വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശിംശോൻ യഹോവയുടെ ശക്തിയാൽ വിജയം നേടുന്നു!

ശിംശോൻ യഹോവയുടെ ശക്തിയാൽ വിജയം നേടുന്നു!

ശിംശോൻ യഹോവയുടെ ശക്തിയാൽ വിജയം നേടുന്നു!

പ്രതികാരദാഹികളായ ജേതാക്കൾ അവന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച്‌ തടവിലാക്കുകയും കഠിനവേലയ്‌ക്കു നിയോഗിക്കുകയും ചെയ്യുന്നു. പിന്നീട്‌ ജനത്തെ രസിപ്പിക്കുന്നതിനായി അവനെ തടവറയിൽനിന്ന്‌ ഒരു പുറജാതി ക്ഷേത്രത്തിലേക്കു കൊണ്ടുവരുന്നു. അവിടെ ആയിരക്കണക്കിനു കാഴ്‌ചക്കാരുടെ മുമ്പാകെ അവനൊരു കൂത്തുകാഴ്‌ച ആയിത്തീരുന്നു. ഈ തടവുകാരൻ ഒരു കുറ്റവാളിയോ ശത്രുസൈന്യത്തിന്റെ സേനാപതിയോ അല്ല. യഹോവയുടെ ഒരു ആരാധകനും ഇസ്രായേലിൽ 20 വർഷം ന്യായാധിപനും ആയിരുന്ന വ്യക്തിയാണ്‌ അവൻ.

ജീവിച്ചിരുന്നിട്ടുള്ളവരിൽവെച്ച്‌ ഏറ്റവും ശക്തിയുള്ള മനുഷ്യനായിരുന്ന ശിംശോൻ അത്തരമൊരു ദയനീയാവസ്ഥയിൽ ആയതെങ്ങനെ? അവന്റെ അസാധാരണമായ ശക്തി അവനെ രക്ഷിക്കുമായിരുന്നോ? ശിംശോന്റെ ശക്തിയുടെ രഹസ്യം എന്തായിരുന്നു? അവന്റെ ജീവിതകഥയിൽനിന്നു നമുക്ക്‌ എന്തെങ്കിലും പഠിക്കാനാകുമോ?

‘അവൻ ഇസ്രായേലിനെ രക്ഷിപ്പാൻ തുടങ്ങും’

ഇസ്രായേല്യർ നിരവധി തവണ സത്യാരാധനയിൽനിന്നു വ്യതിചലിച്ചുപോയിരുന്നു. അതുകൊണ്ട്‌, “യിസ്രായേൽമക്കൾ പിന്നെയും യഹോവെക്കു അനിഷ്ടമായുള്ളതു” ചെയ്‌തപ്പോൾ “യഹോവ അവരെ നാല്‌പതു സംവത്സരത്തോളം ഫെലിസ്‌ത്യരുടെ കയ്യിൽ ഏല്‌പിച്ചു.”​—⁠ന്യായാധിപന്മാർ 13:⁠1.

യഹോവയുടെ ദൂതൻ ഇസ്രായേല്യനായ മാനോഹയുടെ വന്ധ്യയായ ഭാര്യയെ സമീപിച്ച്‌ അവൾ ഒരു പുത്രനെ പ്രസവിക്കും എന്നു പറയുന്നതോടെയാണ്‌ ശിംശോനെക്കുറിച്ചുള്ള വിവരണം ആരംഭിക്കുന്നത്‌. ദൂതൻ ഇങ്ങനെ നിർദേശിച്ചു: “അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലൻ ഗർഭംമുതൽ ദൈവത്തിന്നു നാസീരായിരിക്കും; അവൻ യിസ്രായേലിനെ ഫെലിസ്‌ത്യരുടെ കയ്യിൽനിന്നു രക്ഷിപ്പാൻ തുടങ്ങും.” (ന്യായാധിപന്മാർ 13:⁠2-5) ശിംശോൻ ഗർഭത്തിൽ ഉരുവാകുന്നതിനു മുമ്പുതന്നെ അവനെ ഒരു പ്രത്യേക ദൗത്യം ഭരമേൽപ്പിക്കാൻ യഹോവ നിശ്ചയിച്ചിരുന്നു. ജനിക്കുന്ന നിമിഷംമുതൽത്തന്നെ അവൻ ഒരു നാസീർവ്രതക്കാരൻ അതായത്‌, ഒരു പ്രത്യേക വിശുദ്ധ സേവനത്തിനായി വേർതിരിക്കപ്പെട്ടവൻ ആയിരിക്കുമായിരുന്നു.

“അവളെ എനിക്കു ബോധിച്ചിരിക്കുന്നു”

ശിംശോൻ വളർന്നുവരവേ, “യഹോവ അവനെ അനുഗ്രഹിച്ചു.” (ന്യായാധിപന്മാർ 13:⁠24) ഒരു ദിവസം ശിംശോൻ തന്റെ മാതാപിതാക്കളോട്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ തിമ്‌നയിൽ ഒരു ഫെലിസ്‌ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം.” (ന്യായാധിപന്മാർ 14:⁠2) ശത്രുക്കളുടെ കൈയിൽനിന്ന്‌ ഇസ്രായേലിനെ വിടുവിക്കുന്നതിനു പകരം, അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടാൻ തങ്ങളുടെ പുത്രൻ ആഗ്രഹിക്കുന്നുവെന്ന്‌ അറിഞ്ഞപ്പോൾ അവർ എത്രമാത്രം അമ്പരന്നിരിക്കണം! പുറജാതി ദൈവങ്ങളുടെ ആരാധകരിൽനിന്നു ഭാര്യയെ എടുക്കുന്നത്‌ ന്യായപ്രമാണത്തിനു വിരുദ്ധമായിരുന്നു. (പുറപ്പാടു 34:⁠11-16) അതുകൊണ്ട്‌ “അഗ്രചർമ്മികളായ ഫെലിസ്‌ത്യരിൽനിന്നു നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ ജനത്തിലും യാതൊരുത്തിയും ഇല്ലയോ” എന്നു ചോദിച്ചുകൊണ്ട്‌ അവർ പുത്രന്റെ നീക്കത്തെ എതിർത്തു. എന്നാൽ നിർബന്ധബുദ്ധിയോടെ അവൻ പറഞ്ഞു: “അവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു.”​—⁠ന്യായാധിപന്മാർ 14:⁠3.

ഏതു വിധത്തിലാണ്‌ ആ പ്രത്യേക ഫെലിസ്‌ത്യ യുവതിയെ ശിംശോനു ‘ബോധിച്ചത്‌?’ അവൾ “സുന്ദരിയോ വശ്യമനോഹാരിണിയോ” ആണെന്ന അർഥത്തിലല്ല “മറിച്ച്‌ ഒരു ഉദ്ദേശ്യലബ്ധിക്ക്‌ അഥവാ ലക്ഷ്യപ്രാപ്‌തിക്ക്‌ അനുയോജ്യയാണ്‌” എന്ന അർഥത്തിലായിരുന്നു അതെന്ന്‌ മക്ലിന്റോക്കിന്റെയും സ്‌ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്‌) പറയുന്നു. ഏതു ലക്ഷ്യത്തോടുള്ള ബന്ധത്തിൽ? ശിംശോൻ “ഫെലിസ്‌ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു” എന്ന്‌ ന്യായാധിപന്മാർ 14:⁠4 പറയുന്നു. ആ ഉദ്ദേശ്യത്തിലാണ്‌ ശിംശോൻ അവളിൽ താത്‌പര്യമെടുത്തത്‌. മുതിർന്നുവരവേ, “യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി” അഥവാ പ്രവർത്തനത്തിനു പ്രേരിപ്പിച്ചു തുടങ്ങി. (ന്യായാധിപന്മാർ 13:⁠25) അതുകൊണ്ട്‌ ഭാര്യയെ എടുക്കുന്നതു സംബന്ധിച്ച അസാധാരണമായ ആഗ്രഹത്തിനു പിന്നിലും ഇസ്രായേലിൽ ന്യായാധിപനായുള്ള അവന്റെ മുഴു പ്രവർത്തനത്തിനു പിന്നിലും ഉള്ള പ്രേരകശക്തി യഹോവയുടെ ആത്മാവ്‌ ആയിരുന്നു. ശിംശോന്‌ അവൻ അന്വേഷിച്ചുനടന്ന അവസരം ലഭിച്ചോ? ദിവ്യപിന്തുണ സംബന്ധിച്ച്‌ യഹോവ അവന്‌ ഉറപ്പു കൊടുത്തത്‌ എങ്ങനെയെന്ന്‌ നമുക്ക്‌ ആദ്യം നോക്കാം.

ശിംശോൻ തന്റെ ഭാവിവധുവിന്റെ നാടായ തിമ്‌നയിലേക്കു യാത്ര ചെയ്യുകയായിരുന്നു. “തിമ്‌നെക്കരികെയുള്ള മുന്തിരിത്തോട്ടങ്ങളിൽ എത്തിയപ്പോൾ ഒരു ബാലസിംഹം അവന്റെ നേരെ അലറിവന്നു. അപ്പോൾ യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു; കയ്യിൽ ഒന്നും ഇല്ലാതിരിക്കെ അവൻ അതിനെ . . . കീറിക്കളഞ്ഞു”വെന്നു തിരുവെഴുത്തു വിവരണം പറയുന്നു. ശിംശോൻ തനിയെ ആയിരുന്നപ്പോഴാണ്‌ ഈ അസാധാരണ ശക്തിപ്രകടനം നടന്നത്‌. ഈ സംഭവത്തിനു ദൃക്‌സാക്ഷികൾ ആരുമുണ്ടായിരുന്നില്ല. ഒരു നാസീർവ്രതക്കാരനെന്ന നിലയിൽ ദൈവദത്ത നിയോഗം നിറവേറ്റാൻ ശിംശോൻ പ്രാപ്‌തനാണെന്ന്‌ ഉറപ്പു നൽകാൻ യഹോവ സ്വീകരിച്ച മാർഗമായിരുന്നോ അത്‌? ബൈബിൾ അതു സംബന്ധിച്ച്‌ ഒന്നും പറയുന്നില്ല. എന്നാൽ അസാധാരണമായ ആ ശക്തി തന്റെ സ്വന്തമല്ലെന്നു ശിംശോന്‌ തീർച്ചയായും അറിയാമായിരുന്നു. അത്‌ ദൈവത്തിൽനിന്നുള്ളത്‌ ആയിരുന്നിരിക്കണം. ഭാവി നിയോഗം നിറവേറ്റാൻ അവനു യഹോവയുടെ സഹായത്തിൽ ആശ്രയിക്കാൻ കഴിയുമായിരുന്നു. സിംഹത്തെ നേരിട്ട സംഭവത്താൽ ശക്തീകരിക്കപ്പെട്ട്‌ ശിംശോൻ യാത്ര തുടർന്നു. “പിന്നെ അവൻ ചെന്നു ആ സ്‌ത്രീയോടു സംസാരിച്ചു; അവളെ [അവനു] ബോധിച്ചു.”​—⁠ന്യായാധിപന്മാർ 14:⁠5-7.

പിന്നീട്‌ ആ സ്‌ത്രീയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരാനായി പോയപ്പോൾ ശിംശോൻ “സിംഹത്തിന്റെ ഉടൽ നോക്കേണ്ടതിന്നു മാറിച്ചെന്നു; സിംഹത്തിന്റെ ഉടലിന്നകത്തു ഒരു തേനീച്ചക്കൂട്ടവും തേനും കണ്ടു.” ഇതിനെ ആസ്‌പദമാക്കി അവൻ ഒരു കടങ്കഥ ചമച്ചു: “ഭോക്താവിൽനിന്നു ഭോജനവും മല്ലനിൽനിന്നു മധുരവും പുറപ്പെട്ടു.” മണവാളന്റെ തോഴന്മാരായി ഉണ്ടായിരുന്ന 30 ഫെലിസ്‌ത്യ യുവാക്കളോട്‌ അവൻ അതിന്റെ അർഥം ചോദിച്ചു. അവർ ശരിയുത്തരം പറഞ്ഞാൽ ശിംശോൻ അവർക്ക്‌ മുപ്പത്‌ ഉള്ളങ്കിയും മുപ്പതു വിശേഷവസ്‌ത്രവും കൊടുക്കും. പരാജയപ്പെട്ടാൽ അത്രയും വസ്‌ത്രങ്ങൾ അവർ ശിംശോനു കൊടുക്കണം എന്നതായിരുന്നു വ്യവസ്ഥ. മൂന്നു ദിവസം ഉത്തരം കണ്ടെത്താനാവാതെ അവർ കുഴങ്ങി. നാലാം ദിവസം അവർ ശിംശോന്റെ ഭാര്യയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. അവർ അവളോട്‌, “ഞങ്ങൾക്കു പറഞ്ഞുതരുവാൻ തക്കവണ്ണം നിന്റെ ഭർത്താവിനെ വശീകരിക്ക; അല്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ പിതൃഭവനത്തെയും തീവെച്ചു ചുട്ടുകളയും” എന്നു പറഞ്ഞു. എന്തൊരു ക്രൂരത! ഫെലിസ്‌ത്യർ സ്വന്തം ആളുകളോട്‌ ഇങ്ങനെയാണു പെരുമാറിയിരുന്നതെങ്കിൽ ഇസ്രായേല്യർക്ക്‌ അനുഭവിക്കേണ്ടിവന്നത്‌ എന്താണെന്ന്‌ ഊഹിക്കാമല്ലോ!​—⁠ന്യായാധിപന്മാർ 14:⁠8-15.

ഭയന്നുവിറച്ച ആ സ്‌ത്രീ തനിക്ക്‌ ഉത്തരം പറഞ്ഞുതരാൻ ശിംശോനെ നിർബന്ധിച്ചു. ശിംശോനോടു സ്‌നേഹരാഹിത്യവും അവിശ്വസ്‌തതയും പ്രകടമാക്കിക്കൊണ്ട്‌ അവൾ പെട്ടെന്നുതന്നെ അതു തോഴന്മാരുടെ കാതുകളിലെത്തിച്ചു. അങ്ങനെ അവർ കടങ്കഥയുടെ ഉത്തരം ശിംശോനോടു പറഞ്ഞു. എന്നാൽ അവർ ഉത്തരം കണ്ടുപിടിച്ചത്‌ എങ്ങനെയെന്നു ശിംശോന്‌ മനസ്സിലായി. അവൻ അവരോട്‌, “നിങ്ങൾ എന്റെ പശുക്കിടാവിനെ പൂട്ടി ഉഴുതില്ലെങ്കിൽ എന്റെ കടം വീട്ടുകയില്ലായിരുന്നു” എന്നു പറഞ്ഞു. അങ്ങനെ ശിംശോൻ കാത്തിരുന്ന അവസരം ആഗതമായി. “യഹോവയുടെ ആത്മാവു അവന്റെ മേൽ വന്നു; അവൻ അസ്‌കലോനിലേക്കു ചെന്നു മുപ്പതുപേരെ കൊന്നു അവരുടെ ഉടുപ്പൂരി കടംവീട്ടിയവർക്കു വസ്‌ത്രം കൊടുത്തു.”​—⁠ന്യായാധിപന്മാർ 14:⁠18, 19.

ശിംശോൻ അസ്‌കലോനിൽ ചെയ്‌ത പ്രവൃത്തിക്കു കാരണം പ്രതികാരദാഹമായിരുന്നോ? അല്ലായിരുന്നു. മറിച്ച്‌ യഹോവ, താൻ തിരഞ്ഞെടുത്ത രക്ഷകനിലൂടെ ചെയ്‌ത ഒരു പ്രവൃത്തിയായിരുന്നു അത്‌. ശിംശോനെ ഉപയോഗിച്ചുകൊണ്ട്‌, തന്റെ ജനത്തെ ക്രൂരമായി പീഡിപ്പിക്കുന്നവർക്കെതിരെ യഹോവ ഒരു പോരാട്ടത്തിനു തുടക്കം കുറിച്ചു. അതു തുടരുമായിരുന്നു. ശിംശോൻ തന്റെ ഭാര്യയെ സന്ദർശിക്കാനെത്തിയപ്പോൾ അടുത്ത അവസരം വീണുകിട്ടി.

ഒറ്റയാൾ പോരാട്ടം

ശിംശോൻ തിമ്‌നയിലേക്കു തിരികെ വന്നപ്പോഴേക്കും, അവനു ഭാര്യയോടു വെറുപ്പായിരിക്കുമെന്നു വിചാരിച്ച്‌ ഭാര്യാപിതാവ്‌ അവളെ മറ്റൊരുത്തനു വിവാഹം ചെയ്‌തു കൊടുത്തിരുന്നു. ശിംശോൻ ദുഃഖിതനായി കാണപ്പെട്ടു. അവൻ 300 കുറുക്കന്മാരെ പിടിച്ച്‌ രണ്ടെണ്ണത്തിന്റെവീതം വാൽ കൂട്ടിക്കെട്ടി. വാലിനിടയിൽ ഓരോ പന്തവും വെച്ചുകെട്ടി, പന്തത്തിനു തീകൊളുത്തി വിട്ടപ്പോൾ അവ പാടങ്ങളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും​—⁠അവരുടെ മൂന്നു പ്രധാന വിളവുകളും​—⁠അഗ്നിക്കിരയാക്കി. കുപിതരായ ഫെലിസ്‌ത്യർ ക്രൂരമായി പ്രതികരിച്ചു. ശിംശോന്റെ ഭാര്യയും അവളുടെ പിതാവും ആണ്‌ ഇതിന്‌ ഉത്തരവാദികൾ എന്നു നിരൂപിച്ച്‌ അവർ അവരെ ചുട്ടുകളഞ്ഞു. അവരുടെ കിരാതമായ പ്രതികാരം ശിംശോന്റെ ദൗത്യത്തിനു സഹായകമായി. പ്രതികാരമെന്നോണം അവൻ അനേകം ഫെലിസ്‌ത്യരെ സംഹരിച്ചു.​—⁠ന്യായാധിപന്മാർ 15:⁠1-8.

ശിംശോന്‌ യഹോവയുടെ അനുഗ്രഹമുണ്ടെന്നും അതുകൊണ്ട്‌ ഫെലിസ്‌ത്യരുടെ അധീശത്വത്തിൽനിന്നു മോചനം നേടുന്നതിന്‌ അവനോടൊപ്പം ചേരണമെന്നും ഇസ്രായേല്യർ തിരിച്ചറിഞ്ഞോ? ഒരിക്കലുമില്ല. കുഴപ്പം ഒഴിവാക്കുന്നതിന്‌, ദൈവത്തിന്റെ നിയമിത നേതാവിനെ ശത്രുക്കൾക്കു പിടിച്ചുകൊടുക്കാൻ യെഹൂദാപുരുഷന്മാർ 3,000 പേരെ അയച്ചു. എന്നാൽ ഇസ്രായേല്യരുടെ ഈ അവിശ്വസ്‌ത പ്രവൃത്തി, ശത്രുക്കളുടെമേൽ കൂടുതലായ പ്രഹരമേൽപ്പിക്കുന്നതിനു ശിംശോന്‌ അവസരം നൽകുകയാണുണ്ടായത്‌. ഇസ്രായേല്യർ ശിംശോനെ ഫെലിസ്‌ത്യർക്കു കൈമാറാൻ ഭാവിക്കവേ, “യഹോവയുടെ ആത്മാവു അവന്റെമേൽ വന്നു അവന്റെ കൈ കെട്ടിയിരുന്ന കയർ തീകൊണ്ടു കരിഞ്ഞ ചണനൂൽപോലെ ആയി; അവന്റെ ബന്ധനങ്ങൾ കൈമേൽനിന്നു ദ്രവിച്ചുപോയി. അവൻ ഒരു കഴുതയുടെ പച്ചത്താടിയെല്ലു കണ്ടു കൈനീട്ടി എടുത്തു അതുകൊണ്ടു ആയിരം പേരെ കൊന്നുകളഞ്ഞു.”​—⁠ന്യായാധിപന്മാർ 15:⁠10-15.

ശിംശോൻ യഹോവയോട്‌, “അടിയന്റെ കയ്യാൽ ഈ മഹാജയം നീ നല്‌കിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ടു മരിച്ചു അഗ്രചർമ്മികളുടെ കയ്യിൽ വീഴേണമോ” എന്നു നിലവിളിച്ചു. യഹോവ അവന്റെ പ്രാർഥന കേട്ട്‌ ഉത്തരമരുളി. “ദൈവം . . . ഒരു കുഴിപിളരുമാറാക്കി, അതിൽനിന്നു വെള്ളം പുറപ്പെട്ടു; അവൻ കുടിച്ചു ചൈതന്യം പ്രാപിച്ചു വീണ്ടും ജീവിച്ചു.”​—⁠ന്യായാധിപന്മാർ 15:⁠18, 19.

ഫെലിസ്‌ത്യർക്കെതിരെ പോരാടുകയെന്ന ഒരൊറ്റ ലക്ഷ്യമേ ശിംശോന്‌ ഉണ്ടായിരുന്നുള്ളൂ. ദൈവത്തിന്റെ ശത്രുക്കളോടു പൊരുതുകയെന്ന ലക്ഷ്യത്തിലാണ്‌ അവൻ ഗസ്സയിൽ ഒരു വേശ്യയുടെ വീട്ടിൽ കഴിഞ്ഞത്‌. ശത്രുപട്ടണത്തിൽ രാത്രി കഴിച്ചുകൂട്ടാൻ അവന്‌ ഒരു സ്ഥലം വേണമായിരുന്നു. ഒരു വേശ്യാഗൃഹത്തിൽ അതു കണ്ടെത്തുകയും ചെയ്‌തു. ശിംശോനു യാതൊരു അധാർമിക ചിന്തയും ഉണ്ടായിരുന്നില്ല. അർധരാത്രിയായപ്പോൾ അവൻ ആ വീട്ടിൽനിന്നിറങ്ങി, പട്ടണവാതിലിന്റെ കതകും കട്ടളക്കാൽ രണ്ടും പറിച്ചെടുത്ത്‌ ഹെബ്രോനരികെയുള്ള ഒരു മലമുകളിൽ, ഏകദേശം 60 കിലോമീറ്റർ അകലെ, കൊണ്ടുപോയി. ദിവ്യാംഗീകാരവും ദൈവദത്ത ശക്തിയുമാണ്‌ ഇതു ചെയ്യാൻ അവനെ പ്രാപ്‌തനാക്കിയത്‌.​—⁠ന്യായാധിപന്മാർ 16:⁠1-3.

അസാധാരണമായ സാഹചര്യങ്ങൾ നിമിത്തം അനന്യമായ ഒരു വിധത്തിലാണ്‌ ശിംശോന്റെ കാര്യത്തിൽ പരിശുദ്ധാത്മാവു പ്രവർത്തിച്ചത്‌. വിശ്വസ്‌തരായ ദൈവദാസർക്ക്‌ ഇന്നും ശക്തിക്കായി അതേ ആത്മാവിനെ ആശ്രയിക്കാനാകും. യഹോവ, ‘തന്നോടു യാചിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കും’ എന്ന്‌ യേശു ഉറപ്പുനൽകി.​—⁠ലൂക്കൊസ്‌ 11:⁠13.

‘യഹോവ ശിംശോനെ കൈവിട്ടത്‌’ എന്തുകൊണ്ട്‌?

ദെലീലാ എന്നു പേരുള്ള ഒരു സ്‌ത്രീയിൽ ശിംശോൻ അനുരക്തനായി. ശിംശോനെ ഉന്മൂലനം ചെയ്യാൻ തക്കംപാർത്തിരുന്ന അഞ്ചു ഫെലിസ്‌ത്യ പ്രഭുക്കന്മാർ അവളോടു സഹായം അഭ്യർഥിച്ചു. അവർ അവളെ സമീപിച്ച്‌ ഇങ്ങനെ പറഞ്ഞു: “നീ അവനെ വശീകരിച്ചു അവന്റെ മഹാശക്തി ഏതിൽ എന്നും ഞങ്ങൾ അവനെ പിടിച്ചുകെട്ടി ഒതുക്കേണ്ടതിന്നു എങ്ങനെ സാധിക്കും എന്നും അറിഞ്ഞുകൊൾക.” പ്രതിഫലമെന്ന നിലയിൽ പ്രഭുക്കന്മാരിൽ ഓരോരുത്തരും “ആയിരത്തൊരുനൂറു വെള്ളിപ്പണം വീതം” അവൾക്കു വാഗ്‌ദാനം ചെയ്‌തു.​—⁠ന്യായാധിപന്മാർ 16:⁠4, 5.

ആ വെള്ളിപ്പണം ശേക്കെൽ ആയി കണക്കാക്കിയാൽ 5,500 ശേക്കെൽ വരും. അത്‌ വലിയൊരു തുകതന്നെയാണ്‌. അബ്രാഹാം തന്റെ ഭാര്യയെ സംസ്‌കരിക്കുന്നതിന്‌ ഒരു സ്ഥലം വാങ്ങാൻ കൊടുത്തത്‌ 400 ശേക്കെൽ ആണ്‌, ഒരു അടിമയുടെ വില 30 ശേക്കെൽ ആയിരുന്നു. (ഉല്‌പത്തി 23:⁠14-20; പുറപ്പാടു 21:⁠32) ആ അഞ്ചു ഫെലിസ്‌ത്യ പ്രഭുക്കന്മാർ അവളുടെ വംശീയ വിശ്വസ്‌തതയല്ല, മറിച്ച്‌ അത്യാഗ്രഹമാണ്‌ മുതലെടുത്തത്‌ എന്ന വസ്‌തുത, അവൾ ഇസ്രായേല്യ ആയിരുന്നിരിക്കാം എന്നു സൂചിപ്പിക്കുന്നു. അതെന്തുതന്നെയായാലും ദെലീലാ ആ വാഗ്‌ദാനം സ്വീകരിച്ചു.

അവളുടെ ചോദ്യങ്ങൾക്ക്‌ മൂന്നു പ്രാവശ്യം ശിംശോൻ തെറ്റായ ഉത്തരം നൽകി, മൂന്നു പ്രാവശ്യവും അവനെ ശത്രുക്കളുടെ കൈയിൽ ഏൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട്‌ അവൾ അവനെ വഞ്ചിച്ചു. ‘അവൾ അവനെ ദിവസംപ്രതി വാക്കുകളാൽ ബുദ്ധിമുട്ടിച്ചു അസഹ്യപ്പെടുത്തി; അവൻ മരിപ്പാന്തക്കവണ്ണം വ്യസനപരവശനായി തീർന്നു.’ ഒടുവിൽ, തന്റെ മുടി ഒരിക്കലും മുറിച്ചിട്ടില്ലെന്നും ക്ഷൗരം ചെയ്‌താൽ ശക്തി ക്ഷയിച്ച്‌ താൻ മറ്റു മനുഷ്യരെപ്പോലെ ആകുമെന്നും ഉള്ള സത്യം അവൻ വെളിപ്പെടുത്തി.​—⁠ന്യായാധിപന്മാർ 16:6-17.

അതോടെ ശിംശോന്റെ പതനം ആരംഭിച്ചു. ദെലീലാ കൗശലപൂർവം, അവന്റെ ശിരസ്സ്‌ ക്ഷൗരം ചെയ്യാനുള്ള സാഹചര്യമൊരുക്കി. അക്ഷരാർഥത്തിൽ ശിംശോന്റെ ശക്തി അവന്റെ മുടിയിൽ ആയിരുന്നില്ല. അവന്റെ മുടി, നാസീർവ്രതക്കാരനെന്ന നിലയിൽ അവനു ദൈവവുമായുള്ള പ്രത്യേക ബന്ധത്തിന്റെ പ്രതീകം മാത്രമായിരുന്നു. തന്റെ തല ക്ഷൗരം ചെയ്യാൻ ഇടയാക്കിയ ഒരു സാഹചര്യത്തിലേക്കു പോകാൻ സ്വയം അനുവദിച്ചുകൊണ്ട്‌ നാസീർവ്രതത്തിനു ഭംഗം വരുത്തിയപ്പോൾ ‘യഹോവ അവനെ വിട്ടു’മാറി. അതോടെ ഫെലിസ്‌ത്യർ അവനെ കീഴടക്കി, കണ്ണു കുത്തിപ്പൊട്ടിച്ച്‌ കാരാഗൃഹത്തിലാക്കി.​—⁠ന്യായാധിപന്മാർ 16:⁠18-21.

എത്ര ശക്തമായൊരു പാഠമാണ്‌ ഇതു നമ്മെ പഠിപ്പിക്കുന്നത്‌! യഹോവയുമായുള്ള നമ്മുടെ ബന്ധം അമൂല്യമായ ഒന്നായി നാം കരുതേണ്ടതല്ലേ? ഏതെങ്കിലും വിധത്തിൽ നമ്മുടെ ക്രിസ്‌തീയ സമർപ്പണം നാം അടിയറവെച്ചാൽ, യഹോവ തുടർന്നും സഹായിക്കുമെന്ന്‌ നമുക്കു പ്രതീക്ഷിക്കാനാകുമോ?

“ഫെലിസ്‌ത്യരോടുകൂടെ ഞാൻ മരിക്കട്ടെ”

വിജയത്തിൽ മതിമറന്ന ഫെലിസ്‌ത്യർ ശിംശോന്റെ പരാജയത്തിന്‌ തങ്ങളുടെ ദൈവമായ ദാഗോനു നന്ദി പറഞ്ഞു. തങ്ങളുടെ വിജയം ആഘോഷിക്കുന്നതിന്‌ തടവുകാരനെ അവർ ദാഗോന്റെ ക്ഷേത്രത്തിലേക്കു കൊണ്ടുപോയി. എന്നാൽ തന്റെ വീഴ്‌ചയുടെ യഥാർഥ കാരണം ശിംശോന്‌ അറിയാമായിരുന്നു. യഹോവ തന്നെ കൈവിട്ടത്‌ എന്തുകൊണ്ടെന്ന്‌ അവൻ മനസ്സിലാക്കി. വീഴ്‌ച പറ്റിയതിൽ അവൻ പശ്ചാത്തപിച്ചു. അവൻ തടവറയിൽ ആയിരിക്കെ, അവന്റെ മുടി വീണ്ടും സമൃദ്ധമായി വളരാൻ തുടങ്ങിയിരുന്നു. ഇപ്പോൾ, ആയിരക്കണക്കിനു ഫെലിസ്‌ത്യരുടെ മുമ്പിൽ നിൽക്കുന്ന അവൻ എന്തു ചെയ്യും?

ശിംശോൻ പ്രാർഥിക്കുന്നു: “കർത്താവായ യഹോവേ, എന്നെ ഓർക്കേണമേ; ദൈവമേ, ഞാൻ എന്റെ രണ്ടു കണ്ണിന്നും വേണ്ടി ഫെലിസ്‌ത്യരോടു പ്രതികാരം ചെയ്യേണ്ടതിന്നു ഈ ഒരു പ്രാവശ്യം മാത്രം എനിക്കു ശക്തി നല്‌കേണമേ.” എന്നിട്ട്‌ അവൻ ക്ഷേത്രത്തിന്റെ രണ്ടു നടുത്തൂണുകളിൽ മുറുകെ പിടിച്ചുകൊണ്ട്‌ “ശക്തിയോടെ കുനിഞ്ഞു.” ഫലമോ? “ഉടനെ ക്ഷേത്രം അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയും മേൽവീണു. അങ്ങനെ അവൻ മരണസമയത്തു കൊന്നവർ ജീവകാലത്തു കൊന്നവരെക്കാൾ അധികമായിരുന്നു.”​—⁠ന്യായാധിപന്മാർ 16:⁠22-30.

ശാരീരിക ശക്തിയുടെ കാര്യത്തിൽ ഒരു മനുഷ്യനും ശിംശോനോടു കിടപിടിക്കാനാകുമായിരുന്നില്ല. അവന്റെ വീരകൃത്യങ്ങൾ ശ്രദ്ധേയമായിരുന്നു. എങ്കിലും, യഹോവയുടെ വചനം ശിംശോനെ വിശ്വാസത്തിൽ ശക്തരായവരുടെ ഗണത്തിൽപ്പെടുത്തുന്നു എന്നതാണ്‌ ഏറ്റവും പ്രധാനപ്പെട്ട സംഗതി.​—⁠എബ്രായർ 11:⁠32-34.

[26-ാം പേജിലെ ചിത്രം]

ശിംശോന്റെ ശക്തിയുടെ രഹസ്യം എന്തായിരുന്നു?