വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിദൂരദേശങ്ങളിൽ സാക്ഷീകരിക്കാൻ മാറിക്കൊണ്ടിരുന്ന സാഹചര്യങ്ങൾ ഞങ്ങൾ ഉപയോഗിച്ചു

വിദൂരദേശങ്ങളിൽ സാക്ഷീകരിക്കാൻ മാറിക്കൊണ്ടിരുന്ന സാഹചര്യങ്ങൾ ഞങ്ങൾ ഉപയോഗിച്ചു

ജീവിത കഥ

വിദൂരദേശങ്ങളിൽ സാക്ഷീകരിക്കാൻ മാറിക്കൊണ്ടിരുന്ന സാഹചര്യങ്ങൾ ഞങ്ങൾ ഉപയോഗിച്ചു

റിക്കാർഡോ മാലിക്‌സി പറഞ്ഞ പ്രകാരം

ക്രിസ്‌തീയ നിഷ്‌പക്ഷത സംബന്ധിച്ച നിലപാടുമൂലം എന്റെ ജോലി നഷ്ടപ്പെട്ടപ്പോൾ, ഭാവിപരിപാടികൾ ആസൂത്രണം ചെയ്യുന്നതിൽ ഞങ്ങളെ സഹായിക്കാൻ ഞാനും എന്റെ കുടുംബവും യഹോവയോട്‌ അപേക്ഷിച്ചു. ശുശ്രൂഷ വികസിപ്പിക്കുന്നതിനുള്ള ആഗ്രഹം പ്രാർഥനയിൽ ഞങ്ങൾ പ്രകടിപ്പിച്ചു. താമസിയാതെതന്നെ, ഞങ്ങൾ ഒരു ദേശാന്തരയാത്ര ആരംഭിച്ചു. രണ്ടു ഭൂഖണ്ഡങ്ങളിലായി എട്ടോളം വിദേശ രാജ്യങ്ങളിൽ ഞങ്ങൾ താമസിച്ചു. തത്‌ഫലമായി വിദൂരദേശങ്ങളിൽ ശുശ്രൂഷയിലേർപ്പെടാൻ ഞങ്ങൾക്കു കഴിഞ്ഞു.

ഞാൻ ജനിച്ചത്‌ 1933-ലാണ്‌. ഫിലിപ്പൈൻസ്‌ ഇൻഡിപ്പെൻഡന്റ്‌ ചർച്ചിൽപ്പെട്ടതായിരുന്നു എന്റെ കുടുംബം. കുടുംബാംഗങ്ങളായ 14 പേരും ആ സഭയിലെ അംഗങ്ങളായിരുന്നു. എനിക്ക്‌ ഏകദേശം 12 വയസ്സുള്ളപ്പോൾ, എന്നെ സത്യവിശ്വാസത്തിലേക്കു നയിക്കണമേയെന്ന്‌ ഞാൻ ദൈവത്തോടു പ്രാർഥിച്ചിരുന്നു. എന്റെ അധ്യാപകരിലൊരാൾ എന്നെ ഒരു മതപഠന ക്ലാസ്സിൽ ചേർത്തു, ഞാൻ ഒരു കത്തോലിക്ക ഭക്തൻ ആയിത്തീരുകയും ചെയ്‌തു. ശനിയാഴ്‌ചകളിലെ കുമ്പസാരവും ഞായറാഴ്‌ചകളിലെ കുർബാനയും ഞാൻ ഒരിക്കലും മുടക്കിയില്ല. എന്നിരുന്നാലും സന്ദേഹവും അസംതൃപ്‌തിയും എന്നിൽ വേരെടുക്കാൻ തുടങ്ങി. മരണത്തിങ്കൽ ആളുകൾക്ക്‌ എന്തു സംഭവിക്കുന്നു, നരകാഗ്നി, ത്രിത്വം തുടങ്ങിയ വിഷയങ്ങൾ എന്നെ ആശയക്കുഴപ്പത്തിലാക്കി. മതനേതാക്കൾ നൽകിയ ഉത്തരങ്ങൾ അർഥശൂന്യവും അതൃപ്‌തികരവും ആയിരുന്നു.

തൃപ്‌തികരമായ ഉത്തരങ്ങൾ ലഭിക്കുന്നു

കോളേജിൽ പഠിക്കുമ്പോൾ ഞാൻ ഒരു സംഘടനയിൽ ചേർന്നു. അവരുമായുള്ള സഹവാസത്തിന്റെ ഫലമായി ഞാൻ അടിപിടി, ചൂതാട്ടം, പുകവലി, മറ്റ്‌ അധാർമിക പ്രവർത്തനങ്ങൾ എന്നിവയിൽ ചെന്നുപെട്ടു. ഒരു സന്ധ്യക്ക്‌ എന്റെ ഒരു സഹപാഠിയുടെ അമ്മയെ ഞാൻ കണ്ടുമുട്ടി. അവർ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഒരാളായിരുന്നു. എന്റെ മതാധ്യാപകരോടു ചോദിച്ച അതേ ചോദ്യങ്ങൾ ഈ സ്‌ത്രീയോടും ഞാൻ ചോദിച്ചു. അവർ ബൈബിളിൽനിന്ന്‌ എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകി. അവർ പറഞ്ഞതാണു സത്യമെന്ന്‌ എനിക്കു ബോധ്യമായി.

ഞാൻ ഒരു ബൈബിൾ വാങ്ങി യഹോവയുടെ സാക്ഷികളോടൊത്തു പഠിക്കാനാരംഭിച്ചു. പെട്ടെന്നുതന്നെ ഞാൻ സാക്ഷികളുടെ യോഗങ്ങളിലും സംബന്ധിച്ചുതുടങ്ങി. “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു”വെന്ന ബൈബിളിന്റെ ബുദ്ധിയുപദേശം പിൻപറ്റിക്കൊണ്ട്‌ എന്റെ അധാർമിക സുഹൃത്തുക്കളുമായുള്ള സഹവാസം ഞാൻ അവസാനിപ്പിച്ചു. (1 കൊരിന്ത്യർ 15:⁠33, NW) ഇത്‌, ബൈബിൾ പഠനത്തിൽ പുരോഗമിക്കാനും ഒടുവിൽ എന്നെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കാനും എന്നെ സഹായിച്ചു. 1951-ൽ സ്‌നാപനമേറ്റതിനുശേഷം കുറച്ചുകാലത്തേക്ക്‌ ഒരു മുഴുസമയ ശുശ്രൂഷകനായി (പയനിയർ) ഞാൻ സേവിച്ചു. 1953-ൽ ഞാൻ ഔറേയ മെൻഡോസ ക്രൂസിനെ വിവാഹം കഴിച്ചു. അവൾ എന്റെ ജീവിതപങ്കാളിയും ശുശ്രൂഷയിൽ വിശ്വസ്‌ത സഹപ്രവർത്തകയും ആയിത്തീർന്നു.

ഞങ്ങളുടെ പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കുന്നു

പയനിയർവേലയിൽ ഏർപ്പെടാൻ ഞങ്ങൾ ആത്മാർഥമായി ആഗ്രഹിച്ചിരുന്നു. എന്നാൽ കൂടുതൽ തികവോടെ യഹോവയെ സേവിക്കാനുള്ള ഞങ്ങളുടെ ആഗ്രഹം പെട്ടെന്നൊന്നും പൂവണിഞ്ഞില്ല. എന്നിരുന്നാലും അവസരങ്ങളുടെ വാതിൽ തുറന്നുതരാൻ യഹോവയോടു പ്രാർഥിക്കുന്നതിൽ ഞങ്ങൾ തെല്ലും കുറവുവരുത്തിയില്ല. കഠിനമായ ജീവിതമായിരുന്നു ഞങ്ങളുടേത്‌. എന്നിരുന്നാലും ഞങ്ങൾ ആത്മീയ ലാക്കുകൾ മുറുകെപ്പിടിച്ചിരുന്നു. 25-ാം വയസ്സിൽ ഞാൻ സഭാദാസൻ​—⁠യഹോവയുടെ സാക്ഷികളുടെ സഭയിലെ അധ്യക്ഷ മേൽവിചാരകൻ​—⁠ആയി നിയമിതനായി.

ബൈബിൾ പരിജ്ഞാനത്തിൽ പുരോഗതി പ്രാപിക്കുകയും യഹോവയുടെ തത്ത്വങ്ങൾ സംബന്ധിച്ച്‌ മെച്ചപ്പെട്ട ഗ്രാഹ്യം സമ്പാദിക്കുകയും ചെയ്‌തപ്പോൾ, എന്റെ ജോലി ഒരു നിഷ്‌പക്ഷ ക്രിസ്‌ത്യാനിയെന്ന നിലയിലുള്ള എന്റെ മനസ്സാക്ഷിപരമായ നിലപാടിനു വിരുദ്ധമാണെന്നു ഞാൻ മനസ്സിലാക്കി. (യെശയ്യാവു 2:⁠2-4) ജോലി രാജിവെക്കാൻ ഞാൻ തീരുമാനിച്ചു. ഇത്‌ ഞങ്ങളുടെ വിശ്വാസത്തിന്റെ ഒരു പരിശോധനയായിരുന്നു. ഞാൻ എന്റെ കുടുംബത്തിനുവേണ്ടി എങ്ങനെ കരുതും? വീണ്ടും ഞങ്ങൾ പ്രാർഥനയിൽ യഹോവയിലേക്കു തിരിഞ്ഞു. (സങ്കീർത്തനം 65:⁠2) ഞങ്ങളുടെ പ്രശ്‌നങ്ങളെയും ആകുലതകളെയും കുറിച്ച്‌ ഞങ്ങൾ അവനോടു പറഞ്ഞു. കൂടാതെ, ആവശ്യം അധികമുള്ളിടത്തു സേവിക്കാനുള്ള ഞങ്ങളുടെ ആഗ്രഹവും ഞങ്ങൾ പ്രകടിപ്പിച്ചു. (ഫിലിപ്പിയർ 4:⁠6, 7) ഞങ്ങളുടെ മുമ്പാകെ തുറക്കപ്പെടാൻപോകുന്ന വ്യത്യസ്‌ത അവസരങ്ങളെക്കുറിച്ച്‌ അപ്പോൾ ഞങ്ങൾക്കു സങ്കൽപ്പിക്കാൻപോലും കഴിഞ്ഞിരുന്നില്ല!

യാത്രയുടെ തുടക്കം

1965 ഏപ്രിലിൽ, ലാവോസിലെ വിയൻടിയാൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ അഗ്നിശമന സുരക്ഷാ മേൽവിചാരകനായി ഞാൻ ജോലി സ്വീകരിച്ചു. വിയൻടിയാൻ നഗരത്തിൽ 24 സാക്ഷികൾ ഉണ്ടായിരുന്നു. മിഷനറിമാരോടും ഏതാനും വരുന്ന പ്രാദേശിക സാക്ഷികളോടും ഒപ്പമുള്ള പ്രസംഗവേല ഞങ്ങൾ ആസ്വദിച്ചു. പിന്നീട്‌ എനിക്കു തായ്‌ലൻഡിലെ ഊഡോൺ റ്റാനീ വിമാനത്താവളത്തിലേക്കു സ്ഥലംമാറ്റം കിട്ടി. അവിടെ ഒരു സാക്ഷിപോലും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ കുടുംബം എല്ലാ പ്രതിവാര യോഗങ്ങളും നടത്തി. ഞങ്ങൾ വീടുതോറും പ്രസംഗിക്കുകയും മടക്കസന്ദർശനം നടത്തുകയും ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും ചെയ്‌തു.

തന്റെ ശിഷ്യന്മാർ ‘വളരെ ഫലം കായ്‌ക്കണം’ എന്ന യേശുവിന്റെ ഉദ്‌ബോധനം ഞങ്ങൾ ഓർമിച്ചു. (യോഹന്നാൻ 15:⁠8) അതുകൊണ്ട്‌ അവരുടെ മാതൃക പിൻപറ്റാനും സുവാർത്ത തുടർന്നു പ്രസംഗിക്കാനും ഞങ്ങൾ ദൃഢചിത്തരായിരുന്നു. പെട്ടെന്നുതന്നെ ഞങ്ങൾക്കു ഫലങ്ങൾ ലഭിക്കുകയും ചെയ്‌തു. തായ്‌ലൻഡുകാരിയായിരുന്ന ഒരു യുവതി സത്യം സ്വീകരിച്ച്‌ ഞങ്ങളുടെ ആത്മീയ സഹോദരിയായിത്തീർന്നു. വടക്കേ അമേരിക്കക്കാരായ രണ്ടുപേർ സത്യം സ്വീകരിക്കുകയും കാലാന്തരത്തിൽ ക്രിസ്‌തീയ മൂപ്പന്മാരായിത്തീരുകയും ചെയ്‌തു. വടക്കൻ തായ്‌ലൻഡിൽ ഞങ്ങൾ പത്തു വർഷത്തിലധികം സുവാർത്ത പ്രസംഗിച്ചു. ഊഡോൺ റ്റാനീയിൽ ഇപ്പോൾ ഒരു സഭയുണ്ടെന്നറിയുന്നതിൽ ഞങ്ങൾ അതിയായി സന്തോഷിക്കുന്നു. ഞങ്ങൾ നട്ട സത്യത്തിന്റെ വിത്തുകളിൽ ചിലത്‌ ഇപ്പോഴും ഫലം കായ്‌ച്ചുകൊണ്ടിരിക്കുന്നു.

എന്നാൽ സങ്കടകരമെന്നു പറയട്ടെ, ഞങ്ങൾക്കു വീണ്ടും സ്ഥലംമാറ്റമായി. പ്രസംഗവേലയിൽ ഒരു പങ്കുണ്ടായിരിക്കാൻ സഹായിക്കണമേയെന്ന്‌ ഞങ്ങൾ “കൊയ്‌ത്തിന്റെ യജമാനനോടു” പ്രാർഥിച്ചു. (മത്തായി 9:⁠38) ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലേക്കാണു ഞങ്ങളെ മാറ്റിയത്‌. ഷായുടെ ഭരണകാലത്തായിരുന്നു ഇത്‌.

വെല്ലുവിളിനിറഞ്ഞ പ്രദേശങ്ങളിൽ പ്രസംഗിക്കുന്നു

ടെഹ്‌റാനിലെത്തിയ ഉടനെ ഞങ്ങൾ ആത്മീയ സഹോദരങ്ങളെ കണ്ടെത്തി. 13 ദേശങ്ങളിൽനിന്നുള്ള ആളുകളടങ്ങിയ ഒരു ചെറിയ കൂട്ടം സാക്ഷികളുമായി ഞങ്ങൾ സഹവസിച്ചു. ഇറാനിൽ സുവാർത്ത പ്രസംഗിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യേണ്ടതുണ്ടായിരുന്നു. കടുത്ത എതിർപ്പൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഞങ്ങൾ ജാഗ്രത പുലർത്തണമായിരുന്നു.

താത്‌പര്യക്കാരുടെ ജോലിസമയത്തിനനുസരിച്ച്‌ അധ്യയനങ്ങൾ ക്രമീകരിക്കേണ്ടിയിരുന്നതിനാൽ ചിലപ്പോൾ അർധരാത്രിമുതൽ അതിരാവിലെവരെ ബൈബിളധ്യയനങ്ങൾ നടത്തേണ്ടിവന്നിട്ടുണ്ട്‌. എന്നിരുന്നാലും കഠിനാധ്വാനത്തിന്റെ ഫലം കാണുന്നത്‌ എത്ര സന്തോഷരമായിരുന്നു! ഫിലിപ്പീൻസിൽനിന്നും കൊറിയയിൽനിന്നും ഉള്ള ധാരാളം കുടുംബങ്ങൾ ക്രിസ്‌തീയ സത്യം സ്വീകരിക്കുകയും തങ്ങളെത്തന്നെ യഹോവയ്‌ക്കു സമർപ്പിക്കുകയും ചെയ്‌തു.

അടുത്ത നിയമനം ബംഗ്ലാദേശിലെ ധാക്കയിൽ ആയിരുന്നു. 1977 ഡിസംബറിൽ ഞങ്ങൾ അവിടെ എത്തിച്ചേർന്നു. പ്രസംഗപ്രവർത്തനം അത്രയെളുപ്പം നിർവഹിക്കാനാവാത്ത മറ്റൊരു സ്ഥലമായിരുന്നു ഇത്‌. എന്നിരുന്നാലും പ്രസംഗവേലയിൽ സജീവരായിരിക്കണമെന്ന കാര്യം ഞങ്ങൾ എല്ലായ്‌പോഴും മനസ്സിൽപ്പിടിച്ചു. യഹോവയുടെ ആത്മാവിന്റെ മാർഗനിർദേശത്തിൻകീഴിൽ, ധാരാളം ക്രൈസ്‌തവ കുടുംബങ്ങളെ കണ്ടെത്താൻ ഞങ്ങൾക്കു കഴിഞ്ഞു. അവരിൽ ചിലർ, തിരുവെഴുത്തുകളിൽ മാത്രം കണ്ടെത്താൻ കഴിയുന്ന സത്യത്തിന്റെ നവോന്മേഷപ്രദമായ ജലത്തിനുവേണ്ടി ദാഹിക്കുന്നവരായിരുന്നു. (യെശയ്യാവു 55:⁠1) തത്‌ഫലമായി ഞങ്ങൾ ധാരാളം ബൈബിളധ്യയനങ്ങൾ ആരംഭിച്ചു.

‘സകലമനുഷ്യരും രക്ഷപ്രാപിക്കണം’ എന്നതാണ്‌ ദൈവത്തിന്റെ ഉദ്ദേശ്യമെന്ന കാര്യം ഞങ്ങൾ മനസ്സിൽപ്പിടിച്ചിരുന്നു. (1 തിമൊഥെയൊസ്‌ 2:⁠4) സന്തോഷകരമെന്നു പറയട്ടെ, ആരും ഞങ്ങൾക്കു പ്രശ്‌നമൊന്നും സൃഷ്ടിച്ചില്ല. ഏതു തരത്തിലുമുള്ള മുൻവിധി ഒഴിവാക്കുന്നതിന്‌ വളരെ സൗഹൃദപരമായ ഒരു സമീപനമാണു ഞങ്ങൾ എല്ലായ്‌പോഴും ഉപയോഗിച്ചിരുന്നത്‌. അപ്പൊസ്‌തലനായ പൗലൊസിനെപ്പോലെ “എല്ലാവർക്കും എല്ലാമായി”ത്തീരാൻ ഞങ്ങൾ ശ്രമിച്ചു. (1 കൊരിന്ത്യർ 9:⁠22) ഞങ്ങളുടെ സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു ചോദിക്കുന്നവർക്ക്‌ ഞങ്ങൾ ശാന്തമായി കാര്യങ്ങൾ വിശദീകരിച്ചുകൊടുക്കുമായിരുന്നു. മിക്ക ആളുകളും സൗഹൃദമനസ്‌കരായിരുന്നു.

ധാക്കയിൽ ഒരു പ്രാദേശിക സാക്ഷിയെ ഞങ്ങൾ കണ്ടെത്തി. യോഗങ്ങൾക്കു ഞങ്ങളോടൊപ്പം ചേരാനും പ്രസംഗവേലയിൽ പങ്കെടുക്കാനും ഞങ്ങൾ അവളെ പ്രോത്സാഹിപ്പിച്ചു. എന്റെ ഭാര്യ, ഒരു കുടുംബത്തോടൊപ്പം ബൈബിൾ പഠിക്കുകയും അവരെ യോഗങ്ങൾക്കു ക്ഷണിക്കുകയും ചെയ്‌തു. യഹോവയുടെ സ്‌നേഹദയയാൽ മുഴുകുടുംബവും സത്യം സ്വീകരിച്ചു. പിന്നീട്‌ അവരുടെ രണ്ടു മക്കൾ, ബംഗാളിയിലേക്കു ബൈബിൾ സാഹിത്യം പരിഭാഷപ്പെടുത്താൻ സഹായിച്ചു, അവരുടെ പല ബന്ധുക്കളും യഹോവയെ അറിയാനിടയായി. മറ്റു പല ബൈബിൾ വിദ്യാർഥികളും സത്യം സ്വീകരിച്ചു. അവരിൽ മിക്കവരും ഇപ്പോൾ മൂപ്പന്മാരോ പയനിയർമാരോ ആയി സേവിക്കുന്നു.

ധാക്ക ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു നഗരമായതിനാൽ, പ്രസംഗവേലയിൽ സഹായിക്കാൻ ഞങ്ങളുടെ ചില കുടുംബാംഗങ്ങളെയും ഞങ്ങൾ അവിടേക്കു ക്ഷണിച്ചു. പലരും അനുകൂലമായി പ്രതികരിക്കുകയും ബംഗ്ലാദേശിൽ ഞങ്ങളോടൊപ്പം ചേരുകയും ചെയ്‌തു. ആ രാജ്യത്ത്‌ സുവാർത്ത പ്രസംഗിക്കുന്നതിൽ ഒരു പങ്കുണ്ടായിരിക്കാൻ അവസരം ലഭിച്ചതിൽ ഞങ്ങൾ എത്ര സന്തുഷ്ടരാണെന്നോ! അതിനു യഹോവയ്‌ക്കു ഞങ്ങൾ നന്ദി കരേറ്റുന്നു. ആരംഭത്തിൽ ഒരാൾ മാത്രമുണ്ടായിരുന്ന ബംഗ്ലാദേശിൽ ഇപ്പോൾ രണ്ടു സഭകളുണ്ട്‌.

1982 ജൂലൈയിൽ ഞങ്ങൾക്ക്‌ ബംഗ്ലാദേശിൽനിന്നു പോകേണ്ടിവന്നു. നിറകണ്ണുകളോടെയാണ്‌ ഞങ്ങൾ സഹോദരങ്ങളോടു യാത്രപറഞ്ഞത്‌. അധികം കഴിയുന്നതിനുമുമ്പുതന്നെ ഉഗാണ്ടയിലെ എൻറ്റെബെ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എനിക്കു ജോലി കിട്ടി. അവിടെ ഞങ്ങൾ നാലു വർഷവും ഏഴു മാസവും താമസിച്ചു. ഈ ദേശത്ത്‌ യഹോവയുടെ മഹത്തായ നാമത്തിനു സ്‌തുതി കരേറ്റാൻ ഞങ്ങൾ എന്താണു ചെയ്‌തത്‌?

പൂർവാഫ്രിക്കയിൽ യഹോവയെ സേവിക്കുന്നു

എൻറ്റെബെ വിമാനത്താവളത്തിൽനിന്ന്‌ ഞങ്ങളെ താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകാൻ ഒരു ഡ്രൈവർ എത്തി. വിമാനത്താവളത്തിൽനിന്നു പുറപ്പെടുമ്പോൾ ഞാൻ അയാളോട്‌ ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. അയാൾ എന്നോടു ചോദിച്ചു: “താങ്കൾ യഹോവയുടെ സാക്ഷികളിലൊരാളാണോ?” അതേയെന്നു ഞാൻ പറഞ്ഞപ്പോൾ ഡ്രൈവർ പറഞ്ഞു: “നിങ്ങളുടെ സഹോദരന്മാരിലൊരാൾ കൺട്രോൾ ടവറിനടുത്തു താമസിക്കുന്നുണ്ട്‌.” ഞങ്ങളെ നേരേ അങ്ങോട്ടു കൊണ്ടുപോകാൻ ഞാൻ അയാളോടു പറഞ്ഞു. ഞങ്ങളെ കണ്ടപ്പോൾ സഹോദരനു വളരെ സന്തോഷമായി. ഞങ്ങൾ യോഗങ്ങൾക്കും വയൽസേവനത്തിനും വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്‌തു.

അക്കാലത്ത്‌ ഉഗാണ്ടയിൽ 228 രാജ്യപ്രസാധകരേ ഉണ്ടായിരുന്നുള്ളൂ. എൻറ്റെബെയിലെ രണ്ടു സഹോദരന്മാരുമൊത്ത്‌ ഞങ്ങൾ അവിടത്തെ ആദ്യവർഷം സത്യത്തിന്റെ വിത്തു നടുന്നതിൽ ചെലവഴിച്ചു. അവിടത്തെ ആളുകൾ വായനയിൽ തത്‌പരരാകയാൽ നൂറുകണക്കിന്‌ മാസികകൾ ഉൾപ്പെടെ ധാരാളം സാഹിത്യങ്ങൾ സമർപ്പിക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. എൻറ്റെബെ പ്രദേശത്ത്‌ വാരാന്തങ്ങളിലെ പ്രസംഗപ്രവർത്തനത്തിൽ സഹായിക്കാൻ തലസ്ഥാനമായ കംപാലയിൽനിന്നുള്ള സഹോദരങ്ങളെ ഞങ്ങൾ ക്ഷണിച്ചു. എന്റെ ആദ്യത്തെ പരസ്യപ്രസംഗത്തിന്റെ ഹാജർ, ഞാനുൾപ്പെടെ അഞ്ച്‌ ആയിരുന്നു.

അടുത്ത മൂന്നു വർഷത്തിനുള്ളിൽ, ഞങ്ങൾ പഠിപ്പിച്ച ആളുകൾ അനുകൂലമായി പ്രതികരിക്കുകയും ദ്രുതഗതിയിൽ പുരോഗതി വരുത്തുകയും ചെയ്‌തു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ സമയങ്ങളിലൊന്നായിരുന്നു അത്‌. (3 യോഹന്നാൻ 4) ഒരു സർക്കിട്ട്‌ സമ്മേളനത്തിൽവെച്ച്‌ ഞങ്ങളുടെ ആറ്‌ ബൈബിൾ വിദ്യാർഥികൾ സ്‌നാപനമേറ്റു. അവരിൽ പലരും മുഴുസമയസേവനം ഏറ്റെടുക്കാൻ പ്രോത്സാഹിതരായി. മുഴുസമയ ലൗകിക ജോലി ഉണ്ടെങ്കിലും ഞങ്ങൾ പയനിയറിങ്‌ ചെയ്യുന്നതു കണ്ടതാണ്‌ അവർക്കു പ്രചോദനമായതെന്ന്‌ അവർ പറഞ്ഞു.

ഞങ്ങളുടെ ജോലിസ്ഥലവും നല്ല ഫലം കിട്ടാൻ സാധ്യതയുള്ള പ്രദേശമാണെന്ന്‌ ഞങ്ങൾ തിരിച്ചറിഞ്ഞു. ഒരവസരത്തിൽ, ഞാൻ വിമാനത്താവളത്തിലെ അഗ്നിശമന വിഭാഗത്തിലെ ഒരു ഓഫീസറെ സമീപിച്ച്‌ പറുദീസാഭൂമിയിലെ ജീവിതത്തെക്കുറിച്ചുള്ള ബൈബിളധിഷ്‌ഠിത പ്രത്യാശ പങ്കുവെച്ചു. രോഗമോ മരണമോ യുദ്ധമോ ഭവനദൗർലഭ്യമോ ദാരിദ്ര്യമോ ഇല്ലാത്ത അവസ്ഥയിൽ അനുസരണമുള്ള മനുഷ്യവർഗം സമാധാനത്തിലും ഐക്യത്തിലും ജീവിക്കുമെന്ന്‌ അദ്ദേഹത്തിന്റെ സ്വന്തം ബൈബിളിൽനിന്നു ഞാൻ കാണിച്ചുകൊടുത്തു. (സങ്കീർത്തനം 46:⁠9; യെശയ്യാവു 33:⁠24; 65:⁠21, 22; വെളിപ്പാടു 21:⁠3-5) സ്വന്തം ബൈബിളിൽനിന്ന്‌ ഈ സംഗതികൾ വായിച്ചപ്പോൾ അദ്ദേഹത്തിന്റെ താത്‌പര്യം ഉണർന്നു. അപ്പോൾത്തന്നെ ഒരു ബൈബിളധ്യയനം ആരംഭിച്ചു. അദ്ദേഹം എല്ലാ യോഗങ്ങളിലും സംബന്ധിക്കാൻ തുടങ്ങി. പെട്ടെന്നുതന്നെ സമർപ്പിച്ച്‌ സ്‌നാപനമേറ്റ അദ്ദേഹം പിന്നീട്‌ മുഴുസമയ സേവനത്തിൽ ഞങ്ങളോടൊപ്പം ചേർന്നു.

ഞങ്ങൾ ഉഗാണ്ടയിലായിരുന്നപ്പോൾ രണ്ടു പ്രാവശ്യം അവിടെ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടു. പക്ഷേ, അത്‌ ഞങ്ങളുടെ ആത്മീയ പ്രവർത്തനങ്ങൾ നിറുത്താനിടയാക്കിയില്ല. അന്താരാഷ്‌ട്ര സംഘടനകൾക്കുവേണ്ടി പ്രവർത്തിക്കുന്നവരുടെ കുടുംബാംഗങ്ങളെ ആറുമാസത്തേക്ക്‌ നയ്‌റോബി, കെനിയ എന്നിവിടങ്ങളിലേക്കു മാറ്റി. ഉഗാണ്ടയിൽ അവശേഷിച്ച ഞങ്ങൾ, ക്രിസ്‌തീയ യോഗങ്ങളും പ്രസംഗപ്രവർത്തനവും തുടർന്നു. എന്നാൽ ഞങ്ങൾ വിവേകശാലികളും ജാഗ്രതയുള്ളവരും ആയിരിക്കേണ്ടിയിരുന്നു.

1988 ഏപ്രിലിൽ എന്റെ ജോലി നിയമനം അവസാനിച്ചതോടെ, ഞങ്ങൾ വീണ്ടും യാത്രയായി. എൻറ്റെബെ സഭയ്‌ക്കുണ്ടായ ആത്മീയ പുരോഗതി കാണാൻ കഴിഞ്ഞതിലുള്ള ആഴമായ സംതൃപ്‌തിയോടെയാണ്‌ ഞങ്ങൾ അവിടെനിന്നു പോയത്‌. 1997 ജൂലൈയിൽ വീണ്ടും എൻറ്റെബെ സന്ദർശിക്കാൻ ഞങ്ങൾക്ക്‌ അവസരം ലഭിച്ചു. അപ്പോഴേക്കും ഞങ്ങളുടെ പഴയ നാലു ബൈബിൾ വിദ്യാർഥികൾ മൂപ്പന്മാരായി സേവിക്കാൻ തുടങ്ങിയിരുന്നു. പരസ്യയോഗത്തിന്‌ 106 പേർ ഹാജരായിരിക്കുന്നതു കണ്ടപ്പോൾ ഞങ്ങൾ കോരിത്തരിച്ചുപോയി!

ഒരിക്കലും പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളിലേക്ക്‌

അവസരത്തിന്റെ പുതിയ വാതിലുകളിലൂടെ കടക്കാൻ ഞങ്ങൾക്കു കഴിയുമോ? തീർച്ചയായും. ഞങ്ങളുടെ അടുത്ത നിയമനം സൊമാലിയയിലെ മൊഗാദിഷു അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ആയിരുന്നു. ഈ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട്‌ രാജ്യദൂത്‌ അതുവരെ എത്തിച്ചേർന്നിട്ടില്ലാത്ത ആ പ്രദേശത്തു പ്രവർത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചു.

ഞങ്ങളുടെ പ്രസംഗപ്രവർത്തനം പ്രധാനമായും സ്ഥാനപതി കാര്യാലയത്തിലെ ജീവനക്കാർ, ഫിലിപ്പീൻസുകാരായ ജോലിക്കാർ, മറ്റു വിദേശികൾ എന്നിവരുടെയിടയിൽ ഒതുങ്ങിനിന്നു. മിക്കപ്പോഴും ഞങ്ങൾ അവരെ കണ്ടുമുട്ടിയിരുന്നത്‌ വ്യാപാരസ്ഥലത്തായിരുന്നു, അവരുടെ വീടുകളിലും ഞങ്ങൾ സൗഹൃദ സന്ദർശനം നടത്തി. നിപുണത, വൈദഗ്‌ധ്യം, വിവേകം എന്നീ ഗുണങ്ങളോടൊപ്പം യഹോവയിലുള്ള സമ്പൂർണമായ ആശ്രയവും കൂടി ചേർന്നപ്പോൾ മറ്റുള്ളവരുമായി ബൈബിൾ സത്യം പങ്കുവെക്കാൻ ഞങ്ങൾക്കു സാധിച്ചു. വ്യത്യസ്‌ത രാജ്യക്കാരായ ആളുകൾക്കിടയിൽ സത്യം ഫലംകായ്‌ക്കാൻ ഇത്‌ ഇടയാക്കി. രണ്ടുവർഷത്തിനുശേഷം, യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പ്‌ ഞങ്ങൾ അവിടംവിട്ടു പോയി.

അന്താരാഷ്‌ട്ര സിവിൽ വ്യോമയാന സംഘടന അടുത്തതായി എന്നെ നിയോഗിച്ചത്‌ മ്യാൻമാറിലെ യങ്‌ഗോണിലേക്കാണ്‌. ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെപ്പറ്റി അറിയാൻ ആത്മാർഥഹൃദയരായ ആളുകളെ സഹായിക്കാനുള്ള നല്ലൊരു അവസരം ഞങ്ങൾക്ക്‌ തുറന്നുകിട്ടി. മ്യാൻമാറിൽനിന്ന്‌ ടാൻസാനിയയിലെ ഡാർ എസ്‌ സലാമിലേക്കാണ്‌ ഞങ്ങൾ പോയത്‌. അവിടെ ഇംഗ്ലീഷ്‌ സംസാരിക്കുന്ന ആളുകൾ ഉണ്ടായിരുന്നതിനാൽ വീടുതോറുമുള്ള പ്രസംഗം വളരെ എളുപ്പമായിരുന്നു.

ഞങ്ങൾ ജോലിചെയ്‌തിട്ടുള്ള എല്ലാ രാജ്യങ്ങളിലുംതന്നെ യഹോവയുടെ സാക്ഷികളുടെ വേല നിരോധിച്ചിരിക്കുകയായിരുന്നു. എങ്കിലും ശുശ്രൂഷയിൽ അധികം പ്രശ്‌നങ്ങളൊന്നും ഞങ്ങൾക്കു നേരിടേണ്ടിവന്നില്ല. എന്റേത്‌, ഗവൺമെന്റുമായും അന്താരാഷ്‌ട്ര ഏജൻസികളുമായും ബന്ധമുള്ള ജോലിയായിരുന്നതുകൊണ്ട്‌ ആളുകൾ ഞങ്ങളുടെ പ്രവർത്തനങ്ങളെ ചോദ്യംചെയ്‌തതേയില്ല.

എന്റെ ലൗകികജോലി, ഞാനും ഭാര്യയും മൂന്നു ദശകത്തോളം സ്ഥിരവാസമില്ലാതെ യാത്രചെയ്യാൻ കാരണമായി. എന്നിരുന്നാലും ഞങ്ങളെ സംബന്ധിച്ചിടത്തോളം ജോലി ലക്ഷ്യത്തിലെത്തിച്ചേരാനുള്ള മാർഗം മാത്രമായിരുന്നു. രാജ്യതാത്‌പര്യങ്ങൾ ഉന്നമിപ്പിക്കുക എന്നതായിരുന്നു എല്ലായ്‌പോഴും ഞങ്ങളുടെ പ്രധാന ലക്ഷ്യം. മാറിമാറിവന്ന ഞങ്ങളുടെ സാഹചര്യങ്ങൾ നന്നായി ഉപയോഗപ്പെടുത്തുന്നതിനു സഹായിച്ചതിനും സുവാർത്ത വിദൂര ദേശങ്ങളിൽ പ്രചരിപ്പിക്കുന്നതിനുള്ള അത്ഭുതകരമായ പദവി നൽകിയതിനും ഞങ്ങൾ യഹോവയ്‌ക്കു നന്ദിപറയുന്നു.

തിരികെ വരുന്നു

58 വയസ്സായപ്പോൾ, നേരത്തേതന്നെ ജോലിയിൽനിന്നു വിരമിക്കാനും ഫിലിപ്പീൻസിലേക്കു മടങ്ങിപ്പോകാനും ഞാൻ തീരുമാനിച്ചു. തിരികെയെത്തിയപ്പോൾ, ഞങ്ങളുടെ കാലടികളെ നയിക്കാൻ ഞങ്ങൾ യഹോവയോട്‌ അപേക്ഷിച്ചു. ഞങ്ങൾ കാവിറ്റി പ്രവിശ്യയിലെ ട്രേസേ മാർറ്റീറാസ്‌ സഭയോടു ചേർന്നു പ്രവർത്തനം ആരംഭിച്ചു. ഞങ്ങൾ എത്തിച്ചേരുമ്പോൾ അവിടെ 19 പ്രസാധകർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എല്ലാ ദിവസവും പ്രസംഗപ്രവർത്തനത്തിനുള്ള ക്രമീകരണം ചെയ്‌തിരുന്നു, നിരവധി ബൈബിളധ്യയനങ്ങൾ ആരംഭിക്കുകയും ചെയ്‌തു. സഭയിൽ ആളുകളുടെ എണ്ണം വർധിച്ചു. ഒരുസമയത്ത്‌ എന്റെ ഭാര്യ 19 ബൈബിളധ്യയനങ്ങൾ എടുത്തിരുന്നു, ഞാൻ 14-ഉം.

പെട്ടെന്നുതന്നെ രാജ്യഹാളിൽ ഇടം തികയാതെയായി. ഇതേപ്പറ്റി ഞങ്ങൾ യഹോവയോടു പ്രാർഥിച്ചു. ഒരു സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും രാജ്യഹാളിനുവേണ്ടി സ്ഥലം സംഭാവനചെയ്യാൻ തീരുമാനിച്ചു, പുതിയ ഹാൾ പണിയുന്നതിന്‌ ബ്രാഞ്ച്‌ ഓഫീസ്‌ ഒരു വായ്‌പ അനുവദിക്കുകയും ചെയ്‌തു. പുതിയ രാജ്യഹാളിന്‌ പ്രസംഗപ്രവർത്തനത്തിന്മേൽ വലിയ പ്രഭാവം ഉണ്ടായി. വാരംതോറും ഹാജർ വർധിച്ചുകൊണ്ടിരുന്നു. ഇപ്പോൾ ഞങ്ങൾ, അങ്ങോട്ടുമിങ്ങോട്ടുംകൂടെ രണ്ടു മണിക്കൂറിലധികം യാത്രചെയ്‌ത്‌ 17 പ്രസാധകരുള്ള മറ്റൊരു സഭയെ സഹായിക്കുന്നു.

ഇത്രയധികം രാജ്യങ്ങളിൽ സേവിക്കുന്നതിന്‌ ലഭിച്ച പദവിയെ ഞാനും ഭാര്യയും അത്യധികം വിലമതിക്കുന്നു. തുടരെത്തുടരെയുള്ള യാത്രകൾ നിറഞ്ഞ ഞങ്ങളുടെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ഞങ്ങൾക്ക്‌ അതിയായ സംതൃപ്‌തി തോന്നുന്നു, എന്തുകൊണ്ടെന്നാൽ സാധ്യമായതിൽവെച്ച്‌ ഏറ്റവും പ്രയോജനകരമായ വിധത്തിലാണ്‌ അത്‌ ഉപയോഗിക്കപ്പെട്ടത്‌. അതേ, യഹോവയെക്കുറിച്ച്‌ അറിയാൻ മറ്റുള്ളവരെ സഹായിക്കുന്നതിന്‌.

[24, 25 പേജുകളിലെ ഭൂപടം]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

ടാൻസാനിയ

ഉഗാണ്ട

സൊമാലിയ

ഇറാൻ

ബംഗ്ലാദേശ്‌

മ്യാൻമാർ

ലാവോസ്‌

തായ്‌ലൻഡ്‌

ഫിലിപ്പീൻസ്‌

[23-ാം പേജിലെ ചിത്രം]

എന്റെ ഭാര്യ ഔറേയയുമൊത്ത്‌