വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശാസ്‌ത്രവും മതവും ഒരു സംഘട്ടനത്തിന്റെ തുടക്കം

ശാസ്‌ത്രവും മതവും ഒരു സംഘട്ടനത്തിന്റെ തുടക്കം

ശാസ്‌ത്രവും മതവും ഒരു സംഘട്ടനത്തിന്റെ തുടക്കം

എഴുപതു വയസ്സുണ്ടായിരുന്ന ആ ജ്യോതിശ്ശാസ്‌ത്രജ്ഞൻ മരണക്കിടക്കയിലായിരുന്നു. തന്റെ കൈയിലിരുന്ന, പ്രസിദ്ധീകരണത്തിനു തയ്യാറായ കൃതിയുടെ പകർപ്പ്‌ ബദ്ധപ്പെട്ടു വായിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹം മനസ്സിലാക്കിയിരുന്നെങ്കിലും ഇല്ലെങ്കിലും, അദ്ദേഹത്തിന്റെ ആ കൃതി പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യരാശിയുടെ വീക്ഷണത്തിൽ സമൂലമായ മാറ്റം വരുത്താൻ പോകുകയായിരുന്നു. അത്‌ ക്രൈസ്‌തവമണ്ഡലത്തിൽ ചൂടുപിടിച്ച ഒരു വിവാദത്തിന്‌ തിരികൊളുത്തുകയും ചെയ്യുമായിരുന്നു. അതിന്റെ ഫലങ്ങളാകട്ടെ, ഇന്നും അനുഭവവേദ്യമാണ്‌.

നിക്കോളാസ്‌ കോപ്പർനിക്കസ്‌ ആയിരുന്നു മരണാസന്നനായ ആ മനുഷ്യൻ. അദ്ദേഹം പോളണ്ടുകാരനായ ഒരു കത്തോലിക്കൻ ആയിരുന്നു. വർഷം 1543. ഓൺ ദ റെവല്യൂഷൻസ്‌ ഓഫ്‌ ദ ഹെവൻലി സ്‌ഫിയർസ്‌ എന്ന കോപ്പർനിക്കസിന്റെ ഗ്രന്ഥം, ഭൂമിക്കു പകരം സൂര്യനെ സൗരയൂഥത്തിന്റെ കേന്ദ്രമായി ചിത്രീകരിച്ചു. ഈ ഒറ്റ കൃതിയിലൂടെ, അതിസങ്കീർണമായ ഭൗമകേന്ദ്രീയ സിദ്ധാന്തത്തിന്റെ (സൗരയൂഥത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന ആശയം) സ്ഥാനത്ത്‌ ലളിതസുന്ദരമായ സൗരകേന്ദ്രീയ സിദ്ധാന്തം (സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന ആശയം) അദ്ദേഹം ആവിഷ്‌കരിച്ചു.

ഭാവിയിൽ ഉണ്ടാകുമായിരുന്ന ആശയ സംഘട്ടനത്തെക്കുറിച്ച്‌ കാര്യമായ ഒരു സൂചനയും ആദ്യം ഉണ്ടായിരുന്നില്ല. തന്റെ ആശയങ്ങൾ അവതരിപ്പിക്കുന്നതു സംബന്ധിച്ച്‌ കോപ്പർനിക്കസ്‌ വിവേചനയുള്ളവനായിരുന്നു എന്നതാണ്‌ ഒരു കാരണം. മറ്റൊരു കാരണം ഭൂമിയാണ്‌ സൗരയൂഥത്തിന്റെ കേന്ദ്രം എന്ന വീക്ഷണം സ്വീകരിച്ചിരുന്ന കത്തോലിക്കാ സഭ അക്കാലത്തെ ശാസ്‌ത്രീയ അനുമാനം സംബന്ധിച്ച്‌ കൂടുതൽ സഹിഷ്‌ണുത പുലർത്തിയിരുന്നു എന്നതാണ്‌. കോപ്പർനിക്കസിന്റെ കൃതി പ്രസിദ്ധീകരിക്കാൻ പാപ്പാപോലും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. ഒടുവിൽ കോപ്പർനിക്കസ്‌ അതു പ്രസിദ്ധീകരിച്ചപ്പോൾ, വിപരീതവിമർശനം ഭയന്ന്‌ എഡിറ്റർ സ്വന്തമായി ആമുഖം എഴുതിച്ചേർത്തു. സൂര്യനാണ്‌ സൗരയൂഥത്തിന്റെ കേന്ദ്രമെന്ന ആശയം ഗണിതശാസ്‌ത്രപരമായി കാര്യങ്ങളെ കൂടുതൽ ലളിതമാക്കാൻ ഉപകരിച്ചേക്കാമെന്നും അത്‌ ജ്യോതിശ്ശാസ്‌ത്രപരമായ ഒരു സത്യം ആയിരിക്കണമെന്നില്ലെന്നും അതിൽ അദ്ദേഹം രേഖപ്പെടുത്തി.

സംഘട്ടനം മൂർച്ഛിക്കുന്നു

അടുത്തതായി രംഗത്തെത്തിയത്‌ ഇറ്റാലിയൻ ജ്യോതിശ്ശാസ്‌ത്രജ്ഞനും ഗണിത-ഭൗതിക ശാസ്‌ത്രജ്ഞനും ആയ ഗലീലിയോ ഗലീലി (1564-1642) ആയിരുന്നു. അദ്ദേഹവും കത്തോലിക്കാ സഭാംഗമായിരുന്നു. പുതുതായി കണ്ടുപിടിച്ച ലെൻസുകൾ ഉപയോഗിച്ച്‌ താൻ നിർമിച്ച ദൂരദർശിനിയിലൂടെ ഗലീലിയോ, മുമ്പൊരിക്കലും ആർക്കും കഴിഞ്ഞിട്ടില്ലാത്ത വിധം വാനനിരീക്ഷണം നടത്തി. കോപ്പർനിക്കസിന്റെ സിദ്ധാന്തം ശരിയാണെന്ന്‌ അദ്ദേഹത്തിനു ബോധ്യമായി. ഇന്ന്‌ സൂര്യകളങ്കങ്ങൾ എന്നു വിളിക്കപ്പെടുന്ന പാടുകൾ സൂര്യപ്രതലത്തിലുണ്ടെന്നും അദ്ദേഹം കണ്ടെത്തി. അങ്ങനെ, സുപ്രധാനമെന്നു കരുതപ്പെട്ടിരുന്ന തത്ത്വശാസ്‌ത്രപരവും മതപരവും ആയ മറ്റൊരു വിശ്വാസത്തിന്റെകൂടി സത്യത ചോദ്യംചെയ്യപ്പെട്ടു​—⁠സൂര്യനു മാറ്റമോ അപചയമോ ഉണ്ടാകുന്നില്ലെന്ന സിദ്ധാന്തം.

കോപ്പർനിക്കസിനെപ്പോലെ ആയിരുന്നില്ല ഗലീലിയോ, അദ്ദേഹം തന്റെ ആശയങ്ങൾ ഉന്നമിപ്പിക്കുന്നതിൽ ധൈര്യവും ഊർജസ്വലതയും പ്രകടിപ്പിച്ചു. അദ്ദേഹം ഈ സമീപനം കൈക്കൊണ്ടത്‌ മതപരമായി കൂടുതൽ ശത്രുതാപരമായ ഒരു ചുറ്റുപാടിലാണ്‌. കാരണം അപ്പോഴേക്കും കത്തോലിക്കാ സഭ കോപ്പർനിക്കസിന്റെ സിദ്ധാന്തത്തെ തുറന്ന്‌ എതിർക്കാൻ തുടങ്ങിയിരുന്നു. അതുകൊണ്ട്‌, സൗരകേന്ദ്രീയ സിദ്ധാന്തം ശരിയാണെന്നു മാത്രമല്ല അതു തിരുവെഴുത്തുകൾക്കു ചേർച്ചയിലാണെന്നു കൂടെ ഗലീലിയോ വാദിച്ചപ്പോൾ, സഭ അതിൽ മതനിന്ദ കണ്ടുതുടങ്ങി. *

തന്റെ ഭാഗം വാദിക്കാൻ ഗലീലിയോ റോമിലെത്തിയെങ്കിലും ഫലമുണ്ടായില്ല. കോപ്പർനിക്കസിന്റെ സിദ്ധാന്തം ഉന്നമിപ്പിക്കുന്നത്‌ അവസാനിപ്പിക്കാൻ 1616-ൽ സഭ അദ്ദേഹത്തോട്‌ ആജ്ഞാപിച്ചു. കുറച്ചു കാലത്തേക്ക്‌ അദ്ദേഹം മൗനംഭജിച്ചു. എന്നാൽ 1632-ൽ കോപ്പർനിക്കസിനെ പിന്തുണച്ചുകൊണ്ട്‌ ഗലീലിയോ മറ്റൊരു കൃതി പ്രസിദ്ധീകരിച്ചു. അടുത്ത വർഷം മതവിചാരണക്കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിനു വിധിച്ചു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ പ്രായം പരിഗണിച്ച്‌ പെട്ടെന്നുതന്നെ വീട്ടുതടങ്കലായി ശിക്ഷ ഇളവുചെയ്‌തു.

സഭയുമായുള്ള ഗലീലിയോയുടെ ആശയ സംഘട്ടനം മതത്തിനുമേൽ ശാസ്‌ത്രം കൈവരിച്ച വൻവിജയമായി, വിശാലമായ അർഥത്തിൽ ബൈബിളിന്മേലുള്ള വിജയമായി, പലരും കാണുന്നു. എന്നാൽ അമിതമായി ലളിതവത്‌കരിക്കപ്പെട്ട ആ നിഗമനം, നിരവധി വസ്‌തുതകൾ അവഗണിച്ചിട്ടുണ്ട്‌. അടുത്ത ലേഖനത്തിൽ നാം അതു പരിചിന്തിക്കുന്നതായിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 7 ഉരുളയ്‌ക്കുപ്പേരിപോലുള്ള മറുപടിയും മൂർച്ചയേറിയ പരിഹാസവും ഗലീലിയോയ്‌ക്ക്‌ ശക്തരായ ശത്രുക്കളെ സമ്പാദിച്ചുകൊടുത്തു. കൂടാതെ, സൗരകേന്ദ്രീയ സിദ്ധാന്തം തിരുവെഴുത്തുകൾക്കു ചേർച്ചയിലാണെന്നു വാദിക്കുകവഴി മതപരമായ കാര്യങ്ങളിൽ ഒരു ആധികാരിക ഉറവായി അദ്ദേഹം സ്വയം അവതരിപ്പിച്ചു. ഇത്‌ സഭയെ കൂടുതൽ പ്രകോപിപ്പിച്ചു.

[3-ാം പേജിലെ ചിത്രം]

കോപ്പർനിക്കസ്‌

[കടപ്പാട്‌]

Taken from Giordano Bruno and Galilei (German edition)

[3-ാം പേജിലെ ചിത്രം]

റോമൻ മതവിചാരണക്കോടതിയിൽ ഗലീലിയോ തന്റെ ഭാഗം വാദിക്കുന്നു

[കടപ്പാട്‌]

From the book The Historian’s History of the World, Vol. IX, 1904

[3-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

പശ്ചാത്തലം: സൗരയൂഥത്തെക്കുറിച്ചുള്ള കോപ്പർനിക്കസിന്റെ സങ്കൽപ്പം ചിത്രീകരിക്കുന്ന ചാർട്ട്‌