നിങ്ങൾ നിങ്ങളെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നുവോ?
നിങ്ങൾ നിങ്ങളെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നുവോ?
സൗന്ദര്യം, പ്രശസ്‌തി, ഗ്രഹിക്കാനും പഠിക്കാനും ഉള്ള പ്രാപ്‌തി എന്നീ കാര്യങ്ങളിൽ നമ്മെക്കാൾ മികച്ചുനിൽക്കുന്ന ആരെയെങ്കിലുമൊക്കെ നമ്മളെല്ലാവരും കണ്ടിട്ടുണ്ടെന്നതിനു സംശയമില്ല. ഇനി, നമ്മെക്കാൾ വിജയപ്രദമായ ജീവിതം നയിക്കുന്നവരോ സുഹൃദ്‌ബന്ധങ്ങൾ ഉള്ളവരോ ഉണ്ടായിരിക്കാം. വേറെ ചിലർക്ക് നമ്മെക്കാൾ ആരോഗ്യമോ കൂടുതൽ തൃപ്‌തികരമായ ഒരു ജോലിയോ ഉണ്ടായിരുന്നേക്കാം. ധാരാളം വസ്‌തുവകകളും പണവും പുതിയ കാറും അവർക്ക് ഉണ്ടായിരുന്നേക്കാം. അതുമല്ലെങ്കിൽ അവർ വളരെ സന്തുഷ്ടരാണെന്നു നമുക്കു തോന്നിയേക്കാം. ഇതെല്ലാം കണ്ടുകൊണ്ട് നാം നമ്മെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാറുണ്ടോ? താരതമ്യം ചെയ്യാതിരിക്കുക എന്നത് അസാധ്യമായ ഒരു കാര്യമാണോ? അത് ഒഴിവാക്കാൻ ഒരു ക്രിസ്‌ത്യാനി ആഗ്രഹിച്ചേക്കാവുന്നത് എന്തുകൊണ്ട്? മറ്റുള്ളവരുമായി താരതമ്യം ചെയ്യാതെ, ഉള്ളതുകൊണ്ടു തൃപ്‌തരായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
എങ്ങനെ, എപ്പോൾ താരതമ്യം ചെയ്യാം
മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത് ആത്മാഭിമാനം നിലനിറുത്താനോ വർധിപ്പിക്കാനോ ആളുകളെ സഹായിക്കും എന്നതിനാലാണ് അങ്ങനെ ചെയ്യുന്നതെന്നാണ് ചിലരുടെ അഭിപ്രായം. തങ്ങൾ തരപ്പടിക്കാരുടെ ഒപ്പത്തിനൊപ്പം നിൽക്കുന്നതു കാണുമ്പോൾ ആളുകൾ മിക്കപ്പോഴും സംതൃപ്‌തരായിത്തീരുന്നു. സ്വന്തമായി എന്തെല്ലാം കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നും എന്തെല്ലാം പരിമിതികൾ നമുക്കുണ്ടെന്നും മനസ്സിലാക്കാനും അതുപോലെ അരക്ഷിതത്ത്വബോധം കുറയ്‌ക്കാനും ഉള്ള ഒരു ശ്രമമാണ് താരതമ്യം ചെയ്യൽ എന്നാണ് മറ്റൊരു ചിന്താഗതി. മറ്റുള്ളവർ എന്തൊക്കെ നേടിയിരിക്കുന്നെന്നു നാം നിരീക്ഷിക്കുന്നു. പല കാര്യങ്ങളിലും അവർ നമ്മെപ്പോലെ ആണെങ്കിൽ, ചില ലക്ഷ്യങ്ങൾ അവർ കൈവരിച്ചിട്ടുണ്ടെങ്കിൽ, അവർ നേടിയിരിക്കുന്നതുപോലുള്ള കാര്യങ്ങൾ നമുക്കും സ്വന്തമാക്കാൻ കഴിയുമെന്നു നാം ചിന്തിച്ചേക്കാം.
ഒരേ ലിംഗവർഗത്തിൽപ്പെട്ടവർ, സമപ്രായക്കാർ, ഒരേ സാമൂഹിക തലത്തിലുള്ളവർ, പരിചയക്കാർ എന്നിങ്ങനെ ഒട്ടേറെ സമാനതകൾ ഉള്ളവരുമായിട്ടാണ് ആളുകൾ മിക്കപ്പോഴും തങ്ങളെത്തന്നെ തട്ടിച്ചുനോക്കുന്നത്. തികച്ചും വ്യത്യസ്‌തരെന്നു നാം കരുതുന്ന വ്യക്തികളുമായി നാം നമ്മെത്തന്നെ സാധാരണഗതിയിൽ തുലനം ചെയ്യാറില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒരു സാധാരണ പെൺകുട്ടി അവളുടെ സഹപാഠികളുമായിട്ടായിരിക്കും അവളെത്തന്നെ താരതമ്യം ചെയ്യുന്നത്, പ്രശസ്‌തയായ ഒരു മോഡലുമായിട്ടായിരിക്കില്ല. തിരിച്ചും അങ്ങനെതന്നെ.
ഏതെല്ലാം സംഗതികളിലാണു നാം താരതമ്യം നടത്താറുള്ളത്? ബുദ്ധിശക്തി, സൗന്ദര്യം, ധനം, വസ്‌ത്രം എന്നുവേണ്ട മൂല്യമുള്ളതായി സമൂഹം കരുതുന്ന സമ്പാദ്യങ്ങളോ ഗുണങ്ങളോ താരതമ്യത്തിനുള്ള അടിസ്ഥാനം ആയിരുന്നേക്കാം. എങ്കിലും, നമുക്കു താത്‌പര്യമുള്ള കാര്യങ്ങൾ ഒത്തുനോക്കാനാണ് നമ്മുടെ പ്രവണത. ഉദാഹരണത്തിന്, സ്റ്റാമ്പുകൾ ശേഖരിക്കുന്നതിൽ നാം തത്‌പരർ അല്ലെങ്കിൽ നമ്മുടെ സുഹൃത്തുക്കളിൽ ഒരാൾക്കുള്ള വിപുലമായ സ്റ്റാമ്പ് ശേഖരണത്തിൽ നമുക്ക് അസൂയ തോന്നാൻ ഇടയില്ല.
താരതമ്യം ചെയ്യലിന് പല തരത്തിലുള്ള പ്രതികരണം ഉളവാക്കാൻ കഴിയും—സംതൃപ്‌തിമുതൽ വിഷാദംവരെ, ആദരവും അനുകരിക്കാനുള്ള ആഗ്രഹവും മുതൽ വ്യാകുലതയും വിരോധവും വരെ. അത്തരം വികാരങ്ങളിൽ
ചിലതു ഹാനികരമാണ്. അവ ക്രിസ്‌തീയ ഗുണങ്ങൾക്കു കടകവിരുദ്ധവുമാണ്.താരതമ്യം ചെയ്യലും മത്സരവും
മറ്റുള്ളവരോടുള്ള താരതമ്യത്തിൽ എപ്പോഴും “ജയിച്ചുനിൽക്കാൻ” ആഗ്രഹിക്കുന്നവർ മത്സരമനോഭാവം വെച്ചുപുലർത്തുന്നു. തങ്ങൾ മറ്റുള്ളവരെക്കാൾ മുന്നിട്ടുനിൽക്കണം എന്നാണ് അവരുടെ ആഗ്രഹം. ആ ലക്ഷ്യം നേടിയെന്നു തോന്നുന്നതുവരെ അവർക്കു സ്വസ്ഥത ഉണ്ടായിരിക്കില്ല. അങ്ങനെയുള്ളവരുമായി ഒത്തുപോകുന്നതും അവരുമായുള്ള സൗഹൃദം നിലനിറുത്തുന്നതും വലിയ ഒരു പോരാട്ടമാണ്. അത്തരം ബന്ധങ്ങൾ പിരിമുറുക്കം നിറഞ്ഞതായിത്തീരുന്നു. അങ്ങനെയുള്ളവർക്കു താഴ്‌മ ഇല്ലെന്നു മാത്രമല്ല, സഹമനുഷ്യരെ സ്‌നേഹിക്കാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം അവർ കാറ്റിൽപറത്തുകയും ചെയ്യുന്നു. കാരണം അവരുടെ മനോഭാവം മറ്റുള്ളവരിൽ അപകർഷബോധവും നിരാശയും ആണു ജനിപ്പിക്കുന്നത്.—മത്തായി 18:1-5; യോഹന്നാൻ 13:34, 35.
മറ്റുള്ളവർ താഴ്‌ന്നവരാണെന്നു വരുത്തിത്തീർക്കുന്നത് അവരെ മുറിപ്പെടുത്തുന്നതിനു തുല്യമാണ്. ഒരു എഴുത്തുകാരി ഇങ്ങനെ അഭിപ്രായപ്പെട്ടു: “നമ്മുടേതിനു സമാനമായ സാഹചര്യങ്ങളിലുള്ളവർ നമുക്കില്ലാത്ത കാര്യങ്ങൾ സമ്പാദിച്ചിരിക്കുന്നതായി തോന്നുമ്പോൾ നമ്മുടെ പരാജയബോധം കൂടുതൽ വേദനാജനകമായിത്തീരുന്നു.” അങ്ങനെ മത്സരത്തിന്റെ ആത്മാവ്, സമ്പാദ്യങ്ങളും അഭിവൃദ്ധിയും സ്ഥാനമാനങ്ങളും നേട്ടങ്ങളും മറ്റും ആസ്വദിക്കുന്ന വ്യക്തിയോട് അസൂയയും നീരസവും അപ്രീതിയും ജനിപ്പിക്കുന്നു. അതു മത്സരത്തിന് ആക്കം കൂട്ടുകയും ഒരു ദൂഷിതവലയത്തിനു രൂപംനൽകുകയും ചെയ്യുന്നു. ‘മത്സരം ഇളക്കിവിടുന്നതു’ കുറ്റകരമാണെന്ന് ബൈബിൾ പ്രകടമാക്കുന്നു.—ഗലാത്യർ 5:26, NW.
എതിരാളിയുടെ നേട്ടങ്ങളെ തുച്ഛീകരിച്ചുകൊണ്ട് സ്വന്തം അപകർഷബോധത്തെ മറച്ചുപിടിക്കാൻ അസൂയാലുക്കൾ ശ്രമിക്കുന്നു. അത്തരം പ്രതികരണങ്ങൾ ഗൗരവമുള്ളതല്ലെന്നു തോന്നിയേക്കാം. എന്നാൽ ഗൗനിക്കാതെ വിട്ടാൽ അതു ഹീനമായ ദുഷ്‌കൃത്യങ്ങളിൽ കലാശിച്ചേക്കാം. അസൂയ ഉൾപ്പെട്ട രണ്ട് ബൈബിൾ ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.
യിസ്‌ഹാക് ഫെലിസ്‌ത്യർക്കിടയിൽ പാർത്തിരുന്ന കാലത്ത് യഹോവയുടെ അനുഗ്രഹത്താൽ “അവന്നു ആട്ടിൻകൂട്ടങ്ങളും മാട്ടിൻകൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്‌ത്യർക്കു അവനോടു അസൂയ തോന്നി.” തത്‌ഫലമായി, യിസ്‌ഹാക്കിന്റെ പിതാവായ അബ്രാഹാം നിർമിച്ചിരുന്ന കിണറുകൾ അവർ നികത്തിക്കളഞ്ഞു. തങ്ങളുടെ ദേശത്തുനിന്നു പുറത്തുപോകാൻ അവരുടെ രാജാവ് യിസ്‌ഹാക്കിനോട് ആവശ്യപ്പെടുകയും ചെയ്‌തു. (ഉല്‌പത്തി 26:1-3, 12-16) അവരുടെ അസൂയ വെറുപ്പുനിറഞ്ഞതും വിനാശകവും ആയിരുന്നു. തങ്ങളുടെ ഇടയിൽ ജീവിച്ചുകൊണ്ട് യിസ്‌ഹാക് അഭിവൃദ്ധിപ്പെടുന്നത് അവരെ വല്ലാതെ അസഹ്യപ്പെടുത്തി.
നൂറ്റാണ്ടുകൾക്കുശേഷം, ദാവീദ് യുദ്ധഭൂമിയിൽ ശ്രദ്ധാർഹനായിത്തീർന്ന സന്ദർഭമാണ് അടുത്തത്. “ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ” എന്നു പാടിക്കൊണ്ട് സ്‌ത്രീകൾ അവന്റെ വീരകൃത്യത്തെ പ്രകീർത്തിച്ചു. തനിക്കും പ്രശംസ ലഭിച്ചെങ്കിലും, ദാവീദുമായി നടത്തിയ ആ താരതമ്യം തനിക്ക് ഒരു കുറവായിപ്പോയി എന്നു ശൗലിനു തോന്നി. അവന്റെ ഹൃദയത്തിൽ അസൂയ നുരഞ്ഞുപൊങ്ങി. അവൻ ദാവീദിനെ വെറുത്തു. താമസിയാതെതന്നെ ദാവീദിനെ കൊല്ലാനുള്ള ശ്രമങ്ങൾ അവൻ ആരംഭിച്ചു. അസൂയ എത്ര വലിയ ദുഷ്ടതയിലേക്കു നയിക്കുന്നു!—1 ശമൂവേൽ 18:6-11.
അതുകൊണ്ട്, മറ്റുള്ളവരുമായോ അവരുടെ നേട്ടങ്ങളും പദവികളും ആയോ നമ്മെത്തന്നെ താരതമ്യം ചെയ്യുമ്പോൾ അസൂയയോ മത്സരമോ പോലുള്ള വികാരങ്ങൾ നമ്മിൽ ഉടലെടുക്കുന്നെങ്കിൽ ശ്രദ്ധിക്കുക! അത്തരം നിഷേധാത്മക വികാരങ്ങൾ ദൈവത്തിന്റെ ചിന്തകൾക്കു വിരുദ്ധമാണ്. അതുകൊണ്ട് നാം അവയെ ചെറുക്കേണ്ടതുണ്ട്. അത് എപ്രകാരം ചെയ്യാൻ കഴിയും എന്നു പരിചിന്തിക്കുന്നതിനുമുമ്പ്, താരതമ്യംനടത്താൻ ആളുകളെ പ്രേരിപ്പിക്കുന്ന മറ്റൊരു കാര്യത്തെക്കുറിച്ചു നമുക്കു ചിന്തിക്കാം.
സംതൃപ്‌തിയും ആത്മപരിശോധനയും
‘എനിക്കു ബുദ്ധിയും സൗന്ദര്യവും നല്ല ശാരീരിക ആരോഗ്യവും ഉണ്ടോ? മറ്റുള്ളവർ എന്നെ ആദരിക്കുന്നുണ്ടോ? അവർക്ക് എന്നെ ഇഷ്ടമാണോ? ഈ വക കാര്യങ്ങളിൽ ഞാൻ എത്രത്തോളം മികച്ചുനിൽക്കുന്നു?’ ഒരു കണ്ണാടിയുടെ മുമ്പിൽ നിന്നുകൊണ്ട് ഇങ്ങനെയുള്ള ചോദ്യങ്ങൾ നാം സാധാരണമായി ചോദിക്കാറില്ല. എന്നാൽ “മിക്കപ്പോഴും അത്തരം ചോദ്യങ്ങൾ നമ്മുടെ മനസ്സിലൂടെ കടന്നുപോകുകയും അവയ്‌ക്കു നിശ്ശബ്ദവും ഏറെക്കുറെ തൃപ്‌തികരവും ആയ ഉത്തരങ്ങൾ ലഭിക്കുകയും ചെയ്യുന്നു എന്നതാണു വാസ്‌തവം” എന്ന് ഒരു എഴുത്തുകാരി അഭിപ്രായപ്പെട്ടു. തനിക്ക് എന്തെല്ലാം കാര്യങ്ങൾ നേടാൻ കഴിയും എന്നതിനെക്കുറിച്ചു വ്യക്തമായ ധാരണ ഇല്ലാത്ത ഒരു വ്യക്തി, മത്സരഭാവമോ അസൂയയോ കൂടാതെ ഇത്തരം സംഗതികളെക്കുറിച്ചു വിചിന്തനം ചെയ്‌തേക്കാം. അദ്ദേഹം സ്വയം വിലയിരുത്തുക മാത്രമാണു ചെയ്യുന്നത്. അത് അതിൽത്തന്നെ തെറ്റല്ല. എന്നാൽ അതു ചെയ്യാനുള്ള ശരിയായ വിധം മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യുക എന്നതല്ല.
നമുക്ക് ഓരോരുത്തർക്കും വ്യത്യസ്‌ത പ്രാപ്‌തികളാണ് ഉള്ളത്. അതു പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഏതു കാര്യത്തിലും, പ്രത്യക്ഷത്തിൽ നമ്മെക്കാൾ ഗലാത്യർ 6:4, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
മികച്ചുനിൽക്കുന്ന ആരെയെങ്കിലും നമുക്കു കാണാൻ കഴിയും. അങ്ങനെയുള്ളവരെ അസൂയയോടെ വീക്ഷിക്കുന്നതിനുപകരം, ശരിയും നല്ലതും ആയ കാര്യങ്ങൾ എന്തൊക്കെയാണെന്നു കൃത്യമായി ചൂണ്ടിക്കാട്ടുന്ന ദൈവത്തിന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങൾക്കു ചേർച്ചയിൽ നാം നമ്മുടെ മൂല്യം അളക്കേണ്ടതുണ്ട്. വ്യതിരിക്ത വ്യക്തികൾ എന്ന നിലയിലാണ് യഹോവ നമ്മിൽ താത്‌പര്യമെടുക്കുന്നത്. മറ്റുള്ളവരുമായി നമ്മെ താരതമ്യംചെയ്യേണ്ട ആവശ്യം അവനില്ല. അപ്പൊസ്‌തലനായ പൗലൊസ് നമ്മോട് ഇങ്ങനെ പറയുന്നു: “ഓരോരുത്തരും താന്താന്റെ പ്രവൃത്തി വിലയിരുത്തട്ടെ; അപ്പോൾ മറ്റാരുമായും താരതമ്യപ്പെടുത്താതെ അവനു തന്നിൽത്തന്നേ അഭിമാനിക്കാം.”—അസൂയക്കെതിരെ പോരാടുക
മനുഷ്യർ എല്ലാവരും അപൂർണർ ആയതിനാൽ അസൂയയെ ചെറുക്കാൻ തീവ്രവും നിരന്തരവും ആയ ശ്രമം ആവശ്യമായിരുന്നേക്കാം. “ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ” എന്നു തിരുവെഴുത്തുകൾ ഉദ്‌ബോധിപ്പിക്കുന്നു. ഈ തത്ത്വം മനസ്സിലാക്കാനല്ല അതനുസരിച്ചു പ്രവർത്തിക്കാനാണു പ്രയാസം. പാപത്തിലേക്കുള്ള തന്റെ ചായ്‌വിനെക്കുറിച്ച് പൗലൊസ് ബോധവാനായിരുന്നു. അതിനോടു പോരാടാൻ അവൻ “ശരീരത്തെ ദണ്ഡിപ്പിച്ചു അടിമ”യാക്കേണ്ടിയിരുന്നു. (റോമർ 12:10; 1 കൊരിന്ത്യർ 9:27) നമ്മെ സംബന്ധിച്ചിടത്തോളം അതിന്റെ അർഥം നാം മത്സരാത്മക ചിന്താഗതികളെ ചെറുക്കുകയും പകരം ക്രിയാത്മകമായ വിധങ്ങളിൽ ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട് എന്നായിരിക്കാം. ‘ഭാവിക്കേണ്ടതിന്നു മീതെ ഭാവിക്കാതിരിക്കാൻ’ സഹായം അഭ്യർഥിച്ചുകൊണ്ട് നാം യഹോവയോടു പ്രാർഥിക്കണം.—റോമർ 12:3.
കൂടുതലായി, ബൈബിൾ പഠനവും ധ്യാനവും നമുക്കു സഹായകമാണ്. ഉദാഹരണത്തിന്, ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പറുദീസയെക്കുറിച്ച് ഒന്നു ചിന്തിക്കുക. അന്ന് എല്ലാവർക്കും സമാധാനവും നല്ല ആരോഗ്യവും വേണ്ടത്ര ഭക്ഷണവും നല്ല വീടുകളും സംതൃപ്‌തികരമായ തൊഴിലും ഉണ്ടായിരിക്കും. (സങ്കീർത്തനം 46:8, 9; 72:7, 8, 16; യെശയ്യാവു 65:21-23) അപ്പോൾ ആർക്കെങ്കിലും മത്സരിക്കാനുള്ള ചായ്‌വ് ഉണ്ടായിരിക്കുമോ? തീർച്ചയായും ഇല്ല. അങ്ങനെ ചെയ്യാൻ യാതൊരു കാരണവും ഉണ്ടായിരിക്കില്ല. അന്നത്തെ ജീവിതത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും യഹോവ നൽകിയിട്ടില്ലെന്നുള്ളതു സത്യംതന്നെ. എന്നാൽ തങ്ങൾക്ക് ആകർഷകമായ കാര്യങ്ങളിൽ വ്യാപൃതരാകാനും വൈദഗ്‌ധ്യം നേടാനും എല്ലാവർക്കും അവസരം ലഭിക്കുമെന്ന് നമുക്കു ന്യായമായും പ്രതീക്ഷിക്കാൻ കഴിയും. ഒരാൾ ജ്യോതിശ്ശാസ്‌ത്രം പഠിക്കുമ്പോൾ മറ്റൊരാൾക്കു മനോഹരമായ വസ്‌ത്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലായിരിക്കും താത്‌പര്യം. പരസ്‌പരം അസൂയപ്പെടേണ്ട ആവശ്യം അവർക്കുണ്ടായിരിക്കില്ല. നമ്മുടെ സഹചാരികളുടെ പ്രവർത്തനങ്ങൾ കൂടുതലായ നേട്ടങ്ങൾ കൈവരിക്കാൻ നമ്മെ പ്രേരിപ്പിക്കുകയായിരിക്കും ചെയ്യുക. ഒരിക്കലും അവ നീരസത്തിനു കാരണമായിരിക്കില്ല. അത്തരം വിചാരവികാരങ്ങൾ കഴിഞ്ഞകാല സംഗതികളായി മാറും.
അങ്ങനെയുള്ള ഒരു ജീവിതമാണു നാം ആഗ്രഹിക്കുന്നതെങ്കിൽ ഇപ്പോൾ അത്തരം മനോഭാവം നമ്മൾ വളർത്തിയെടുക്കേണ്ടതല്ലേ? ചുറ്റുമുള്ള ലോകത്തിലെ അനേകം പ്രശ്‌നങ്ങളിൽനിന്നു സ്വതന്ത്രമായ ഒരു ആത്മീയ പറുദീസയിലാണു നാം ഇപ്പോൾത്തന്നെ ജീവിക്കുന്നത്. ദൈവത്തിന്റെ പുതിയ ലോകത്തിൽ മത്സരമനോഭാവം ഉണ്ടായിരിക്കില്ല എന്നുള്ളതിനാൽ ഇപ്പോൾ നാം അത് ഒഴിവാക്കുന്നതു തീർച്ചയായും ഉചിതമാണ്.
ആ സ്ഥിതിക്ക്, മറ്റുള്ളവരുമായി നമ്മെത്തന്നെ താരതമ്യം ചെയ്യുന്നത് എല്ലായ്‌പോഴും തെറ്റാണെന്നാണോ? അങ്ങനെ ചെയ്യുന്നത് ഉചിതമായിരിക്കുന്ന സന്ദർഭങ്ങൾ ഉണ്ടോ?
ഉചിതമായ താരതമ്യങ്ങൾ
താരതമ്യം ചെയ്യുന്നത് അനേകരുടെ കാര്യത്തിലും കയ്‌പേറിയതോ വിഷാദാത്മകമോ ആയ പ്രതികരണങ്ങൾ ഉളവാക്കിയിട്ടുണ്ട്. എന്നാൽ അത് എപ്പോഴും അങ്ങനെ ആയിരിക്കേണ്ടതില്ല. ഇതിനോടുള്ള ബന്ധത്തിൽ അപ്പൊസ്‌തലനായ പൗലൊസ് പറയുന്നതു ശ്രദ്ധിക്കുക: “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്‌ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായി”ത്തീരുക. (എബ്രായർ 6:12) പുരാതനകാലത്ത് യഹോവയെ വിശ്വസ്‌തമായി സേവിച്ചവർ പ്രകടമാക്കിയതുപോലുള്ള ഗുണങ്ങൾ നട്ടുവളർത്താൻ ശ്രമിക്കുന്നതു പ്രയോജനപ്രദമാണ്. അതിനുവേണ്ടി നാം ചില താരതമ്യങ്ങൾ നടത്തേണ്ടതുണ്ടായിരുന്നേക്കാം എന്നതു സത്യംതന്നെ. എന്നാൽ, അനുകരിക്കാൻ കൊള്ളാവുന്ന ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കാനും നാം പുരോഗതി പ്രാപിക്കേണ്ട മേഖലകൾ തിരിച്ചറിയാനും അതു നമ്മെ സഹായിക്കും.
1 ശമൂവേൽ 19:1-4) അവന്റെ പിതാവ് ദാവീദിനെ ഒരു ശത്രുവിനെപ്പോലെ വീക്ഷിച്ചെങ്കിലും യഹോവയാണു കാര്യങ്ങൾ നയിക്കുന്നതെന്ന് യോനാഥാൻ തിരിച്ചറിയുകയും ദിവ്യഹിതത്തിനു സ്വയം കീഴ്‌പെടുകയും ചെയ്‌തു. “എനിക്കു പകരം ദാവീദിനെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണ്?” എന്നു ചിന്തിച്ചുകൊണ്ട് അവൻ ദാവീദുമായി തന്നെത്തന്നെ താരതമ്യം ചെയ്‌തില്ല.
യോനാഥാന്റെ ഉദാഹരണം നോക്കുക. അസൂയപ്പെടാൻ അവനു ന്യായമായ കാരണം ഉണ്ടായിരുന്നെന്നു നമുക്കു തോന്നിയേക്കാം. ഇസ്രായേൽ രാജാവായ ശൗലിന്റെ ആദ്യ പുത്രൻ എന്ന നിലയിൽ, അടുത്തതായി താൻ രാജാവായിത്തീരുമെന്ന് അവൻ ഒരിക്കൽ പ്രതീക്ഷിച്ചിരുന്നിരിക്കാം. എന്നാൽ അവനിലും 30 വയസ്സു താഴെയുള്ള ദാവീദിനെയാണ് യഹോവ തിരഞ്ഞെടുത്തത്. അതിൽ യോനാഥാനു യാതൊരു വിദ്വേഷവും തോന്നിയില്ല. മറിച്ച്, യഹോവയുടെ നിയുക്ത രാജാവായ ദാവീദിനെ ഒരു യഥാർഥ സുഹൃത്തെന്നനിലയിൽ പിന്തുണച്ചുകൊണ്ട് അവൻ ശ്രദ്ധാർഹമായ ഒരു വിധത്തിൽ പ്രവർത്തിച്ചു. തീർച്ചയായും, ആത്മീയതയുള്ള ഒരു വ്യക്തി ആയിരുന്നു യോനാഥാൻ. (നമ്മെക്കാൾ ശോഭിക്കാനോ നമ്മുടെ സ്ഥാനം തട്ടിയെടുക്കാനോ സഹക്രിസ്‌ത്യാനികൾ ശ്രമിക്കുകയാണെന്നോ അവർ നമുക്ക് ഭീഷണി ആണെന്നോ നാം ഒരിക്കലും ചിന്തിക്കരുത്. മത്സരമനോഭാവം നമുക്കുള്ളതല്ല. സഹകരണവും ഐക്യവും സ്‌നേഹവും ആണ് പക്വതയുള്ള ക്രിസ്‌ത്യാനികളുടെ സവിശേഷതകൾ, മത്സരമല്ല. “അസൂയയുടെ ഏറ്റവും വലിയ ശത്രുവാണ് സ്‌നേഹം. നാം ഒരാളെ സ്‌നേഹിക്കുമ്പോൾ, അയാൾക്കു നല്ലതുവരാൻ നാം ആഗ്രഹിക്കുന്നു. അയാൾ ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കുകയും സന്തുഷ്ടനായിരിക്കുകയും ചെയ്യുമ്പോൾ നാമും സന്തോഷിക്കുന്നു” എന്ന് സാമൂഹികവിദഗ്‌ധനായ ഫ്രാൻചേസ്‌കോ ആൽബെറോനി പറയുന്നു. അതുകൊണ്ട്, ക്രിസ്‌തീയ സഭയിൽ ആർക്കെങ്കിലും ഒരു പ്രത്യേക പദവി ലഭിക്കുമ്പോൾ അതിൽ സംതൃപ്‌തി പ്രകടിപ്പിക്കുക എന്നതാണ് നാം ചെയ്യേണ്ട സ്‌നേഹപൂർവകമായ സംഗതി. യോനാഥാൻ അതാണു ചെയ്‌തത്. യഹോവയുടെ സംഘടനയിൽ ഉത്തരവാദിത്വസ്ഥാനങ്ങളിൽ വിശ്വസ്‌തരായി സേവിക്കുന്നവരെ നാം പിന്തുണയ്‌ക്കുന്നെങ്കിൽ അവനെപ്പോലെ നാമും അനുഗ്രഹിക്കപ്പെടും.
സഹക്രിസ്‌ത്യാനികളുടെ ശ്രേഷ്‌ഠമായ മാതൃകയെപ്രതി നമുക്ക് അവരോട് ഉചിതമായ മതിപ്പുണ്ടായിരിക്കാവുന്നതാണ്. നമ്മെത്തന്നെ അവരുമായി സമനിലയോടെ താരതമ്യം ചെയ്യുന്നത് അവരുടെ വിശ്വാസം അനുകരിക്കാൻ നമുക്ക് ഉത്സാഹം പകർന്നേക്കാം. (എബ്രായർ 13:7) എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ, താരതമ്യപ്പെടുത്തൽ ഒരു മത്സരമായി പരിണമിച്ചേക്കാം. നാം ആദരിക്കുന്ന ഒരാൾ നമ്മെക്കാൾ ശോഭിക്കുന്നതായി നമുക്കു തോന്നുകയും അദ്ദേഹത്തെ താഴ്‌ത്തിക്കെട്ടാനോ വിമർശിക്കാനോ നാം ശ്രമിക്കുകയും ചെയ്‌താൽ താരതമ്യപഠനം അസൂയയായി അധഃപതിക്കും.
എല്ലാ മനുഷ്യരും അപൂർണർ ആയതിനാൽ, നമുക്ക് അനുകരിക്കാൻ പറ്റിയ പൂർണമായ മാതൃകവെക്കാൻ അവർക്കാർക്കും കഴിയില്ല. അതുകൊണ്ട് “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ” എന്ന് തിരുവെഴുത്തുകൾ നമ്മോടു പറയുന്നു. തന്നെയുമല്ല, “ക്രിസ്‌തുവും നിങ്ങൾക്കു വേണ്ടി കഷ്ടം അനുഭവിച്ചു, നിങ്ങൾ അവന്റെ കാൽച്ചുവടു പിന്തുടരുവാൻ ഒരു മാതൃക വെച്ചേച്ചു പോയിരിക്കുന്നു.” (എഫെസ്യർ 5:1, 2; 1 പത്രൊസ് 2:21) യഹോവയുടെയും യേശുവിന്റെയും ഗുണങ്ങൾ—അവരുടെ സ്‌നേഹം, ഊഷ്‌മളത, സമാനുഭാവം, താഴ്‌മ എന്നിവ—ആയിരിക്കണം നാം അനുകരിക്കാൻ ശ്രമിക്കേണ്ടത്. അവരുടെ ഗുണങ്ങൾ, ഉദ്ദേശ്യങ്ങൾ, അവർ കാര്യങ്ങൾ ചെയ്യുന്ന വിധം എന്നിവയോടുള്ള ബന്ധത്തിൽ നമ്മെത്തന്നെ താരതമ്യപ്പെടുത്താൻ നാം സമയം കണ്ടെത്തണം. സ്ഥിരതയും സുരക്ഷിതത്വവും പിഴവു പറ്റാത്ത മാർഗനിർദേശവും പ്രദാനം ചെയ്‌തുകൊണ്ട് നമ്മുടെ ജീവിതം ധന്യമാക്കാൻ അത്തരം താരതമ്യങ്ങൾക്കു കഴിയും. പക്വതയുള്ള ക്രിസ്‌തീയ സ്‌ത്രീപുരുഷന്മാരായി വളരാനും അതു നമ്മെ സഹായിക്കും. (എഫെസ്യർ 4:12, 13) അവരുടെ പൂർണമായ മാതൃക പിൻപറ്റാൻ പരമാവധി പ്രവർത്തിക്കുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നെങ്കിൽ സഹമനുഷ്യരുമായി നമ്മെത്തന്നെ താരതമ്യപ്പെടുത്താൻ നാം ശ്രമിക്കില്ല.
[28, 29 പേജുകളിലെ ചിത്രം]
ശൗൽ രാജാവിന് ദാവീദിനോട് അസൂയ തോന്നി
[31-ാം പേജിലെ ചിത്രം]
യോനാഥാൻ, തന്നെക്കാൾ പ്രായംകുറഞ്ഞ ദാവീദിനെ ഒരു എതിരാളിയായി വീക്ഷിച്ചില്ല