വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘നിങ്ങളെ വിലയ്‌ക്കു വാങ്ങിയിരിക്കുന്നു’

‘നിങ്ങളെ വിലയ്‌ക്കു വാങ്ങിയിരിക്കുന്നു’

‘നിങ്ങളെ വിലയ്‌ക്കു വാങ്ങിയിരിക്കുന്നു’

‘നിങ്ങളെ വിലയ്‌ക്കു വാങ്ങിയിരിക്കുന്നു. ആകയാൽ ദൈവത്തെ മഹത്വപ്പെടുത്തുവിൻ.’​—⁠1 കൊരിന്ത്യർ 6:⁠19, 20.

1, 2. (എ) മോശൈക ന്യായപ്രമാണം അനുസരിച്ച്‌ ഇസ്രായേല്യ അടിമകളോട്‌ എങ്ങനെ പെരുമാറണമായിരുന്നു? (ബി) യജമാനനെ സ്‌നേഹിച്ചിരുന്ന അടിമയ്‌ക്ക്‌ എന്തു തിരഞ്ഞെടുക്കാമായിരുന്നു?

“പുരാതന ലോകത്തിൽ അടിമത്തം വ്യാപകവും പരക്കെ അംഗീകരിക്കപ്പെട്ടതും ആയ ഒന്നായിരുന്നു” എന്ന്‌ ഹോൽമൻ ഇലസ്‌ട്രേറ്റഡ്‌ ബൈബിൾ ഡിക്‌ഷണറി പ്രസ്‌താവിക്കുന്നു. അത്‌ ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈജിപ്‌ത്‌, ഗ്രീസ്‌, റോം എന്നിവിടങ്ങളിലെ സമ്പദ്‌വ്യവസ്ഥ അടിമപ്പണിയിൽ അധിഷ്‌ഠിതമായിരുന്നു. ക്രിസ്‌തുവർഷം ഒന്നാം നൂറ്റാണ്ടിൽ, ഇറ്റലിയിൽ മൂന്നിൽ ഒരാളും മറ്റു രാജ്യങ്ങളിൽ അഞ്ചിൽ ഒരാളും അടിമയായിരുന്നു.”

2 പുരാതന ഇസ്രായേലിലും അടിമത്തം നിലനിന്നിരുന്നെങ്കിലും, മോശൈക ന്യായപ്രമാണം എബ്രായ അടിമകൾക്ക്‌ സംരക്ഷണം ഉറപ്പുവരുത്തിയിരുന്നു. ദൃഷ്ടാന്തത്തിന്‌, ഒരു ഇസ്രായേല്യൻ ആറു വർഷത്തിൽ കൂടുതൽ അടിമയായിരിക്കരുതെന്നു ന്യായപ്രമാണം നിഷ്‌കർഷിച്ചിരുന്നു. ഏഴാം വർഷത്തിൽ ‘ഒന്നും കൊടുക്കാതെ അവനു സ്വതന്ത്രനായി പോകാമായിരുന്നു.’ എന്നാൽ അടിമകളോടുള്ള പെരുമാറ്റം സംബന്ധിച്ച വ്യവസ്ഥകൾ വളരെ നീതിയുക്തവും അനുകമ്പാപൂർണവും ആയിരുന്നതിനാൽ മോശൈക ന്യായപ്രമാണം പിൻവരുന്ന കരുതൽ ഏർപ്പെടുത്തിയിരുന്നു: “ദാസൻ [“അടിമ,” NW]: ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും മക്കളെയും സ്‌നേഹിക്കുന്നു; ഞാൻ സ്വതന്ത്രനായി പോകയില്ല എന്നു തീർത്തുപറഞ്ഞാൽ യജമാനൻ അവനെ ദൈവസന്നിധിയിൽ കൂട്ടിക്കൊണ്ടു ചെന്നു കതകിന്റെയോ കട്ടളക്കാലിന്റെയോ അടുക്കൽ നിറുത്തീട്ടു സൂചികൊണ്ടു അവന്റെ കാതു കുത്തി തുളക്കേണം; പിന്നെ അവൻ എന്നേക്കും അവന്നു ദാസനായിരിക്കേണം” അഥവാ അടിമയായിരിക്കണം.​—⁠പുറപ്പാടു 21:⁠2-6; ലേവ്യപുസ്‌തകം 25:⁠42, 43; ആവർത്തനപുസ്‌തകം 15:⁠12-18.

3. (എ) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ ഏതു തരം അടിമത്തം സ്വീകരിച്ചു? (ബി) ദൈവത്തെ സേവിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്‌ എന്ത്‌?

3 സ്വമനസ്സാ ഉള്ള അടിമത്തം സംബന്ധിച്ച ക്രമീകരണം, സത്യക്രിസ്‌ത്യാനികൾ വഹിക്കുന്ന അടിമത്തത്തിന്റെ പൂർവവീക്ഷണം ആയിരുന്നു. ഉദാഹരണത്തിന്‌, ബൈബിൾ എഴുത്തുകാരായ പൗലൊസ്‌, യാക്കോബ്‌, പത്രൊസ്‌, യൂദാ എന്നിവരെല്ലാം തങ്ങളെത്തന്നെ ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും അടിമകളായി തിരിച്ചറിയിച്ചു. (തീത്തൊസ്‌ 1:⁠3; യാക്കോബ്‌ 1:⁠1; 2 പത്രൊസ്‌ 1:⁠1; യൂദാ 1) തെസ്സലൊനീക്യയിലെ ക്രിസ്‌ത്യാനികൾ, ‘ജീവനുള്ള സത്യദൈവത്തെ സേവിപ്പാൻ [“സത്യദൈവത്തിന്‌ അടിമവേല ചെയ്യാൻ,” NW] വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞുവന്ന’ കാര്യം പൗലൊസ്‌ അവരെ ഓർമിപ്പിച്ചു. (1 തെസ്സലൊനീക്യർ 1:⁠9) സ്വമനസ്സാ ദൈവത്തിന്റെ അടിമകളായിത്തീരാൻ ആ ക്രിസ്‌ത്യാനികളെ പ്രേരിപ്പിച്ചത്‌ എന്താണ്‌? തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം പരിത്യജിക്കാൻ ഇസ്രായേല്യ അടിമയെ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു? യജമാനനോടുള്ള സ്‌നേഹം ആയിരുന്നില്ലേ? സമാനമായി, ക്രിസ്‌തീയ അടിമത്തം ദൈവത്തോടുള്ള സ്‌നേഹത്തിലാണ്‌ അധിഷ്‌ഠിതമായിരിക്കുന്നത്‌. ജീവനുള്ള സത്യദൈവത്തെ നാം അറിയുകയും സ്‌നേഹിക്കുകയും ചെയ്യുമ്പോൾ, അവനെ “പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ” സേവിക്കാൻ നാം പ്രേരിതരായിത്തീരുന്നു. (ആവർത്തനപുസ്‌തകം 10:⁠12, 13) എന്നാൽ ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും അടിമയായിത്തീരുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? ഇത്‌ നമ്മുടെ അനുദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു?

“എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ”

4. നാം ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും അടിമകളായിത്തീരുന്നത്‌ എങ്ങനെ?

4 “ഒന്നോ അതിലധികമോ വ്യക്തികളുടെ നിയമപരമായ സ്വത്തും സമ്പൂർണമായി അനുസരിക്കാൻ ബാധ്യസ്ഥനും ആയ ഒരാൾ” എന്നാണ്‌ അടിമയെ നിർവചിക്കുന്നത്‌. യഹോവയ്‌ക്കു നമ്മുടെ ജീവിതം സമർപ്പിച്ചു സ്‌നാപനമേൽക്കുമ്പോൾ നാം അവന്റെ നിയമപരമായ സ്വത്തായിത്തീരുന്നു. “നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ വിശദീകരിക്കുന്നു. (1 കൊരിന്ത്യർ 6:⁠19) ആ വില, തീർച്ചയായും യേശുക്രിസ്‌തുവിന്റെ മറുവിലയാഗമാണ്‌. കാരണം, നാം അഭിഷിക്ത ക്രിസ്‌ത്യാനികളായാലും ഭൗമിക പ്രത്യാശയുള്ള, അവരുടെ സഹകാരികളായാലും ആ മറുവിലയുടെ അടിസ്ഥാനത്തിലാണ്‌ ദൈവം നമ്മെ തന്റെ സേവകരായി സ്വീകരിക്കുന്നത്‌. (എഫെസ്യർ 1:⁠7; 2:⁠13; വെളിപ്പാടു 5:⁠9) അതുകൊണ്ട്‌ സ്‌നാപനംമുതൽ, “നാം കർത്താവിന്നുള്ളവർ” അഥവാ യഹോവയ്‌ക്കുള്ളവർ ആണ്‌. (റോമർ 14:⁠8) നമ്മെ യേശുക്രിസ്‌തുവിന്റെ അമൂല്യ രക്തത്താൽ വിലയ്‌ക്കു വാങ്ങിയിരിക്കയാൽ, നാം അവന്റെയും അടിമകൾ ആയിത്തീരുന്നു. നാം അവന്റെ കൽപ്പനകൾ അനുസരിക്കാൻ ബാധ്യസ്ഥരുമാണ്‌.​—⁠1 പത്രൊസ്‌ 1:⁠18, 19.

5. യഹോവയുടെ അടിമകളെന്ന നിലയിൽ നമുക്കു പ്രാഥമികമായി എന്ത്‌ ഉത്തരവാദിത്വമുണ്ട്‌, നമുക്ക്‌ അതെങ്ങനെ നിറവേറ്റാൻ കഴിയും?

5 അടിമകൾ തങ്ങളുടെ യജമാനനെ അനുസരിക്കണം. നമ്മുടെ അടിമത്തം സ്വമനസ്സാ ഉള്ളതും യജമാനനോടുള്ള സ്‌നേഹത്താൽ പ്രേരിതവും ആണ്‌. “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം; അവന്റെ കല്‌പനകൾ ഭാരമുള്ളവയല്ല” എന്ന്‌ 1 യോഹന്നാൻ 5:⁠3 പറയുന്നു. അപ്പോൾ നമ്മെ സംബന്ധിച്ചിടത്തോളം, അനുസരണം നമ്മുടെ സ്‌നേഹത്തിന്റെയും കീഴ്‌പെടലിന്റെയും തെളിവാണ്‌. നാം ചെയ്യുന്ന എല്ലാറ്റിലും അതു പ്രകടമാണ്‌. “നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്‌താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ” എന്ന്‌ പൗലൊസ്‌ പറഞ്ഞു. (1 കൊരിന്ത്യർ 10:⁠31) അനുദിന ജീവിതത്തിൽ എളിയ വിധങ്ങളിൽപ്പോലും, നാം ‘കർത്താവിനെ സേവിക്കുന്നവരാണെന്ന്‌’ അഥവാ യഹോവയുടെ അടിമകളാണെന്നു കാണിക്കാൻ നാം ആഗ്രഹിക്കുന്നു.​—⁠റോമർ 12:⁠11.

6. ദൈവത്തിന്റെ അടിമകളായിരിക്കുന്നത്‌ നാം കൈക്കൊള്ളുന്ന തീരുമാനങ്ങളെ എങ്ങനെ ബാധിക്കുന്നു? ഉദാഹരണസഹിതം വ്യക്തമാക്കുക.

6 ഉദാഹരണത്തിന്‌, തീരുമാനങ്ങളെടുക്കുമ്പോൾ നമ്മുടെ സ്വർഗീയ യജമാനനായ യഹോവയുടെ ഹിതം ഗൗരവമായെടുക്കാൻ നാം ആഗ്രഹിക്കുന്നു. (മലാഖി 1:⁠6) ദുഷ്‌കരമായ തീരുമാനങ്ങൾ ദൈവത്തോടുള്ള നമ്മുടെ അനുസരണത്തെ പരീക്ഷിച്ചേക്കാം. അത്തരം സാഹചര്യങ്ങളിൽ, “കപടവും വിഷമവുമുള്ള” നമ്മുടെ ഹൃദയത്തിന്റെ ചായ്‌വുകൾ പിൻപറ്റുന്നതിനു പകരം നാം യഹോവയുടെ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുമോ? (യിരെമ്യാവു 17:⁠9) മെലിസ, ഒറ്റയ്‌ക്കുള്ള ഒരു ക്രിസ്‌ത്യാനിയായിരുന്നു. അവൾ സ്‌നാപനമേറ്റ്‌ അധികം കഴിയുന്നതിനു മുമ്പുതന്നെ ഒരു യുവാവ്‌ അവളോടു താത്‌പര്യം കാണിക്കാൻ തുടങ്ങി. മാന്യമായ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്‌, അദ്ദേഹം യഹോവയുടെ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കുന്നുമുണ്ടായിരുന്നു. എന്നിരുന്നാലും, ‘കർത്താവിൽ വിശ്വസിക്കുന്നവനെ മാത്രം’ വിവാഹം കഴിക്കുക എന്ന യഹോവയുടെ കൽപ്പന അനുസരിക്കുന്നതിന്റെ ജ്ഞാനത്തെക്കുറിച്ച്‌ ഒരു മൂപ്പൻ അവളോടു സംസാരിച്ചു. (1 കൊരിന്ത്യർ 7:⁠39; 2 കൊരിന്ത്യർ 6:⁠14) “ആ ഉപദേശം പിൻപറ്റുക എളുപ്പമായിരുന്നില്ല,” മെലിസ സമ്മതിക്കുന്നു. “എന്നാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ എന്നെത്തന്നെ സമർപ്പിച്ചിരുന്നതിനാൽ, അവന്റെ വ്യക്തമായ മാർഗനിർദേശം അനുസരിക്കാൻ ഞാൻ തീരുമാനിച്ചു.” പിന്നീടു സംഭവിച്ചതിനെക്കുറിച്ച്‌ അവൾ പറയുന്നു: “ആ ഉപദേശം പിൻപറ്റിയതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ആ ചെറുപ്പക്കാരൻ താമസിയാതെ പഠനം അവസാനിപ്പിച്ചു. ആ ബന്ധം തുടർന്നിരുന്നെങ്കിൽ എനിക്കിപ്പോൾ അവിശ്വാസിയായ ഒരു ഭർത്താവിനോടൊപ്പം കഴിയേണ്ടിവരുമായിരുന്നു.”

7, 8. (എ) ആളുകളെ പ്രസാദിപ്പിക്കുന്നതു സംബന്ധിച്ച്‌ നാം അമിത ചിന്തയുള്ളവർ ആയിരിക്കരുതാത്തത്‌ എന്തുകൊണ്ട്‌? (ബി) മാനുഷഭയം തരണം ചെയ്യാൻ കഴിയുന്നത്‌ എങ്ങനെയെന്ന്‌ ഉദാഹരിക്കുക.

7 ദൈവത്തിന്റെ അടിമകളായ നാം, മനുഷ്യരുടെ അടിമകളാകരുത്‌. (1 കൊരിന്ത്യർ 7:⁠23) മറ്റുള്ളവർ നമ്മെക്കുറിച്ചു മോശമായി വിചാരിക്കാൻ നമ്മിലാരും ആഗ്രഹിക്കുന്നില്ലെന്നതു സത്യംതന്നെ. എന്നാൽ ക്രിസ്‌ത്യാനികളുടെ നിലവാരങ്ങൾ ലോകത്തിന്റേതിൽനിന്നു വ്യത്യസ്‌തമാണെന്ന കാര്യം നാം മനസ്സിൽപ്പിടിക്കണം. പൗലൊസ്‌ ഇങ്ങനെ ചോദിച്ചു: “ഞാൻ മനുഷ്യരെ പ്രസാദിപ്പിപ്പാൻ നോക്കുന്നുവോ?” “ഞാൻ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കിൽ ക്രിസ്‌തുവിന്റെ ദാസനായിരിക്കയില്ല” എന്ന്‌ അവൻ തിരിച്ചറിഞ്ഞിരുന്നു. (ഗലാത്യർ 1:⁠10) സമപ്രായക്കാരിൽനിന്നുള്ള സമ്മർദത്തിനു വഴങ്ങി നാം മനുഷ്യരെ പ്രസാദിപ്പിക്കുന്നവർ ആകാൻ പാടില്ല. അങ്ങനെയെങ്കിൽ, അനുരൂപപ്പെടാനുള്ള സമ്മർദമുണ്ടാകുമ്പോൾ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

8 സ്‌പെയിനിലെ ഒരു യുവ ക്രിസ്‌ത്യാനിയായ ഏലേനായുടെ കാര്യമെടുക്കുക. അവളുടെ സഹപാഠികളിൽ പലരും രക്തം ദാനം ചെയ്‌തിരുന്നു. യഹോവയുടെ സാക്ഷികളിലൊരാളായ ഏലേനാ, രക്തം ദാനംചെയ്യുകയോ രക്തം സ്വീകരിക്കുകയോ ഇല്ലെന്ന്‌ അവർക്ക്‌ അറിയാമായിരുന്നു. ക്ലാസ്സിൽ തന്റെ നിലപാടിനെക്കുറിച്ചു വിശദീകരിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ, ഒരു അവതരണം നടത്താൻ അവൾ മുൻകൈയെടുത്തു. “ശരിക്കും പറഞ്ഞാൽ, എനിക്ക്‌ എന്തെന്നില്ലാത്ത പരിഭ്രമം തോന്നി,” ഏലേനാ പറയുന്നു. “എന്നാൽ ഞാൻ നന്നായി തയ്യാറായി, ഫലം അതിശയകരമായിരുന്നു. എന്റെ സഹപാഠികളിൽ പലരുടെയും ബഹുമാനം നേടാൻ എനിക്കു കഴിഞ്ഞു. ഞാൻ ഒരു നല്ല വേലയാണു ചെയ്യുന്നതെന്നു പറഞ്ഞുകൊണ്ട്‌ അധ്യാപകൻ എന്നെ അഭിനന്ദിച്ചു. അതിനെല്ലാമുപരി, യഹോവയുടെ നാമത്തിനുവേണ്ടി പ്രതിവാദംചെയ്യാനും എന്റെ തിരുവെഴുത്തു നിലപാടിന്റെ കാരണങ്ങൾ വ്യക്തമായി വിശദീകരിക്കാനും കഴിഞ്ഞതിൽ എനിക്കു സംതൃപ്‌തി തോന്നി.” (ഉല്‌പത്തി 9:⁠3, 4; പ്രവൃത്തികൾ 15:⁠28, 29) അതേ, ദൈവത്തിന്റെയും ക്രിസ്‌തുവിന്റെയും അടിമകളെന്ന നിലയിൽ നാം വ്യത്യസ്‌തരാണ്‌. എന്നിരുന്നാലും, നമ്മുടെ വിശ്വാസങ്ങളെപ്രതി ആദരവോടെ പ്രതിവാദംചെയ്യാൻ നാം തയ്യാറെടുത്തിട്ടുണ്ടെങ്കിൽ മിക്ക അവസരങ്ങളിലും നമുക്ക്‌ ആളുകളുടെ ബഹുമാനം നേടാൻ സാധിക്കും.​—⁠1 പത്രൊസ്‌ 3:⁠15.

9. അപ്പൊസ്‌തലനായ യോഹന്നാനു പ്രത്യക്ഷപ്പെട്ട ദൂതനിൽനിന്നു നാം എന്തു പഠിക്കുന്നു?

9 നാം ദൈവത്തിന്റെ അടിമകളാണെന്ന്‌ ഓർത്തിരിക്കുന്നത്‌ താഴ്‌മയുള്ളവരായിരിക്കാനും നമ്മെ സഹായിക്കും. ഒരവസരത്തിൽ, സ്വർഗീയ യെരൂശലേമിന്റെ ഉജ്ജ്വലമായ ഒരു ദർശനത്തിൽ അങ്ങേയറ്റം മതിപ്പുതോന്നിയ യോഹന്നാൻ അപ്പൊസ്‌തലൻ, ആരാധിക്കാനായി ദൈവത്തിന്റെ വക്താവായി സേവിച്ച ദൂതന്റെ കാൽക്കൽ വീണു. എന്നാൽ ദൂതൻ അവനോട്‌, “അതരുതു: ഞാൻ നിന്റെയും നിന്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്‌തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രേ [അഥവാ സഹ അടിമയത്രേ]; ദൈവത്തെ നമസ്‌കരിക്ക” എന്നു പറഞ്ഞു. (വെളിപ്പാടു 22:⁠8, 9) ദൈവത്തിന്റെ അടിമകളായ എല്ലാവർക്കും എത്ര അനുകരണീയമായ മാതൃക! ചില ക്രിസ്‌ത്യാനികൾ സഭയിൽ പ്രത്യേക ഉത്തരവാദിത്വ സ്ഥാനങ്ങൾ വഹിക്കുന്നവർ ആയിരിക്കാം. എന്നാൽ യേശു പറഞ്ഞു: “നിങ്ങളിൽ മഹാൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം. നിങ്ങളിൽ ഒന്നാമൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം നിങ്ങളുടെ ദാസൻ [അഥവാ അടിമ] ആകേണം.” (മത്തായി 20:⁠26, 27) യേശുവിന്റെ അനുഗാമികളെന്ന നിലയിൽ നാമെല്ലാം അടിമകളാണ്‌.

‘ഞങ്ങൾ ചെയ്യേണ്ടതേ ചെയ്‌തിട്ടുള്ളൂ’

10. ദൈവത്തിന്റെ വിശ്വസ്‌ത സേവകർക്ക്‌, ദൈവേഷ്ടം ചെയ്യുന്നത്‌ എല്ലായ്‌പോഴും എളുപ്പമായിരുന്നില്ലെന്നു കാണിക്കുന്ന തിരുവെഴുത്ത്‌ ഉദാഹരണങ്ങൾ നൽകുക.

10 അപൂർണ മനുഷ്യരെ സംബന്ധിച്ചിടത്തോളം ദൈവേഷ്ടം ചെയ്യുകയെന്നത്‌ എല്ലായ്‌പോഴും എളുപ്പമല്ല. ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്ന്‌ ഇസ്രായേൽമക്കളെ കൊണ്ടുവരാൻ യഹോവ പറഞ്ഞപ്പോൾ പ്രവാചകനായ മോശെ അനുസരിക്കാൻ മടിച്ചു. (പുറപ്പാടു 3:⁠10, 11; 4:⁠1, 10) നീനെവേയിലെ ആളുകളോടു ന്യായവിധി സന്ദേശം പ്രസംഗിക്കാനുള്ള നിയോഗം ലഭിച്ചപ്പോൾ യോനാ, “യഹോവയുടെ സന്നിധിയിൽനിന്നു തർശീശിലേക്കു ഓടിപ്പോകേണ്ടതിന്നു പുറപ്പെട്ടു.” (യോനാ 1:⁠2, 3) യിരെമ്യാ പ്രവാചകന്റെ സെക്രട്ടറിയായിരുന്ന ബാരൂക്ക്‌, താൻ തളർന്നുപോയിരിക്കുന്നെന്നു പരാതിപ്പെട്ടു. (യിരെമ്യാവു 45:⁠2, 3) നമ്മുടെ വ്യക്തിപരമായ താത്‌പര്യങ്ങളോ ഇഷ്ടാനിഷ്ടങ്ങളോ ദൈവേഷ്ടം ചെയ്യുന്നതിനു വിരുദ്ധമായിരിക്കുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം? യേശു പറഞ്ഞ ഒരു ദൃഷ്ടാന്തം ഉത്തരം പ്രദാനം ചെയ്യുന്നു.

11, 12. (എ) ലൂക്കൊസ്‌ 17:⁠7-10-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ദൃഷ്ടാന്തം ചുരുക്കിപ്പറയുക. (ബി) യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു നാം എന്തു പാഠം ഉൾക്കൊള്ളുന്നു?

11 മുഴുദിവസവും തന്റെ യജമാനന്റെ ആടുകളെ വയലിൽ മേയ്‌ച്ചുകൊണ്ടിരുന്ന ഒരു അടിമയെപ്പറ്റി യേശു പറഞ്ഞു. ഏകദേശം 12 മണിക്കൂർ നേരത്തെ ശ്രമകരമായ വേലയ്‌ക്കുശേഷം ക്ഷീണിച്ചു വീട്ടിലെത്തിയപ്പോൾ വിശ്രമിക്കാനും തൃപ്‌തിയാകുവോളം ഭക്ഷണം കഴിക്കാനും യജമാനൻ അവനോടു പറഞ്ഞില്ല. നേരെ മറിച്ച്‌, യജമാനൻ ഇങ്ങനെയാണു പറഞ്ഞത്‌: “എനിക്കു അത്താഴം ഒരുക്കുക; ഞാൻ തിന്നുകുടിച്ചു തീരുവോളം അരകെട്ടി എനിക്കു ശുശ്രൂഷചെയ്‌ക; പിന്നെ നീയും തിന്നുകുടിച്ചുകൊൾക.” യജമാനനു വേണ്ടതു ചെയ്‌തുകൊടുത്തശേഷമേ അടിമയ്‌ക്കു സ്വന്തം ആവശ്യം നിറവേറ്റാൻ കഴിയുമായിരുന്നുള്ളൂ. ഇങ്ങനെ പറഞ്ഞുകൊണ്ട്‌ യേശു ദൃഷ്ടാന്തം ഉപസംഹരിച്ചു: “അവ്വണ്ണം നിങ്ങളോടു കല്‌പിച്ചതു ഒക്കെയും ചെയ്‌തശേഷം: ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്‌തിട്ടുള്ളു എന്നു നിങ്ങളും പറവിൻ.”​—⁠ലൂക്കൊസ്‌ 17:⁠7-10.

12 യഹോവയുടെ സേവനത്തിൽ നാം ചെയ്യുന്നത്‌ അവൻ വിലമതിക്കുന്നില്ലെന്നല്ല യേശു ഈ ദൃഷ്ടാന്തത്തിലൂടെ സൂചിപ്പിച്ചത്‌. ബൈബിൾ വ്യക്തമായി പ്രസ്‌താവിക്കുന്നു: “ദൈവം നിങ്ങളുടെ പ്രവൃത്തിയും . . . തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നുകളവാൻ തക്കവണ്ണം അനീതിയുള്ളവനല്ല.” (എബ്രായർ 6:⁠10) അടിമയ്‌ക്കു സ്വയം പ്രീതിപ്പെടുത്താനോ സ്വന്തം സുഖങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനോ സാധിക്കുകയില്ലെന്നാണ്‌ യേശുവിന്റെ ദൃഷ്ടാന്തത്തിൽനിന്നു നാം പഠിക്കുന്നത്‌. നമ്മെത്തന്നെ ദൈവത്തിനു സമർപ്പിക്കുകയും അവന്റെ അടിമകളായിരിക്കാൻ തീരുമാനിക്കുകയും ചെയ്‌തപ്പോൾ, നമ്മുടെ ഇഷ്ടത്തിനുപരിയായി ദൈവേഷ്ടം പ്രതിഷ്‌ഠിക്കാൻ നാം സമ്മതിച്ചതാണ്‌. നമ്മുടെ ഇഷ്ടത്തെ നാം ദൈവേഷ്ടത്തിനു കീഴ്‌പെടുത്തണം.

13, 14. (എ) ഏതു സാഹചര്യങ്ങളിൽ നമുക്കു നമ്മുടെതന്നെ ചായ്‌വുകളെ മറികടക്കേണ്ടിവന്നേക്കാം? (ബി) നാം ദൈവേഷ്ടത്തിന്‌ ഒന്നാംസ്ഥാനം നൽകേണ്ടത്‌ എന്തുകൊണ്ട്‌?

13 ദൈവവചനവും “വിശ്വസ്‌തനും വിവേകിയുമായ അടിമ” പ്രദാനംചെയ്യുന്ന പ്രസിദ്ധീകരണങ്ങളും ക്രമമായി പഠിക്കുന്നത്‌ നമ്മുടെ ഭാഗത്തു വലിയ ശ്രമം ആവശ്യമാക്കിത്തീർത്തേക്കാം. (മത്തായി 24:⁠45, NW) നമുക്കു വായനശീലം പൊതുവേ ഇല്ലാതിരിക്കുകയോ, പ്രസിദ്ധീകരണം “ദൈവത്തിന്റെ ആഴ”മായ കാര്യങ്ങൾ ചർച്ചചെയ്യുകയോ ആണെങ്കിൽ വിശേഷിച്ച്‌ ഇതു സത്യമായിരുന്നേക്കാം. (1 കൊരിന്ത്യർ 2:⁠10) എങ്കിലും നാം വ്യക്തിപരമായ പഠനത്തിനായി സമയം പട്ടികപ്പെടുത്തേണ്ടതല്ലേ? സ്വസ്ഥമായിരുന്ന്‌, സമയമെടുത്തു പഠിക്കാൻ നാം സ്വയം ശിക്ഷണം നൽകേണ്ടതുണ്ടായിരിക്കാം. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ‘പ്രായം തികഞ്ഞവർക്കുള്ള, കട്ടിയായ ആഹാരത്തോടുള്ള’ താത്‌പര്യം വളർത്തിയെടുക്കാൻ നമുക്ക്‌ എങ്ങനെ കഴിയും?​—⁠എബ്രായർ 5:⁠14.

14 പകൽമുഴുവൻ ജോലിചെയ്‌തു ക്ഷീണിച്ച്‌ വീട്ടിലെത്തുന്ന സമയങ്ങളിലോ? ക്രിസ്‌തീയ യോഗങ്ങളിൽ ഹാജരാകാൻ നാം കഠിനശ്രമം ചെയ്യേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ, അപരിചിതരോടു സംസാരിക്കുന്നത്‌ നമ്മുടെ സ്വാഭാവിക ചായ്‌വിനു വിരുദ്ധമായിരിക്കാം. ‘നമ്മുടെ ഇഷ്ടത്തിനു വിരുദ്ധമായി’ (NW) സുവാർത്ത പ്രസംഗിക്കേണ്ടിവരുന്ന അവസരങ്ങൾ ഉണ്ടാകാമെന്ന്‌ പൗലൊസുതന്നെ സമ്മതിച്ചു. (1 കൊരിന്ത്യർ 9:⁠17) എന്നിരുന്നാലും ഈ കാര്യങ്ങൾ ചെയ്യണമെന്ന്‌ നാം സ്‌നേഹിക്കുന്ന നമ്മുടെ സ്വർഗീയ യജമാനനായ യഹോവ ആവശ്യപ്പെടുന്നതിനാൽ നാം ഇവ ചെയ്യുന്നു. പഠനത്തിനും യോഗങ്ങളിൽ ഹാജരാകുന്നതിനും പ്രസംഗവേലയിൽ ഏർപ്പെടുന്നതിനും ശ്രമംചെയ്യുന്ന ഓരോ അവസരത്തിലും നമുക്കു സംതൃപ്‌തിയും നവോന്മേഷവും അനുഭവപ്പെടുന്നില്ലേ?​—⁠സങ്കീർത്തനം 1:⁠1, 2; 122:⁠1; 145:⁠10-13.

‘പുറകോട്ടു നോക്കരുത്‌’

15. ദൈവത്തിനു കീഴ്‌പെട്ടിരിക്കുന്ന കാര്യത്തിൽ യേശു മാതൃകവെച്ചത്‌ എങ്ങനെ?

15 യേശുക്രിസ്‌തു അത്യുത്‌കൃഷ്ടമായ ഒരു വിധത്തിൽ തന്റെ സ്വർഗീയ പിതാവിനോടുള്ള കീഴ്‌പെടൽ പ്രകടിപ്പിച്ചു. യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്‌വാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നത്‌.” (യോഹന്നാൻ 6:⁠38) ഗെത്ത്‌ശെമനത്തോട്ടത്തിൽ അതിവേദനയിൽ ആയിരിക്കെ, അവൻ ഇങ്ങനെ പ്രാർഥിച്ചു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ.”​—⁠മത്തായി 26:⁠39.

16, 17. (എ) പിന്നിൽ വിട്ടുകളഞ്ഞ കാര്യങ്ങളെ നാം എങ്ങനെ വീക്ഷിക്കണം? (ബി) ലൗകികമായി തനിക്കു നേടാമായിരുന്ന കാര്യങ്ങളെ ‘ചവറ്‌’ എന്നു കണക്കാക്കിയപ്പോൾ പൗലൊസ്‌ യാഥാർഥ്യബോധം പുലർത്തിയത്‌ എങ്ങനെ?

16 ദൈവത്തിന്റെ അടിമകൾ ആയിരിക്കാനുള്ള നമ്മുടെ തീരുമാനത്തോടു നാം വിശ്വസ്‌തത പുലർത്താൻ യേശുക്രിസ്‌തു ആഗ്രഹിക്കുന്നു. അവൻ പറഞ്ഞു: “കലപ്പെക്കു കൈ വെച്ചശേഷം പുറകോട്ടു നോക്കുന്നവൻ ആരും ദൈവരാജ്യത്തിന്നു കൊള്ളാകുന്നവനല്ല.” (ലൂക്കൊസ്‌ 9:⁠62) ദൈവത്തിന്‌ അടിമവേല ചെയ്യുമ്പോൾ, പിന്നിൽ വിട്ടുകളഞ്ഞ സംഗതികളെക്കുറിച്ചു നാം സദാ ചിന്തിച്ചുകൊണ്ടിരിക്കുന്നത്‌ ഒരിക്കലും ഉചിതമല്ല. മറിച്ച്‌, ദൈവത്തിന്റെ അടിമകളായിരിക്കാൻ തീരുമാനിച്ചതു നിമിത്തം നമുക്കു ലഭിച്ചിട്ടുള്ളതെല്ലാം നാം അങ്ങേയറ്റം വിലമതിക്കണം. പൗലൊസ്‌ ഫിലിപ്പിയർക്ക്‌ എഴുതി: “എന്റെ കർത്താവായ ക്രിസ്‌തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്‌ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു. ഞാൻ ക്രിസ്‌തുവിനെ നേടേണ്ടതിനും . . . അവന്റെ നിമിത്തം എല്ലാം ഉപേക്ഷിച്ചു ചവറു എന്നു എണ്ണുന്നു.”​—⁠ഫിലിപ്പിയർ 3:⁠8-11എ.

17 ദൈവത്തിന്റെ ഒരു അടിമയെന്ന നിലയിൽ പൗലൊസ്‌, ആത്മീയ പ്രതിഫലങ്ങൾക്കായി ചവറ്‌ ആയി കണക്കാക്കുകയും ഉപേക്ഷിക്കുകയും ചെയ്‌ത കാര്യങ്ങളെക്കുറിച്ച്‌ ഒന്നു ചിന്തിക്കുക. ലോകത്തിന്റെ സുഖങ്ങൾ മാത്രമല്ല, യഹൂദമതത്തിന്റെ ഒരു നേതാവ്‌ ആയിത്തീരാനുള്ള സാധ്യതയും അവൻ ഉപേക്ഷിച്ചു. പൗലൊസ്‌ യഹൂദമതത്തിൽ തുടർന്നിരുന്നെങ്കിൽ, അവൻ തന്റെ ഗുരുവായ ഗമാലിയേലിന്റെ പുത്രൻ ശിമെയോനെപ്പോലെ ഒരു ഉന്നതപദവിയിൽ എത്തിച്ചേരാനിടയുണ്ടായിരുന്നു. (പ്രവൃത്തികൾ 22:⁠3; ഗലാത്യർ 1:⁠14) ശിമെയോൻ പരീശന്മാരുടെ ഒരു നേതാവായിത്തീരുകയും പൊതുയുഗം 66-70-ൽ റോമിനെതിരെ ഉണ്ടായ യഹൂദ കലാപത്തിൽ​—⁠അതു സംബന്ധിച്ച്‌ ശിമെയോനു ചില സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും​—⁠ഒരു പ്രധാന പങ്ക്‌ വഹിക്കുകയും ചെയ്‌തു. ആ സംഘട്ടനത്തിൽ യഹൂദ തീവ്രവാദികളാലോ റോമൻ സൈന്യത്താലോ അവൻ കൊല്ലപ്പെട്ടു.

18. ആത്മീയ നേട്ടങ്ങൾ പ്രതിഫലദായകം ആയിരിക്കുന്നത്‌ എങ്ങനെയെന്നു കാണിക്കുന്ന ഒരു ഉദാഹരണം പറയുക.

18 യഹോവയുടെ സാക്ഷികളിൽ പലരും പൗലൊസിന്റെ മാതൃക അനുകരിച്ചിട്ടുണ്ട്‌. “സ്‌കൂൾ പഠനത്തിനുശേഷം ഏതാനും വർഷം കഴിഞ്ഞപ്പോൾ, ലണ്ടനിലെ പ്രമുഖനായ ഒരു അഭിഭാഷകന്റെ എക്‌സിക്യൂട്ടിവ്‌ സെക്രട്ടറിയായി എനിക്കു ജോലി കിട്ടി,” ജിൻ പറയുന്നു. “ഞാൻ ജോലി നന്നായി ആസ്വദിച്ചു, ധാരാളം പണവും സമ്പാദിച്ചു. എന്നാൽ യഹോവയെ സേവിക്കാൻ എനിക്കു കൂടുതൽ ചെയ്യാനാകുമെന്ന്‌ ഉള്ളിന്റെയുള്ളിൽ എനിക്കറിയാമായിരുന്നു. ഒടുവിൽ ഞാൻ രാജിക്കത്തു കൊടുത്തു, പയനിയറിങ്‌ ആരംഭിക്കുകയും ചെയ്‌തു. ഏകദേശം 20 വർഷംമുമ്പ്‌ ആ തീരുമാനമെടുത്തതിൽ ഞാൻ എത്ര നന്ദിയുള്ളവളാണ്‌! സെക്രട്ടറിയെന്ന നിലയിലുള്ള ജോലി കൈവരുത്തുമായിരുന്നതിലധികമായി മുഴുസമയ സേവനം എന്റെ ജീവിതത്തെ അർഥവത്താക്കിയിരിക്കുന്നു. യഹോവയുടെ വചനം ആളുകളുടെ ജീവിതത്തിൽ പരിവർത്തനം ഉളവാക്കുന്നതു കാണുമ്പോഴുള്ളതിനെക്കാൾ സംതൃപ്‌തി നൽകാൻ യാതൊന്നിനും കഴിയില്ല. അതിൽ ഒരു പങ്കുണ്ടായിരിക്കുകയെന്നത്‌ അത്ഭുതകരമാണ്‌. നാം യഹോവയ്‌ക്കു നൽകുന്നത്‌ അവനിൽനിന്നു നാം സ്വീകരിക്കുന്നതുമായി തട്ടിച്ചുനോക്കുമ്പോൾ ഒന്നുമല്ല.”

19. നമ്മുടെ ദൃഢനിശ്ചയം എന്തായിരിക്കണം, എന്തുകൊണ്ട്‌?

19 കാലം കടന്നുപോകുന്നതനുസരിച്ച്‌ നമ്മുടെ സാഹചര്യങ്ങൾക്കു മാറ്റം വന്നേക്കാം. എന്നിരുന്നാലും ദൈവത്തിനുള്ള നമ്മുടെ സമർപ്പണത്തിന്‌ യാതൊരു മാറ്റവും വരുന്നില്ല. നാം അപ്പോഴും യഹോവയുടെ അടിമകൾതന്നെയാണ്‌. നമ്മുടെ സമയം, ഊർജം, കഴിവുകൾ, മറ്റ്‌ ആസ്‌തികൾ എന്നിവ ഏറ്റവും മെച്ചമായി എങ്ങനെ ഉപയോഗിക്കാമെന്നു തീരുമാനിക്കാൻ അവൻ നമ്മെ അനുവദിക്കുന്നു. അതുകൊണ്ട്‌ ഇതു സംബന്ധിച്ചു നാം എടുക്കുന്ന തീരുമാനങ്ങൾ ദൈവത്തോടുള്ള നമ്മുടെ സ്‌നേഹത്തെ പ്രതിഫലിപ്പിക്കുന്നു. വ്യക്തിപരമായ ത്യാഗങ്ങൾ അനുഷ്‌ഠിക്കാൻ നാം എത്രത്തോളം മനസ്സൊരുക്കമുള്ളവർ ആണെന്നും അതു കാണിക്കുന്നു. (മത്തായി 6:⁠33) നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായിരുന്നാലും, കഴിയുന്നതിൽ ഏറ്റവും നല്ലത്‌ യഹോവയ്‌ക്കു കൊടുക്കാൻ നാം ദൃഢനിശ്ചയം ഉള്ളവരായിരിക്കേണ്ടതല്ലേ? പൗലൊസ്‌ എഴുതി: “ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്‌തിയില്ലാത്തതുപോലെയല്ല പ്രാപ്‌തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.”​—⁠2 കൊരിന്ത്യർ 8:⁠12.

‘നിങ്ങൾക്കു ഫലം ലഭിക്കുന്നു’

20, 21. (എ) ദൈവത്തിന്റെ അടിമകൾ എന്തു ഫലം ഉത്‌പാദിപ്പിക്കുന്നു? (ബി) തങ്ങളുടെ പരമാവധി യഹോവയെ സേവിക്കുന്നവർക്ക്‌ അവൻ പ്രതിഫലം നൽകുന്നത്‌ എങ്ങനെ?

20 ദൈവത്തിന്റെ അടിമകളായിരിക്കുന്നതു മർദകമല്ല. മറിച്ച്‌ നമ്മുടെ സന്തോഷം കവർന്നുകളയുന്ന ദ്രോഹകരമായ ഒരു അടിമത്തത്തിൽനിന്ന്‌ അതു നമ്മെ രക്ഷിക്കുന്നു. “പാപത്തിൽനിന്നു സ്വാതന്ത്ര്യം പ്രാപിച്ചു ദൈവത്തിന്നു ദാസന്മാരായിരിക്കയാൽ [അഥവാ അടിമകളായിരിക്കയാൽ] നിങ്ങൾക്കു ലഭിക്കുന്ന ഫലം വിശുദ്ധീകരണവും അതിന്റെ അന്തം നിത്യജീവനും ആകുന്നു” എന്ന്‌ പൗലൊസ്‌ എഴുതി. (റോമർ 6:⁠22) ദൈവത്തിന്‌ അടിമകളായിരിക്കുന്നതു വിശുദ്ധിയുടെ മാർഗത്തിൽ ഫലം ഉത്‌പാദിക്കുന്നു. അതായത്‌, നാം വിശുദ്ധമായ അഥവാ ധാർമികമായി ശുദ്ധിയുള്ള നടത്തയുടെ പ്രയോജനങ്ങൾ നേടുന്നു, ഭാവിയിൽ അതു നിത്യജീവനിലേക്കു നയിക്കുകയും ചെയ്യുന്നു.

21 യഹോവ തന്റെ അടിമകളോട്‌ ഉദാരമനസ്‌കത കാണിക്കുന്നു. അവന്റെ സേവനത്തിൽ നാം നമ്മുടെ പരമാവധി പ്രവർത്തിക്കുമ്പോൾ അവൻ നമുക്ക്‌ “ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം . . . അനുഗ്രഹം” ചൊരിയും. (മലാഖി 3:⁠10) യഹോവയുടെ അടിമകളായി സകലനിത്യതയിലും സേവിക്കുന്നത്‌ എത്ര ആനന്ദകരമായിരിക്കും!

നിങ്ങൾ ഓർമിക്കുന്നുവോ?

• നാം ദൈവത്തിന്റെ അടിമകൾ ആകുന്നത്‌ എന്തുകൊണ്ട്‌?

• ദൈവേഷ്ടത്തോടുള്ള നമ്മുടെ കീഴ്‌പെടൽ നാം പ്രകടിപ്പിക്കുന്നത്‌ എങ്ങനെ?

• യഹോവയുടെ ഹിതം നമ്മുടെ താത്‌പര്യങ്ങൾക്കുപരി പ്രതിഷ്‌ഠിക്കാൻ നാം മനസ്സൊരുക്കം കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• നാം ‘പുറകോട്ടു നോക്കരുതാത്തത്‌’ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[16, 17 പേജുകളിലെ ചിത്രം]

ഇസ്രായേലിലെ സ്വമനസ്സാ ഉള്ള അടിമത്ത ക്രമീകരണം ക്രിസ്‌തീയ അടിമത്തത്തിന്റെ പൂർവവീക്ഷണം ആയിരുന്നു

[17-ാം പേജിലെ ചിത്രം]

സ്‌നാപനമേൽക്കുമ്പോൾ നാം ദൈവത്തിന്റെ അടിമ ആയിത്തീരുന്നു

[17-ാം പേജിലെ ചിത്രങ്ങൾ]

ക്രിസ്‌ത്യാനികൾ ദൈവേഷ്ടം ഒന്നാമതു വെക്കുന്നു

[18-ാം പേജിലെ ചിത്രം]

തന്റെ നിയമനം ഏറ്റെടുക്കാൻ മോശെ വിമുഖത കാണിച്ചു