വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനത്തെ സ്‌നേഹിച്ച താഴ്‌മയുള്ള ഒരു ആഫ്രിക്കക്കാരൻ

ദൈവവചനത്തെ സ്‌നേഹിച്ച താഴ്‌മയുള്ള ഒരു ആഫ്രിക്കക്കാരൻ

ദൈവവചനത്തെ സ്‌നേഹിച്ച താഴ്‌മയുള്ള ഒരു ആഫ്രിക്കക്കാരൻ

ആഫ്രിക്ക സന്ദർശിക്കുന്നവർ, തദ്ദേശവാസികളുമായി ഒരു ബൈബിൾ ചർച്ചയ്‌ക്കു തുടക്കമിടാൻ എത്രയെളുപ്പമാണ്‌ എന്നുകണ്ട്‌ പലപ്പോഴും അതിശയിച്ചുപോകാറുണ്ട്‌. “ദൈവത്തിന്റെ രാജ്യം എന്താണ്‌?,” “ഭക്ഷ്യദൗർലഭ്യം, രോഗം, യുദ്ധം, കുറ്റകൃത്യം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾക്ക്‌ എന്തെങ്കിലും ശാശ്വതപരിഹാരമുണ്ടോ?” തുടങ്ങിയ ചോദ്യങ്ങൾ പെട്ടെന്നുതന്നെ അവരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഒരു പരിചയവുമില്ലാത്ത ആളുകൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ബൈബിളിൽനിന്നു കാണിച്ചുകൊടുത്താൽപ്പോലും അവർ അതു വളരെയേറെ വിലമതിക്കും. പലപ്പോഴും ഇത്തരത്തിലുള്ള സംഭാഷണങ്ങൾ ക്രമമായ ഒരു ബൈബിളധ്യയനത്തിലേക്കു നയിക്കാറുണ്ട്‌. ആത്മീയ പുരോഗതി വരുത്തുന്ന വിദ്യാർഥികൾ സ്‌നാപനമേറ്റ്‌ ക്രിസ്‌ത്യാനികളായിത്തീരുന്നു.

മേൽപ്പറഞ്ഞവിധം പ്രതികരിച്ച ആദ്യകാല ആഫ്രിക്കക്കാരിൽ ഒരാളെക്കുറിച്ച്‌ പ്രവൃത്തികൾ 8:​26-40-ൽ ബൈബിൾ പറയുന്നു. സത്യദൈവമായ യഹോവയെ ആരാധിക്കാനായി യെരൂശലേമിലേക്കു യാത്രചെയ്‌ത ഒരു എത്യോപ്യക്കാരനായിരുന്നു അത്‌.

ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണിച്ചിരിക്കുന്നതുപോലെ, വീട്ടിലേക്കു തിരിച്ചുപോകുന്നവഴി തേരിലിരുന്ന്‌ ഈ എത്യോപ്യക്കാരൻ ഒരു ചുരുൾ വായിക്കുകയാണ്‌. അപ്പോൾ ഒരു അപരിചിതൻ അവനെ സമീപിച്ചു ചോദിക്കുന്നു: “നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ?” താഴ്‌മയുള്ള ആ എത്യോപ്യക്കാരൻ തിരുവെഴുത്തു മനസ്സിലാക്കാൻ തനിക്കു സഹായം ആവശ്യമുണ്ടെന്നു തുറന്നുസമ്മതിക്കുകയും ആ അപരിചിതനോട്‌, ക്രിസ്‌തീയ സുവിശേഷകനായ ഫിലിപ്പോസിനോട്‌, തേരിൽക്കയറി തന്നോടൊപ്പം ഇരിക്കണമെന്ന്‌ അപേക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന്‌ താൻ അപ്പോൾ വായിച്ച തിരുവെഴുത്തു ഭാഗത്തിന്റെ അർഥം പറഞ്ഞുതരാമോ എന്നു ചോദിക്കുന്നു. അത്‌ ആയിടെ സംഭവിച്ച, മിശിഹായായ യേശുക്രിസ്‌തുവിന്റെ മരണത്തിലേക്കു വിരൽചൂണ്ടിയ ഒരു പ്രവചനമാണെന്നു ഫിലിപ്പോസ്‌ വിശദീകരിക്കുന്നു. “യേശുവിനെക്കുറിച്ചുള്ള സുവിശേഷ”വുമായി ബന്ധപ്പെട്ട്‌ മറ്റു ചില കാര്യങ്ങളും ഫിലിപ്പോസ്‌ വിശദീകരിക്കുന്നു. യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചും അവൻ പറഞ്ഞിരിക്കുമെന്നതിനു സംശയമില്ല.

വിസ്‌മയകരമായ ഈ സത്യങ്ങൾ കേട്ട എത്യോപ്യക്കാരൻ യേശുവിന്റെ ഒരു ശിഷ്യനാകാൻ ആഗ്രഹിക്കുന്നു. അവൻ ചോദിക്കുന്നു: “ഞാൻ സ്‌നാനം ഏല്‌ക്കുന്നതിന്നു എന്തു വിരോധം?” താഴ്‌മയുള്ള ഈ ആഫ്രിക്കക്കാരൻ സ്‌നാപനത്തിനുശേഷം, തന്റെ ഭവനത്തിലേക്കുള്ള യാത്ര തുടരുന്നു. ബൈബിൾ പിന്നീട്‌ അവനെക്കുറിച്ച്‌ ഒന്നും പറയുന്നില്ല.

ഇന്ന്‌, അതേ “സുവിശേഷ”ത്തെക്കുറിച്ച്‌ അറിയാനായി യഹോവയുടെ സാക്ഷികൾ ലോകവ്യാപകമായി കോടിക്കണക്കിന്‌ ആളുകളെ സഹായിക്കുന്നു. ഇപ്പോൾ ഏകദേശം 60 ലക്ഷം സൗജന്യ ഭവന ബൈബിളധ്യയനങ്ങൾ നടത്തപ്പെടുന്നുണ്ട്‌.