വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്റെ സാർവലൗകിക സ്വാധീനം

യേശുവിന്റെ സാർവലൗകിക സ്വാധീനം

യേശുവിന്റെ സാർവലൗകിക സ്വാധീനം

“പരസ്യമായും സ്വകാര്യമായും യേശു പറഞ്ഞതായി സുവിശേഷങ്ങൾ റിപ്പോർട്ടു ചെയ്യുന്ന എല്ലാ കാര്യങ്ങളും പറഞ്ഞുതീർക്കാൻ അവനു രണ്ടു മണിക്കൂർ മതിയായിരുന്നിരിക്കണം” എന്ന്‌ ബൈബിൾ വിവർത്തകനായ എഡ്‌ഗർ ഗുഡ്‌സ്‌പീഡ്‌ എഴുതുന്നു. “എന്നാൽ ചുരുങ്ങിയ ആ വിവരങ്ങൾപോലും ആളുകളെ ഇളക്കിമറിക്കുന്നതും പ്രവർത്തനത്തിനു പ്രേരിപ്പിക്കുന്നതും ഹൃദയങ്ങളെ തുളച്ചുചെല്ലുന്നതും ആയിരുന്നു. ലോകത്തെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള മറ്റാരുമില്ല എന്നതാണു യാഥാർഥ്യം.”

പൊതുയുഗം (പൊ.യു.) 33-ൽ യേശു തന്റെ ഭൗമികശുശ്രൂഷ പൂർത്തിയാക്കിയപ്പോൾ അവന്റെ ശിഷ്യന്മാരായി കുറഞ്ഞത്‌ 120 സ്‌ത്രീപുരുഷന്മാരാണ്‌ ഉണ്ടായിരുന്നത്‌. (പ്രവൃത്തികൾ 1:15) ഇന്ന്‌ 200 കോടിയിലധികം പേർ തങ്ങൾ ക്രിസ്‌ത്യാനികളാണെന്ന്‌ അവകാശപ്പെടുന്നു. കൂടാതെ, യേശു ഒരു പ്രവാചകൻ ആണെന്ന്‌ അംഗീകരിക്കുന്ന കോടിക്കണക്കിന്‌ ആളുകൾ വേറെയുമുണ്ട്‌. തീർച്ചയായും മനുഷ്യവർഗത്തിന്മേൽ അവന്റെ പഠിപ്പിക്കലുകൾക്ക്‌ അസാധാരണമായ ഒരു സ്വാധീനം ഉണ്ടായിരുന്നിട്ടുണ്ട്‌.

ക്രിസ്‌ത്യാനികൾ അല്ലാത്ത നേതാക്കന്മാർപോലും യേശുവിന്റെ സാർവലൗകിക സ്വാധീനം അംഗീകരിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ഹൈമൻ എനെലോ എന്ന യഹൂദ റബി ഇപ്രകാരം എഴുതി: “മനുഷ്യവർഗത്തിന്റെ മതപരമായ ചരിത്രത്തിൽ ഏറ്റവുമധികം പ്രസിദ്ധി ആർജിക്കുകയും പഠനവിധേയനാകുകയും സ്വാധീനം ചെലുത്തുകയും ചെയ്‌ത വ്യക്തി യേശുവാണ്‌.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “മനുഷ്യവർഗത്തിന്മേൽ യേശു ചെലുത്തിയ സ്വാധീനം അളക്കാൻ ആർക്കാണു കഴിയുക? ചരിത്രത്തിലെങ്ങും ഇത്ര വലിയ അളവിൽ സ്‌നേഹം തൊട്ടുണർത്തുകയും ആശ്വാസം പ്രദാനം ചെയ്യുകയും നന്മപ്രവൃത്തികൾ ചെയ്യുകയും സന്തോഷവും പ്രത്യാശയും പകർന്നുതരുകയും ചെയ്‌തിട്ടുള്ള മറ്റൊരാളില്ല. മാനവകുലത്തിൽ പിറന്നിട്ടുള്ള പ്രശസ്‌തരും ശ്രേഷ്‌ഠരും ആയ വ്യക്തികളിൽ ഒരാൾക്കും സ്വാധീനത്തിന്റെയോ സാർവലൗകിക അംഗീകാരത്തിന്റെയോ കാര്യത്തിൽ യേശുവിന്റെ അടുത്തുപോലും എത്താൻ കഴിഞ്ഞിട്ടില്ല. അവൻ ചരിത്രത്തിലെ ഏറ്റവും ആകർഷണീയ വ്യക്തിയായിത്തീർന്നിരിക്കുന്നു.” ഹൈന്ദവനേതാവായ മോഹൻദാസ്‌ കെ. ഗാന്ധി ഇങ്ങനെ പറഞ്ഞു: “മനുഷ്യരാശിക്കായി യേശു പ്രവർത്തിച്ചതിനെക്കാൾ കൂടുതൽ പ്രവർത്തിച്ച ആരെങ്കിലും ഉള്ളതായി എനിക്ക്‌ അറിയില്ല. ക്രിസ്‌തുമതത്തിന്‌ യഥാർഥത്തിൽ യാതൊരു കുഴപ്പവും ഇല്ല.” എന്നാൽ അദ്ദേഹം ഇങ്ങനെ തുടർന്നു: “കുഴപ്പം ക്രിസ്‌ത്യാനികളായ നിങ്ങൾക്കാണ്‌. സ്വന്തം പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ജീവിക്കണമെന്ന യാതൊരു ചിന്തയും നിങ്ങൾക്കില്ല.”

യേശുവിന്റെ പഠിപ്പിക്കലുകൾക്കു ചേർച്ചയിൽ ജീവിക്കാത്തതിന്റെ ഒരു സുദീർഘ ചരിത്രമാണ്‌ ക്രൈസ്‌തവലോകത്തിനുള്ളത്‌. ക്രിസ്‌തുമത ചരിത്രകാരനായ സിസിൽ ജോൺ കാഡൂ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “സഭകളിൽ ഒരുതരം ധാർമിക ശൈഥില്യം ക്രമേണ ശക്തിപ്രാപിക്കുന്നത്‌ . . . പൊ.യു. 140 മുതൽത്തന്നെ ക്രൈസ്‌തവ നേതാക്കളുടെ ശ്രദ്ധ”യിൽപ്പെട്ടിരുന്നു. “ആദ്യമുണ്ടായിരുന്ന ധാർമിക നിഷ്‌ഠയ്‌ക്കു സംഭവിച്ച ഈ അപചയം, സ്വാഭാവികമായും ത്വരിതഗതിയിൽ ലൗകിക വഴികളുമായി താദാത്മ്യം പ്രാപിക്കുന്നതിലേക്കു നയിക്കുമായിരുന്നു” എന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

റോമൻ ചക്രവർത്തിയായ കോൺസ്റ്റന്റയ്‌ൻ നാലാം നൂറ്റാണ്ടിൽ ക്രിസ്‌ത്യാനിത്വം സ്വീകരിച്ചപ്പോൾ ഇതിന്‌ ആക്കം വർധിച്ചു. കാഡൂ എഴുതുന്നു: “കോൺസ്റ്റാന്റിനസുമായുള്ള കൂട്ടുകെട്ടിന്റെ ഫലമായി സഭ വലിയ അളവിലുള്ള വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറായപ്പോൾ ചരിത്രകാരന്മാർ അതു ശ്രദ്ധിക്കുകയും ചിലപ്പോഴൊക്കെ അതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌.” തുടർന്നുവന്ന നൂറ്റാണ്ടുകളിൽ, ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെടുന്നവർ ക്രിസ്‌തുവിന്റെ നാമത്തിന്‌ അപമാനം വരുത്തുന്ന ലജ്ജാകരമായ അനേകം കാര്യങ്ങൾ ചെയ്‌തിരിക്കുന്നു.

അതുകൊണ്ട്‌ പിൻവരുന്ന ചോദ്യങ്ങൾ നമ്മുടെ ശ്രദ്ധ അർഹിക്കുന്നു: യേശു യഥാർഥത്തിൽ എന്താണു പഠിപ്പിച്ചത്‌? അവന്റെ പഠിപ്പിക്കലുകൾ നമ്മെ എങ്ങനെ സ്വാധീനിക്കണം?

[3-ാം പേജിലെ ചിത്രം]

“മനുഷ്യരാശിക്കായി യേശു പ്രവർത്തിച്ചതിനെക്കാൾ കൂടുതൽ പ്രവർത്തിച്ച ആരെങ്കിലും ഉള്ളതായി എനിക്കറിയില്ല.”​—⁠മോഹൻദാസ്‌ കെ. ഗാന്ധി

[3-ാം പേജിലെ ചിത്രം]

“ലോകത്തെ ഇത്രയധികം സ്വാധീനിച്ചിട്ടുള്ള മറ്റാരുമില്ല.”​—⁠എഡ്‌ഗർ ഗുഡ്‌സ്‌പീഡ്‌

[കടപ്പാട്‌]

Culver Pictures