ജ്യോത്സ്യന്മാരും ബൈബിളും
ജ്യോത്സ്യന്മാരും ബൈബിളും
ജ്യോത്സ്യന്മാരുടെ പ്രവർത്തനങ്ങളെക്കുറിച്ചു ബൈബിളിൽ ധാരാളം പരാമർശങ്ങളുണ്ട്. പൊതുയുഗത്തിനുമുമ്പ് എട്ടാം നൂറ്റാണ്ടിൽ യെശയ്യാ പ്രവാചകൻ ഉച്ചരിച്ച വാക്കുകൾ അതിന് ഒരു ഉദാഹരണമാണ്. നാശത്തിനു വിധിക്കപ്പെട്ട ബാബിലോൺ നഗരത്തെ രക്ഷിക്കാൻ, നക്ഷത്രംനോട്ടം നടത്തുന്ന അവിടത്തെ ജ്യോതിഷക്കാരെ വെല്ലുവിളിച്ചുകൊണ്ട് അവൻ ഇങ്ങനെ പറഞ്ഞു: “നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ [ബാബിലോൺ] വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോൾ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.”—യെശയ്യാവു 47:13.
എന്നിരുന്നാലും ‘ജ്യോത്സ്യൻ’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗാസെറിൻ എന്ന പദം, എബ്രായ തിരുവെഴുത്തുകളിൽ ദാനീയേൽ പുസ്‌തകത്തിന്റെ, അരമായ ഭാഷയിലുള്ള ഭാഗത്തു മാത്രമേ കാണുന്നുള്ളൂ. (ദാനീയേൽ 2:4-7:28) “മുറിച്ചെടുക്കുക” എന്നാണ് ആ പദത്തിന്റെ അടിസ്ഥാന അർഥം. ആകാശത്തിലെ നക്ഷത്രങ്ങളെ വ്യത്യസ്‌ത കൂട്ടങ്ങളായി വിഭജിക്കുന്നവരെ ദ്യോതിപ്പിക്കാൻ ആയിരിക്കാം അത് ഉപയോഗിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു. “ആളുകളുടെ ജനനസമയത്തെ നക്ഷത്രനില മനസ്സിലാക്കിയശേഷം, വിവിധ രീതികളിലുള്ള കണക്കുകൂട്ടലുകളിലൂടെയും ആത്മവിദ്യയിലൂടെയും . . . അവരുടെ ഭാവി പ്രവചിക്കുന്ന വ്യക്തികൾ” അടങ്ങിയതായിരുന്നു ഈ ജ്യോതിഷ പ്രസ്ഥാനം. (ഗെസനീയസിന്റെ ഹീബ്രൂ ആൻഡ് കാൽഡി ലെക്‌സിക്കൻ, 166, 167) ബഹുദൈവവിശ്വാസത്തിൽ അധിഷ്‌ഠിതമായ ജ്യോതിഷം, മെസൊപ്പൊത്താമ്യൻ പ്രദേശത്ത് സാധ്യതയനുസരിച്ച് ജലപ്രളയത്തിനുശേഷം ഏറെ താമസിയാതെ ജനം യഹോവയുടെ സത്യാരാധന തള്ളിക്കളഞ്ഞപ്പോൾ ആയിരിക്കാം ആവിർഭവിച്ചത്. കാലക്രമത്തിൽ, കൽദയൻ എന്ന പേര് “ജ്യോത്സ്യൻ” എന്നതിന്റെ പര്യായംപോലെ ഉപയോഗിക്കാൻ തുടങ്ങി.
ഒരു അശാസ്‌ത്രീയ സമ്പ്രദായമായ ജ്യോതിഷം അനുസരിച്ച്, വെവ്വേറെ ദൈവങ്ങൾ ആകാശത്തിന്റെ ഓരോ ഭാഗത്തെയും ഭരിക്കുന്നു. സൂര്യോദയം, സൂര്യാസ്‌തമയം, വിഷുവം, സംക്രാന്തി, ചന്ദ്രക്കലകൾ, ഗ്രഹണങ്ങൾ, ഉൽക്കകൾ എന്നിങ്ങനെ ആകാശമണ്ഡലത്തിൽ സംഭവിക്കുന്ന എല്ലാവിധ ചലനങ്ങളും പ്രതിഭാസങ്ങളും ആ ദൈവങ്ങളുടെ വിക്രിയകളാണെന്ന് അതു പറയുന്നു. അതുകൊണ്ട്, അത്തരം ചലനങ്ങൾ ക്രമമായി നിരീക്ഷിച്ച് അവ സംഭവിക്കുന്ന സമയങ്ങളുടെ വിശദമായ ചാർട്ടുകളും പട്ടികകളും തയ്യാറാക്കി. അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്റെ പ്രവർത്തനങ്ങളും ഭൗമിക സംഭവങ്ങളും പ്രവചിക്കാൻ തുടങ്ങി. രഹസ്യവും പരസ്യവും ആയ എല്ലാ കാര്യങ്ങളെയും ഈ ആകാശദൈവങ്ങൾ നിയന്ത്രിക്കുന്നു എന്നതായിരുന്നു വിശ്വാസം. തത്‌ഫലമായി, ജ്യോത്സ്യന്മാർ വന്ന് ശകുനം നോക്കി അർഥം വ്യാഖ്യാനിക്കുകയും ഉപദേശം നൽകുകയും ചെയ്യുന്നതുവരെ രാഷ്‌ട്രീയമോ സൈനികമോ ആയ തീരുമാനങ്ങൾ എടുക്കുമായിരുന്നില്ല. അങ്ങനെ ഈ പുരോഹിതവർഗം അധികാരം ആർജിക്കുകയും ആളുകളുടെ ജീവിതത്തിന്മേൽ ശക്തമായ സ്വാധീനം ചെലുത്തുകയും ചെയ്‌തു. തങ്ങൾക്കു പ്രകൃത്യതീത ശക്തിയും ഉൾക്കാഴ്‌ചയും അപാരമായ ജ്ഞാനവും ഉണ്ടെന്ന് അവർ അവകാശപ്പെട്ടു. ബാബിലോണിൽ പണിതീർത്ത എല്ലാ വലിയ ക്ഷേത്രങ്ങളിലും വാനനിരീക്ഷണത്തിനുള്ള ഒരു പ്രത്യേക സ്ഥലവും ഉണ്ടായിരുന്നു.
കാലം കടന്നുപോകവേ, ദാനീയേലും മൂന്നു സ്‌നേഹിതന്മാരും ജ്യോത്സ്യന്മാരുടെ ഈ നാട്ടിൽ അടിമകൾ ആയിത്തീർന്നു. ആ എബ്രായർ “തന്റെ രാജ്യത്തെല്ലാടവുമുള്ള സകല മന്ത്രവാദികളിലും ആഭിചാരകന്മാരിലും പത്തിരട്ടി വിശിഷ്ടന്മാരെന്നു” ബാബിലോണിയൻ രാജാവ് മനസ്സിലാക്കി. (ദാനീയേൽ 1:20) അതേത്തുടർന്ന് ദാനീയേലിനെ ‘മന്ത്രവാദിശ്രേഷ്‌ഠൻ’ എന്നു വിളിക്കാൻ തുടങ്ങി. (ദാനീയേൽ 4:9) എന്നാൽ അവൻ യഹോവയുടെ ആരാധന ഉപേക്ഷിക്കുകയോ ‘നക്ഷത്രങ്ങളെ കൂട്ടങ്ങളായി’ തരംതിരിക്കാൻവേണ്ടി നക്ഷത്രംനോട്ടം നടത്തുകയോ ചെയ്‌തില്ല. നെബൂഖദ്‌നേസറിന്റെ സ്വപ്‌നം വെളിപ്പെടുത്താൻ ജ്യോത്സ്യന്മാരും മറ്റെല്ലാ ‘വിദ്വാന്മാരും’ പരാജയപ്പെട്ടപ്പോൾ ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവരുകയുണ്ടായി. അവൻ രാജാവിനോടു പറഞ്ഞു: “രഹസ്യങ്ങളെ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗ്ഗത്തിൽ ഉണ്ട്.” എന്നിട്ട് അവൻ കൂട്ടിച്ചേർത്തു: “ജീവനോടിരിക്കുന്ന യാതൊരുത്തനെക്കാളും അധികമായ ജ്ഞാനം ഒന്നും ഉണ്ടായിട്ടല്ല ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നത്.”—ദാനീയേൽ 2:28, 30.
മോലേക്കും ഇസ്രായേലിലെ ജ്യോതിഷവും
ചിലപ്പോഴൊക്കെ കാളയുടെ തലയാൽ ചിത്രീകരിക്കപ്പെടുന്ന മോലേക്ക് എന്ന ദൈവത്തിന്റെ ആരാധനയുമായി ജ്യോതിഷം കൂടിക്കുഴഞ്ഞുകിടന്നിരുന്നു എന്നതിനു തെളിവുകളുണ്ട്. ബാബിലോന്യരും കനാന്യരും ഈജിപ്‌തുകാരും മറ്റുള്ളവരും മർദൂക്ക്, മോലേക്ക്, ബാൽ തുടങ്ങിയ അവരുടെ ആരാധനാമൂർത്തികളുടെ അടയാളമായി കാളയെ ആരാധിച്ചിരുന്നു. ഇടവം രാശിചക്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളങ്ങളിൽ ഒന്നായിരുന്നു കാള. മിക്കപ്പോഴും കാളകൾ സൂര്യദേവനെ പ്രതിനിധാനം ചെയ്‌തിരുന്നു. അവയുടെ കൊമ്പുകൾ പ്രകാശരശ്‌മികളെയും ശക്തമായ അവയുടെ പ്രത്യുത്‌പാദന പ്രാപ്‌തികൾ “ജീവദാതാവ്” എന്ന നിലയിലുള്ള സൂര്യന്റെ ശക്തിയെയും അടയാളപ്പെടുത്തി. എതിർലിംഗത്തിൽപ്പെട്ട പശുവിന് ഇഷ്ടാർ, അസ്റ്റാർട്ട തുടങ്ങിയ പേരുകളിൽ അറിയപ്പെട്ട ദേവിയുടെ പ്രതീകമെന്നനിലയിൽ തുല്യമായ ആദരവു കൽപ്പിച്ചിരുന്നു. അതുകൊണ്ട് അഹരോനും യൊരോബെയാമും ഇസ്രായേലിൽ കാളയുടെ മ്ലേച്ഛമായ ആരാധനയ്‌ക്കു (കാളക്കുട്ടിയാരാധന) തുടക്കമിട്ടപ്പോൾ യഹോവ പുറപ്പാടു 32:4, 8; ആവർത്തനപുസ്‌തകം 9:16; 1 രാജാക്കന്മാർ 12:28-30; 2 രാജാക്കന്മാർ 10:29.
അതിനെ ഗുരുതരമായ ഒരു പാപമായി വീക്ഷിച്ചു.—ഈ ജ്യോതിഷ പ്രസ്ഥാനത്തിൽ പങ്കുചേർന്നതിന്റെ പേരിൽ വിശ്വാസത്യാഗിയായ പത്തു-ഗോത്ര ഇസ്രായേൽ രാജ്യം കുറ്റംവിധിക്കപ്പെട്ടു. തെക്കുള്ള രണ്ടു-ഗോത്ര രാജ്യത്തിലെ ദുഷ്ട രാജാവായ ആഹാസും കൊച്ചുമകനായ മനശ്ശെയും നക്ഷത്രദൈവങ്ങളെ ആരാധിക്കുന്നതിലും കുട്ടികളെ പൈശാചികമായി തീയിൽ ജീവനോടെ ബലി കഴിക്കുന്നതിലും നേതൃത്വം വഹിച്ചു. (2 രാജാക്കന്മാർ 16:3, 4; 21:3, 6; 2 ദിനവൃത്താന്തം 28:3, 4; 33:3, 6) എന്നാൽ നല്ല രാജാവായ യോശീയാവ് “ബാലിന്നും സൂര്യന്നും ചന്ദ്രന്നും ഗ്രഹങ്ങൾക്കും ആകാശത്തിലെ സർവ്വസൈന്യത്തിന്നും ധൂപം” കാട്ടിയിരുന്ന വ്യാജമത പുരോഹിതന്മാരെ “നീക്കിക്കളഞ്ഞു.”—2 രാജാക്കന്മാർ 23:5, 10, 24.
മരുഭൂമിയിൽവെച്ച് ഇസ്രായേല്യർ മത്സരിച്ചതിനെക്കുറിച്ചുള്ള സ്‌തെഫാനൊസിന്റെ വിവരണം, മോലേക്കിന്റെ ആരാധനയും കാളക്കുട്ടിയാരാധനയും ജ്യോതിഷവും പരസ്‌പരം കെട്ടുപിണഞ്ഞുകിടന്നിരുന്നത് എങ്ങനെയെന്നു പ്രകടമാക്കുന്നു. “ഞങ്ങൾക്കു മുമ്പായി നടപ്പാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക” എന്ന് അവർ അഹരോനോട് ആവശ്യപ്പെട്ടപ്പോൾ യഹോവ “ആകാശത്തിലെ സൈന്യത്തെ ആരാധിപ്പാൻ അവരെ കൈവിട്ടു. എനിക്കു [നിങ്ങൾ] . . . ഹനനയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചുവോ? നിങ്ങൾ നമസ്‌കരിപ്പാൻ ഉണ്ടാക്കിയ സ്വരൂപങ്ങളായ മൊലോക്കിന്റെ കൂടാരവും രേഫാൻദേവന്റെ നക്ഷത്രവും നിങ്ങൾ എടുത്തു നടന്നുവല്ലോ എന്നു പ്രവാചകന്മാരുടെ പുസ്‌തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.”—പ്രവൃത്തികൾ 7:40-43.
ഉണ്ണിയേശുവിനെ സന്ദർശിച്ച വിദ്വാന്മാർ
ജ്യോത്സ്യന്മാർ (വിദ്വാന്മാർ) ഉണ്ണിയേശുവിനു സമ്മാനങ്ങൾ കൊണ്ടുവന്നു. ഗ്രീക്ക് ഭാഷയിൽ മാജോയ് എന്നാണ് അവരെ വിളിച്ചിരുന്നത്. (മത്തായി 2:1) മാജോയ് ആരാണെന്നു വെളിപ്പെടുത്തിക്കൊണ്ട് ദി ഇംപീരിയൽ ബൈബിൾ-ഡിക്‌ഷ്‌ണറി (വാല്യം 2, പേ. 139) ഇങ്ങനെ പറയുന്നു: “ഹിറോഡോട്ടസിന്റെ അഭിപ്രായത്തിൽ മേദ്യരുടെ ഒരു ഗോത്രമായിരുന്നു മേജൈ. സ്വപ്‌നവ്യാഖ്യാനം തൊഴിലാക്കിയിരുന്ന അവർ വിശുദ്ധ കർമങ്ങളുടെ ഔദ്യോഗിക ചുമതലയും വഹിച്ചിരുന്നു. . . . ചുരുക്കത്തിൽ, പുസ്‌തകങ്ങളിൽനിന്നും നക്ഷത്രനിരീക്ഷണത്തിൽനിന്നും ഭാവിസംഭവങ്ങളെക്കുറിച്ചു പ്രകൃത്യതീതമായ ഉൾക്കാഴ്‌ച സമ്പാദിക്കാനുള്ള കഴിവ് ഉണ്ടായിരുന്നതായി പറയപ്പെട്ട, പ്രബുദ്ധരായ പുരോഹിതവർഗം ആയിരുന്നു അവർ. പിന്നീടുണ്ടായ ഗവേഷണങ്ങൾ, മാജിയാനിസം പൂർണമായി വികാസംപ്രാപിച്ച കേന്ദ്രമെന്ന നിലയിൽ തിരിച്ചറിയിക്കുന്നത് മേദ്യയെയോ പേർഷ്യയെയോ അല്ല ബാബിലോണിനെയാണ്. ‘എന്നിരുന്നാലും മേദ്യരുടെ പുരോഹിതവർഗത്തിനു മേജൈ എന്ന പേരു ലഭിച്ചത് കൽദയരിൽനിന്നാണ്. മേജൈ ഒരു മേദ്യ ഗോത്രമാണെന്നു ഹിറോഡോട്ടസ് പറയുന്നത് എന്തുകൊണ്ടെന്നു കാണാൻ അതു നമ്മെ സഹായിക്കുന്നു.’”
അതുകൊണ്ട് ഉണ്ണിയേശുവിനെ സന്ദർശിച്ച മാജോയ്, ജ്യോത്സ്യന്മാർ ആയിരുന്നെന്നതിനു ശക്തമായ സാഹചര്യത്തെളിവുണ്ട്. ആ നിലയ്‌ക്ക്, അവർ വ്യാജ ദൈവങ്ങളുടെ സേവകന്മാർ ആയിരുന്നു. സഞ്ചരിക്കുന്ന ഒരു “നക്ഷത്രം” എന്ന് അവർക്കു തോന്നിയ എന്തോ ഒന്നിനാൽ അറിഞ്ഞോ അറിയാതെയോ അവർ വഴിനടത്തപ്പെടുകയായിരുന്നു. ‘യെഹൂദന്മാരുടെ രാജാവ്’ പിറന്നിരിക്കുന്നെന്ന് അവർ ഹെരോദാവിന് അറിവുകൊടുത്തു. അതേത്തുടർന്ന് യേശുവിനെ കൊല്ലാൻ ഹെരോദാവ് ശ്രമിക്കുകയും ചെയ്‌തു. ജ്യോത്സ്യന്മാരുടെ ഭൂതദൈവങ്ങളെക്കാൾ യഹോവ ശക്തനായതിനാൽ അവന്റെ ഗൂഢപദ്ധതി പരാജയപ്പെട്ടു. ‘സ്വപ്‌നത്തിൽ അരുളപ്പാടുണ്ടായതിനെത്തുടർന്ന്’ ജ്യോത്സ്യന്മാർ ഹെരോദാവിന്റെ അടുക്കലേക്കു മടങ്ങിച്ചെല്ലാതെ മറ്റൊരു വഴിയായി തിരിച്ചുപോയി.—മത്തായി 2:2, 12.
ദൈവം ജ്യോതിഷത്തെ കുറ്റംവിധിക്കുന്നു
“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്ന ലളിതമായ വാക്കുകളിൽ ഒരു മഹത്തായ സത്യം പ്രസ്‌താവിച്ചിരിക്കുന്നു. ആ സൃഷ്ടിയിൽ നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളും താരാപംക്തികളും ഉൾപ്പെടുന്നു. (ഉല്‌പത്തി 1:1, 16; ഇയ്യോബ് 9:7-10) എന്നാൽ ഗംഭീരമായ അത്തരം സൃഷ്ടികളെ മനുഷ്യർ ദൈവങ്ങളായി വീക്ഷിക്കണമെന്ന് യഹോവ ആഗ്രഹിച്ചില്ല. അതുകൊണ്ട് ‘മീതെ സ്വർഗ്ഗത്തിൽ ഉള്ള യാതൊന്നിന്റെയും പ്രതിമയെ’ ആരാധിക്കുന്നതിൽനിന്ന് അവൻ തന്റെ ജനത്തെ ശക്തമായി വിലക്കി. (പുറപ്പാടു 20:3, 4) ജ്യോതിഷത്തിന്റെ എല്ലാ വകഭേദങ്ങളും വിലക്കപ്പെട്ടിരുന്നു.—ആവർത്തനപുസ്‌തകം 18:10-12.