ഓർമിക്കേണ്ട ഒരു സംഭവം
ഓർമിക്കേണ്ട ഒരു സംഭവം
എന്താണ് ആ സംഭവം? ഏകദേശം 2,000 വർഷംമുമ്പു മരിച്ച ഒരു മനുഷ്യന്റെ മരണമാണ് അത്. അവൻ ഇപ്രകാരം പറഞ്ഞു: ‘എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നു. ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു.’ (യോഹന്നാൻ 10:17, 18) യേശുക്രിസ്‌തു ആയിരുന്നു ആ മനുഷ്യൻ.
തന്റെ ബലിമരണത്തിന്റെ ‘സ്‌മാരകം’ ആചരിക്കണമെന്ന് യേശു അനുഗാമികളോടു കൽപ്പിച്ചു. ഈ ആചരണം ‘കർത്താവിന്റെ അത്താഴം’ എന്നും അറിയപ്പെടുന്നു. (1 കൊരിന്ത്യർ 11:20) തന്റെ മരണം അനുസ്‌മരിക്കേണ്ടതിന് യേശു ഏർപ്പെടുത്തിയ സ്‌മാരകം, യഹോവയുടെ സാക്ഷികളും അവരുടെ സുഹൃത്തുക്കളും 2005 മാർച്ച് 24 വ്യാഴാഴ്‌ച സൂര്യാസ്‌തമയത്തിനുശേഷം ആചരിക്കുന്നതായിരിക്കും.
ആ അവസരത്തിൽ ഉപയോഗിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെയും ചുവന്ന വീഞ്ഞിന്റെയും അർഥം വ്യക്തമാക്കുന്ന ഒരു ബൈബിളധിഷ്‌ഠിത പ്രസംഗം ഉണ്ടായിരിക്കും. (മത്തായി 26:26-28) ആ പ്രസംഗം പിൻവരുന്നതുപോലുള്ള ചോദ്യങ്ങൾക്കും ഉത്തരം നൽകും: ക്രിസ്‌ത്യാനികൾ എത്ര കൂടെക്കൂടെ ഈ ആചരണം നടത്തണം? ചിഹ്നങ്ങളായ അപ്പവീഞ്ഞുകളിൽ പങ്കുപറ്റാൻ യോഗ്യതയുള്ളത് ആർക്കാണ്? യേശുവിന്റെ മരണത്തിൽനിന്ന് ആരെല്ലാം പ്രയോജനം നേടുന്നു? ഈ പ്രധാനപ്പെട്ട ആചരണം, യേശുവിന്റെ ജീവിതത്തിന്റെയും മരണത്തിന്റെയും ഉദ്ദേശ്യം വിലമതിക്കാൻ എല്ലാവരെയും സഹായിക്കും.
യേശുവിന്റെ മരണത്തിന്റെ സ്‌മാരകാചരണവേളയിൽ നിങ്ങൾക്ക് ഊഷ്‌മള സ്വാഗതം ലഭിക്കും. ഈ യോഗം നടക്കുന്ന കൃത്യ സ്ഥലവും സമയവും ദയവായി നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളോടു ചോദിച്ചു മനസ്സിലാക്കുക.