വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവവചനം നിങ്ങളുടെ പാതയെ പ്രകാശിപ്പിക്കട്ടെ

ദൈവവചനം നിങ്ങളുടെ പാതയെ പ്രകാശിപ്പിക്കട്ടെ

ദൈവവചനം നിങ്ങളുടെ പാതയെ പ്രകാശിപ്പിക്കട്ടെ

‘നിന്റെ വചനം എന്റെ പാതെക്കു പ്രകാശം ആകുന്നു.’​—⁠സങ്കീർത്തനം 119:105.

1, 2. യഹോവയുടെ മൊഴികൾ നമ്മുടെ പാതയെ പ്രകാശിപ്പിക്കണമെങ്കിൽ നാം എന്തെല്ലാം ചെയ്യണം?

നാം അനുവദിക്കുന്നപക്ഷം, യഹോവയുടെ വചനം അഥവാ മൊഴികൾ നമ്മുടെ പാതയെ പ്രകാശിപ്പിക്കും. അത്തരം ആത്മീയ പ്രകാശം ലഭിക്കുന്നതിന്‌, നാം ദൈവത്തിന്റെ ലിഖിത വചനം ഉത്സാഹപൂർവം പഠിക്കുകയും അതിലെ ബുദ്ധിയുപദേശം ബാധമാക്കുകയും ചെയ്യേണ്ടതുണ്ട്‌. അങ്ങനെ ചെയ്‌താൽ മാത്രമേ “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു” എന്നു സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പറയാൻ സാധിക്കുകയുള്ളൂ.​—⁠സങ്കീർത്തനം 119:105.

2 നമുക്കിപ്പോൾ സങ്കീർത്തനം 119:89-176 വരെയുള്ള ഭാഗം പരിശോധിക്കാം. 11 ഖണ്ഡങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഈ വാക്യങ്ങളിൽ എത്രയധികം വിവരങ്ങളാണുള്ളത്‌! നിത്യജീവനിലേക്കുള്ള പാതയിൽ തുടരാൻ നമ്മെ സഹായിക്കുന്നവയാണ്‌ അവ.​—⁠മത്തായി 7:13, 14.

ദൈവത്തിന്റെ മൊഴികളിൽ പ്രമോദിക്കേണ്ടത്‌ എന്തുകൊണ്ട്‌?

3. നമുക്ക്‌ യഹോവയുടെ മൊഴികളിൽ വിശ്വാസമർപ്പിക്കാനാകുമെന്ന്‌ സങ്കീർത്തനം 119:89, 90 പ്രകടമാക്കുന്നത്‌ എങ്ങനെ?

3 യഹോവയുടെ മൊഴികളിൽ പ്രമോദിക്കുന്നത്‌ അല്ലെങ്കിൽ അതിനോടു പ്രിയമുണ്ടായിരിക്കുന്നത്‌ ആത്മീയമായ ഉറപ്പും ബലവും കൈവരുത്തുന്നു. (സങ്കീർത്തനം 119:89-96) സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു. . . . നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്‌ക്കുന്നു.” (സങ്കീർത്തനം 119:89, 90) ആകാശഗോളങ്ങൾ കൃത്യതയോടെ ഭ്രമണം ചെയ്യുന്നതും ഭൂമി ഒരിക്കലും ഇളകിപ്പോകാത്ത വിധത്തിൽ ദൃഢമായി സ്ഥാപിതമായിരിക്കുന്നതും “ആകാശത്തിലെ” അവന്റെ “നിയമങ്ങ”ളാൽ അഥവാ മൊഴികളാൽ ആണ്‌. (ഇയ്യോബ്‌ 38:31-33; സങ്കീർത്തനം 104:5) യഹോവയുടെ വായിൽനിന്നു പുറപ്പെടുന്ന സകല വചനത്തിലും നമുക്ക്‌ വിശ്വാസമർപ്പിക്കാം. തന്റെ ഉദ്ദേശ്യം സാക്ഷാത്‌കരിച്ചുകൊണ്ട്‌ അവൻ തന്റെ വാക്കുകൾ നിവർത്തിച്ചിരിക്കും അഥവാ ‘സാധിച്ചിരിക്കും.’​—⁠യെശയ്യാവു 55:8-11.

4. ദൈവത്തിന്റെ മൊഴികളോടുള്ള പ്രിയം കഷ്ടതയനുഭവിക്കുന്ന അവന്റെ ദാസർക്ക്‌ പ്രയോജനകരമാകുന്നതെങ്ങനെ?

4 ‘ദൈവത്തിന്റെ ന്യായപ്രമാണം’ സങ്കീർത്തനക്കാരന്റെ ‘പ്രമോദം ആയിരുന്നില്ലെങ്കിൽ അവൻ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.’ (സങ്കീർത്തനം 119:92) അവൻ കഷ്ടം അനുഭവിച്ചത്‌ പരദേശികൾ നിമിത്തമായിരുന്നില്ല. അവനെ വെറുത്തിരുന്ന നിയമലംഘികളായ ഇസ്രായേല്യരായിരുന്നു അതിനു പിന്നിൽ. (ലേവ്യപുസ്‌തകം 19:17) എങ്കിലും അത്‌ അവനെ തളർത്തിക്കളഞ്ഞില്ല. കാരണം, തന്നെ പുലർത്തുന്ന ദൈവനിയമത്തിൽ അവൻ പ്രമോദിച്ചിരുന്നു അഥവാ അതിനെ പ്രിയപ്പെട്ടിരുന്നു. കൊരിന്തിൽവെച്ച്‌, അപ്പൊസ്‌തലനായ പൗലൊസ്‌ ‘കള്ളസഹോദരന്മാരാലുള്ള ആപത്തിൽ’ അകപ്പെട്ടു. അവനെതിരെ കുറ്റം കണ്ടുപിടിക്കാൻ ശ്രമിച്ചിരുന്ന ‘അതിശ്രേഷ്‌ഠ അപ്പൊസ്‌തലന്മാരും’ അക്കൂട്ടത്തിലുണ്ടായിരുന്നിരിക്കാം. (2 കൊരിന്ത്യർ 11:5, 12-14, 26) എന്നിരുന്നാലും, ദൈവത്തിന്റെ മൊഴികളെ പ്രിയപ്പെട്ടിരുന്നതിനാൽ പൗലൊസ്‌ ആത്മീയമായി തകർന്നുപോയില്ല. ദൈവത്തിന്റെ ലിഖിത വചനത്തെ പ്രിയപ്പെടുകയും അതിലെ ബുദ്ധിയുപദേശം ബാധകമാക്കുകയും ചെയ്യുന്നതിനാൽ നാം നമ്മുടെ സഹോദരങ്ങളെ സ്‌നേഹിക്കുന്നു. (1 യോഹന്നാൻ 3:15) ലോകം നമ്മെ ദ്വേഷിക്കുന്നുണ്ടെങ്കിലും ദൈവത്തിന്റെ നിർദേശങ്ങളിൽ ഒന്നുപോലും നാം മറന്നുകളയുന്നില്ല. നിത്യതയിലുടനീളം യഹോവയ്‌ക്ക്‌ സന്തുഷ്ട സേവനം അർപ്പിക്കാനായി നോക്കിപ്പാർത്തിരിക്കവേ നമ്മുടെ സഹോദരങ്ങളോടൊത്ത്‌ സ്‌നേഹത്തോടും ഐക്യത്തോടുംകൂടെ നാം ദൈവത്തിന്റെ ഇഷ്ടം ചെയ്‌തുകൊണ്ടിരിക്കുന്നു.​—⁠സങ്കീർത്തനം 119:93.

5. ആസാ രാജാവ്‌ യഹോവയെ അന്വേഷിച്ചത്‌ എങ്ങനെ?

5 യഹോവയോടുള്ള അർപ്പണബോധം പ്രകടിപ്പിച്ചുകൊണ്ട്‌ സങ്കീർത്തനക്കാരനെപ്പോലെ നമുക്ക്‌ ഇങ്ങനെ പ്രാർഥിക്കാം: “ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാൻ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.” (സങ്കീർത്തനം 119:94) ആസാ രാജാവ്‌ ദൈവത്തെ അന്വേഷിച്ചു, യെഹൂദായിൽനിന്ന്‌ വിശ്വാസത്യാഗം തുടച്ചുനീക്കി. ആസായുടെ ഭരണത്തിന്റെ 15-ാം ആണ്ടിൽ (പൊ.യു.മു. 963) ജനമെല്ലാം കൂടിവന്ന ഒരു സന്ദർഭത്തിൽ യെഹൂദായിലെ നിവാസികൾ ‘യഹോവയെ അന്വേഷിച്ചുകൊള്ളാമെന്ന്‌ ഒരു നിയമം ചെയ്‌തു.’ ‘അവർ യഹോവയെ കണ്ടെത്തുകയും’ അവൻ “അവർക്കു ചുറ്റും വിശ്രമം നല്‌കുകയും ചെയ്‌തു.” (2 ദിനവൃത്താന്തം 15:10-15) യഹോവയെ വീണ്ടും അന്വേഷിച്ചുതുടങ്ങാൻ ക്രിസ്‌തീയ സഭയിൽനിന്ന്‌ അകന്നുപോയിരിക്കുന്ന ഏതൊരാളെയും ഈ ദൃഷ്ടാന്തം പ്രോത്സാഹിപ്പിക്കേണ്ടതാണ്‌. തന്റെ ജനവുമായി വീണ്ടും സജീവമായി സഹവസിച്ചുതുടങ്ങുന്നവരെ യഹോവ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യും.

6. ഏതു പ്രവർത്തനഗതി ആത്മീയ അപകടത്തിൽനിന്നു നമ്മെ സംരക്ഷിക്കും?

6 ആത്മീയ അപകടത്തിൽനിന്നു സംരക്ഷണമേകുന്ന ജ്ഞാനം യഹോവയുടെ മൊഴികൾ നമുക്കു നൽകുന്നു. (സങ്കീർത്തനം 119:97-104) ദൈവ കൽപ്പനകൾ നമ്മുടെ ശത്രുക്കളെക്കാൾ നമ്മെ ജ്ഞാനമുള്ളവരാക്കിത്തീർക്കുന്നു. അവന്റെ സാക്ഷ്യങ്ങൾക്ക്‌ അഥവാ ഓർമിപ്പിക്കലുകൾക്ക്‌ ചെവികൊടുക്കുന്നത്‌ നമുക്ക്‌ ഉൾക്കാഴ്‌ച നേടിത്തരുകയും അവന്റെ ‘പ്രമാണങ്ങളെ അനുസരിക്കുന്നത്‌ നമ്മെ വയോധികന്മാരിലും വിവേകമുള്ളവരാക്കിത്തീർക്കുകയും’ ചെയ്യുന്നു. (സങ്കീർത്തനം 119:98-100) യഹോവയുടെ വചനം നമ്മുടെ ‘അണ്ണാക്കിന്‌ മധുരവും വായിക്കു തേനിനെക്കാൾ നല്ലതും’ ആണെങ്കിൽ “സകലവ്യാജമാർഗ്ഗവും” നാം വെറുക്കുകയും ഒഴിവാക്കുകയും ചെയ്യും. (സങ്കീർത്തനം 119:103, 104) ഈ അന്ത്യനാളുകളിൽ അഹങ്കാരികളുടെയും ഉഗ്രന്മാരുടെയും അഭക്തരുടെയും ഇടയിലായിരിക്കെ ആത്മീയ അപകടങ്ങളിൽനിന്ന്‌ ഇതു നമ്മെ സംരക്ഷിക്കും.​—⁠2 തിമൊഥെയൊസ്‌ 3:1-5.

നമ്മുടെ കാലിനു ദീപം

7, 8. സങ്കീർത്തനം 119:​105 നമ്മുടെ കാര്യത്തിൽ അർഥവത്താകണമെങ്കിൽ എന്തു ചെയ്യണം?

7 ഒരിക്കലും മങ്ങാത്ത ആത്മീയ പ്രകാശത്തിന്റെ ഉറവിടമാണ്‌ ദൈവവചനം. (സങ്കീർത്തനം 119:105-112) നാം അഭിഷിക്ത ക്രിസ്‌ത്യാനികളോ ‘വേറെ ആടുകളിൽപ്പെട്ട’ അവരുടെ സഹകാരികളോ ആയിരുന്നാലും നാം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.” (യോഹന്നാൻ 10:16; സങ്കീർത്തനം 119:105) ആത്മീയമായി ഇടറിവീഴാതിരിക്കേണ്ടതിന്‌ ദൈവത്തിന്റെ മൊഴികൾ നമ്മുടെ പാതയെ പ്രകാശിപ്പിക്കുന്ന ഒരു ദീപംപോലെ വർത്തിക്കുന്നു. (സദൃശവാക്യങ്ങൾ 6:23) എന്നിരുന്നാലും, നമ്മുടെ കാലിന്‌ ഒരു ദീപമായിരിക്കാൻ യഹോവയുടെ മൊഴികളെ നാം വ്യക്തിപരമായി അനുവദിക്കേണ്ടതുണ്ട്‌.

8 സങ്കീർത്തനം 119-ന്റെ രചയിതാവിനെപ്പോലെ നാമും ദൃഢചിത്തരായിരിക്കണം. ദൈവത്തിന്റെ പ്രമാണങ്ങൾ ഉപേക്ഷിക്കാതിരിക്കാൻ അവൻ ഉറച്ചതീരുമാനം എടുത്തിരുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “നിന്റെ [യഹോവയുടെ] നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാൻ സത്യം ചെയ്‌തു; അതു ഞാൻ നിവർത്തിക്കും.” (സങ്കീർത്തനം 119:106) ക്രമമായി ബൈബിൾ പഠിക്കുകയും ക്രിസ്‌തീയ യോഗങ്ങളിൽ പങ്കുപറ്റുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെ നമുക്ക്‌ ഒരിക്കലും വിലകുറച്ചു കാണാതിരിക്കാം.

9, 10. യഹോവയ്‌ക്കു സമർപ്പിതരായിരിക്കുന്നവർ ‘അവന്റെ പ്രമാണങ്ങളെ ഉപേക്ഷി’ച്ചേക്കാമെന്നു നമുക്ക്‌ എങ്ങനെ അറിയാം, എന്നാൽ അത്‌ എങ്ങനെ ഒഴിവാക്കാം?

9 സങ്കീർത്തനക്കാരൻ ‘ദൈവത്തിന്റെ പ്രമാണങ്ങളെ ഉപേക്ഷിച്ചില്ല.’ എന്നാൽ യഹോവയ്‌ക്ക്‌ സമർപ്പിതനായിരിക്കുന്ന ഒരു വ്യക്തിയുടെ കാര്യത്തിൽ മറിച്ചു സംഭവിക്കുക സാധ്യമാണ്‌. (സങ്കീർത്തനം 119:110) യഹോവയ്‌ക്ക്‌ സമർപ്പിക്കപ്പെട്ട ജനതയിലെ ഒരംഗമായിരുന്ന, ദൈവം നൽകിയ ജ്ഞാനത്തിന്‌ ചേർച്ചയിൽ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്ന, ശലോമോൻ രാജാവിന്‌ അതു സംഭവിച്ചു. വ്യാജദൈവങ്ങളെ ആരാധിക്കാൻ “അന്യജാതിക്കാരത്തികളായ ഭാര്യമാർ” അവനെ “വശീകരിച്ചു പാപം ചെയ്യിച്ചു.”​—⁠നെഹെമ്യാവു 13:26; 1 രാജാക്കന്മാർ 11:1-6.

10 “വേട്ടക്കാര”നായ സാത്താൻ വ്യത്യസ്‌ത കെണികൾ വെക്കുന്നുണ്ട്‌. (സങ്കീർത്തനം 91:3) ഉദാഹരണത്തിന്‌, ആത്മീയ പ്രകാശത്തിന്റെ പാത വിട്ട്‌ വിശ്വാസത്യാഗമാകുന്ന ഇരുട്ടിലേക്കു പോകാനുള്ള പ്രേരണ ഒരു മുൻ വിശ്വാസിയിൽനിന്ന്‌ നമുക്ക്‌ ഉണ്ടായേക്കാം. തുയഥൈരയിലെ ക്രിസ്‌ത്യാനികൾക്കിടയിൽ “ഈസബേൽ” സ്വാധീനം ഉണ്ടായിരുന്നു. സാധ്യതയനുസരിച്ച്‌, വിഗ്രഹാരാധന നടത്താനും പരസംഗം ചെയ്യാനും മറ്റുള്ളവരെ പ്രേരിപ്പിച്ചിരുന്ന സ്‌ത്രീകളുടെ ഒരു കൂട്ടത്തെയാണ്‌ ഇതു പരാമർശിക്കുന്നത്‌. യേശു അത്തരം ദുഷ്‌കൃത്യങ്ങൾക്കുനേരെ കണ്ണടച്ചില്ല. നാമും അങ്ങനെതന്നെ ആയിരിക്കണം. (വെളിപ്പാടു 2:18-22; യൂദാ 3, 4) അതിനാൽ, യഹോവയുടെ പ്രമാണങ്ങളെ ഉപേക്ഷിക്കാതെ ദിവ്യ പ്രകാശത്തിൽ നിലകൊള്ളാനുള്ള സഹായത്തിനായി നമുക്ക്‌ അവനോടു പ്രാർഥിക്കാം.​—⁠സങ്കീർത്തനം 119:111, 112.

ദൈവത്തിന്റെ മൊഴികൾ നമ്മെ താങ്ങുന്നു

11. സങ്കീർത്തനം 119:119 അനുസരിച്ച്‌, ദൈവം ദുഷ്ടരെ എങ്ങനെ വീക്ഷിക്കുന്നു?

11 ദൈവത്തിന്റെ ചട്ടങ്ങളെ വിട്ടുമാറാതിരുന്നാൽ അവൻ നമ്മെ പിന്തുണയ്‌ക്കും. (സങ്കീർത്തനം 119:113-120) ഇക്കാലത്ത്‌ ക്രിസ്‌ത്യാനികളെന്ന്‌ അവകാശപ്പെടുന്ന ശീതോഷ്‌ണവാന്മാരെ യേശു തള്ളിക്കളയുന്നതുപോലെ, “ഇരുമനസ്സുള്ളവരെ” കൂടുതൽ കൃത്യമായി പറഞ്ഞാൽ, അർധഹൃദയരെ നാമും വെറുക്കുന്നു. (സങ്കീർത്തനം 119:113; വെളിപ്പാടു 3:16) നാം യഹോവയെ മുഴുഹൃദയത്തോടെ സേവിക്കുന്നതിനാൽ അവൻ ‘നമ്മുടെ മറവിട’മാണ്‌, അവൻ നമ്മെ പിന്തുണയ്‌ക്കും. വഞ്ചന പ്രയോഗിച്ചുകൊണ്ട്‌ യഹോവയുടെ ‘ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും അവൻ നിരസിക്കും.’ (സങ്കീർത്തനം 119:114, 117, 118; സദൃശവാക്യങ്ങൾ 3:32) അത്തരം ദുഷ്ടന്മാരെ, സ്വർണം, വെള്ളി തുടങ്ങിയ വിലയേറിയ ലോഹങ്ങളിൽനിന്ന്‌ നീക്കം ചെയ്യപ്പെടുന്ന “കിട്ടം” (NW) അഥവാ മാലിന്യം പോലെയാണ്‌ അവൻ വീക്ഷിക്കുന്നത്‌. (സങ്കീർത്തനം 119:119; സദൃശവാക്യങ്ങൾ 17:3) നശിപ്പിക്കപ്പെടാൻപോകുന്ന, ലോഹമാലിന്യം പോലെ ആയിരിക്കുന്ന ദുഷ്ടന്മാരുടെ പക്ഷത്തായിരിക്കാൻ നാം തീർച്ചയായും ആഗ്രഹിക്കുന്നില്ലാത്തതിനാൽ ദൈവത്തിന്റെ ഓർമിപ്പിക്കലുകളോട്‌ നമുക്ക്‌ സദാ സ്‌നേഹം പ്രകടമാക്കാം.

12. യഹോവാഭയം പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

12 “നിന്നെക്കുറിച്ചുള്ള ഭയത്താൽ എന്റെ ശരീരം വിറകൊള്ളുന്നു” എന്നു സങ്കീർത്തനക്കാരൻ പ്രസ്‌താവിച്ചു. (സങ്കീർത്തനം 119:​120, ഓശാന ബൈബിൾ) തന്റെ ദാസന്മാരെന്ന നിലയിൽ ദൈവം നമ്മെ പിന്തുണയ്‌ക്കണമെങ്കിൽ, അവൻ വെറുക്കുന്ന കാര്യങ്ങളെ ഒഴിവാക്കിക്കൊണ്ട്‌ നാം ആരോഗ്യാവഹമായ ദൈവഭയം പ്രകടമാക്കേണ്ടത്‌ അതിപ്രധാനമാണ്‌. യഹോവയോടുള്ള ആദരപൂർവകമായ ഭയം നീതിനിഷ്‌ഠമായ ഒരു ജീവിതം നയിക്കാൻ ഇയ്യോബിനെ സഹായിച്ചു. (ഇയ്യോബ്‌ 1:1; 23:15) എന്തുതന്നെ സഹിക്കേണ്ടിവന്നാലും ദൈവാംഗീകാരമുള്ള മാർഗത്തിൽ തുടരാൻ ദൈവഭയം നമ്മെ പ്രാപ്‌തരാക്കും. എന്നിരുന്നാലും സഹിച്ചുനിൽക്കുന്നതിന്‌ വിശ്വാസത്തോടുകൂടിയ ആത്മാർഥമായ പ്രാർഥന കൂടിയേതീരൂ.​—⁠യാക്കോബ്‌ 5:15.

വിശ്വാസത്തോടെ പ്രാർഥിക്കുക

13-15. (എ) നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കുമെന്ന വിശ്വാസം നമുക്കുണ്ടായിരിക്കാനാകുന്നത്‌ എന്തുകൊണ്ട്‌? (ബി) എന്താണ്‌ പ്രാർഥിക്കേണ്ടതെന്ന്‌ നമുക്ക്‌ അറിയില്ലെങ്കിൽ എന്തു സംഭവിച്ചേക്കാം? (സി) നമ്മുടെ പ്രാർഥനയിലെ ‘ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളോട്‌’ സങ്കീർത്തനം 119:121-128 എങ്ങനെ ഇണങ്ങിയേക്കാമെന്നു ദൃഷ്ടാന്തീകരിക്കുക.

13 ദൈവം നമുക്കായി പ്രവർത്തിക്കുമെന്ന വിശ്വാസത്തോടെ നമുക്കു പ്രാർഥിക്കാൻ കഴിയും. (സങ്കീർത്തനം 119:121-128) നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരം ലഭിക്കുമെന്ന്‌ സങ്കീർത്തനക്കാരനെപ്പോലെ നമുക്കും ഉറപ്പുണ്ട്‌. എന്തുകൊണ്ട്‌? എന്തെന്നാൽ ദൈവത്തിന്റെ കൽപ്പനകളെ നാം ‘പൊന്നിനെക്കാളും തങ്കത്തെക്കാളും അധികം പ്രിയപ്പെടുന്നു.’ മാത്രമല്ല, ‘ദൈവത്തിന്റെ സകലപ്രമാണങ്ങളെയും ഒത്തതെന്നു നാം എണ്ണു’കയും ചെയ്യുന്നു.​—⁠സങ്കീർത്തനം 119:127, 128.

14 നാം വിശ്വാസത്തോടുകൂടെ പ്രാർഥിക്കുകയും അവന്റെ കൽപ്പനകൾ ശ്രദ്ധാപൂർവം അനുസരിക്കുകയും ചെയ്യുന്നതിനാൽ യഹോവ നമ്മുടെ അഭ്യർഥനകൾക്കു ചെവിചായ്‌ക്കുന്നു. (സങ്കീർത്തനം 65:2) എന്നാൽ, എന്ത്‌ പ്രാർഥിക്കണമെന്ന്‌ അറിയില്ലാത്തവിധം അന്ധാളിപ്പിക്കുന്ന പ്രശ്‌നങ്ങൾ ചിലപ്പോഴൊക്കെ നമുക്ക്‌ ഉണ്ടാകുന്നെങ്കിലോ? അപ്പോൾ, “ആത്മാവു തന്നേ ഉച്ചരിച്ചു കൂടാത്ത ഞരക്കങ്ങളാൽ നമുക്കു വേണ്ടി പക്ഷവാദം ചെയ്യുന്നു.” (റോമർ 8:26, 27) അത്തരം സന്ദർഭങ്ങളിൽ, തന്റെ ലിഖിത വചനത്തിൽ അടങ്ങിയിരിക്കുന്ന മൊഴികളെ നമ്മുടെ ആവശ്യങ്ങൾക്കായുള്ള പ്രാർഥനകളെന്ന നിലയിൽ ദൈവം സ്വീകരിക്കും.

15 നമ്മുടെ ‘ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളോട്‌’ ബന്ധമുള്ള പ്രാർഥനകളും ആശയങ്ങളും തിരുവെഴുത്തുകളിൽ ധാരാളമായി കാണാം. ഉദാഹരണത്തിന്‌ സങ്കീർത്തനം 119:121-128 പരിചിന്തിക്കുക. ഇവിടെ കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്ന വിധം നമ്മുടെ സാഹചര്യങ്ങൾക്ക്‌ ഇണങ്ങുന്നതായിരിക്കാം. പീഡനത്തിനോ വഞ്ചനയ്‌ക്കോ ഇരയാകുമെന്ന്‌ ഭയപ്പെടുന്ന ഒരു സന്ദർഭത്തിൽ സങ്കീർത്തനക്കാരൻ അഭ്യർഥിച്ച വിധത്തിൽ നമുക്ക്‌ ദൈവത്തോട്‌ സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്‌. (വാക്യങ്ങൾ 121-123) വളരെ ബുദ്ധിമുട്ടേറിയ ഒരു തീരുമാനം എടുക്കേണ്ടി വരുന്നെന്നു കരുതുക. അപ്പോൾ, യഹോവയുടെ ഓർമിപ്പിക്കലുകൾ മനസ്സിലേക്കുവരാനും അവ ബാധകമാക്കാനും ഉള്ള യഹോവയുടെ ആത്മാവിന്റെ സഹായത്തിനായി നമുക്കു പ്രാർഥിക്കാവുന്നതാണ്‌. (വാക്യങ്ങൾ 124, 125) നാം “സകല വ്യാജമാർഗ്ഗത്തേയും വെറുക്കുന്നു”വെങ്കിലും, ദൈവത്തിന്റെ നിയമം ലംഘിക്കാനുള്ള ഏതെങ്കിലും പ്രലോഭനത്തിന്‌ അടിപ്പെട്ടുപോകാതിരിക്കേണ്ടതിന്‌ നമുക്കുവേണ്ടി പ്രവർത്തിക്കാൻ നാം ദൈവത്തോട്‌ അഭ്യർഥിക്കേണ്ടതുണ്ടായിരിക്കാം. (വാക്യങ്ങൾ 126-128) അനുദിനം ബൈബിൾ വായിക്കുന്നപക്ഷം, യഹോവയോട്‌ പ്രാർഥിക്കുമ്പോൾ ഇതുപോലുള്ള സഹായകമായ ഭാഗങ്ങൾ നമ്മുടെ മനസ്സിലേക്കു വന്നേക്കാം.

യഹോവയുടെ ഓർമിപ്പിക്കലുകളിലൂടെ സഹായം

16, 17. (എ) നമുക്ക്‌ ദൈവത്തിന്റെ ഓർമിപ്പിക്കൽ ആവശ്യമുള്ളത്‌ എന്തുകൊണ്ട്‌, നാം അവയെ എങ്ങനെ വീക്ഷിക്കണം? (ബി) മറ്റുള്ളവർ നമ്മെ എങ്ങനെ വീക്ഷിച്ചേക്കാം, എന്നാൽ യഥാർഥത്തിൽ പ്രധാനമായിട്ടുള്ളത്‌ എന്താണ്‌?

16 ദൈവത്തിന്റെ സാക്ഷ്യങ്ങൾക്ക്‌ അഥവാ ഓർമിപ്പിക്കലുകൾക്കു ചെവികൊടുത്താൽ മാത്രമേ അവൻ നമ്മുടെ പ്രാർഥനകൾ കേൾക്കുകയും നമ്മോടു കൃപ കാണിക്കുകയും ചെയ്യുകയുള്ളൂ. (സങ്കീർത്തനം 119:129-136) നമുക്കെല്ലാം മറവി ഉള്ളതിനാൽ യഹോവയുടെ പ്രബോധനവും കൽപ്പനകളും മനസ്സിലേക്കു തിരികെ വരുത്തുന്ന അവന്റെ ഓർമിപ്പിക്കലുകൾ നമുക്ക്‌ ആവശ്യമാണ്‌. തീർച്ചയായും, ദൈവത്തിന്റെ വചനങ്ങളുടെ പുതിയ ഗ്രാഹ്യത്താൽ ചൊരിയപ്പെടുന്ന ആത്മീയ വെളിച്ചം നാം വിലമതിക്കുന്നു. (സങ്കീർത്തനം 119:129, 130) മറ്റുള്ളവർ ദൈവത്തിന്റെ നിയമം ലംഘിക്കുന്നതിനാൽ ‘നമ്മുടെ കണ്ണിൽനിന്നു ജലനദികൾ ഒഴുകുന്നു’ണ്ടെങ്കിലും യഹോവ തന്റെ അംഗീകാരം പ്രകടിപ്പിച്ചുകൊണ്ട്‌ ‘നമ്മുടെമേൽ അവന്റെ മുഖം പ്രകാശിപ്പിച്ചിരിക്കുന്നു’വെന്നതിനും നാം നന്ദിയുള്ളവരാണ്‌.​—⁠സങ്കീർത്തനം 119:135, 136; സംഖ്യാപുസ്‌തകം 6:25.

17 ദൈവത്തിന്റെ നീതിനിഷ്‌ഠമായ ഓർമിപ്പിക്കലുകൾ പിൻപറ്റുന്നപക്ഷം അവന്റെ കൃപ സദാ നമ്മുടെമേൽ ഉണ്ടായിരിക്കുമെന്ന്‌ നമുക്ക്‌ ഉറപ്പുണ്ടായിരിക്കാൻ കഴിയും. (സങ്കീർത്തനം 119:137-144) യഹോവയുടെ ദാസന്മാരെന്ന നിലയിൽ, നീതിനിഷ്‌ഠമായ തന്റെ ഓർമിപ്പിക്കലുകൾ നമ്മുടെ ശ്രദ്ധയിലേക്കു കൊണ്ടുവരാനും നാം അനുസരിക്കേണ്ട കൽപ്പനകളെന്ന നിലയിൽ നമുക്ക്‌ അവ നൽകാനും ഉള്ള അവന്റെ അവകാശത്തെ നാം അംഗീകരിക്കുന്നു. (സങ്കീർത്തനം 119:138) ദൈവത്തിന്റെ കൽപ്പനകൾ അനുസരിച്ചിട്ടും, “ഞാൻ അല്‌പനും നിന്ദിതനും ആകുന്നു” എന്നു സങ്കീർത്തനക്കാരൻ പറഞ്ഞത്‌ എന്തുകൊണ്ട്‌? (സങ്കീർത്തനം 119:141) വ്യക്തമായും, ശത്രുക്കൾ തന്നെ വീക്ഷിച്ച വിധത്തെ അവൻ പരാമർശിക്കുകയായിരുന്നു. നീതിക്കുവേണ്ടി അചഞ്ചലമായ ഒരു നിലപാട്‌ സ്വീകരിക്കുന്നപക്ഷം മറ്റുള്ളവർ നമ്മെ അവജ്ഞയോടെ വീക്ഷിച്ചേക്കാം. എന്നാൽ, യഹോവയുടെ നീതിനിഷ്‌ഠമായ ഓർമിപ്പിക്കലുകൾ അനുസരിച്ച്‌ ജീവിക്കുന്നതിനാൽ നമുക്ക്‌ അവന്റെ പ്രീതിയുണ്ടെന്നതാണ്‌ യഥാർഥത്തിൽ പ്രധാനപ്പെട്ട സംഗതി.

സുരക്ഷിതത്വവും സമാധാനവും ഉള്ളവർ

18, 19. ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങളേവ?

18 ദൈവത്തിന്റെ ഓർമിപ്പിക്കലുകൾ അനുസരിക്കുന്നത്‌ അവനോട്‌ അടുത്തുനിൽക്കാൻ നമ്മെ സഹായിക്കുന്നു. (സങ്കീർത്തനം 119:145-152) യഹോവയുടെ ഓർമിപ്പിക്കലുകൾക്കു ശ്രദ്ധ നൽകുന്നതിനാൽ പൂർണഹൃദയത്തോടെ അവനെ വിളിച്ചപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം നമുക്കു തോന്നുന്നു. നമ്മുടെ അപേക്ഷകൾക്ക്‌ അവൻ ചെവി ചായ്‌ക്കുമെന്നു പ്രതീക്ഷിക്കാനും കഴിയും. നമുക്ക്‌ “ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു” സഹായം അഭ്യർഥിക്കാവുന്നതാണ്‌. പ്രാർഥിക്കാൻ പറ്റിയ എത്ര നല്ല സമയമാണ്‌ അത്‌! (സങ്കീർത്തനം 119:145-147) നാം ദുർനടത്ത ഒഴിവാക്കുകയും യേശു ചെയ്‌തതുപോലെ, ദൈവത്തിന്റെ മൊഴികൾ സത്യമാണെന്നു വിശ്വസിക്കുകയും ചെയ്യുന്നു, ഇതും ദൈവം നമുക്ക്‌ സമീപസ്ഥനായിരിക്കുന്നതിനുള്ള കാരണങ്ങളാണ്‌. (സങ്കീർത്തനം 119:150, 151; യോഹന്നാൻ 17:17) യഹോവയാം ദൈവവുമായുള്ള ബന്ധമാണ്‌, ഇപ്പോഴത്തെ ഈ പ്രക്ഷുബ്ധലോകത്തിൽ നമ്മെ പുലർത്തുന്നതും അർമഗെദോനാകുന്ന മഹായുദ്ധത്തിന്റെ സമയത്ത്‌ നമ്മെ പുലർത്താൻ പോകുന്നതും.​—⁠വെളിപ്പാടു 7:9, 14; 16:13-16.

19 ദൈവത്തിന്റെ മൊഴികളോടുള്ള നമ്മുടെ ആഴമായ ആദരവു നിമിത്തം നമുക്ക്‌ യഥാർഥ സുരക്ഷിതത്വമുണ്ട്‌. (സങ്കീർത്തനം 119:153-160) ദുഷ്ടന്മാരിൽനിന്നു വ്യത്യസ്‌തമായി നാം ‘യഹോവയുടെ സാക്ഷ്യങ്ങളെ’ അഥവാ ഓർമിപ്പിക്കലുകളെ ‘വിട്ടുമാറിയിട്ടില്ല.’ ദൈവത്തിന്റെ പ്രമാണങ്ങൾ അഥവാ ആജ്ഞകൾ പ്രിയപ്പെടുന്നതു നിമിത്തം നാം അവന്റെ സ്‌നേഹദയയിൽ സുരക്ഷിതരാണ്‌. (സങ്കീർത്തനം 119:157-159) യഹോവയുടെ ഓർമിപ്പിക്കലുകൾ നമ്മുടെ ഓർമയെ ഉണർത്തുന്നു, പ്രത്യേക സാഹചര്യങ്ങളിൽ അവൻ നമ്മിൽനിന്ന്‌ എന്തു പ്രതീക്ഷിക്കുന്നുവെന്ന്‌ അതു നമ്മെ ഓർമിപ്പിക്കുന്നു. അതേസമയം ദൈവത്തിന്റെ ആജ്ഞകളാകട്ടെ മാർഗനിർദേശങ്ങളാണ്‌. നമുക്കു മാർഗനിർദേശം നൽകാനുള്ള സ്രഷ്ടാവിന്റെ അവകാശത്തെ നാം യാതൊരു മടിയുംകൂടാതെ അംഗീകരിക്കുന്നു. ‘ദൈവവചനത്തിന്റെ സാരം സത്യ’മാണെന്നും സ്വന്തം കാലടികളെ സ്വതന്ത്രമായി നയിക്കാൻ നമുക്ക്‌ കഴിവില്ലെന്നും അറിയാവുന്നതിനാൽ നാം സന്തോഷപൂർവം ദിവ്യമാർഗനിർദേശം സ്വീകരിക്കുന്നു.​—⁠സങ്കീർത്തനം 119:160; യിരെമ്യാവു 10:23.

20. നമുക്ക്‌ “മഹാസമാധാനം” ഉള്ളത്‌ എന്തുകൊണ്ട്‌?

20 യഹോവയുടെ ന്യായപ്രമാണത്തോടുള്ള അഥവാ നിയമത്തോടുള്ള പ്രിയം നമുക്ക്‌ വലിയ അളവിൽ സമാധാനം കൈവരുത്തുന്നു. (സങ്കീർത്തനം 119:161-168) നമുക്കുള്ള അതുല്യമായ “ദൈവസമാധാനം” ഇല്ലാതാക്കാൻ പീഡനത്തിന്‌ കഴിയുന്നില്ല. (ഫിലിപ്പിയർ 4:6, 7) “ദിവസം ഏഴു പ്രാവശ്യം” അതായത്‌ കൂടെക്കൂടെ യഹോവയെ സ്‌തുതിക്കാൻ ഇടയാകത്തക്ക അളവോളം അവന്റെ നീതിയുള്ള വിധികളെ നാം വിലമതിക്കുന്നു. (സങ്കീർത്തനം 119:161-164) സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്‌ചെക്കു സംഗതി ഏതുമില്ല.” (സങ്കീർത്തനം 119:165) വ്യക്തികളെന്ന നിലയിൽ നാം ഓരോരുത്തരും യഹോവയുടെ നിയമത്തെ പ്രിയപ്പെടുകയും അനുസരിക്കുകയും ചെയ്യുന്നെങ്കിൽ, മറ്റാരുടെയെങ്കിലും ചെയ്‌തികളോ മറ്റേതെങ്കിലും കാര്യമോ നാം ആത്മീയമായി ഇടറിവീഴാൻ ഒരു കാരണമായിത്തീരില്ല.

21. സഭയിൽ പ്രശ്‌നങ്ങൾ ഉണ്ടാകുന്നപക്ഷം നാം ഇടറിപ്പോകേണ്ടതില്ലെന്ന്‌ ഏതു തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ പ്രകടമാക്കുന്നു?

21 ബൈബിളിൽ പരാമർശിച്ചിരിക്കുന്ന പല വ്യക്തികളും, തങ്ങൾക്ക്‌ സ്ഥായിയായ ഒരു ഇടർച്ചക്കല്ല്‌ ആയിത്തീരാൻ യാതൊന്നിനെയും അനുവദിച്ചില്ല. ഉദാഹരണത്തിന്‌, ദിയൊത്രെഫേസിന്റെ അഭക്തമായ നടത്ത ഉണ്ടായിരുന്നിട്ടും ക്രിസ്‌തീയ പുരുഷനായിരുന്ന ഗായൊസ്‌ ഇടറാതെ ‘സത്യത്തിൽ നടന്നു.’ (3 യോഹന്നാൻ 1-3, 9, 10) “കർത്താവിൽ ഏകചിന്തയോടിരിപ്പാൻ” പൗലൊസ്‌ യുവൊദ്യ, സുന്തുക എന്നീ ക്രിസ്‌തീയ സ്‌ത്രീകളെ പ്രബോധിപ്പിച്ചു. ഈ സ്‌ത്രീകൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതിനാലാകാം അത്‌. തെളിവനുസരിച്ച്‌, പ്രശ്‌നപരിഹാരത്തിനായി അവർക്കു സഹായം ലഭിച്ചു. അവർ യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരുകയും ചെയ്‌തു. (ഫിലിപ്പിയർ 4:2, 3) അതുകൊണ്ട്‌, ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നം സഭയിൽ സംജാതമാകുന്നെങ്കിൽ നാം ഇടറിപ്പോകേണ്ടതില്ല. ‘നമ്മുടെ വഴികളെല്ലാം യഹോവയുടെ മുമ്പാകെ ഇരിക്കുന്നു’വെന്ന്‌ മനസ്സിൽപ്പിടിച്ചുകൊണ്ട്‌ യഹോവയുടെ പ്രമാണങ്ങൾ പാലിക്കുന്നതിൽ നമുക്കു ശ്രദ്ധ കേന്ദ്രീകരിക്കാം. (സങ്കീർത്തനം 119:168; സദൃശവാക്യങ്ങൾ 15:3) അങ്ങനെ ചെയ്യുന്നപക്ഷം, നമ്മുടെ “മഹാസമാധാന”ത്തെ യാതൊന്നും സ്ഥായിയായി കവർന്നുകളയുകയില്ല.

22. (എ) ദൈവത്തെ അനുസരിച്ചാൽ നമുക്ക്‌ ഏതു പദവി ആസ്വദിക്കാനാകും? (ബി) ക്രിസ്‌തീയ സഭയിൽനിന്ന്‌ അകന്നുപോയിരിക്കുന്ന ചിലരെ നാം എങ്ങനെ വീക്ഷിക്കണം?

22 യഹോവയെ എല്ലായ്‌പോഴും അനുസരിച്ചാൽ സദാ അവന്റെ സ്‌തുതിപാഠകരായിരിക്കാനുള്ള പദവി നമുക്കുണ്ടായിരിക്കും. (സങ്കീർത്തനം 119:169-176) ദൈവത്തിന്റെ ചട്ടങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിനാൽ നമുക്ക്‌ ആത്മീയ സുരക്ഷിതത്വം ഉണ്ടെന്നു മാത്രമല്ല, ‘നമ്മുടെ അധരങ്ങൾ യഹോവയ്‌ക്കു സ്‌തുതി പൊഴിക്കുകയും ചെയ്യുന്നു.’ (സങ്കീർത്തനം 119:169-171, 174) ഈ അന്ത്യനാളുകളിൽ നമുക്കുണ്ടായിരിക്കാനാകുന്ന ഉന്നതമായ ഒരു പദവിയാണിത്‌. സദാ ജീവിച്ചിരുന്ന്‌ യഹോവയെ സ്‌തുതിക്കാൻ സങ്കീർത്തനക്കാരൻ ആഗ്രഹിച്ചു. എന്നാൽ വെളിപ്പെടുത്തിയിട്ടില്ലാത്ത ഏതോ വിധത്തിൽ, ‘കാണാതെപോയ ആടുപോലെ അവൻ തെറ്റിപ്പോയിരുന്നു.’ (സങ്കീർത്തനം 119:175, 176) ക്രിസ്‌തീയ സഭയിൽനിന്ന്‌ അകന്നുപോയിരിക്കുന്ന ചിലർ ഇപ്പോഴും ദൈവത്തെ സ്‌നേഹിക്കുകയും അവനെ സ്‌തുതിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടാകാം. അവർ വീണ്ടും ആത്മീയ സുരക്ഷിതത്വം കണ്ടെത്തുന്നതിനും യഹോവയെ അവന്റെ ജനത്തോടൊപ്പം സ്‌തുതിക്കുന്നതിന്റെ സന്തോഷം അനുഭവിക്കുന്നതിനും അവരെ സഹായിക്കാനായി കഴിയുന്നതെല്ലാം നമുക്കു ചെയ്യാം.​—⁠എബ്രായർ 13:15; 1 പത്രൊസ്‌ 5:6, 7.

നമ്മുടെ പാതയ്‌ക്ക്‌ നിത്യപ്രകാശം

23, 24. 119-ാം സങ്കീർത്തനത്തിൽനിന്ന്‌ നിങ്ങൾക്ക്‌ എന്തെല്ലാം പ്രയോജനങ്ങൾ ലഭിച്ചിരിക്കുന്നു?

23 പല വിധങ്ങളിലാണ്‌ 119-ാം സങ്കീർത്തനം നമുക്ക്‌ പ്രയോജനം ചെയ്യുന്നത്‌. ഉദാഹരണത്തിന്‌, ‘യഹോവയുടെ ന്യായപ്രമാണം അനുസരിക്കുന്ന’തിൽനിന്നാണ്‌ യഥാർഥ സന്തോഷം കൈവരുന്നതെന്നു വ്യക്തമാക്കുന്നതിനാൽ ഇത്‌, ദൈവത്തിൽ പൂർവാധികം ആശ്രയിക്കാൻ നമ്മെ സഹായിക്കുന്നു. (സങ്കീർത്തനം 119:1) ‘ദൈവവചനത്തിന്റെ സാരം സത്യ’മാണെന്നു സങ്കീർത്തനക്കാരൻ നമ്മെ ഓർമിപ്പിക്കുന്നു. (സങ്കീർത്തനം 119:160) ദൈവത്തിന്റെ മുഴു ലിഖിത വചനത്തോടുമുള്ള നമ്മുടെ ആദരവിനെ അതു തീർച്ചയായും വർധിപ്പിക്കേണ്ടതാണ്‌. ശുഷ്‌കാന്തിയോടെ തിരുവെഴുത്തുകൾ പഠിക്കാൻ 119-ാം സങ്കീർത്തനത്തെക്കുറിച്ചുള്ള്‌ ധ്യാനം നമ്മെ പ്രേരിപ്പിക്കണം. “നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ” എന്നു സങ്കീർത്തനക്കാരൻ ദൈവത്തോട്‌ കൂടെക്കൂടെ അഭ്യർഥിച്ചു. (സങ്കീർത്തനം 119:12, 68, 135) അവൻ ഇങ്ങനെയും അപേക്ഷിച്ചു: “നിന്റെ കല്‌പനകളെ ഞാൻ വിശ്വസിച്ചിരിക്കയാൽ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.” (സങ്കീർത്തനം 119:66) നമ്മുടെ പ്രാർഥനയും ഇതിനു സമാനമായിരിക്കണം.

24 ദിവ്യബോധനം യഹോവയുമായി ഒരു അടുത്ത ബന്ധം സാധ്യമാക്കുന്നു. ദൈവത്തോടുള്ള പ്രാർഥനയിൽ സങ്കീർത്തനക്കാരൻ പലപ്പോഴും അടിയൻ അഥവാ ദാസൻ എന്നാണ്‌ സ്വയം വിശേഷിപ്പിച്ചത്‌. പിൻവരുന്ന ഹൃദയസ്‌പർശിയായ വാക്കുകളിൽ അവൻ യഹോവയോടു പ്രാർഥിക്കുന്നു: “ഞാൻ നിനക്കുള്ളവനത്രെ.” (സങ്കീർത്തനം 119:17, 65, 94, 122, 125; റോമർ 14:8) യഹോവയുടെ സാക്ഷികളിൽ ഒരാളെന്ന നിലയിൽ യഹോവയെ സേവിക്കുകയും സ്‌തുതിക്കുകയും ചെയ്യുന്നത്‌ എത്ര മഹത്തായ ഒരു പദവിയാണ്‌! (സങ്കീർത്തനം 119:7) യഹോവയെ സന്തോഷപൂർവം സേവിക്കുന്ന ഒരു രാജ്യപ്രസാധകനാണോ നിങ്ങൾ? എങ്കിൽ, നിങ്ങൾ എല്ലായ്‌പോഴും അവന്റെ മൊഴികളിൽ ആശ്രയിക്കുകയും നിങ്ങളുടെ പാതയെ പ്രകാശിപ്പിക്കാൻ അതിനെ അനുവദിക്കുകയും ചെയ്യുന്നപക്ഷം ദൈവസേവനമാകുന്ന നിങ്ങളുടെ പദവിയുടെമേൽ യഹോവയുടെ സഹായവും അനുഗ്രഹവും തുടർന്നും ഉണ്ടായിരിക്കുമെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പുള്ളവരായിരിക്കാം.

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• ദൈവത്തിന്റെ മൊഴികളിൽ പ്രമോദിക്കേണ്ടത്‌ എന്തുകൊണ്ട്‌?

• ദൈവത്തിന്റെ മൊഴികൾ നമ്മെ പിന്തുണയ്‌ക്കുന്നത്‌ എങ്ങനെ?

• യഹോവയുടെ ഓർമിപ്പിക്കലുകൾ നമുക്ക്‌ സഹായമായിരിക്കുന്നത്‌ ഏതെല്ലാം വിധങ്ങളിൽ?

• യഹോവയുടെ ജനം സുരക്ഷിതത്വത്തിലും സമാധാനത്തിലും കഴിയുന്നത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[16-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ മൊഴികൾ ആത്മീയ പ്രകാശത്തിന്റെ ഒരു ഉറവാണ്‌

[17-ാം പേജിലെ ചിത്രം]

യഹോവയുടെ ഓർമിപ്പിക്കലുകളെ പ്രിയപ്പെടുന്നവരാണെങ്കിൽ അവന്റെ മുമ്പാകെ നാം “കിട്ട”മായിരിക്കില്ല

[18-ാം പേജിലെ ചിത്രങ്ങൾ]

ബൈബിൾ ദിവസവും വായിക്കുന്നപക്ഷം, പ്രാർഥനാവേളയിൽ സഹായകമായ ഭാഗങ്ങൾ പെട്ടെന്ന്‌ ഓർമയിലേക്കു വന്നേക്കാം