‘പത്മരാഗത്തോടു സദൃശൻ’
‘പത്മരാഗത്തോടു സദൃശൻ’
അപ്പൊസ്‌തലനായ യോഹന്നാന് സ്വർഗത്തിലുള്ള ഒരു മഹനീയ സിംഹാസനത്തിന്റെ ദർശനം ലഭിക്കുകയുണ്ടായി. സിംഹാസനത്തിൽ ഇരിക്കുന്നവൻ കാഴ്‌ചെക്കു “സൂര്യകാന്തത്തോടു . . . സദൃശൻ” ആയിരുന്നു. അവൻ “പത്മരാഗത്തോടും” സദൃശൻ ആയിരുന്നു. (വെളിപ്പാടു 4:2, 3) ഈ കല്ലുകൾ എങ്ങനെയുള്ളത് ആയിരുന്നു?
പുറമേ തിളക്കമുള്ള, അതാര്യമായ അഥവാ പ്രകാശം കടത്തിവിടാത്ത കല്ലുകൾ ആയിരുന്നില്ല ഇവ. ‘സൂര്യകാന്തം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം പുരാതനകാലത്ത്, സുതാര്യമായ അമൂല്യ രത്‌നങ്ങൾ ഉൾപ്പെടെ വ്യത്യസ്‌ത നിറങ്ങളിലുള്ള കല്ലുകളെ പരാമർശിക്കാൻ ഉപയോഗിച്ചിരുന്നു. വെളിപ്പാടു 4:3-ൽ പരാമർശിച്ചിരിക്കുന്ന “സൂര്യകാന്തം (Jasper), നിശ്ചയമായും ആ പേരിൽ ഇന്ന് അറിയപ്പെടുന്ന വിലകുറഞ്ഞ കല്ല് അല്ല” എന്ന് പുതിയ നിയമത്തിലെ വാങ്‌മയചിത്രങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്‌തകത്തിൽ എ. റ്റി. റോബർട്ട്‌സൺ പ്രസ്‌താവിക്കുന്നു. തന്നെയുമല്ല, വെളിപ്പാടു പുസ്‌തകത്തിന്റെ പിന്നീടുള്ള ഒരു ഭാഗത്ത് സ്വർഗീയ നഗരമായ യെരൂശലേമിനെ വർണിച്ചുകൊണ്ട് യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്‌നത്തിന്നു തുല്യമായി സ്‌ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു.” (വെളിപ്പാടു 21:10, 11) പ്രകാശത്തെ കടത്തിവിടുന്ന കല്ലുകളെയാണ് യോഹന്നാൻ ഇവിടെ പരാമർശിക്കുന്നതെന്നു തോന്നുന്നു.
യോഹന്നാന്റെ ദർശനത്തിൽ, സിംഹാസനത്തിൽ ഇരിക്കുന്നതായി പറയപ്പെട്ടിരിക്കുന്ന വ്യക്തി അഖിലാണ്ഡത്തിലെ ഏറ്റവും മഹത്ത്വമുള്ള വ്യക്തിയായ യഹോവയാം ദൈവമാണ്. പവിത്രതയുടെയും വിശുദ്ധിയുടെയും മൂർത്തിമദ്‌ഭാവമാണ് അവൻ. ആ വസ്‌തുതയ്‌ക്കു ചേർച്ചയിൽ യോഹന്നാൻ അപ്പൊസ്‌തലൻ ഇങ്ങനെ എഴുതി: “ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല.” (1 യോഹന്നാൻ 1:5) അതുകൊണ്ട്, യഹോവ ‘നിർമലനായിരിക്കുന്നതുപോലെ തങ്ങളെത്തന്നെ നിർമലീകരിക്കാൻ’ സഹവിശ്വാസികളെ യോഹന്നാൻ പ്രോത്സാഹിപ്പിച്ചു.—1 യോഹന്നാൻ 3:3.
ദൈവമുമ്പാകെ നിർമലരായി കാണപ്പെടാൻ നാം എന്തു ചെയ്യണം? പാപങ്ങളുടെ മോചനത്തിനായി ക്രിസ്‌തുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ നാം വിശ്വാസം അർപ്പിക്കേണ്ടത് ഏറ്റവും അനിവാര്യമാണ്. ക്രമമായി ബൈബിൾ പഠിച്ചുകൊണ്ടും അതിന്റെ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ടും “നാം വെളിച്ചത്തിൽ നടക്കു”ന്നതിൽ തുടരുകയും വേണം.—1 യോഹന്നാൻ 1:7.