ബൈബിൾ ചരിത്രം എത്ര കൃത്യതയുള്ളതാണ്?
ബൈബിൾ ചരിത്രം എത്ര കൃത്യതയുള്ളതാണ്?
ഇസ്രായേലിന്റെ മുൻ പ്രസിഡന്റ് ഹൈയിം ഹെർട്ട്‌സാഗും ടെൽ അവീവ് യൂണിവേഴ്‌സിറ്റിയിലെ പുരാവസ്‌തുശാസ്‌ത്ര പ്രൊഫസർ മോർഡിക്കൈ ഗിഹോനും, ബൈബിളിലെ പോരാട്ടങ്ങൾ (ഇംഗ്ലീഷ്) എന്ന തങ്ങളുടെ പുസ്‌തകത്തിൽ പിൻവരുന്നപ്രകാരം രേഖപ്പെടുത്തി:
“തന്ത്രപ്രധാനമായ പോരാട്ടങ്ങൾ സംബന്ധിച്ചുള്ള ബൈബിൾ വിവരണങ്ങൾ . . . കേവലം ഒരു ഭാവനാസൃഷ്ടി ആയിരിക്കാവുന്നതല്ല. ഉദാഹരണത്തിന്, മിദ്യാന്യർക്കും അവരുടെ സഖ്യകക്ഷികൾക്കും എതിരായി ഗിദെയോൻ നടത്തിയ പടനീക്കം സംബന്ധിച്ച് ന്യായാധിപന്മാർ എന്ന പുസ്‌തകത്തിന്റെ 6 മുതൽ 8 വരെയുള്ള അധ്യായങ്ങളിൽ കാണുന്ന വിവരണത്തെ, ‘ട്രോജൻ യുദ്ധ’വുമായി ബന്ധപ്പെട്ടു നടന്ന പോരാട്ടങ്ങളെക്കുറിച്ച് ഹോമറിന്റെ ഇലിയഡിൽ വിവരിച്ചിരിക്കുന്ന കാര്യങ്ങളോടു താരതമ്യപ്പെടുത്തിയാൽ അതിനുള്ള തെളിവു കാണാൻ കഴിയും. ഒടുവിൽ പറഞ്ഞതിനു ഭൂമിശാസ്‌ത്രപരമായ പശ്ചാത്തലം ഒരുക്കാൻ, ഏതെങ്കിലുമൊരു കടൽത്തീരവും ദൂരെയല്ലാത്ത ഒരു സങ്കേത നഗരവും ധാരാളം മതിയാകും . . . എന്നാൽ ഗിദെയോന്റെ പടനീക്കത്തെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിന്റെ കാര്യത്തിൽ സ്ഥിതി അതല്ല. യുദ്ധത്തിനനുകൂലമായ ഒരു വിധത്തിൽ അതിവിദഗ്‌ധമായി പ്രയോജനപ്പെടുത്താൻ കഴിയുമായിരുന്ന ഒരു ഭൂപ്രദേശത്തിന്റെ സവിശേഷതകൾ അടിസ്ഥാനപ്പെടുത്തി ആസൂത്രണം ചെയ്‌ത വിശദവും തന്ത്രപരവും ആയ നീക്കങ്ങളും ഏറ്റുമുട്ടലുകളും, അറുപതു കിലോമീറ്ററോളം ദൈർഘ്യംവരുന്ന വിസ്‌തൃതമായ രണാങ്കണത്തിൽ ഇരുചേരികളും സ്വീകരിച്ച നടപടികളും അത്ര എളുപ്പത്തിലൊന്നും മറ്റൊരു സ്ഥലത്ത് ആവർത്തിക്കാൻ സാധ്യമല്ല. . . . തന്നിമിത്തം, തന്ത്രപ്രധാനമായ പോരാട്ടങ്ങൾ സംബന്ധിച്ചു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരണങ്ങളുടെ സത്യത വിശ്വസിക്കാൻ നാം നിർബന്ധിതരായിത്തീരുന്നു.”
കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രികയുടെ 18-ഉം 19-ഉം പേജുകളിലുള്ള ഭൂപടത്തിന്റെ സഹായത്താൽ ഗിദെയോന്റെ പടനീക്കത്തെക്കുറിച്ചു നിങ്ങൾക്കു പഠിക്കാൻ കഴിയും. * “മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാർ എല്ലാവരും ഒരുമിച്ചുകൂടി ഇക്കരെ കടന്നു യിസ്രായേൽതാഴ്‌വരയിൽ പാളയം ഇറങ്ങി”യതോടെ ആ ചരിത്രസംഭവം അരങ്ങേറാൻ തുടങ്ങി. ഗിദെയോൻ സഹായത്തിനായി ചുറ്റുമുള്ള ഗോത്രങ്ങളെ വിളിച്ചുവരുത്തി. ഹാരോദ് നീരുറവയും മോരേ കുന്നും തുടർന്ന് യോർദ്ദാൻ താഴ്‌വരയും നിർണായക സ്ഥാനങ്ങളായി മാറി. യോർദ്ദാൻ നദിക്ക് അക്കരെവരെ ഗിദെയോൻ ശത്രുക്കളെ പിന്തുടരുകയും അവിടെവെച്ച് അവരുടെമേൽ വിജയം നേടുകയും ചെയ്‌തു.—ന്യായാധിപന്മാർ 6:33-8:12.
ഇവിടെ പരാമർശിച്ചിട്ടുള്ള പ്രധാന സ്ഥലങ്ങളും ഭൂസവിശേഷതകളും കാണ്മിൻ! ആ ‘നല്ല ദേശം’ എന്ന ലഘുപത്രികയിലുള്ള ഭൂപടത്തിൽ നിങ്ങൾക്കു കാണാൻ കഴിയും. മറ്റൊരു ഭൂപടം (പേജ് 15) ഓരോ ഇസ്രായേൽ ഗോത്രത്തിനും ലഭിച്ച പ്രദേശങ്ങൾ വേർതിരിച്ചുകാട്ടുന്നു. ബൈബിൾവിവരണങ്ങളുടെ കൃത്യത തിരിച്ചറിയാൻ ഈ രണ്ടു ഭൂപടങ്ങളും നിങ്ങളെ സഹായിക്കും.
പരേതനായ പ്രൊഫസർ യോഹാനാൻ ആഹാരോനി നടത്തിയ പിൻവരുന്ന നിരീക്ഷണത്തെ ഇതു പ്രദീപ്‌തമാക്കുന്നു: “ബൈബിൾ നാടുകളുടെ കാര്യത്തിൽ, ഭൂമിശാസ്‌ത്രവും ചരിത്രവും ശക്തമായി പരസ്‌പരം കെട്ടുപിണഞ്ഞുകിടക്കുന്നതിനാൽ ഒന്നിന്റെ സഹായം കൂടാതെ മറ്റേത് ശരിക്കും മനസ്സിലാക്കാനാവില്ല.”
[അടിക്കുറിപ്പ്]
^ ഖ. 4 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[32-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
പശ്ചാത്തല ഭൂപടം: Based on maps copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel.