വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയെ സ്‌തുതിക്കുന്ന യുവജനങ്ങൾ തങ്ങളുടെ ജീവിതം ധന്യമാക്കുന്നു

യഹോവയെ സ്‌തുതിക്കുന്ന യുവജനങ്ങൾ തങ്ങളുടെ ജീവിതം ധന്യമാക്കുന്നു

“എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു”

യഹോവയെ സ്‌തുതിക്കുന്ന യുവജനങ്ങൾ തങ്ങളുടെ ജീവിതം ധന്യമാക്കുന്നു

“ജീവിതത്തിൽനിന്നു പരമാവധി പ്രയോജനം നേടുക, അതാണ്‌ എന്റെ ആഗ്രഹം!” തന്റെ ജീവിതവീക്ഷണത്തെക്കുറിച്ച്‌ ഒരു കൗമാരപ്രായക്കാരൻ പറഞ്ഞത്‌ അങ്ങനെയാണ്‌. എന്നാൽ ഒരു ചെറുപ്പക്കാരന്‌ തന്റെ ജീവിതം ധന്യമാക്കാൻ എങ്ങനെ കഴിയും? അതിനുള്ള വ്യക്തമായ ഉത്തരം നൽകിക്കൊണ്ട്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.”​—⁠സഭാപ്രസംഗി 12:⁠1.

യഹോവയെ സ്‌തുതിക്കുകയും സേവിക്കുകയും ചെയ്യുക എന്നത്‌ കേവലം മുതിർന്നവർക്കുള്ളതല്ല. തിരുനിവാസത്തിൽ യഹോവയ്‌ക്കു ശുശ്രൂഷ ചെയ്യാൻ തുടങ്ങിയപ്പോൾ, എല്‌ക്കാനായുടെയും ഹന്നായുടെയും പുത്രനായ ശമൂവേൽ വളരെ ചെറുപ്പമായിരുന്നു. (1 ശമൂവേൽ 1:19, 20, 24; 2:11) സിറിയൻ സേനാപതിയായ നയമാനോട്‌ കുഷ്‌ഠരോഗം ഭേദമാകുന്നതിന്‌ എലീശാ പ്രവാചകനെ സമീപിക്കാൻ പറഞ്ഞപ്പോൾ, ഇളംപ്രായത്തിലുള്ള ഒരു എബ്രായ പെൺകുട്ടി യഹോവയിൽ സമ്പൂർണമായ വിശ്വാസം പ്രകടമാക്കുകയായിരുന്നു. (2 രാജാക്കന്മാർ 5:2, 3) യുവാക്കളോടും യുവതികളോടും യഹോവയെ സ്‌തുതിക്കാൻ സങ്കീർത്തനം 148:7, 12 ആവശ്യപ്പെടുന്നു. * തന്റെ പിതാവിന്റെ സേവനത്തിൽ അതീവതാത്‌പര്യത്തോടെ ഏർപ്പെട്ടപ്പോൾ യേശുവിനു 12 വയസ്സേ ഉണ്ടായിരുന്നുള്ളൂ. (ലൂക്കൊസ്‌ 2:41-49) തിരുവെഴുത്തുകളിൽനിന്നു തങ്ങൾക്കു ലഭിച്ച പരിശീലനത്തിന്റെ ഫലമായി ചില ബാലന്മാർ, യേശുവിനെ ആലയത്തിൽ കണ്ടപ്പോൾ “ദാവീദ്‌പുത്രന്നു ഹോശന്നാ” എന്നു വിളിച്ചുപറഞ്ഞു.​—⁠മത്തായി 21:15, 16.

ഇന്നു യഹോവയെ സ്‌തുതിക്കൽ

യഹോവയുടെ സാക്ഷികളായ അനേകം ചെറുപ്പക്കാർ ഇന്നു തങ്ങളുടെ വിശ്വാസങ്ങളെപ്രതി അഭിമാനം കൊള്ളുകയും സ്‌കൂളിലും മറ്റു സ്ഥലങ്ങളിലും അവയെക്കുറിച്ചു ധൈര്യപൂർവം മറ്റുള്ളവരോടു സംസാരിക്കുകയും ചെയ്യുന്നു. രണ്ടു ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.

ബ്രിട്ടനിലുള്ള 18 വയസ്സുകാരി സ്റ്റെഫാനി എന്ന വിദ്യാർഥിനിയുടെ കാര്യമെടുക്കുക. ഗർഭച്ഛിദ്രത്തെയും മറ്റു ധാർമിക വിഷയങ്ങളെയും കുറിച്ച്‌ അവളുടെ ക്ലാസ്സിൽ ഒരു ചർച്ച നടക്കുകയായിരുന്നു. ഗർഭച്ഛിദ്രം ഇന്നു പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒന്നാണെന്നും അതിനെ എതിർക്കാൻ ഒരു പെൺകുട്ടിക്കു തക്ക കാരണമില്ലെന്നും അധ്യാപകൻ തറപ്പിച്ചുപറഞ്ഞു. ക്ലാസ്സിലുള്ള എല്ലാവരും ആ വീക്ഷണത്തോടു യോജിച്ചു. എന്നാൽ ഇക്കാര്യത്തിലുള്ള തന്റെ ബൈബിളധിഷ്‌ഠിത നിലപാട്‌ വ്യക്തമാക്കാൻ സ്റ്റെഫാനി അതിയായി ആഗ്രഹിച്ചു. അധ്യാപകൻ അവളുടെ അഭിപ്രായം ആരാഞ്ഞപ്പോൾ അതിനുള്ള അവസരം കൈവന്നു. ആദ്യം പരിഭ്രമം തോന്നിയെങ്കിലും, അതു സംബന്ധിച്ച തിരുവെഴുത്തു വീക്ഷണം അവതരിപ്പിക്കാൻ അവൾ ആ അവസരം ഉപയോഗിച്ചു. പുറപ്പാടു 21:22-24 (NW) പരാവർത്തനം ചെയ്‌തുകൊണ്ട്‌, ഒരു അജാതശിശുവിനു പരുക്കേൽപ്പിക്കുന്നതു തെറ്റായിരുന്നെങ്കിൽ വ്യക്തമായും ഗർഭച്ഛിദ്രം ദൈവേഷ്ടത്തിനു വിരുദ്ധമാണെന്ന്‌ അവൾ വിശദീകരിച്ചു.

പുരോഹിതനായിരുന്ന അധ്യാപകൻ ഒരിക്കലും ഈ വാക്യങ്ങൾ വായിച്ചിരുന്നില്ല. സ്റ്റെഫാനിയുടെ ധീരമായ സാക്ഷീകരണം, വ്യത്യസ്‌ത വിഷയങ്ങളെക്കുറിച്ച്‌ സഹപാഠികളുമൊത്തു രസകരമായ അനേകം ചർച്ചകൾ നടത്തുന്നതിലേക്കു നയിച്ചു. ഇപ്പോൾ ഒരു പെൺകുട്ടി വീക്ഷാഗോപുരത്തിന്റെയും ഉണരുക!-യുടെയും പുതിയ പ്രതികൾ ക്രമമായി സ്വീകരിക്കുന്നു. ദൈവത്തിനുള്ള തന്റെ സമർപ്പണത്തിന്റെ അടയാളമായി സ്റ്റെഫാനി സ്‌നാപനമേൽക്കുന്നതു കാണാനായി മറ്റു രണ്ടു കൂട്ടുകാരികൾ യഹോവയുടെ സാക്ഷികളുടെ ഒരു ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ സംബന്ധിക്കുകയുണ്ടായി.

തെക്കേ അമേരിക്കയിലെ സുരിനാമിൽ താമസിക്കുന്ന ആറുവയസ്സുകാരി വാറെറ്റയാണ്‌ അടുത്തയാൾ. അവളുടെ അധ്യാപികയ്‌ക്കു തിരുവെഴുത്തുകളിൽനിന്ന്‌ ആശ്വാസം ആവശ്യമായിവന്നപ്പോൾ, ദൈവത്തെ മഹത്ത്വപ്പെടുത്താൻ ആ സന്ദർഭം അവൾ ഉപയോഗിച്ചു. മൂന്നു ദിവസത്തെ അവധി കഴിഞ്ഞെത്തിയ അധ്യാപിക, താൻ എന്തുകൊണ്ടാണു ക്ലാസ്സിൽ വരാതിരുന്നത്‌ എന്നറിയാമോയെന്നു കുട്ടികളോടു ചോദിച്ചു. “ടീച്ചറിനു സുഖമില്ലായിരുന്നു, അല്ലേ?” അവർ ആരാഞ്ഞു. “അല്ല,” ടീച്ചർ പറഞ്ഞു. “എന്റെ ചേച്ചി മരിച്ചുപോയി. ഞാൻ വളരെ ദുഃഖത്തിലാണ്‌. അതുകൊണ്ട്‌ നിങ്ങൾ ഒച്ചയൊന്നും ഉണ്ടാക്കരുത്‌.”

അന്ന്‌ ഉച്ചകഴിഞ്ഞ്‌ വാറെറ്റ തിരക്കുപിടിച്ച്‌ പഴയ മാസികകൾ പരിശോധിക്കാൻ തുടങ്ങി. അമ്മ ഉച്ചയുറക്കത്തിലായിരുന്നു. അവൾ ഓരോ മാസികയുടെയും തലക്കെട്ടുകൾ വായിച്ചുനോക്കി. അങ്ങനെ, “മരണാനന്തര ജീവിതം ഉണ്ടോ?” എന്ന ശീർഷകത്തിലുള്ള 2001 ജൂലൈ 15 ലക്കം വീക്ഷാഗോപുരം കയ്യിൽ കിട്ടി. ആവേശത്തോടെ അവൾ അമ്മയെ വിളിച്ചുണർത്തിപ്പറഞ്ഞു: “നോക്കൂ, മമ്മീ! ടീച്ചർക്കു കൊടുക്കാൻ മരണത്തെക്കുറിച്ചുള്ള ഒരു മാസിക ഞാൻ കണ്ടുപിടിച്ചു!” വാറെറ്റയുടെ ഒരു കത്തും ആ മാസികയും അധ്യാപികയ്‌ക്ക്‌ അയച്ചുകൊടുത്തു. കത്തിൽ ഇപ്രകാരം എഴുതിയിരുന്നു: “ഈ മാസിക ടീച്ചറിനുവേണ്ടിത്തന്നെയുള്ളതാണ്‌. ടീച്ചറിനു ചേച്ചിയെ പറുദീസയിൽ വീണ്ടും കാണാൻ കഴിയും. കാരണം യഹോവ ഒരിക്കലും നുണ പറയില്ല. അവൻ ഒരു പറുദീസ കൊണ്ടുവരുമെന്നു വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. അതു സ്വർഗത്തിലല്ല, ഭൂമിയിലാണ്‌.” ആ ലേഖനങ്ങളിലൂടെ ലഭിച്ച ബൈബിളധിഷ്‌ഠിത ആശ്വാസത്തെപ്രതി അധ്യാപിക ആഴമായ വിലമതിപ്പു പ്രകടിപ്പിച്ചു.

ഭാവിക്ക്‌ അടിസ്ഥാനമിടുക

യഹോവ “സന്തുഷ്ടനായ ദൈവം” ആണ്‌. (1 തിമൊഥെയൊസ്‌ 1:⁠11NW) ചെറുപ്പക്കാർ സന്തുഷ്ടരായിരിക്കാൻ അവൻ ആഗ്രഹിക്കുന്നു. “യൌവനക്കാരാ, നിന്റെ യൌവനത്തിൽ സന്തോഷിക്ക; യൌവനകാലത്തിൽ നിന്റെ ഹൃദയം ആനന്ദിക്കട്ടെ” എന്ന്‌ അവന്റെ വചനം പറയുന്നു. (സഭാപ്രസംഗി 11:9) യഹോവ വർത്തമാനകാലത്തിനുമപ്പുറത്തേക്കു നോക്കുകയും നല്ലതും മോശവും ആയ പ്രവർത്തനങ്ങൾ ഭാവിയിൽ എന്തു പരിണതഫലങ്ങൾ കൈവരുത്തും എന്ന്‌ അറിയുകയും ചെയ്യുന്നു. അതുകൊണ്ടാണ്‌ അവന്റെ വചനം യുവജനങ്ങളെ ഇപ്രകാരം ബുദ്ധിയുപദേശിക്കുന്നത്‌: “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക; ദുർദ്ദിവസങ്ങൾ വരികയും എനിക്കു ഇഷ്ടമില്ല എന്നു നീ പറയുന്ന കാലം സമീപിക്കയും . . . ചെയ്യുംമുമ്പെ തന്നേ.”​—⁠സഭാപ്രസംഗി 12:​1, 2.

അതേ, ജീവൻ എന്ന വിലയേറിയ സമ്മാനം യുവജനങ്ങൾ പരമാവധി ആസ്വദിക്കണം എന്നു യഹോവ ആഗ്രഹിക്കുന്നു. ദൈവത്തെ ഓർക്കുകയും സ്‌തുതിക്കുകയും ചെയ്യുകവഴി അർഥവത്തും പ്രതിഫലദായകവും ആയ ഒരു ജീവിതം നയിക്കാൻ അവർക്കു സാധിക്കും. വെല്ലുവിളികൾ നേരിടുമ്പോൾപ്പോലും ഉറപ്പോടെ അവർക്ക്‌ ഇങ്ങനെ പറയാൻ കഴിയും: “എന്റെ സഹായം . . . യഹോവയിങ്കൽനിന്നു വരുന്നു.”​—⁠സങ്കീർത്തനം 121:⁠2.

[അടിക്കുറിപ്പ്‌]

^ ഖ. 4 യഹോവയുടെ സാക്ഷികളുടെ കലണ്ടർ 2005, മാർച്ച്‌/ഏപ്രിൽ കാണുക.

[9-ാം പേജിലെ ആകർഷകവാക്യം]

“ഭൂമിയിൽനിന്നു യഹോവയെ സ്‌തുതിപ്പിൻ. . . . യുവാക്കളും യുവതികളും . . . യഹോവയുടെ നാമത്തെ സ്‌തുതിക്കട്ടെ.”​—⁠സങ്കീർത്തനം 148:7, 12, 13.

[8-ാം പേജിലെ ചതുരം]

യഹോവ യുവജനങ്ങളെ പിന്തുണയ്‌ക്കുന്നു

“യഹോവയായ കർത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ നീ എന്റെ ആശ്രയം തന്നേ.”​—⁠സങ്കീർത്തനം 71:⁠5.

‘നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം [ദൈവം] നിന്റെ വായ്‌ക്കു [“ജീവിതകാലത്തെ,” NW] നന്മകൊണ്ടു തൃപ്‌തിവരുത്തുന്നു.’​—⁠സങ്കീർത്തനം 103:⁠5.