വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒന്നു ശമൂവേലിൽനിന്നുള്ള വിശേഷാശയങ്ങൾ

ഒന്നു ശമൂവേലിൽനിന്നുള്ള വിശേഷാശയങ്ങൾ

യഹോവയുടെ വചനം ജീവനുള്ളത്‌

ഒന്നു ശമൂവേലിൽനിന്നുള്ള വിശേഷാശയങ്ങൾ

പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) 1117. യോശുവ വാഗ്‌ദത്തദേശം പൂർണമായി കീഴടക്കിയിട്ട്‌ ഏകദേശം മുന്നൂറു വർഷം പിന്നിട്ടിരിക്കുന്നു. ഇസ്രായേലിലെ മൂപ്പന്മാർ ഇപ്പോൾ അസാധാരണമായ ഒരു അഭ്യർഥനയുമായി യഹോവയുടെ പ്രവാചകനെ സമീപിക്കുന്നു. പ്രവാചകൻ അതു സംബന്ധിച്ചു പ്രാർഥിക്കുകയും യഹോവ അവരുടെ അഭ്യർഥന അംഗീകരിക്കുകയും ചെയ്യുന്നു. അതോടെ, ന്യായാധിപന്മാരുടെ കാലം അവസാനിച്ച്‌ മാനുഷ രാജാക്കന്മാരുടെ കാലഘട്ടം ആരംഭിക്കുന്നു. ഇസ്രായേൽ ജനതയുടെ ചരിത്രത്തിലുണ്ടായ ആ വഴിത്തിരിവിനെ ചുറ്റിപ്പറ്റിയുള്ള ഉദ്വേഗജനകമായ സംഭവങ്ങളാണ്‌ 1 ശമൂവേൽ എന്ന ബൈബിൾ പുസ്‌തകത്തിൽ വിവരിച്ചിരിക്കുന്നത്‌.

ശമൂവേൽ, നാഥാൻ, ഗാദ്‌ എന്നിവർ ചേർന്നെഴുതിയ 1 ശമൂവേലിൽ, പൊ.യു.മു. 1180 മുതൽ 1078 വരെയുള്ള 102 വർഷത്തെ സംഭവങ്ങളാണ്‌ അടങ്ങിയിരിക്കുന്നത്‌. (1 ദിനവൃത്താന്തം 29:30) ഇസ്രായേലിലെ നാലു നേതാക്കളെ സംബന്ധിച്ചുള്ള ഒരു വിവരണമാണിത്‌. അവരിൽ രണ്ടു പേർ ന്യായാധിപന്മാരും മറ്റു രണ്ടു പേർ രാജാക്കന്മാരും ആണ്‌. രണ്ടു പേർ യഹോവയോട്‌ അനുസരണം പ്രകടിപ്പിച്ചപ്പോൾ മറ്റവർ അവനെ ധിക്കരിച്ചു. കൂടാതെ, മാതൃകായോഗ്യരായ രണ്ടു സ്‌ത്രീകളെയും ധൈര്യശാലിയും അതേസമയം സൗമ്യനും ആയ ഒരു യോദ്ധാവിനെയും നാം ഇതിൽ പരിചയപ്പെടുന്നു. അത്തരം ദൃഷ്ടാന്തങ്ങൾ, നാം പിൻപറ്റേണ്ടതും ഒഴിവാക്കേണ്ടതും ആയ വിവിധ മനോഭാവങ്ങളെയും പ്രവൃത്തികളെയും കുറിച്ചുള്ള മൂല്യവത്തായ പാഠങ്ങൾ നമുക്കു പ്രദാനം ചെയ്യുന്നു. അങ്ങനെ, 1 ശമൂവേലിലെ വിവരങ്ങൾ നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും സ്വാധീനിക്കുന്നു.​—⁠എബ്രായർ 4:12.

ഏലിയെത്തുടർന്ന്‌ ശമൂവേൽ ന്യായാധിപസ്ഥാനം ഏറ്റെടുക്കുന്നു

(1 ശമൂവേൽ 1:1-7:17)

കൂടാരപ്പെരുന്നാളിനുള്ള സമയം വന്നെത്തിയിരിക്കുന്നു. രാമയിൽ താമസിക്കുന്ന ഹന്നാ അങ്ങേയറ്റം സന്തോഷത്തിലാണ്‌. * അവളുടെ പ്രാർഥനയ്‌ക്കുള്ള ഉത്തരമെന്നനിലയിൽ യഹോവ അവൾക്ക്‌ ഇപ്പോൾ ഒരു മകനെ നൽകിയിരിക്കുന്നു. തന്റെ നേർച്ച പാലിക്കാൻ അവൾ പുത്രനായ ശമൂവേലിനെ ‘യഹോവയുടെ ആലയത്തിൽ’ കൊണ്ടുചെന്നാക്കുന്നു. അവിടെ ആ ബാലൻ “പുരോഹിതനായ ഏലിയുടെ മുമ്പിൽ യഹോവെക്കു ശുശ്രൂഷ” ചെയ്യുന്നു. (1 ശമൂവേൽ 1:24; 2:11) ശമൂവേൽ വളരെ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ, ഏലിയുടെ ഭവനത്തിനെതിരെ ന്യായവിധി ഉച്ചരിച്ചുകൊണ്ട്‌ യഹോവ ശമൂവേലിനോടു സംസാരിക്കുന്നു. അവൻ പ്രായമാകുമ്പോൾ, മുഴു ഇസ്രായേലും അവനെ യഹോവയുടെ പ്രവാചകനായി അംഗീകരിക്കുന്നു.

കുറെ കാലത്തിനുശേഷം, ഫെലിസ്‌ത്യർ ഇസ്രായേല്യരോടു യുദ്ധം ചെയ്യുന്നു. അവർ നിയമപെട്ടകം പിടിച്ചെടുക്കുകയും ഏലിയുടെ രണ്ടു പുത്രന്മാരെ കൊല്ലുകയും ചെയ്യുന്നു. ആ വാർത്തകേട്ട്‌ ഏലി മരണമടയുന്നു. അവൻ “നാല്‌പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്‌തു.” (1 ശമൂവേൽ 4:18) പെട്ടകം വെച്ചുകൊണ്ടിരിക്കുന്നതു തങ്ങൾക്ക്‌ ആപത്‌കരമാണെന്നു മനസ്സിലാക്കിയ ഫെലിസ്‌ത്യർ അത്‌ ഇസ്രായേല്യർക്കു തിരികെക്കൊടുക്കുന്നു. ശമൂവേൽ ന്യായാധിപസ്ഥാനം ഏറ്റെടുക്കുന്നു. ഇപ്പോൾ ഇസ്രായേൽ സമാധാനത്തിലാണ്‌.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

2:⁠10—⁠ഇസ്രായേലിൽ രാജാക്കന്മാർ ഇല്ലാതിരുന്ന കാലത്ത്‌ യഹോവ “തന്റെ രാജാവിന്നു ശക്തി കൊടുക്കുന്നു” എന്നു ഹന്നാ പ്രാർഥനയിൽ പറഞ്ഞത്‌ എന്തുകൊണ്ട്‌? ഇസ്രായേല്യരെ ഒരു മാനുഷ രാജാവ്‌ ഭരിക്കുമെന്ന്‌ ന്യായപ്രമാണത്തിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (ആവർത്തനപുസ്‌തകം 17:14-18) മരണശയ്യയിൽ ആയിരിക്കെ യാക്കോബ്‌ ഇപ്രകാരം പ്രവചിച്ചു: “ചെങ്കോൽ [രാജകീയ അധികാരത്തിന്റെ ഒരു അടയാളം] യെഹൂദയിൽനിന്നും . . . നീങ്ങിപ്പോകയില്ല.” (ഉല്‌പത്തി 49:10) കൂടാതെ, ഇസ്രായേല്യരുടെ പൂർവിക ആയിരുന്ന സാറായെക്കുറിച്ച്‌ യഹോവ ഇങ്ങനെ പറഞ്ഞു: ‘ജനതകളുടെ രാജാക്കന്മാർ അവളിൽനിന്ന്‌ ഉത്ഭവിക്കും.’ (ഉല്‌പത്തി 17:16) അപ്പോൾ, വരാനിരിക്കുന്ന ഒരു രാജാവിനെക്കുറിച്ചായിരുന്നു ഹന്നാ പ്രാർഥിച്ചത്‌.

3:⁠3—⁠ശമൂവേൽ യഥാർഥമായും അതിവിശുദ്ധത്തിൽ കിടന്നുറങ്ങിയിരുന്നോ? ഇല്ല. പുരോഹിതേതര കുടുംബമായ കെഹാത്യഗോത്രത്തിൽപ്പെട്ട ഒരു ലേവ്യൻ ആയിരുന്നു ശമൂവേൽ. (1 ദിനവൃത്താന്തം 6:33-38) ആ സ്ഥിതിക്ക്‌, ‘വിശുദ്ധമന്ദിരം [“വിശുദ്ധ വസ്‌തുക്കൾ,” NW] കാണാൻ’ അവന്‌ അനുവാദം ഉണ്ടായിരുന്നില്ല. (സംഖ്യാപുസ്‌തകം 4:17-20) വിശുദ്ധമന്ദിരത്തിലെ സമാഗമന കൂടാരത്തിന്റെ പ്രാകാരത്തിൽ മാത്രമേ ശമൂവേലിനു പ്രവേശിക്കാൻ കഴിയുമായിരുന്നുള്ളൂ. അവിടെ ആയിരിക്കണം അവൻ ഉറങ്ങിയിരുന്നത്‌. പ്രാകാരത്തിൽത്തന്നെ മറ്റെവിടെയെങ്കിലും ആയിരിക്കാം ഏലിയും ഉറങ്ങിയിരുന്നതെന്നു തോന്നുന്നു. “ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന” എന്ന പ്രയോഗം വ്യക്തമായും സൂചിപ്പിക്കുന്നത്‌ സമാഗമന കൂടാരം സ്ഥിതിചെയ്യുന്ന പരിസരത്തെയാണ്‌.

7:⁠7-9, 17—⁠യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു മാത്രമാണ്‌ ക്രമമായ അടിസ്ഥാനത്തിൽ യാഗങ്ങൾ അർപ്പിക്കേണ്ടിയിരുന്നത്‌. ആ സ്ഥിതിക്ക്‌, ശമൂവേൽ മിസ്‌പയിൽവെച്ച്‌ ഹോമയാഗം അർപ്പിക്കുകയും രാമയിൽ ഒരു യാഗപീഠം പണിയുകയും ചെയ്‌തത്‌ എന്തുകൊണ്ട്‌? (ആവർത്തനപുസ്‌തകം 12:4-7, 13, 14; യോശുവ 22:19) ശീലോവിലെ സമാഗമന കൂടാരത്തിൽനിന്നു വിശുദ്ധ പെട്ടകം നീക്കം ചെയ്‌തതിൽപ്പിന്നെ അവിടെ യഹോവയുടെ സാന്നിധ്യം പ്രകടമായിരുന്നില്ല. അതുകൊണ്ട്‌, യഹോവയുടെ പ്രതിനിധിയെന്ന നിലയിൽ ശമൂവേൽ മിസ്‌പയിൽ ഒരു ഹോമയാഗം അർപ്പിക്കുകയും രാമയിൽ ഒരു യാഗപീഠം പണിയുകയും ചെയ്‌തു. ഈ പ്രവർത്തനങ്ങളെ യഹോവ അംഗീകരിച്ചതായി തോന്നുന്നു.

നമുക്കുള്ള പാഠങ്ങൾ:

1:⁠11, 12, 21-23; 2:19. ഹന്നായുടെ പ്രാർഥനാനിരതമായ മനോഭാവവും താഴ്‌മയും നിലയ്‌ക്കാത്ത മാതൃവാത്സല്യവും കൂടാതെ യഹോവയുടെ ദയയോടുള്ള അവളുടെ വിലമതിപ്പും ദൈവഭയമുള്ള എല്ലാ സ്‌ത്രീകൾക്കും ഒരു മാതൃകയാണ്‌.

1:⁠8. സംസാരത്തിലൂടെ മറ്റുള്ളവർക്കു ധൈര്യം പകരുന്നതിൽ എത്ര നല്ല മാതൃകയാണ്‌ എല്‌ക്കാനാ! (ഇയ്യോബ്‌ 16:5) വിഷാദമഗ്നയായ ഹന്നായെ കുറ്റപ്പെടുത്താതെ, ആദ്യംതന്നെ അവൻ ഇങ്ങനെ ചോദിക്കുന്നു: “നീ വ്യസനിക്കുന്നതു എന്ത്‌?” ഉള്ളിലെ വികാരങ്ങൾ വെളിപ്പെടുത്താൻ ആ ചോദ്യം അവളെ പ്രോത്സാഹിപ്പിച്ചു. തുടർന്ന്‌, “ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ” എന്നു പറഞ്ഞുകൊണ്ട്‌ എല്‌ക്കാനാ അവളോടുള്ള തന്റെ സ്‌നേഹത്തിന്‌ ഉറപ്പുനൽകുന്നു.

2:⁠26; 3:​5-8, 15, 19. നമ്മുടെ ദൈവനിയമിത വേലയോടു പറ്റിനിന്നുകൊണ്ടും ആത്മീയ പരിശീലനത്തിൽനിന്നു പ്രയോജനം നേടിക്കൊണ്ടും മര്യാദയും ആദരവും പ്രകടിപ്പിച്ചുകൊണ്ടും ദൈവത്തിനും മനുഷ്യർക്കും ‘പ്രീതിയുള്ളവർ’ ആയിത്തീരാൻ നമുക്കു കഴിയും.

4:⁠3, 4, 10. വളരെ വിശുദ്ധമായിരുന്ന നിയമപെട്ടകംപോലും ജനത്തിനു സംരക്ഷണം പ്രദാനം ചെയ്യുന്ന ഒരു രക്ഷാകവചമായി ഉതകിയില്ല. നാം “വിഗ്രഹങ്ങളോടു അകന്നു”നിൽക്കേണ്ടതുണ്ട്‌.​—⁠1 യോഹന്നാൻ 5:21.

ഇസ്രായേലിലെ ആദ്യത്തെ രാജാവ്‌​—⁠ജയമോ പരാജയമോ?

(1 ശമൂവേൽ 8:1-15:35)

ശമൂവേൽ ആജീവനാന്തം യഹോവയോടു വിശ്വസ്‌തനായി തുടരുന്നു. എന്നാൽ അവന്റെ പുത്രന്മാർ ദൈവിക മാർഗത്തിനു പുറംതിരിയുന്നു. ഇസ്രായേലിലെ മൂപ്പന്മാർ ഒരു മാനുഷ രാജാവിനുവേണ്ടി അഭ്യർഥിക്കുമ്പോൾ, യഹോവ അത്‌ അനുവദിച്ചുകൊടുക്കുന്നു. യഹോവയുടെ മാർഗനിർദേശത്തിനു ചേർച്ചയിൽ ശമൂവേൽ, ബെന്യാമീൻ ഗോത്രത്തിൽപ്പെട്ട സുമുഖനായ ശൗലിനെ രാജാവായി അഭിഷേകം ചെയ്യുന്നു. അമ്മോന്യരെ പരാജയപ്പെടുത്തിക്കൊണ്ട്‌ ശൗൽ തന്റെ സിംഹാസനം ഉറപ്പിക്കുന്നു.

ശൗലിന്റെ പുത്രനും വീരയോദ്ധാവും ആയ യോനാഥാൻ ഒരു സംഘം ഫെലിസ്‌ത്യ കാവൽപ്പട്ടാളത്തെ പരാജയപ്പെടുത്തുന്നു. ഒരു വൻസൈന്യവുമായി ഫെലിസ്‌ത്യർ ഇസ്രായേലിനെ നേരിടുന്നു. ഭയന്നുവിറച്ച ശൗൽ സ്വയം ഹോമയാഗം അർപ്പിച്ചുകൊണ്ട്‌ അനുസരണക്കേടു കാട്ടുന്നു. തന്റെ ആയുധവാഹകനെമാത്രം കൂട്ടിക്കൊണ്ട്‌ ധൈര്യശാലിയായ യോനാഥാൻ ഫെലിസ്‌ത്യരുടെ മറ്റൊരു കാവൽസംഘത്തെ ആക്രമിക്കുന്നു. എന്നാൽ ശൗൽ തത്രപ്പെട്ടു ചെയ്‌ത ഒരു ശപഥം നിമിത്തം പരിപൂർണ വിജയം നേടാൻ കഴിയാതെപോകുന്നു. “ചുറ്റുമുള്ള” സകല ശത്രുക്കളോടും ശൗൽ യുദ്ധംചെയ്യുന്നു. (1 ശമൂവേൽ 14:47) എന്നാൽ അമാലേക്യരെ പരാജയപ്പെടുത്തിയ സന്ദർഭത്തിൽ, “ശപഥാർപ്പിത”മായവ സംരക്ഷിച്ചുകൊണ്ട്‌ അവൻ യഹോവയോട്‌ അനുസരണക്കേടു കാട്ടുന്നു. (ലേവ്യപുസ്‌തകം 27:28, 29) തത്‌ഫലമായി യഹോവ ശൗലിനെ രാജസ്ഥാനത്തുനിന്നു നീക്കംചെയ്യുന്നു.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

9:⁠9—⁠“ഇപ്പോൾ പ്രവാചകൻ എന്നു പറയുന്നവനെ അന്നു ദർശകൻ എന്നു പറഞ്ഞുവന്നു” എന്ന പ്രയോഗത്തിന്റെ പൊരുൾ എന്താണ്‌? ശമൂവേലിന്റെ നാളുകളിലും ഇസ്രായേലിലെ രാജാക്കന്മാരുടെ ഭരണകാലത്തും പ്രവാചകന്മാർ കൂടുതൽ പ്രാമുഖ്യം നേടിയതിനാൽ “ദർശകൻ” എന്ന പദത്തിന്റെ സ്ഥാനത്തു “പ്രവാചകൻ” എന്ന പദം ഉപയോഗിക്കാൻ തുടങ്ങി എന്നായിരിക്കാം ഈ വാക്കുകൾ സൂചിപ്പിക്കുന്നത്‌. പ്രവാചകന്മാരുടെ നിരയിൽ ഒന്നാമനായി പരിഗണിക്കുന്നത്‌ ശമൂവേലിനെയാണ്‌.​—⁠പ്രവൃത്തികൾ 3:24

14:⁠24-32, 44, 45—⁠തേൻ ഭക്ഷിച്ചുകൊണ്ട്‌ ശൗലിന്റെ ശപഥം ലംഘിച്ചതിനാൽ യോനാഥാനു ദൈവപ്രീതി നഷ്ടമായോ? ഈ പ്രവൃത്തി യോനാഥാനെ ദൈവത്തിന്റെ അപ്രീതിക്കു പാത്രമാക്കിയതായി തോന്നുന്നില്ല. ഒന്നാമതായി, പിതാവു ചെയ്‌ത ശപഥത്തെക്കുറിച്ചു യോനാഥാന്‌ അറിവില്ലായിരുന്നു. കൂടാതെ, അസ്ഥാനത്തുള്ള തീക്ഷ്‌ണതയോ രാജകീയ അധികാരം സംബന്ധിച്ച അനുചിതമായ വീക്ഷണമോ നിമിത്തം കൈക്കൊണ്ട ശപഥം ജനത്തെ കഷ്ടത്തിലാക്കിയിരുന്നു. അത്തരമൊരു ശപഥത്തിന്‌ എങ്ങനെ ദൈവാംഗീകാരം ഉണ്ടായിരിക്കാൻ കഴിയും? ശപഥം ലംഘിച്ചതിന്റെ ശിക്ഷ ഏറ്റുവാങ്ങാൻ യോനാഥാൻ തയ്യാറായിരുന്നെങ്കിലും അവന്റെ ജീവൻ സംരക്ഷിക്കപ്പെട്ടു.

15:6—⁠കേന്യർക്കു ശൗലിൽനിന്നു പ്രത്യേക പരിഗണന ലഭിച്ചത്‌ എന്തുകൊണ്ട്‌? മോശെയുടെ അമ്മായിയപ്പന്റെ സന്തതികളായിരുന്നു കേന്യർ. സീനായ്‌ പർവതത്തിൽനിന്നു യാത്ര പുറപ്പെട്ട ഇസ്രായേല്യരെ അവർ പിന്തുണച്ചിരുന്നു. (സംഖ്യാപുസ്‌തകം 10:29-32) കനാൻ ദേശത്തായിരിക്കെ, അവർ യെഹൂദാമക്കളോടുകൂടെ കുറെക്കാലം പാർക്കുകയും ചെയ്‌തു. (ന്യായാധിപന്മാർ 1:⁠16) പിന്നീട്‌ അമാലേക്യരോടും മറ്റു പല ജാതികളോടും കൂടെ പാർത്തെങ്കിലും ഇസ്രായേല്യരുമായി അവർ തുടർന്നും സൗഹൃദത്തിലായിരുന്നു. അതുകൊണ്ട്‌ കേന്യരെ നശിപ്പിക്കാതിരിക്കാൻ ശൗലിനു തക്ക കാരണം ഉണ്ടായിരുന്നു.

നമുക്കുള്ള പാഠങ്ങൾ:

9:21; 10:​22, 27. രാജാവായിത്തീർന്നപ്പോൾ ശൗലിന്‌ ഉണ്ടായിരുന്ന വിനയവും താഴ്‌മയും, ചില “നീചന്മാർ” അവന്റെ രാജത്വത്തെ ധിക്കരിച്ച സന്ദർഭത്തിൽ അവിവേകത്തോടെ പ്രവർത്തിക്കുന്നതിൽനിന്ന്‌ അവനെ തടഞ്ഞു. അത്തരമൊരു മനോഭാവം ന്യായരഹിതമായ പ്രവർത്തനങ്ങളിൽനിന്ന്‌ എത്ര വലിയ ഒരു സംരക്ഷണമാണ്‌!

12:​20, 21. മനുഷ്യരിൽ ആശ്രയിക്കുന്നതും രാഷ്‌ട്രങ്ങളുടെ സൈനികബലത്തിൽ വിശ്വാസം അർപ്പിക്കുന്നതും വിഗ്രഹാരാധനയും പോലുള്ള ‘മിഥ്യകൾ’ യഹോവയെ സേവിക്കുന്നതിൽനിന്നു നിങ്ങളെ വ്യതിചലിപ്പിക്കാൻ ഒരിക്കലും അനുവദിക്കരുത്‌.

12:24. പുരാതനകാലത്തും ആധുനിക കാലത്തും യഹോവ ‘എത്ര വലിയ കാര്യങ്ങൾ ചെയ്‌തിരിക്കുന്നെന്ന്‌’ ഓർക്കുന്നതാണ്‌, അവനോടു ഭക്ത്യാദരപൂർവകമായ ഭയം നിലനിറുത്താനും മുഴുഹൃദയത്തോടെ അവനെ സേവിക്കാനും നമ്മെ പ്രധാനമായും സഹായിക്കുന്നത്‌.

13:​10-14; 15:​22-25, 30. അനുസരണക്കേടിന്റെ പ്രവൃത്തികളിലൂടെയോ അഹങ്കാര മനോഭാവത്തിലൂടെയോ ധിക്കാരം പ്രകടിപ്പിക്കുന്നതിനെതിരെ ജാഗ്രത പുലർത്തുക.​—⁠സദൃശവാക്യങ്ങൾ 11:⁠2.

ഒരു ഇടയബാലനെ രാജാവായി തിരഞ്ഞെടുക്കുന്നു

(1 ശമൂവേൽ 16:1-31:13)

യെഹൂദാ ഗോത്രത്തിൽപ്പെട്ട ദാവീദിനെ ശമൂവേൽ ഭാവിരാജാവായി അഭിഷേകം ചെയ്യുന്നു. അധികം താമസിയാതെ, തന്റെ കവിണയും ഒരൊറ്റ കല്ലും കൊണ്ട്‌ ദാവീദ്‌ ഫെലിസ്‌ത്യ മല്ലനായ ഗൊല്യാത്തിനെ വധിക്കുന്നു. ദാവീദും യോനാഥാനും തമ്മിൽ ഒരു സുഹൃദ്‌ബന്ധം വികാസം പ്രാപിക്കുന്നു. ശൗൽ ദാവീദിനെ തന്റെ സേനാധിപനായി നിയമിക്കുന്നു. ദാവീദിന്റെ നിരവധി വിജയങ്ങളെ പുകഴ്‌ത്തിക്കൊണ്ട്‌ ഇസ്രായേലിലെ സ്‌ത്രീകൾ ഇങ്ങനെ പാടുന്നു: “ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ.” (1 ശമൂവേൽ 18:7) അസൂയ മൂത്ത്‌ ശൗൽ ദാവീദിനെ കൊല്ലാൻ ശ്രമിക്കുന്നു. അത്തരം മൂന്ന്‌ ആക്രമണങ്ങൾ ഉണ്ടായതിനെത്തുടർന്ന്‌ ദാവീദ്‌ ഒരു അഭയാർഥിയെപ്പോലെ ഓടിപ്പോകുന്നു.

അഭയാർഥിയായി ജീവിച്ച വർഷങ്ങളിൽ, ശൗലിനെ കൊല്ലാൻ കിട്ടിയ രണ്ട്‌ അവസരങ്ങളിലും ദാവീദ്‌ അവനെ വെറുതെ വിടുന്നു. ദാവീദ്‌ അബീഗയിലിനെ കണ്ടുമുട്ടുകയും പിന്നീട്‌ അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നു. ഫെലിസ്‌ത്യർ ഇസ്രായേല്യരെ നേരിടുമ്പോൾ ശൗൽ യഹോവയോട്‌ ആലോചന ചോദിക്കുന്നു. എന്നാൽ യഹോവ അവനെ ഉപേക്ഷിച്ചിരിക്കുന്നു. ശമൂവേൽ ജീവിച്ചിരിപ്പില്ലതാനും. ഗത്യന്തരമില്ലാതെ ശൗൽ ഒരു ആത്മമധ്യവർത്തിയോട്‌ ആലോചന ചോദിക്കുന്നു. ഫെലിസ്‌ത്യരുമായുള്ള യുദ്ധത്തിൽ ശൗൽ കൊല്ലപ്പെടുമെന്ന്‌ ആത്മമധ്യവർത്തി അവനോടു പറയുന്നു. യുദ്ധത്തിൽ ശൗലിനു ഗുരുതരമായ പരുക്കേൽക്കുകയും അവന്റെ പുത്രന്മാർ കൊല്ലപ്പെടുകയും ചെയ്യുന്നു. ഹതാശനായ ശൗലിന്റെ മരണത്തെക്കുറിച്ചുള്ള വിവരണത്തോടെ രേഖ അവസാനിക്കുന്നു. ദാവീദ്‌ ഇപ്പോഴും ഒളിവിലാണ്‌.

തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:

16:14—⁠ശൗലിനെ ബാധിച്ച ദുരാത്മാവ്‌ എന്തായിരുന്നു? മനസ്സിന്റെയും ഹൃദയത്തിന്റെയും ദുഷിച്ച പ്രവണത അല്ലെങ്കിൽ തെറ്റു ചെയ്യാനുള്ള ആന്തരിക പ്രേരണ ആയിരുന്നു ശൗലിന്റെ മനസ്സമാധാനം കെടുത്തിയ ദുരാത്മാവ്‌. യഹോവ തന്റെ പരിശുദ്ധാത്മാവിനെ പിൻവലിച്ചപ്പോൾ, ശൗലിന്‌ അതിന്റെ സംരക്ഷണം നഷ്ടമാകുകയും തത്‌സ്ഥാനത്ത്‌ സ്വന്തം ദുഷിച്ച ആത്മാവ്‌ അവനെ ഭരിക്കുകയും ചെയ്‌തു. തന്റെ പരിശുദ്ധാത്മാവിനു പകരം ആ ദുഷിച്ച ആത്മാവ്‌ ശൗലിനെ നിയന്ത്രിക്കാൻ യഹോവ അനുവദിച്ചതിനാലാണ്‌ അതിനെ “യഹോവ അയച്ച ദുരാത്മാവ്‌” എന്നു പരാമർശിച്ചിരിക്കുന്നത്‌.

17:55—⁠1 ശമൂവേൽ 16:17-23-ന്റെ വീക്ഷണത്തിൽ, ദാവീദ്‌ ആരുടെ മകനാണെന്നു ശൗൽ ചോദിച്ചത്‌ എന്തുകൊണ്ട്‌? ശൗൽ ചോദിച്ചത്‌ കേവലം ദാവീദിന്റെ പിതാവിന്റെ പേരിനെക്കുറിച്ച്‌ ആയിരുന്നില്ല. ദാവീദ്‌ ഒരു മല്ലന്റെ കഥകഴിച്ചതേ ഉണ്ടായിരുന്നുള്ളൂ. സാധ്യതയനുസരിച്ച്‌, ആ ബാലനെ വളർത്തിക്കൊണ്ടുവന്ന അവന്റെ പിതാവ്‌ എങ്ങനെയുള്ള ഒരു വ്യക്തി ആണെന്നാണ്‌ ശൗൽ ആരാഞ്ഞത്‌.

നമുക്കുള്ള പാഠങ്ങൾ:

16:​6, 7. പുറമേ എങ്ങനെ കാണപ്പെടുന്നു എന്നതിന്റെ വീക്ഷണത്തിൽ മറ്റുള്ളവരെ വിലയിരുത്തുകയോ ക്ഷണത്തിൽ അവരെക്കുറിച്ചു വിധിയെഴുതുകയോ ചെയ്യുന്നതിനു പകരം, യഹോവ വീക്ഷിക്കുന്നതുപോലെ അവരെ വീക്ഷിക്കാൻ നാം ശ്രമിക്കണം.

17:​47-50. ഗൊല്യാത്തുതുല്യരായ ശത്രുക്കളിൽനിന്നുള്ള എതിർപ്പിനെ അല്ലെങ്കിൽ പീഡനത്തെ ധൈര്യപൂർവം നേരിടാൻ നമുക്കു കഴിയും. എന്തുകൊണ്ടെന്നാൽ ‘യുദ്ധം യഹോവെക്കുള്ളതാണ്‌.’

18:​1, 3; 20:​41, 42. യഹോവയെ സ്‌നേഹിക്കുന്നവർക്കിടയിൽ യഥാർഥ സുഹൃത്തുക്കളെ കണ്ടെത്താൻ കഴിയും.

21:​12, 13. ജീവിതത്തിൽ വിഷമഘട്ടങ്ങളെ അഭിമുഖീകരിക്കുമ്പോൾ നാം സ്വന്തം ചിന്താപ്രാപ്‌തിയും കഴിവുകളും ഉപയോഗിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. വിവേകവും അറിവും ചിന്താപ്രാപ്‌തിയും പകർന്നുതരുന്ന തന്റെ നിശ്വസ്‌ത വചനം അവൻ നമുക്കു നൽകിയിരിക്കുന്നു. (സദൃശവാക്യങ്ങൾ 1:4) നിയമിത ക്രിസ്‌തീയ മൂപ്പന്മാരുടെ സഹായവും നമുക്കുണ്ട്‌.

24:6; 26:11. യഹോവയുടെ അഭിഷിക്തനോടുള്ള യഥാർഥ ആദരവിന്റെ എത്ര നല്ല ദൃഷ്ടാന്തമാണ്‌ ദാവീദ്‌ പ്രദാനം ചെയ്യുന്നത്‌!

25:​23-33. വിവേകം പ്രകടമാക്കുന്നതിൽ അബീഗയിൽ ഉത്തമ ദൃഷ്ടാന്തം വെച്ചു.

28:​8-19. ആളുകളെ തെറ്റിദ്ധരിപ്പിക്കാനും ഉപദ്രവിക്കാനും വേണ്ടി, മരിച്ചുപോയ ചില പ്രത്യേക വ്യക്തികളായി നടിക്കാൻ ദുഷ്ടാത്മാക്കൾക്കു കഴിയും. എല്ലാത്തരം ആത്മവിദ്യകളിൽനിന്നും നാം ഒഴിവുള്ളവർ ആയിരിക്കണം.​—⁠ആവർത്തനപുസ്‌തകം 18:10-12.

30:​23, 24. സംഖ്യാപുസ്‌തകം 31:​27-ന്റെ അടിസ്ഥാനത്തിലുള്ള ഈ തീരുമാനം, സഭയിൽ പിന്തുണക്കാരായി സേവനം അനുഷ്‌ഠിക്കുന്നവരെ യഹോവ വിലയേറിയവരായി കണക്കാക്കുന്നെന്നു പ്രകടമാക്കുന്നു. അതുകൊണ്ട്‌ നാം എന്തു ചെയ്‌താലും “മനുഷ്യർക്കെന്നല്ല കർത്താവിന്നു എന്നപോലെ മനസ്സോടെ” ചെയ്യാം.​—⁠കൊലൊസ്സ്യർ 3:23.

എന്താണ്‌ “യാഗത്തെക്കാളും . . . നല്ലത്‌”?

ഏലി, ശമൂവേൽ, ശൗൽ, ദാവീദ്‌ എന്നിവരുടെ ദൃഷ്ടാന്തങ്ങൾ പിൻവരുന്ന അടിസ്ഥാന സത്യത്തിന്‌ അടിവരയിടുന്നു: “അനുസരിക്കുന്നതു യാഗത്തെക്കാളും ശ്രദ്ധിക്കുന്നതു മുട്ടാടുകളുടെ മേദസ്സിനെക്കാളും നല്ലതു. മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു.”​—⁠1 ശമൂവേൽ 15:22, 23.

ലോകവ്യാപകമായി നടക്കുന്ന രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയിൽ ഒരു പങ്കുണ്ടായിരിക്കാൻ കഴിയുന്നത്‌ നമ്മെ സംബന്ധിച്ചിടത്തോളം എത്ര വലിയ പദവിയാണ്‌! യഹോവയ്‌ക്കു നമ്മുടെ “അധരാർപ്പണമായ കാളകളെ” അർപ്പിക്കവേ, തന്റെ ലിഖിത വചനത്തിലൂടെയും ഭൗമിക സംഘടനയിലൂടെയും അവൻ നമുക്കു നൽകുന്ന മാർഗനിർദേശങ്ങൾ അനുസരിക്കാൻ നാം പരമാവധി ശ്രമിക്കേണ്ടതുണ്ട്‌.​—⁠ഹോശേയ 14:2; എബ്രായർ 13:15.

[അടിക്കുറിപ്പ്‌]

^ ഖ. 7 1 ശമൂവേലിൽ പരാമർശിച്ചിട്ടുള്ള വിവിധ സ്ഥലങ്ങളുടെ സ്ഥാനം കണ്ടുപിടിക്കാൻ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രിക കാണുക.

[23-ാം പേജിലെ ചിത്രം]

വിനയവും താഴ്‌മയും ഉള്ള ഒരു ഭരണാധികാരിയായിരുന്ന ഇസ്രായേലിന്റെ ആദ്യത്തെ രാജാവ്‌, ഗർവിഷ്‌ഠനും അഹങ്കാരിയും ആയ ഒരു ഏകാധിപതി ആയിത്തീർന്നു

[24-ാം പേജിലെ ചിത്രം]

ഗൊല്യാത്തുതുല്യരായ ശത്രുക്കളിൽ നിന്നുള്ള എതിർപ്പു നേരിടുമ്പോൾ നമുക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും?