നിങ്ങൾ ഓർമിക്കുന്നുവോ?
നിങ്ങൾ ഓർമിക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്തകാലത്തെ ലക്കങ്ങളുടെ വായന നിങ്ങൾ ആസ്വദിച്ചോ? എങ്കിൽ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ നിങ്ങൾക്കാകുമോ എന്നു നോക്കുക:
• യേശുവിന്റെ ജനനം ആഘോഷിക്കാൻ ഡിസംബർ 25 എന്ന തീയതി തിരഞ്ഞെടുത്തതിന്റെ കാരണം എന്തായിരുന്നു?
യേശുവിന്റെ ജനനത്തീയതി ബൈബിൾ പറയുന്നില്ല. എൻസിക്ലോപേഡിയാ ഇസ്‌പാനിക്കാ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ഡിസംബർ 25-ന് ക്രിസ്‌തുമസ്സ് ആഘോഷിക്കുന്നത് ക്രിസ്‌തുവിന്റെ ജനനദിവസം സംബന്ധിച്ച കൃത്യമായ കാലഗണനയുടെ അടിസ്ഥാനത്തിലല്ല, മറിച്ച് റോമിൽ ആഘോഷിച്ചിരുന്ന മകര സംക്രാന്തി ആഘോഷങ്ങളുടെ ക്രൈസ്‌തവവത്‌കരണത്തിന്റെ ഫലമായാണ്.” സദ്യ ഒരുക്കുകയും തിന്നു കുടിച്ച് തിമിർക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്‌തുകൊണ്ടാണ് പുരാതന റോമാക്കാർ ഹേമന്ത സൂര്യന്റെ ഉദയം ആഘോഷിച്ചിരുന്നത്.—12/15, പേജ് 4-5.
• സ്‌തെഫാനൊസ് യേശുവിനോടു പ്രാർഥിച്ചെന്ന് പ്രവൃത്തികൾ 7:59 അർഥമാക്കുന്നുണ്ടോ?
ഇല്ല. പ്രാർഥിക്കേണ്ടത് യഹോവയാം ദൈവത്തോടു മാത്രമാണെന്ന് ബൈബിൾ പ്രകടമാക്കുന്നു. പുനരുത്ഥാനം പ്രാപിച്ച യേശുവിനെ ദർശനത്തിൽ കണ്ടപ്പോൾ അവനോട് “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളേണമേ” എന്നു നേരിട്ട് അഭ്യർഥിക്കാനുള്ള സ്വാതന്ത്ര്യം സ്‌തെഫാനൊസിനു തോന്നിയിരിക്കണം. മരിച്ചവരെ ഉയിർപ്പിക്കാനുള്ള അധികാരം യേശുവിനു നൽകപ്പെട്ടിരിക്കുന്നുവെന്ന കാര്യം സ്‌തെഫാനൊസിന് അറിയാമായിരുന്നു. (യോഹന്നാൻ 5:27-29) അതുകൊണ്ട് യേശു തന്നെ ഉയിർപ്പിക്കുന്നതുവരെ തന്റെ ആത്മാവിനെ അഥവാ ജീവശക്തിയെ കാത്തുകൊള്ളേണമേയെന്ന് അവൻ യേശുവിനോട് അഭ്യർഥിക്കുകയായിരുന്നു.—1/1, പേജ് 31.
• ഒരു വ്യക്തിയുടെ ഭാവി മുൻനിശ്ചയിക്കപ്പെട്ടിട്ടില്ലെന്ന് നമുക്ക് എങ്ങനെ അറിയാം?
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ദൈവം മനുഷ്യർക്കു നൽകിയിരിക്കുന്നതിനാൽ മുൻനിശ്ചയം എന്ന ആശയം അടിസ്ഥാനരഹിതമാണ്. നാം എന്തെല്ലാം ചെയ്യുമെന്ന് മുമ്പുതന്നെ നിശ്ചയിച്ചുവെച്ചിട്ട് പിന്നീട് നമ്മുടെ പ്രവർത്തനങ്ങൾക്കു കണക്കുചോദിക്കുന്നെങ്കിൽ, അത് യഹോവയാം ദൈവത്തിന്റെ പക്ഷത്തെ തികച്ചും സ്‌നേഹശൂന്യവും ന്യായരഹിതവും ആയ ഒരു നടപടി ആയിരിക്കും. (ആവർത്തനപുസ്‌തകം 32:4; 1 യോഹന്നാൻ 4:8)—1/15, പേജ് 5.
• അത്ഭുതങ്ങൾ സംഭവിക്കുകയില്ലെന്നു പറയുന്നത് താഴ്‌മയില്ലായ്‌മ ആയിരിക്കുന്നത് എന്തുകൊണ്ട്?
ദൈവത്തിന്റെ സൃഷ്ടിക്രിയകൾക്കു പിന്നിലുള്ള ശാസ്‌ത്രീയ അത്ഭുതങ്ങളെക്കുറിച്ച് തങ്ങൾക്കുള്ള അറിവ് അപൂർണമാണെന്നു തിരിച്ചറിഞ്ഞിട്ടുള്ള ചില ശാസ്‌ത്രജ്ഞന്മാർ, ഏതെങ്കിലും ഒരു സംഗതി സംഭവ്യമേ അല്ലെന്നു തീർത്തുപറയാൻ തങ്ങൾക്കാവില്ലെന്നു സമ്മതിക്കുന്നു. കൂടിപ്പോയാൽ, അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നു മാത്രമേ അവർക്കു പറയാൻ കഴിയൂ.—2/15, പേജ് 5, 6
• ഒരു ഫെലിസ്‌ത്യ സ്‌ത്രീയെ തനിക്കു ഭാര്യയായി എടുക്കണമെന്ന് ശിംശോൻ തന്റെ മാതാപിതാക്കളോടു പറഞ്ഞതെന്തുകൊണ്ട്? (ന്യായാധിപന്മാർ 14:2)
പുറജാതി ദൈവങ്ങളുടെ ആരാധകരിൽനിന്നു ഭാര്യയെ എടുക്കുന്നത് ന്യായപ്രമാണത്തിനു വിരുദ്ധമായിരുന്നു. (പുറപ്പാടു 34:11-16) എന്നിട്ടും, താൻ കണ്ടുമുട്ടിയ ഫെലിസ്‌ത്യ യുവതിയെ ശിംശോനു ശരിക്കും ‘ബോധിച്ചു.’ അവൻ “ഫെലിസ്‌ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു.” അതിന് അവളെ കരുവാക്കാൻ അവനു കഴിയുമായിരുന്നു. യഹോവ തന്റെ ആത്മാവിനാൽ ശിംശോനെ പിന്തുണച്ചിരുന്നു. (ന്യായാധിപന്മാർ 13:25; 14:3, 4, 6)—3/15, പേജ് 26.
• ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ സേവനത്തിനു പ്രത്യുപകാരമായി ഒരു ക്രിസ്‌ത്യാനി, പണമോ മറ്റെന്തെങ്കിലും പാരിതോഷികമോ കൊടുക്കേണ്ടതുണ്ടോ?
നിയമവിരുദ്ധമായി പ്രവർത്തിക്കാനോ നിയമം നടപ്പാക്കാതിരിക്കാനോ പ്രത്യേക പരിഗണന കിട്ടുന്നതിനോ വേണ്ടി വിലപ്പെട്ട എന്തെങ്കിലും കൈക്കൂലിയായി നൽകിക്കൊണ്ട് ഒരു അധികാരിയെ വശീകരിക്കുന്നതു തെറ്റാണ്. എന്നാൽ ചുമതല ഭംഗിയായി നിർവഹിക്കുന്നതിന്റെ പേരിൽ അല്ലെങ്കിൽ ഒരു സേവനം ലഭിക്കുന്നതിനോ മോശമായ പെരുമാറ്റം ഒഴിവാക്കുന്നതിനോ വേണ്ടി ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥനു പാരിതോഷികമോ പണമോ കൊടുക്കുന്നതു കൈക്കൂലിയല്ല.—4/1, പേജ് 29.