വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“പിം” ബൈബിളിന്റെ ചരിത്രപരമായ ആധികാരികതയ്‌ക്ക്‌ ഒരു സാക്ഷ്യം

“പിം” ബൈബിളിന്റെ ചരിത്രപരമായ ആധികാരികതയ്‌ക്ക്‌ ഒരു സാക്ഷ്യം

“പിം” ബൈബിളിന്റെ ചരിത്രപരമായ ആധികാരികതയ്‌ക്ക്‌ ഒരു സാക്ഷ്യം

ബൈബിളിൽ ഒരിടത്തു മാത്രമേ “പിം” എന്ന വാക്ക്‌ കാണപ്പെടുന്നുള്ളൂ. ശൗൽ രാജാവിന്റെ നാളുകളിൽ ഇസ്രായേല്യർക്ക്‌, ലോഹം കൊണ്ടുള്ള തങ്ങളുടെ ആയുധങ്ങൾ മൂർച്ചവരുത്താൻ ഫെലിസ്‌ത്യ കൊല്ലന്മാരെ ആശ്രയിക്കേണ്ടിവന്നു. “കൊഴുവിന്നും കൂന്താലിക്കും ഒരു പീമും (“പിം,” NW), മഴു മൂർച്ച കൂട്ടുന്നതിന്നും തോട്ടി ഉറപ്പിക്കുന്നതിന്നും മൂന്നിലൊന്നു ശേക്കലും കൂലിയായിരുന്നു” എന്നു ബൈബിൾ പറയുന്നു.​—⁠1 ശമൂവേൽ 13:​21, ഓശാന ബൈബിൾ.

എന്തായിരുന്നു പിം? പൊതുയുഗം (പൊ.യു.) 1907-വരെ അതിനുള്ള ഉത്തരം അജ്ഞാതമായിരുന്നു. ആ വർഷം ഗേസെർ എന്ന പുരാതന നഗരത്തിൽ നടന്ന പുരാവസ്‌തു ഖനനത്തിനിടയിൽ, കല്ലുകൊണ്ടുള്ള ഒരു പിം തൂക്കക്കട്ടി ആദ്യമായി കണ്ടെടുക്കുകയുണ്ടായി. ബൈബിളിന്റെ മുൻകാല പരിഭാഷകർക്ക്‌ “പിം” എന്ന വാക്കു പരിഭാഷപ്പെടുത്താൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഉദാഹരണത്തിന്‌ ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം (ഇംഗ്ലീഷ്‌), 1 ശമൂവേൽ 13:21 പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ ഇപ്രകാരമാണ്‌: “എന്നാൽ മൺവെട്ടി, കലപ്പ, മുപ്പല്ലി, മഴു എന്നിവെക്കായും മുടിങ്കോൽ കൂർപ്പിപ്പാനും അവർക്കു അരം ഉണ്ടായിരുന്നു.”

ശരാശരി 7.82 ഗ്രാം തൂക്കം വരുന്ന, തൂക്കത്തിന്റെ ഒരു അളവ്‌ ആയിരുന്നു പിം എന്ന്‌ അല്ലെങ്കിൽ തൂക്കത്തിന്റെ അടിസ്ഥാന എബ്രായ ഏകകമായ ശേക്കെലിന്റെ ഏകദേശം മൂന്നിൽരണ്ടിനു തുല്യമാണ്‌ അത്‌ എന്ന്‌ ഇന്നത്തെ പണ്ഡിതന്മാർക്ക്‌ അറിയാം. ഉപകരണങ്ങൾ മൂർച്ചവരുത്താൻ ഇസ്രായേല്യർ ഫെലിസ്‌ത്യർക്കു നൽകേണ്ടിയിരുന്ന കൂലി ഒരു പിം വെള്ളി (ഇവ ഉപേക്ഷിച്ചുകളഞ്ഞ ലോഹക്കഷണങ്ങൾ ആയിരിക്കാൻ സാധ്യതയുണ്ട്‌) ആയിരുന്നു. പൊതുയുഗത്തിനുമുമ്പ്‌ (പൊ.യു.മു.) 607-ൽ, യെഹൂദാ രാജ്യവും അതിന്റെ തലസ്ഥാനമായ യെരൂശലേമും നിലംപതിച്ചപ്പോൾ, ശേക്കെലിന്റെ അടിസ്ഥാനത്തിൽ തൂക്കം നോക്കുന്ന രീതി നിന്നുപോയി. അപ്പോൾപ്പിന്നെ, പിം അളവ്‌ എബ്രായ പാഠത്തിന്റെ ചരിത്രപരതയെ സാക്ഷ്യപ്പെടുത്തുന്നത്‌ എങ്ങനെയാണ്‌?

ഒന്നു ശമൂവേൽ ഉൾപ്പെടെയുള്ള എബ്രായ തിരുവെഴുത്തു പാഠങ്ങൾ, യവന-റോമൻ കാലഘട്ടത്തിൽ, പൊ.യു.മു. രണ്ടിനും ഒന്നിനും ഇടയ്‌ക്കുപോലും എഴുതപ്പെട്ടതാണെന്നു ചില പണ്ഡിതന്മാർ വാദിക്കുന്നു. “അവ . . . ‘യഥാർഥ ചരിത്രമല്ല’. ‘ബൈബിൾ പറയുന്ന’ അല്ലെങ്കിൽ ‘പുരാതനമായ’ ഒരു ‘ഇസ്രായേൽ ജനതയെ’ക്കുറിച്ചുള്ള യഥാർഥ ചരിത്രവിവരങ്ങൾ നൽകാൻ അവ അപര്യാപ്‌തമോ അപ്രാപ്‌തമോ ആണ്‌, അതു രണ്ടും ആധുനിക കാലത്തെ യഹൂദന്മാരുടെയും ക്രിസ്‌ത്യാനികളുടെയും സാഹിത്യങ്ങളിലെ ഭാവനാസൃഷ്ടികൾ മാത്രമാണ്‌” എന്ന്‌ അവർ അവകാശപ്പെടുന്നു.

എന്നാൽ 1 ശമൂവേൽ 13:​21-ലെ പിം അളവിനെ പരാമർശിച്ചുകൊണ്ട്‌, സമീപ പൗരസ്‌ത്യദേശ പുരാവസ്‌തു-നരവംശ ഗവേഷണ പ്രൊഫസറായ വില്യം ജി. ഡെവെർ ഇങ്ങനെ പറഞ്ഞു: “ഈ തൂക്കക്കട്ടികൾ മൺമറയുകയും വിസ്‌മരിക്കപ്പെടുകയും ചെയ്‌ത്‌ പല നൂറ്റാണ്ടുകൾക്കുശേഷം ഉദയംചെയ്‌ത യവന-റോമൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന എഴുത്തുകാർ [ഇത്‌] ‘കെട്ടിച്ചമച്ചത്‌’ ആയിരിക്കാൻ യാതൊരു സാധ്യതയുമില്ല. പൊ.യു. 20-ാം നൂറ്റാണ്ടിന്റെ ആരംഭംവരെ . . . ബൈബിളിലെ ഈ നുറുങ്ങുവിവരം മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. പിം (pîm) എന്ന്‌ എബ്രായയിൽ എഴുതിയിട്ടുള്ള യഥാർഥ പുരാവസ്‌തു കണ്ടെടുക്കലുകൾ ആദ്യമായി ലഭിച്ചത്‌ അപ്പോഴായിരുന്നു.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ബൈബിളിലെ വിവരണങ്ങളെല്ലാം യവന-റോമൻ കാലഘട്ടത്തിന്റെ ‘സാഹിത്യങ്ങളിലെ ഭാവനാസൃഷ്ടികൾ’ ആണെങ്കിൽ, ഈ പ്രത്യേക വിവരണം എബ്രായ ബൈബിളിൽ എങ്ങനെ വന്നു? പിം ചെറിയ ‘ഒരു വിശദാംശം മാത്രമല്ലേ’ എന്നു പറഞ്ഞുകൊണ്ട്‌ ഒരുവൻ തടസ്സവാദം ഉന്നയിച്ചേക്കാം. അതു സത്യമാണ്‌. എന്നാൽ ‘വിശദാംശങ്ങൾ ചേരുന്നതാണ്‌ ചരിത്രം’ എന്നതു സുവിദിതമാണ്‌.”

[29-ാം പേജിലെ ചിത്രം]

ഒരു ശേക്കെലിന്റെ ഏകദേശം മൂന്നിൽരണ്ട്‌ ആയിരുന്നു ഒരു പിം