വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യേശുവിന്‌ നിങ്ങളുടെമേൽ എത്രത്തോളം സ്വാധീനമുണ്ട്‌?

യേശുവിന്‌ നിങ്ങളുടെമേൽ എത്രത്തോളം സ്വാധീനമുണ്ട്‌?

യേശുവിന്‌ നിങ്ങളുടെമേൽ എത്രത്തോളം സ്വാധീനമുണ്ട്‌?

യേശുവിന്റെ പഠിപ്പിക്കലുകൾ ലോകവ്യാപകമായി ശക്തമായ സ്വാധീനം ചെലുത്തിയിരിക്കുന്നുവെന്ന്‌ മുൻ ലേഖനം വ്യക്തമാക്കി. എന്നാൽ നാം ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യം ഇതാണ്‌: “യേശുവിന്റെ പഠിപ്പിക്കലുകൾ വ്യക്തിപരമായി എന്നെ എങ്ങനെ സ്വാധീനിക്കുന്നു?”

യേശുവിന്റെ പഠിപ്പിക്കലുകളിൽ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾപ്പെട്ടിരുന്നു. അവയിൽ അടങ്ങിയിട്ടുള്ള മൂല്യവത്തായ പാഠങ്ങൾക്ക്‌ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്‌പർശിക്കാൻ കഴിയും. ജീവിതത്തിൽ മുൻഗണനകൾ വെക്കുന്നതും ദൈവവുമായി സൗഹൃദം നട്ടുവളർത്തുന്നതും മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കുന്നതും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതും അക്രമപ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുന്നതും സംബന്ധിച്ച്‌ യേശു പഠിപ്പിച്ച കാര്യങ്ങളിൽ ഇപ്പോൾ നമുക്കു ശ്രദ്ധ കേന്ദ്രീകരിക്കാം.

ജീവിതത്തിൽ മുൻഗണനകൾ വെക്കുക

അതിശീഘ്രം മുന്നോട്ടു കുതിക്കുന്ന ഇന്നത്തെ ലോകം നമ്മുടെ സമയത്തിന്റെയും ഊർജത്തിന്റെയും നല്ലൊരു പങ്കു കവർന്നെടുക്കുന്നു. തത്‌ഫലമായി ആത്മീയ കാര്യങ്ങൾ മിക്കപ്പോഴും പിന്തള്ളപ്പെടുന്നു. തന്റെ 20-കളിലുള്ള ഒരു വ്യക്തിയുടെ ദൃഷ്ടാന്തം പരിചിന്തിക്കുക. നമുക്ക്‌ അദ്ദേഹത്തെ ജെറി എന്നു വിളിക്കാം. ആത്മീയ വിഷയങ്ങളെക്കുറിച്ചു ചർച്ച ചെയ്യുന്നത്‌ അദ്ദേഹത്തിന്‌ ഇഷ്ടമാണ്‌. പഠിക്കുന്ന കാര്യങ്ങളെ അദ്ദേഹം മൂല്യവത്തായി കരുതുകയും ചെയ്യുന്നു. എന്നാൽ ഒരു പ്രശ്‌നമുണ്ട്‌. “ക്രമമായ അടിസ്ഥാനത്തിൽ അതൊന്നും ചെയ്യാൻ എനിക്കു സമയം കിട്ടുന്നില്ല. ആഴ്‌ചയിൽ ആറു ദിവസം ഞാൻ ജോലി ചെയ്യുന്നു. ഞായറാഴ്‌ച മാത്രമാണ്‌ എനിക്ക്‌ ഒഴിവുള്ളത്‌. അന്ന്‌, ഒഴിച്ചുകൂടാനാവാത്ത നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ടാകും. അവ ചെയ്‌തുകഴിയുമ്പോഴേക്കും ഞാൻ ശരിക്കും തളർന്നുപോകുന്നു,” ജെറി പരിതപിക്കുന്നു. ആകട്ടെ, സമാനമായ ഒരു ധർമസങ്കടത്തിൽ ആണോ നിങ്ങളും? എങ്കിൽ, ഗിരിപ്രഭാഷണത്തിൽ യേശു പഠിപ്പിച്ച കാര്യങ്ങളിൽനിന്നു നിങ്ങൾക്കു പ്രയോജനം നേടാൻ കഴിയും.

തന്റെ ചുറ്റും കൂടിയിരുന്ന ജനക്കൂട്ടത്തോട്‌ യേശു പറഞ്ഞു: “എന്തു തിന്നും എന്തു കുടിക്കും എന്നു നിങ്ങളുടെ ജീവന്നായിക്കൊണ്ടും എന്തു ഉടുക്കും എന്നു ശരീരത്തിന്നായിക്കൊണ്ടും വിചാരപ്പെടരുതു; ആഹാരത്തേക്കാൾ ജീവനും ഉടുപ്പിനെക്കാൾ ശരീരവും വലുതല്ലയോ? ആകാശത്തിലെ പറവകളെ നോക്കുവിൻ; അവ വിതെക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയിൽ കൂട്ടിവെക്കുന്നതുമില്ല; എങ്കിലും സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു; അവയെക്കാൾ നിങ്ങൾ ഏറ്റവും വിശേഷതയുള്ളവരല്ലയോ? . . . ആകയാൽ നാം എന്തു തിന്നും എന്തു കുടിക്കും എന്തു ഉടുക്കും എന്നിങ്ങനെ നിങ്ങൾ വിചാരപ്പെടരുതു. ഈ വക ഒക്കെയും ജാതികൾ അന്വേഷിക്കുന്നു; സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു ഇതൊക്കെയും നിങ്ങൾക്കു ആവശ്യം എന്നു അറിയുന്നുവല്ലോ. മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്തായി 6:25-33) ഇതിൽനിന്നു നാം എന്താണു പഠിക്കുന്നത്‌?

നമ്മുടെയും കുടുംബാംഗങ്ങളുടെയും ഭൗതിക ആവശ്യങ്ങൾക്കായി കരുതുന്നതു നാം അവഗണിക്കണമെന്നല്ല യേശു അർഥമാക്കിയത്‌. “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു” എന്നു ബൈബിൾ പറയുന്നു. (1 തിമൊഥെയൊസ്‌ 5:8) എന്നാൽ, നാം ഉചിതമായ മുൻഗണനകൾ വെച്ചുകൊണ്ട്‌ ആത്മീയ കാര്യങ്ങൾക്കു പ്രഥമ സ്ഥാനം നൽകുമ്പോൾ നമ്മുടെ മറ്റ്‌ ആവശ്യങ്ങൾക്കായി ദൈവം കരുതുമെന്ന്‌ വാഗ്‌ദാനം ചെയ്യുകയായിരുന്നു അവൻ. യേശുവിന്റെ ഈ വാക്കുകൾ മുൻഗണനകൾ വെക്കേണ്ടത്‌ എങ്ങനെയെന്നതു സംബന്ധിച്ച്‌ നമുക്ക്‌ ഒരു പാഠം പ്രദാനം ചെയ്യുന്നു. ഈ ബുദ്ധിയുപദേശം പിൻപറ്റുന്നത്‌ നമുക്കു സന്തോഷം കൈവരുത്തും. എന്തുകൊണ്ടെന്നാൽ, “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.”​—⁠മത്തായി 5:⁠3, NW.

ദൈവവുമായി സൗഹൃദം നട്ടുവളർത്തുക

തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ ദൈവവുമായി ഒരു നല്ല ബന്ധം നട്ടുവളർത്തേണ്ടതിന്റെ ആവശ്യം തിരിച്ചറിയുന്നു. ആരെങ്കിലുമായി നാം നല്ല ബന്ധം സ്ഥാപിക്കുന്നത്‌ എങ്ങനെയാണ്‌? അതിന്‌ ആ വ്യക്തിയെ അടുത്തറിയാൻ നാം ശ്രമിക്കുകയില്ലേ? അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ, മനോഭാവങ്ങൾ, പ്രാപ്‌തികൾ, നേട്ടങ്ങൾ, ഇഷ്ടാനിഷ്ടങ്ങൾ എന്നിവ മനസ്സിലാക്കാൻ നാം സമയം ചെലവഴിക്കണം. ദൈവവുമായി സൗഹൃദം വളർത്തിയെടുക്കുന്ന കാര്യത്തിലും ഇതു സത്യമാണ്‌. അതിന്‌ അവനെക്കുറിച്ചു സൂക്ഷ്‌മ പരിജ്ഞാനം ഉണ്ടായിരിക്കേണ്ടതുണ്ട്‌. തന്റെ ശിഷ്യന്മാരെക്കുറിച്ച്‌ ദൈവത്തോടു പ്രാർഥിക്കയിൽ യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:3) അതേ, ദൈവവുമായി ഒരു ഉറ്റബന്ധം നട്ടുവളർത്താൻ നാം അവനെ അറിയേണ്ടതുണ്ട്‌ അഥവാ അവനെക്കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കേണ്ടതുണ്ട്‌. ആ പരിജ്ഞാനം പ്രദാനം ചെയ്യുന്ന ഒരേയൊരു ഉറവ്‌ ദൈവത്തിന്റെ നിശ്വസ്‌ത വചനമായ ബൈബിളാണ്‌. (2 തിമൊഥെയൊസ്‌ 3:16) തിരുവെഴുത്തുകൾ പഠിക്കാൻ നാം സമയം മാറ്റിവെക്കണം.

എന്നാൽ പരിജ്ഞാനം ഉണ്ടായിരുന്നാൽമാത്രം പോരാ. അതേ പ്രാർഥനയിൽ യേശു ഇപ്രകാരം പറഞ്ഞു: “അവർ [ശിഷ്യന്മാർ] നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.” (യോഹന്നാൻ 17:6) നാം ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുന്നതോടൊപ്പം അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും വേണം. അല്ലാത്തപക്ഷം നമുക്കു ദൈവത്തിന്റെ സ്‌നേഹിതന്മാർ ആയിത്തീരാൻ കഴിയില്ല. ഒരു വ്യക്തിയുടെ ആശയങ്ങൾക്കും തത്ത്വങ്ങൾക്കും വിരുദ്ധമായി നാം മനഃപൂർവം പ്രവർത്തിച്ചാൽ അദ്ദേഹവുമായുള്ള നമ്മുടെ സൗഹൃദം വളർച്ച പ്രാപിക്കുമെന്നു നമുക്ക്‌ യഥാർഥത്തിൽ പ്രതീക്ഷിക്കാൻ കഴിയുമോ? അതുകൊണ്ട്‌, ദൈവത്തിന്റെ വീക്ഷണങ്ങളും തത്ത്വങ്ങളും ജീവിതത്തിലെ നമ്മുടെ ഓരോ ചുവടിനെയും നയിക്കേണ്ടതുണ്ട്‌. സഹമനുഷ്യരുമായുള്ള നമ്മുടെ ബന്ധങ്ങൾക്കു രണ്ടു ദിവ്യതത്ത്വങ്ങൾ ബാധകമാകുന്ന വിധം നമുക്കിപ്പോൾ പരിശോധിക്കാം.

മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ സ്ഥാപിക്കുക

ഒരു സന്ദർഭത്തിൽ, മാനുഷ ബന്ധങ്ങൾ സംബന്ധിച്ച്‌ മൂല്യവത്തായ ഒരു പാഠം പഠിപ്പിക്കാൻ യേശു ഒരു ചെറിയ കഥ പറഞ്ഞു. തന്റെ ദാസന്മാരുമായി കണക്കു തീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനെക്കുറിച്ചുള്ളതായിരുന്നു അത്‌. ദാസന്മാരിൽ ഒരാളുടെ കടം അതിഭീമമായിരുന്നു. അതു മടക്കിക്കൊടുക്കാൻ അയാൾക്കു യാതൊരു നിർവാഹവും ഉണ്ടായിരുന്നില്ല. അപ്പോൾ, അവനെയും ഭാര്യയെയും മക്കളെയും അവനുള്ളതൊക്കെയും വിറ്റു കടം തീർക്കാൻ യജമാനൻ കൽപ്പിച്ചു. ഉടനെ അയാൾ താണുവീണ്‌ ഇങ്ങനെ അപേക്ഷിച്ചു: “എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം.” അലിവുതോന്നിയ യജമാനൻ അവന്റെ കടമെല്ലാം ഇളച്ചുകൊടുത്തു. എന്നാൽ, പോകുന്ന വഴിക്ക്‌ ആ ദാസൻ തനിക്ക്‌ ഒരു ചെറിയ തുകമാത്രം തരാനുണ്ടായിരുന്ന തന്റെ കൂട്ടുദാസനെ കണ്ടുമുട്ടുകയും അവനോടു അതു തിരികെ ആവശ്യപ്പെടുകയും ചെയ്‌തു. തന്നോടു കരുണ തോന്നേണമേ എന്ന്‌ ആ ദാസൻ കേണപേക്ഷിച്ചു. എന്നാൽ കടം വീട്ടുവോളം അയാൾ അവനെ തടവിലാക്കി. ഇതേക്കുറിച്ചു കേട്ടപ്പോൾ രാജാവിനു കോപം ജ്വലിച്ചു. “എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ” എന്ന്‌ അദ്ദേഹം ചോദിച്ചു. തുടർന്ന്‌, ക്ഷമിക്കാൻ മനസ്സില്ലാതിരുന്ന ആ ദാസനെ കടമൊക്കെയും തീർക്കുവോളം രാജാവ്‌ തടവിലാക്കി. ഈ കഥയുടെ ഗുണപാഠത്തെക്കുറിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെതന്നേ നിങ്ങളോടും ചെയ്യും.”​—⁠മത്തായി 18:23-35.

അപൂർണ മനുഷ്യർ എന്ന നിലയിൽ നമുക്കു ധാരാളം പിഴവുകൾ സംഭവിക്കുന്നു. ദൈവത്തിനെതിരായി നാം ചെയ്‌തുകൂട്ടിയിട്ടുള്ള ലംഘനങ്ങളുടെ ഭാരിച്ച കടം തീർക്കാൻ നമുക്ക്‌ ഒരിക്കലും കഴിയില്ല. ഒന്നു മാത്രമേ നമുക്കു ചെയ്യാൻ കഴിയൂ​—⁠അവന്റെ ക്ഷമ തേടുക. സഹോദരങ്ങൾ നമ്മോടു ചെയ്‌തിട്ടുള്ള പാപങ്ങൾ നാം ക്ഷമിക്കുന്നപക്ഷം നമ്മുടെ സകല ലംഘനങ്ങളും ക്ഷമിക്കാൻ യഹോവയാം ദൈവം തയ്യാറാണ്‌. എത്ര ശക്തമായ പാഠം! “ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ” എന്നു പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ ഉദ്‌ബോധിപ്പിച്ചു.​—⁠മത്തായി 6:12.

പ്രശ്‌നങ്ങളുടെ മൂലകാരണം തിരിച്ചറിയുക

മനുഷ്യപ്രകൃതം മനസ്സിലാക്കുന്ന കാര്യത്തിൽ യേശു വിദഗ്‌ധനായിരുന്നു. അവന്റെ ബുദ്ധിയുപദേശങ്ങൾ പ്രശ്‌നങ്ങളുടെ മൂലകാരണങ്ങളിലേക്ക്‌ ഇറങ്ങിച്ചെന്നു. പിൻവരുന്ന രണ്ടു ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കുക.

യേശു ഇങ്ങനെ പറഞ്ഞു: “കുല ചെയ്യരുതു എന്നും ആരെങ്കിലും കുല ചെയ്‌താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്‌തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ [“കോപം വെച്ചുകൊണ്ടിരിക്കുന്നവൻ,” NW] എല്ലാം ന്യായവിധിക്കു യോഗ്യനാകും.” (മത്തായി 5:21, 22) അങ്ങനെ, കൊലപാതകം എന്ന കൃത്യത്തിന്റെ മൂലകാരണം ആ അക്രമ പ്രവൃത്തിക്കു പിന്നിൽ വളരെ ആഴത്തിൽ വേരോടിയിരിക്കുന്ന ഒന്നാണെന്ന്‌ യേശു കാണിച്ചുതന്നു. കൊലപാതകിയുടെ ഹൃദയത്തിൽ വളർച്ച പ്രാപിക്കുന്ന മനോഭാവമാണ്‌ അത്‌. നീരസമോ കോപമോ വളർച്ച പ്രാപിക്കാൻ ആളുകൾ അനുവദിക്കാതിരുന്നാൽ, കരുതിക്കൂട്ടി ചെയ്യുന്ന അക്രമങ്ങൾ ഇല്ലാതാകും. ഈ പഠിപ്പിക്കൽ ബാധകമാക്കിയിരുന്നെങ്കിൽ എത്രമാത്രം രക്തച്ചൊരിച്ചിലുകൾ ഒഴിവാക്കാൻ കഴിയുമായിരുന്നു!

വളരെയധികം ഹൃദയവേദന വരുത്തിവെക്കുന്ന മറ്റൊരു പ്രശ്‌നത്തിന്റെ അടിസ്ഥാന കാരണത്തിലേക്ക്‌ യേശു വെളിച്ചം വീശുന്നതു ശ്രദ്ധിക്കുക. ജനക്കൂട്ടത്തോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്‌തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഞാനോ നിങ്ങളോടു പറയുന്നതു: സ്‌ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്‌തുപോയി. എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക.” (മത്തായി 5:27-29) യഥാർഥ പ്രശ്‌നം സ്ഥിതിചെയ്യുന്നത്‌ അധാർമിക പ്രവൃത്തിക്കും അപ്പുറത്താണെന്ന്‌ യേശു പഠിപ്പിച്ചു. അത്തരം പ്രവൃത്തിയിലേക്കു നയിക്കുന്ന അധാർമികമായ ആഗ്രഹങ്ങളാണ്‌ യഥാർഥ കാരണം. ഒരു വ്യക്തി, അനുചിതമായ മോഹങ്ങൾ താലോലിക്കുന്നതിനു വിസമ്മതിച്ചുകൊണ്ട്‌ അവയെ മനസ്സിൽനിന്നു ‘ചൂഴ്‌ന്നുകളയുന്നെങ്കിൽ’ അധാർമിക നടത്തയിൽ ഏർപ്പെടാനുള്ള സാധ്യത അയാൾ ഒഴിവാക്കും.

“വാൾ ഉറയിൽ ഇടുക”

യേശുവിനെ ഒറ്റിക്കൊടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്‌ത രാത്രി ശിഷ്യന്മാരിൽ ഒരുവൻ യേശുവിന്റെ സംരക്ഷണാർഥം വാൾ എടുത്തു. അപ്പോൾ യേശു അവനോടു കൽപ്പിച്ചു: “വാൾ ഉറയിൽ ഇടുക; വാൾ എടുക്കുന്നവർ ഒക്കെയും വാളാൽ നശിച്ചുപോകും.” (മത്തായി 26:52) പിറ്റേന്നു രാവിലെ പൊന്തിയൊസ്‌ പീലാത്തൊസിനോട്‌ യേശു ഇപ്രകാരം പറഞ്ഞു: “എന്റെ രാജ്യം ഐഹികമല്ല; എന്റെ രാജ്യം ഐഹികം ആയിരുന്നു എങ്കിൽ എന്നെ യെഹൂദന്മാരുടെ കയ്യിൽ ഏല്‌പിക്കാതവണ്ണം എന്റെ ചേവകർ പോരാടുമായിരുന്നു.” (യോഹന്നാൻ 18:36) ഈ പഠിപ്പിക്കൽ ബുദ്ധിശൂന്യമാണോ?

അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന യേശുവിന്റെ പഠിപ്പിക്കലിനോടുള്ള ആദിമ ക്രിസ്‌ത്യാനികളുടെ മനോഭാവം എന്തായിരുന്നു? യുദ്ധത്തോടുള്ള ആദിമ ക്രിസ്‌ത്യാനികളുടെ മനോഭാവം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “[യേശുവിന്റെ പഠിപ്പിക്കലുകൾ], മറ്റുള്ളവർക്കെതിരെയുള്ള എല്ലാവിധ അക്രമങ്ങളും ദ്രോഹപ്രവൃത്തികളും നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചതിൽനിന്ന്‌ യുദ്ധങ്ങളിൽ പങ്കെടുക്കുന്നതു നിയമപരമല്ലെന്നു വ്യക്തമാകുന്നു. . . . ആദിമ ക്രിസ്‌ത്യാനികൾ യേശുവിന്റെ വാക്കുകൾ അതേപടി അനുസരിച്ചു. സൗമ്യതയും അക്രമരാഹിത്യവും സംബന്ധിച്ച അവന്റെ പഠിപ്പിക്കലുകൾ അക്ഷരാർഥത്തിൽത്തന്നെ ബാധകമാക്കേണ്ടതാണെന്ന്‌ അവർ മനസ്സിലാക്കി. തങ്ങളുടെ മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണു സമാധാനം എന്ന്‌ അവർ പ്രകടമാക്കി. യുദ്ധം രക്തച്ചൊരിച്ചിലിന്‌ ഇടയാക്കുന്നതിനാൽ അവർ അതിനെ കുറ്റംവിധിച്ചു.” ക്രിസ്‌ത്യാനികൾ എന്ന്‌ അവകാശപ്പെട്ടിരുന്നവരെല്ലാം ഈ പഠിപ്പിക്കൽ പിൻപറ്റിയിരുന്നെങ്കിൽ ചരിത്രത്തിന്റെ ഗതി എത്ര വ്യത്യസ്‌തം ആയിരിക്കുമായിരുന്നു!

യേശുവിന്റെ സകല പഠിപ്പിക്കലുകളിൽനിന്നും നിങ്ങൾക്കു പ്രയോജനം നേടാൻ കഴിയും

നാം പരിചിന്തിച്ച, യേശുവിന്റെ പഠിപ്പിക്കലുകൾ ആകർഷകവും ലളിതവും ശക്തവും ആണ്‌. അവ മനസ്സിലാക്കുകയും ബാധകമാക്കുകയും ചെയ്യുന്നതിലൂടെ മനുഷ്യവർഗത്തിനു പ്രയോജനം നേടാൻ കഴിയും. *

ഏതു മനുഷ്യൻ പകർന്നുതന്നിട്ടുള്ളതിലേക്കും ഏറ്റവും ജ്ഞാനപൂർവകമായ ആ ബുദ്ധിയുപദേശങ്ങളിൽനിന്ന്‌ എങ്ങനെ പ്രയോജനം നേടാമെന്നു നിങ്ങൾക്കു കാണിച്ചുതരാൻ നിങ്ങളുടെ പ്രദേശത്തുള്ള യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരായിരിക്കും. അവരുമായി ബന്ധപ്പെടാനോ ഈ മാസികയുടെ രണ്ടാം പേജിൽ കൊടുത്തിട്ടുള്ള മേൽവിലാസത്തിൽ കത്തയയ്‌ക്കാനോ ഞങ്ങൾ നിങ്ങളെ ഹാർദമായി പ്രോത്സാഹിപ്പിക്കുന്നു.

[അടിക്കുറിപ്പ്‌]

^ ഖ. 22 യേശുവിന്റെ എല്ലാ പഠിപ്പിക്കലുകളുടെയും ക്രമീകൃതമായ ഒരു പരിചിന്തനത്തിന്‌, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം കാണുക.

[5-ാം പേജിലെ ചിത്രം]

“സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു അവയെ പുലർത്തുന്നു”

[7-ാം പേജിലെ ചിത്രം]

യേശുവിന്റെ പഠിപ്പിക്കലുകൾക്കു നിങ്ങളുടെ ജീവിതത്തെ പ്രയോജനകരമായി സ്വാധീനിക്കാൻ കഴിയും