നിരാശയിലും പ്രത്യാശ ഒരു അഭയാർഥി ക്യാമ്പിലെ സമ്മേളനം
നിരാശയിലും പ്രത്യാശ ഒരു അഭയാർഥി ക്യാമ്പിലെ സമ്മേളനം
കെനിയയുടെ വടക്ക്, സുഡാൻ അതിർത്തിക്കു സമീപത്താണ് കാക്കൂമാ അഭയാർഥി ക്യാമ്പ് സ്ഥിതിചെയ്യുന്നത്. 86,000-ത്തിലധികം ആളുകൾ അവിടെ വസിക്കുന്നു. വരണ്ടുണങ്ങിയ ഈ പ്രദേശത്ത് പകൽ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാറുണ്ട്. അഭയാർഥികൾക്കിടയിലെ അക്രമം ഇവിടെ സർവസാധാരണമാണ്. ക്യാമ്പിലുള്ള അനേകരും നിരാശയുടെ പടുകുഴിയിൽ ജീവിതം തള്ളിനീക്കുന്നു. എന്നാൽ മറ്റുചിലർ പ്രത്യാശാനിർഭരരാണ്.
ദൈവരാജ്യത്തിന്റെ സുവാർത്ത തീക്ഷ്‌ണതയോടെ പ്രസംഗിക്കുന്ന അനേകം യഹോവയുടെ സാക്ഷികൾ അഭയാർഥികൾക്കിടയിൽ ഉണ്ട്. ക്യാമ്പിൽനിന്ന് 120 കിലോമീറ്റർ തെക്കുള്ള ലോഡ്വാറിലെ ഒരു ചെറിയ സഭയുടെ ഭാഗമാണ് അവർ. അടുത്തുള്ള മറ്റൊരു സഭയിൽ എത്താൻ എട്ടു മണിക്കൂർ വാഹനത്തിൽ സഞ്ചരിക്കേണ്ടതുണ്ട്.
ക്യാമ്പിൽനിന്നു പുറത്തുപോകാൻ സാധിക്കാത്തതിനാൽ, യഹോവയുടെ സാക്ഷികൾ നടത്തുന്ന സമ്മേളനങ്ങളിലും കൺവെൻഷനുകളിലും സംബന്ധിക്കുക എന്നത് അനേകം അഭയാർഥികൾക്കും ഒരു സ്വപ്‌നം മാത്രമാണ്. ഇക്കാരണത്താൽ, ക്യാമ്പിനുള്ളിൽ ഒരു പ്രത്യേക സമ്മേളന ദിനം നടത്താൻവേണ്ട ക്രമീകരണങ്ങൾ ചെയ്‌തു.
വടക്കോട്ടുള്ള യാത്ര
ക്യാമ്പിൽനിന്ന് 480 കിലോമീറ്റർ തെക്കുള്ള എൽഡൊറെറ്റ് എന്ന പട്ടണത്തിലുള്ള 15 സാക്ഷികൾ സമ്മേളനത്തെ പിന്തുണയ്‌ക്കാൻ ക്ലേശപൂർണമായ ഒരു യാത്ര നടത്താൻ സന്നദ്ധരായി. തന്റെ മിനിബസ്സിനോടൊപ്പം ഒരു ഡ്രൈവറെയും വിട്ടുതന്ന ഒരു ബൈബിൾ വിദ്യാർഥിയുമൊത്ത് അവർ വടക്കുള്ള ആ ഊഷരഭൂമിയിലേക്കു യാത്രതിരിച്ചു. തങ്ങളുടെ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു അവരുടെ ഹൃദയംഗമമായ ആഗ്രഹം.
കുളിരുള്ള ഒരു പുലർകാലത്ത്, പശ്ചിമ കെനിയയുടെ മലമ്പ്രദേശത്തുനിന്ന് അവർ യാത്ര ആരംഭിച്ചു. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ കൃഷിയിടങ്ങളും വനങ്ങളും താണ്ടിയുള്ള കയറ്റമായിരുന്നു ആദ്യം. തുടർന്ന് കുറ്റിച്ചെടികൾ നിറഞ്ഞ, ചുട്ടുപൊള്ളുന്ന മരുപ്രദേശത്തേക്കുള്ള ഇറക്കം. വാസയോഗ്യമല്ലാത്ത ആ പ്രദേശങ്ങളിലെങ്ങും ആട്ടിൻപറ്റങ്ങളും ഒട്ടകക്കൂട്ടങ്ങളും മേഞ്ഞുനടപ്പുണ്ടായിരുന്നു. പരമ്പരാഗത വസ്‌ത്രങ്ങൾ ധരിച്ച ഗോത്രമനുഷ്യരെയും അവർ അടുത്തുകണ്ടു. പലരുടെയും കൈവശം അമ്പും വില്ലും കുന്തവും ഉണ്ടായിരുന്നു. 11 മണിക്കൂർ നീണ്ട യാത്രയ്‌ക്കൊടുവിൽ സാക്ഷികൾ ലോഡ്വാറിൽ എത്തിച്ചേർന്നു. പൊടിപടലങ്ങൾ നിറഞ്ഞ ആ ഉഷ്‌ണപ്രദേശത്ത് ഏകദേശം 20,000 ആളുകൾ പാർക്കുന്നു. തദ്ദേശ സഹോദരങ്ങൾ അവർക്ക് ഊഷ്‌മളമായ ആതിഥ്യമരുളി. വാരാന്തത്തിലെ തിരക്കുപിടിച്ച പ്രവർത്തനങ്ങളിൽ ഉന്മേഷത്തോടെ ഏർപ്പെടേണ്ടതിന് അവർ വിശ്രമിക്കാൻ കിടന്നു.
പിറ്റേന്നു രാവിലെ, അവിടെയുള്ള ചില പ്രകൃതിദൃശ്യങ്ങൾ കാണാൻ അവർ പുറപ്പെട്ടു. കെനിയയിലെ ഏറ്റവും വലിയ തടാകമായ ടർക്കാന, സന്ദർശകർ കണ്ടിരിക്കേണ്ട ഒരു ദൃശ്യമാണ്. ആയിരക്കണക്കിനു ചതുരശ്ര കിലോമീറ്റർ വിസ്‌തൃതമായ, കുറ്റിച്ചെടികൾ നിറഞ്ഞ മരുപ്രദേശത്താൽ
ചുറ്റപ്പെട്ട ഈ തടാകത്തിലാണ് ലോകത്തിലേക്കും ഏറ്റവും കൂടുതൽ മുതലകൾ ഉള്ളത്. തടാകക്കരയിൽ വസിക്കുന്ന ഏതാനുംവരുന്ന ആളുകളുടെ നിലനിൽപ്പ് ഇതിലെ ക്ഷാരസ്വഭാവമുള്ള ജലത്തെ ആശ്രയിച്ചിരിക്കുന്നു. അന്നു വൈകുന്നേരം പ്രാദേശിക സഭയിൽ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിലും സേവനയോഗത്തിലും സംബന്ധിക്കാൻ കഴിഞ്ഞതിൽ സന്ദർശകർ സന്തോഷിച്ചു. വളരെ മനോഹരമായ ഒരു രാജ്യഹാൾ ആയിരുന്നു അവരുടേത്. സാമ്പത്തികശേഷി കുറഞ്ഞ ദേശങ്ങൾക്കുവേണ്ടിയുള്ള, സാക്ഷികളുടെ നിർമാണ പദ്ധതിയിലൂടെ 2003-ലാണ് അതു പണിതത്.പ്രത്യേക സമ്മേളന ദിനം
ഞായറാഴ്‌ച ആയിരുന്നു പ്രത്യേക സമ്മേളന ദിനം നിശ്ചയിച്ചിരുന്നത്. രാവിലെ 8 മണിയോടെ ക്യാമ്പിനുള്ളിൽ പ്രവേശിക്കാൻ ലോഡ്വാർ സഭയ്‌ക്കും സന്ദർശകരായ സാക്ഷികൾക്കും അനുവാദം ലഭിച്ചിരുന്നു. കഴിയുന്നത്ര നേരത്തേതന്നെ പുറപ്പെടാൻ സാക്ഷികൾ വെമ്പൽകൊണ്ടു. വരണ്ടുണങ്ങിയ ആ ഭൂപ്രദേശത്തെ വളഞ്ഞുപുളഞ്ഞ റോഡിലൂടെ സുഡാൻ അതിർത്തിയിലേക്ക് അവർ യാത്ര തുടർന്നു. ഇരുവശത്തും കിഴുക്കാംതൂക്കായ പർവതങ്ങൾ. കാക്കൂമാ ഗ്രാമത്തിൽ എത്തിയപ്പോൾ കൂടുതൽ വിസ്‌തൃതമായ പ്രദേശങ്ങൾ കാഴ്‌ചയ്‌ക്കു വിരുന്നൊരുക്കി. മഴ നിമിത്തം ക്യാമ്പിലേക്കുള്ള ചെളിനിറഞ്ഞ റോഡുകൾ പലയിടത്തും വെള്ളത്തിനടിയിലായി. മിക്ക വീടുകളും ഇഷ്ടികകൊണ്ടു നിർമിച്ചവയും കനം കുറഞ്ഞ ലോഹത്തകിടോ ടാർപോളിനോ കൊണ്ടു മേഞ്ഞവയും ആയിരുന്നു. എത്യോപ്യക്കാരും സൊമാലിയക്കാരും സുഡാൻകാരും മറ്റുള്ളവരും വെവ്വേറെ കൂട്ടങ്ങളായി പാർക്കുന്നു. അഭയാർഥികൾ ആഗതരെ അത്യുത്സാഹത്തോടെ സ്വാഗതം ചെയ്‌തു.
സമ്മേളനം നടന്നത് ഒരു പരിശീലന കേന്ദ്രത്തിലാണ്. അതിന്റെ ഭിത്തികളിൽ നിറയെ, അഭയാർഥി ജീവിതത്തിന്റെ കൊടുംഭീകരതകൾ വരച്ചുകാട്ടുന്ന ചിത്രങ്ങൾ ആയിരുന്നു. എന്നാൽ അന്നേ ദിവസം ആ ഹാളിൽ
പ്രത്യാശയുടെ അന്തരീക്ഷം നിറഞ്ഞുനിന്നു. എല്ലാ പ്രസംഗങ്ങളും ഇംഗ്ലീഷിലും സ്വാഹിലിയിലും നൽകപ്പെട്ടു. രണ്ടു ഭാഷകളും വശമുള്ള ചില പ്രസംഗകർ പ്രസംഗത്തിന്റെ പരിഭാഷയും സ്വന്തമായിത്തന്നെ നിർവഹിച്ചു. സുഡാൻകാരനായ ഒരു അഭയാർഥിസഹോദരൻ, “നമ്മുടെ ആലങ്കാരിക ഹൃദയം പരിശോധിക്കൽ” എന്ന പ്രാരംഭ പ്രസംഗം നടത്തി. സന്ദർശകരായ മൂപ്പന്മാർ മറ്റു ഭാഗങ്ങൾ അവതരിപ്പിച്ചു.എല്ലാ സമ്മേളനങ്ങളുടെയും ഒരു സവിശേഷതയാണ് സ്‌നാപനം. സ്‌നാപനപ്രസംഗത്തിന്റെ ഒടുവിൽ എഴുന്നേറ്റുനിന്ന ഷിൽബെർ എന്ന ഏക സ്‌നാപനാർഥിയുടെമേൽ എല്ലാവരുടെയും ദൃഷ്ടികൾ പതിഞ്ഞു. 1994-ൽ നടന്ന വംശഹത്യയുടെ സമയത്ത് സ്വദേശത്തുനിന്നു പിതാവിനോടൊപ്പം ഓടിപ്പോന്നതായിരുന്നു അദ്ദേഹം. തങ്ങൾ ബുറുണ്ടിയിൽ സുരക്ഷിതരായിരിക്കുമെന്ന് അവർ കരുതിയെങ്കിലും അവിടെയും അപകടം പതിയിരിപ്പുണ്ടെന്നു പെട്ടെന്നുതന്നെ അവർ തിരിച്ചറിഞ്ഞു. സയറിലേക്കും അവിടെനിന്നു ടാൻസാനിയയിലേക്കും അവസാനമായി കെനിയയിലേക്കും ഷിൽബെർ പലായനം ചെയ്‌തു. മാർഗമധ്യേ, ചിലപ്പോഴൊക്കെ അദ്ദേഹത്തിനു വനങ്ങളിൽ ഒളിച്ചുകഴിയേണ്ടിവന്നു. സഭയിലെ ഒരു സഹോദരനായി പ്രസംഗകൻ അദ്ദേഹത്തെ സ്വാഗതം ചെയ്‌തപ്പോൾ അനേകരുടെയും കണ്ണുകൾ ഈറനണിഞ്ഞു. പ്രസംഗകന്റെ രണ്ടു ചോദ്യങ്ങൾക്കും, 95 പേർ അടങ്ങിയ ആ ചെറിയ സദസ്സിനുമുമ്പാകെ നിന്നുകൊണ്ട് സ്വാഹിലിയിൽ “ൻഡൈയോ!”—“ഉവ്വ്” എന്നർഥം—എന്നു വ്യക്തമായും ബോധ്യത്തോടെയും അദ്ദേഹം ഉത്തരം നൽകി. അദ്ദേഹവും മറ്റു ചില സഹോദരന്മാരും ചേർന്ന് ഒരു കുഴി ഉണ്ടാക്കുകയും, മുമ്പു ക്യാമ്പിലെ അദ്ദേഹത്തിന്റെ പാർപ്പിടം മേഞ്ഞിരുന്ന ടാർപോളിൻകൊണ്ട് അതിന്റെ ഉൾഭാഗം പൊതിയുകയും ചെയ്‌തിരുന്നു. സ്‌നാപനമേൽക്കാനുള്ള ഉത്സാഹത്തിൽ ആ ദിവസം രാവിലെ അദ്ദേഹം തന്നെ സ്വന്തമായി ബക്കറ്റിൽ വെള്ളം കൊണ്ടുവന്ന് ആ കുഴി നിറച്ചിരുന്നു!
സാക്ഷികളായ അഭയാർഥികൾ അഭിമുഖീകരിക്കുന്ന അനുപമ സാഹചര്യത്തെക്കുറിച്ചുള്ള അനുഭവങ്ങളുടെ അവതരണം, ഉച്ചകഴിഞ്ഞുള്ള പരിപാടികളുടെ സവിശേഷതകളിൽ ഒന്നായിരുന്നു. മരച്ചുവട്ടിൽ ഇരിക്കുകയായിരുന്ന ഒരു വ്യക്തിയെ താൻ എങ്ങനെയാണു സമീപിച്ചതെന്ന് ഒരു സഹോദരൻ വിശദീകരിച്ചു.
“ഇതുപോലെ ഒരു മരത്തിന്റെ കീഴിൽ എല്ലായ്‌പോഴും സുരക്ഷിതമായി ഇരിക്കാൻ കഴിയുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?”
“ഉവ്വ്,” ആ മനുഷ്യൻ പറഞ്ഞു. “പക്ഷേ, രാത്രിയിൽ അതു സാധ്യമല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
മീഖാ 4:3, 4-ലെ പിൻവരുന്ന വാക്കുകൾ സഹോദരൻ അദ്ദേഹത്തെ വായിച്ചുകേൾപ്പിച്ചു: “അവർ ഓരോരുത്തൻ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാർക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.” എന്നിട്ട് ഇങ്ങനെ വിശദീകരിച്ചു: “കണ്ടോ, ദൈവത്തിന്റെ പുതിയ ലോകത്തിൽ, ഏതു സമയത്തും നാം സുരക്ഷിതരായിരിക്കും.” അതേത്തുടർന്ന് ആ വ്യക്തി ഒരു ബൈബിൾ പഠനസഹായി സ്വീകരിച്ചു.
മൂന്ന് ഉറ്റ കുടുംബാംഗങ്ങൾ ആയിടെ മരണമടഞ്ഞതിന്റെ ദുഃഖവും പേറിക്കൊണ്ടായിരുന്നു ഒരു സഹോദരി കാക്കൂമായിലേക്കു വന്നത്. ക്യാമ്പിലെ സഹോദരങ്ങളെ അനുമോദിച്ചുകൊണ്ട് സഹോദരി ഇങ്ങനെ പറഞ്ഞു: “എത്ര കഷ്ടമാണ് ഇവിടത്തെ ജീവിതം! എന്നിട്ടും അവർ ശക്തമായ വിശ്വാസം കാത്തുസൂക്ഷിച്ചിരിക്കുന്നു. സന്തോഷരഹിതമായ ഒരു സ്ഥലത്ത് ജീവിക്കുന്നെങ്കിലും അവർ സന്തോഷത്തോടെ യഹോവയെ സേവിക്കുന്നു. ദൈവവുമായി അവർ സമാധാനപൂർണമായ ഒരു ബന്ധം ആസ്വദിക്കുന്നു. സമാധാനം കൈവിടാതെ യഹോവയെ സേവിക്കാൻ എനിക്കു പ്രോത്സാഹനം ലഭിച്ചു. ആവലാതിപ്പെടാൻ എനിക്ക് ഒന്നുമില്ല!”
സമ്മേളന ദിനം പെട്ടെന്ന് അവസാനിച്ചു. എട്ടു രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ അവിടെ സന്നിഹിതർ ആയിരുന്നെന്ന് സമാപനപ്രസംഗത്തിൽ പ്രസംഗകൻ ചൂണ്ടിക്കാട്ടി. ഈ വിഭജിത ലോകത്തിൽ യഹോവയുടെ സാക്ഷികൾക്കിടയിലുള്ള ഐക്യത്തിന്റെയും സ്‌നേഹത്തിന്റെയും തെളിവായിരുന്നു ആ സമ്മേളനം എന്ന് അഭയാർഥികളായ സാക്ഷികളിൽ ഒരാൾ വിലയിരുത്തുകയുണ്ടായി. സത്യമായും ഈ ക്രിസ്‌ത്യാനികൾ ഒറ്റ സഹോദരവർഗമാണ്.—യോഹന്നാൻ 13:35.
[25-ാം പേജിലെ ചതുരം/ചിത്രം]
സുഡാനിലെ കാണാതെപോയ കുട്ടികൾ
1983-ൽ സുഡാനിൽ ആരംഭിച്ച ആഭ്യന്തര യുദ്ധത്തെത്തുടർന്ന് 50 ലക്ഷം ആളുകൾ ഭവനരഹിതർ ആയിത്തീർന്നു. സ്വന്തം കുടുംബത്തിൽനിന്നു വേർപെട്ടുപോയ ഏകദേശം 26,000 കുട്ടികൾ അക്കൂട്ടത്തിൽപ്പെടുന്നു. അവരിൽ ആയിരക്കണക്കിനു കുട്ടികൾ എത്യോപ്യയിലുള്ള അഭയാർഥി ക്യാമ്പുകളിലേക്ക് ഓടിപ്പോകുകയും മൂന്നു വർഷത്തോളം അവിടെ കഴിയുകയും ചെയ്‌തു. അവിടെനിന്നും പുറപ്പെട്ടുപോകാൻ നിർബന്ധിതരാക്കപ്പെട്ട ആ കുട്ടികൾ തിരിച്ചു സുഡാൻ വഴിയായി വടക്കൻ കെനിയയിലേക്ക് ഒരു വർഷംനീണ്ട കാൽനടയാത്ര നടത്തി. യാത്രാമധ്യേ അവർ പട്ടാളക്കാരുടെയും പിടിച്ചുപറിക്കാരുടെയും രോഗങ്ങളുടെയും വന്യമൃഗങ്ങളുടെയും ആക്രമണങ്ങൾക്കു വിധേയരായി. കുട്ടികളിൽ പകുതി പേർ മാത്രമേ ദുരിതപൂർണമായ ആ യാത്രയെ അതിജീവിച്ചുള്ളൂ. ഇവരാണ് കാലക്രമത്തിൽ കാക്കൂമാ ക്യാമ്പിന്റെ കേന്ദ്രബിന്ദു ആയിത്തീർന്നത്. ‘സുഡാനിലെ കാണാതെപോയ കുട്ടികൾ’ എന്നാണ് ദുരിതാശ്വാസ ഏജൻസികൾ അവരെ വിളിക്കുന്നത്.
സുഡാൻ, സൊമാലിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അഭയാർഥികൾക്കുള്ള ഒരു ബഹുരാഷ്‌ട്ര താവളമാണ് ഇന്നു കാക്കൂമാ ക്യാമ്പ്. അവിടെ എത്തുന്ന ഒരു അഭയാർഥിക്ക് വീടു നിർമിക്കാൻ ആവശ്യമായ ചില അടിസ്ഥാന സാമഗ്രികളും മേൽക്കൂര കെട്ടാനായി ഒരു ടാർപോളിനും നൽകുന്നു. മാസത്തിൽ രണ്ടു പ്രാവശ്യം ഓരോ അഭയാർഥിക്കും ഏകദേശം ആറു കിലോ മാവും ഒരു കിലോ പയറും കുറച്ച് എണ്ണയും ഉപ്പും വിതരണം ചെയ്യുന്നു. പല അഭയാർഥികളും മറ്റ് അവശ്യ വസ്‌തുക്കൾ കരസ്ഥമാക്കാൻ തങ്ങൾക്കു ലഭിക്കുന്ന ദുരിതാശ്വാസം കൈമാറ്റം ചെയ്യുന്നു.
കാണാതെപോയ ഈ കുട്ടികളിൽ ചിലർ തങ്ങളുടെ കുടുംബങ്ങളോടു ചേരുകയോ മറ്റു രാജ്യങ്ങളിൽ താമസമാക്കുകയോ ചെയ്‌തിരിക്കുന്നു. എന്നാൽ അഭയാർഥി പുനരധിവാസ ഓഫീസിന്റെ കണക്കനുസരിച്ച്, “അനേകായിരങ്ങൾ കാക്കൂമായിലെ, പൊടിയും ഈച്ചകളും നിറഞ്ഞ അഭയാർഥി ക്യാമ്പിൽത്തന്നെ തുടരുന്നു. അവിടെ അവർ ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും ആയി കഷ്ടപ്പെടുകയാണ്.”
[കടപ്പാട്]
Courtesy Refugees International
[23-ാം പേജിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
കെനിയ
കാക്കൂമാ ക്യാമ്പ്
ടർക്കാന തടാകം
ലോഡ്വാർ
എൽഡൊറെറ്റ്
നയ്‌റോബി
[23-ാം പേജിലെ ചിത്രം]
ക്യാമ്പിനുള്ളിലെ ജീവിതം വെല്ലുവിളി നിറഞ്ഞതാണ്
[23-ാം പേജിലെ ചിത്രം]
കാക്കൂമാ ക്യാമ്പിൽ വെള്ളം ലഭിക്കുന്നത് റേഷൻ അടിസ്ഥാനത്തിലാണ്
[23-ാം പേജിലെ ചിത്രം]
വടക്കുള്ള തങ്ങളുടെ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാൻ കെനിയയിലെ സാക്ഷികൾ ക്ലേശപൂർണമായ ഒരു യാത്ര നടത്തുന്നു
[24-ാം പേജിലെ ചിത്രം]
ഒരു മിഷനറി, സ്ഥലത്തെ ഒരു പ്രത്യേക പയനിയർ നടത്തുന്ന പ്രസംഗം പരിഭാഷപ്പെടുത്തുന്നു
[24-ാം പേജിലെ ചിത്രം]
സ്‌നാപനക്കുളം
[23-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
കാക്കൂമാ അഭയാർഥി ക്യാമ്പ്; വെള്ളം റേഷൻ അടിസ്ഥാനത്തിൽ നൽകുന്നു: Courtesy Refugees International