നിങ്ങൾ കണ്ടിട്ടുള്ള അത്ഭുതങ്ങൾ!
നിങ്ങൾ കണ്ടിട്ടുള്ള അത്ഭുതങ്ങൾ!
“അത്ഭുതം” എന്ന വാക്കിന്റെ രണ്ടാമത്തെ അർഥം, “അങ്ങേയറ്റം ശ്രദ്ധേയമായ ഒരു സംഭവം, സംഗതി, അല്ലെങ്കിൽ നേട്ടം” എന്നൊക്കെയാണ്. ദിവ്യ ഇടപെടൽ കൂടാതെയുള്ള അത്തരം അത്ഭുതങ്ങൾ നമ്മളെല്ലാവരും കണ്ടിട്ടുണ്ട്.
പ്രപഞ്ചത്തിലെ ഭൗതിക നിയമങ്ങളെക്കുറിച്ചു മനുഷ്യൻ കൂടുതൽ അറിവു നേടാൻ തുടങ്ങിയതോടെ, ഒരിക്കൽ അസാധ്യമെന്നു പൊതുവേ കരുതപ്പെട്ടിരുന്ന പലതും നേടാൻ അവനു കഴിഞ്ഞിരിക്കുന്നു. ഉദാഹരണത്തിന്, കമ്പ്യൂട്ടറിന്റെയും ടെലിവിഷന്റെയും കണ്ടുപിടിത്തവും ബഹിരാകാശ സാങ്കേതികവിദ്യയിലും മറ്റും ഉണ്ടായിട്ടുള്ള മുന്നേറ്റങ്ങളും ഇന്നു സാധാരണ മനുഷ്യന്റെ ജീവിതത്തിൽ സാധ്യമാക്കിയിരിക്കുന്ന സംഗതികൾ ഒരിക്കലും നടക്കുകയില്ലാത്തവയാണെന്ന് ഒരു നൂറ്റാണ്ടുമുമ്പു ജീവിച്ചിരുന്നവരിൽ മിക്കവരും ചിന്തിച്ചിരിക്കാം.
ദൈവത്തിന്റെ സൃഷ്ടിക്രിയകൾക്കു പിന്നിലുള്ള ശാസ്‌ത്രീയ അത്ഭുതങ്ങളെക്കുറിച്ച് തങ്ങൾക്കുള്ള അറിവ് അപൂർണമാണെന്നു തിരിച്ചറിഞ്ഞിട്ടുള്ള ചില ശാസ്‌ത്രജ്ഞന്മാർ, ഏതെങ്കിലും ഒരു സംഗതി സംഭവ്യമേ അല്ലെന്നു തീർത്തുപറയാൻ തങ്ങൾക്കാവില്ലെന്നു
സമ്മതിക്കുന്നു. കൂടിപ്പോയാൽ, അങ്ങനെയൊന്നും സംഭവിക്കാൻ സാധ്യതയില്ലെന്നു മാത്രമേ അവർക്കു പറയാൻ കഴിയൂ. ഭാവിയിൽ “അത്ഭുതങ്ങൾ” നടക്കാനുള്ള സാധ്യത അവർ തള്ളിക്കളയുന്നില്ല.“അത്ഭുതം” എന്ന വാക്കിന്റെ അടിസ്ഥാന അർഥത്തിനു ചേർച്ചയിൽ “പ്രകൃത്യതീത സ്രോതസ്സിൽനിന്നുള്ള” കാര്യങ്ങളെ ഉദ്ദേശിച്ചാണ് ആ പദം നാം ഉപയോഗിക്കുന്നതെന്നു വിചാരിക്കുക. അപ്പോൾപ്പോലും, നമ്മൾ ഓരോരുത്തരും അത്തരം അത്ഭുതങ്ങൾ കണ്ടിട്ടുണ്ടെന്നു പറയാൻ കഴിയും. ഉദാഹരണത്തിന്, പ്രതിദിനം നമ്മൾ നിരീക്ഷിക്കുന്ന സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും എല്ലാം നിർമിച്ചിരിക്കുന്നത് ഒരു “പ്രകൃത്യതീത സ്രോതസ്സ്”—സ്രഷ്ടാവ്—ആണ്. കൂടാതെ, മനുഷ്യശരീരം പ്രവർത്തിക്കുന്ന വിധം, തലച്ചോറിന്റെ സങ്കീർണതകൾ, മാനുഷഭ്രൂണം വളർച്ച പ്രാപിക്കുന്നതിലെ വിസ്‌മയങ്ങൾ എന്നിവയെല്ലാം പൂർണമായി വിശദീകരിക്കാൻ ആർക്കെങ്കിലും കഴിയുമോ? ശരീരയന്ത്രം (ഇംഗ്ലീഷ്) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “കേന്ദ്ര നാഡീവ്യൂഹത്താൽ നിയന്ത്രിക്കപ്പെടുകയും ഏകോപിപ്പിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യ ശരീരം, വിസ്‌മയാവഹവും അനേകവിധങ്ങളിൽ നിഗൂഢവും ആയ ഒരു സൃഷ്ടി—സങ്കീർണവും സംവേദനക്ഷമതയുള്ളതും ആയ ഒരു ഉപകരണം, സ്വയം നിയന്ത്രിക്കുന്നതും സഞ്ചരിക്കുന്നതും ആയ ഒരു എഞ്ചിൻ, സ്വയം പുനരുത്‌പാദനം നടത്തുന്ന ഒരു കമ്പ്യൂട്ടർ—ആണ്.” ‘മനുഷ്യ ശരീരം’ സൃഷ്ടിച്ച ദൈവം നിശ്ചയമായും ഒരു അത്ഭുതമാണ് പ്രവർത്തിച്ചിരിക്കുന്നതെന്നു പറയാൻ കഴിയും. ആ അത്ഭുതം ഇന്നും നമ്മെ വിസ്‌മയിപ്പിക്കുന്നു. മറ്റു വിധങ്ങളിലുള്ള അത്ഭുതങ്ങളും നിങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ അവ അത്ഭുതങ്ങൾ ആണെന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലായിരിക്കാമെന്നു മാത്രം.
അത്ഭുതത്തിന്റെ പര്യായമായ ഒരു പുസ്‌തകം
മറ്റേതൊരു പുസ്‌തകത്തെക്കാളും പ്രചാരം ലഭിച്ചിട്ടുള്ള ഒന്നാണ് ബൈബിൾ. ഈ ഗ്രന്ഥം യഥാർഥത്തിൽ ഒരു അത്ഭുതം ആണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? അതിനെ അസ്‌തിത്വത്തിൽ കൊണ്ടുവന്നത് ഒരു “പ്രകൃത്യതീത സ്രോതസ്സ്” ആണെന്നു നമുക്കു പറയാനാകുമോ? മനുഷ്യരാണ് ബൈബിൾ എഴുതിയത് എന്നതു സത്യമാണ്. എന്നാൽ, സ്വന്തം ആശയങ്ങളല്ല മറിച്ച്, ദൈവത്തിന്റെ ചിന്തകളാണു തങ്ങൾ രേഖപ്പെടുത്തിയതെന്ന് അവർ അവകാശപ്പെടുന്നു. (2 ശമൂവേൽ 23:1, 2; 2 പത്രൊസ് 1:20, 21) ഒന്നോർത്തുനോക്കൂ: 1,600 വർഷത്തെ ദീർഘമായ ഒരു കാലയളവിനുള്ളിൽ ജീവിച്ചിരുന്ന ഏതാണ്ട് 40 പേർ ചേർന്നാണ് ബൈബിൾ എഴുതിയത്. ആട്ടിടയന്മാർ, പട്ടാളക്കാർ, മുക്കുവർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, പുരോഹിതന്മാർ, രാജാക്കന്മാർ എന്നിങ്ങനെ വ്യത്യസ്‌ത തുറകളിലുള്ളവർ ആയിരുന്നു അവർ. എങ്കിലും, സത്യസന്ധവും കൃത്യതയുള്ളതും പ്രത്യാശനിർഭരവും ആയ ഒരു ഏകീകൃത സന്ദേശത്തിനു രൂപംനൽകാൻ അവർക്കു സാധിച്ചു.
അപ്പൊസ്‌തലനായ പൗലൊസ് എഴുതിയപ്രകാരം ബൈബിളിനെ “മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചനമായിട്ടു തന്നേ” വീക്ഷിക്കാൻ ശ്രദ്ധാപൂർവമായ പഠനം യഹോവയുടെ സാക്ഷികളെ സഹായിച്ചിരിക്കുന്നു. (1 തെസ്സലൊനീക്യർ 2:13) ബൈബിളിലെ, പരസ്‌പരവിരുദ്ധമെന്നു തോന്നുന്ന ചില ഭാഗങ്ങൾ അതിന്റെ ആകമാന സന്ദേശവുമായി എപ്രകാരം പൊരുത്തപ്പെട്ടിരിക്കുന്നെന്ന് വർഷങ്ങളായി അവരുടെ പ്രസിദ്ധീകരണങ്ങൾ വിശദീകരിച്ചുപോന്നിരിക്കുന്നു. ഈ ആന്തരിക യോജിപ്പ് യഥാർഥത്തിൽ ബൈബിളിന്റെ ദിവ്യനിശ്വസ്‌തതയ്‌ക്കുള്ള ഒരു തെളിവാണ്. *
ബൈബിളിനെ നശിപ്പിക്കാൻ നടത്തിയിട്ടുള്ളതുപോലുള്ള തീവ്രശ്രമങ്ങൾ മറ്റൊരു ഗ്രന്ഥത്തിനുനേരെയും ഉണ്ടായിട്ടില്ല. എന്നിട്ടും അത് ഇന്നും നിലനിൽക്കുന്നു. മുഴുവനായോ ഭാഗികമായോ 2,000-ത്തിലധികം ഭാഷകളിൽ അതു ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. പുസ്‌തകം സംരക്ഷിക്കപ്പെട്ടതിനോടൊപ്പം അതിന്റെ ഉള്ളടക്കം മാറ്റംവരാതെ സൂക്ഷിക്കപ്പെട്ടു എന്നതും ദിവ്യ ഇടപെടലിനു തെളിവാണ്. സത്യമായും ബൈബിൾ ഒരു അത്ഭുതംതന്നെയാണ്!
“ജീവനും ചൈതന്യവുമുള്ള” ഒരു അത്ഭുതം
അത്ഭുത രോഗശാന്തികൾ, മരിച്ചവരെ ഉയിർപ്പിക്കൽ എന്നിങ്ങനെ മുൻകാലങ്ങളിൽ നടന്നതുപോലുള്ള അത്ഭുതങ്ങൾ ഇപ്പോൾ സംഭവിക്കുന്നില്ല. എന്നാൽ ദൈവത്തിന്റെ വരാൻപോകുന്ന പുതിയ ലോകത്തിൽ അത്തരം അത്ഭുതങ്ങൾ ഭൂവ്യാപകമായി നടക്കുമെന്നു വിശ്വസിക്കാൻ നമുക്ക് ഉറച്ച അടിസ്ഥാനം ഉണ്ട്. സംഭവിക്കാനിരിക്കുന്ന ആ അത്ഭുതങ്ങൾ ഇന്നു നമുക്കു വിഭാവന ചെയ്യാൻ കഴിയുന്നതിലും അധികമായിരിക്കും. അത് സകലർക്കും
ശാശ്വതമായ ആശ്വാസം കൈവരുത്തുകയും ചെയ്യും.ആളുകളുടെ സ്വഭാവത്തിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ഇന്നും അത്ഭുതത്തിനു തുല്യമായ കാര്യങ്ങൾ സാധിപ്പിക്കുന്ന ഒരു അത്ഭുതഗ്രന്ഥമാണ് ബൈബിൾ. (8-ാം പേജിലുള്ള “ദൈവവചനത്തിന്റെ ശക്തി” എന്ന ചതുരത്തിൽ കൊടുത്തിരിക്കുന്ന ദൃഷ്ടാന്തം കാണുക.) എബ്രായർ 4:12 ഇങ്ങനെ പറയുന്നു: “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്‌ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനെയും ആത്മാവിനെയും സന്ധിമജ്ജകളെയും വേറുവിടുവിക്കുംവരെ തുളെച്ചുചെല്ലുന്നതും ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കുന്നതും ആകുന്നു.” അതേ, ജീവിതത്തിന് ഉദ്ദേശ്യവും ഭാവി സംബന്ധിച്ച് അതിശയകരമായ പ്രത്യാശയും നൽകിക്കൊണ്ട് ഗോളത്തിനു ചുറ്റുമുള്ള 60 ലക്ഷത്തിലധികം ആളുകളുടെ ജീവിതത്തിനു സമൂലമാറ്റം വരുത്തുന്നതിൽ ബൈബിൾ സുപ്രധാനമായ പങ്കുവഹിച്ചിരിക്കുന്നു.
നിങ്ങളുടെ ജീവിതത്തിലും അത്ഭുതങ്ങൾ പ്രവർത്തിക്കാൻ ബൈബിളിനെ നിങ്ങൾ അനുവദിക്കുമോ?
[അടിക്കുറിപ്പ്]
^ ഖ. 8 പ്രത്യക്ഷത്തിൽ പരസ്‌പരവിരുദ്ധമായ ഭാഗങ്ങൾ, പരസ്‌പരം യോജിപ്പിലായിരിക്കുന്നത് എങ്ങനെയെന്നു പരിശോധിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്ന ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിന്റെ 7-ാം അധ്യായത്തിൽ കൊടുത്തിട്ടുള്ള ദൃഷ്ടാന്തങ്ങൾ കാണുക.
[7-ാം പേജിലെ ചതുരം/ചിത്രം]
മരിച്ചുകഴിഞ്ഞിരുന്നോ അതോ അപ്പോഴും ജീവൻ ഉണ്ടായിരുന്നോ?
യോഹന്നാൻ 19:33, 34 അനുസരിച്ച്, യേശു മരിച്ചുകഴിഞ്ഞപ്പോഴായിരുന്നു ‘പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തുകയും ഉടനെ രക്തവും വെള്ളവും പുറപ്പെടുകയും’ ചെയ്‌തത്. എന്നാൽ മത്തായി 27:49, 50 അനുസരിച്ച്, ഇതു സംഭവിക്കുമ്പോഴും യേശുവിനു ജീവൻ ഉണ്ടായിരുന്നെന്ന് ചില പരിഭാഷകൾ സൂചിപ്പിക്കുന്നു. ഈ വ്യത്യാസത്തിന്റെ കാരണം എന്താണ്?
ന്യായപ്രമാണം അനുസരിച്ച്, ഒരു കുറ്റവാളിയെ രാത്രി മുഴുവൻ വധസ്‌തംഭത്തിൽ കിടക്കാൻ അനുവദിക്കരുതായിരുന്നു. (ആവർത്തനപുസ്‌തകം 21:22, 23) അതുകൊണ്ട് യേശുവിന്റെ നാളിൽ, സ്‌തംഭത്തിലേറ്റപ്പെട്ട ഒരു കുറ്റവാളി സന്ധ്യയായിട്ടും മരിക്കാതിരുന്നാൽ വേഗത്തിൽ മരണം നടക്കേണ്ടതിന് അയാളുടെ കാലുകൾ തല്ലിയൊടിക്കുമായിരുന്നു. അപ്പോൾ കാലൂന്നിനിന്നുകൊണ്ട് ശരിയാംവണ്ണം ശ്വസിക്കാൻ അയാൾക്കു കഴിയാതാകുന്നു. യേശുവിന്റെ ഇരുവശങ്ങളിലുമായി സ്‌തംഭത്തിലേറ്റിയിരുന്ന രണ്ടു ദുഷ്‌പ്രവൃത്തിക്കാരുടെ കാലുകൾ പട്ടാളക്കാർ ഒടിക്കുകയും യേശുവിന്റെ കാലുകൾ ഒടിക്കാതിരിക്കുകയും ചെയ്‌തുവെന്ന വസ്‌തുത, യേശു മരിച്ചുകഴിഞ്ഞെന്ന് അവർ വിചാരിച്ചതായി സൂചിപ്പിക്കുന്നു. യഥാർഥത്തിൽ യേശു മരിച്ചിട്ടില്ലെങ്കിൽ പിന്നീട് അവൻ എഴുന്നേറ്റുവരുകയും അതു പുനരുത്ഥാനമാണെന്നു മറ്റുള്ളവർ വ്യാജമായി പ്രചരിപ്പിക്കുകയും ചെയ്യുമെന്നു ചിന്തിച്ചുകൊണ്ട് അവൻ മരിച്ചുവെന്ന് ഉറപ്പുവരുത്താനായിരിക്കാം പട്ടാളക്കാരൻ യേശുവിന്റെ വിലാപ്പുറത്തു കുത്തിയത്.
എന്നാൽ മത്തായി 27:49, 50-ൽ, സംഭവങ്ങൾ വ്യത്യസ്‌തമായ ക്രമത്തിലാണു രേഖപ്പെടുത്തിയിരിക്കുന്നത്. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “മറ്റൊരുത്തൻ കുന്തംകൊണ്ട് അവന്റെ വിലാപ്പുറത്തു കുത്തി, ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു. യേശു പിന്നെയും ഉറക്കെ നിലവിളിച്ചു പ്രാണനെ വിട്ടു.” എന്നാൽ, ചെരിച്ചെഴുതിയിരിക്കുന്ന ഈ വാചകം ബൈബിളിന്റെ എല്ലാ പുരാതന കയ്യെഴുത്തുപ്രതികളിലും കാണുന്നില്ല. യോഹന്നാന്റെ സുവിശേഷത്തിൽനിന്നെടുത്ത ഈ ഭാഗം, പിന്നീട് തെറ്റായ ഒരു സ്ഥാനത്തു കൂട്ടിച്ചേർക്കുകയായിരുന്നെന്ന് പല ആധികാരികകേന്ദ്രങ്ങളും വിശ്വസിക്കുന്നു. അതുകൊണ്ട് പല പരിഭാഷകളും ഈ വാചകം ബ്രായ്‌ക്കറ്റിലിടുകയോ കൂടുതലായ വിശദീകരണം അടിക്കുറിപ്പിൽ നൽകുകയോ അത് അപ്പാടെ നീക്കംചെയ്യുകയോ ചെയ്‌തിരിക്കുന്നു.
പുതിയലോക ഭാഷാന്തരത്തിന്റെ അടിസ്ഥാനമെന്നനിലയിൽ ഏറെ ഉപയോഗിക്കപ്പെട്ട, വെസ്‌കോട്ടും ഹോർട്ടും ചേർന്ന് തയ്യാറാക്കിയ അടിസ്ഥാന ഗ്രീക്കു പാഠം ഈ വാചകത്തെ ഇരട്ട ബ്രായ്‌ക്കറ്റുകളാൽ വേർതിരിക്കുന്നു. “[ഈ വാചകം] പരീശന്മാർ തിരുകിക്കയറ്റിയതാണെന്ന ശക്തമായ തോന്നൽ [വായനക്കാർക്ക്] ഉണ്ടായിരിക്കണം” എന്ന് അത് അഭിപ്രായപ്പെടുന്നു.
അതിനാൽ, യോഹന്നാൻ 19:33, 34 പറയുന്നത് ശരിയാണെന്നും റോമൻ പടയാളി യേശുവിനെ കുന്തംകൊണ്ടു കുത്തിയ സമയത്ത് അവൻ മരിച്ചുകഴിഞ്ഞിരുന്നെന്നും വ്യക്തമാണ്.
[8-ാം പേജിലെ ചതുരം/ചിത്രം]
ദൈവവചനത്തിന്റെ ശക്തി
ഛിദ്രിച്ച ഒരു കുടുംബത്തിലായിരുന്നു ഡെറ്റ്‌ലെഫ് വളർന്നത്. * മദ്യവും മയക്കുമരുന്നും ഹെവി മെറ്റൽ സംഗീതവും ക്രമേണ ആ കൗമാരപ്രായക്കാരന്റെ ജീവിതത്തിൽ സ്ഥാനംപിടിച്ചു. സ്‌കിൻഹെഡ് എന്നറിയപ്പെടുന്ന യുവപ്രായക്കാരുടെ ഒരു അക്രമിസംഘത്തിൽ ചേർന്ന അയാൾ പെട്ടെന്നുതന്നെ പോലീസിന്റെ നോട്ടപ്പുള്ളിയായിത്തീർന്നു.
1992-ൽ വടക്കുകിഴക്കൻ ജർമനിയിലുള്ള ഒരു റെസ്റ്ററന്റിലാണ് അതു സംഭവിച്ചത്. ഭക്ഷണത്തോടൊപ്പം മദ്യവും വിളമ്പുന്ന ആ കെട്ടിടത്തിലേക്ക് 60 സ്‌കിൻഹെഡുകൾ ഇരച്ചുകയറി. ‘പങ്ക് റോക്കേഴ്‌സ്’ എന്ന സാമൂഹിക വിരുദ്ധ സംഗീത സംഘത്തിൽപ്പെട്ട 35-ഓളം വ്യക്തികളെ ആക്രമിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഗുരുതരമായി പരുക്കേറ്റതിനെത്തുടർന്ന് സംഗീതസംഘത്തിൽപ്പെട്ട റ്റോമാസ് എന്ന യുവാവ് മരണമടഞ്ഞു. ഡെറ്റ്‌ലെഫ് ഉൾപ്പെടെ ആക്രമണത്തിനു നേതൃത്വം നൽകിയ പലരെയും വിചാരണ ചെയ്‌തശേഷം ജയിലിലടച്ചു. ആ വാർത്ത എങ്ങും പരന്നു.
ജയിൽമോചിതനായ ഡെറ്റ്‌ലെഫിന് അധികം താമസിയാതെ യഹോവയുടെ സാക്ഷികളിൽനിന്ന് ഒരു ലഘുലേഖ ലഭിച്ചു. “ജീവിതം ഇത്ര പ്രശ്‌നപൂരിതമായിരിക്കുന്നത് എന്തുകൊണ്ട്?” എന്നതായിരുന്നു അതിന്റെ തലക്കെട്ട്. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞ ഡെറ്റ്‌ലെഫ്, സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. അത് അദ്ദേഹത്തിന്റെ ജീവിതത്തെ മാറ്റിമറിച്ചു. 1996 മുതൽ അദ്ദേഹം യഹോവയുടെ തീക്ഷ്‌ണതയുള്ള ഒരു സാക്ഷിയായി സേവിക്കുന്നു.
‘പങ്ക്’ സംഗീതസംഘത്തിൽ മുമ്പ് അംഗമായിരുന്ന സെഹ്‌ഫ്രിറ്റ്, കൊല്ലപ്പെട്ട റ്റോമാസിന്റെ അടുത്ത സുഹൃത്തായിരുന്നു. പിന്നീട് അദ്ദേഹവും യഹോവയുടെ സാക്ഷികളിൽ ഒരാളായിത്തീർന്നു. ഇപ്പോൾ സഭയിൽ മൂപ്പനായി സേവിക്കുകയും ചെയ്യുന്നു. ഒരു പ്രസംഗം നടത്താൻ അദ്ദേഹം ഡെറ്റ്‌ലെഫിന്റെ സഭ (റ്റോമാസിന്റെ അമ്മയും ഇടയ്‌ക്കൊക്കെ അവിടെ യോഗങ്ങളിൽ സംബന്ധിക്കുന്നുണ്ട്) സന്ദർശിക്കുകയുണ്ടായി. ഡെറ്റ്‌ലെഫ് സെഹ്‌ഫ്രിറ്റിനെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചു. ഏതാണ്ട് പത്തു വർഷം മുമ്പുവരെ പരസ്‌പരം കടിച്ചുകീറാനുള്ള ദേഷ്യത്തോടെ നടന്നിരുന്ന അവർ ഇന്നു സഹോദരന്മാരെപ്പോലെ അന്യോന്യം സ്‌നേഹിക്കുന്നു.
പറുദീസഭൂമിയിലെ ജീവിതത്തിലേക്കു മടങ്ങിവരുന്ന റ്റോമാസിനെ സ്വാഗതം ചെയ്യാൻ ഡെറ്റ്‌ലെഫും സെഹ്‌ഫ്രിറ്റും കാത്തിരിക്കുന്നു. “അതേക്കുറിച്ച് ഓർക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകും; എത്ര വലിയ അപരാധമാണ് ഞാൻ ചെയ്‌തത്!” ഡെറ്റ്‌ലെഫ് പറയുന്നു. യഹോവയെ അറിയാനും ബൈബിൾ വെച്ചുനീട്ടുന്ന പ്രത്യാശയിൽ സന്തോഷിക്കാനും തങ്ങൾ ഇന്നു മറ്റുള്ളവരെ സഹായിക്കുന്നതുപോലെ, അന്നു റ്റോമാസിനെയും സഹായിക്കാൻ അവർ ആഗ്രഹിക്കുന്നു.
അതേ, ദൈവവചനത്തിന് അത്രയ്‌ക്കു ശക്തിയുണ്ട്.
[അടിക്കുറിപ്പ്]
^ ഖ. 25 പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[6-ാം പേജിലെ ചിത്രം]
മനുഷ്യശരീരം അത്ഭുതകരമായ ഒരു സൃഷ്ടിയാണ്
[കടപ്പാട്]
Anatomy Improved and Illustrated, London, 1723, Bernardino Genga