വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യഹോവയുടെ ഹൃദയത്തിനു ബോധിച്ച പുരുഷനായ ദാവീദ്‌ 2 ശമൂവേൽ 12:⁠31, 1 ദിനവൃത്താന്തം 20:⁠3 എന്നീ വാക്യങ്ങളിൽനിന്നു ചിലർ നിഗമനം ചെയ്യുന്നതുപോലെ യുദ്ധത്തടവുകാരോട്‌ മൃഗീയമായി പെരുമാറിയോ?

ഇല്ല. ദാവീദ്‌ അമ്മോന്യ തടവുകാരെ നിർബന്ധിതവേലയ്‌ക്കു വിധേയരാക്കുക മാത്രമാണു ചെയ്‌തത്‌. ചില ബൈബിൾ ഭാഷാന്തരങ്ങൾ ഈ വാക്യങ്ങൾ വിവർത്തനം ചെയ്‌ത രീതി നിമിത്തമാണ്‌ ചിലർ ദാവീദിന്റെ പ്രവൃത്തികളെ തെറ്റിദ്ധരിച്ചിരിക്കുന്നത്‌.

ദാവീദ്‌ അമ്മോന്യരോടു പെരുമാറിയ വിധം സംബന്ധിച്ച ആ ബൈബിൾ വിവരണങ്ങൾ അവനെ കിരാതനും ക്രൂരനും ആയി ചിത്രീകരിക്കുന്നു. ഉദാഹരണത്തിന്‌, ഇംഗ്ലീഷിലുള്ള ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം 2 ശമൂവേൽ 12:⁠31-ൽ നൽകുന്ന വിവരണം കാണുക: “അവൻ അവിടത്തെ ജനത്തെ കൊണ്ടുവന്ന്‌ ഈർച്ചവാളിനും ഇരുമ്പുമെതിവണ്ടിക്കും ഇരുമ്പുകോടാലിക്കും ഇരയാക്കി. അവരെ ഇഷ്ടികച്ചൂളയിലൂടെ കടത്തി. അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവൻ അങ്ങനെതന്നെ ചെയ്‌തു.” 1 ദിനവൃത്താന്തം 20:⁠3-ലെ വിവരണത്തിന്റെ പരിഭാഷയും ഇതിനു സമാനമാണ്‌.

എന്നിരുന്നാലും ബൈബിൾ പണ്ഡിതനായ സാമുവൽ റോൾസ്‌ ഡ്രൈവർ പറഞ്ഞതുപോലെ, ക്രൂരത “ദാവീദിന്റെ സ്വഭാവവും ഗുണങ്ങളും സംബന്ധിച്ച്‌ നമുക്കറിയാവുന്ന കാര്യങ്ങളുമായി പൊരുത്തപ്പെടുന്നില്ല.” ആങ്കർ ബൈബിളിലെ ഒരു പരാമർശം ഇങ്ങനെ പറയുന്നു: “താൻ പിടിച്ചടക്കിയ പ്രദേശത്തുനിന്ന്‌ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനുവേണ്ടി ദാവീദ്‌ തടവുകാരെക്കൊണ്ട്‌ വേല ചെയ്യിക്കുകയായിരുന്നു. യുദ്ധവിജയം നേടുന്ന രാജാക്കന്മാർ ഇങ്ങനെ ചെയ്യുന്നതു സാധാരണമായിരുന്നു.” സമാനമായി ആഡം ക്ലാർക്ക്‌ പറയുന്നു: “ദാവീദ്‌ ആ ജനത്തെ അടിമകളാക്കുകയും അവരെ മരംമുറിക്കൽ, ഇരുമ്പുമെതിവണ്ടികൾ ഉണ്ടാക്കൽ, ഖനനം, . . . വിറകു കീറൽ, ഇഷ്ടികനിർമാണം എന്നീ വേലകൾക്കായി നിയോഗിക്കുകയും ചെയ്‌തു എന്നാണ്‌ ഇതിന്റെ അർഥം. മനുഷ്യരെ അറുത്തുമുറിക്കുക, കൊത്തിനുറുക്കുക, തുണ്ടംതുണ്ടമാക്കുക, കീറുക എന്നിവയൊന്നും ഈ പാഠത്തിനു ചേരുന്ന അർഥമല്ല, അമ്മോന്യരോടുള്ള ദാവീദിന്റെ പെരുമാറ്റത്തിന്‌ ഈ വിശദീകരണങ്ങളൊന്നും ചേരാത്തതുപോലെതന്നെ.”

കൂടുതൽ കൃത്യതയുള്ള ഈ ഗ്രാഹ്യം പ്രതിഫലിപ്പിച്ചുകൊണ്ട്‌ നിരവധി ആധുനിക പരിഭാഷകൾ, ക്രൂരമായ പെരുമാറ്റം ദാവീദിന്റെമേൽ ആരോപിക്കാവുന്നതല്ലെന്നു വ്യക്തമാക്കുന്നു. * ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം ഈ വാക്യങ്ങൾ പരിഭാഷപ്പെടുത്തുന്ന വിധം കുറിക്കൊള്ളുക: “അവിടുത്തെ ജനങ്ങളെ അദ്ദേഹം കൊണ്ടുവന്ന്‌ അറക്കവാളും കൂന്താലിയും കോടാലിയുംകൊണ്ടുള്ള പണികൾക്കായി നിയോഗിച്ചു; ഇഷ്ടികച്ചൂളയിലും അവരെക്കൊണ്ടു പണിചെയ്യിച്ചു. എല്ലാ അമ്മോന്യ നഗരങ്ങളോടും അദ്ദേഹം ഈ വിധം തന്നെ ചെയ്‌തു.” (2 ശമൂവേൽ 12:⁠31) “അവിടെ ഉണ്ടായിരുന്ന ആളുകളെ അദ്ദേഹം പിടിച്ചുകൊണ്ടുവന്ന്‌ അറക്കവാളും, ഇരുമ്പുകൂന്താലിയും, കോടാലിയും കൊണ്ടുള്ള പണികൾക്കായി നിയോഗിച്ചു. എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ്‌ ഇപ്രകാരംതന്നെ ചെയ്‌തു.” (1 ദിനവൃത്താന്തം 20:⁠3) പി.ഒ.സി. ബൈബിൾ ആ വാക്യങ്ങൾ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “നഗരവാസികളെയും അവൻ [ദാവീദ്‌] കൊണ്ടുവന്നു. അറക്കവാൾ, മൺവെട്ടി, കോടാലി എന്നിവകൊണ്ട്‌ പണിയെടുപ്പിച്ചു. ഇഷ്ടികച്ചൂളയിലും അവരെ ജോലിക്കാരാക്കി. മറ്റ്‌ അമ്മോന്യ നഗരങ്ങളോടും ദാവീദ്‌ ഇങ്ങനെ ചെയ്‌തു.” (2 ശമൂവേൽ 12:⁠31) “അവിടത്തെ ജനങ്ങളെ കൊണ്ടുവന്ന്‌ അറക്കവാളും ഇരുമ്പുപാരയും കോടാലിയും കൊണ്ടുള്ള ജോലിക്കു നിയോഗിച്ചു. അമ്മോന്യരുടെ എല്ലാ പട്ടണങ്ങളോടും അവൻ ഇങ്ങനെ ചെയ്‌തു. (1 ദിനവൃത്താന്തം 20:⁠3) പുതിയലോക ഭാഷാന്തരം (ഇംഗ്ലീഷ്‌) ഈ ഭാഗങ്ങൾ വിവർത്തനം ചെയ്‌തിരിക്കുന്നതും പണ്ഡിതന്മാരുടെ ഏറ്റവും പുതിയ ഗ്രാഹ്യത്തിനു ചേർച്ചയിലാണ്‌.

പരാജിതരായ അമ്മോന്യരെ ദാവീദ്‌ കിരാതമായ മർദനത്തിനും ഭയാനകമായ കൂട്ടക്കൊലയ്‌ക്കും ഇരയാക്കിയില്ല. അവൻ തന്റെ നാളിലെ മൃഗീയമായ യുദ്ധപാരമ്പര്യങ്ങൾ അനുവർത്തിച്ചതുമില്ല.

[അടിക്കുറിപ്പ്‌]

^ ഖ. 6 എബ്രായ പാഠത്തിൽ ഒരൊറ്റ അക്ഷരത്തിനു വരുന്ന വ്യത്യാസം, “അവൻ അവരെ ഈർച്ചവാളിങ്കൽ ആക്കി” എന്നോ “അവൻ അവരെ തുണ്ടംതുണ്ടമാക്കി” എന്നോ ഉള്ള അർഥം നൽകും. കൂടുതലായി, “ഇഷ്ടികച്ചൂള” എന്നതിന്‌ “ഇഷ്ടിക അച്ച്‌” എന്നും അർഥമാക്കാൻ കഴിയും. അതാകട്ടെ ആളുകൾക്കു കടക്കാനാവാത്തവിധം ഇടുങ്ങിയതാണ്‌.