വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“പരിശോധനകളിന്മധ്യേ വിശ്വസ്‌തർ”

“പരിശോധനകളിന്മധ്യേ വിശ്വസ്‌തർ”

“പരിശോധനകളിന്മധ്യേ വിശ്വസ്‌തർ”

അതു സംഭവിച്ചത്‌ 1951 ഏപ്രിൽ മാസത്തിന്റെ ആരംഭത്തിലായിരുന്നു. പശ്ചിമ സോവിയറ്റ്‌ യൂണിയനിലെ നിരപരാധികളായ ഒരു കൂട്ടം ക്രിസ്‌ത്യാനികളുടെമേൽ, യഹോവയുടെ സാക്ഷികളുടെമേൽ, സോവിയറ്റ്‌ ഭരണകൂടം ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ആയിരക്കണക്കിനു കുടുംബങ്ങളെ ചരക്കുവണ്ടികളിൽ കയറ്റി സൈബീരിയയിലേക്കു നാടുകടത്തി. പിഞ്ചുകുഞ്ഞുങ്ങളും ഗർഭിണികളും വൃദ്ധരും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. 20 ദിവസം നീണ്ടുനിന്ന ആ ട്രെയിൻയാത്ര യാതനാനിർഭരമായിരുന്നു. കഠിനവും പ്രാകൃതവും ആയ സാഹചര്യങ്ങളിലുള്ള ഒരു ജീവിതത്തിലേക്ക്‌ എന്നെന്നേക്കുമായി അവർ വലിച്ചെറിയപ്പെട്ടു.

2001 ഏപ്രിലിൽ ആ ചരിത്ര സംഭവത്തിന്റെ 50-ാം വാർഷികം മോസ്‌കോയിൽ ആചരിക്കുകയുണ്ടായി. തദവസരത്തിൽ, മുൻ സോവിയറ്റ്‌ യൂണിയനിൽ യഹോവയുടെ സാക്ഷികൾ ദശാബ്ദങ്ങളോളം അനുഭവിച്ച അടിച്ചമർത്തൽ വെളിച്ചത്തുകൊണ്ടുവരുന്ന ഒരു വീഡിയോ പ്രകാശനം ചെയ്യപ്പെട്ടു. യഹോവയുടെ സാക്ഷികൾ അതികഠിനമായ സമ്മർദത്തെ അതിജീവിക്കുകയും കരുത്താർജിക്കുകയും ചെയ്‌തത്‌ എങ്ങനെയെന്ന്‌ ചരിത്രകാരന്മാരും ദൃക്‌സാക്ഷികളും വിവരിക്കുന്നത്‌ ഈ ചിത്രീകരണത്തിൽ കാണാം.

പരിശോധനകളിന്മധ്യേ വിശ്വസ്‌തർ—സോവിയറ്റ്‌ യൂണിയനിലെ യഹോവയുടെ സാക്ഷികൾ എന്ന ഈ വീഡിയോ റഷ്യയിലും മറ്റിടങ്ങളിലുമുള്ള ദശലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞിരിക്കുന്നു. പൊതുജനങ്ങളും ചരിത്രകാരന്മാരും അതിനെ മുക്തകണ്‌ഠം പ്രശംസിച്ചു. സാക്ഷികളുടെ കുടുംബങ്ങളിൽ ഭൂരിപക്ഷവും പ്രവാസത്തിൽ കഴിഞ്ഞ പ്രദേശത്തു താമസിക്കുന്ന റഷ്യൻ പണ്ഡിതരുടെ രണ്ട്‌ അഭിപ്രായങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌.

“ഈ ചിത്രം ഞാൻ ശരിക്കും ആസ്വദിച്ചു. നിങ്ങളുടെ മതത്തിന്റെ പ്രതിനിധികളെ എന്നും എനിക്ക്‌ ഇഷ്ടമായിരുന്നു. എന്നാൽ ഈ ചിത്രം കണ്ടതിനുശേഷം നിങ്ങളെക്കുറിച്ചുള്ള എന്റെ മതിപ്പ്‌ പതിന്മടങ്ങ്‌ വർധിച്ചിരിക്കുന്നു. വളരെ മികച്ച ഒരു ഡോക്യുമെന്ററിയാണിത്‌! ഓരോരുത്തരെയും ഒരു വ്യതിരിക്ത വ്യക്തിയെന്ന നിലയിൽ നിങ്ങൾ അവതരിപ്പിച്ചത്‌ എന്നെ ഏറെ ആകർഷിച്ചു. ഒരു ഓർത്തഡോക്‌സ്‌ വിശ്വാസിയായ ഞാൻ മതംമാറാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും സാക്ഷികളെ ഞാൻ അഭിനന്ദിക്കുന്നു. ഞങ്ങളുടെ ഡിപ്പാർട്ടുമെന്റിൽ ഈ ചിത്രീകരണത്തിന്റെ ഒരു കോപ്പി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതു ഞങ്ങളുടെ വിദ്യാർഥികളെ കാണിക്കാനും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ഞാനും എന്റെ സഹപ്രവർത്തകരും തീരുമാനിച്ചിരിക്കുന്നു.”​—⁠റഷ്യയിലെ ഇർക്കുറ്റ്‌സ്‌ക്കിലുള്ള സ്റ്റേറ്റ്‌ പെഡഗോജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗത്തിന്റെ ഡീൻ ആയ പ്രൊഫസർ സിർഗ്യേ നികൊലേവിച്ച്‌ റൂബ്‌റ്റ്‌സോഫ്‌.

“ഞാൻ രണ്ടു കയ്യുംനീട്ടി ഈ ചിത്രീകരണത്തെ സ്വാഗതം ചെയ്യുന്നു. അടിച്ചമർത്തലിനെക്കുറിച്ച്‌ ഒരു ചിത്രം നിർമിക്കുമ്പോൾ യുക്തിപൂർവകമായ ഒരു വിധത്തിൽ സംഭവങ്ങൾ അവതരിപ്പിക്കുന്നതു വളരെ പ്രയാസമാണ്‌. എന്നാൽ നിങ്ങൾക്ക്‌ അതു ചെയ്യാൻ കഴിഞ്ഞു. നിങ്ങളുടെ കൂടുതൽ ചിത്രങ്ങൾ എനിക്ക്‌ എത്തിച്ചുതരുന്നതു ഞാൻ വിലമതിക്കും.”​—⁠റഷ്യയിലെ ഇർക്കുറ്റ്‌സ്‌ക്ക്‌ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയിലെ ചരിത്രവിഭാഗത്തിന്റെ ഡീൻ ആയ പ്രൊഫസർ സിർഗ്യേ ഇലിച്ച്‌ കൂസ്‌നെറ്റ്‌സോഫ്‌.

സൈബീരിയയിൽ താമസിക്കുന്ന യഹോവയുടെ സാക്ഷികളും ഈ ചിത്രീകരണത്തെ വളരെ വിലമതിച്ചു. അവരുടെ പ്രതികരണത്തിന്റെ ചില ഉദാഹരണങ്ങളാണ്‌ പിൻവരുന്നത്‌:

“ഈ ചിത്രീകരണത്തിലെ സംഭവങ്ങൾ അരങ്ങേറുന്ന കാലത്ത്‌, യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ റഷ്യയിലുള്ള അനേകർക്കും തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു. ഒറ്റപ്പെട്ട ഏതോ ഒരു മതഭേദമായിട്ടാണ്‌ നമ്മുടെ സംഘടനയെ അവർ കരുതിയിരുന്നത്‌. എന്നാൽ ഈ ചിത്രം കണ്ടുകഴിയുമ്പോൾ, അവരുടെ ആ ധാരണയ്‌ക്കു മാറ്റംവരുന്നു. അടുത്തകാലത്തു സാക്ഷികളായിത്തീർന്ന മറ്റു ചിലർ ഇങ്ങനെ പറഞ്ഞു: ‘ഇത്രയെല്ലാം കഷ്ടം അനുഭവിച്ച ക്രിസ്‌തീയ സഹോദരങ്ങളോടൊപ്പമാണു ഞങ്ങൾ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്‌തിരുന്നതെന്നു സ്വപ്‌നത്തിൽപ്പോലും ഞങ്ങൾ വിചാരിച്ചിരുന്നില്ല!’ ചിത്രം കണ്ടശേഷം ഒരു സാക്ഷി മുഴുസമയ പയനിയർ ശുശ്രൂഷ ഏറ്റെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു.”​—⁠സൈബീരിയയിലേക്കു നാടുകടത്തപ്പെട്ട അന്ന വോവ്‌ച്ചുക്ക്‌.

“രഹസ്യപ്പോലീസ്‌ ഒരു സാക്ഷിയുടെ വീട്ടുവാതിൽക്കൽ തട്ടിവിളിക്കുന്നതു ചിത്രത്തിൽ കണ്ടപ്പോൾ ഞാൻ നടുങ്ങിപ്പോയി. പണ്ട്‌ ഞങ്ങളുടെ വീട്ടുവാതിൽക്കലും അവർ ഇതുപോലെ പ്രത്യക്ഷപ്പെട്ടിരുന്നു. ‘എവിടെയോ തീപിടിച്ചിട്ടുണ്ടായിരിക്കും’ എന്ന്‌ അമ്മ അപ്പോൾ പറഞ്ഞത്‌ ഞാൻ ഓർക്കുന്നു. എന്നാൽ ഞാൻ അനുഭവിച്ചതിലും കൂടുതൽ കഷ്ടങ്ങൾ അനേകം സാക്ഷികൾ അനുഭവിച്ചിട്ടുണ്ടെന്നും ഈ ചിത്രം എന്നെ ഓർമപ്പെടുത്തുന്നു. തുടർന്നും യഹോവയെ സേവിക്കാൻ ഈ വിവരങ്ങളെല്ലാം ഞങ്ങൾക്കു കൂടുതൽ ശക്തിയും ഉത്സാഹവും പകരുന്നു.”​—⁠സൈബീരിയയിലേക്കു നാടുകടത്തപ്പെട്ട സ്റ്റൈപ്പൻ വോവ്‌ച്ചുക്ക്‌.

“നാടുകടത്തപ്പെട്ടവരിൽ എന്റെ മാതാപിതാക്കളും ഉണ്ടായിരുന്നു. അതുകൊണ്ട്‌ അക്കാലത്തെക്കുറിച്ചുള്ള സകല കാര്യങ്ങളും എനിക്കറിയാം എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ ഈ ചിത്രം കണ്ടുകഴിഞ്ഞപ്പോൾ ആ ധാരണയ്‌ക്കു മാറ്റംവന്നു. യഥാർഥത്തിൽ ഒന്നും അറിയില്ലായിരുന്നു എന്നുതന്നെ പറയാം. അഭിമുഖങ്ങൾ ശ്രദ്ധിച്ചപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി. അതോടെ, വെറും കഥകൾപോലെ കരുതിയിരുന്ന ആ അനുഭവങ്ങൾക്കു പച്ചയായ ജീവിതത്തിന്റെ ഗന്ധം കൈവന്നതായി എനിക്കു തോന്നി. ദൈവവുമായുള്ള എന്റെ ബന്ധത്തെ ഈ ചിത്രം അരക്കിട്ടുറപ്പിച്ചു. വരാനിരിക്കുന്ന ഏതു പ്രതിസന്ധികളും സഹിച്ചുനിൽക്കുന്നതിന്‌ ഒരുങ്ങിയിരിക്കാൻ അത്‌ എന്നെ സഹായിക്കുകയും ചെയ്‌തു.”—വ്‌ളാഡിമിർ കൊവാഷ്‌, ഇർക്കുറ്റ്‌സ്‌ക്ക.

“എഴുതിവെക്കപ്പെട്ട ഒരു വിവരണത്തിനുള്ളതിനെക്കാൾ ശക്തി ഈ ചിത്രത്തിന്‌ ഉള്ളതായിട്ടാണ്‌ എനിക്ക്‌ അനുഭവപ്പെട്ടത്‌. സഹോദരങ്ങളുമായുള്ള അഭിമുഖങ്ങൾ നിരീക്ഷിക്കുകയും കേൾക്കുകയും ചെയ്‌തപ്പോൾ, ഞാനും അവരോടൊപ്പം അതെല്ലാം അനുഭവിച്ചതായി എനിക്കു തോന്നി. ജയിലിലായിരിക്കെ തന്റെ കൊച്ചുപെൺമക്കൾക്ക്‌ അയച്ചുകൊടുക്കാനായി പോസ്റ്റ്‌ കാർഡുകളിൽ ചിത്രങ്ങൾ വരച്ച സഹോദരന്റെ ദൃഷ്ടാന്തം, എന്റെ മക്കളുടെ ഹൃദയത്തിൽ ബൈബിൾ സത്യം എത്തിക്കാൻ ശ്രമിക്കുന്നതിന്‌ എന്നെ പ്രേരിപ്പിക്കുന്നു. നിങ്ങൾക്കു നന്ദി! തങ്ങൾ യഹോവയുടെ ലോകവ്യാപക സംഘടനയുടെ ഭാഗമാണെന്ന്‌ മുമ്പെന്നത്തേതിലും ശക്തമായി റഷ്യയിലെ യഹോവയുടെ സാക്ഷികൾക്കു തോന്നാൻ ഈ ചിത്രം ഇടയാക്കിയിരിക്കുന്നു.”​—⁠റ്റാറ്റ്യാന കാലിന, ഇർക്കുറ്റ്‌സ്‌ക്ക.

“‘നൂറു പ്രാവശ്യം കേൾക്കുന്നതിനെക്കാൾ മെച്ചമാണ്‌ ഒരു പ്രാവശ്യം കാണുന്നത്‌’ എന്നു പറയുന്നത്‌ ഈ ചിത്രത്തിന്റെ കാര്യത്തിൽ തികച്ചും സത്യമാണ്‌. ജീവൻ തുടിക്കുന്നതും വാസ്‌തവികവും നമ്മുടെ ജീവിതത്തോട്‌ ഏറെ ബന്ധമുള്ളതും ആണ്‌ അത്‌! ചിത്രം വീക്ഷിച്ചശേഷം അതിനെക്കുറിച്ചു ധ്യാനിക്കാൻ എനിക്കു വളരെ സമയം വേണ്ടിവന്നു. നാടുകടത്തപ്പെട്ട ആ സാക്ഷികളുടെ ജീവിതങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലാൻ ഈ ചിത്രം എന്നെ സഹായിച്ചു. ഇന്നത്തെ എന്റെ സാഹചര്യങ്ങളെ അവരുടേതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഞങ്ങൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ മറ്റൊരു കാഴ്‌ചപ്പാടിൽ വീക്ഷിക്കാൻ എനിക്കു കഴിയുന്നു.”​—⁠ലിഡ്യാ ബീയെഡാ, ഇർക്കുറ്റ്‌സ്‌ക്ക.

ഇതുവരെ 25 ഭാഷകളിൽ നിർമിച്ചിരിക്കുന്ന, പരിശോധനകളിന്മധ്യേ വിശ്വസ്‌തർ എന്ന ഈ ചിത്രത്തിന്‌ ലോകത്തിനുചുറ്റും ഉജ്ജ്വലമായ വരവേൽപ്പാണു ലഭിക്കുന്നത്‌. * സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിലും ഓംസ്‌കിലും ഇതര റഷ്യൻ നഗരങ്ങളിലും യൂക്രേനിയൻ നഗരങ്ങളായ വിന്നെറ്റ്‌സ്യാ, കെർച്‌, മെലിറ്റോപോൾ എന്നിവിടങ്ങളിലും ലവിഫ്‌ പ്രദേശത്തും ഉള്ള ടെലിവിഷൻ നിലയങ്ങൾ ഈ മുഴു ഡോക്യുമെന്ററിയും സംപ്രേഷണം ചെയ്യുകയുണ്ടായി. അന്താരാഷ്‌ട്ര ഫിലിം ബോർഡുകളുടെ അവാർഡുകളും അതു നേടിയിരിക്കുന്നു.

കാലങ്ങളായുള്ള പീഡനത്തിന്മധ്യേ അസാധാരണമായ ധൈര്യവും ആത്മീയ ബലവും പ്രദർശിപ്പിച്ച സാധാരണക്കാരായ ആയിരക്കണക്കിനു മനുഷ്യരുടെ ദൃഷ്ടാന്തങ്ങളാണ്‌ ഈ ചിത്രത്തിന്റെ സന്ദേശത്തിനു കരുത്തു പകരുന്നത്‌. സോവിയറ്റ്‌ യൂണിയനിലുള്ള യഹോവയുടെ സാക്ഷികൾ പരിശോധനകളിൻകീഴിൽ തങ്ങളുടെ വിശ്വസ്‌തത അസന്നിഗ്‌ധമായി തെളിയിച്ചു. ഈ ചിത്രീകരണം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, യഹോവയുടെ സാക്ഷികൾ സന്തോഷപൂർവം അതു നിങ്ങൾക്കു ലഭ്യമാക്കുന്നതായിരിക്കും. നിങ്ങളുടെ പ്രദേശത്തുള്ള സാക്ഷികളിലൊരാളുമായി ദയവായി ബന്ധപ്പെടുക.

[അടിക്കുറിപ്പ്‌]

^ ഖ. 13 ഇന്തോനേഷ്യൻ, ഇംഗ്ലീഷ്‌, ഇറ്റാലിയൻ, കാന്റൊണിസ്‌, കൊറിയൻ, ഗ്രീക്ക്‌, ചെക്ക്‌, ജർമൻ, ജാപ്പനീസ്‌, ഡച്ച്‌, ഡാനിഷ്‌, നോർവീജിയൻ, പോളീഷ്‌, ഫിന്നിഷ്‌, ഫ്രഞ്ച്‌, ബൾഗേറിയൻ, മാൻഡറിൻ, ലിത്വാനിയൻ, സ്‌പാനീഷ്‌, സ്ലോവാക്‌, സ്ലോവേനിയൻ, സ്വീഡിഷ്‌, ഹംഗേറിയൻ, റഷ്യൻ, റൊമേനിയൻ എന്നീ ഭാഷകളിൽ ഈ വീഡിയോ ലഭ്യമാണ്‌.

[8-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

സ്റ്റാലിൻ: U.S. Army photo

[9-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

സ്റ്റാലിൻ: U.S. Army photo