വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വാക്‌പയറ്റ്‌ അത്‌ എന്തുകൊണ്ടു ഹാനികരം?

വാക്‌പയറ്റ്‌ അത്‌ എന്തുകൊണ്ടു ഹാനികരം?

വാക്‌പയറ്റ്‌ അത്‌ എന്തുകൊണ്ടു ഹാനികരം?

“നിങ്ങളിൽ ശണ്‌ഠയും കലഹവും എവിടെ നിന്ന്‌?”—യാക്കോബ്‌ 4:⁠1.

ബൈബിളെഴുത്തുകാരനായ യാക്കോബ്‌ ഈ ചോദ്യം ചോദിച്ചത്‌ യുദ്ധത്തിൽ ശത്രുക്കളെ ജയിച്ചടക്കിക്കൊണ്ടു മുന്നേറുകയായിരുന്ന റോമൻ പടയാളികളോട്‌ ആയിരുന്നില്ല, ഡാഗെർ മെൻ എന്നറിയപ്പെട്ടിരുന്ന ഒന്നാം നൂറ്റാണ്ടിലെ യഹൂദ ഒളിപ്പോരാളികളോടും ആയിരുന്നില്ല. വെറും രണ്ടു വ്യക്തികൾ തമ്മിലുള്ള തർക്കങ്ങളെയാണ്‌ യാക്കോബ്‌ ഇവിടെ പരാമർശിക്കുന്നത്‌. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, വ്യക്തിപരമായ ശണ്‌ഠകൾ യുദ്ധങ്ങളെപ്പോലെതന്നെ വിനാശകമാണ്‌. പിൻവരുന്ന ബൈബിൾ വിവരണങ്ങൾ പരിചിന്തിക്കുക.

ഗോത്രപിതാവായ യാക്കോബിന്റെ പുത്രന്മാർ, അവരുടെ സഹോദരനായ യോസേഫിനെ അങ്ങേയറ്റം വെറുക്കുകയും അവനെ അടിമയായി വിൽക്കുകയും ചെയ്‌തു. (ഉല്‌പത്തി 37:4-28) പിന്നീട്‌, ഇസ്രായേൽ രാജാവായ ശൗൽ, ദാവീദിനെ കൊല്ലാൻ ശ്രമിക്കുകയുണ്ടായി. അവനു ദാവീദിനോട്‌ അസൂയ തോന്നിയതായിരുന്നു അതിനു കാരണം. (1 ശമൂവേൽ 18:7-11; 23:14, 15) ക്രിസ്‌തീയ സ്‌ത്രീകളായ യുവൊദ്യയ്‌ക്കും സുന്തുകയ്‌ക്കും ഇടയിലുണ്ടായ തർക്കം ഒന്നാം നൂറ്റാണ്ടിൽ ഒരു സഭയെ മുഴുവൻ അസ്വസ്ഥമാക്കി.​—⁠ഫിലിപ്പിയർ 4:⁠2.

കുറെക്കൂടെ അടുത്ത കാലങ്ങളിൽ, വാളോ കൈത്തോക്കോ കൊണ്ടുള്ള ഏറ്റുമുട്ടലുകളിലൂടെയാണ്‌ ആളുകൾ തർക്കങ്ങൾക്കു പരിഹാരം കണ്ടെത്തിയിരുന്നത്‌. അതിൽ മിക്കപ്പോഴും ഒരാൾ കൊല്ലപ്പെടുന്നു അല്ലെങ്കിൽ അംഗവിഹീനനാക്കപ്പെടുന്നു. ഇന്ന്‌ പൊതുവേ, ദ്രോഹകരമായ മൂർച്ചയുള്ള വാക്കുകളാണ്‌ ആളുകൾ ഏറ്റുമുട്ടലുകൾക്ക്‌ ആയുധമാക്കുന്നത്‌. രക്തം ചിന്തുന്നില്ലെങ്കിലും അത്തരം വാക്‌പയറ്റുകൾ വികാരങ്ങളെ മുറിപ്പെടുത്തുകയും മാന്യതയ്‌ക്കു ക്ഷതമേൽപ്പിക്കുകയും ചെയ്യുന്നു. ഈ “യുദ്ധങ്ങ”ളിൽ മിക്കപ്പോഴും നിരപരാധികൾക്കാണു കഷ്ടം സഹിക്കേണ്ടിവരുന്നത്‌.

ഏതാനും വർഷങ്ങൾക്കുമുമ്പു നടന്ന ഈ സംഭവം പരിചിന്തിക്കുക. ഒരു ആംഗ്ലിക്കൻ പുരോഹിതൻ സഭയുടെ ആസ്‌തികൾ ദുർവിനിയോഗം ചെയ്യുന്നതായി സഹ പുരോഹിതൻ കുറ്റപ്പെടുത്തി. അവരുടെ വഴക്ക്‌ പരസ്യമായതിനെത്തുടർന്ന്‌ ഇടവക രണ്ടു പക്ഷമായി പിരിഞ്ഞു. എതിർപക്ഷത്തുള്ള പുരോഹിതൻ കാർമികത്വം വഹിക്കുന്ന കുർബാന ബഹിഷ്‌കരിക്കാൻ ചില അംഗങ്ങൾ തീരുമാനിച്ചു. രണ്ടു പക്ഷക്കാരും അന്യോന്യം വെറുത്തു. ആരാധനയ്‌ക്കായി കൂടിവരുമ്പോൾ അവർ കണ്ടഭാവം നടിച്ചില്ല. ആരോപണം ഉന്നയിച്ച പുരോഹിതന്റെമേൽ പിന്നീട്‌ ലൈംഗിക ദുഷ്‌പെരുമാറ്റം സംബന്ധിച്ച കുറ്റം ചുമത്തപ്പെട്ടപ്പോൾ വഴക്ക്‌ ഒന്നുകൂടി മൂർച്ഛിച്ചു.

പുരോഹിതന്മാരെ രമ്യതയിലാക്കാൻ കാന്റർബറിയിലെ ആർച്ച്‌ ബിഷപ്പ്‌ ശ്രമിച്ചു. അവരുടെ പോരാട്ടത്തെ “അർബുദം” എന്നും “നമ്മുടെ കർത്താവിന്റെ നാമത്തെ നിന്ദിക്കുന്ന നാണംകെട്ട പണി” എന്നും അദ്ദേഹം വിശേഷിപ്പിച്ചു. 1997-ൽ സേവനത്തിൽനിന്നു വിരമിക്കാൻ ഒരു പുരോഹിതൻ സമ്മതിച്ചു. അപരൻ, ശുശ്രൂഷയിൽനിന്നു വിരമിക്കേണ്ട പ്രായമാകുന്നതുവരെ പദവിയിൽ പിടിച്ചുനിന്നു. അങ്ങനെ 2001 ആഗസ്റ്റ്‌ 7-ന്‌, തന്റെ 70-ാമത്തെ ജന്മദിനത്തിൽ അദ്ദേഹം വിരമിച്ചു. ആ ദിവസം വിക്‌ട്രീഷ്യസ്‌ എന്ന “പുണ്യവാളന്റെ” തിരുനാൾ ആയിരുന്നെന്ന്‌ ദ ചർച്ച്‌ ഓഫ്‌ ഇംഗ്ലണ്ട്‌ ന്യൂസ്‌പേപ്പർ സൂചിപ്പിക്കുകയുണ്ടായി. ആരാണ്‌ വിക്‌ട്രീഷ്യസ്‌ “പുണ്യവാളൻ”? സൈന്യത്തിൽ ചേർന്നു യുദ്ധം ചെയ്യാൻ വിസമ്മതിച്ചതിന്‌ ചാട്ടയടി ഏറ്റുവാങ്ങേണ്ടിവന്നതായി പറയപ്പെടുന്ന, നാലാം നൂറ്റാണ്ടിലെ ഒരു ബിഷപ്പായിരുന്നു അദ്ദേഹം. ഈ രണ്ടു വ്യക്തികളുടെ മനോഭാവത്തിലുള്ള അന്തരത്തെ പരാമർശിച്ചുകൊണ്ട്‌ പത്രം ഇങ്ങനെ പറഞ്ഞു: “സഭയ്‌ക്കുള്ളിലെ ഒരു യുദ്ധം ഒഴിവാക്കാൻപോലും [സ്ഥാനമൊഴിയുന്ന ഈ പുരോഹിതന്‌] മനസ്സില്ലായിരുന്നു.”

റോമർ 12:17, 18-ലുള്ള പിൻവരുന്ന ബുദ്ധിയുപദേശം ആ പുരോഹിതന്മാർ ബാധകമാക്കിയിരുന്നെങ്കിൽ തങ്ങളെത്തന്നെയും മറ്റുള്ളവരെയും വ്രണപ്പെടുത്താതിരിക്കാൻ അവർക്കു കഴിയുമായിരുന്നു: “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യാതെ സകലമനുഷ്യരുടെയും മുമ്പിൽ യോഗ്യമായതു മുൻകരുതി, കഴിയുമെങ്കിൽ നിങ്ങളാൽ ആവോളം സകലമനുഷ്യരോടും സമാധാനമായിരിപ്പിൻ.”

നിങ്ങൾ എങ്ങനെ പ്രതികരിക്കും? ആരെങ്കിലും നിങ്ങളെ വ്രണപ്പെടുത്തിയാൽ അവരുമായി ഒരു വാക്‌പയറ്റു നടത്താൻ നിങ്ങൾ പ്രേരിതനാകുമോ? അതോ, പരുഷമായ വാക്കുകൾ പറയുന്നത്‌ ഒഴിവാക്കിക്കൊണ്ട്‌ സമാധാനം സ്ഥാപിക്കാനുള്ള അവസരം നിങ്ങൾ തുറന്നിടുമോ? ഇനി, നിങ്ങൾ ആരെയെങ്കിലും മുറിപ്പെടുത്തിയാൽ, കുറെക്കഴിയുമ്പോഴേക്കും അതൊക്കെ താനേ മറന്നുകൊള്ളുമെന്നു പ്രതീക്ഷിച്ചുകൊണ്ട്‌ നിങ്ങൾ അദ്ദേഹത്തെ അവഗണിക്കുമോ? അതോ, പെട്ടെന്നുതന്നെ നിങ്ങൾ ക്ഷമ ചോദിക്കുമോ? ക്ഷമ ചോദിക്കുകയോ ക്ഷമ നൽകുകയോ ചെയ്‌തുകൊണ്ടു സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌ നിങ്ങളുടെ നന്മയിൽ കലാശിക്കും. അടുത്ത ലേഖനം പ്രകടമാക്കുന്നതുപോലെ, പഴക്കംചെന്ന വഴക്കുകൾപോലും പരിഹരിക്കാൻ ബൈബിളിന്റെ ബുദ്ധിയുപദേശത്തിനു നമ്മെ സഹായിക്കാനാകും.