വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു അനാഥൻ സ്‌നേഹനിധിയായ പിതാവിനെ കണ്ടെത്തുന്നു

ഒരു അനാഥൻ സ്‌നേഹനിധിയായ പിതാവിനെ കണ്ടെത്തുന്നു

ജീവിത കഥ

ഒരു അനാഥൻ സ്‌നേഹനിധിയായ പിതാവിനെ കണ്ടെത്തുന്നു

ദിമിത്രിസ്‌ സിഡിറോപൂലൊസ്‌ പറഞ്ഞപ്രകാരം

“ഈ തോക്കെടുത്ത്‌ വെടിവെക്ക്‌” ഒരു റൈഫിൾ ബലമായി എന്റെ മുന്നിൽ വെച്ചിട്ട്‌ ഉദ്യോഗസ്ഥൻ മുരണ്ടു. ശാന്തത കൈവിടാതെ, ഞാൻ അതിനു വിസമ്മതിച്ചു. അപ്പോൾ നോക്കിനിന്നിരുന്ന പട്ടാളക്കാരെ നടുക്കിക്കൊണ്ട്‌ ഉദ്യോഗസ്ഥന്റെ തോക്കിൽനിന്നു വെടിയുണ്ടകൾ എന്റെ ചുമലിനു മുകളിലൂടെ ചീറിപ്പായാൻ തുടങ്ങി. ഞാൻ മരണം മുന്നിൽക്കണ്ടു. എന്നാൽ സന്തോഷകരമെന്നു പറയട്ടെ, ഞാൻ മരിച്ചില്ല. പക്ഷേ എന്റെ ജീവൻ അപകടത്തിലാകുന്ന ആദ്യ സന്ദർഭമായിരുന്നില്ല ഇത്‌.

തുർക്കിയിൽ, കപ്പദോക്യയിലെ കൈസര്യയ്‌ക്കടുത്തു വസിച്ചിരുന്ന ഒരു ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവരായിരുന്നു എന്റെ മാതാപിതാക്കൾ. ഈ പ്രദേശത്തുനിന്നുള്ള ചില വ്യക്തികൾ ഒന്നാം നൂറ്റാണ്ടിൽത്തന്നെ ക്രിസ്‌ത്യാനിത്വം സ്വീകരിച്ചെന്നു തോന്നുന്നു. (പ്രവൃത്തികൾ 2:9) എന്നിരുന്നാലും, 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ സാഹചര്യങ്ങൾ അപ്പാടെ മാറിമറിഞ്ഞിരുന്നു.

ആദ്യം അഭയാർഥി, പിന്നീട്‌ അനാഥൻ

1922-ലാണ്‌ എന്റെ ജനനം. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ ഒരു വംശീയ സംഘട്ടനം പൊട്ടിപ്പുറപ്പെട്ടു. ഞങ്ങളുടെ കുടുംബത്തിന്‌ ഗ്രീസിലേക്ക്‌ അഭയാർഥികളായി ഓടിപ്പോകേണ്ടിവന്നു. സംഭീതരായ എന്റെ മാതാപിതാക്കൾ അവർക്കുണ്ടായിരുന്ന സകലതും ഉപേക്ഷിച്ച്‌ ശിശുവായിരുന്ന എന്നെയുമെടുത്ത്‌ പലായനം ചെയ്‌തു. പറഞ്ഞറിയിക്കാനാവാത്ത തരം ക്ലേശങ്ങൾ സഹിച്ച്‌ അവശരായി അവർ ഒടുവിൽ ഉത്തര ഗ്രീസിലെ ഡ്രാമായ്‌ക്കടുത്തുള്ള കിരിയ ഗ്രാമത്തിൽ എത്തിച്ചേർന്നു.

എനിക്ക്‌ നാലുവയസ്സുള്ളപ്പോൾ എന്റെ അനുജൻ ജനിച്ചു, താമസിയാതെ പിതാവ്‌ മരിച്ചു. അദ്ദേഹത്തിന്‌ 27 വയസ്സേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അങ്ങേയറ്റം ദുരിതപൂർണമായിരുന്ന അവസ്ഥകൾ അദ്ദേഹത്തെ തളർത്തിക്കളഞ്ഞു. ഭീതിദമായ ക്ലേശങ്ങളിലൂടെ കടന്നുപോകേണ്ടിവന്ന അമ്മയും താമസിയാതെ മരിച്ചു. അനാഥരായ ഞാനും അനുജനും പെരുവഴിയിലായി. അനാഥാലയങ്ങളിൽനിന്ന്‌ അനാഥാലയങ്ങളിലേക്കുള്ള യാത്രയായിരുന്നു പിന്നീടങ്ങോട്ട്‌. അങ്ങനെ എനിക്കു 12 വയസ്സായപ്പോൾ ഞാൻ തെസ്സലോനീക്യയിലുള്ള ഒരു അനാഥാലയത്തിലെത്തി. അവിടെ ഞാൻ ഒരു മെക്കാനിക്കായി തൊഴിൽപരിശീലനം നേടാൻ തുടങ്ങി.

ഊഷ്‌മള വികാരങ്ങൾ ഒന്നുമില്ലാത്ത, മരവിച്ച അനാഥാലയ ചുവരുകൾക്കുള്ളിൽ ജീവിതം തള്ളിനീക്കുമ്പോൾ ഞാൻ ചിന്തിക്കുമായിരുന്നു, ചിലയാളുകൾക്കുമാത്രം എന്തുകൊണ്ടാണ്‌ ഇത്രയും ദുരിതവും അനീതിയും സഹിക്കേണ്ടിവരുന്നത്‌ എന്ന്‌. ഇത്തരം ദുഃഖപൂർണമായ അവസ്ഥകൾ നിലനിൽക്കാൻ ദൈവം അനുവദിക്കുന്നത്‌ എന്തുകൊണ്ടാണെന്നും ഞാൻ ചിന്തിക്കുമായിരുന്നു. ഞങ്ങളുടെ മതപഠന ക്ലാസ്സുകളിൽ ദൈവം സർവശക്തനാണെന്നു പഠിപ്പിച്ചിരുന്നു, പക്ഷേ ലോകമൊട്ടാകെ തിന്മ നടമാടുന്നത്‌ എന്തുകൊണ്ടാണ്‌ എന്നതിനു ന്യായയുക്തമായ യാതൊരു വിശദീകരണവും ലഭിച്ചിരുന്നില്ല. ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയാണ്‌ ഏറ്റവും നല്ല മതം എന്ന സംഗതി കൂടെക്കൂടെ ആവർത്തിക്കപ്പെട്ടിരുന്നു. “ഓർത്തഡോക്‌സ്‌ മതമാണ്‌ ഏറ്റവും നല്ലതെങ്കിൽ എല്ലാവരും ഓർത്തഡോക്‌സുകാർ അല്ലാത്തത്‌ എന്തുകൊണ്ട്‌?” എന്നുള്ള എന്റെ ചോദ്യത്തിന്‌ തൃപ്‌തികരമായ ഉത്തരമൊന്നും ലഭിച്ചില്ല.

എന്നിരുന്നാലും, ഞങ്ങളുടെ അധ്യാപകന്‌ ബൈബിളിനോട്‌ ആഴമായ ആദരവുണ്ടായിരുന്നു. അത്‌ ഒരു വിശുദ്ധഗ്രന്ഥമാണെന്ന കാര്യം അദ്ദേഹം ഞങ്ങളുടെ മനസ്സിൽ പതിപ്പിച്ചു. അനാഥാലയത്തിന്റെ ഡയറക്ടർക്കും അതേ വീക്ഷണമായിരുന്നു. എന്നാൽ ഏതോ ചില കാരണങ്ങളാൽ അദ്ദേഹം മതപരമായ ചടങ്ങുകളിൽനിന്നു വിട്ടുനിന്നിരുന്നു. അതിന്റെ കാരണം അന്വേഷിച്ചപ്പോൾ, അദ്ദേഹം ഒരിക്കൽ യഹോവയുടെ സാക്ഷികളുമായി ബൈബിൾ പഠിച്ചിരുന്നുവെന്ന്‌ അറിയാൻ കഴിഞ്ഞു. ഈ മതക്കാരെക്കുറിച്ചു ഞാൻ കേട്ടിട്ടേയില്ലായിരുന്നു.

എനിക്ക്‌ 17 വയസ്സായപ്പോൾ അനാഥാലയത്തിലെ എന്റെ വിദ്യാഭ്യാസം പൂർത്തിയായി. രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടിരുന്നു, ഗ്രീസ്‌ നാസികളുടെ നിയന്ത്രണത്തിലായി. പട്ടിണിമൂലം ആളുകൾ തെരുവുകളിൽ മരിച്ചുവീഴാൻ തുടങ്ങി. വരുമാനം തുച്ഛമായിരുന്നെങ്കിലും ജീവൻ നിലനിറുത്തുന്നതിനുവേണ്ടി കൂലിപ്പണി അന്വേഷിച്ച്‌ ഞാൻ ഗ്രാമപ്രദേശത്തേക്കു പോയി.

ബൈബിൾ ഉത്തരം നൽകുന്നു

1945 ഏപ്രിലിൽ ഞാൻ തെസ്സലോനീക്യയിലേക്കു തിരിച്ചുപോയി. അപ്പോൾ എന്റെ ഒരു ബാല്യകാല സുഹൃത്തിന്റെ സഹോദരി പാഷാലിയ എന്നെ കാണാൻവന്നു. ആ സുഹൃത്തും ഞാനും നിരവധി അനാഥാലയങ്ങളിൽ ഒന്നിച്ചുകഴിഞ്ഞവരായിരുന്നു. കുറച്ചുനാളായി അവനെ കാണുന്നില്ലെന്നും എനിക്ക്‌ അവനെക്കുറിച്ച്‌ എന്തെങ്കിലും അറിയാമോ എന്നും അവൾ എന്നോടു ചോദിച്ചു. സംഭാഷണത്തിനിടയിൽ താൻ യഹോവയുടെ സാക്ഷികളിൽ ഒരാളാണെന്നും ദൈവത്തിന്‌ മനുഷ്യരിൽ താത്‌പര്യമുണ്ടെന്നും അവൾ പറഞ്ഞു.

എന്റെയുള്ളിൽ നിറഞ്ഞുനിന്ന നീരസമെല്ലാം അപ്പോൾത്തന്നെ ചോദ്യരൂപത്തിൽ പുറത്തുവന്നു. കുഞ്ഞുന്നാൾ മുതലേ എനിക്കു കഷ്ടപ്പെടേണ്ടിവന്നത്‌ എന്തുകൊണ്ട്‌? ഞാൻ ഒരു അനാഥനായത്‌ എന്തുകൊണ്ടാണ്‌? നമുക്ക്‌ ദൈവത്തെ ഏറ്റവും അധികം ആവശ്യമുള്ളപ്പോൾ അവൻ എവിടെയാണ്‌? ഇതുകേട്ടിട്ട്‌ അവൾ ചോദിച്ചു: “ഈ ദുരവസ്ഥകൾക്കെല്ലാം ഉത്തരവാദി ദൈവമാണെന്ന്‌ നിനക്ക്‌ ഉറപ്പുണ്ടോ?” ദൈവം ആരെയും ദുരിതത്തിലാക്കുന്നില്ല എന്ന്‌ അവളുടെ ബൈബിളിൽനിന്ന്‌ എനിക്കു കാണിച്ചുതന്നു. സ്രഷ്ടാവ്‌ മനുഷ്യരെ സ്‌നേഹിക്കുന്നുണ്ടെന്നും പെട്ടെന്നുതന്നെ സ്ഥിതിഗതികളെല്ലാം മെച്ചപ്പെടുമെന്നും മനസ്സിലാക്കാൻ അവൾ എന്നെ സഹായിച്ചു. താമസിയാതെ യുദ്ധം, കലാപം, രോഗം, മരണം എന്നിവ നീക്കം ചെയ്യപ്പെടുമെന്നും വിശ്വസ്‌തരായ മനുഷ്യർ ഭൂമിയിൽ എന്നേക്കും ജീവിക്കുമെന്നും യെശയ്യാവു 35:5-7; വെളിപ്പാടു 21:​3-5 എന്നീ തിരുവെഴുത്തുകളിൽനിന്ന്‌ അവൾ എന്നെ കാണിച്ചു.

ഒരു കുടുംബത്തിന്റെ പിന്തുണ എനിക്കു ലഭിക്കുന്നു

പാഷാലിയയുടെ സഹോദരൻ ഗറില്ലകളുമായുള്ള ഒരു പോരാട്ടത്തിൽ കൊല്ലപ്പെട്ടെന്ന്‌ ഞാൻ മനസ്സിലാക്കി. അവളുടെ കുടുംബത്തെ ആശ്വസിപ്പിക്കാനായി ഞാൻ അവരുടെ വീട്ടിൽപ്പോയി, പക്ഷേ പകരം അവർ തിരുവെഴുത്തുകളിൽനിന്ന്‌ എന്നെ ആശ്വസിപ്പിക്കുകയാണുണ്ടായത്‌. ബൈബിളിൽനിന്ന്‌ കൂടുതൽ ആശ്വാസവചനങ്ങൾ കേൾക്കാനായി ഞാൻ വീണ്ടും അവിടെപ്പോയി. താമസിയാതെ, ഞാൻ പഠനത്തിനും ആരാധനയ്‌ക്കുമായി രഹസ്യത്തിൽ കൂടിവന്നിരുന്ന യഹോവയുടെ സാക്ഷികളുടെ ഒരു ചെറിയ കൂട്ടത്തിന്റെ ഭാഗമായി. സാക്ഷികളുടെ പ്രവർത്തനങ്ങൾ നിരോധിക്കപ്പെട്ടിരുന്നെങ്കിലും അവരുമായി തുടർന്നും സഹവസിക്കാൻ ഞാൻ തീരുമാനമെടുത്തു.

എനിക്കില്ലാതിരുന്ന, ഊഷ്‌മളതയും സ്‌നേഹവും നിറഞ്ഞ ഒരു കുടുംബാന്തരീക്ഷം വിനീതരായ ആ ക്രിസ്‌ത്യാനികളുടെയിടയിൽ ഞാൻ കണ്ടെത്തി. എനിക്ക്‌ അത്യാവശ്യമായി വേണ്ടിയിരുന്ന ആത്മീയ പിന്തുണയും സഹായവും അവർ നൽകി. എന്നിൽ യഥാർഥ താത്‌പര്യമുള്ള നിസ്സ്വാർഥ സുഹൃത്തുക്കളായിരുന്നു അവർ, എന്നെ സഹായിക്കാനും ആശ്വസിപ്പിക്കാനും സദാ സന്നദ്ധതയുള്ളവർ. (2 കൊരിന്ത്യർ 7:5-7) എല്ലാറ്റിലുമുപരി യഹോവയോട്‌ കൂടുതൽ അടുത്തുചെല്ലാൻ എനിക്കു സഹായം ലഭിച്ചു. എന്റെ സ്‌നേഹവാനായ സ്വർഗീയ പിതാവായി ഞാൻ ദൈവത്തെ കാണാൻ തുടങ്ങി. സ്‌നേഹം, അനുകമ്പ, ആഴമായ കരുതൽ തുടങ്ങിയ ദൈവത്തിന്റെ ഗുണങ്ങൾ എന്റെ ഹൃദയത്തെ സ്‌പർശിച്ചു. (സങ്കീർത്തനം 23:1-6) ഒടുവിൽ, ഒരു ആത്മീയ കുടുംബത്തെയും സ്‌നേഹനിധിയായ ഒരു പിതാവിനെയും ഞാൻ കണ്ടെത്തി! എന്റെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു. പെട്ടെന്നുതന്നെ എന്റെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കാൻ ഞാൻ പ്രേരിതനായി, 1945 സെപ്‌റ്റംബറിൽ ഞാൻ സ്‌നാപനമേറ്റു.

ക്രിസ്‌തീയ യോഗങ്ങളിൽ സംബന്ധിച്ചത്‌ എന്റെ അറിവു വർധിപ്പിക്കുക മാത്രമല്ല വിശ്വാസം ആഴമുള്ളതാക്കുകയും ചെയ്‌തു. വാഹനസൗകര്യങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ ഞങ്ങളുടെ ഗ്രാമത്തിൽനിന്നു യോഗസ്ഥലത്തേക്കുള്ള അഞ്ചുകിലോമീറ്റർദൂരം ഞങ്ങൾ മിക്കവാറും നടന്നാണു പൊയ്‌ക്കൊണ്ടിരുന്നത്‌. ഞങ്ങൾ കുറച്ചുപേരുണ്ടായിരുന്നു. അപ്പോഴത്തെ ഞങ്ങളുടെ ആത്മീയ ചർച്ചകൾ അവിസ്‌മരണീയങ്ങളായിരുന്നു. 1945 അവസാനത്തോടെ മുഴുസമയ സുവിശേഷിക്കൽ വേലയെക്കുറിച്ചു ഞാൻ മനസ്സിലാക്കിയപ്പോൾ ഞാൻ പയനിയറിങ്‌ ആരംഭിച്ചു. യഹോവയുമായുള്ള ശക്തമായ ബന്ധം അനിവാര്യമായിരുന്നു. കാരണം, താമസിയാതെ എന്റെ വിശ്വാസവും നിർമലതയും അങ്ങേയറ്റം പരിശോധിക്കപ്പെടാനിരിക്കുകയായിരുന്നു.

എതിർപ്പ്‌ വിപരീതഫലം ഉളവാക്കുന്നു

തോക്കുധാരികളായ പോലീസുകാർ ഇടയ്‌ക്കിടെ ഞങ്ങളുടെ യോഗസ്ഥലങ്ങൾ റെയ്‌ഡ്‌ ചെയ്‌തിരുന്നു. ഗ്രീസിൽ ആഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ടിരുന്നതിനാൽ രാജ്യം പട്ടാളനിയമത്തിൻ കീഴിലായിരുന്നു. ശത്രുവിഭാഗങ്ങൾ കൊടുംപകയോടെ പരസ്‌പരം ഏറ്റുമുട്ടി. ഈ അവസരം മുതലെടുത്ത്‌ യഹോവയുടെ സാക്ഷികൾ കമ്മ്യൂണിസ്റ്റുകാരാണെന്ന്‌ പുരോഹിതവർഗം അധികാരികളെ ബോധ്യപ്പെടുത്തി. തുടർന്ന്‌ അവർ ഞങ്ങളെ അതിക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങി.

രണ്ടുവർഷത്തിനിടയിൽ ഞങ്ങളെ നിരവധിതവണ അറസ്റ്റുചെയ്‌തു. നാലുമാസം വരെയുള്ള ശിക്ഷ ഞങ്ങൾക്ക്‌ ആറുപ്രാവശ്യം കിട്ടി. എന്നിരുന്നാലും, ജയിലുകൾ മുഴുവനും രാഷ്‌ട്രീയ തടവുകാരെക്കൊണ്ടു നിറഞ്ഞിരുന്നതിനാൽ ഞങ്ങളെ വിട്ടയച്ചു. നിനച്ചിരിക്കാതെ കിട്ടിയ ഈ സ്വാതന്ത്ര്യം ഞങ്ങൾ പ്രസംഗവേലയിൽ നന്നായി വിനിയോഗിച്ചു. പക്ഷേ, വീണ്ടും ഞങ്ങൾ അറസ്റ്റിലായി, ഒരു ആഴ്‌ചതന്നെ മൂന്നുപ്രാവശ്യം. സഹോദരങ്ങളിൽ നിരവധിപ്പേരെ ഒറ്റപ്പെട്ട ദ്വീപുകളിലേക്കു നാടുകടത്തിയതായി ഞങ്ങൾ അറിഞ്ഞു. അത്തരമൊരു പരിശോധനയെ നേരിടാൻതക്ക ബലം എന്റെ വിശ്വാസത്തിന്‌ ഉണ്ടായിരുന്നോ?

എന്നെ പോലീസ്‌ നിരീക്ഷണത്തിൽ വെച്ചിരുന്ന സമയം അങ്ങേയറ്റം ദുഷ്‌കരമായിരുന്നു. എന്റെമേൽ ഒരു കണ്ണുണ്ടായിരിക്കാൻ വേണ്ടി അധികാരികൾ എന്നെ തെസ്സലോനീക്യക്ക്‌ സമീപത്തുള്ള ഇവോസ്‌മോസിലേക്ക്‌ അയച്ചു, അവിടെ ഒരു പോലീസ്‌ സ്റ്റേഷൻ ഉണ്ടായിരുന്നു. അടുത്തുതന്നെ ഞാൻ ഒരു മുറി വാടകയ്‌ക്കെടുത്തു. ഉപജീവനത്തിനുവേണ്ടി ഞാൻ ഒരു തൊഴിൽ ചെയ്യാൻ തുടങ്ങി, വീടുതോറും നടന്ന്‌ ചെമ്പുകലങ്ങളും പാത്രങ്ങളും പോളീഷു ചെയ്‌തുകൊടുക്കുന്ന ജോലിയായിരുന്നു അത്‌. ഞാൻ ചുറ്റുമുള്ള ഗ്രാമങ്ങളിൽ പയനിയറിങ്‌ ചെയ്‌തപ്പോൾ പോലീസുകാരിൽ സംശയമുണർത്താതെ വീടുകളിൽ അനായാസം ചെന്നെത്തുന്നതിന്‌ എന്റെ ഈ ജോലി സഹായകമായി. ഫലമോ? നിരവധിയാളുകൾ സുവാർത്ത കേൾക്കുകയും അനുകൂലമായി പ്രതികരിക്കുകയും ചെയ്‌തു. കാലക്രമത്തിൽ പത്തിലധികംപേർ യഹോവയുടെ സമർപ്പിത ആരാധകരായിത്തീർന്നു.

എട്ടു ജയിലുകളിലായി പത്തുവർഷം

1949-ന്റെ അവസാനംവരെ ഞാൻ പോലീസ്‌ നിരീക്ഷണത്തിലായിരുന്നു. അതിനുശേഷം ഞാൻ തെസ്സലോനീക്യയിലേക്കു തിരിച്ചുപോയി, എന്റെ മുഴുസമയ ശുശ്രൂഷ പുനരാരംഭിക്കാൻ എനിക്കു തിടുക്കമായിരുന്നു. പരിശോധനകളെല്ലാം അവസാനിച്ചെന്നു കരുതിയിരിക്കുമ്പോഴാണ്‌ സൈന്യത്തിൽ ചേരാനുള്ള അപ്രതീക്ഷിത ക്ഷണം എനിക്കു കിട്ടുന്നത്‌, 1950-ൽ ആയിരുന്നു ഇത്‌. എന്റെ ക്രിസ്‌തീയ നിഷ്‌പക്ഷത നിമിത്തം, ‘യുദ്ധം അഭ്യസിക്കയില്ല’ എന്നു ഞാൻ ദൃഢനിശ്ചയം ചെയ്‌തു. (യെശയ്യാവു 2:4) ക്രൂരതയ്‌ക്കു കുപ്രസിദ്ധിയാർജിച്ച ഭീതിദമായ ചില തടവറകളിലേക്ക്‌ എന്നെ കൊണ്ടെത്തിക്കുമായിരുന്ന കൊടിയ യാതനകളുടെ പ്രളയമായിരുന്നു പിന്നീടങ്ങോട്ട്‌.

ഡ്രാമാ നഗരത്തിൽവെച്ചായിരുന്നു എല്ലാറ്റിന്റെയും തുടക്കം. അവിടെ ഞാൻ തടവിലായി, ആദ്യത്തെ ഏതാനും ആഴ്‌ചകളിൽ പുതുതായി പട്ടാളത്തിൽ ചേർക്കപ്പെട്ടവരുടെ വെടിവെപ്പുപരിശീലനം നടത്തപ്പെട്ടു. ഒരു ദിവസം എന്നെ ആ സ്ഥലത്തുകൊണ്ടുപോയി. ഉദ്യോഗസ്ഥരിൽ ഒരാൾ എന്റെ മുന്നിൽ ഒരു തോക്കുവെച്ചിട്ട്‌ വെടിവെക്കാൻ ഉത്തരവിട്ടു. ഞാൻ വിസമ്മതിച്ചപ്പോൾ അയാൾ എന്റെനേർക്കു വെടിയുതിർക്കാൻ തുടങ്ങി. എന്റെ തീരുമാനത്തിനു മാറ്റമില്ലെന്നു മറ്റ്‌ ഉദ്യോഗസ്ഥർക്കു മനസ്സിലായപ്പോൾ അവർ എന്നെ ക്രൂരമായി മർദിക്കാനാരംഭിച്ചു. അവർ സിഗരറ്റു കത്തിച്ചിട്ട്‌ എന്റെ ഉള്ളംകൈയിൽവെച്ചു കുത്തിക്കെടുത്തി. അതിനുശേഷം അവർ എന്നെ ഏകാന്തതടവിലിട്ടു. മൂന്നു ദിവസത്തേക്ക്‌ ഇതു തുടർന്നു. ഉള്ളംകൈയിലെ തീപ്പൊള്ളലിന്റെ വേദന അസഹനീയമായിരുന്നു, നിരവധി വർഷങ്ങളോളം ആ പാടുകൾ എന്റെ കൈവെള്ളയിലുണ്ടായിരുന്നു.

സൈനികകോടതി മുമ്പാകെ എന്നെ വിസ്‌തരിക്കുന്നതിനു മുമ്പ്‌ ക്രീറ്റിലെ ഇറാക്ലിയൊൺ എന്ന സൈനിക ക്യാമ്പിലേക്ക്‌ എന്നെ മാറ്റി. അവിടെ എന്റെ നിഷ്‌പക്ഷത തകർക്കാനുള്ള ശ്രമത്തിൽ അവർ എന്നെ ക്രൂരമായി തല്ലിച്ചതച്ചു. വിശ്വാസം തള്ളിപ്പറയുമോ എന്ന്‌ ഭയന്നുപോയ ഞാൻ, എനിക്കു ശക്തിതരേണമേയെന്ന്‌ എന്റെ സ്വർഗീയ പിതാവിനോട്‌ മുട്ടിപ്പായി പ്രാർഥിച്ചു. യിരെമ്യാവു 1:​19-ലെ വാക്കുകൾ ഞാൻ ഓർത്തു: “അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാട്‌.” “ദൈവസമാധാനം” എന്റെ ഉള്ളിൽ നിറഞ്ഞ്‌ മനസ്സു ശാന്തമാകുന്നതു ഞാൻ അറിഞ്ഞു. യഹോവയിൽ പൂർണമായി ആശ്രയിക്കുന്നതിലെ ജ്ഞാനം ഞാൻ തിരിച്ചറിഞ്ഞു.​—⁠ഫിലിപ്പിയർ 4:6, 7; സദൃശവാക്യങ്ങൾ 3:⁠5.

തുടർന്നുവന്ന വിചാരണയിൽ എനിക്കു ജീവപര്യന്തം തടവു വിധിച്ചു. യഹോവയുടെ സാക്ഷികളെ “രാഷ്‌ട്രത്തിന്റെ ബദ്ധശത്രുക്കൾ” ആയിട്ടാണ്‌ കരുതിയത്‌. കനീയെക്കു പുറത്തുള്ള, ക്രിമിനൽ കുറ്റവാളികൾക്കായുള്ള ഇറ്റ്‌സിഡിൻ തടവറയിൽ എന്റെ ജീവപര്യന്തം തുടങ്ങി, ഏകാന്തതടവിലായിരുന്നു ഞാൻ. ജയിൽ ഒരു പഴയ കോട്ടയായിരുന്നു, എന്റെ ജയിലറയിൽ നിറയെ എലികളായിരുന്നു. എലികൾ ദേഹത്തുകൂടി കയറിയിറങ്ങുമ്പോൾ ശരീരവുമായി നേരിട്ടുസമ്പർക്കത്തിൽ വരാതിരിക്കാൻ എന്റെ പക്കലുണ്ടായിരുന്ന കീറിപ്പറിഞ്ഞ ഒരു പഴയ കമ്പിളികൊണ്ട്‌ തലമുതൽ പാദംവരെ ഞാൻ മൂടുമായിരുന്നു. എനിക്കു ന്യൂമോണിയ പിടിപെട്ടു, അതു കലശലായി. ഞാൻ വെയിലത്ത്‌ ഇരിക്കണമെന്ന്‌ ഡോക്ടർ എന്നോടു നിർദേശിച്ചു. ജയിൽമുറ്റത്തുവെച്ച്‌, തടവുകാരായ നിരവധിപ്പേരുമായി ബൈബിൾ ചർച്ചകൾ നടത്താൻ ആ അവസരം ഉതകി. എന്നിരുന്നാലും, എന്റെ അവസ്ഥ വഷളായി, ശ്വാസകോശത്തിൽ ഉണ്ടായ ഗുരുതരമായ രക്തവാർച്ചയ്‌ക്കുശേഷം എന്നെ ഇറാക്ലിയൊൺ ആശുപത്രിയിലേക്കു മാറ്റി.

എപ്പോഴത്തേതും പോലെ ആവശ്യസമയത്ത്‌ സഹക്രിസ്‌ത്യാനികളാകുന്ന എന്റെ ആത്മീയ കുടുംബം സഹായഹസ്‌തവുമായി എത്തി. (കൊലൊസ്സ്യർ 4:11) ഇറാക്ലിയൊണിലുള്ള സഹോദരങ്ങൾ എന്നെ നിരന്തരം സന്ദർശിച്ച്‌ ആശ്വാസവും പ്രോത്സാഹനവും പകർന്നു. താത്‌പര്യക്കാർക്കു കൊടുക്കുന്നതിനായി സാഹിത്യം വേണമെന്ന്‌ ഞാൻ അവരോടു പറഞ്ഞു. സാഹിത്യങ്ങൾ ഒളിപ്പിച്ചുവെക്കുന്നതിന്‌ രഹസ്യ അറയുള്ള ഒരു സ്യൂട്ട്‌കേസ്‌ അവർ എനിക്കു തന്നു. വിവിധ ജയിലുകളിൽ തടവിലായിരുന്ന കാലംകൊണ്ട്‌ കുറഞ്ഞത്‌ ആറു തടവുപുള്ളികളെ സത്യക്രിസ്‌ത്യാനികളായിത്തീരുന്നതിന്‌ സഹായിക്കാൻ കഴിഞ്ഞതിൽ ഞാൻ എത്ര സന്തുഷ്ടനായിരുന്നെന്നോ!

അപ്പോഴേക്കും ആഭ്യന്തരയുദ്ധം അവസാനിച്ചിരുന്നു. എന്റെ തടവുശിക്ഷ പത്തുവർഷമാക്കി കുറച്ചു. ശേഷിച്ച കാലയളവ്‌ ഞാൻ റെഥിമ്‌നോ, ഗെന്റി കൂളെ, കസ്സാൻഡ്രാ എന്നീ ജയിലുകളിൽ ചെലവഴിച്ചു. എട്ടു തടവറകളിലായി ഏകദേശം പത്തുവർഷത്തെ ശിക്ഷകഴിഞ്ഞ്‌ മോചിതനായ ഞാൻ തെസ്സലോനീക്യയിലേക്കു തിരിച്ചുപോയി. അവിടെ സ്‌നേഹം തുളുമ്പുന്ന ഹൃദയവുമായി എന്റെ പ്രിയപ്പെട്ട സഹോദരങ്ങൾ എന്നെ കാത്തിരിപ്പുണ്ടായിരുന്നു.

ക്രിസ്‌തീയ സാഹോദര്യത്തിൽ പുഷ്ടിപ്പെടുന്നു

അപ്പോഴേക്കും ഗ്രീസിലുള്ള സാക്ഷികൾക്ക്‌ ഒരുപരിധിവരെയുള്ള ആരാധനാസ്വാതന്ത്ര്യം ലഭിച്ചിരുന്നു. മുഴുസമയ ശുശ്രൂഷ പുനരാരംഭിക്കാൻ എനിക്കു രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. പെട്ടെന്നുതന്നെ മറ്റൊരു അനുഗ്രഹവും എന്നെത്തേടി വന്നു. കാറ്റിന എന്നുപേരുള്ള വിശ്വസ്‌തയായ ഒരു ക്രിസ്‌തീയ സഹോദരിയെ ഞാൻ പരിചയപ്പെടാനിടയായി. അവൾ യഹോവയെ സ്‌നേഹിച്ചിരുന്ന, പ്രസംഗവേലയിൽ തീക്ഷ്‌ണതയുള്ള ഒരു സ്‌ത്രീയായിരുന്നു. 1959 ഒക്ടോബറിൽ ഞങ്ങൾ വിവാഹിതരായി. ഞങ്ങൾക്ക്‌ ആഗാപി എന്ന മകൾ ജനിച്ചു, മകളുടെ ജനനവും എനിക്കു സ്വന്തമായി ഒരു ക്രിസ്‌തീയ കുടുംബം ഉണ്ടായതും എന്റെ കഴിഞ്ഞകാല അനാഥത്വത്തിന്റെ ശേഷിച്ചിരുന്ന മുറിവുകളും ഉണക്കി. എല്ലാറ്റിലുമുപരി, നമ്മുടെ സ്‌നേഹവാനായ സ്വർഗീയ പിതാവായ യഹോവയുടെ സംരക്ഷണത്തിൻകീഴിൽ അവനെ സേവിക്കുന്നതിൽ ഞങ്ങളുടെ കുടുംബം സംതൃപ്‌തി കണ്ടെത്തി.​—⁠സങ്കീർത്തനം 5:11.

സാഹചര്യങ്ങൾ നിയന്ത്രണാതീതമായപ്പോൾ ഞാൻ പയനിയറിങ്‌ നിറുത്താൻ നിർബന്ധിതനായി. എന്നാൽ മുഴുസമയ ശുശ്രൂഷയിൽ തുടരാൻ തക്കവണ്ണം ഭാര്യയ്‌ക്ക്‌ ഞാൻ പൂർണ പിന്തുണ നൽകി. അങ്ങനെയിരിക്കെ 1969-ൽ എന്റെ ക്രിസ്‌തീയ ജീവിതത്തിലെ നാഴികക്കല്ലായ ഒരു സന്ദർഭം വന്നു, ജർമനിയിലെ ന്യൂറംബർഗിൽ നടത്തിയ യഹോവയുടെ സാക്ഷികളുടെ അന്താരാഷ്‌ട്ര കൺവെൻഷൻ. അവിടേക്കു പോകാൻ തയ്യാറാകവേ ഞാൻ ഒരു പാസ്‌പോർട്ടിന്‌ അപേക്ഷിച്ചു. അപേക്ഷ കൊടുത്ത്‌ രണ്ടുമാസം കഴിഞ്ഞിട്ടും പാസ്‌പോർട്ട്‌ നൽകാത്തതിന്റെ കാരണം ചോദിക്കാൻ എന്റെ ഭാര്യ പോലീസ്‌ സ്റ്റേഷനിൽ ചെന്നു. അപ്പോൾ ഒരു ഉദ്യോഗസ്ഥൻ മേശവലിപ്പിൽനിന്ന്‌ കട്ടിയുള്ള ഒരു ഫയൽ എടുത്തിട്ടു പറഞ്ഞു: “ജർമനിയിലുള്ളവരെയും മതപരിവർത്തനം ചെയ്യിക്കാനല്ലേ ഇയാൾക്കു പാസ്‌പോർട്ട്‌? സാധ്യമല്ല, ഇയാൾ അപകടകാരിയാണ്‌.”

യഹോവയുടെ സഹായവും ചില സഹോദരങ്ങളുടെ ശ്രമവുംകൊണ്ട്‌ ഒരു ഗ്രൂപ്പ്‌ പാസ്‌പോർട്ടിൽ എന്റെ പേരും ഉൾപ്പെടുത്തി, അങ്ങനെ എനിക്ക്‌ വിസ്‌മയകരമായ ആ കൺവെൻഷൻ ആസ്വദിക്കാൻ കഴിഞ്ഞു. ഏറ്റവും കൂടിയ ഹാജർ 1,50,000-ത്തിലധികമായിരുന്നു. ഈ അന്താരാഷ്‌ട്ര ആത്മീയ കുടുംബത്തെ നയിക്കുകയും ഏകീകരിക്കുകയും ചെയ്യുന്ന യഹോവയുടെ പരിശുദ്ധാത്മാവിന്റെ ഒഴുക്ക്‌ എനിക്കു വ്യക്തമായി കാണാൻ കഴിഞ്ഞു. പിന്നീടുള്ള ജീവിതത്തിൽ ക്രിസ്‌തീയ സാഹോദര്യത്തിന്റെ മൂല്യം ഞാൻ ഏറെ വിലമതിക്കാനിരിക്കുകയായിരുന്നു.

1977-ൽ എന്റെ പ്രിയപ്പെട്ട ഭാര്യ മരിച്ചു. അവൾ എന്റെ വിശ്വസ്‌ത സുഹൃത്തായിരുന്നു. ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിൽ ഞങ്ങളുടെ മകളെ വളർത്തിക്കൊണ്ടുവരാൻ ഞാൻ എന്നാലാവുന്നതു ചെയ്‌തു. എന്നാൽ ഇക്കാര്യത്തിൽ ഞാനൊറ്റയ്‌ക്ക്‌ ആയിരുന്നില്ല. ഇവിടെയും എന്റെ ആത്മീയ കുടുംബം സഹായത്തിനെത്തി. ദുഷ്‌കരമായ ആ സമയങ്ങളിൽ എന്നെ പിന്താങ്ങിയ സഹോദരങ്ങളോട്‌ ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. അവരിൽ ചിലർ എന്റെ മകളെ നോക്കാനായി കുറച്ചുനാളത്തേക്ക്‌ എന്റെ വീട്ടിൽ വന്നു താമസിക്കുകപോലും ചെയ്‌തു. അവർ കാണിച്ച ആത്മത്യാഗപരമായ സ്‌നേഹം ഞാൻ ഒരിക്കലും മറക്കുകയില്ല.​—⁠യോഹന്നാൻ 13:34, 35.

ആഗാപി വളർന്നു, ഇലീയസ്‌ എന്ന ഒരു സഹോദരനെ അവൾ വിവാഹം കഴിച്ചു. അവർക്ക്‌ നാലുപുത്രന്മാരുണ്ട്‌. എല്ലാവരും സത്യത്തിലാണ്‌. അടുത്തകാലത്ത്‌ എനിക്ക്‌ നിരവധിതവണ മസ്‌തിഷ്‌കാഘാതം ഉണ്ടായി. എന്റെ ആരോഗ്യം വളരെ മോശമാകാൻ തുടങ്ങി. എന്റെ മകളും കുടുംബവും എന്നെ നന്നായി പരിചരിക്കുന്നു. മോശമായ ആരോഗ്യസ്ഥിതിയിലും എനിക്ക്‌ സന്തോഷിക്കാൻ നിരവധി കാരണങ്ങളുണ്ട്‌. വർഷങ്ങൾക്കു മുമ്പ്‌, തെസ്സലോനീക്യയിലാകെ നൂറോളം സഹോദരങ്ങൾ മാത്രമുണ്ടായിരുന്ന, രഹസ്യമായി വീടുകളിൽ യോഗങ്ങൾ നടത്തിയിരുന്ന ആ നാളുകളെക്കുറിച്ച്‌ ഞാൻ ഓർക്കുന്നു. ഇപ്പോൾ ഈ പ്രദേശത്ത്‌ അയ്യായിരത്തോളം തീക്ഷ്‌ണരായ സാക്ഷികളുണ്ട്‌. (യെശയ്യാവു 60:22) കൺവെൻഷനുകളിൽ ചെറുപ്പക്കാരായ സഹോദരങ്ങൾ എന്റെയടുത്തുവന്നിട്ട്‌ ചോദിക്കും: “ഞങ്ങളുടെ വീട്ടിൽ മാസികകൾ കൊണ്ടുവന്നിരുന്നത്‌ സഹോദരൻ ഓർക്കുന്നുണ്ടോ?” അവരുടെ മാതാപിതാക്കൾ ഒരുപക്ഷേ ആ മാസികകൾ വായിച്ചിരുന്നില്ലെങ്കിലും മക്കൾ അതു വായിച്ച്‌ ആത്മീയ പുരോഗതി നേടി!

യഹോവയുടെ സംഘടനയുടെ വളർച്ച കാണുമ്പോൾ ഞാൻ സഹിച്ചുനിന്നത്‌ തക്കമൂല്യമുള്ള ഒന്നായിരുന്നെന്ന്‌ എനിക്കു തോന്നുന്നു. യൗവനത്തിൽ തങ്ങളുടെ സ്വർഗീയ പിതാവിനെ ഓർക്കാനാണ്‌ എന്റെ കൊച്ചുമക്കളോടും സഭയിലെ യുവജനങ്ങളോടും എല്ലായ്‌പോഴും എനിക്കു പറയാനുള്ളത്‌. അവൻ ഒരുനാളും അവരെ ഉപേക്ഷിക്കുകയില്ല. (സഭാപ്രസംഗി 12:1) യഹോവ തന്റെ വാക്കു പാലിച്ചു, എന്റെ കാര്യത്തിൽ അവൻ ‘അനാഥനു പിതാവ്‌’ ആയിത്തീരുകതന്നെ ചെയ്‌തു. (സങ്കീർത്തനം 68:5) അതേ, കുഞ്ഞുന്നാളിൽത്തന്നെ ഞാൻ അനാഥനായെങ്കിലും പിന്നീട്‌ സ്‌നേഹനിധിയായ ഒരു പിതാവിനെ ഞാൻ കണ്ടെത്തി!

[22-ാം പേജിലെ ചിത്രം]

ഡ്രാമാ ജയിലിൽ ഞാൻ പാചകക്കാരനായി ജോലിചെയ്‌തു

[23-ാം പേജിലെ ചിത്രം]

കാറ്റിനയോടൊപ്പം വിവാഹദിനത്തിൽ, 1959

[23-ാം പേജിലെ ചിത്രം]

തെസ്സലോനീക്യയ്‌ക്ക്‌ അടുത്തുള്ള ഒരു വനത്തിൽവെച്ചുള്ള സമ്മേളനം, 1960-കളുടെ അവസാനം

[24-ാം പേജിലെ ചിത്രം]

മകളോടൊപ്പം, 1967