വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിജ്ഞാനം സമ്പാദിക്കൽ—ഇന്നും എന്നും

പരിജ്ഞാനം സമ്പാദിക്കൽ—ഇന്നും എന്നും

പരിജ്ഞാനം സമ്പാദിക്കൽ—ഇന്നും എന്നും

ജർമൻ ഡോക്ടറായ ഉൾറിഹ്‌ ഷ്‌ട്രൂൺസ്‌ നിത്യ യൗവനം എന്ന പേരിൽ, പുസ്‌തകങ്ങളുടെ ഒരു പരമ്പരതന്നെ എഴുതുകയുണ്ടായി. വ്യായാമം, പോഷകാഹാരം, സുരക്ഷിതമായ ജീവിതശൈലി എന്നിവ നല്ല ആരോഗ്യത്തിനു സംഭാവന ചെയ്യുമെന്നും സാധ്യതയനുസരിച്ച്‌ ദീർഘായുസ്സിലേക്കു നയിക്കുമെന്നും അവയിൽ അദ്ദേഹം വാദിക്കുന്നു. എന്നാൽ തന്റെ നിർദേശങ്ങൾ പിൻപറ്റുന്നതിലൂടെ വായനക്കാർക്ക്‌ അക്ഷരാർഥത്തിൽ നിത്യമായി ജീവിക്കാൻ കഴിയുമെന്ന്‌ അദ്ദേഹം വാഗ്‌ദാനം ചെയ്യുന്നില്ല.

എന്നിരുന്നാലും, എന്നേക്കുമുള്ള ജീവിതം ഉറപ്പായും വാഗ്‌ദാനം ചെയ്യുന്ന ഒരു പരിജ്ഞാനം ഉണ്ട്‌. എന്നേക്കും ജീവിച്ചിരിക്കാൻ നിങ്ങൾക്കു കഴിഞ്ഞാൽ പ്രയോജനപ്രദമായ പരിജ്ഞാനം എക്കാലവും നേടാനും നിങ്ങൾക്കു സാധിക്കും. ദൈവത്തോടുള്ള പ്രാർഥനയിൽ യേശു ഇങ്ങനെ പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും കുറിച്ചുള്ള പരിജ്ഞാനം അവർ ഉൾക്കൊള്ളുന്നതിന്റെ അർഥം നിത്യജീവൻ എന്നാണ്‌.” (യോഹന്നാൻ 17:​3, NW) ആദ്യംതന്നെ, “നിത്യജീവൻ” എന്ന പദത്തെ നമുക്കു നിർവചിക്കാം. തുടർന്ന്‌ വിശിഷ്ടമായ ഈ പരിജ്ഞാനത്തെ തിരിച്ചറിയുകയും അതെങ്ങനെ ആർജിക്കാൻ കഴിയുമെന്നു പരിശോധിക്കുകയും ചെയ്യാം.

സ്രഷ്ടാവ്‌ പെട്ടെന്നുതന്നെ ഈ ഭൂമിയെ, ദീർഘമായ ജീവിതത്തിനു യോജിച്ച ഒരു അക്ഷരീയ പറുദീസ ആക്കി മാറ്റും എന്നു ബൈബിൾ പറയുന്നു. ആ പറുദീസ കൊണ്ടുവരുന്നതിൽ, നോഹയുടെ നാളിലെ ജലപ്രളയം പോലുള്ള ശക്തമായ നടപടി ഉൾപ്പെട്ടിരിക്കുന്നു. യേശു നമ്മുടെ നാളുകളെ “നോഹയുടെ കാല”ത്തോടു താരതമ്യം ചെയ്‌തുവെന്ന്‌ മത്തായി 24-ാം അധ്യായത്തിന്റെ 37 മുതൽ 39 വരെയുള്ള വാക്യങ്ങൾ പ്രകടമാക്കുന്നു. അന്നു ജീവിച്ചിരുന്നവർ തങ്ങളുടെ നിർണായക സാഹചര്യത്തിനു “യാതൊരു ശ്രദ്ധയും നൽകിയില്ല” (NW). നോഹ പ്രസംഗിച്ച സന്ദേശത്തിന്‌ അവർ ചെവികൊടുത്തതുമില്ല. അങ്ങനെ, “നോഹ പെട്ടകത്തിൽ കയറിയ നാൾ” വന്നെത്തുകയും ആ പരിജ്ഞാനത്തെ തള്ളിക്കളഞ്ഞവർ ജലപ്രളയത്തിൽ മുങ്ങിനശിക്കുകയും ചെയ്‌തു. എന്നാൽ നോഹയും അവനോടൊപ്പം പെട്ടകത്തിൽ ഉണ്ടായിരുന്നവരും അതിജീവിച്ചു.

സമാനമായ ഒരു “നാൾ” നമ്മുടെ കാലത്ത്‌ സമീപിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ യേശു സൂചിപ്പിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട പരിജ്ഞാനത്തിനു ചെവികൊടുക്കുന്നവർക്ക്‌ ആ വിനാശത്തെ അതിജീവിക്കാനും തുടർന്ന്‌ നിത്യമായ ജീവിതം ആസ്വദിക്കാനും കഴിയും. കൂടാതെ, മരിച്ചുപോയിട്ടുള്ളവരിൽ ദൈവത്തിന്റെ ഓർമയിലുള്ളവർ പിന്നീടൊരിക്കലും മരിക്കാതെ ജീവിച്ചിരിക്കാൻ കഴിയുമെന്ന പ്രത്യാശയോടെ ജീവനിലേക്കു മടങ്ങിവരും. (യോഹന്നാൻ 5:28, 29) ഈ രണ്ടു സംഗതികളും യേശു വെളിപ്പെടുത്തിയത്‌ എങ്ങനെയെന്നു ശ്രദ്ധിക്കുക. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു മാർത്തയോടു സംസാരിക്കവേ അവൻ ഇങ്ങനെ പറഞ്ഞു: “എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും. ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ഒരുനാളും മരിക്കയില്ല.” ആ “നാൾ” വളരെ അടുത്തെത്തിയിരിക്കുന്നെന്ന്‌ എല്ലാ തെളിവുകളും പ്രകടമാക്കുന്നു. അതിന്റെ അർഥം, നിങ്ങൾ ‘ഒരിക്കലും മരിക്കാതിരുന്നേക്കാം’ എന്നാണ്‌.​—⁠യോഹന്നാൻ 11:25-27.

തുടർന്ന്‌, “ഇതു നീ വിശ്വസിക്കുന്നുവോ” എന്ന്‌ യേശു മറിയയോടു ചോദിച്ചു. “ഉവ്വു, കർത്താവേ” എന്നായിരുന്നു അവളുടെ പ്രതികരണം. അതേ ചോദ്യം ഇന്ന്‌ യേശു നിങ്ങളോടു ചോദിക്കുകയാണെങ്കിൽ നിങ്ങളുടെ മറുപടി എന്തായിരിക്കും? ഒരിക്കലും മരിക്കാതെ ജീവിക്കാം എന്ന ആശയം വിശ്വസിക്കുന്നത്‌ പ്രയാസമാണെന്നു നിങ്ങൾക്കു തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ പ്രതികരണം അതായിരുന്നാൽപ്പോലും, അപ്രകാരം വിശ്വസിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു നിങ്ങൾ ആഗ്രഹിക്കും എന്നതിനു സംശയമില്ല. നിങ്ങൾ “ഒരുനാളും മരിക്കയില്ല” എങ്കിൽ നിങ്ങൾക്ക്‌ എന്തുമാത്രം കാര്യങ്ങൾ പഠിക്കാൻ കഴിയും എന്നതിനെക്കുറിച്ചു ചിന്തിച്ചുനോക്കൂ! നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്നതും എന്നാൽ സമയ പരിമിതി നിമിത്തം പഠിക്കാനോ പ്രവർത്തിക്കാനോ കഴിയാത്തതും ആയ സകല സംഗതികളും നിങ്ങൾ ആസ്വദിക്കുന്നതായി ഒന്നു സങ്കൽപ്പിക്കൂ. മരിച്ചുപോയ പ്രിയപ്പെട്ടവരുമൊത്ത്‌ വീണ്ടും ജീവിക്കുന്നതിനെക്കുറിച്ച്‌ ഓർത്തുനോക്കൂ! ഇതെല്ലാം നിങ്ങൾക്കു സാധ്യമാക്കിയേക്കാവുന്ന ആ പരിജ്ഞാനം എന്താണ്‌? നിങ്ങൾക്ക്‌ അതെങ്ങനെ നേടാൻ കഴിയും?

ജീവദായക പരിജ്ഞാനം സമ്പാദിക്കൽ —നമ്മുടെ പ്രാപ്‌തിക്കധീനം

ദൈവത്തെയും ക്രിസ്‌തുവിനെയും കുറിച്ചുള്ള പരിജ്ഞാനം സമ്പാദിക്കുന്നത്‌ നമ്മുടെ പ്രാപ്‌തിക്കതീതം ആണോ? അല്ല. സ്രഷ്ടാവിന്റെ കരവേലകൾ സംബന്ധിച്ചുള്ള പരിജ്ഞാനം അനന്തമാണെന്നതു സത്യംതന്നെ. എന്നാൽ, ‘പരിജ്ഞാനത്തെയും’ ‘നിത്യജീവനെയും’ ബന്ധപ്പെടുത്തി സംസാരിച്ചപ്പോൾ യേശു ജ്യോതിശ്ശാസ്‌ത്രത്തെയോ മറ്റേതെങ്കിലും ശാസ്‌ത്രവിഭാഗത്തെയോ പരാമർശിക്കുകയായിരുന്നില്ല. “ദൈവപരിജ്ഞാന”ത്തിന്‌ ആധാരമായിരിക്കുന്നത്‌, ബൈബിളിൽ കാണപ്പെടുന്ന ‘വചനങ്ങളും കൽപ്പനകളും’ ആണെന്ന്‌ സദൃശവാക്യങ്ങൾ 2-ാം അധ്യായത്തിന്റെ 2, 5 വാക്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. യേശുവിനോടുള്ള ബന്ധത്തിൽ ചിന്തിച്ചാൽ, എഴുതപ്പെട്ടിട്ടുള്ള കാര്യങ്ങൾ നമുക്കു ‘ജീവൻ ഉണ്ടാകേണ്ടതിനു’ പര്യാപ്‌തമാണെന്ന്‌ യോഹന്നാൻ 20:30, 31 വെളിപ്പെടുത്തുന്നു.

അതിനാൽ, യഹോവയെയും യേശുക്രിസ്‌തുവിനെയും കുറിച്ചു ബൈബിളിൽ ലഭ്യമായിട്ടുള്ള പരിജ്ഞാനം, നിത്യജീവൻ നേടുന്നതിന്‌ നിങ്ങളെ പ്രാപ്‌തരാക്കാൻ പോന്നതാണ്‌. അനുപമമായ ഒരു ഗ്രന്ഥമാണ്‌ ബൈബിൾ. വിദ്യാഭ്യാസം നേടാൻ അവസരം ലഭിച്ചിട്ടില്ലാത്ത പഠിപ്പില്ലാത്ത വ്യക്തികൾക്കുപോലും ഈ പരിജ്ഞാനം ഉൾക്കൊള്ളാൻ കഴിയുംവിധം അത്‌ എഴുതാൻ സ്രഷ്ടാവ്‌ ദയാപുരസ്സരം മനുഷ്യരെ നിശ്വസ്‌തരാക്കി. അതുപോലെതന്നെ, ധാരാളം സമയവും സൗകര്യങ്ങളും ഒക്കെയുള്ള, ബുദ്ധികൂർമയുള്ളവർക്ക്‌ നിശ്വസ്‌ത തിരുവെഴുത്തുകളിൽനിന്ന്‌ എല്ലായ്‌പോഴും പുതിയ പുതിയ കാര്യങ്ങൾ പഠിക്കാൻ ഉണ്ടായിരിക്കും. ഈ ലേഖനം വായിക്കാൻ നിങ്ങൾക്കു കഴിയുന്നുണ്ട്‌ എന്നതുതന്നെ, പഠിക്കാൻ നിങ്ങൾ പ്രാപ്‌തരാണെന്നതിനു തെളിവാണ്‌. എന്നാൽ എങ്ങനെയാണ്‌ നിങ്ങൾ ആ പ്രാപ്‌തി ഉപയോഗിക്കേണ്ടത്‌?

ഈ പരിജ്ഞാനം സമ്പാദിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം, ബൈബിളിലെ വിവരങ്ങൾ നന്നായി ഗ്രഹിച്ചിട്ടുള്ള ഒരാളുമൊത്തുള്ള വ്യക്തിപരമായ ബൈബിളധ്യയനം ആണെന്ന്‌ ഭൂഗോളത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള ആളുകളുടെ അനുഭവം തെളിയിക്കുന്നു. തന്റെ കാലത്തു ജീവിച്ചിരുന്നവർക്കു പരിജ്ഞാനം പകർന്നുകൊടുക്കാൻ നോഹ ശ്രമം ചെയ്‌തതുപോലെ, നിങ്ങളുമൊത്ത്‌ ബൈബിളിന്റെ ഒരു ചർച്ച നടത്താൻ നിങ്ങളുടെ വീട്ടിൽ വരുന്നതിന്‌ യഹോവയുടെ സാക്ഷികൾ മനസ്സുള്ളവരാണ്‌. സാധാരണമായി, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യപ്പെടുന്നു? എന്ന ലഘുപത്രികയോ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന ഉചിതമായ പേരിലുള്ള ഒരു ചെറിയ പുസ്‌തകമോ അവർ അതിനായി ഉപയോഗിക്കുന്നു. * വിശ്വസ്‌തരായവർക്ക്‌ ഒരു ഭൗമിക പറുദീസയിൽ ജീവിക്കാനും ‘ഒരിക്കലും മരിക്കാതിരിക്കാനും’ കഴിയുമെന്നുള്ള ആശയം വിശ്വസിക്കാൻ പ്രയാസമാണെങ്കിൽപ്പോലും, ആ വാഗ്‌ദാനത്തിൽ വിശ്വാസം അർപ്പിക്കാൻ പഠിക്കുന്നതിന്‌ ഈ ബൈബിൾ ചർച്ചകൾ നിങ്ങളെ സഹായിക്കും. അതുകൊണ്ട്‌, എന്നേക്കും ജീവിക്കാനോ എന്നേക്കും ജീവിക്കാൻ കഴിയുമെന്ന കാര്യം വിശ്വസിക്കുന്നതു ന്യായയുക്തമാണോ എന്നു പരിശോധിക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? ബൈബിൾ പഠിക്കാനുള്ള ഈ അവസരം പ്രയോജനപ്പെടുത്തുക.

ഈ വിധത്തിൽ ബൈബിൾ പഠിക്കാൻ എത്ര കാലം വേണ്ടിവരും? ഇപ്പോൾ സൂചിപ്പിച്ച, 32 പേജുള്ളതും നൂറുകണക്കിനു ഭാഷകളിൽ ലഭ്യവും ആയ ലഘുപത്രികയിൽ ഹ്രസ്വമായ 16 പാഠങ്ങളാണുള്ളത്‌. ഇനി, ആഴ്‌ചയിൽ ഏകദേശം ഒരു മണിക്കൂർ സമയം നീക്കിവെക്കാൻ നിങ്ങൾക്കു സാധിക്കുമെങ്കിൽ, നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്‌തകത്തിന്റെ സഹായത്താൽ ഏതാനും മാസങ്ങൾകൊണ്ട്‌ സുപ്രധാനമായ ബൈബിൾ വിഷയങ്ങൾ പഠിക്കാൻ നിങ്ങൾക്കു കഴിയും. വളരെയധികം പരിജ്ഞാനം ആർജിക്കാനും ദൈവത്തോട്‌ ആഴമായ സ്‌നേഹം വളർത്തിയെടുക്കാനും ഈ പ്രസിദ്ധീകരണങ്ങൾ അനേകരെയും സഹായിച്ചിരിക്കുന്നു. തന്നെ യഥാർഥമായും സ്‌നേഹിക്കുന്നവർക്ക്‌ സ്രഷ്ടാവ്‌ പ്രതിഫലം നൽകും. നിത്യജീവൻ ആസ്വദിക്കാൻ അവൻ അവരെ പ്രാപ്‌തരാക്കും.

ജീവദായകമായ പരിജ്ഞാനം സമ്പാദിക്കുക എന്നതു നമ്മുടെ പ്രാപ്‌തിക്കധീനമാണ്‌. ആ പരിജ്ഞാനം സുലഭവുമാണ്‌. 2,000-ത്തിലധികം ഭാഷകളിലേക്കു ബൈബിൾ​—⁠ഭാഗികമായോ മുഴുവനായോ​—⁠വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ആളുകളെ വ്യക്തിപരമായി സഹായിക്കുന്നതിനും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ പ്രദാനം ചെയ്യുന്നതിനും 235 ദേശങ്ങളിലുള്ള യഹോവയുടെ സാക്ഷികൾ സന്തോഷമുള്ളവരാണ്‌. അവരുടെ സഹായം സ്വീകരിക്കുന്നത്‌, ഇപ്പോഴുള്ള പരിജ്ഞാനം വർധിപ്പിക്കാൻ നിങ്ങളെ പ്രാപ്‌തനാക്കും.

വ്യക്തിപരമായ പഠനം

ദൈവവുമായുള്ള നിങ്ങളുടെ ബന്ധം നിങ്ങൾക്കും സ്രഷ്ടാവിനും ഇടയിലുള്ള വ്യക്തിപരമായ ഒരു സംഗതിയാണ്‌. അതു നിലനിറുത്താനും ശക്തിപ്പെടുത്താനും നിങ്ങൾക്കു മാത്രമേ കഴിയൂ. അതുപോലെതന്നെ, നിങ്ങൾക്കു നിത്യജീവൻ നൽകാനും അവനു മാത്രമേ സാധിക്കൂ. അതിനാൽ, അവന്റെ എഴുതപ്പെട്ട വചനം നിങ്ങൾ തുടർന്നും വ്യക്തിപരമായി പഠിക്കേണ്ടതുണ്ട്‌. അതിനായി ക്രമമായ അടിസ്ഥാനത്തിൽ ഒരാൾ നിങ്ങളുടെ വീട്ടിൽ വരാൻ ക്രമീകരിക്കുന്നത്‌, പഠനത്തിനു സമയം നീക്കിവെക്കുന്നത്‌ എളുപ്പമാക്കിത്തീർക്കുമെന്നു നിങ്ങൾ തിരിച്ചറിഞ്ഞേക്കാം.

ബൈബിളിലും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലും “ദൈവപരിജ്ഞാനം” അടങ്ങിയിരിക്കുന്നതിനാൽ അവ നന്നായി സൂക്ഷിക്കുന്നത്‌ സമുചിതമാണ്‌. (സദൃശവാക്യങ്ങൾ 2:5) അങ്ങനെ വർഷങ്ങളോളം നിങ്ങൾക്കവ ഉപയോഗിക്കാൻ കഴിയും. നിങ്ങൾ ജീവിക്കുന്നത്‌ ഒരു വികസ്വര രാജ്യത്താണെങ്കിൽ, സ്‌കൂൾ പഠനത്തിനായി അത്രയധികം പാഠപുസ്‌തകങ്ങൾ നിങ്ങൾ ഉപയോഗിച്ചിട്ടുണ്ടാവില്ല. പ്രധാനമായും കണ്ടും കേട്ടും ഒക്കെ ആയിരിക്കാം നിങ്ങൾ കാര്യങ്ങൾ പഠിച്ചിട്ടുള്ളത്‌. ഉദാഹരണത്തിന്‌, ബെനിനിലെ ആളുകൾ മൊത്തത്തിൽ 50-ലധികം ഭാഷകൾ സംസാരിക്കുന്നു. ഓരോരുത്തരും നാലോ അഞ്ചോ ഭാഷകൾ ഒഴുക്കോടെ സംസാരിക്കുന്നതു സാധാരണമാണ്‌. എന്നാൽ ആ ഭാഷകളിലുള്ള പാഠപുസ്‌തകങ്ങൾ ഒരിക്കലും അവർക്ക്‌ ഉണ്ടായിരുന്നിട്ടില്ല. കണ്ടും കേട്ടും ശ്രദ്ധിച്ചും കാര്യങ്ങൾ പഠിക്കാനുള്ള നിങ്ങളുടെ കഴിവ്‌ ഒരു അനുഗ്രഹം തന്നെയാണ്‌. എന്നിരുന്നാലും, പഠനത്തിന്‌ പുസ്‌തകങ്ങൾ വളരെയധികം സഹായിക്കുമെന്നു നിങ്ങൾക്കു കാണാൻ കഴിയും.

നിങ്ങളുടെ വീട്ടിൽ തീരെ കുറച്ചു സ്ഥലസൗകര്യമേ ഉള്ളൂ എങ്കിൽപ്പോലും ബൈബിളിനും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾക്കും ആയി ഉചിതമായ ഒരു സ്ഥലം കണ്ടെത്തുക. പെട്ടെന്ന്‌ എടുക്കാവുന്നതും എന്നാൽ പുസ്‌തകങ്ങൾക്കു കേടു സംഭവിക്കുകയില്ലാത്തതും ആയ ഒരു സ്ഥലത്ത്‌ അവ വെക്കുക.

കുടുംബ അധ്യയനം

നിങ്ങൾക്കു കുട്ടികൾ ഉണ്ടെങ്കിൽ, നിങ്ങൾ സമ്പാദിച്ചുകൊണ്ടിരിക്കുന്ന പരിജ്ഞാനം നേടാൻ അവരെ സഹായിക്കുന്നതിലും നിങ്ങൾ ശ്രദ്ധയുള്ളവർ ആയിരിക്കണം. തങ്ങളുടെ മക്കൾ ജീവിതത്തിൽ വിജയിക്കാനായി വികസ്വര രാജ്യങ്ങളിലെ മാതാപിതാക്കൾ അവരെ വിവിധ ജോലികൾ പഠിപ്പിക്കാറുണ്ട്‌. പാചകം, വിറകുശേഖരണം, വെള്ളം കൊണ്ടുവരൽ, കൃഷി, മത്സ്യബന്ധനം, കൈമാറ്റക്കച്ചവടം എന്നിവയെല്ലാം അതിൽ ഉൾപ്പെട്ടേക്കാം. തീർച്ചയായും, ജീവന്റെ നിലനിൽപ്പിന്‌ അനിവാര്യമായ വിദ്യാഭ്യാസമാണ്‌ ഇത്‌. എന്നാൽ, ഈ വിദ്യാഭ്യാസത്തിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം ഉൾക്കൊള്ളിക്കാൻ അനേകം മാതാപിതാക്കളും പരാജയപ്പെടുന്നു.

നിങ്ങളുടെ സാഹചര്യം എന്തുതന്നെ ആയിരുന്നാലും, വളരെ കുറച്ച്‌ ഒഴിവുസമയമേ ഉള്ളൂ എന്നു നിങ്ങൾക്കു തോന്നുന്നുണ്ടായിരിക്കും. നമ്മുടെ സ്രഷ്ടാവിനും ഇക്കാര്യം അറിയാം. എങ്ങനെയാണ്‌ കുട്ടികളെ തന്റെ വഴികൾ പഠിപ്പിക്കേണ്ടത്‌ എന്നതിനോടുള്ള ബന്ധത്തിൽ വളരെക്കാലം മുമ്പ്‌ അവൻ പറഞ്ഞത്‌ ശ്രദ്ധിക്കുക: “നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.” (ആവർത്തനപുസ്‌തകം 6:7) ഈ മാർഗനിർദേശത്തിന്റെ അടിസ്ഥാനത്തിൽ, മക്കളെ പഠിപ്പിക്കാൻ തനതായ ഒരു മാർഗം വികസിപ്പിച്ചെടുക്കാൻ എന്തുകൊണ്ട്‌ ശ്രമിച്ചുകൂടാ? അതിനുള്ള ചില വിധങ്ങളാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌:

1. ‘വീട്ടിൽ ഇരിക്കുമ്പോൾ’: മറ്റൊരാൾ നിങ്ങളുമൊത്ത്‌ നടത്തിയിരിക്കാവുന്ന ചർച്ചകളെപ്പോലെ, നിങ്ങളുടെ കുട്ടികളോടൊപ്പം ക്രമമായി​—⁠ഒരുപക്ഷേ വാരംതോറും​—⁠ബൈബിൾ ചർച്ചകൾ നടത്താൻ ശ്രമിക്കുക. യഹോവയുടെ സാക്ഷികൾ ഏതു പ്രായത്തിലുള്ള കുട്ടികൾക്കും അനുയോജ്യമായ ബൈബിൾ പ്രസിദ്ധീകരണങ്ങൾ പ്രദാനം ചെയ്യുന്നു.

2. ‘വഴി നടക്കുമ്പോൾ’: കുട്ടികളോട്‌ യഹോവയെക്കുറിച്ച്‌ അനൗപചാരികമായി സംസാരിക്കുക. ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ നിങ്ങൾ അവരെ പഠിപ്പിക്കുന്നതുപോലെ അല്ലെങ്കിൽ അനൗപചാരികമായി നിങ്ങൾ അവർക്കു മാർഗനിർദേശങ്ങൾ പ്രദാനം ചെയ്യുന്നതുപോലെ ഇതും ചെയ്യാവുന്നതാണ്‌.

3. ‘കിടക്കുമ്പോൾ’: എല്ലാ ദിവസവും വൈകുന്നേരം കുട്ടികളോടൊപ്പം പ്രാർഥിക്കുക.

4. ‘എഴുന്നേൽക്കുമ്പോൾ’: ദിവസവും രാവിലെ ഒരു ബൈബിൾ വാക്യം പരിചിന്തിക്കുന്നതിനാൽ അനേകം കുടുംബങ്ങൾക്കും നല്ല പ്രതിഫലം ലഭിച്ചിരിക്കുന്നു. തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ * എന്ന ചെറുപുസ്‌തകം ഉപയോഗിച്ചാണ്‌ യഹോവയുടെ സാക്ഷികൾ ഇതു ചെയ്യുന്നത്‌.

വികസ്വര രാജ്യങ്ങളിലുള്ള അനേകം മാതാപിതാക്കളും, തങ്ങളുടെ കുട്ടികളിൽ ഒരാൾക്ക്‌ മികച്ച ലൗകിക വിദ്യാഭ്യാസം ലഭ്യമാക്കാൻ വളരെയധികം കഷ്ടപ്പെടുന്നു. അതുവഴി, മാതാപിതാക്കൾ പ്രായമാകുമ്പോൾ അവരെ സംരക്ഷിക്കാൻ കുട്ടി പ്രാപ്‌തനാകുന്നു. എന്നാൽ നിങ്ങൾ ബൈബിൾ പഠിക്കുകയും അങ്ങനെ ചെയ്യാൻ കുട്ടികളെ സഹായിക്കുകയും ചെയ്യുന്നെങ്കിൽ നിത്യമായി ജീവിക്കാൻ നിങ്ങളെയും നിങ്ങളുടെ മുഴുകുടുംബത്തെയും പ്രാപ്‌തമാക്കുന്ന പരിജ്ഞാനം നിങ്ങൾ സമ്പാദിക്കും.

സകല കാര്യങ്ങളെയും കുറിച്ചു നമുക്ക്‌ അറിവുള്ള ഒരു കാലം എന്നെങ്കിലും വരുമോ? ഇല്ല. അനന്തവിശാലമായ പ്രപഞ്ചത്തിലൂടെ നമ്മുടെ ഭൂഗ്രഹം അവിരാമം സഞ്ചരിക്കുന്നതുപോലെ, പരിജ്ഞാനം സമ്പാദിക്കുന്നതിൽ നാം അനുസ്യൂതം തുടരും. സഭാപ്രസംഗി 3:​11 ഇപ്രകാരം പറയുന്നു: “[ദൈവം] സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്‌തു നിത്യതയും മനുഷ്യരുടെ ഹൃദയത്തിൽ വെച്ചിരിക്കുന്നു; എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാൻ അവർക്കു കഴിവില്ല.” ഈ പ്രസ്‌താവന എത്ര സത്യമാണ്‌! പരിജ്ഞാന സമ്പാദനം ഒരു അനുഭൂതിയാണ്‌. അത്‌ ഒരിക്കലും അവസാനിക്കില്ല.

[അടിക്കുറിപ്പുകൾ]

^ ഖ. 10 രണ്ടു പ്രസിദ്ധീകരണങ്ങളും യഹോവയുടെ സാക്ഷികളുടേതാണ്‌.

^ ഖ. 23 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[5-ാം പേജിലെ ആകർഷക വാക്യം]

‘അവർ പരിജ്ഞാനം ഉൾക്കൊള്ളുന്നതിന്റെ അർഥം നിത്യജീവൻ എന്നാണ്‌’

[7-ാം പേജിലെ ചിത്രങ്ങൾ]

എന്നുമെന്നേക്കും പരിജ്ഞാനം സമ്പാദിക്കാൻ നിങ്ങളുടെ കുടുംബത്തെ സഹായിക്കുക