാതെ മനസ്സോടെ അതു ചെയ്യണമെന്നാണ്‌ യേശു പറഞ്ഞതിന്റെ സാരം. അങ്ങനെ അവർ “കൈസർക്കുള്ളതു കൈസർക്കു” നൽകണമായിരുന്നു. അതേസമയം “ദൈവത്തിന്നുള്ളതു ദൈവത്തിന്നു” കൊടുക്കാനും അവർ കടപ്പെട്ടിരുന്നു.​—⁠മർക്കൊസ്‌ 12:17. *

കൂടാതെ, അപ്പൊസ്‌തലനായ പൗലൊസ്‌ ക്രിസ്‌ത്യാനികളെ ഇങ്ങനെ ഉദ്‌ബോധിപ്പിച്ചു: “ഏതു മനുഷ്യനും ശ്രേഷ്‌ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു. . . . നീ തിന്മ ചെയ്‌താലോ ഭയപ്പെടുക; വെറുതെ അല്ല അവൻ വാൾ വഹിക്കുന്നത്‌.”​—⁠റോമർ 13:1-4.

ആജ്ഞ ലംഘിക്കുന്നവരെ ശിക്ഷിക്കാൻ ഒരു രാജാവിന്‌ അല്ലെങ്കിൽ ഒരു ഗവൺമെന്റിന്‌ അവകാശം ഉണ്ടെന്ന്‌ യേശുവും പൗലൊസും വ്യക്തമാക്കി. എന്തായിരുന്നു ശിക്ഷ? പൊ.യു. ഒന്നും രണ്ടും നൂറ്റാണ്ടുകളിലെ ഗ്രീക്ക്‌ തത്ത്വജ്ഞാനിയായിരുന്ന എപ്പിക്‌റ്റിറ്റസ്‌ ഒരു ശിക്ഷയെക്കുറിച്ചു പറയുന്നു: “പെട്ടെന്ന്‌ ഒരു ആവശ്യം നേരിട്ടതിനെത്തുടർന്ന്‌ ഒരു പടയാളി നിങ്ങളുടെ കഴുതയെ അഴിച്ചുകൊണ്ടുപോയാൽ ഒന്നും മിണ്ടാതെ, അതിനെ കൊണ്ടുപോകാൻ അനുവദിക്കുക. തടയുകയോ പിറുപിറുക്കുകയോ ചെയ്‌താൽ അടി ഉറപ്പാണ്‌. കഴുതയും നഷ്ടമാകും.”

എന്നാൽ ചില ഗവൺമെന്റ്‌ ഉത്തരവുകൾ പാലിക്കാൻ മനസ്സാക്ഷി തങ്ങളെ അനുവദിക്കുകയില്ലെന്ന്‌ പുരാതനകാലത്തും ഇന്നും ഉള്ള ക്രിസ്‌ത്യാനികൾ മനസ്സിലാക്കിയിട്ടുണ്ട്‌. ചിലപ്പോഴൊക്കെ അതിന്റെ പരിണതഫലങ്ങൾ ഗുരുതരമായിരുന്നിട്ടുണ്ട്‌. ചില ക്രിസ്‌ത്യാനികൾ മരണശിക്ഷയ്‌ക്കു വിധിക്കപ്പെട്ടിരിക്കുന്നു. നിഷ്‌പക്ഷമല്ലാത്തതെന്നു തങ്ങൾ കരുതുന്ന പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ ഫലമായി മറ്റു ചിലർ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞിട്ടുണ്ട്‌. (യെശയ്യാവു 2:4; യോഹന്നാൻ 17:16; 18:36) ചിലപ്പോഴൊക്കെ ആവശ്യപ്പെടുന്ന കാര്യങ്ങൾ തങ്ങൾക്കു ചെയ്യാൻ കഴിയുന്നതാണെന്ന്‌ ക്രിസ്‌ത്യാനികൾ മനസ്സിലാക്കിയിരിക്കുന്നു. ഉദാഹരണത്തിന്‌, ഒരു ജനായത്ത ഭരണത്തിൻ കീഴിൽ ചെയ്യപ്പെടുന്ന, സമൂഹത്തിനു ഗുണകരമായ സൈനികേതര വേലകൾ മനസ്സാക്ഷിപൂർവം ചെയ്യാൻ തങ്ങൾക്കാവുമെന്ന്‌ ചില ക്രിസ്‌ത്യാനികൾക്കു തോന്നുന്നു. പ്രായമായവരെയും വൈകല്യമുള്ളവരെയും സഹായിക്കുക, അഗ്നിശമനസേനയിൽ സേവിക്കുക, ബീച്ചുകൾ വൃത്തിയാക്കുക, പാർക്കുകളിലും വനങ്ങളിലും ലൈബ്രറികളിലും മറ്റും വേല ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങൾ അതിൽ ഉൾപ്പെട്ടേക്കാം.

സ്വാഭാവികമായും, ഓരോ രാജ്യത്തെയും സാഹചര്യങ്ങളിൽ വ്യത്യാസമുണ്ട്‌. അതുകൊണ്ട്‌ ആജ്ഞകൾ അനുസരിക്കുന്ന കാര്യത്തിൽ ഓരോ ക്രിസ്‌ത്യാനിയും തന്റെ ബൈബിൾപരിശീലിത മനസ്സാക്ഷി ഉപയോഗിക്കേണ്ടതുണ്ട്‌.

രണ്ടു നാഴിക പോകുന്ന വിധം

ന്യായാനുസൃതമായ ആവശ്യങ്ങൾ മനസ്സോടെ നിറവേറ്റിക്കൊടുക്കണം എന്ന യേശു പഠിപ്പിച്ച തത്ത്വം, ഗവൺമെന്റിനോടുള്ള ബന്ധത്തിൽ മാത്രമല്ല സഹമനുഷ്യരുമൊത്തുള്ള ദൈനംദിന ജീവിതത്തിലും ബാധകമാണ്‌. ഉദാഹരണത്തിന്‌, നിങ്ങളുടെമേൽ അധികാരമുള്ള ഒരു വ്യക്തി നിങ്ങൾക്ക്‌ ഇഷ്ടമില്ലാത്തതും എന്നാൽ ദൈവവചനത്തിനു വിരുദ്ധമല്ലാത്തതും ആയ ഒരു കാര്യം ചെയ്യാൻ നിങ്ങളോട്‌ ആവശ്യപ്പെട്ടെന്നിരിക്കട്ടെ. നിങ്ങൾ എങ്ങനെ പ്രതികരിക്കും? സമയവും ഊർജവും അനാവശ്യമായി ചെലവഴിക്കേണ്ടിവരുമല്ലോ എന്നു വിചാരിച്ച്‌ നിങ്ങൾ പൊട്ടിത്തെറിക്കുകയോ അതിന്റെ ഫലമായി വ്യക്തിബന്ധങ്ങൾ വഷളാകുകയോ ചെയ്‌തേക്കാം. ഇനി, നീരസത്തോടെയാണ്‌ അതു ചെയ്യുന്നതെങ്കിലോ? നിങ്ങളുടെ മനസ്സിനു യാതൊരു സ്വസ്ഥതയും ഉണ്ടായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യാൻ കഴിയും? യേശു പറഞ്ഞതു ചെയ്യുക. അതായത്‌, രണ്ടു നാഴിക പോകുക. നിങ്ങളോട്‌ ആവശ്യപ്പെടുന്നതിലും അധികം കാര്യങ്ങൾ ചെയ്‌തുകൊടുക്കുക. പൂർണ മനസ്സോടെ അങ്ങനെ ചെയ്യുന്നതു പ്രധാനമാണ്‌. അങ്ങനെയാകുമ്പോൾ, നിങ്ങൾ ചൂഷണം ചെയ്യപ്പെടുകയാണെന്ന്‌ നിങ്ങൾക്കു തോന്നുകയില്ല. പകരം, എല്ലാം സ്വന്ത നിയന്ത്രണത്തിലാണെന്നപോലെ നിങ്ങൾക്കു പ്രവർത്തിക്കാൻ കഴിയും.

ഒരു ഗ്രന്ഥകാരൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “നിർബന്ധത്തിനു വഴങ്ങിയാണ്‌ അനേകരും അവരുടെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യുന്നത്‌. ജീവിതം അവർക്കു വിരസമാണ്‌. എല്ലായ്‌പോഴും അവർ ക്ഷീണിതരും ആയിരിക്കും. എന്നാൽ, സന്തോഷത്തോടെ മറ്റുള്ളവരെ സഹായിച്ചുകൊണ്ട്‌ തങ്ങൾ ചെയ്യേണ്ടതിലും അധികം കാര്യങ്ങൾ നിർവഹിക്കുന്നവരാണ്‌ മറ്റു ചിലർ.” മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി ഒരു നാഴിക പോകണമോ അതോ സ്വമനസ്സാലേ രണ്ടു നാഴിക പോകണമോ എന്നു പലപ്പോഴും നാം തിരഞ്ഞെടുക്കേണ്ടതായിട്ടുണ്ട്‌ എന്നതാണു വാസ്‌തവം. ആദ്യത്തെ വകുപ്പിൽപ്പെട്ടവർ സ്വന്തം അവകാശങ്ങൾ ഉയർത്തിപ്പിടിക്കുമ്പോൾ രണ്ടാമത്തെ കൂട്ടർ യഥാർഥത്തിൽ ജീവിതം ആസ്വദിക്കുന്നു. നിങ്ങൾ ഏതു വിഭാഗത്തിൽപ്പെടുന്നു? എങ്ങനെയെങ്കിലും നിറവേറ്റേണ്ട ഒരു കടമയെന്നപോലെ കാര്യങ്ങളെ വീക്ഷിക്കുന്നതിനുപകരം, നിങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന സംഗതികളായി അവയെ കണക്കാക്കുമ്പോൾ സാധ്യതയനുസരിച്ച്‌ നിങ്ങളുടെ സന്തോഷവും കാര്യക്ഷമതയും പതിന്മടങ്ങു വർധിക്കും.

ഇനി, നിങ്ങൾ അധികാരസ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി ആണെങ്കിലോ? അധികാരം ഉപയോഗിച്ച്‌ ആളുകളെക്കൊണ്ട്‌ അവർക്ക്‌ ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കുന്നത്‌ തീർച്ചയായും സ്‌നേഹശൂന്യമായിരിക്കും. അത്‌ ഒരു ക്രിസ്‌ത്യാനിക്കു ചേരുന്നതുമല്ല. “ജാതികളുടെ അധിപന്മാർ അവരിൽ കർത്തൃത്വം ചെയ്യുന്നു എന്നും മഹത്തുക്കൾ അവരുടെമേൽ അധികാരം നടത്തുന്നു” എന്നും യേശു പറഞ്ഞു. എന്നാൽ ക്രിസ്‌ത്യാനികൾ ഒരിക്കലും അങ്ങനെ ചെയ്യരുത്‌. (മത്തായി 20:25, 26) മർക്കടമുഷ്ടി പ്രയോഗിക്കുന്നതിലൂടെ കാര്യങ്ങൾ നേടാൻ കഴിഞ്ഞേക്കും. എന്നാൽ, ന്യായമായ കാര്യങ്ങൾ ചെയ്യാൻ ദയയോടെ ആവശ്യപ്പെടുകയും മറ്റുള്ളവർ അത്‌ ആദരവോടെയും സന്തോഷത്തോടെയും നിറവേറ്റുകയും ചെയ്യുമ്പോൾ വ്യക്തിബന്ധങ്ങൾ എത്ര മെച്ചമായിരിക്കും! ഒരു നാഴികയ്‌ക്കുപകരം രണ്ടു നാഴിക പോകാനുള്ള മനസ്സൊരുക്കം തീർച്ചയായും നിങ്ങളുടെ ജീവിതം ധന്യമാക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 18 “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ” എന്നതിന്റെ അർഥം പൂർണമായി മനസ്സിലാക്കാൻ, 1996 മേയ്‌ 1 വീക്ഷാഗോപുരം പേജ്‌ 15-20 കാണുക.

[25-ാം പേജിലെ ചതുരം]

നിർബന്ധിത സേവനത്തിന്റെ ദുരുപയോഗം​—⁠പുരാതനകാലത്ത്‌

ആളുകളിൽനിന്ന്‌ സേവനം പിടിച്ചുവാങ്ങാനുള്ള ഒരു മറയായി പലപ്പോഴും നിർബന്ധിത സേവനം ഉപയോഗപ്പെടുത്തിയിരുന്നെന്ന്‌ അത്തരം ചൂഷണങ്ങൾക്കു കടിഞ്ഞാണിടുന്ന നിയമങ്ങൾ തെളിയിക്കുന്നു. ഉദ്യോഗസ്ഥർ “സ്വകാര്യ സേവനങ്ങൾക്കായി പ്രജകളെ നിർബന്ധിക്കുകയോ സ്വന്ത ഉപയോഗത്തിനായി അവരുടെ നാൽക്കാലികളെ പിടിച്ചെടുക്കുകയോ (ആഗാരിയാ) ചെയ്യരുത്‌” എന്ന്‌ പൊ.യു.മു. 118-ൽ ഈജിപ്‌തിലെ ടോളമി യൂയെർജെറ്റിസ്‌ രണ്ടാമൻ പ്രഖ്യാപിച്ചു. “സ്വന്ത ഉപയോഗത്തിനായോ മറ്റെന്തിനെങ്കിലും വേണ്ടിയോ ആരും വള്ളങ്ങൾ . . . പിടിച്ചെടുക്കരുത്‌” എന്നും നിയമം ഉണ്ടായിരുന്നു. പട്ടാളക്കാർ നിയമവിരുദ്ധമായി സേവനങ്ങൾ പിടിച്ചെടുത്തിരുന്നതായും അതുകൊണ്ട്‌ “ആരും എന്റെ സമ്മതപത്രം കൂടാതെ യാതൊന്നും പിടിച്ചെടുക്കുകയോ കൊണ്ടുപോകുകയോ . . . ചെയ്യരുത്‌” എന്നു താൻ കൽപ്പന പുറപ്പെടുവിച്ചതായും പൊ.യു. 49-ൽ ഈജിപ്‌തിലെ ഗ്രേറ്റ്‌ ഒയാസിസ്‌ ക്ഷേത്രത്തിന്റെ ചുവരിൽ എഴുതപ്പെട്ട ഒരു ആലേഖനത്തിൽ റോമൻ സ്ഥാനപതിയായ വെർജിലിയുസ്‌ കപ്പിറ്റോ സമ്മതിച്ചുപറയുന്നു.

[24-ാം പേജിലെ ചിത്രം]

ദണ്ഡനസ്‌തംഭം ചുമക്കാൻ കുറേനക്കാരനായ ശീമോനെ നിർബന്ധിച്ചു

[26-ാം പേജിലെ ചിത്രം]

തങ്ങളുടെ ക്രിസ്‌തീയ നിലപാടിൽ ഉറച്ചുനിന്നതിനാൽ അനേകം ക്രിസ്‌ത്യാനികൾക്കു തടവിൽ കഴിയേണ്ടിവന്നിട്ടുണ്ട്‌