സത്‌പെരുമാറ്റം ‘ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിക്കുന്നു’
സത്‌പെരുമാറ്റം ‘ദൈവത്തിന്റെ ഉപദേശത്തെ അലങ്കരിക്കുന്നു’
റഷ്യയിലെ ക്രാസ്‌നൊയാർസ്‌കിൽ താമസിക്കുന്ന മാരിയാ എന്ന പെൺകുട്ടി നല്ല ഒരു പാട്ടുകാരിയാണ്. ക്ലാസ്‌ടീച്ചർ അവളെ സ്‌കൂളിലെ ഗായകസംഘത്തിൽ ചേർത്തു. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവൾ ടീച്ചർമാരിൽ ഒരാളെ സമീപിച്ച് ചില പാട്ടുകൾ പാടാൻ തനിക്കാവില്ലെന്ന് ആദരപൂർവം അറിയിച്ചു. എന്തായിരുന്നു കാരണം? മതവുമായി ബന്ധമുള്ള ഗീതങ്ങൾ പാടുന്നത് അവളുടെ ബൈബിളധിഷ്‌ഠിത വിശ്വാസങ്ങൾക്കു വിരുദ്ധമായിരുന്നു. എന്നാൽ അതു ടീച്ചറെ ആശ്ചര്യപ്പെടുത്തി. ‘ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന ഒരു പാട്ടു പാടുന്നതിൽ എന്താണിത്ര തെറ്റ്’ എന്നായിരുന്നു അവരുടെ ചിന്ത.
ഒരു ത്രിത്വ ദൈവത്തെ പ്രകീർത്തിക്കുന്ന ഗീതം പാടാൻ താൻ വിസമ്മതിക്കുന്നത് എന്തുകൊണ്ടാണെന്ന് മാരിയാ വിശദീകരിച്ചു. ദൈവവും യേശുക്രിസ്‌തുവും ഒന്നല്ലെന്നും പരിശുദ്ധാത്മാവ് ദൈവത്തിന്റെ പ്രവർത്തനനിരത ശക്തിയാണെന്നും അവൾ ബൈബിളിൽനിന്നു കാണിച്ചുകൊടുത്തു. (മത്തായി 26:39; യോഹന്നാൻ 14:28; പ്രവൃത്തികൾ 4:31) “ടീച്ചറുമായുള്ള എന്റെ ബന്ധത്തിനു യാതൊരു കോട്ടവും തട്ടിയില്ല. പൊതുവെ വളരെ നല്ല ടീച്ചർമാരാണ് ഞങ്ങൾക്കുള്ളത്. ഞങ്ങൾ സത്യസന്ധരായിരിക്കാൻ അവർ ആഗ്രഹിക്കുന്നു,” മാരിയാ പറയുന്നു.
മാരിയായുടെ നിലപാട്, ആ അധ്യയനവർഷം മുഴുവൻ അവൾക്കു ടീച്ചർമാരുടെയും സഹപാഠികളുടെയും ആദരവു നേടിക്കൊടുത്തു. അവൾ പറയുന്നു: “ബൈബിൾ തത്ത്വങ്ങൾ എന്റെ ജീവിതത്തിൽ ഒരു സഹായമാണ്. അധ്യയനവർഷത്തിന്റെ ഒടുവിൽ, സത്യസന്ധതയ്‌ക്കും അച്ചടക്കത്തിനും എനിക്ക് അവാർഡ് ലഭിച്ചു. കൂടാതെ, മകളെ നന്നായി വളർത്തിക്കൊണ്ടുവന്നതിലുള്ള കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് സ്‌കൂളിൽനിന്ന് ഒരു ഔദ്യോഗിക കത്ത് എന്റെ മാതാപിതാക്കൾക്കു ലഭിക്കുകയും ചെയ്‌തു.”
2001 ആഗസ്റ്റ് 18-നായിരുന്നു മാരിയാ സ്‌നാപനമേറ്റത്. “ഇത്ര നല്ലവനായ യഹോവയാം ദൈവത്തെ സേവിക്കാൻ കഴിയുന്നതിൽ ഞാൻ സന്തുഷ്ടയാണ്,” അവൾ പറയുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള യുവപ്രായക്കാരായ യഹോവയുടെ സാക്ഷികൾ, ‘നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ഉപദേശത്തെ സകലത്തിലും അലങ്കരിക്കുക’ എന്ന തീത്തൊസ് 2:9-ലെ വാക്കുകൾക്കു ചേർച്ചയിൽ ജീവിതം നയിക്കുന്നു.
[32-ാം പേജിലെ ചിത്രം]
സ്‌നാപനത്തിനുശേഷം മാരിയാ മാതാപിതാക്കളുമൊത്ത്
[32-ാം പേജിലെ ചിത്രം]
സ്‌കൂളിൽനിന്നുള്ള കത്തും യോഗ്യതാ സർട്ടിഫിക്കറ്റും