വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രൂത്തിന്റെ പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

രൂത്തിന്റെ പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

രൂത്തിന്റെ പുസ്‌തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ

രണ്ടു സ്‌ത്രീകൾ തമ്മിലുള്ള വിശ്വസ്‌തതയുടെ ഹൃദയോഷ്‌മളമായ സംഭവകഥയാണ്‌ അത്‌. യഹോവയാം ദൈവത്തോടുള്ള വിലമതിപ്പിന്റെയും അവന്റെ ക്രമീകരണങ്ങളിലുള്ള ആശ്രയത്തിന്റെയും വിവരണമാണത്‌. മിശിഹൈക വംശപാരമ്പര്യത്തിൽ യഹോവയ്‌ക്കുള്ള അതിയായ താത്‌പര്യം എടുത്തുകാണിക്കുന്ന ഒരു വിവരണം എന്നതിനു പുറമേ, ഒരു കുടുംബത്തിന്റെ സന്തോഷത്തിന്റെയും സന്താപത്തിന്റെയും ഹൃദയസ്‌പർശിയായ വിവരണംകൂടിയാണ്‌ അത്‌. രൂത്ത്‌ എന്ന ബൈബിൾ പുസ്‌തകത്തിനു വേറെയും സവിശേഷതകളുണ്ട്‌.

ഇസ്രായേലിൽ “ന്യായാധിപന്മാർ ന്യായപാലനം നടത്തിയ കാല”ത്തെ 11 വർഷങ്ങളാണ്‌ ഈ പുസ്‌തകം ഉൾക്കൊള്ളുന്നത്‌. (രൂത്ത്‌ 1:⁠1) ഈ യഥാർഥ സംഭവകഥയിലെ കഥാപാത്രങ്ങളിലൊരാളായ ബോവസ്‌ എന്ന ഭൂവുടമ യോശുവയുടെ നാളിലെ രാഹാബിന്റെ പുത്രനാകയാൽ, ഈ പുസ്‌തകത്തിലെ സംഭവങ്ങൾ നടന്നിട്ടുള്ളത്‌ ന്യായാധിപന്മാരുടെ കാലത്തിന്റെ ആദ്യഭാഗത്ത്‌ ആയിരിക്കണം. (യോശുവ 2:⁠1, 2; രൂത്ത്‌ 2:⁠1; മത്തായി 1:⁠5) ഈ വിവരണം പൊതുയുഗത്തിനുമുമ്പ്‌ 1090-ൽ ശമൂവേൽ പ്രവാചകൻ എഴുതിയിരിക്കാനാണു സാധ്യത. ഇസ്രായേല്യേതരയായ ഒരു സ്‌ത്രീയുടെ നാമംവഹിക്കുന്ന ഒരേയൊരു ബൈബിൾ പുസ്‌തകമാണ്‌ അത്‌. അതു നൽകുന്ന സന്ദേശം “ജീവനും ചൈതന്യവുമുള്ള”താണ്‌.​—⁠എബ്രായർ 4:⁠12.

“നീ പോകുന്നേടത്തു ഞാനും പോരും”

(രൂത്ത്‌ 1:⁠1-2:⁠23)

നൊവൊമിയും രൂത്തും ബേത്ത്‌ലേഹെമിൽ എത്തിച്ചേർന്നപ്പോൾ അവർ സകലരുടെയും ശ്രദ്ധാകേന്ദ്രങ്ങളായിത്തീർന്നു. അവരിൽ പ്രായംകൂടിയ ആളെ ചൂണ്ടിക്കൊണ്ട്‌ സ്‌ത്രീകൾ ഇങ്ങനെ ചോദിച്ചു: ‘അതു നൊവൊമിയല്ലേ?’ നൊവൊമിയുടെ മറുപടി ഇപ്രകാരമായിരുന്നു: “നൊവൊമി എന്നല്ല മാറാ എന്നു എന്നെ വിളിപ്പിൻ; സർവ്വശക്തൻ എന്നോടു ഏറ്റവും കൈപ്പായുള്ളതു പ്രവർത്തിച്ചിരിക്കുന്നു നിറഞ്ഞവളായി ഞാൻ പോയി, ഒഴിഞ്ഞവളായി യഹോവ എന്നെ മടക്കിവരുത്തിയിരിക്കുന്നു.”​—⁠രൂത്ത്‌ 1:⁠19-21.

ഇസ്രായേലിൽ ഒരു ക്ഷാമം ഉണ്ടായപ്പോഴാണ്‌ നൊവൊമിയുടെ കുടുംബം ബേത്ത്‌ലേഹെമിൽനിന്നു മോവാബിലേക്കു പോകാനിടയാകുന്നത്‌. അന്ന്‌ അവൾ “നിറഞ്ഞവളായി”രുന്നു, അതായത്‌ അവൾക്ക്‌ ഭർത്താവും രണ്ടു പുത്രന്മാരും ഉണ്ടായിരുന്നു. അവർ മോവാബിൽ പാർപ്പാരംഭിച്ച്‌ കുറച്ചു കാലം കഴിഞ്ഞപ്പോൾ അവളുടെ ഭർത്താവായ എലീമേലെക്‌ മരിക്കുന്നു. പിന്നീട്‌ നൊവൊമിയുടെ പുത്രന്മാർ മോവാബ്യ സ്‌ത്രീകളായ ഒർപ്പായെയും രൂത്തിനെയും വിവാഹം ചെയ്യുന്നു. ഏകദേശം പത്തു വർഷം കടന്നുപോയപ്പോഴേക്കും ആ പുരുഷന്മാർ മരിക്കുന്നു. അവർക്കു സന്തതികളൊന്നും പിറന്നതുമില്ല. അങ്ങനെ വിധവകളായ മൂന്നു സ്‌ത്രീകൾമാത്രം അവശേഷിക്കുന്നു. നൊവൊമി തിരികെ യഹൂദായിലേക്കു പോകാൻ തീരുമാനിക്കുന്നു, മരുമക്കളും അവളെ അനുഗമിക്കുന്നു. യാത്രാമധ്യേ, മോവാബിലേക്കു തിരികെ പോകാനും സ്വന്തജനത്തിൽനിന്നു വിവാഹം കഴിക്കാനും നൊവൊമി മരുമക്കളെ പ്രോത്സാഹിപ്പിക്കുന്നു. ഒർപ്പാ അതിനു വഴങ്ങുന്നു. എന്നാൽ രൂത്ത്‌ നൊവൊമിയോടു പറ്റിനിൽക്കുന്നു. അവൾ പറയുന്നു: “നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം നിന്റെ ദൈവം എന്റെ ദൈവം.”​—⁠രൂത്ത്‌ 1:⁠16.

വിധവകളായ നൊവൊമിയും രൂത്തും ബേത്ത്‌ലേഹെമിൽ എത്തിച്ചേരുന്നത്‌ യവക്കൊയ്‌ത്തിന്റെ ആരംഭത്തിങ്കലാണ്‌. ദൈവത്തിന്റെ ന്യായപ്രമാണത്തിലെ ഒരു ക്രമീകരണം പ്രയോജനപ്പെടുത്തിക്കൊണ്ട്‌ രൂത്ത്‌ ഒരു വയലിൽ കാലാപെറുക്കാൻ പോകുന്നു. ആ വയൽ യഥാർഥത്തിൽ എലീമേലെക്കിന്റെ ഒരു ബന്ധുവായ ബോവസ്‌ എന്ന പ്രായമുള്ള ഒരു യഹൂദന്റേതായിരുന്നു. രൂത്ത്‌ ബോവസിന്റെ പ്രീതി നേടുകയും “യവക്കൊയ്‌ത്തും കോതമ്പുകൊയ്‌ത്തും തീരുവോളം” കാലാപെറുക്കുന്നതിൽ തുടരുകയും ചെയ്യുന്നു.​—⁠രൂത്ത്‌ 2:⁠23.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം

1:⁠8—⁠നൊവൊമി തന്റെ മരുമക്കളോട്‌ പിതാവിന്റെ ഭവനത്തിലേക്കു പോകാൻ പറയുന്നതിനു പകരം “താന്താന്റെ അമ്മയുടെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ” എന്നു പറഞ്ഞത്‌ എന്തുകൊണ്ട്‌? ഒർപ്പായുടെ പിതാവ്‌ ആ സമയത്ത്‌ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്നുള്ളത്‌ ബൈബിൾ പ്രസ്‌താവിക്കുന്നില്ല. എന്നാൽ രൂത്തിന്റെ പിതാവ്‌ അപ്പോഴും ജീവിച്ചിരുന്നു. (രൂത്ത്‌ 2:⁠11) എന്നിരുന്നാലും മാതാവിന്റെ വീടിനെക്കുറിച്ചു പറയുന്നത്‌ മാതാവിന്റെ സവിശേഷ വാത്സല്യം അവരെ ഓർമിപ്പിക്കുമെന്ന്‌ നൊവൊമി വിചാരിച്ചുകാണും. ആ സ്‌മരണ, തങ്ങളുടെ പ്രിയപ്പെട്ട ഭർത്തൃമാതാവിനെ വേർപിരിയുമ്പോഴുള്ള വേദനയിൽ അവർക്ക്‌ ആശ്വാസം നൽകുമായിരുന്നു. നൊവൊമിയിൽനിന്നു വ്യത്യസ്‌തമായി രൂത്തിനും ഒർപ്പായ്‌ക്കും സ്വന്തം വീടുണ്ടെന്ന ചിന്തയും ആ വാക്കുകളിൽ പ്രതിഫലിച്ചിരിക്കാം.

1:⁠13, 21—⁠യഹോവ നൊവൊമിയുടെ ജീവിതം കയ്‌പുനിറഞ്ഞതാക്കിത്തീർക്കുകയും അവൾക്കു കഷ്ടപ്പാടുകൾ വരുത്തുകയും ചെയ്‌തോ? ഇല്ല. ദൈവം എന്തെങ്കിലും തെറ്റുചെയ്‌തതായി നൊവൊമി കുറ്റപ്പെടുത്തിയില്ല. എന്നിരുന്നാലും തനിക്കു സംഭവിച്ച മുഴു കാര്യങ്ങളുടെയും വീക്ഷണത്തിൽ, യഹോവ തനിക്കെതിരാണെന്ന്‌ അവൾ വിചാരിച്ചു. ജീവിതം കയ്‌പുനിറഞ്ഞതും ആശയ്‌ക്കു വകയില്ലാത്തതും ആയി അവൾക്ക്‌ അനുഭവപ്പെട്ടു. മാത്രമല്ല, ആ നാളുകളിൽ ഉദരഫലം ഒരു ദിവ്യാനുഗ്രഹമായും വന്ധ്യത ഒരു ശാപമായും കരുതപ്പെട്ടിരുന്നു. പുത്രന്മാർ മരിക്കുകയും പൗത്രന്മാർ ഇല്ലാതിരിക്കുകയും ചെയ്‌ത നൊവൊമിക്ക്‌ യഹോവ തനിക്കു വിരോധമായി പ്രവർത്തിച്ചിരിക്കുന്നെന്നു ചിന്തിക്കുന്നതു ന്യായമായി തോന്നിയിരിക്കണം.

2:⁠12—⁠യഹോവയിൽനിന്ന്‌ നൊവൊമിക്ക്‌ എന്തു “പൂർണ്ണപ്രതിഫല”മാണു ലഭിച്ചത്‌? രൂത്തിന്‌ ഒരു പുത്രൻ പിറന്നു. മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട വംശപാരമ്പര്യത്തിൽ​—⁠യേശുവിന്റെ വംശപാരമ്പര്യത്തിൽ​—⁠ഒരു കണ്ണിയാകാനുള്ള പദവിയും അവൾക്കു ലഭിച്ചു.​—⁠രൂത്ത്‌ 4:⁠13-17; മത്തായി 1:⁠5, 16.

നമുക്കുള്ള പാഠങ്ങൾ:

1:⁠8; 2:⁠20. ദുരന്തങ്ങൾ അനുഭവിക്കേണ്ടിവന്നെങ്കിലും നൊവൊമി, യഹോവയുടെ സ്‌നേഹദയയിൽ വിശ്വാസമർപ്പിച്ചു. നാമും അതുതന്നെ ചെയ്യണം, വിശേഷിച്ച്‌ കഠിന പരിശോധനകളിലൂടെ കടന്നുപോകുമ്പോൾ.

1:⁠9. കുടുംബാംഗങ്ങൾ ഭക്ഷിക്കുകയും ഉറങ്ങുകയും ചെയ്യുന്ന സ്ഥലം മാത്രമല്ല ഒരു വീട്‌. അത്‌ വിശ്രമവും ആശ്വാസവും ലഭിക്കുന്ന സമാധാനപൂർണമായ ഒരു ഇടം ആയിരിക്കണം.

1:⁠14-16. ഒർപ്പാ “തന്റെ ജനത്തിന്റെയും തന്റെ ദേവന്റെയും അടുക്കൽ” മടങ്ങിപ്പോയി. എന്നാൽ രൂത്ത്‌ അങ്ങനെ ചെയ്‌തില്ല. അവൾ തന്റെ ജന്മനാടിന്റെ സുഖവും സുരക്ഷിതത്വവും ഉപേക്ഷിക്കുകയും യഹോവയോടു വിശ്വസ്‌തയായി നിലകൊള്ളുകയും ചെയ്‌തു. ദൈവത്തോടു വിശ്വസ്‌ത സ്‌നേഹം നട്ടുവളർത്തുകയും ആത്മത്യാഗ മനോഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നത്‌ സ്വാർഥ മോഹങ്ങൾക്കു വശംവദരാകാതിരിക്കാനും “നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിൽ” ആകാതിരിക്കാനും നമ്മെ സഹായിക്കും.​—⁠എബ്രായർ 10:⁠39.

2:⁠2. പരദേശികൾക്കും ബുദ്ധിമുട്ടുള്ളവർക്കും വേണ്ടിയുള്ള ക്രമീകരണമായ കാലാപെറുക്കലിൽനിന്നു പ്രയോജനം നേടാൻ രൂത്ത്‌ ആഗ്രഹിച്ചു. അവൾ താഴ്‌മയുള്ളവൾ ആയിരുന്നു. സഹായം ആവശ്യമുള്ള ഒരു ക്രിസ്‌ത്യാനി, സഹക്രിസ്‌ത്യാനികൾ സ്‌നേഹപൂർവം നൽകുന്നതോ അർഹതപ്പെട്ട വ്യക്തിയെന്ന നിലയിൽ ഗവൺമെന്റു നൽകുന്നതോ ആയ സഹായം ദുരഭിമാനത്തിന്റെ പേരിൽ സ്വീകരിക്കാതിരിക്കരുത്‌.

2:⁠7. കാലാപെറുക്കാൻ അവകാശം ഉണ്ടായിരുന്നെങ്കിലും അങ്ങനെ ചെയ്യുന്നതിനു മുമ്പ്‌ രൂത്ത്‌ അതിനുള്ള അനുവാദം ചോദിച്ചു. (ലേവ്യപുസ്‌തകം 19:⁠9, 10) ഇത്‌ അവളുടെ സൗമ്യതയുടെ തെളിവ്‌ ആയിരുന്നു. നാം ‘സൗമ്യത അന്വേഷിക്കുന്നത്‌’ ജ്ഞാനമാണ്‌, എന്തുകൊണ്ടെന്നാൽ “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”​—⁠സെഫന്യാവു 2:⁠3; സങ്കീർത്തനം 37:⁠11.

2:⁠11. രൂത്ത്‌ നൊവൊമിക്ക്‌ കേവലം മരുമകൾ അല്ലായിരുന്നു, അവൾ ഒരു യഥാർഥ സ്‌നേഹിതയായിരുന്നു. (സദൃശവാക്യങ്ങൾ 17:⁠17) ഉറപ്പുള്ള ബന്ധമായിരുന്നു അവരുടേത്‌, കാരണം അത്‌ അടിസ്ഥാനപ്പെട്ടിരുന്നത്‌ സ്‌നേഹം, വിശ്വസ്‌തത, സമാനുഭാവം, ദയ, ആത്മത്യാഗ മനോഭാവം തുടങ്ങിയ ഗുണങ്ങളിലാണ്‌. കൂടുതൽ പ്രധാനമായി, അവരുടെ ബന്ധം അടിസ്ഥാനപ്പെട്ടിരുന്നത്‌ യഹോവയെ സേവിക്കാനും അവന്റെ ആരാധകരുടെയിടയിൽ ആയിരിക്കാനുമുള്ള ആഗ്രഹത്തിലാണ്‌. സത്യാരാധകരുമായി യഥാർഥ സൗഹൃദം വികസിപ്പിച്ചെടുക്കാനുള്ള മികച്ച അവസരങ്ങൾ നമുക്കുമുണ്ട്‌.

2:⁠15-17. ബോവസ്‌ രൂത്തിന്റെ ജോലിഭാരം കുറയ്‌ക്കാനുള്ള ക്രമീകരണം ചെയ്‌തെങ്കിലും “അവൾ വൈകുന്നേരംവരെ പെറുക്കി.” അവൾ കഠിനാധ്വാനിയായിരുന്നു. ഒരു ക്രിസ്‌ത്യാനിക്ക്‌ ശുഷ്‌കാന്തിയോടെ വേലചെയ്യുന്നയാൾ എന്ന സത്‌പേര്‌ ഉണ്ടായിരിക്കണം.

2:⁠19-22. വൈകുന്നേരങ്ങളിൽ നൊവൊമിയും രൂത്തും ഹൃദ്യമായ സംഭാഷണങ്ങളിൽ ഏർപ്പെടുമായിരുന്നു. മുതിർന്നയാൾ പ്രായംകുറഞ്ഞയാളുടെ പ്രവർത്തനങ്ങളിൽ താത്‌പര്യമെടുത്തിരുന്നു. ഇരുവരും തങ്ങളുടെ ചിന്തകളും വികാരങ്ങളും സ്വതന്ത്രമായി പ്രകടിപ്പിക്കുമായിരുന്നു. ഒരു ക്രിസ്‌തീയ കുടുംബത്തിൽ അങ്ങനെതന്നെയാണു വേണ്ടത്‌.

2:⁠22, 23. യാക്കോബിന്റെ മകൾ ദീനായെപ്പോലെ ആയിരുന്നില്ല രൂത്ത്‌, അവൾ യഹോവയുടെ ആരാധകരുടെയിടയിലാണ്‌ സഹവാസം തേടിയത്‌. നമുക്ക്‌ എത്ര നല്ലൊരു മാതൃക!​—⁠ഉല്‌പത്തി 34:⁠1, 2; 1 കൊരിന്ത്യർ 15:⁠33, NW.

നൊവൊമി “നിറഞ്ഞവളായി”ത്തീരുന്നു

(രൂത്ത്‌ 3:⁠1-4:⁠22)

നൊവൊമിക്ക്‌ ഗർഭം ധരിക്കാനുള്ള പ്രായം കഴിഞ്ഞുപോയിരുന്നു. അതുകൊണ്ട്‌ തനിക്കു പകരം, വീണ്ടെടുക്കൽ ക്രമീകരണത്തിലൂടെ അഥവാ ദേവരവിവാഹത്തിലൂടെ സന്തതിയെ ഉളവാക്കാൻ അവൾ രൂത്തിനോട്‌ ആവശ്യപ്പെടുന്നു. നൊവൊമിയുടെ നിർദേശപ്രകാരം രൂത്ത്‌ ബോവസിനോട്‌ തന്റെ വീണ്ടെടുപ്പുകാരനാകാൻ അഭ്യർഥിക്കുന്നു. ബോവസ്‌ അതിനു തയ്യാറാകുന്നു. എന്നിരുന്നാലും ബോവസിനെക്കാൾ അടുത്ത മറ്റൊരു ബന്ധു ഉള്ളതിനാൽ വീണ്ടെടുപ്പിനുള്ള ആദ്യാവകാശം അയാൾക്കാണ്‌.

ബോവസ്‌ പെട്ടെന്നുതന്നെ കാര്യങ്ങൾ ക്രമീകരിക്കുന്നു. പിറ്റേന്നു രാവിലെതന്നെ അദ്ദേഹം, ബേത്ത്‌ലേഹെമിലെ പ്രായമേറിയ പത്തു പുരുഷന്മാരെ ബന്ധുവിന്റെ മുമ്പാകെ വിളിച്ചുവരുത്തുന്നു. വീണ്ടെടുപ്പിനു തയ്യാറാണോയെന്ന്‌ അയാളോടു ചോദിക്കുന്നു. അയാൾ നിരസിക്കുന്നു. അപ്പോൾ ബോവസ്‌ വീണ്ടെടുപ്പുകാരനെന്ന നിലയിൽ രൂത്തിനെ വിവാഹം കഴിക്കുന്നു. അവർക്ക്‌ ഒരു പുത്രൻ ജനിക്കുന്നു, ദാവീദിന്റെ വല്യപ്പനായ ഓബേദ്‌. ബേത്ത്‌ലേഹെമിലെ സ്‌ത്രീകൾ ഇപ്പോൾ നൊവൊമിയോട്‌ ഇപ്രകാരം പറയുന്നു: “യഹോവ വാഴ്‌ത്തപ്പെട്ടവൻ. . . . അവൻ [ഓബേദ്‌] നിനക്കു ആശ്വാസപ്രദനും നിന്റെ വാർദ്ധക്യത്തിങ്കൽ പോഷകനും ആയിരിക്കും. നിന്നെ സ്‌നേഹിക്കുന്നവളും ഏഴു പുത്രന്മാരെക്കാൾ നിനക്കു ഉത്തമയുമായിരിക്കുന്ന നിന്റെ മരുമകളല്ലോ അവനെ പ്രസവിച്ചത്‌.” (രൂത്ത്‌ 4:⁠14, 15) “ഒഴിഞ്ഞവളായി” ബേത്ത്‌ലേഹെമിലേക്കു മടങ്ങിവന്ന സ്‌ത്രീ വീണ്ടും “നിറഞ്ഞവളായി”ത്തീരുന്നു!​—⁠രൂത്ത്‌ 1:⁠21.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

3:⁠11—⁠രൂത്തിന്‌ ഒരു “ഉത്തമ സ്‌ത്രീ”യെന്ന സത്‌പേരു ലഭിക്കാൻ ഇടയാക്കിയത്‌ എന്ത്‌? ‘തലമുടി പിന്നിയ വിധമോ’ ‘പൊന്നണിഞ്ഞതോ വസ്‌ത്രധാരണമോ’ അല്ല മറ്റുള്ളവർ രൂത്തിനെ ആദരിക്കാൻ ഇടയാക്കിയത്‌. മറിച്ച്‌ അവളുടെ “ഹൃദയത്തിന്റെ ഗൂഢമനുഷ്യൻ”​—⁠വിശ്വസ്‌തതയും സ്‌നേഹവും, താഴ്‌മയും സൗമ്യതയും, ഉത്സാഹവും ആത്മത്യാഗ സന്നദ്ധതയും​—⁠നിമിത്തമാണ്‌. രൂത്തിനു ലഭിച്ചതുപോലുള്ള സത്‌പേരു കാംക്ഷിക്കുന്ന, ദൈവഭയമുള്ള ഏതു സ്‌ത്രീയും ഈ ഗുണങ്ങൾ നട്ടുവളർത്താൻ കഠിനമായി അധ്വാനിക്കേണ്ടതാണ്‌.​—⁠1 പത്രൊസ്‌ 3:⁠3, 4; സദൃശവാക്യങ്ങൾ 31:⁠28-31.

3:⁠14—⁠രൂത്തും ബോവസും നേരംവെളുക്കുന്നതിനുമുമ്പ്‌ എഴുന്നേറ്റത്‌ എന്തുകൊണ്ട്‌? രാത്രിയിൽ അധാർമികമായ ചിലതു സംഭവിക്കുകയും അതു മൂടിവെക്കാൻ അവർ ആഗ്രഹിക്കുകയും ചെയ്‌തതുകൊണ്ടല്ല അവർ നേരംവെളുക്കുന്നതിനുമുമ്പ്‌ എഴുന്നേറ്റത്‌. രൂത്ത്‌ ആ രാത്രിയിൽ ചെയ്‌ത കാര്യങ്ങൾ വ്യക്തമായും, ദേവരവിവാഹം ആഗ്രഹിക്കുന്ന ഒരു സ്‌ത്രീ പരമ്പരാഗതമായി ചെയ്‌തുപോന്ന കാര്യങ്ങൾതന്നെയാണ്‌. നൊവൊമിയുടെ നിർദേശങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു അവൾ. മാത്രമല്ല, രൂത്തിന്റെ പ്രവർത്തനത്തിൽ അനുചിതമായ ഒന്നും ബോവസ്‌ കണ്ടില്ലെന്ന്‌ അവന്റെ പ്രതികരണം വ്യക്തമായി സൂചിപ്പിക്കുന്നു. (രൂത്ത്‌ 3:⁠2-13) വ്യക്തമായും അവർ നേരംവെളുക്കുന്നതിനുമുമ്പ്‌ എഴുന്നേറ്റത്‌ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ മറ്റുള്ളവർക്ക്‌ അവസരം കൊടുക്കാതിരിക്കാനാണ്‌.

3:⁠15—⁠ബോവസ്‌ രൂത്തിന്‌ ആറിടങ്ങഴി യവം കൊടുത്തതിന്റെ പ്രാധാന്യമെന്ത്‌? ആറുദിവസത്തെ വേലയ്‌ക്കുശേഷം ഒരു വിശ്രമദിനം ലഭിക്കുന്നതുപോലെ ഒരുപക്ഷേ, രൂത്തിനു വിശ്രമദിനം അടുത്തെന്നായിരിക്കാം ആ പ്രവൃത്തി സൂചിപ്പിച്ചത്‌. തന്റെ ഭർത്താവിന്റെ ഭവനത്തിൽ അവൾക്ക്‌ “വിശ്രാമസ്ഥലം” ഉണ്ടായിരിക്കുമെന്ന്‌ ബോവസ്‌ ഉറപ്പാക്കി. (രൂത്ത്‌ 1:⁠9; 3:⁠1) ഇനി, രൂത്തിനു ചുമന്നുകൊണ്ടുപോകാൻ കഴിയുമായിരുന്നത്‌ ആറിടങ്ങഴി മാത്രമാണെന്നും വരാം.

3:⁠16—⁠നൊവൊമി രൂത്തിനോട്‌ “നിന്റെ കാര്യം എന്തായി മകളേ” എന്നു ചോദിച്ചത്‌ എന്തുകൊണ്ട്‌? (ചില ബൈബിളുകളിൽ “നീ ആരാണു മകളേ” എന്നും കാണപ്പെടുന്നു) അവൾക്കു തന്റെ മരുമകളെ തിരിച്ചറിയാൻ കഴിഞ്ഞില്ലേ? വീണ്ടെടുക്കലിനോടു ബന്ധപ്പെട്ട്‌ അവളുടെ സ്ഥിതി എന്തായി എന്നായിരിക്കാം ആ ചോദ്യത്തിന്റെ അർഥം. നൊവൊമി രൂത്തിനെ തിരിച്ചറിയാതിരിക്കാൻ നല്ല സാധ്യതയുണ്ട്‌, കാരണം അവൾ തിരിച്ചുവരുമ്പോഴും നേരം വെളുത്തിട്ടില്ലായിരിക്കാം.

4:⁠6—⁠വീണ്ടെടുപ്പു നടത്തുന്നതിനാൽ വീണ്ടെടുപ്പുകാരൻ സ്വന്ത അവകാശം ‘നഷ്ടമാക്കുന്നത്‌’ എങ്ങനെ? ഒന്നാമത്‌, ദരിദ്രനായിത്തീർന്നവൻ തന്റെ പിതൃസ്വത്ത്‌ വിറ്റിട്ടുണ്ടെങ്കിൽ വീണ്ടെടുപ്പുകാരൻ, അടുത്ത യോബേൽ സംവത്സരംവരെയുള്ള വർഷങ്ങളുടെ അടിസ്ഥാനത്തിൽ നിശ്ചയിക്കുന്ന വിലകൊടുത്ത്‌ ആ സ്ഥലം വാങ്ങണമായിരുന്നു. (ലേവ്യപുസ്‌തകം 25:⁠25-27) അങ്ങനെ ചെയ്യുമ്പോൾ, സ്വാഭാവികമായും അയാളുടെ സമ്പത്ത്‌ കുറയും. മാത്രമല്ല, രൂത്തിന്‌ ഒരു മകൻ പിറക്കുകയാണെങ്കിൽ വീണ്ടെടുത്ത സ്ഥലത്തിന്മേൽ അവകാശം ലഭിക്കുന്നത്‌ അവനായിരിക്കും, വീണ്ടെടുപ്പുകാരന്റെ നിലവിലുള്ള അടുത്ത ബന്ധുക്കൾക്കായിരിക്കില്ല.

നമുക്കുള്ള പാഠങ്ങൾ:

3:⁠12; 4:⁠1-6. ബോവസ്‌ യഹോവയുടെ ക്രമീകരണം ശ്രദ്ധാപൂർവം പിൻപറ്റി. ദിവ്യാധിപത്യ നടപടിക്രമങ്ങൾ നാം അപ്രകാരം പിൻപറ്റുന്നുണ്ടോ?​—⁠1 കൊരിന്ത്യർ 14:⁠40.

3:⁠18. നൊവൊമിക്ക്‌ ബോവസിൽ വിശ്വാസമുണ്ടായിരുന്നു. വിശ്വസ്‌തരായ സഹവിശ്വാസികളിൽ നമുക്കും സമാനമായ വിശ്വാസം ഉണ്ടായിരിക്കേണ്ടതല്ലേ? തനിക്ക്‌ അപരിചിതനും ബൈബിളിൽ പേരുപോലും രേഖപ്പെടുത്തിയിട്ടില്ലാത്തതും ആയ ഒരു വ്യക്തിയുമായുള്ള ദേവരവിവാഹത്തിനു രൂത്ത്‌ തയ്യാറായി. (രൂത്ത്‌ 4:⁠1) എന്തുകൊണ്ട്‌? ദൈവത്തിന്റെ ക്രമീകരണങ്ങളിൽ അവൾക്കു വിശ്വാസം ഉണ്ടായിരുന്നതുകൊണ്ട്‌. സമാനമായ വിശ്വാസം നമുക്കുണ്ടോ? ഉദാഹരണത്തിന്‌, വിവാഹ പങ്കാളിയെ അന്വേഷിക്കുമ്പോൾ “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ [വിവാഹം] ആകാവൂ” എന്ന പൗലൊസിന്റെ ബുദ്ധിയുപദേശം നാം അനുസരിക്കുന്നുണ്ടോ?​—⁠1 കൊരിന്ത്യർ 7:⁠39.

4:⁠13-16. മോവാബ്യസ്‌ത്രീയും കെമോശ്‌ എന്ന ദൈവത്തെ ആരാധിച്ചിരുന്നവളും ആണെങ്കിലും രൂത്തിന്‌ എത്ര മഹത്തായ പദവിയാണു ലഭിച്ചത്‌! ഇത്‌ പിൻവരുന്ന തത്ത്വം ഉദാഹരിക്കുന്നു: “ഇച്ഛിക്കുന്നവനാലുമല്ല, ഓടുന്നവനാലുമല്ല, കരുണ തോന്നുന്ന ദൈവത്താലത്രേ സകലവും സാധിക്കുന്നത്‌.”​—⁠റോമർ 9:⁠16.

ദൈവം ‘തക്ക സമയത്ത്‌ നിങ്ങളെ ഉയർത്തും’

തന്റെ വിശ്വസ്‌ത ആരാധകർക്കുവേണ്ടി പ്രവർത്തിക്കുന്ന, സ്‌നേഹദയയുള്ള ദൈവമായി രൂത്തിന്റെ പുസ്‌തകം യഹോവയെ ചിത്രീകരിക്കുന്നു. (2 ദിനവൃത്താന്തം 16:⁠9) രൂത്തിനു ലഭിച്ച അനുഗ്രഹങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോൾ, “ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും” ഉള്ള അചഞ്ചലമായ വിശ്വാസത്തോടെ അവനിൽ പൂർണമായി ആശ്രയിക്കേണ്ടതിന്റെ മൂല്യം നാം കാണുന്നു.​—⁠എബ്രായർ 11:⁠6.

രൂത്തും നൊവൊമിയും ബോവസും യഹോവയുടെ ക്രമീകരണത്തിൽ സമ്പൂർണമായി ആശ്രയിച്ചു, അവർ സത്‌ഫലങ്ങൾ ആസ്വദിക്കുകയും ചെയ്‌തു. സമാനമായി “ദൈവത്തെ സ്‌നേഹിക്കുന്നവർക്കു, നിർണ്ണയപ്രകാരം വിളിക്കപ്പെട്ടവർക്കു തന്നേ, സകലവും നന്മെക്കായി” ഭവിക്കാൻ ദൈവം ഇടയാക്കുന്നു. (റോമർ 8:⁠28) അതുകൊണ്ട്‌ നമുക്ക്‌ അപ്പൊസ്‌തലനായ പത്രൊസിന്റെ വാക്കുകൾക്കു ചെവികൊടുക്കാം: “അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”​—⁠1 പത്രൊസ്‌ 5:⁠6, 7.

[26-ാം പേജിലെ ചിത്രം]

രൂത്ത്‌ നൊവൊമിയെ ഉപേക്ഷിച്ചു പോകാതിരുന്നതിന്റെ കാരണം നിങ്ങൾക്ക്‌ അറിയാമോ?

[27-ാം പേജിലെ ചിത്രം]

രൂത്തിന്‌ ഒരു “ഉത്തമ സ്‌ത്രീ” എന്ന സത്‌പേരു നേടിക്കൊടുത്തത്‌ എന്ത്‌?

[28-ാം പേജിലെ ചിത്രം]

രൂത്തിന്‌ യഹോവയിൽനിന്നു ലഭിച്ച “പൂർണ്ണപ്രതിഫലം” എന്തായിരുന്നു?