മേലാൽ നമുക്കായി ജീവിക്കാതിരിക്കൽ
മേലാൽ നമുക്കായി ജീവിക്കാതിരിക്കൽ
‘ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു [ക്രിസ്‌തു] എല്ലാവർക്കും വേണ്ടി മരിച്ചു.’—2 കൊരിന്ത്യർ 5:15.
1, 2. ഏതു തിരുവെഴുത്തു കൽപ്പന സ്വാർഥതയെ തരണംചെയ്യാൻ യേശുവിന്റെ ഒന്നാം നൂറ്റാണ്ടിലെ അനുഗാമികളെ പ്രേരിപ്പിച്ചു?
ഭൂമിയിൽ യേശുവിന്റെ അവസാന രാത്രിയായിരുന്നു അത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, തന്നിൽ വിശ്വസിക്കുന്ന എല്ലാവർക്കുംവേണ്ടി അവൻ തന്റെ ജീവൻ നൽകുമായിരുന്നു. ആ രാത്രിയിൽ അവൻ തന്റെ വിശ്വസ്‌ത അപ്പൊസ്‌തലന്മാരോട് പ്രധാനപ്പെട്ട ധാരാളം കാര്യങ്ങൾ പറഞ്ഞു. തന്റെ അനുഗാമികളുടെ തിരിച്ചറിയൽ അടയാളമായി വർത്തിക്കുമായിരുന്ന ഒരു ഗുണത്തെക്കുറിച്ചുള്ള കൽപ്പനയായിരുന്നു അതിലൊന്ന്. അവൻ പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു പുതിയോരു കല്‌പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”—യോഹന്നാൻ 13:34, 35.
2 സത്യക്രിസ്‌ത്യാനികൾ പരസ്‌പരം ആത്മത്യാഗപരമായ സ്‌നേഹം പ്രകടിപ്പിക്കുകയും സഹവിശ്വാസികളുടെ ആവശ്യങ്ങൾ തങ്ങളുടെ ആവശ്യങ്ങൾക്കുപരി വെക്കുകയും വേണം. തങ്ങളുടെ ‘സ്‌നേഹിതന്മാർക്കു വേണ്ടി ജീവനെ കൊടുക്കാൻപോലും’ അവർ തയ്യാറായിരിക്കണം. (യോഹന്നാൻ 15:13) ഈ പുതിയ കൽപ്പനയോട് ആദിമ ക്രിസ്‌ത്യാനികൾ എങ്ങനെയാണു പ്രതികരിച്ചത്? രണ്ടാം നൂറ്റാണ്ടിലെ ഒരു എഴുത്തുകാരനായ തെർത്തുല്യൻ തന്റെ വിഖ്യാത കൃതിയായ അപ്പോളജിയിൽ ക്രിസ്‌ത്യാനികളെപ്പറ്റി മറ്റുള്ളവർ പറഞ്ഞ അഭിപ്രായങ്ങൾ ഉദ്ധരിക്കുന്നുണ്ട്: ‘അവർ പരസ്‌പരം എത്ര സ്‌നേഹമുള്ളവരാണ്! ഓരോരുത്തരും മറ്റുള്ളവർക്കുവേണ്ടി മരിക്കാൻപോലും സന്നദ്ധരാണ്.’
3, 4. (എ) നാം സ്വാർഥതയെ ചെറുക്കേണ്ടത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
3 നാമും ‘തമ്മിൽ തമ്മിൽ ഭാരങ്ങൾ ചുമന്നുകൊണ്ട് ക്രിസ്‌തുവിന്റെ ന്യായപ്രമാണം നിവർത്തിക്കണം.’ (ഗലാത്യർ 6:2) എന്നാൽ ക്രിസ്‌തുവിന്റെ ന്യായപ്രമാണം അനുസരിക്കുന്നതിനും “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടുംകൂടെ സ്‌നേഹിക്കേണം,” “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം” എന്നീ കൽപ്പനകൾ അനുസരിക്കുന്നതിനും തടസ്സം നിൽക്കുന്ന ഒരു മുഖ്യ ഘടകമാണ് സ്വാർഥത. (മത്തായി 22:37-39) അപൂർണരായതിനാൽ സ്വാർഥരായിരിക്കാനുള്ള പ്രവണത നമുക്കുണ്ട്. അനുദിന ജീവിത സമ്മർദങ്ങൾ, വിദ്യാലയങ്ങളിലും ജോലിസ്ഥലത്തും ഉള്ള മത്സരത്തിന്റെ അന്തരീക്ഷം, ഉപജീവനത്തിനുവേണ്ട അവശ്യ സംഗതികൾ സമ്പാദിക്കാനുള്ള ബദ്ധപ്പാട് എന്നിവയെല്ലാം ജന്മനായുള്ള ഈ പ്രവണതയ്‌ക്ക് ആക്കംകൂട്ടുകയും ചെയ്യുന്നു. സ്വാർഥതയിലേക്കുള്ള ചായ്‌വ് കുറഞ്ഞുവരുന്നില്ല. ‘അന്ത്യകാലത്തു മനുഷ്യർ സ്വസ്‌നേഹികൾ [‘സ്വാർഥപ്രിയർ,’ ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം] ആയിരിക്കും’ എന്ന് അപ്പൊസ്‌തലനായ പൗലൊസ് മുന്നറിയിപ്പു നൽകി.—2 തിമൊഥെയൊസ് 3:1, 2.
4 യേശുവിന്റെ ഭൗമിക ശുശ്രൂഷയുടെ അവസാനത്തോടടുത്ത്, സ്വാർഥതയെ തരണംചെയ്യുന്നതിന് മൂന്നു പടികൾ അവൻ ശിഷ്യന്മാർക്ക് ഉപദേശിച്ചുകൊടുത്തു. അവ എന്തെല്ലാമായിരുന്നു, അവന്റെ പ്രബോധനത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാൻ കഴിയും?
ഫലപ്രദമായ ഒരു പ്രതിവിധി!
5. വടക്കൻ ഗലീലയിൽ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ യേശു തന്റെ ശിഷ്യന്മാർക്ക് എന്താണു വെളിപ്പെടുത്തിയത്, അത് അവരിൽ ഞെട്ടലുളവാക്കിയത് എന്തുകൊണ്ട്?
5 യേശു വടക്കൻ ഗലീലയിൽ കൈസര്യ ഫിലിപ്പിക്കു സമീപം പ്രസംഗിക്കുകയായിരുന്നു. ശാന്തവും പ്രകൃതിസുന്ദരവും ആയ ആ പ്രദേശം ആത്മത്യാഗത്തെക്കാൾ സുഖലോലുപതയ്‌ക്ക് ഇണങ്ങുന്ന ഒരു ഇടമായി കാണപ്പെട്ടിരിക്കാം. എന്നാൽ അവിടെവെച്ച് യേശു, “താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്‌ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേല്‌ക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്‌താവിച്ചുതുടങ്ങി.” (മത്തായി 16:21) ഈ പുതിയ അറിവ് യേശുവിന്റെ ശിഷ്യന്മാരിൽ എത്രയധികം ഞെട്ടലുളവാക്കിയിരിക്കണം! തങ്ങളുടെ നായകൻ ഭൂമിയിൽ തന്റെ രാജ്യം സ്ഥാപിക്കുമെന്നാണ് അന്നുവരെ അവർ പ്രതീക്ഷിച്ചിരുന്നത്.—ലൂക്കൊസ് 19:11; പ്രവൃത്തികൾ 1:6.
6. യേശു പത്രൊസിനെ ശക്തമായി ശാസിക്കാൻ കാരണമെന്ത്?
6 പത്രൊസ് ഉടൻതന്നെ “[യേശുവിനെ] വേറിട്ടു കൊണ്ടുപോയി: കർത്താവേ, അതു അരുതേ [“നിന്നോടുതന്നെ ദയാലുവായിരിക്ക,” NW]; നിനക്കു അങ്ങനെ ഭവിക്കരുതേ എന്നു ശാസിച്ചുതുടങ്ങി.” യേശുവിന്റെ പ്രതികരണം എന്തായിരുന്നു? “അവനോ തിരിഞ്ഞു പത്രൊസിനോടു: സാത്താനേ, എന്നെ വിട്ടുപോ; നീ എനിക്കു ഇടർച്ചയാകുന്നു; നീ ദൈവത്തിന്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത് എന്നു പറഞ്ഞു.” രണ്ടുപേരുടെയും മനോഭാവങ്ങൾ തമ്മിൽ എന്തൊരു അന്തരം! ദൈവം തനിക്കു നിയമിച്ച ആത്മത്യാഗഗതി—ഏതാനും മാസങ്ങൾക്കകം ഒരു ദണ്ഡനസ്‌തംഭത്തിലെ മരണത്തിലേക്കു തന്നെ നയിക്കുമായിരുന്ന ആ ഗതി—യേശു മനസ്സോടെ സ്വീകരിച്ചു. പത്രൊസ് സൗകര്യപ്രദമായ ഒരു മാർഗമാണു ശുപാർശ ചെയ്‌തത്. “നിന്നോടുതന്നെ ദയാലുവായിരിക്ക” എന്ന് അവൻ പറഞ്ഞു. പത്രൊസ് നല്ല ആന്തരത്തോടെയാണ് അതു പറഞ്ഞത് എന്നതിൽ സംശയമില്ല. എന്നിരുന്നാലും യേശു അവനെ ശാസിച്ചു. കാരണം ആ സന്ദർഭത്തിൽ പത്രൊസ്, സാത്താൻ തന്നെ സ്വാധീനിക്കാൻ അനുവദിച്ചു. ‘അവൻ ദൈവത്തിന്റേതല്ല മനുഷ്യരുടേതാണ് കരുതിയത്’ അഥവാ അവന് ദൈവത്തിന്റെ മനസ്സല്ല, മനുഷ്യരുടെ മനസ്സാണ് ഉണ്ടായിരുന്നത്.—മത്തായി 16:22, 23.
7. മത്തായി 16:24 പ്രസ്‌താവിക്കുന്നപ്രകാരം, ഏത് പ്രവർത്തനഗതിയാണ് യേശു തന്റെ അനുഗാമികൾക്കു മുമ്പാകെ വെച്ചത്?
7 പത്രൊസ് യേശുവിനോടു പറഞ്ഞതിനു സമാനമായ വാക്കുകൾ ഇന്നും കേൾക്കാം. ‘നിങ്ങളോടുതന്നെ നല്ലവനായിരിക്കുക,’ ‘ഏറ്റവും സുഗമമായ പാതയിലൂടെ സഞ്ചരിക്കുക’ എന്നൊക്കെയാണ് ലോകം ഒരുവനെ പ്രോത്സാഹിപ്പിക്കുന്നത്. അതേസമയം, യേശു ശുപാർശ ചെയ്‌തത് തികച്ചും വ്യത്യസ്‌തമായ ഒരു മനോഭാവമാണ്. അവൻ ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: “ഒരുത്തൻ എന്റെ പിന്നാലെ വരുവാൻ ഇച്ഛിച്ചാൽ തന്നെത്താൻ ത്യജിച്ചു, തന്റെ ക്രൂശു എടുത്തു എന്നെ അനുഗമിക്കട്ടെ [“തന്റെ ദണ്ഡനസ്‌തംഭം എടുത്ത് തുടർച്ചയായി എന്നെ അനുഗമിക്കട്ടെ,” NW].” (മത്തായി 16:24) “ഈ വാക്കുകൾ പുറത്തുള്ളവരെ ശിഷ്യരാകാൻ ക്ഷണിക്കുകയല്ല, മറിച്ച് നേരത്തേതന്നെ ക്രിസ്‌തുവിന്റെ വിളിയോടു പ്രതികരിച്ചിട്ടുള്ളവരെ ശിഷ്യത്വത്തിന്റെ അർഥത്തെക്കുറിച്ചു ചിന്തിക്കാൻ പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്” എന്ന് വ്യാഖ്യാതാവിന്റെ പുതിയ ബൈബിൾ (ഇംഗ്ലീഷ്) പറയുന്നു. ആ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന, യേശു നിർദേശിച്ച മൂന്നു പടികൾ വിശ്വാസികൾ സ്വീകരിക്കേണ്ടതാണ്. നമുക്ക് അവ ഓരോന്നായി പരിചിന്തിക്കാം.
8. നിങ്ങളെത്തന്നെ ത്യജിക്കുകയെന്നതിന്റെ അർഥം വിശദീകരിക്കുക.
8 ഒന്നാമതായി നാം നമ്മെത്തന്നെ ത്യജിക്കണം. “സ്വയം ത്യജിക്കുക” എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം, സ്വാർഥമോഹങ്ങളും വ്യക്തിപരമായ സൗകര്യങ്ങളും വേണ്ടെന്നുവെക്കാനുള്ള മനസ്സൊരുക്കത്തെയാണു സൂചിപ്പിക്കുന്നത്. നമ്മെത്തന്നെ ത്യജിക്കുകയെന്നാൽ വല്ലപ്പോഴും ചില സുഖങ്ങൾ വേണ്ടെന്നുവെക്കുകയെന്നല്ല. 1 കൊരിന്ത്യർ 6:19, 20) സ്വകേന്ദ്രീകൃതമായിരിക്കുന്നതിനു പകരം നമ്മുടെ ജീവിതം ദൈവത്തിൽ കേന്ദ്രീകരിക്കപ്പെട്ട ഒന്നായിത്തീരുന്നു. നമ്മെത്തന്നെ ത്യജിക്കുന്നത്, ദൈവേഷ്ടം നമ്മുടെ അപൂർണ ചായ്‌വുകൾക്കെതിരായാൽപ്പോലും അതു ചെയ്യാനുള്ള ദൃഢനിശ്ചയത്തെ സൂചിപ്പിക്കുന്നു. ദൈവത്തിനു സമർപ്പിച്ചു സ്‌നാപനമേൽക്കുമ്പോൾ, പൂർണമായും ദൈവത്തിന് അർപ്പിതരാണെന്നു നാം പ്രകടമാക്കുന്നു. തുടർന്ന്, ശേഷിക്കുന്ന ജീവിതത്തിലുടനീളം നമ്മുടെ സമർപ്പണത്തിനൊത്തു ജീവിക്കാൻ നാം കഠിനശ്രമം ചെയ്യുന്നു.
അതേസമയം സന്ന്യാസജീവിതം നയിക്കണമെന്നോ സ്വവിനാശകമായ ഒരു ഗതി പിന്തുടരണമെന്നോ അത് അർഥമാക്കുന്നുമില്ല. നാം മേലാൽ “താന്താങ്ങൾക്കുള്ളവരല്ല,” അതായത് നാം മനസ്സോടെ നമ്മുടെ മുഴു ജീവിതവും നമ്മുടെ സർവസ്വവും യഹോവയ്‌ക്ക് അടിയറവെക്കുന്നു. (9. (എ) യേശു ഭൂമിയിലുണ്ടായിരുന്ന സമയത്ത് ദണ്ഡനസ്‌തംഭം എന്തിനെയാണു പ്രതിനിധാനം ചെയ്‌തത്? (ബി) നാം നമ്മുടെ ദണ്ഡനസ്‌തംഭം എടുക്കുന്നത് ഏതുവിധത്തിൽ?
9 നമ്മുടെ ദണ്ഡനസ്‌തംഭം എടുക്കുക എന്നതാണ് രണ്ടാമത്തെ പടി. ഒന്നാം നൂറ്റാണ്ടിൽ ദണ്ഡനസ്‌തംഭം കഷ്ടപ്പാടിനെയും അപമാനത്തെയും മരണത്തെയും ഒക്കെയാണ് പ്രതിനിധാനം ചെയ്‌തിരുന്നത്. സാധാരണഗതിയിൽ കുറ്റപ്പുള്ളികളെ മാത്രമേ ദണ്ഡനസ്‌തംഭത്തിൽ വധിക്കുകയോ മരണശേഷം ദണ്ഡനസ്‌തംഭത്തിൽ തൂക്കിയിടുകയോ ചെയ്‌തിരുന്നുള്ളൂ. ഒരു ക്രിസ്‌ത്യാനി ഈ ലോകത്തിന്റെ ഭാഗമല്ലാത്തതിനാൽ പീഡനമോ നിന്ദയോ സഹിക്കാൻ എന്തിന്, മരിക്കാൻപോലും തയ്യാറായിരിക്കണമെന്ന് ഈ വാക്കുകളാൽ യേശു കാണിച്ചുതന്നു. (യോഹന്നാൻ 15:18-20) ക്രിസ്‌തീയ നിലവാരങ്ങൾ നമ്മെ ഈ ലോകത്തിലെ ആളുകളിൽനിന്നു വ്യത്യസ്‌തരാക്കുന്നു, അതുകൊണ്ട് ലോകം നമ്മെക്കുറിച്ചു ‘ദുഷിച്ചു സംസാരിച്ചേക്കാം.’ (1 പത്രൊസ് 4:4) ഇത് സ്‌കൂളിലോ ജോലിസ്ഥലത്തോ വീട്ടിലോ പോലും സംഭവിക്കാം. (ലൂക്കൊസ് 9:23) എന്നിരുന്നാലും ലോകത്താലുള്ള നിന്ദ സഹിച്ചുനിൽക്കാൻ നാം മനസ്സൊരുക്കമുള്ളവരാണ്, കാരണം നാം മേലാൽ നമുക്കുവേണ്ടിയല്ല ജീവിക്കുന്നത്. യേശു പറഞ്ഞു: “എന്റെ നിമിത്തം നിങ്ങളെ പഴിക്കയും ഉപദ്രവിക്കയും നിങ്ങളെക്കൊണ്ടു എല്ലാ തിന്മയും കളവായി പറകയും ചെയ്യുമ്പോൾ നിങ്ങൾ ഭാഗ്യവാന്മാർ. സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതാകകൊണ്ടു സന്തോഷിച്ചുല്ലസിപ്പിൻ.” (മത്തായി 5:11, 12) വാസ്‌തവമായും ദൈവത്തിന്റെ പ്രീതിയാണ് ഏറ്റവും പ്രധാനം.
10. യേശുവിനെ തുടർച്ചയായി അനുഗമിക്കുന്നതിൽ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
10 നാം തുടർച്ചയായി അവനെ അനുഗമിക്കണമെന്നാണ് യേശുക്രിസ്‌തു മൂന്നാമതായി പറഞ്ഞത്. അനുഗമിക്കുക എന്ന പദത്തിന്റെ അർഥം കൂടെപ്പോകുക, അതായത് “ഒരേ പാതയിലൂടെ പോകുക” എന്നാണ്. 1 യോഹന്നാൻ 2:6 പ്രസ്‌താവിക്കുന്നു: “അവനിൽ [ദൈവത്തിൽ] വസിക്കുന്നു എന്നു പറയുന്നവൻ അവൻ [ക്രിസ്‌തു] നടന്നതുപോലെ നടക്കേണ്ടതാകുന്നു.” യേശു എങ്ങനെയാണു നടന്നത്? യേശുവിന് തന്റെ സ്വർഗീയ പിതാവിനോടും ശിഷ്യന്മാരോടും ഉള്ള സ്‌നേഹം സ്വാർഥതയ്‌ക്ക് ഇടംനൽകിയില്ല. “ക്രിസ്‌തുവും തന്നെത്തന്നെ പ്രീതിപ്പെടുത്തിയില്ല” എന്ന് പൗലൊസ് എഴുതി. (റോമർ 15:3, പി.ഒ.സി. ബൈബിൾ) വിശപ്പും ക്ഷീണവും അനുഭവപ്പെട്ടപ്പോൾപ്പോലും യേശു തന്റെ ആവശ്യങ്ങളെക്കാൾ മറ്റുള്ളവരുടെ ആവശ്യങ്ങൾക്കു പ്രാധാന്യം നൽകി. (മർക്കൊസ് 6:31-34) അവൻ രാജ്യപ്രസംഗ-പഠിപ്പിക്കൽ വേലയിൽ അത്യന്തം തീക്ഷ്‌ണതയോടെ ഏർപ്പെടുകയും ചെയ്‌തു. ‘യേശു കൽപ്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കാനുള്ള’ നമ്മുടെ നിയോഗം തീക്ഷ്‌ണതയോടെ നിറവേറ്റിക്കൊണ്ട് നാം അവനെ അനുകരിക്കേണ്ടതല്ലേ? (മത്തായി 28:20) തന്റെ നടത്തയിലെല്ലാം ക്രിസ്‌തു നമുക്കു മാതൃകവെച്ചു, നാം ‘അവന്റെ കാൽച്ചുവട് അടുത്തു പിന്തുടരുകതന്നെ വേണം.’—1 പത്രൊസ് 2:21.
11. നാം നമ്മെത്തന്നെ ത്യജിച്ച്, ദണ്ഡനസ്‌തംഭം എടുത്ത്, യേശുക്രിസ്‌തുവിനെ തുടർച്ചയായി അനുഗമിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 നാം സ്വയം ത്യജിച്ച്, ദണ്ഡനസ്‌തംഭം എടുത്ത്, നമ്മുടെ മാതൃകാപുരുഷനെ തുടർച്ചയായി അനുഗമിക്കുന്നതു മർമപ്രധാനമാണ്. അങ്ങനെ ചെയ്യുന്നത് സ്വാർഥതയ്‌ക്ക്—ആത്മത്യാഗസ്‌നേഹം പ്രകടിപ്പിക്കുന്നതിനു തടസ്സമായി നിലകൊള്ളുന്ന ഒരു വലിയ ഘടകം—ശക്തമായ ഒരു പ്രതിവിധിയായി വർത്തിക്കും. കൂടുതലായി യേശു പറഞ്ഞു: “ആരെങ്കിലും തന്റെ ജീവനെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ അതിനെ കളയും; എന്റെ നിമിത്തം ആരെങ്കിലും തന്റെ ജീവനെ കളഞ്ഞാൽ അതിനെ കണ്ടെത്തും. ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?”—മത്തായി 16:25, 26.
നമുക്ക് രണ്ടു യജമാനന്മാരെ സേവിക്കാൻ കഴിയില്ല
12, 13. (എ) യേശുവിന്റെ ഉപദേശം തേടിയ ആ യുവ ഭരണാധികാരിക്ക് ഏതു കാര്യത്തിലാണ് താത്‌പര്യമുണ്ടായിരുന്നത്? (ബി) യേശു ആ യുവാവിന് എന്തു ബുദ്ധിയുപദേശം നൽകി, എന്തുകൊണ്ട്?
12 തന്റെ ശിഷ്യന്മാർ സ്വയം ത്യജിക്കേണ്ടതിന്റെ ആവശ്യകത യേശു ഊന്നിപ്പറഞ്ഞ് ഏതാനും മാസങ്ങൾ കഴിഞ്ഞ്, ധനികനായ ഒരു യുവ ഭരണാധികാരി അവന്റെ അടുക്കൽ വന്ന് ഇങ്ങനെ ചോദിച്ചു: “ഗുരോ, മത്തായി 19:16-21.
നിത്യജീവനെ പ്രാപിപ്പാൻ ഞാൻ എന്തു നന്മ ചെയ്യേണം?” “കല്‌പനകളെ പ്രമാണിക്ക” എന്നു യേശു പ്രതിവചിച്ചു. അവൻ അവയിൽ ചിലതു പരാമർശിക്കുകയും ചെയ്‌തു. അപ്പോൾ ആ യുവാവ് പറഞ്ഞു: “ഇവ ഒക്കെയും ഞാൻ പ്രമാണിച്ചുപോരുന്നു.” സാധ്യതയനുസരിച്ച് ആ വ്യക്തിക്ക് ആത്മാർഥതയുണ്ടായിരുന്നു, ന്യായപ്രമാണത്തിലെ കൽപ്പനകൾ അനുസരിക്കാൻ തന്റെ പരമാവധി ശ്രമിക്കുകയും ചെയ്‌തിരുന്നു. അതുകൊണ്ട് “ഇനി കുറവുള്ളതു എന്ത്” എന്ന് അവൻ ചോദിച്ചു? മറുപടിയായി യേശു ആ യുവാവിന് അതുല്യമായ ഒരു ക്ഷണം വെച്ചുനീട്ടി: “സൽഗുണപൂർണൻ ആകാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുള്ളതു വിറ്റു ദരിദ്രർക്കു കൊടുക്ക; എന്നാൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക.”—13 ആ യുവ വ്യക്തിക്ക് യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുന്നതിന് തന്റെ ജീവിതത്തിലെ വലിയ ശ്രദ്ധാശൈഥില്യം—ഭൗതിക സമ്പത്ത്—ഒഴിവാക്കേണ്ടതുണ്ടായിരുന്നു എന്ന് യേശു മനസ്സിലാക്കി. ക്രിസ്‌തുവിന്റെ ഒരു യഥാർഥ ശിഷ്യന് രണ്ടു യജമാനന്മാരെ സേവിക്കാൻ സാധിക്കില്ല. അയാൾക്കു “ദൈവത്തെയും മാമോനെയും [“ധനത്തെയും,” NW] സേവിപ്പാൻ കഴികയില്ല.” (മത്തായി 6:24) ആത്മീയ കാര്യങ്ങളിൽ കേന്ദ്രീകൃതമായ ‘ചൊവ്വുള്ള’ അഥവാ ലളിതമായ ‘കണ്ണ്’ അയാൾക്കുണ്ടായിരിക്കണം. (മത്തായി 6:22) ഒരുവൻ തന്റെ സ്വത്തുവകകൾ ഒഴിവാക്കുന്നതും അവ ദരിദ്രർക്കു കൊടുക്കുന്നതും ആത്മത്യാഗപരമായ പ്രവൃത്തിയാണ്. ആ ഭൗതിക ത്യാഗത്തിനു പകരം, യേശു ആ യുവ ഭരണാധികാരിക്ക് സ്വർഗത്തിൽ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള അമൂല്യമായ അവസരം വാഗ്‌ദാനം ചെയ്‌തു. ആ നിക്ഷേപം അയാൾക്ക് നിത്യജീവനും ഒടുവിൽ ക്രിസ്‌തുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കുന്നതിനുള്ള പ്രത്യാശയും അർഥമാക്കുമായിരുന്നു. എന്നാൽ യുവാവ് തന്നെത്താൻ ത്യജിക്കാൻ തയ്യാറായിരുന്നില്ല. “[അവൻ] വളരെ സമ്പത്തുള്ളവനാകയാൽ . . . ദുഃഖിച്ചു പൊയ്‌ക്കളഞ്ഞു.” (മത്തായി 19:22) എന്നാൽ യേശുവിന്റെ മറ്റ് അനുഗാമികൾ, വ്യത്യസ്‌തമായി പ്രതികരിച്ചു.
14. തന്നെ അനുഗമിക്കാനുള്ള യേശുവിന്റെ ക്ഷണത്തോട് മീൻപിടിത്തക്കാരായ നാലുപേർ പ്രതികരിച്ചത് എങ്ങനെ?
14 ഏകദേശം രണ്ടു വർഷം മുമ്പ് പത്രൊസ്, അന്ത്രെയാസ്, യാക്കോബ്, യോഹന്നാൻ എന്നീ നാലു മീൻപിടിത്തക്കാർക്ക് യേശു സമാനമായ ക്ഷണം നൽകിയിരുന്നു. അവരിൽ രണ്ടുപേർ മീൻപിടിച്ചുകൊണ്ടിരിക്കുകയായിരുന്നു, രണ്ടുപേർ വല നന്നാക്കുന്ന തിരക്കിലും. യേശു അവരോടു പറഞ്ഞു: “എന്റെ പിന്നാലെ വരുവിൻ; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും.” അവർ നാലുപേരും ഒടുവിൽ തങ്ങളുടെ തൊഴിൽ ഉപേക്ഷിച്ച് ശിഷ്ടകാലമൊക്കെയും യേശുവിനെ അനുഗമിച്ചു.—മത്തായി 4:18-22.
15. യഹോവയുടെ ഒരു ആധുനികകാല സാക്ഷി, യേശുവിനെ അനുഗമിക്കുന്നതിനു ത്യാഗങ്ങൾ അനുഷ്‌ഠിച്ചത് എങ്ങനെ?
15 ഇന്നു ധാരാളം ക്രിസ്‌ത്യാനികൾ ധനികനായ ആ യുവ ഭരണാധികാരിയെ അനുകരിക്കുന്നതിനു പകരം, മീൻപിടിത്തക്കാരായ നാലുപേരുടെ മാതൃക പിൻപറ്റിയിട്ടുണ്ട്. അവർ യഹോവയെ സേവിക്കുന്നതിനായി ഈ ലോകത്തിലെ ധനവും അവസരങ്ങളും ത്യജിച്ചിരിക്കുന്നു. “22-ാം വയസ്സിൽ എനിക്കു സുപ്രധാനമായ ഒരു തീരുമാനം എടുക്കേണ്ടിവന്നു,” ദെബ്ര പറയുന്നു. അവർ വിശദീകരിക്കുന്നു: “ഞാൻ ആറു മാസത്തോളം ബൈബിൾ പഠിച്ചു. എന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ, എന്റെ കുടുംബം വളരെയധികം എതിർത്തു. ദശലക്ഷങ്ങളുടെ ആസ്‌തിയുണ്ടായിരുന്ന അവർക്ക് ഞാൻ ഒരു സാക്ഷിയായിത്തീരുന്നതു നാണക്കേടായി തോന്നി. ഒരു തീരുമാനമെടുക്കാൻ അവർ എനിക്ക് 24 മണിക്കൂർ അനുവദിച്ചു. എന്റെ മുമ്പിൽ രണ്ടു തിരഞ്ഞെടുപ്പുകളാണ് ഉണ്ടായിരുന്നത്, ഒന്നുകിൽ ആഡംബരപൂർണമായ ജീവിതം അല്ലെങ്കിൽ സത്യവിശ്വാസം. ഞാൻ സാക്ഷികളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചില്ലെങ്കിൽ അവർ എനിക്ക് ചില്ലിക്കാശുപോലും തരില്ലായിരുന്നു. ശരിയായ തീരുമാനമെടുക്കാൻ യഹോവ എന്നെ സഹായിച്ചു,
അതു നടപ്പാക്കാൻ അവൻ എന്നെ ശക്തീകരിച്ചു. കഴിഞ്ഞ 42 വർഷമായി ഞാൻ മുഴുസമയ സേവനത്തിലാണ്. പിന്തിരിഞ്ഞുനോക്കുമ്പോൾ എനിക്കു യാതൊരു ഖേദവുമില്ല. സ്വാർഥവും സുഖലോലുപവും ആയ ഒരു ജീവിതശൈലിക്കു പുറംതിരിഞ്ഞതുകൊണ്ട്, എന്റെ കുടുംബാംഗങ്ങളിൽ കാണുന്ന ശൂന്യതാബോധത്തിൽനിന്നും അസന്തുഷ്ടിയിൽനിന്നും ഞാൻ രക്ഷപ്പെട്ടു. എന്റെ ഭർത്താവിനോടൊപ്പം, നൂറിലധികം ആളുകളെ സത്യം പഠിക്കാൻ സഹായിക്കുന്നതിന് എനിക്കു കഴിഞ്ഞിട്ടുണ്ട്. ഈ ആത്മീയ മക്കളെ ഏതു ഭൗതിക ധനത്തെക്കാളും വളരെയേറെ മൂല്യവത്തായി ഞാൻ കരുതുന്നു.” യഹോവയുടെ ലക്ഷക്കണക്കിനുവരുന്ന മറ്റു സാക്ഷികൾക്കും സമാനമായ വികാരമാണുള്ളത്. നിങ്ങൾക്കോ?16. നാം നമുക്കുവേണ്ടിയല്ല ജീവിക്കുന്നതെന്നു പ്രകടമാക്കാൻ കഴിയുന്നത് എങ്ങനെ?
16 തങ്ങൾക്കായി ജീവിക്കാതിരിക്കാനുള്ള ആഗ്രഹം, യഹോവയുടെ സാക്ഷികളായ ആയിരക്കണക്കിന് ആളുകളെ പയനിയർമാർ, അഥവാ മുഴുസമയ രാജ്യഘോഷകർ ആയി സേവിക്കാൻ പ്രചോദിപ്പിച്ചിരിക്കുന്നു. മുഴുസമയ ശുശ്രൂഷയിൽ പങ്കെടുക്കാൻ സാഹചര്യം അനുകൂലമല്ലാത്ത മറ്റുള്ളവർ, പയനിയർ ആത്മാവു വളർത്തിയെടുക്കുകയും തങ്ങളുടെ കഴിവിന്റെ പരമാവധി രാജ്യപ്രസംഗവേലയെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. മക്കൾക്ക് ആത്മീയ പരിശീലനം നൽകുന്നതിനായി തങ്ങളുടെ സമയത്തിന്റെ നല്ലൊരു പങ്ക് അർപ്പിക്കുകയും വ്യക്തിപരമായ താത്‌പര്യങ്ങൾ ത്യജിക്കുകയും ചെയ്‌തുകൊണ്ട് മാതാപിതാക്കൾ സമാനമായൊരു മനോഭാവം പ്രകടമാക്കുന്നു. നമ്മുടെ ജീവിതത്തിൽ രാജ്യതാത്‌പര്യങ്ങൾക്ക് ഒന്നാം സ്ഥാനമാണുള്ളതെന്ന് ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ നമുക്കെല്ലാവർക്കും പ്രകടമാക്കാനാകും.—മത്തായി 6:33.
ആരുടെ സ്‌നേഹം നമ്മെ നിർബന്ധിക്കുന്നു?
17. ത്യാഗങ്ങൾ അനുഷ്‌ഠിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണ്?
17 ആത്മത്യാഗപരമായ സ്‌നേഹം പ്രകടിപ്പിക്കുകയെന്നത് പിൻപറ്റാൻ ഏറ്റവും എളുപ്പമുള്ള ഗതിയല്ല. എന്നാൽ അങ്ങനെ ചെയ്യാൻ നമ്മെ നിർബന്ധിക്കുന്നത് എന്താണെന്നു ചിന്തിക്കുക. പൗലൊസ് ഇങ്ങനെ എഴുതി: “ക്രിസ്‌തുവിന്റെ സ്‌നേഹം ഞങ്ങളെ നിർബ്ബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ . . . ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.” (2 കൊരിന്ത്യർ 5:14, 15) നമുക്കുവേണ്ടി ജീവിക്കാതിരിക്കാൻ നമ്മെ നിർബന്ധിക്കുന്നത് ക്രിസ്‌തുവിന്റെ സ്‌നേഹമാണ്. എത്ര ശക്തമായ പ്രേരകഘടകം! ക്രിസ്‌തു നമുക്കുവേണ്ടി മരിച്ചിരിക്കയാൽ, അവനുവേണ്ടി ജീവിക്കാനുള്ള ധാർമികമായ കടപ്പാട് നാം തിരിച്ചറിയുന്നില്ലേ? വാസ്‌തവത്തിൽ, ദൈവവും ക്രിസ്‌തുവും നമ്മോടു കാണിച്ചിട്ടുള്ള ആഴമായ സ്‌നേഹത്തോടുള്ള നന്ദിയാണ് ദൈവത്തിനു നമ്മുടെ ജീവിതം സമർപ്പിക്കാനും ക്രിസ്‌തുവിന്റെ ശിഷ്യരായിത്തീരാനും നമ്മെ നിർബന്ധിച്ചത്.—യോഹന്നാൻ 3:16; 1 യോഹന്നാൻ 4:10, 11.
18. ആത്മത്യാഗപരമായ ജീവിതം മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
18 നമുക്കുവേണ്ടി ജീവിക്കാതിരിക്കുന്നതു മൂല്യവത്താണോ? ധനികനായ യുവ ഭരണാധികാരി യേശുവിന്റെ ക്ഷണം നിരസിച്ചു പോയതിനുശേഷം പത്രൊസ് യേശുവിനോടു ചോദിച്ചു: ‘ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും?’ (മത്തായി 19:27) പത്രൊസും മറ്റ് അപ്പൊസ്‌തലന്മാരും വാസ്‌തവമായും തങ്ങളെത്തന്നെ ത്യജിച്ചിരുന്നു. അവർക്ക് എന്തു പ്രതിഫലം കിട്ടുമായിരുന്നു? തന്നോടൊപ്പം സ്വർഗത്തിൽ ഭരിക്കാനുള്ള അവരുടെ പദവിയെക്കുറിച്ചാണ് യേശു ആദ്യം അവരോടു പറഞ്ഞത്. (മത്തായി 19:28) തന്റെ എല്ലാ അനുഗാമികൾക്കും ആസ്വദിക്കാൻ കഴിയുന്ന അനുഗ്രഹങ്ങളെക്കുറിച്ചും ആ അവസരത്തിൽ അവൻ സൂചിപ്പിക്കുകയുണ്ടായി. അവൻ പറഞ്ഞു: “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ, . . നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല.” (മർക്കൊസ് 10:29, 30) നാം ത്യജിച്ചിരിക്കുന്നതിലും വളരെയേറെ നമുക്കു ലഭിക്കുന്നുണ്ട്. നമ്മുടെ ആത്മീയ മാതാപിതാക്കളും സഹോദരങ്ങളും മക്കളും, രാജ്യത്തിനുവേണ്ടി നാം ത്യജിച്ചിട്ടുള്ള എന്തിനെക്കാളും വളരെയേറെ മൂല്യമുള്ളവരല്ലേ? ആരുടേതായിരുന്നു അങ്ങേയറ്റം പ്രതിഫലദായകമായ ജീവിതം, പത്രൊസിന്റേതോ അതോ ധനികനായ യുവ ഭരണാധികാരിയുടേതോ?
19. (എ) യഥാർഥ സന്തുഷ്ടി എന്തിനെ ആശ്രയിച്ചിരിക്കുന്നു? (ബി) അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
19 സന്തോഷം ഉളവാകുന്നതു സ്വാർഥതയിൽനിന്നല്ല, കൊടുക്കുന്നതിൽനിന്നും സേവിക്കുന്നതിൽനിന്നും ആണെന്ന് തന്റെ വാക്കിനാലും പ്രവൃത്തിയാലും യേശു കാണിച്ചുതന്നു. (മത്തായി 20:28; പ്രവൃത്തികൾ 20:35, NW) നമുക്കായി ജീവിക്കാതെ, ക്രിസ്‌തുവിനെ തുടർച്ചയായി അനുഗമിക്കുമ്പോൾ ഇപ്പോഴത്തെ ജീവിതത്തിൽ നമുക്കു വലിയ സംതൃപ്‌തിയും ഭാവിയിൽ നിത്യമായി ജീവിക്കുന്നതിനുള്ള പ്രത്യാശയും ഉണ്ടായിരിക്കും. നാം സ്വയം ത്യജിക്കുമ്പോൾ നിശ്ചയമായും യഹോവ നമ്മുടെ ഉടമയായിത്തീരുന്നു, നാം അവന്റെ അടിമകളും. ഈ അടിമത്തം പ്രതിഫലദായകമായിരിക്കുന്നത് എന്തുകൊണ്ടാണ്? നാം എടുക്കുന്ന തീരുമാനങ്ങളെ അത് എങ്ങനെ ബാധിക്കുന്നു? അടുത്ത ലേഖനം ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുന്നതായിരിക്കും.
നിങ്ങൾ ഓർമിക്കുന്നുവോ?
• നാം സ്വാർഥ ചായ്‌വുകളെ ചെറുക്കേണ്ടത് എന്തുകൊണ്ട്?
• നമ്മെത്തന്നെ ത്യജിക്കുക, ദണ്ഡനസ്‌തംഭം എടുക്കുക, യേശുവിനെ തുടർച്ചയായി അനുഗമിക്കുക എന്നിവയുടെ അർഥമെന്ത്?
• നമുക്കുവേണ്ടി ജീവിക്കാതിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്താണ്?
• ആത്മത്യാഗത്തിന്റേതായ ഒരു ജീവിതം മൂല്യവത്തായിരിക്കുന്നത് എന്തുകൊണ്ട്?
[അധ്യയന ചോദ്യങ്ങൾ]
[11-ാം പേജിലെ ചിത്രം]
“കർത്താവേ, നിന്നോടുതന്നെ ദയാലുവായിരിക്ക”
[13-ാം പേജിലെ ചിത്രം]
യേശുവിനെ അനുഗമിക്കുന്നതിൽനിന്ന് യുവ ഭരണാധികാരിയെ തടഞ്ഞത് എന്താണ്?
[15-ാം പേജിലെ ചിത്രം]
തീക്ഷ്‌ണ രാജ്യഘോഷകരായി സേവിക്കാൻ സ്‌നേഹം യഹോവയുടെ സാക്ഷികളെ പ്രേരിപ്പിക്കുന്നു