പ്രയോജനപ്രദമായ ഒരു പരിഭാഷാ സഹായി
പ്രയോജനപ്രദമായ ഒരു പരിഭാഷാ സഹായി
തന്റെ രാജ്യത്തെക്കുറിച്ചുള്ള സുവാർത്ത “സകലജാതിയും ഗോത്രവും ഭാഷയും വംശവും ആയവരോടു” പ്രഖ്യാപിക്കപ്പെടണമെന്ന് ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയാം ദൈവം ആഗ്രഹിക്കുന്നു. (വെളിപ്പാടു 14:6) എല്ലാ മനുഷ്യർക്കും തന്റെ ലിഖിത വചനം എളുപ്പത്തിൽ ലഭ്യമായിരിക്കണമെന്നാണ് അവന്റെ ആഗ്രഹം. അതിനുചേർച്ചയിൽ, ബൈബിൾ ഇന്ന് അനേകം ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ലോകത്തിലെ മറ്റൊരു പുസ്‌തകത്തിനും അത്രത്തോളം പരിഭാഷകളില്ല. ദൈവത്തിന്റെ ചിന്തകൾ മറ്റു ഭാഷകളിൽ അവതരിപ്പിക്കാൻ ആയിരക്കണക്കിനു പരിഭാഷകർ അവിരാമം പ്രവർത്തിച്ചിരിക്കുന്നു.
എന്നാൽ പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്ന ഒരു ഗ്രന്ഥം മാത്രമല്ല ബൈബിൾ. മറ്റു കൃതികളുടെ പരിഭാഷയിൽ ഒരു സഹായിയായും അതു മിക്കപ്പോഴും ഉപയോഗിക്കപ്പെട്ടിരിക്കുന്നു. ചില വാക്കുകൾക്ക് ഒരു നല്ല പരിഭാഷ കണ്ടെത്താനായി, ബൈബിളിൽ അവ വ്യത്യസ്‌ത ഭാഷകളിലേക്കു പരിഭാഷപ്പെടുത്തിയിരിക്കുന്നത് എങ്ങനെയാണെന്ന് അനേകം പരിഭാഷകരും താരതമ്യം ചെയ്‌തുനോക്കിയിട്ടുണ്ട്. ഒരു പരിഭാഷാ സഹായി എന്ന നിലയിലുള്ള ബൈബിളിന്റെ വൈശിഷ്‌ട്യം ഇപ്പോൾ കമ്പ്യൂട്ടർ പരിഭാഷയിലും പ്രയോജനപ്പെടുത്തിവരികയാണ്.
പരിഭാഷപ്പെടുത്തൽ കമ്പ്യൂട്ടറിനെ ശരിക്കും ‘വെള്ളംകുടിപ്പിക്കുന്ന’ ഒരു സംരംഭമാണ്. അത് കമ്പ്യൂട്ടറിനെക്കൊണ്ടു പറ്റുന്ന പണിയല്ല എന്നുപോലും ചില വിദഗ്‌ധർ വിചാരിക്കുന്നു. എന്തുകൊണ്ട്? ഭാഷ എന്നു പറയുന്നത് കേവലം കുറെ വാക്കുകൾ ചേർത്തുവെക്കുന്നതല്ല. ഓരോ ഭാഷയ്‌ക്കും അതിന്റേതായ പദസമുച്ചയങ്ങളും നിയമങ്ങളും നിയമാപവാദങ്ങളും ശൈലികളും സൂചിതാർഥങ്ങളും ഉണ്ട്. ഇതെല്ലാം കമ്പ്യൂട്ടറിനെ പഠിപ്പിച്ചെടുക്കാനുള്ള ഉദ്യമങ്ങൾ കാര്യമായി വിജയിച്ചിട്ടില്ല. കമ്പ്യൂട്ടർ ചെയ്‌തുതരുന്ന പരിഭാഷ മനസ്സിലാക്കുക മിക്കപ്പോഴും വളരെ ദുഷ്‌കരമായിരുന്നിട്ടുമുണ്ട്.
എന്നാൽ, കമ്പ്യൂട്ടർ ശാസ്‌ത്രജ്ഞന്മാർ ഇപ്പോൾ അതിനായി പുതിയ വഴികൾ തേടുകയാണ് എന്ന് കമ്പ്യൂട്ടർ പരിഭാഷാ രംഗത്തെ അഗ്രഗണ്യരിൽ ഒരാളായ ഫ്രാന്റ്‌സ് യോസെഫ് ഓച്ച് അഭിപ്രായപ്പെടുന്നു. ഇംഗ്ലീഷിൽനിന്നു മലയാളത്തിലേക്കാണ് നിങ്ങൾക്കു പരിഭാഷപ്പെടുത്തേണ്ടതെന്നു വിചാരിക്കുക. ആദ്യംതന്നെ, ഈ രണ്ടു ഭാഷകളിലും ഇപ്പോൾ ലഭ്യമായിട്ടുള്ള കുറെ പാഠഭാഗങ്ങൾ തിരഞ്ഞെടുക്കുക. തുടർന്ന് അതു കമ്പ്യൂട്ടറിൽ പ്രവേശിപ്പിക്കുക. കമ്പ്യൂട്ടർ അവ രണ്ടും താരതമ്യംചെയ്‌തു പഠിക്കുന്നു. ഉദാഹരണത്തിന്, ഇംഗ്ലീഷിലുള്ള ഒരേ വാക്കുതന്നെ കമ്പ്യൂട്ടർ പല സന്ദർഭങ്ങളിൽ കാണുന്നുവെന്നിരിക്കട്ടെ. ഓരോ തവണയും തത്തുല്യമായ മലയാള വാചകത്തിൽ “വീട്” എന്നും അതു കാണുന്നു. അപ്പോൾ പ്രസ്‌തുത ഇംഗ്ലീഷ് വാക്കിനുള്ള അനുയോജ്യ മലയാള പദം “വീട്” ആണെന്ന് അതു നിഗമനം ചെയ്യുന്നു. കൂടാതെ, അതിനു തൊട്ടടുത്തുള്ള വാക്കുകൾ “വലിയ,” “ചെറിയ,” “പഴയ,” “പുതിയ” എന്നിങ്ങനെയുള്ള നാമവിശേഷണങ്ങൾ ആയിരിക്കാൻ സാധ്യതയുണ്ട്.
അങ്ങനെ, തത്തുല്യ പദങ്ങളുടെയും പദസമുച്ചയങ്ങളുടെയും ഒരു പട്ടിക കമ്പ്യൂട്ടർ തയ്യാറാക്കുന്നു. ഏതാനും ദിവസങ്ങളോ ആഴ്‌ചകളോ നീണ്ടുനിൽക്കുന്ന ഈ “പരിശീലനം” കഴിയുമ്പോൾ, “പഠിച്ച” കാര്യങ്ങൾ അത് പരിഭാഷാനിർവഹണത്തിനു ബാധകമാക്കുന്നു. അതിന്റെ ഫലമായി ഉരുത്തിരിയുന്ന പരിഭാഷ, വ്യാകരണത്തിന്റെയും ശൈലിയുടെയും കാര്യത്തിൽ വളരെ പുറകിലായിരുന്നേക്കാമെങ്കിലും സാധാരണഗതിയിൽ അർഥവും പ്രധാന വിശദാംശങ്ങളും മനസ്സിലാക്കാൻ കഴിയുമാറ് വ്യക്തമായിരിക്കും.പരിഭാഷയുടെ ഗുണമേന്മ, ആദ്യം കമ്പ്യൂട്ടറിൽ പ്രവേശിപ്പിച്ച പാഠഭാഗത്തിന്റെ അളവിനെയും ഗുണത്തെയും വലിയ അളവോളം ആശ്രയിച്ചിരിക്കും. ഇവിടെയാണ് ബൈബിളിന്റെ മൂല്യം. അനേകം ഭാഷകളിലേക്ക് അതു ശ്രദ്ധാപൂർവം പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നു. അത് അനായാസം ലഭ്യമാണ്. അതിന്റെ ഉള്ളടക്കം അളവിന്റെ കാര്യത്തിൽ മികച്ചുനിൽക്കുകയും ചെയ്യുന്നു. അതുകൊണ്ട്, പരിഭാഷ നിർവഹിക്കാനായി കമ്പ്യൂട്ടറിനെ പരിശീലിപ്പിക്കാൻ ഗവേഷകൻ ആദ്യം തിരഞ്ഞെടുത്തത് ബൈബിളായിരുന്നു.