വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കളേ, നിങ്ങളുടെ അമൂല്യ പൈതൃകം സംരക്ഷിക്കുക

മാതാപിതാക്കളേ, നിങ്ങളുടെ അമൂല്യ പൈതൃകം സംരക്ഷിക്കുക

മാതാപിതാക്കളേ, നിങ്ങളുടെ അമൂല്യ പൈതൃകം സംരക്ഷിക്കുക

“ജ്ഞാനം ഒരു ശരണം. . . . [അത്‌] ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു.”​—⁠സഭാപ്രസംഗി 7:⁠12.

1. മാതാപിതാക്കൾ മക്കളെ സമ്മാനമായി വീക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

തങ്ങളുടേതിനു സമാനമായ ശാരീരിക സവിശേഷതകളും വ്യക്തിത്വഗുണങ്ങളും ഉള്ള ഒരു പുതിയ വ്യക്തി ഈ ലോകത്തിലേക്കു വരാൻ മാതാപിതാക്കൾ ഇടയാക്കുന്നു. ‘യഹോവ നൽകിയിരിക്കുന്ന അവകാശം’ എന്നാണ്‌ ബൈബിൾ മക്കളെ വിളിക്കുന്നത്‌. (സങ്കീർത്തനം 127:⁠3) യഥാർഥ ജീവദാതാവായ യഹോവ, ആത്യന്തികമായി തനിക്ക്‌ അവകാശപ്പെട്ട ഇവരെ മാതാപിതാക്കൾക്ക്‌ ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു. (സങ്കീർത്തനം 36:⁠9) മാതാപിതാക്കളേ, അമൂല്യമായ അത്തരമൊരു സമ്മാനം ദൈവത്തിൽനിന്നു സ്വീകരിക്കുന്നതു സംബന്ധിച്ച്‌ നിങ്ങളുടെ വീക്ഷണം എന്താണ്‌?

2. തനിക്ക്‌ ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ മാനോഹയുടെ പ്രതികരണം എന്തായിരുന്നു?

2 അത്തരമൊരു സമ്മാനം തീർച്ചയായും താഴ്‌മയോടെയും വിലമതിപ്പോടെയും സ്വീകരിക്കേണ്ടതാണ്‌. 3,000-ത്തിലധികം വർഷംമുമ്പ്‌, ഇസ്രായേല്യനായ മാനോഹ അങ്ങനെയാണു പ്രതികരിച്ചത്‌. മാനോഹയുടെ ഭാര്യ ഒരു കുഞ്ഞിനു ജന്മം നൽകുമെന്ന സദ്വാർത്ത ഒരു ദൂതൻ പറഞ്ഞപ്പോൾ മാനോഹ ഇങ്ങനെ പ്രാർഥിച്ചു: “കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ.” (ന്യായാധിപന്മാർ 13:⁠8) മാതാപിതാക്കളേ, മാനോഹയുടെ മാതൃകയിൽനിന്നു നിങ്ങൾക്ക്‌ എന്തു പഠിക്കാൻ കഴിയും?

ഇപ്പോൾ ദിവ്യസഹായം ആവശ്യമായിരിക്കുന്നതിന്റെ കാരണം

3. മക്കളെ വളർത്തുന്നതിന്‌ വിശേഷിച്ച്‌ ഇന്ന്‌ ദൈവത്തിന്റെ സഹായം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

3 മക്കളെ വളർത്തുന്നതിന്‌, മാതാപിതാക്കൾക്ക്‌ യഹോവയുടെ സഹായം മുമ്പെന്നത്തെക്കാളധികം ഇന്ന്‌ ആവശ്യമാണ്‌. കാരണം? പിശാചായ സാത്താനും ഭൂതങ്ങളും സ്വർഗത്തിൽനിന്നു ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടിരിക്കുകയാണ്‌. ബൈബിൾ ഈ മുന്നറിയിപ്പു നൽകുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:⁠7-9, 12) “അലറുന്ന സിംഹം എന്നപോലെ” പിശാച്‌ “ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു” എന്നു ബൈബിൾ വിശദീകരിക്കുന്നു. (1 പത്രൊസ്‌ 5:⁠8) സിംഹം സാധാരണഗതിയിൽ, ഏറ്റവും ദുർബലമായ മൃഗങ്ങളെയാണ്‌ ഇരയാക്കുന്നത്‌, മിക്കപ്പോഴും കുഞ്ഞുങ്ങളെത്തന്നെ. അപ്പോൾ ക്രിസ്‌തീയ മാതാപിതാക്കൾ ജ്ഞാനപൂർവം, മക്കളെ സംരക്ഷിക്കുന്നതിനുള്ള മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കുന്നു. അതിനായി നിങ്ങൾ എത്രത്തോളം ശ്രമംചെയ്യുന്നുണ്ട്‌?

4. (എ) സമീപപ്രദേശത്ത്‌ ഒരു സിംഹം ഇറങ്ങിയിട്ടുണ്ടെന്ന്‌ അറിഞ്ഞാൽ എന്തു ചെയ്യാൻ അതു മാതാപിതാക്കളെ പ്രേരിപ്പിക്കേണ്ടതാണ്‌? (ബി) കുട്ടികളുടെ സംരക്ഷണത്തിന്‌ എന്ത്‌ ആവശ്യമാണ്‌?

4 തൊട്ടടുത്ത പ്രദേശത്ത്‌ ഒരു സിംഹം ഇറങ്ങിയിട്ടുണ്ടെന്ന്‌ അറിഞ്ഞാൽ, നിങ്ങൾ ഏറ്റവുമധികം ശ്രദ്ധിക്കുന്ന കാര്യങ്ങളിലൊന്ന്‌ തീർച്ചയായും നിങ്ങളുടെ കുട്ടികളുടെ സുരക്ഷയായിരിക്കും. സാത്താൻ ഒരു ഇരപിടിയനാണ്‌. അവൻ ദൈവജനത്തെ കളങ്കപ്പെടുത്താനും അങ്ങനെ അവരെ ദൈവത്തിന്റെ അംഗീകാരത്തിന്‌ അയോഗ്യരാക്കാനും ശ്രമിക്കുന്നു. (ഇയ്യോബ്‌ 2:⁠1-7; 1 യോഹന്നാൻ 5:⁠19) കുട്ടികളെ എളുപ്പം കീഴടക്കാനാകും. സാത്താന്റെ കെണികളിൽനിന്നു രക്ഷപ്പെടുന്നതിന്‌ കുട്ടികൾ യഹോവയെ അറിയുകയും അവനെ അനുസരിക്കുകയും വേണം. ബൈബിൾ പരിജ്ഞാനം അനിവാര്യമാണ്‌. യേശു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്‌തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു.” (യോഹന്നാൻ 17:⁠3) കൂടുതലായി, ചെറുപ്പക്കാർക്കു ജ്ഞാനം​—⁠കാര്യങ്ങൾ ഗ്രഹിക്കാനും ബാധകമാക്കാനും ഉള്ള പ്രാപ്‌തി​—⁠ആവശ്യമാണ്‌. “ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു” എന്നതിനാൽ, മാതാപിതാക്കളായ നിങ്ങൾ മക്കളുടെ ഹൃദയത്തിൽ സത്യം ഉൾനടേണ്ടതുണ്ട്‌. (സഭാപ്രസംഗി 7:⁠12) ഇതു നിങ്ങൾക്ക്‌ എങ്ങനെ ചെയ്യാൻ കഴിയും?

5. (എ) ജ്ഞാനം ഉൾനടാൻ കഴിയുന്നത്‌ എങ്ങനെ? (ബി) സദൃശവാക്യങ്ങൾ ജ്ഞാനത്തിന്റെ മൂല്യം വിശദീകരിക്കുന്നത്‌ എങ്ങനെ?

5 കുട്ടികളെ ദൈവവചനം വായിച്ചുകേൾപ്പിക്കാൻ നിങ്ങൾക്കു കഴിയും, അങ്ങനെ ചെയ്യണം. എന്നാൽ യഹോവയെ സ്‌നേഹിക്കുന്നതിനും അനുസരിക്കുന്നതിനും അവരെ സഹായിക്കുന്നതിന്‌ അതുമാത്രം പോരാ, അവർക്കു ഗ്രാഹ്യം ഉണ്ടാകണം. ഉദാഹരണത്തിന്‌, വഴി കുറുകെ കടക്കുന്നതിനുമുമ്പ്‌ ഏതെങ്കിലും വണ്ടി വരുന്നുണ്ടോയെന്ന്‌ ഇരുവശത്തേക്കും നോക്കണം എന്ന്‌ കുട്ടികൾക്കു നിർദേശം കൊടുത്തിട്ടുണ്ടായിരിക്കാം. എന്നിരുന്നാലും ചില കുട്ടികൾ അനുസരിക്കുന്നില്ല. എന്തുകൊണ്ട്‌? പലപ്പോഴും, ഒരു വാഹനാപകടത്തിന്റെ ഫലങ്ങളെക്കുറിച്ചു വേണ്ടുംവണ്ണം വിശദീകരിച്ചിട്ടുണ്ടാവില്ല അഥവാ അപകടത്തിലേക്കു നയിച്ചേക്കാവുന്ന “ഭോഷത്വം” ഒഴിവാക്കാൻ പര്യാപ്‌തമാംവിധം, ഉൾപ്പെട്ടിരിക്കുന്ന അപകടം എന്താണെന്നു കുട്ടിയുടെ മനസ്സിൽ പതിപ്പിച്ചിട്ടുണ്ടാവില്ല. ജ്ഞാനം ഉൾനടുന്നതിനു സമയമെടുക്കും, അതിന്‌ ഏറെ ക്ഷമയും ആവശ്യമാണ്‌. എന്നാൽ ജ്ഞാനം എത്ര മൂല്യവത്താണ്‌! “അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവ വൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാന്മാർ.”​—⁠സദൃശവാക്യങ്ങൾ 3:⁠13-18; 22:⁠15.

ജ്ഞാനം ഉൾനടുന്ന പഠിപ്പിക്കൽ

6. (എ) കുട്ടികൾ മിക്കപ്പോഴും ജ്ഞാനരഹിതമായി പെരുമാറുന്നത്‌ എന്തുകൊണ്ട്‌? (ബി) എന്തു പോരാട്ടമാണു നടക്കുന്നത്‌?

6 ശരി എന്തെന്നു പഠിപ്പിക്കാത്തതുകൊണ്ടല്ല മിക്കപ്പോഴും കുട്ടികൾ തെറ്റു ചെയ്യുന്നത്‌, പ്രത്യുത പഠിപ്പിക്കൽ അവരുടെ ഹൃദയത്തിൽ അഥവാ ഉള്ളിന്റെയുള്ളിൽ എത്തിച്ചേരാത്തതുകൊണ്ടാണ്‌. യുവപ്രായക്കാരുടെ ഹൃദയം തന്റെ വരുതിയിലാക്കാൻ പിശാച്‌ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുകയാണ്‌. തന്റെ നിയന്ത്രണത്തിലുള്ള ലോകത്തിന്റെ അഭക്ത സ്വാധീനങ്ങൾ അവർക്കു മുമ്പിൽ തുറന്നിടുകയെന്നതാണ്‌ അവന്റെ ഉപായം. മോശമായ കാര്യങ്ങൾ ചെയ്യിക്കുന്നതിനായി, അവർക്കു കൈമാറിക്കിട്ടിയ, പാപത്തിലേക്കുള്ള ചായ്‌വ്‌ ചൂഷണം ചെയ്യാനും അവൻ ശ്രമിക്കുന്നു. (ഉല്‌പത്തി 8:⁠21; സങ്കീർത്തനം 51:⁠5) തങ്ങളുടെ മക്കളുടെ ഹൃദയം പിടിച്ചടക്കുന്നതിനായി ഒരു യഥാർഥ പോരാട്ടം നടക്കുന്നുണ്ടെന്ന്‌ മാതാപിതാക്കൾ തിരിച്ചറിയേണ്ടതുണ്ട്‌.

7. ഒരു കുട്ടിയോട്‌ തെറ്റ്‌ അല്ലെങ്കിൽ ശരി എന്താണ്‌ എന്നു പറയുന്നതുമാത്രം മതിയാകാത്തത്‌ എന്തുകൊണ്ട്‌?

7 മാതാപിതാക്കൾ മിക്കപ്പോഴും കുട്ടികളോട്‌ തെറ്റ്‌ എന്താണ്‌, ശരി എന്താണ്‌ എന്നു പറയുന്നു. അതിലൂടെ ഒരു ധാർമിക തത്ത്വം പഠിപ്പിച്ചുകഴിഞ്ഞു എന്നാണ്‌ അവർ ചിന്തിക്കുന്നത്‌. നുണപറയുക, മോഷ്ടിക്കുക, സ്വന്തം വിവാഹ ഇണയല്ലാത്ത മറ്റൊരാളുമായി ലൈംഗികബന്ധം പുലർത്തുക എന്നിവയെല്ലാം തെറ്റായ കാര്യങ്ങളാണ്‌ എന്ന്‌ അവർ കുട്ടികൾക്കു പറഞ്ഞുകൊടുത്തേക്കാം. എന്നിരുന്നാലും, മാതാപിതാക്കൾ അങ്ങനെ പറഞ്ഞു എന്ന ഒറ്റക്കാരണത്താൽ കുട്ടികൾ അതെല്ലാം അനുസരിക്കണമെന്നില്ല, അതിനു കൂടുതൽ ശക്തമായ പ്രേരണ ആവശ്യമാണ്‌. ഇവ യഹോവയുടെ നിയമങ്ങളാണ്‌. യഹോവയുടെ കൽപ്പനകൾ അനുസരിക്കുന്നതാണു ജ്ഞാനപൂർവകമായ ഗതി എന്നു കുട്ടി മനസ്സിലാക്കണം.​—⁠സദൃശവാക്യങ്ങൾ 6:⁠16-19; എബ്രായർ 13:⁠4.

8. ഏതുതരം പഠിപ്പിക്കലിനാണ്‌ ജ്ഞാനപൂർവം പ്രവർത്തിക്കാൻ കുട്ടികളെ സഹായിക്കാൻ കഴിയുന്നത്‌?

8 പ്രപഞ്ചത്തിന്റെ സങ്കീർണത, ജീവലോകത്തെ വൈവിധ്യം, ഋതുഭേദങ്ങൾ എന്നീ കാര്യങ്ങൾക്കെല്ലാം സർവജ്ഞാനിയായ ഒരു സ്രഷ്ടാവിന്റെ അസ്‌തിത്വത്തെക്കുറിച്ചു മനസ്സിലാക്കാൻ ഒരു കൊച്ചുകുട്ടിയെ സഹായിക്കാൻ കഴിയും. (റോമർ 1:⁠20; എബ്രായർ 3:⁠4) കൂടുതലായി, ദൈവം അവനെ സ്‌നേഹിക്കുന്നെന്നും അവനു നിത്യജീവൻ നൽകുന്നതിനു തന്റെ പുത്രന്റെ ബലിയിലൂടെ ക്രമീകരണം ചെയ്‌തെന്നും ദൈവം പറയുന്ന കാര്യങ്ങൾ അനുസരിക്കുന്നതിലൂടെ അവനു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുമെന്നും കുട്ടിയെ പഠിപ്പിക്കണം. അപ്പോൾ, അവനെ തടയാൻ സാത്താന്റെ ശ്രമങ്ങളുണ്ടെങ്കിൽപ്പോലും സാധ്യതയനുസരിച്ച്‌ കുട്ടി യഹോവയെ സേവിക്കാൻ ആഗ്രഹിക്കും.​—⁠സദൃശവാക്യങ്ങൾ 22:⁠6; 27:⁠11; യോഹന്നാൻ 3:⁠16.

9. (എ) ജീവരക്ഷാകരമായ പഠിപ്പിക്കലിന്‌ എന്താണ്‌ ആവശ്യമായിരിക്കുന്നത്‌? (ബി) എന്തു ചെയ്യാനാണ്‌ പിതാക്കന്മാരെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നത്‌, അതിൽ എന്താണ്‌ ഉൾപ്പെടുന്നത്‌?

9 ഒരു കുട്ടിയെ സംരക്ഷിക്കുകയും ശരിയായതു ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന വിധത്തിലുള്ള പഠിപ്പിക്കലിന്‌ സമയവും ശ്രദ്ധയും ആസൂത്രണവും ആവശ്യമാണ്‌. അത്‌ മാതാപിതാക്കൾ ദൈവത്തിൽനിന്നു മാർഗനിർദേശം സ്വീകരിക്കുന്നത്‌ ആവശ്യമാക്കിത്തീർക്കുന്നു. ബൈബിൾ പറയുന്നു: “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ . . . കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും [“യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്‌കരണത്തിലും,” NW] പോറ്റി വളർത്തുവിൻ.” (എഫെസ്യർ 6:⁠4) അത്‌ എന്താണ്‌ അർഥമാക്കുന്നത്‌? “മാനസിക ക്രമവത്‌കരണം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദം “മനസ്സ്‌ ഉൾനടുക” എന്ന ആശയമാണു നൽകുന്നത്‌. അതുകൊണ്ട്‌ അടിസ്ഥാനപരമായി യഹോവയുടെ മനസ്സ്‌ മക്കളിൽ ഉൾനടാനാണ്‌ മാതാപിതാക്കളെ ഉദ്‌ബോധിപ്പിച്ചിരിക്കുന്നത്‌. കുട്ടികൾക്ക്‌ അത്‌ എന്തൊരു സംരക്ഷണമായിരിക്കും! കുട്ടികൾക്കു ദൈവത്തിന്റെ ചിന്തകൾ ഉണ്ടെങ്കിൽ, അവന്റെ ചിന്താരീതി അവരുടെ മനസ്സിൽ ഉൾനട്ടിട്ടുണ്ടെങ്കിൽ ദുഷ്‌പ്രവൃത്തിക്കെതിരെ അവർ സംരക്ഷിക്കപ്പെടും.

സ്‌നേഹപ്രചോദിതമായ ആഗ്രഹം

10. നിങ്ങളുടെ കുട്ടിയെ ഫലപ്രദമായി പഠിപ്പിക്കുന്നതിന്‌ നിങ്ങൾ എന്തു മനസ്സിലാക്കുന്നതു പ്രധാനമാണ്‌?

10 എന്നിരുന്നാലും കുഞ്ഞിനെ ഉചിതമായി വളർത്തിക്കൊണ്ടുവരാനുള്ള നിങ്ങളുടെ ആഗ്രഹം നിറവേറ്റുന്നതിന്‌ നിങ്ങളുടെ ശ്രമങ്ങൾ സ്‌നേഹത്താൽ പ്രചോദിതമായിരിക്കണം. ഹൃദയംതുറന്നുള്ള ആശയവിനിമയമാണ്‌ ഒരു പ്രധാന ഘടകം. നിങ്ങളുടെ കുട്ടിയുടെ ജീവിതത്തിൽ എന്താണു സംഭവിക്കുന്നതെന്നും അവന്റെ അഥവാ അവളുടെ കാഴ്‌ചപ്പാട്‌ എന്താണെന്നും മനസ്സിലാക്കുക. പിരിമുറുക്കമില്ലാത്ത ചുറ്റുപാടിൽ ഹൃദയം തുറക്കാൻ പ്രോത്സാഹിപ്പിക്കുക. ചിലപ്പോൾ, കുട്ടി പറയുന്ന കാര്യങ്ങൾ നിങ്ങളെ അമ്പരപ്പിച്ചേക്കാം. എന്നാൽ അമിത പ്രതികരണം ഒഴിവാക്കുക. മറിച്ച്‌ ദയാവായ്‌പോടെ അതു ശ്രദ്ധിക്കുക.

11. മാതാപിതാക്കൾക്ക്‌ മക്കളിൽ ദൈവത്തിന്റെ മനസ്സ്‌ ഉൾനടാൻ കഴിയുന്നത്‌ എങ്ങനെ?

11 ലൈംഗിക അധാർമികത വിലക്കുന്ന ദൈവനിയമങ്ങൾ ബൈബിളിൽനിന്നു നിങ്ങൾ കുട്ടിയെ വായിച്ചുകേൾപ്പിച്ചിട്ടുണ്ടാകാം എന്നതു സത്യംതന്നെ, ഒരുപക്ഷേ പല തവണ. (1 കൊരിന്ത്യർ 6:⁠18; എഫെസ്യർ 5:⁠5) ഇത്‌ യഹോവയെ പ്രസാദിപ്പിക്കുന്നതും അപ്രീതിപ്പെടുത്തുന്നതും ആയ കാര്യങ്ങൾ കുട്ടിയുടെ മനസ്സിൽ പതിയാൻ ഇടയാക്കിയിട്ടുണ്ടായിരിക്കാം. എന്നിരുന്നാലും കുട്ടിയിൽ യഹോവയുടെ മനസ്സ്‌ ഉൾനടുന്നതിൽ അതിലുമധികം ഉൾപ്പെടുന്നു. യഹോവയുടെ നിയമങ്ങളുടെ മൂല്യത്തെക്കുറിച്ചു തങ്ങളോടുതന്നെ ന്യായവാദം ചെയ്യുന്നതിന്‌ കുട്ടികൾക്കു സഹായം ആവശ്യമാണ്‌. യഹോവയുടെ നിയമങ്ങൾ ശരിയും പ്രയോജനപ്രദവും ആണെന്നും അവ അനുസരിക്കുന്നതാണ്‌ ഉചിതവും സ്‌നേഹപൂർവകവും ആയ ഗതി എന്നും അവർക്കു ബോധ്യംവരേണ്ടതുണ്ട്‌. കുട്ടികൾ ദൈവത്തിന്റെ വീക്ഷണം സ്വീകരിക്കത്തക്കവിധം അവരുമായി നിങ്ങൾ തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യുന്നെങ്കിൽ മാത്രമേ നിങ്ങൾ അവരിൽ യഹോവയുടെ ‘മനസ്സ്‌ ഉൾനട്ടിരിക്കുന്നു’ എന്നു പറയാൻ കഴിയുകയുള്ളൂ.

12. ലൈംഗിക ബന്ധം സംബന്ധിച്ച ഉചിതമായ വീക്ഷണം നേടാൻ മാതാപിതാക്കൾക്കു കുട്ടിയെ സഹായിക്കാൻ കഴിയുന്നത്‌ എങ്ങനെ?

12 ലൈംഗികതയെക്കുറിച്ചു പറയുമ്പോൾ നിങ്ങൾക്ക്‌ ഇങ്ങനെ ചോദിക്കാൻ കഴിഞ്ഞേക്കും: “വിവാഹത്തിനുമുമ്പ്‌ ലൈംഗിക ബന്ധം പാടില്ലെന്നുള്ള ദൈവനിയമം അനുസരിക്കുന്നത്‌ ഒരു വ്യക്തിയുടെ സന്തോഷം കവർന്നുകളയുമെന്ന്‌ നീ വിചാരിക്കുന്നുണ്ടോ?” അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. ഒരു കുഞ്ഞിനു ജന്മംകൊടുക്കുകയെന്ന ദൈവത്തിന്റെ വിസ്‌മയാവഹമായ കരുതലിനെക്കുറിച്ച്‌ അവലോകനം ചെയ്‌തതിനുശേഷം നിങ്ങൾക്ക്‌ ഇങ്ങനെ ചോദിക്കാവുന്നതാണ്‌: “സ്‌നേഹവാനായ നമ്മുടെ ദൈവം, നാം ജീവിതം ആസ്വദിക്കുന്നതു തടയുന്നതരം നിയമങ്ങൾ ഏർപ്പെടുത്തുമെന്നു തോന്നുന്നുണ്ടോ? അതോ അവന്റെ നിയമങ്ങൾ നമ്മെ സന്തുഷ്ടരാക്കാനും സംരക്ഷിക്കാനും വേണ്ടിയായിരിക്കുമോ?” (സങ്കീർത്തനം 119:⁠1, 2; യെശയ്യാവു 48:⁠17) ഇതു സംബന്ധിച്ച്‌ നിങ്ങളുടെ കുട്ടി എന്താണു ചിന്തിക്കുന്നതെന്നു മനസ്സിലാക്കുക. തുടർന്ന്‌, ലൈംഗിക അധാർമികത ഹൃദയവേദനയിലേക്കും കുഴപ്പങ്ങളിലേക്കും നയിച്ചിട്ടുള്ളതിന്റെ ഉദാഹരണങ്ങൾ നൽകാൻ നിങ്ങൾക്കു സാധിച്ചേക്കും. (2 ശമൂവേൽ 13:⁠1-33) ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കാനും സ്വീകരിക്കാനും തക്കവണ്ണം കുട്ടിയോടു ന്യായവാദം ചെയ്‌തിട്ടുണ്ടെങ്കിൽ അവനിൽ ദൈവത്തിന്റെ മനസ്സ്‌ ഉൾനടാൻ നിങ്ങൾ വളരെയധികം കാര്യങ്ങൾ ചെയ്‌തുകഴിഞ്ഞിരിക്കും. എന്നിരുന്നാലും നിങ്ങൾക്ക്‌ ഇനിയും ചിലതു ചെയ്യാൻ കഴിയും.

13. എന്തു മനസ്സിലാക്കുന്നത്‌ യഹോവയെ അനുസരിക്കാൻ ഒരു കുട്ടിയെ വിശേഷാൽ പ്രേരിപ്പിച്ചേക്കാം?

13 യഹോവയോട്‌ അനുസരണക്കേടു കാണിക്കുന്നതിന്റെ പരിണതഫലങ്ങളെക്കുറിച്ചു മാത്രമല്ല, നാം ജീവിക്കുന്ന വിധം യഹോവയെ വ്യക്തിപരമായി എങ്ങനെ ബാധിക്കുന്നുവെന്നും വിശദീകരിക്കുന്നതു ജ്ഞാനമായിരിക്കും. യഹോവയുടെ ഇഷ്ടം ചെയ്യുന്നതിൽ പരാജയപ്പെടുമ്പോൾ നാം അവന്റെ ഹൃദയത്തെ വേദനിപ്പിക്കുകയാണെന്നു കുട്ടിക്കു കാണിച്ചുകൊടുക്കുക. (സങ്കീർത്തനം 78:⁠41) നിങ്ങൾക്ക്‌ ഇങ്ങനെ ചോദിക്കാൻ കഴിഞ്ഞേക്കും: “നീ യഹോവയെ വേദനിപ്പിക്കാൻ ആഗ്രഹിക്കാത്തത്‌ എന്തുകൊണ്ടാണ്‌?” എന്നിട്ട്‌ ഇങ്ങനെ വിശദീകരിക്കുക: “നാം യഹോവയെ സേവിക്കുന്നതു സ്വാർഥലാഭത്തിനു വേണ്ടിയാണ്‌, സ്‌നേഹം നിമിത്തമല്ല എന്ന്‌ ദൈവത്തിന്റെ ശത്രുവായ സാത്താൻ പറയുന്നു.” തുടർന്ന്‌, നിർമലത പാലിച്ചുകൊണ്ട്‌ ഇയ്യോബ്‌ ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിച്ചതും അങ്ങനെ സാത്താന്റെ വ്യാജാരോപണത്തിന്‌ മറുപടി കൊടുത്തതും വിശദീകരിക്കുക. (ഇയ്യോബ്‌ 1:⁠9-11; 27:⁠5) തന്റെ പെരുമാറ്റത്താൽ യഹോവയെ ദുഃഖിപ്പിക്കാനോ സന്തോഷിപ്പിക്കാനോ തനിക്കു കഴിയുമെന്ന്‌ നിങ്ങളുടെ കുട്ടി മനസ്സിലാക്കേണ്ടതുണ്ട്‌. (സദൃശവാക്യങ്ങൾ 27:⁠11) ഇതും പ്രധാനപ്പെട്ട മറ്റനേകം പാഠങ്ങളും കുട്ടികളെ പഠിപ്പിക്കാൻ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഫലപ്രദമാണ്‌. *

സംതൃപ്‌തികരമായ ഫലങ്ങൾ

14, 15. (എ) അധ്യാപകൻ പുസ്‌തകത്തിന്റെ ഏതു പാഠങ്ങൾ കുട്ടികൾക്കു പ്രചോദനം പകർന്നിട്ടുണ്ട്‌? (ബി) ഈ പുസ്‌തകം ഉപയോഗിക്കുന്നതിൽനിന്നു നിങ്ങൾക്ക്‌ എന്തു സത്‌ഫലം ഉണ്ടായിട്ടുണ്ട്‌? (18, 19 പേജുകളിലെ ചതുരം കൂടെ കാണുക.)

14 ഏഴു വയസ്സുകാരനായ തന്റെ കൊച്ചുമകനുമൊത്ത്‌ അധ്യാപകൻ പുസ്‌തകം വായിക്കുന്ന ക്രൊയേഷ്യയിലെ ഒരു വല്യപ്പൻ, കുട്ടി പിൻവരുന്നപ്രകാരം പറഞ്ഞതായി എഴുതുന്നു: “മമ്മി ചില കാര്യങ്ങൾ ചെയ്യാൻ എന്നോടു പറഞ്ഞു, പക്ഷേ എനിക്കതു ചെയ്യാൻ തോന്നിയില്ല. അപ്പോഴാണ്‌ ‘അനുസരണം നിങ്ങളെ സംരക്ഷിക്കുന്നു’ എന്ന പാഠത്തെക്കുറിച്ചു ഞാൻ ഓർമിച്ചത്‌. ഞാൻ മമ്മിയുടെ അടുത്തുചെന്ന്‌ ഞാൻ അനുസരിച്ചുകൊള്ളാം എന്നു പറഞ്ഞു.” “നാം നുണപറയരുതാത്തത്‌ എന്തുകൊണ്ട്‌” എന്ന അധ്യായത്തെക്കുറിച്ച്‌ ഐക്യനാടുകളിലെ ഫ്‌ളോറിഡയിലുള്ള ഒരു ദമ്പതി പറയുന്നു: “തങ്ങളുടെ വികാരങ്ങൾ തുറന്നുപ്രകടിപ്പിക്കാനും സാധാരണഗതിയിൽ സമ്മതിക്കാത്ത കുറ്റങ്ങൾ അംഗീകരിക്കാനും കുട്ടികളെ പ്രേരിപ്പിക്കുന്ന ചോദ്യങ്ങൾ അതിലുണ്ട്‌.”

15 അധ്യാപകൻ പുസ്‌തകത്തിൽ 230-ലധികം ചിത്രങ്ങളുണ്ട്‌, ഓരോ ചിത്രത്തിനും അല്ലെങ്കിൽ ഒരുകൂട്ടം ചിത്രങ്ങൾക്ക്‌ ഒരു ചിത്രക്കുറിപ്പ്‌ ഉണ്ട്‌. വിലമതിപ്പോടെ ഒരു അമ്മ പറയുന്നു: “എന്റെ മകൻ കണ്ണെടുക്കാതെ ചിത്രങ്ങളിൽ നോക്കിയിരിക്കും, പേജ്‌ മറിക്കണമെന്നേയില്ല അവന്‌. ചിത്രങ്ങൾ ആകർഷകമാണെന്നു മാത്രമല്ല, കുട്ടികളെ ചില ആശയങ്ങൾ പഠിപ്പിക്കുന്നതിനു പര്യാപ്‌തവുമാണ്‌. കുറഞ്ഞപക്ഷം, ചോദ്യങ്ങൾ ചോദിക്കാൻ അവ കുട്ടികളെ പ്രേരിപ്പിക്കുന്നു. ഇരുണ്ട മുറിയിലിരുന്ന്‌ ഒരു കുട്ടി ടെലിവിഷൻ കാണുന്ന ചിത്രം കണ്ടിട്ട്‌, എന്റെ മകൻ ചോദിച്ചു. ‘മമ്മീ, ആ കുട്ടി എന്താണു ചെയ്യുന്നത്‌?’ അതിൽ എന്തോ കുഴപ്പമുണ്ടെന്ന്‌ അവനു മനസ്സിലായിട്ടുണ്ടെന്ന്‌ അവന്റെ ശബ്ദത്തിൽനിന്നു വ്യക്തമായിരുന്നു.” ആ ചിത്രത്തിന്റെ ശീർഷകം ഇങ്ങനെയാണ്‌: “നാം ചെയ്യുന്നതെല്ലാം ആർക്കു കാണാൻ കഴിയും?”

ഇന്നത്തേക്കുള്ള അതിപ്രധാനമായ വിദ്യാഭ്യാസം

16. ഇന്ന്‌ കുട്ടികളെ പഠിപ്പിക്കേണ്ട അതിപ്രധാനമായ പാഠം എന്ത്‌, എന്തുകൊണ്ട്‌?

16 തങ്ങളുടെ ശരീരഭാഗങ്ങളുടെ ഉചിതവും അനുചിതവും ആയ ഉപയോഗത്തെക്കുറിച്ച്‌ കുട്ടികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്‌. എന്നാൽ, ഇതേക്കുറിച്ചു സംസാരിക്കുന്നത്‌ അത്ര എളുപ്പമല്ല. താൻ വളർന്നുവന്ന കാലത്ത്‌ ലൈംഗിക അവയവങ്ങളെക്കുറിച്ചു പറയുന്നതുപോലും അസഭ്യമായി കരുതിയിരുന്നുവെന്ന്‌ ഒരു പത്രപംക്തിയുടെ എഴുത്തുകാരി അഭിപ്രായപ്പെട്ടു. തന്റെ മക്കളെ പഠിപ്പിക്കുന്നതു സംബന്ധിച്ച്‌ അവർ എഴുതി: “ഞാൻ എന്റെ സങ്കോചത്തെ മറികടക്കാൻ പോകുകയാണ്‌.” വാസ്‌തവമായും, മാതാപിതാക്കൾ സങ്കോചം നിമിത്തം ലൈംഗികതയെന്ന വിഷയം വിട്ടുകളയുന്നതു കുട്ടികളെ സംരക്ഷിക്കുന്നില്ല. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർ അവരുടെ അജ്ഞത മുതലെടുത്തേക്കാം. മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക പുസ്‌തകം ആരോഗ്യാവഹവും ആദരണീയവും ആയ ഒരു വിധത്തിൽ ഈ വിഷയം കൈകാര്യംചെയ്യുന്നു. ലൈംഗികതയെക്കുറിച്ചു കുട്ടികൾക്ക്‌ അറിവു നൽകുന്നത്‌ അവരുടെ നിഷ്‌കളങ്കത കവർന്നെടുക്കുന്നില്ല, മറിച്ച്‌ അതിൽ പരാജയപ്പെടുന്നത്‌ അവരുടെ ധാർമികശുദ്ധി നഷ്ടപ്പെടുന്നതിലേക്കു നയിച്ചേക്കാം.

17. ലൈംഗികതയെക്കുറിച്ചു പഠിപ്പിക്കാൻ അധ്യാപകൻ പുസ്‌തകം മാതാപിതാക്കളെ സഹായിക്കുന്നത്‌ എങ്ങനെ?

17 ഭൂമിയിലേക്കു വന്ന്‌ സന്തതികളെ ഉളവാക്കിയ ദൂതന്മാരെക്കുറിച്ചു 10-ാം അധ്യായത്തിൽ ചർച്ചചെയ്യുമ്പോൾ അവിടെ കുട്ടിയോട്‌ ഇങ്ങനെ ചോദിച്ചിരിക്കുന്നു: “ലൈംഗിക ബന്ധം എന്നാൽ എന്താണെന്ന്‌ അറിയാമോ?” പുസ്‌തകം ലളിതവും മാന്യവും ആയ ഒരു ഉത്തരം നൽകുന്നു. പിന്നീട്‌ 32-ാം അധ്യായം, ലൈംഗിക ദുഷ്‌പ്രവൃത്തിക്കാരിൽനിന്ന്‌ കുട്ടികളെ എങ്ങനെ സംരക്ഷിക്കാമെന്നു വിശദീകരിക്കുന്നു. അത്തരം പഠിപ്പിക്കൽ അതിപ്രധാനമാണെന്ന്‌ ഈ മാസികയുടെ പ്രസാധകർക്കു ലഭിച്ചിട്ടുള്ള ധാരാളം കത്തുകൾ സൂചിപ്പിക്കുന്നു. ഒരു അമ്മ ഇങ്ങനെ എഴുതി: “എന്റെ മകൻ ജേവാനെ കഴിഞ്ഞയാഴ്‌ച ഒരു ശിശുരോഗവിദഗ്‌ധയെ കാണിക്കാൻ കൊണ്ടുചെന്നപ്പോൾ, ശരീരത്തിന്റെ സ്വകാര്യഭാഗങ്ങളുടെ ഉപയോഗം സംബന്ധിച്ച്‌ ഞങ്ങൾ അവനുമായി ചർച്ചചെയ്‌തിട്ടുണ്ടോയെന്ന്‌ അവർ ചോദിച്ചു. നമ്മുടെ പുതിയ പുസ്‌തകം ഉപയോഗിച്ച്‌ ഞങ്ങൾ അതു ചെയ്‌തുവെന്ന്‌ അറിഞ്ഞത്‌ അവരിൽ വളരെ മതിപ്പുളവാക്കി.”

18. ദേശീയ ചിഹ്നങ്ങൾക്ക്‌ ആരാധന കൊടുക്കുന്നതു സംബന്ധിച്ച്‌ അധ്യാപകൻ പുസ്‌തകം ചർച്ചചെയ്യുന്നത്‌ എങ്ങനെ?

18 മറ്റൊരു അധ്യായം, ബാബിലോണിയൻ രാഷ്‌ട്രത്തെ പ്രതിനിധാനംചെയ്‌ത ഒരു ബിംബത്തെ കുമ്പിടാൻ വിസമ്മതിച്ച എബ്രായ ബാലന്മാരായ ശദ്രക്ക്‌, മേശക്ക്‌, അബേദ്‌നെഗോ എന്നിവരെക്കുറിച്ചുള്ള ബൈബിൾ വിവരണം സംബന്ധിച്ചുള്ളതാണ്‌. (ദാനീയേൽ 3:⁠1-30) അധ്യാപകൻ പുസ്‌തകം സൂചിപ്പിക്കുന്നതുപോലെ, ഒരു ബിംബത്തെ നമസ്‌കരിക്കുന്നതും പതാകയെ വണങ്ങുന്നതും തമ്മിലുള്ള ബന്ധം ചിലർക്കു കാണാൻ കഴിയാതെ വന്നേക്കാം. എന്നിരുന്നാലും, യു.എസ്‌. കാത്തലിക്‌ എന്ന മാസിക നടത്തിയ ഒരു അഭിമുഖത്തിൽ എഴുത്തുകാരനായ എഡ്വേർഡ്‌ ഗാഫ്‌നീ പറഞ്ഞതു ശ്രദ്ധിക്കുക. പബ്ലിക്‌ സ്‌കൂളിലെ ആദ്യ ദിവസം “സ്‌കൂളിൽ ഒരു പുതിയ പ്രാർഥന” പഠിച്ചെന്നു മകൾ പറഞ്ഞപ്പോൾ അതൊന്നു ചൊല്ലാൻ അദ്ദേഹം ആവശ്യപ്പെട്ടു. “കൈ നെഞ്ചിൽ വെച്ചുകൊണ്ട്‌ അഭിമാനപൂർവം അവൾ ചൊല്ലിത്തുടങ്ങി: ‘ഞാൻ പതാകയോടു കൂറു പ്രഖ്യാപിക്കുന്നു. . . . ’” ഗാഫ്‌നീ തുടരുന്നു: “പെട്ടെന്ന്‌ എനിക്കു കാര്യം പിടികിട്ടി. യഹോവയുടെ സാക്ഷികൾ പറയുന്നതു ശരിയാണ്‌. നമ്മുടെ സ്‌കൂളുകളിൽ വളരെ താഴ്‌ന്ന ക്ലാസ്സുകളിൽത്തന്നെ ദേശീയാരാധന​—⁠ചോദ്യംചെയ്യാനാവാത്ത, പരിധിയില്ലാത്ത അഖണ്ഡത​—⁠ഉന്നമിപ്പിക്കപ്പെടുന്നു.”

തക്ക മൂല്യമുള്ള ശ്രമം

19. കുട്ടികളെ പഠിപ്പിക്കുന്നതിന്‌ എന്തു പ്രതിഫലം ഉണ്ട്‌?

19 നിങ്ങളുടെ കുട്ടിയെ പഠിപ്പിക്കുന്നതു ശ്രമത്തിനു തക്ക മൂല്യമുള്ള സംഗതിയാണ്‌. ഐക്യനാടുകളിലെ കൻസാസിലുള്ള തന്റെ മകന്റെ കത്തു വായിച്ച്‌ ഒരു അമ്മ സന്തോഷാശ്രുക്കൾ പൊഴിച്ചു. കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: “മെച്ചപ്പെട്ട വൈകാരിക സമനില കൈവരിക്കാൻ സഹായിക്കുംവിധമാണ്‌ ഡാഡിയും മമ്മിയും എന്നെ വളർത്തിയത്‌. ഞാൻ തികച്ചും അനുഗൃഹീതനാണെന്ന്‌ എനിക്കു തോന്നുന്നു. മമ്മിയെയും ഡാഡിയെയും എത്ര അഭിനന്ദിച്ചാലും അധികമാവില്ല.” (സദൃശവാക്യങ്ങൾ 31:⁠28) തങ്ങളുടെ അമൂല്യ പൈതൃകമായ കുട്ടികളെ പഠിപ്പിക്കാനും അങ്ങനെ അവരെ സംരക്ഷിക്കാനും ഇനിയും ധാരാളം മാതാപിതാക്കളെ സഹായിക്കാൻ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക പുസ്‌തകത്തിനു കഴിയും.

20. മാതാപിതാക്കൾ എല്ലായ്‌പോഴും എന്ത്‌ ഓർത്തിരിക്കണം, അതിന്‌ അവരുടെമേൽ എന്തു ഫലം ഉണ്ടായിരിക്കണം?

20 നമ്മുടെ കുട്ടികൾ, നമുക്കു നൽകാൻ കഴിയുന്ന മുഴുവൻ സമയവും ശ്രദ്ധയും ശ്രമവും അർഹിക്കുന്നു. വളരെ കുറച്ചു കാലം മാത്രമേ അവർ കുട്ടികളായിരിക്കുന്നുള്ളൂ. അവരോടൊപ്പം ആയിരിക്കാനും അവരെ സഹായിക്കാനും ലഭ്യമായ ഓരോ അവസരവും പ്രയോജനപ്പെടുത്തുക. അതേച്ചൊല്ലി ഒരിക്കലും ഖേദിക്കേണ്ടിവരില്ല. ക്രമേണ അവർ നിങ്ങളെ സ്‌നേഹിച്ചുതുടങ്ങും. നിങ്ങളുടെ കുട്ടികൾ ദൈവത്തിന്റെ ദാനമാണെന്ന്‌ എല്ലായ്‌പോഴും ഓർക്കുക. എത്ര അമൂല്യമായ ദാനമാണ്‌ അവർ! (സങ്കീർത്തനം 127:⁠3-5) അവരെ വളർത്തുന്നതു സംബന്ധിച്ച്‌ കണക്കു ബോധിപ്പിക്കേണ്ടവരാണു നിങ്ങൾ എന്നതുപോലെ പെരുമാറുക, കാരണം നിങ്ങൾ കണക്കു ബോധിപ്പിക്കേണ്ടവരാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 13 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌. “ദൈവത്തെ എങ്ങനെ സന്തോഷിപ്പിക്കാം?” എന്ന 40-ാം അധ്യായം കാണുക.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• വിശേഷിച്ച്‌ ഇപ്പോൾ, മാതാപിതാക്കൾ മക്കളെ സംരക്ഷിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ഏതു തരം പഠിപ്പിക്കലാണ്‌ ജ്ഞാനം ഉൾനടുന്നത്‌?

• ഇന്ന്‌ മക്കളുമായി ചർച്ചചെയ്യേണ്ട അതിപ്രധാന വിഷയങ്ങൾ ഏതെല്ലാം?

• മക്കളെ പഠിപ്പിക്കാൻ അധ്യാപകൻ പുസ്‌തകം മാതാപിതാക്കളെ സഹായിച്ചിരിക്കുന്നത്‌ എങ്ങനെ?

[അധ്യയന ചോദ്യങ്ങൾ]

[18, 19 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

സകലർക്കുംവേണ്ടിയുള്ള ഒരു പുസ്‌തകം

യേശുക്രിസ്‌തു പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ചു കുട്ടികളോടൊപ്പമിരുന്നു വായിച്ചു ചർച്ചചെയ്യാൻ മാതാപിതാക്കളെയോ മറ്റു മുതിർന്നവരെയോ സഹായിക്കുക എന്ന ഉദ്ദേശ്യത്തിൽ തയ്യാറാക്കിയിരിക്കുന്നതാണ്‌ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം. എന്നാൽ, ഈ പുസ്‌തകം വായിച്ച മുതിർന്നവർ ഇതിൽനിന്നു തങ്ങൾ പഠിച്ച കാര്യങ്ങളെപ്രതി ആത്മാർഥമായ വിലമതിപ്പു പ്രകടിപ്പിക്കുകയുണ്ടായി.

യു.എ⁠സ്‌.എ.-യിലെ ടെക്‌സാസിലുള്ള ഒരു മനുഷ്യൻ ഇങ്ങനെ പറഞ്ഞു: “മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക എന്ന പുസ്‌തകം ലളിതവും വാചാലവും ഏതു പ്രായത്തിലുള്ളവരെയും പ്രചോദിപ്പിക്കാൻ പോന്നതുമാണ്‌. 76 വയസ്സുള്ള എനിക്കുപോലും അത്‌ പ്രചോദനാത്മകമായി തോന്നുന്നു. നിങ്ങൾക്കു വളരെ നന്ദി, ഞാൻ യൗവനം മുതൽ യഹോവയെ സേവിച്ചുവരുന്നയാളാണ്‌.”

ഇംഗ്ലണ്ടിലെ ലണ്ടനിൽനിന്നുള്ള ഒരു വായനക്കാരി ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ഇതിലെ മനോഹരമായ ചിത്രങ്ങൾ മാതാപിതാക്കളുടെയും കുട്ടികളുടെയും ഹൃദയംകവരുകതന്നെ ചെയ്യും. ചോദ്യങ്ങളും പുസ്‌തകം ഡിസൈൻ ചെയ്‌തിരിക്കുന്ന രീതിയും തികച്ചും ആകർഷകമാണ്‌, ‘യേശു സംരക്ഷിക്കപ്പെട്ട വിധം’ എന്ന 32-ാം അധ്യായത്തിലും മറ്റും, കൈകാര്യം ചെയ്യാൻ വിഷമമുള്ള ചില വിഷയങ്ങൾ വിദഗ്‌ധമായി, എത്ര മികവോടെ അവതരിപ്പിച്ചിരിക്കുന്നു.” അവർ തുടർന്നു: “ഈ പുസ്‌തകം പ്രാഥമികമായി യഹോവയുടെ സാക്ഷികളുടെ കുട്ടികളെ മനസ്സിൽക്കണ്ട്‌ തയ്യാറാക്കിയതാണെങ്കിലും അധ്യാപകരും മറ്റുള്ളവരും ഇതിന്റെ ഒരു പ്രതിയുണ്ടായിരിക്കാൻ തീർച്ചയായും ആഗ്രഹിക്കുമെന്നാണ്‌ എനിക്കു തോന്നുന്നത്‌. തുടർന്നുവരുന്ന മാസങ്ങളിലും വർഷങ്ങളിലും ഇത്‌ ഉപയോഗിക്കാൻ ഞാൻ നോക്കിപ്പാർത്തിരിക്കുകയാണ്‌.”

യു.എ⁠സ്‌.എ.-യിലെ മസാച്ചുസെറ്റ്‌സിലുള്ള ഒരു സ്‌ത്രീ ഈ പുസ്‌തകത്തിലെ “നന്നായി ചിന്തിച്ച്‌ തയ്യാറാക്കിയ നിരവധി ചിത്രങ്ങളെ” കുറിച്ച്‌ വിലമതിപ്പോടെ പറയുകയുണ്ടായി. “ഈ പുസ്‌തകം കുട്ടികൾക്കുവേണ്ടിയുള്ളതാണെങ്കിലും ഇതിൽ ചർച്ചചെയ്‌തിരിക്കുന്ന വിഷയങ്ങൾ, യഹോവയുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചു ചിന്തിക്കാൻ മുതിർന്നവരായ നമ്മെയും സഹായിക്കുന്നതാണ്‌ എന്നു ഞാൻ കണ്ടെത്തി,” അവർ പറയുന്നു.

“എത്ര നല്ലൊരു പുസ്‌തകമാണിത്‌!” യു.എ⁠സ്‌.എ.-യിലെ മെയ്‌നിൽനിന്നുള്ള ഒരു സ്‌ത്രീ അത്യധികമായ വിലമതിപ്പോടെ പറയുന്നു. “ഇത്‌ കുട്ടികൾക്കുമാത്രമുള്ളതല്ല, ദൈവത്തിന്റെ മക്കളായ നമുക്കെല്ലാവർക്കുംവേണ്ടി ഉള്ളതാണ്‌. അത്‌ എന്റെ ഉള്ളിന്റെ ഉള്ളിലേക്ക്‌ ഇറങ്ങിച്ചെന്ന്‌ എന്റെ വികാരങ്ങളെ തൊട്ടുണർത്തുകയും എന്നെ സാന്ത്വനപ്പെടുത്തുകയും ചെയ്‌തുകൊണ്ട്‌ എനിക്കു സമാധാനം പകർന്നു. എന്റെ പിതാവെന്ന നിലയിൽ എനിക്ക്‌ യഹോവയോട്‌ വളരെയേറെ അടുപ്പം തോന്നുന്നു. നിരവധി വർഷങ്ങളായി എന്റെ മനസ്സിൽ നീറിക്കൊണ്ടിരുന്ന എല്ലാ വ്രണങ്ങളെയും അവൻ സുഖപ്പെടുത്തുകയും തന്റെ ഉദ്ദേശ്യം വ്യക്തമാക്കുകയും ചെയ്‌തിരിക്കുന്നു.” “ഇതു നിശ്ചയമായും വായിക്കണമെന്ന്‌ ഞാൻ എല്ലാവരോടും അഭ്യർഥിക്കുകയാണ്‌” അവർ പറയുന്നു.

തന്റെ കൊച്ചുമക്കൾക്ക്‌ ഈ പുസ്‌തകത്തിൽനിന്നു വായിച്ചുകൊടുത്തപ്പോൾ അവർ നിരവധി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയെന്ന്‌ ജപ്പാനിലെ ക്യോട്ടോയിൽനിന്നുള്ള ഒരു സ്‌ത്രീ റിപ്പോർട്ടു ചെയ്യുന്നു. “‘ആ ആൺകുട്ടി എന്താണു ചെയ്യുന്നത്‌? ഈ പെൺകുട്ടിയെ വഴക്കുപറയുന്നത്‌ എന്തിനാണ്‌? ഈ അമ്മ എന്താണു ചെയ്യുന്നത്‌? ഈ സിംഹം ചെയ്യുന്നത്‌ എന്താണ്‌?’ എന്നിങ്ങനെ. നമുക്കു താത്‌പര്യമുള്ള വിഷയങ്ങളെക്കുറിച്ചാണ്‌ ഈ പുസ്‌തകം പഠിപ്പിക്കുന്നത്‌. അതുകൊണ്ട്‌ ലൈബ്രറിയിൽ കണ്ടെത്താൻ കഴിയുന്ന ഏതൊരു പുസ്‌തകത്തെക്കാളും എനിക്ക്‌ വളരെയേറെ ഇഷ്ടമാണ്‌ ഇത്‌.”

ഈ പുസ്‌തകം കിട്ടിയ ഉടനെ തന്റെ ആറുവയസ്സുകാരി മകൾക്കും ഒമ്പതുവയസ്സുള്ള മകനും ഇതു വായിച്ചുകൊടുക്കാൻ തുടങ്ങിയെന്ന്‌ കാനഡയിലെ കാൽഗറിയിലുള്ള ഒരു പിതാവ്‌ പറയുന്നു. “അതിനു പെട്ടെന്നുതന്നെ വളരെ നല്ല പ്രതികരണം ലഭിച്ചു,” അദ്ദേഹം അഭിപ്രായപ്പെടുന്നു. “കുട്ടികൾ നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ചോദ്യങ്ങൾക്കുള്ള ഉത്തരം അവർ ഹൃദയത്തിൽനിന്നാണു പറഞ്ഞത്‌. പഠനത്തിൽ തങ്ങൾക്കു പങ്കുള്ളതായി അവർക്കുതോന്നി, കൂടാതെ അവരുടെ മനസ്സിലുള്ളതു തുറന്നുപറയാനുള്ള ഒരു അവസരംകൂടിയായിരുന്നു അത്‌. അവർക്കു വലിയ ഉത്സാഹമാണ്‌, എല്ലാ രാത്രിയിലും ഈ പുസ്‌തകത്തിൽനിന്നു പഠിക്കണമെന്നാണ്‌ എന്റെ മകൾ പറയുന്നത്‌.”

ഒരു പ്രാവശ്യത്തെ അധ്യയനം കഴിഞ്ഞ്‌ “ഞാനും എന്റെ മകനും കൂടി യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ച്‌ ഒരുപാടുനേരം സംസാരിച്ചു” എന്ന്‌ ആ പിതാവ്‌ പറയുന്നു. “ഈ പുസ്‌തകത്തിലെ വിഷയങ്ങളെക്കുറിച്ച്‌ അവന്‌ ഒട്ടനവധി ചോദ്യങ്ങളുണ്ടായിരുന്നു. ഉറങ്ങാൻ പോകുന്നതിനു മുമ്പ്‌ എന്നോടു ‘ഗുഡ്‌നൈറ്റ്‌’ പറഞ്ഞിട്ട്‌ അവൻ ചോദിച്ചു, ‘ഡാഡീ നമുക്കിങ്ങനെ ഇനിയും സംസാരിക്കാൻ പറ്റുമോ? എനിക്ക്‌ ഒത്തിരി ചോദ്യങ്ങളുണ്ട്‌, യഹോവയെക്കുറിച്ചുള്ള എല്ലാക്കാര്യങ്ങളും എനിക്കറിയണം,’ എന്റെ കണ്ണുകൾ നിറഞ്ഞു.”

[15-ാം പേജിലെ ചിത്രം]

മാതാപിതാക്കളേ, മാനോഹയുടെ ദൃഷ്ടാന്തത്തിൽനിന്നു നിങ്ങൾക്ക്‌ എന്തു പഠിക്കാൻ കഴിയും?

[16-ാം പേജിലെ ചിത്രം]

കുട്ടികളേ, മൂന്ന്‌ എബ്രായ ബാലന്മാരുടെ ദൃഷ്ടാന്തത്തിൽനിന്നു നിങ്ങൾക്ക്‌ എന്തു പഠിക്കാനാകും?

[17-ാം പേജിലെ ചിത്രങ്ങൾ]

“അധ്യാപകൻ” പുസ്‌തകത്തിലെ ചിത്രങ്ങളും ചിത്രക്കുറിപ്പുകളും ഫലപ്രദമായ അധ്യാപന സഹായികളാണ്‌

അനന്യാസ്‌ പത്രൊസിനോട്‌ എന്തു നുണയാണു പറയുന്നത്‌?

നാം ചെയ്യുന്നതെല്ലാം ആർക്കു കാണാൻ കഴിയും?