സമാധാനം സ്ഥാപിക്കുന്നതിന്റെ പ്രയോജനങ്ങൾ
സമാധാനം സ്ഥാപിക്കുന്നതിന്റെ പ്രയോജനങ്ങൾ
മരിച്ചുകൊണ്ടിരുന്ന എഡ്വേർഡിനോടു ബില്ലിനു വെറുപ്പായിരുന്നു. 20 വർഷംമുമ്പ് എഡ്വേർഡ് കൈക്കൊണ്ട ഒരു തീരുമാനം ബില്ലിനു ജോലി നഷ്ടമാകാൻ ഇടയാക്കിയിരുന്നു. അതോടെ, ആ ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദം തകർന്നുപോയി. എന്നാൽ സമാധാനത്തോടെ മരിക്കാൻ ആഗ്രഹിച്ച എഡ്വേർഡ് ബില്ലിനോടു ക്ഷമ ചോദിക്കാൻ ശ്രമിച്ചു. പക്ഷേ, അതു ശ്രദ്ധിക്കാൻ ബില്ലിനു മനസ്സില്ലായിരുന്നു.
ഏതാണ്ട് 30 വർഷത്തിനുശേഷം മരണശയ്യയിലായിരിക്കെ, എഡ്വേർഡിനോടു താൻ ക്ഷമിക്കാതിരുന്നത് എന്തുകൊണ്ടായിരുന്നെന്ന് ബിൽ വിശദീകരിച്ചു. “ഒരു ഉറ്റ സുഹൃത്തിനോട് ഒരിക്കലും ചെയ്യരുതാത്ത കാര്യമാണ് എഡ്വേർഡ് എന്നോടു ചെയ്‌തത്. 20 വർഷത്തിനുശേഷം അതു പറഞ്ഞുതീർക്കാൻ ഞാനും ആഗ്രഹിച്ചില്ല. . . . ഞാൻ ചെയ്‌തതു തെറ്റായിരിക്കാം. എന്നാൽ അങ്ങനെ ചെയ്യാനാണ് എനിക്കു തോന്നിയത്.” *
വ്യക്തികൾക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ എല്ലായ്‌പോഴും ഇത്രയ്‌ക്കും ശോകാർദ്രമായ ഒരു വിധത്തിൽ പര്യവസാനിക്കുന്നില്ല. എന്നിരുന്നാലും അവ മിക്കപ്പോഴും ആളുകളെ മുറിപ്പെടുത്തുകയും ശത്രുക്കളാക്കിത്തീർക്കുകയും ചെയ്യുന്നു. എഡ്വേർഡിന്റെ സ്ഥാനത്തുള്ള ഒരാളെക്കുറിച്ചു ചിന്തിക്കുക. തന്റെ തീരുമാനം കൂട്ടുകാരനു ദോഷം വരുത്തിവെച്ചതായി തിരിച്ചറിയുമ്പോൾ കുറ്റബോധവും നഷ്ടബോധവും ജീവിതകാലം മുഴുവൻ ആ വ്യക്തിയെ വേട്ടയാടിയേക്കാം. അതോടൊപ്പം, തന്റെ
കൂട്ടുകാരൻ തങ്ങളുടെ സൗഹൃദത്തെ വെറും പുല്ലുപോലെ വലിച്ചെറിഞ്ഞല്ലോയെന്ന ചിന്ത അദ്ദേഹത്തെ നൊമ്പരപ്പെടുത്തും.എന്നാൽ ബില്ലിന്റെ സ്ഥാനത്തായിരിക്കുന്ന ഒരു വ്യക്തി, യാതൊരു ദ്രോഹവും ചെയ്യാത്ത തന്നോടു കൂട്ടുകാരൻ ഇങ്ങനെ പ്രവർത്തിച്ചല്ലോയെന്നു ചിന്തിച്ച് വേദനിക്കുകയും നീരസപ്പെടുകയും ചെയ്‌തേക്കാം. തന്റെ മുൻകാല സുഹൃത്ത് മനഃപൂർവം തന്നെ ദ്രോഹിക്കുകയായിരുന്നു എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. രണ്ടു വ്യക്തികൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉടലെടുക്കുമ്പോൾ പലപ്പോഴും, തന്റെ പക്ഷം ശരിയാണെന്നും കുറ്റം മുഴുവൻ മറ്റെയാളുടേതാണെന്നും ഇരുവരും അടിയുറച്ചു വിശ്വസിക്കുന്നു. അങ്ങനെ, മുമ്പു സുഹൃത്തുക്കളായിരുന്ന രണ്ടുപേർ പരസ്‌പരം ഏറ്റുമുട്ടൽ ആരംഭിക്കുന്നു.
ഈ ഏറ്റുമുട്ടൽ വളരെ നിശ്ശബ്ദമായിരിക്കും. ഒരാൾ എതിരേ വരുമ്പോൾ മറ്റെയാൾ മുഖംതിരിച്ചുകളയും, കൂടിവരവുകളുടെ സമയത്ത് ഇവർ പരസ്‌പരം കണ്ടില്ലെന്നു നടിക്കും. ചിലപ്പോൾ ദൂരെ നിന്നുകൊണ്ട് ഒളികണ്ണിട്ടുനോക്കും. കണ്ണുകളിടഞ്ഞാലോ? വിരോധവും വെറുപ്പും കലർന്ന ഒരു നോട്ടം കൈമാറും. എന്തെങ്കിലും സംസാരിച്ചാൽത്തന്നെ, കുത്തുവാക്കുകളോ മുറിപ്പെടുത്തുന്ന പരിഹാസശരങ്ങളോ പരസ്‌പരം തൊടുത്തുവിടും.
കീരിയും പാമ്പും എന്നപോലെ കഴിയുമ്പോൾപ്പോലും ചില കാര്യങ്ങളിൽ അവർക്കിരുവർക്കും ഒരു മനസ്സ് ആയിരിക്കാം. തങ്ങൾ ഗുരുതരമായ ഒരു പ്രശ്‌നത്തിലാണെന്നും ഒരുറ്റ സുഹൃത്തുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് സങ്കടകരമാണെന്നും അവർ തിരിച്ചറിഞ്ഞേക്കാം. മനസ്സിനേറ്റ ഉണങ്ങാത്ത മുറിവിൽനിന്നുള്ള വേദന രണ്ടുപേരും അനുഭവിക്കുന്നുണ്ടാകും. അതു സുഖപ്പെടുത്താൻ എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും അവർക്കറിയാം. എന്നാൽ തകരാറിലായ ബന്ധം യഥാസ്ഥാനപ്പെടുത്താനും സമാധാനം സ്ഥാപിക്കാനും ആർ മുൻകൈ എടുക്കും? രണ്ടുപേരും വാശിയിലാണ്.
രണ്ടായിരം വർഷംമുമ്പു ജീവിച്ചിരുന്ന യേശുക്രിസ്‌തുവിന്റെ അപ്പൊസ്‌തലന്മാർ ഇടയ്‌ക്കൊക്കെ അന്യോന്യം കയർക്കുകയും തർക്കിക്കുകയും ചെയ്‌തിരുന്നു. (മർക്കൊസ് 10:35-41; ലൂക്കൊസ് 9:46; 22:24) അങ്ങനെയുള്ള ഒരു സംവാദത്തെത്തുടർന്ന് യേശു അവരോടു ചോദിച്ചു: “നിങ്ങൾ വഴിയിൽവെച്ചു തമ്മിൽ വാദിച്ചതു എന്ത്”? ലജ്ജിതരായ അവർക്ക് ഉത്തരം മുട്ടിപ്പോയി. (മർക്കൊസ് 9:33, 34) നല്ല ബന്ധം പുനഃസ്ഥാപിക്കാൻ യേശുവിന്റെ പഠിപ്പിക്കലുകൾ അവരെ സഹായിച്ചു. അവനും അവന്റെ ചില ശിഷ്യന്മാരും നൽകിയ ബുദ്ധിയുപദേശങ്ങൾ, തർക്കങ്ങൾ പരിഹരിക്കാനും താറുമാറായ സുഹൃദ്‌ബന്ധങ്ങൾ നേരെയാക്കാനും ആളുകളെ ഇന്നും സഹായിക്കുന്നു. അതെങ്ങനെയെന്നു നമുക്കു നോക്കാം.
സമാധാനം സ്ഥാപിക്കാൻ യത്‌നിക്കുക
“അവളോടു സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവളെ എനിക്കു കാണുകയേവേണ്ട.” ആരെയെങ്കിലുംകുറിച്ച് ഇതുപോലുള്ള വാക്കുകൾ നിങ്ങൾ പറഞ്ഞിട്ടുണ്ടെങ്കിൽ, പിൻവരുന്ന തിരുവെഴുത്തുഭാഗങ്ങൾ ചൂണ്ടിക്കാട്ടുന്നപ്രകാരം ഒരു പ്രത്യേക കാര്യം ചെയ്യാൻ നിങ്ങൾ ബാധ്യസ്ഥരാണ്.
യേശു ഇങ്ങനെ പഠിപ്പിച്ചു: “ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക.” (മത്തായി 5:23, 24) അവൻ ഇങ്ങനെയും പറഞ്ഞു: “നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുറ്റം അവന്നു ബോധം വരുത്തുക.” (മത്തായി 18:15) നിങ്ങൾ ആരെയെങ്കിലും മുറിപ്പെടുത്തുകയോ ആരെങ്കിലും നിങ്ങളെ മുറിപ്പെടുത്തുകയോ ചെയ്‌താൽ, നിങ്ങൾ മുൻകൈയെടുത്ത് അക്കാര്യം മറ്റേയാളുമായി എത്രയും പെട്ടെന്നു സംസാരിക്കേണ്ടത് ആവശ്യമാണെന്ന് യേശുവിന്റെ വാക്കുകൾ ഊന്നിപ്പറയുന്നു. അങ്ങനെ ചെയ്യുന്നത് “സൌമ്യതയുടെ ആത്മാവിൽ” ആയിരിക്കുകയും വേണം. (ഗലാത്യർ 6:1) ന്യായീകരണത്തിലൂടെ സ്വന്തം പ്രതിച്ഛായ സംരക്ഷിക്കുകയോ എതിരാളിയെക്കൊണ്ട് ക്ഷമ പറയിക്കുകയോ അല്ല, മറിച്ച് സമാധാനം സ്ഥാപിക്കുകയാണ് അത്തരം സംഭാഷണത്തിന്റെ ഉദ്ദേശ്യം. ബൈബിളിന്റെ ഈ ബുദ്ധിയുപദേശം നമ്മെ അതിനു സഹായിക്കുമോ?
ഒരു വലിയ ഓഫീസിലെ സൂപ്പർവൈസറാണ് ഏണസ്റ്റ്. * ജോലിയിലായിരിക്കെ അനേകം വർഷങ്ങൾ അദ്ദേഹത്തിനു പലതരത്തിലുള്ള ആളുകളുമായി ഇടപെടേണ്ടിവന്നിട്ടുണ്ട്. ജോലിയുടെ ഭാഗമെന്ന നിലയിൽ ഏണസ്റ്റിന്, ആളുകളുടെ വികാരങ്ങളെ മുറിപ്പെടുത്തിയേക്കാവുന്നതരം കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു, അതേസമയം അവരുമായി നല്ല തൊഴിൽ ബന്ധം നിലനിറുത്താനും അദ്ദേഹം ശ്രദ്ധിക്കേണ്ടിയിരുന്നു. വ്യക്തിപരമായ ഭിന്നതകൾ എത്ര എളുപ്പത്തിലാണ് വികാസം പ്രാപിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുന്നു. “മറ്റുള്ളവരുമായി ചിലപ്പോഴൊക്കെ എനിക്കു യോജിക്കാൻ കഴിയാതെ വന്നിട്ടുണ്ട്. എന്നാൽ അങ്ങനെ സംഭവിക്കുമ്പോൾ അവരോടൊപ്പം ഇരുന്ന് ഞാൻ പ്രശ്‌നം ചർച്ചചെയ്യും. സാധാരണഗതിയിൽ ഞാൻ നേരെ അവരുടെ അടുത്തേക്കു ചെല്ലും, സമാധാനം സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെ അവരോടു സംസാരിക്കും. അതൊരിക്കലും പരാജയപ്പെടാറില്ല,” അദ്ദേഹം പറയുന്നു.
വ്യത്യസ്‌ത സംസ്‌കാരങ്ങളിൽപ്പെട്ട സുഹൃത്തുക്കളുള്ള
ആലിസ്യാ ഇപ്രകാരം പറയുന്നു: “ഞാൻ പറയുന്ന കാര്യങ്ങൾ ആരെയെങ്കിലും മുറിപ്പെടുത്തിയതായി തോന്നിയാൽ ഞാൻ അവരെ സമീപിച്ച് ക്ഷമ ചോദിക്കും. ക്ഷമ ചോദിക്കേണ്ട ആവശ്യമില്ലാത്ത സന്ദർഭങ്ങളിലും ഞാൻ അങ്ങനെ ചെയ്‌തിട്ടുണ്ട്. അതിനു കാരണവുമുണ്ട്. ആരും മുറിപ്പെട്ടിട്ടില്ലെങ്കിൽപ്പോലും, ക്ഷമ ചോദിക്കുന്നത് എനിക്കു സംതൃപ്‌തി പകരുന്നു. ആർക്കും ഒരു തെറ്റിദ്ധാരണയും ഇല്ലെന്ന് അതെന്നെ ബോധ്യപ്പെടുത്തുന്നു.”തടസ്സങ്ങൾ മറികടക്കൽ
എന്നാൽ, വ്യക്തിപരമായ തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങൾക്കു മിക്കപ്പോഴും തടസ്സങ്ങളുമുണ്ട്. “സമാധാനം ഉണ്ടാക്കാൻ ഞാൻ എന്തിനു മുൻകൈ എടുക്കണം? അവനല്ലേ കുഴപ്പം ഉണ്ടാക്കിയത്” എന്നു നിങ്ങൾ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അല്ലെങ്കിൽ, ഒരു പ്രശ്‌നം പരിഹരിക്കാൻ ഒരാളെ സമീപിച്ചപ്പോൾ, “തന്നോട് എനിക്ക് ഒന്നും പറയാനില്ല” എന്ന വാക്കുകൾ നിങ്ങൾക്കു കേൾക്കേണ്ടി വന്നിട്ടുണ്ടോ? തങ്ങൾ അനുഭവിക്കുന്ന വൈകാരിക ക്ഷതം നിമിത്തമാണ് ചിലർ ആ രീതിയിൽ പ്രതികരിക്കുന്നത്. സദൃശവാക്യങ്ങൾ 18:19 ഇങ്ങനെ പറയുന്നു: “ദ്രോഹിക്കപ്പെട്ട സഹോദരൻ ഉറപ്പുള്ള പട്ടണത്തെക്കാൾ ദുർജ്ജയനാകുന്നു; അങ്ങനെയുള്ള പിണക്കം അരമനയുടെ ഓടാമ്പൽ പോലെ തന്നേ.” അതുകൊണ്ട് മറ്റേയാളുടെ വികാരങ്ങൾ കണക്കിലെടുക്കുക. അയാൾ നിങ്ങളെ കൂട്ടാക്കുന്നില്ലെങ്കിൽ അൽപ്പ സമയത്തിനുശേഷം വീണ്ടും ശ്രമിക്കുക. അപ്പോൾ, ‘ഉറപ്പുള്ള ആ പട്ടണം’ നിങ്ങൾക്കായി തുറക്കപ്പെട്ടേക്കാം. അനുരഞ്‌ജനത്തിനായി “അരമനയുടെ ഓടാമ്പൽ” എടുത്തുമാറ്റപ്പെടുകയും ചെയ്‌തേക്കാം.
വ്യക്തികളുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമായിരിക്കാം സമാധാനത്തിനു തടസ്സം സൃഷ്ടിക്കുന്ന മറ്റൊരു സംഗതി. ചിലരെ സംബന്ധിച്ചിടത്തോളം, എതിരാളിയോടു ക്ഷമ പറയുന്നതോ സംസാരിക്കുന്നതുപോലുമോ ഒരു കുറച്ചിലാണ്. ആത്മാഭിമാനം ഉണ്ടായിരിക്കുന്നത് ഉചിതംതന്നെയാണ്. എന്നാൽ, സമാധാനം സ്ഥാപിക്കാൻ വിസമ്മതിക്കുന്നത് ഒരു വ്യക്തിയുടെ ആത്മാഭിമാനം വർധിപ്പിക്കുമോ അതോ ക്ഷയിപ്പിക്കുമോ? വാസ്‌തവത്തിൽ നാം വെച്ചുപുലർത്തുന്നത് ആത്മാഭിമാനമാണോ അതോ അഹങ്കാരമാണോ?
മത്സരമനോഭാവവും അഹങ്കാരവും തമ്മിൽ ബന്ധമുണ്ടെന്നു ബൈബിളെഴുത്തുകാരനായ യാക്കോബ് പ്രകടമാക്കുന്നു. ചില ക്രിസ്‌ത്യാനികൾക്കിടയിൽ “ശണ്‌ഠയും കലഹവും” ഉള്ളതായി വെളിപ്പെടുത്തിയശേഷം അവൻ തുടർന്നു പറഞ്ഞു: “ദൈവം നിഗളികളോടു എതിർത്തുനില്‌ക്കയും താഴ്‌മയുള്ളവർക്കു കൃപ നല്‌കുകയും ചെയ്യുന്നു.” (യാക്കോബ് 4:1-3, 6) നിഗളം അല്ലെങ്കിൽ അഹങ്കാരം, സമാധാനം സ്ഥാപിക്കുന്നതിനു തടയിടുന്നത് എങ്ങനെയാണ്?
മറ്റുള്ളവരെക്കാൾ തങ്ങൾ ശ്രേഷ്‌ഠരാണെന്നു ചിന്തിക്കാൻ ഇടയാക്കിക്കൊണ്ട് അഹങ്കാരം ആളുകളെ വഞ്ചിക്കുന്നു. സഹമനുഷ്യരുടെ ധാർമികമൂല്യം വിലയിരുത്താൻ തങ്ങൾക്ക് അധികാരം ഉണ്ടെന്ന് അഹങ്കാരികൾ വിചാരിക്കുന്നു. എങ്ങനെ? എതിർപക്ഷത്തുള്ളവർ ഒരിക്കലും നേരെയാവുകയില്ലെന്നോ അവരെ നേരെയാക്കാൻ ആരെക്കൊണ്ടും കഴിയില്ലെന്നോ അവർ കണക്കുകൂട്ടുന്നു. തങ്ങളോടു വിയോജിപ്പു പ്രകടിപ്പിക്കുന്നവരെ മേലാൽ ശ്രദ്ധിക്കേണ്ട ആവശ്യമേയില്ലെന്നു വിധിയെഴുതാൻ അഹങ്കാരം ചിലരെ പ്രേരിപ്പിക്കുന്നു. തന്മൂലം, ആത്മാർഥമായ ക്ഷമാപണം നടത്തേണ്ടതിന്റെ യാതൊരു ആവശ്യവും അവർ കാണുന്നില്ല. അങ്ങനെ, ദുരഭിമാനം തലയ്‌ക്കു പിടിച്ചവർ മിക്കപ്പോഴും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുപകരം അവ നിലനിൽക്കാൻ അനുവദിക്കുന്നു.
ഒരു ഹൈവേയിലെ സുഗമമായ സഞ്ചാരത്തിനു തടസ്സം സൃഷ്ടിക്കുന്ന ഒരു പ്രതിബന്ധംപോലെ അഹങ്കാരം സമാധാനത്തിനുള്ള മുന്നേറ്റങ്ങൾക്കു വിഘ്‌നം സൃഷ്ടിക്കുന്നു. അതുകൊണ്ട്, ആരെങ്കിലുമായി സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്കു നിങ്ങൾ തടസ്സം നിൽക്കുകയാണെന്നു തോന്നുന്നെങ്കിൽ ഒരുപക്ഷേ അഹങ്കാരമായിരിക്കാം നിങ്ങളുടെ പ്രശ്‌നം. അഹങ്കാരത്തെ കീഴടക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും? അതിന്റെ വിപരീത ഗുണമായ താഴ്‌മ പ്രകടമാക്കുക.
നേർവിപരീതം പ്രവർത്തിക്കുക
താഴ്‌മയുള്ളവർ ആയിരിക്കാൻ ബൈബിൾ ശക്തമായി ശുപാർശ ചെയ്യുന്നു. “താഴ്‌മെക്കും യഹോവഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.” (സദൃശവാക്യങ്ങൾ 22:4) താഴ്‌മയുള്ളവരെയും അഹങ്കാരികളെയും സംബന്ധിച്ചുള്ള ദൈവത്തിന്റെ വീക്ഷണത്തെക്കുറിച്ചു സങ്കീർത്തനം 138:6-ൽ നാം ഇങ്ങനെ വായിക്കുന്നു: “യഹോവ ഉന്നതനെങ്കിലും താഴ്‌മയുള്ളവനെ കടാക്ഷിക്കുന്നു; ഗർവ്വിയെയോ അവൻ ദൂരത്തുനിന്നു അറിയുന്നു.”
താഴ്‌മ അപമാനകരമാണെന്ന് അനേകർ ചിന്തിക്കുന്നു. ലോക ഭരണാധിപന്മാർ അങ്ങനെ വിചാരിക്കുന്നതായി കാണപ്പെടുന്നു. രാജ്യം ഒന്നടങ്കം തങ്ങൾക്ക് അധീനപ്പെട്ടാണിരിക്കുന്നതെങ്കിലും, താഴ്‌മയോടെ തെറ്റുകൾ സമ്മതിക്കാൻ രാഷ്‌ട്രീയ നേതാക്കൾക്കു ധൈര്യം പോരാ. “എനിക്കു തെറ്റിപ്പോയി” എന്ന് ഒരു ഭരണാധികാരി പറഞ്ഞാൽ അതു വാർത്താപ്രാധാന്യം നേടുന്നു. ഒരു വൻ വിപത്ത് തടയാൻ തനിക്കു കഴിയാതെ പോയതിൽ ക്ഷമ ചോദിച്ചുകൊണ്ട് ഒരു മുൻ ഗവൺമെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞ വാക്കുകൾ വാർത്ത സൃഷ്ടിച്ചു.
താഴ്‌മ എന്ന ഗുണം അഹങ്കാരത്തിനും നിഗളത്തിനും നേർവിപരീതമാണ്. വിനീതനായിരിക്കുക അല്ലെങ്കിൽ തന്നെക്കുറിച്ചുതന്നെ ഒരു എളിയ അഭിപ്രായം ഉണ്ടായിരിക്കുക എന്നതാണ് അതിന്റെ അർഥം. അതുകൊണ്ട്, ഒരു വ്യക്തി തന്നെക്കുറിച്ചുതന്നെ എന്തു വീക്ഷണം വെച്ചുപുലർത്തുന്നു എന്നതിനെയാണ് താഴ്‌മ പ്രതിഫലിപ്പിക്കുന്നത്, അദ്ദേഹത്തെക്കുറിച്ചു മറ്റുള്ളവർ എന്തു വിചാരിക്കുന്നു എന്നതിനെയല്ല. താഴ്‌മയോടെ തെറ്റുകൾ സമ്മതിക്കുന്നതും ആത്മാർഥമായി ക്ഷമ ചോദിക്കുന്നതും ഒരു കുറച്ചിലല്ല. മറിച്ച് അത് ഒരു വ്യക്തിയുടെ അന്തസ്സു വർധിപ്പിക്കുന്നു. ബൈബിൾ ഇങ്ങനെ പറയുന്നു: “നാശത്തിന്നു മുമ്പെ മനുഷ്യന്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിന്നു മുമ്പെ താഴ്‌മ.”—സദൃശവാക്യങ്ങൾ 18:12.
തെറ്റുകൾക്കു ക്ഷമ ചോദിക്കാതിരിക്കുന്ന രാഷ്‌ട്രീയക്കാരെക്കുറിച്ച് ഒരു നിരീക്ഷകൻ പറയുന്നു: “നിർഭാഗ്യകരമെന്നു പറയട്ടെ, തെറ്റുകൾ സമ്മതിക്കുന്നത് ബലഹീനതയുടെ ഒരു ലക്ഷണമായി അവർ വിചാരിക്കുന്നതായി തോന്നുന്നു. ദുർബലരും ഉൾക്കരുത്തില്ലാത്തവരും ‘എന്നോടു ക്ഷമിക്കണം’ എന്ന് ഒരിക്കൽപ്പോലും പറയുകയില്ല. ‘എനിക്കു തെറ്റുപറ്റി’ എന്നു പറഞ്ഞാൽ തങ്ങളുടെ പ്രതിച്ഛായയ്‌ക്കു മങ്ങലേൽക്കുമെന്നു ചിന്തിക്കാതിരിക്കാൻ ഹൃദയവിശാലതയും ധൈര്യവും ഉള്ളവർക്കു മാത്രമേ കഴിയൂ.” രാഷ്‌ട്രീയ രംഗത്തല്ലാത്തവരെ സംബന്ധിച്ചും ഇതു സത്യമാണ്. അഹങ്കാരം ഒഴിവാക്കിക്കൊണ്ട് താഴ്‌മയുള്ളവർ ആയിരിക്കാൻ യത്‌നിക്കുമ്പോൾ, മറ്റൊരു വ്യക്തിയുമായുള്ള ഭിന്നതകൾ പരിഹരിക്കാൻ നിങ്ങൾക്ക് എളുപ്പം കഴിയും. ഒരു കുടുംബം ഈ സത്യം തിരിച്ചറിഞ്ഞത് എങ്ങനെയെന്നു ശ്രദ്ധിക്കുക.
ഒരു തെറ്റിദ്ധാരണയെത്തുടർന്ന് ജൂലിയും ഇളയ സഹോദരനായ വില്യമും തമ്മിലുള്ള ബന്ധത്തിന് ഉലച്ചിൽ തട്ടി. ജൂലിയോടും ഭർത്താവായ ജോസഫിനോടും ഉള്ള ദേഷ്യം നിമിത്തം വില്യം അവരുമായുള്ള സകല ഇടപാടുകളും അവസാനിപ്പിച്ചു. അന്നുവരെ അവർ നൽകിയിരുന്ന എല്ലാ സമ്മാനങ്ങളും അയാൾ മടക്കിക്കൊടുത്തു. മാസങ്ങൾ കടന്നുപോയി. ഈ കൂടെപ്പിറപ്പുകൾ ഒരിക്കൽ ആസ്വദിച്ച ഉറ്റബന്ധം ഇപ്പോൾ വിദ്വേഷത്തിനു വഴിമാറി.
ഈ സന്ദർഭത്തിൽ, മത്തായി 5:23, 24-ലെ ബുദ്ധിയുപദേശം ബാധകമാക്കാൻ ജോസഫ് തീരുമാനിച്ചു. സൗമ്യതയുടെ ആത്മാവിൽ അളിയനെ സമീപിക്കാൻ അദ്ദേഹം ശ്രമം നടത്തി. കൂടാതെ, വേദനിപ്പിച്ചതിനു ക്ഷമ ചോദിച്ചുകൊണ്ട് സ്വന്തമായി വില്യമിനു കത്തുകൾ അയയ്‌ക്കുകയും ചെയ്‌തു. സഹോദരനോടു ക്ഷമിക്കാൻ അദ്ദേഹം ഭാര്യയെ പ്രോത്സാഹിപ്പിച്ചു. പ്രശ്‌നം പരിഹരിക്കാൻ ജൂലിയും ജോസഫും ആത്മാർഥമായി ആഗ്രഹിക്കുന്നെന്ന് കാലക്രമത്തിൽ വില്യമിനു ബോധ്യമായി. അതോടെ അദ്ദേഹത്തിന്റെ മനോഭാവത്തിനു മാറ്റംവരാൻ തുടങ്ങി. ഭാര്യയുമൊത്ത് അദ്ദേഹം ജൂലിയെയും ജോസഫിനെയും സന്ദർശിച്ചു. ക്ഷമ പറഞ്ഞുകൊണ്ട് അവർ എല്ലാവരും പരസ്‌പരം ആലിംഗനം ചെയ്‌തു. അങ്ങനെ അവരുടെ ബന്ധം പുനഃസ്ഥാപിക്കപ്പെട്ടു.
ആരെങ്കിലുമായുള്ള വിയോജിപ്പു പരിഹരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ബൈബിൾ പഠിപ്പിക്കലുകൾ ക്ഷമാപൂർവം ബാധകമാക്കിക്കൊണ്ട് ആ വ്യക്തിയുമായി സമാധാനം സ്ഥാപിക്കാൻ പരിശ്രമിക്കുക. ഇക്കാര്യത്തിൽ യഹോവ നിങ്ങളെ സഹായിക്കും. പുരാതന യിസ്രായേല്യരോട് അവൻ ഇങ്ങനെ പറഞ്ഞു: “നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചെങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെ . . . ആകുമായിരുന്നു.” (യെശയ്യാവു 48:18) അതേ, ഈ വാക്കുകൾ നിങ്ങളുടെ കാര്യത്തിലും അന്വർഥമായിത്തീരും.
[അടിക്കുറിപ്പുകൾ]
^ ഖ. 3 കടപ്പാട്: സ്റ്റാൻലി ക്ലൗഡിന്റെയും ലിൻ ഓൾസണിന്റെയും ദ മുറോ ബോയ്‌സ് —പയനിയേഴ്‌സ് ഓൺ ദ ഫ്രന്റ് ലൈൻസ് ഓഫ് ബ്രോഡ്‌കാസ്റ്റ് ജേർണലിസം.
^ ഖ. 12 ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
[7-ാം പേജിലെ ചിത്രങ്ങൾ]
ക്ഷമ ചോദിക്കുന്നത് അറ്റുപോയ ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ പലപ്പോഴും സഹായിക്കും