മാസിഡോണിയയ്‌ക്ക് അവസരോചിത സഹായം
മാസിഡോണിയയ്‌ക്ക് അവസരോചിത സഹായം
“മക്കെദോന്യെക്കു കടന്നുവന്നു ഞങ്ങളെ സഹായിക്ക.” (പ്രവൃത്തികൾ 16:9) ദർശനത്തിൽ അപ്പൊസ്‌തലനായ പൗലൊസിനു പ്രത്യക്ഷനായ ഒരു വ്യക്തിയുടെ ഈ വാക്കുകൾ, പുതിയ ഒരു പ്രദേശത്ത് ദൈവരാജ്യ സുവിശേഷം പ്രസംഗിക്കേണ്ടതിന്റെ ആവശ്യം വെളിപ്പെടുത്തി. ഇന്ന് ആ പ്രദേശം ഗ്രീസിലെ നഗരങ്ങളായിത്തീർന്നിരിക്കുന്നു.
ആധുനിക മക്കെദോന്യയിൽ [മാസിഡോണിയ], ഓരോ 1,840 നിവാസികൾക്കും ഒരു പ്രസാധകൻ അല്ലെങ്കിൽ പ്രസാധിക എന്ന അനുപാതമാണ് ഉള്ളത്. അനേകരും യഹോവയാം ദൈവത്തെക്കുറിച്ചു കേട്ടിട്ടേയില്ല. തീർച്ചയായും, ഈ ദേശത്തെ ആളുകൾ അടിയന്തിരമായി നമ്മുടെ സമാധാന ദൂതു കേൾക്കേണ്ടതുണ്ട്.—മത്തായി 24:14.
അതിനായി ദൈവം ഒരു വഴിതുറന്നുതന്നിരിക്കുന്നു. 2003 നവംബറിൽ, യഹോവയുടെ സാക്ഷികളുടെ മാസിഡോണിയ ഓഫീസിൽ അപ്രതീക്ഷിതമായ ഒരു ഫോൺകോൾ ലഭിക്കുകയുണ്ടായി. മാസിഡോണിയയിലെ അന്താരാഷ്‌ട്ര സഹകരണ ഓഫീസിൽനിന്നായിരുന്നു അത്. നവംബർ 20-ന് ആരംഭിക്കാനിരുന്ന മൂന്നു ദിവസത്തെ ഒരു മേളയിൽ തങ്ങളുടെ വിശ്വാസങ്ങളെക്കുറിച്ചു സന്ദർശകരോടു വിശദീകരിക്കാനായി ഒരു ബൂത്ത് സ്ഥാപിക്കാൻ സാക്ഷികളെ ക്ഷണിക്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. ദൈവരാജ്യത്തിന്റെ സുവാർത്ത കേട്ടിട്ടില്ലാത്ത ആയിരക്കണക്കിന് ആളുകളെ അത് അറിയിക്കുന്നതിനുള്ള എത്ര മഹത്തായ അവസരം!
യഹോവയുടെ സാക്ഷികൾ മാസിഡോണിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വ്യത്യസ്‌ത പ്രസിദ്ധീകരണങ്ങൾ പ്രദർശനത്തിനായി സജ്ജീകരിക്കുന്നതിന് ആ സ്വമേധാസേവകർ അസാധാരണമായ ഉത്സാഹം പ്രകടമാക്കി. ലഭ്യമായ പ്രസിദ്ധീകരണങ്ങളുടെ ഓരോ പ്രതികൾ പ്രദർശനത്തിനായി നിരത്തിവെച്ചു. സന്ദർശകർക്ക് ആഗ്രഹിക്കുന്നപക്ഷം അവയുടെ പ്രതികൾ ചോദിച്ചുവാങ്ങാൻ കഴിയുമായിരുന്നു. നവോന്മേഷദായകമായ ആത്മീയ ജലം സൗജന്യമായി വാങ്ങാൻ ആ പ്രദർശനം അനേകർക്കും അവസരം പ്രദാനം ചെയ്‌തു.—വെളിപ്പാടു 22:17.
സ്വകാര്യ ജീവിതത്തെ സ്‌പർശിക്കുന്ന വിവരങ്ങൾ അടങ്ങിയിട്ടുള്ള പ്രസിദ്ധീകരണങ്ങളാണ് സന്ദർശകരെ വിശേഷിച്ചും ആകർഷിച്ചത്. യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും, കുടുംബസന്തുഷ്ടിയുടെ രഹസ്യം * എന്നിവ അവയിൽപ്പെടുന്നു. യഹോവയുടെ സാക്ഷികൾ തങ്ങളെ സന്ദർശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 98 പേർ അവരുടെ മേൽവിലാസം നൽകുകയുണ്ടായി. സാക്ഷികൾ നിർവഹിക്കുന്ന നല്ല വേലയെയും അവരുടെ പ്രസിദ്ധീകരണങ്ങളുടെ ഗുണമേന്മയെയും കുറിച്ച് അനേകർ വിലമതിപ്പോടെ സംസാരിച്ചു.
ചെറുപ്രായത്തിലുള്ള തന്റെ മകനെ കൈപിടിച്ചു നടത്തിക്കൊണ്ടായിരുന്നു ഒരു വ്യക്തി ബൂത്തിനെ സമീപിച്ചത്. കുട്ടികൾക്കുള്ള സാഹിത്യങ്ങൾ ഉണ്ടോയെന്ന് ചോദിച്ചപ്പോൾ സാക്ഷികൾ അദ്ദേഹത്തിന് എന്റെ ബൈബിൾ കഥാ പുസ്‌തകം * എന്ന പ്രസിദ്ധീകരണം കാണിച്ചുകൊടുത്തു. അതിന്റെ താളുകൾ മറിച്ചുനോക്കിയശേഷം വില എത്രയാണെന്ന് അദ്ദേഹം ആകാംക്ഷയോടെ ആരാഞ്ഞു. യഹോവയുടെ സാക്ഷികൾ നടത്തുന്ന വിദ്യാഭ്യാസവേല പൂർണമായും സ്വമേധയാ സംഭാവനകളാൽ പിന്തുണയ്‌ക്കപ്പെടുന്നതാണെന്നു കേട്ടപ്പോൾ അദ്ദേഹം ആശ്ചര്യഭരിതനായി. (മത്തായി 10:8) കുട്ടിയെ ആ പുസ്‌തകം കാണിച്ചുകൊണ്ട് ആ പിതാവ് ഇങ്ങനെ പറഞ്ഞു: “എത്ര നല്ല പുസ്‌തകം അല്ലേ? ഡാഡി ദിവസവും ഓരോ കഥകൾ മോനെ വായിച്ചുകേൾപ്പിക്കാം, കേട്ടോ!”
മതങ്ങളെക്കുറിച്ച് പൊതുവേ വളരെ താത്‌പര്യം ഉണ്ടായിരുന്ന ഒരു തത്ത്വശാസ്‌ത്ര പ്രൊഫസർ ബൂത്ത് സന്ദർശിക്കുകയുണ്ടായി. യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളിൽ അദ്ദേഹം പ്രത്യേകിച്ചും തത്‌പരനായിരുന്നു. ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം * എന്ന പുസ്‌തകം പരിശോധിക്കുന്നതിനിടയിൽ പ്രൊഫസർ ഇങ്ങനെ പറഞ്ഞു: “എത്ര യുക്തിയുക്തമായിട്ടാണ് ഇതിൽ വിവരങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്! ഏതുവിധത്തിൽ കാര്യങ്ങൾ അവതരിപ്പിക്കപ്പെടണമെന്നു ഞാൻ ആഗ്രഹിച്ചുവോ, അതേ വിധത്തിൽത്തന്നെ.” പിന്നീട് അദ്ദേഹത്തിന്റെ സ്‌കൂളിലെ ചില വിദ്യാർഥികൾ ബൂത്ത് സന്ദർശിക്കുകയും അവരുടെ പ്രൊഫസർ കൊണ്ടുപോയ പുസ്‌തകത്തിന്റെ പ്രതി തങ്ങൾക്കും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തു. അവരും ആ പുസ്‌തകം പഠിക്കാൻ ആഗ്രഹിച്ചു. ക്ലാസ്സെടുക്കുമ്പോൾ അതിൽനിന്നുള്ള വിവരങ്ങൾ അദ്ദേഹം ഉൾപ്പെടുത്തുമെന്ന് അവർ കരുതി.
ഈ പ്രദർശനത്തിലൂടെയാണ് ചില വ്യക്തികൾ ജീവിതത്തിൽ ആദ്യമായി തിരുവെഴുത്തു സത്യങ്ങളുമായി സമ്പർക്കത്തിൽ വന്നത്. സന്ദർശകരുടെ കൂട്ടത്തിൽ, ബധിരരായ ഒരു സംഘം യുവപ്രായക്കാർ ഉണ്ടായിരുന്നു. സാക്ഷികളിൽ ഒരാൾ അവർക്കുവേണ്ടി ഒരു ചെറിയ പ്രസംഗം നടത്തി. ഒരു പെൺകുട്ടി അത് ആംഗ്യഭാഷയിൽ വിശദീകരിച്ചു. ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ * എന്ന പുസ്‌തകത്തിൽനിന്നുള്ള ചിത്രങ്ങൾ കാണിച്ചുകൊണ്ട്, ബധിരർ ഉൾപ്പെടെ അനേകം രോഗികളെ യേശു സൗഖ്യമാക്കിയെന്ന് അദ്ദേഹം വിശദീകരിച്ചു. ഇന്നു ഭൂമിയിൽ ജീവിക്കുന്നവർക്കുവേണ്ടി യേശു പെട്ടെന്നുതന്നെ അത്തരം കാര്യങ്ങൾ ആവർത്തിക്കുമെന്നുള്ള ബൈബിളിന്റെ വാഗ്‌ദാനത്തെക്കുറിച്ചു “കേട്ടപ്പോൾ” അവർക്കു സന്തോഷം തോന്നി. അവരിൽ പലരും ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ സ്വീകരിച്ചു. ആംഗ്യഭാഷ വശമുള്ള ഒരു സാക്ഷി അവരെ സന്ദർശിക്കുന്നതിനുള്ള ക്രമീകരണവും ചെയ്‌തു.
മാസിഡോണിയനു പുറമേ അൽബേനിയൻ, ഇംഗ്ലീഷ്, ടർക്കിഷ് എന്നീ ഭാഷകളിലും സാഹിത്യങ്ങൾ ലഭ്യമായിരുന്നു. മാസിഡോണിയൻ വശമില്ലാതിരുന്ന ഒരു വ്യക്തി ഇംഗ്ലീഷിലുള്ള ചില സാഹിത്യങ്ങൾ ആവശ്യപ്പെട്ടു. വീക്ഷാഗോപുരത്തിന്റെയും ഉണരുക!-യുടെയും പ്രതികൾ സ്വീകരിച്ചശേഷം, തനിക്ക് ടർക്കിഷ് ഭാഷയും അറിയാമെന്ന് അദ്ദേഹം പറയുകയുണ്ടായി. സ്വന്തം ഭാഷയിലുള്ള സാഹിത്യങ്ങൾ കണ്ടപ്പോൾ അദ്ദേഹത്തിനു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല! എല്ലാവരെയും സഹായിക്കാൻ യഹോവയുടെ സാക്ഷികൾ ആഗ്രഹിക്കുന്നെന്ന് അദ്ദേഹത്തിനു മനസ്സിലായി.
എത്ര നല്ല ഒരു സാക്ഷ്യമാണ് ആ അവസരത്തിൽ നൽകപ്പെട്ടത്! ഇത്രയധികം ആളുകൾ ബൈബിൾ സത്യത്തിൽ താത്‌പര്യം പ്രകടിപ്പിച്ചത് എത്ര പ്രോത്സാഹജനകം ആയിരുന്നു! ദൈവരാജ്യത്തിന്റെ സുവാർത്ത മാസിഡോണിയയിൽ വ്യാപിക്കാൻ യഹോവ വഴിയൊരുക്കി എന്നുവേണം പറയാൻ.
[അടിക്കുറിപ്പുകൾ]
^ ഖ. 6 എല്ലാം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
^ ഖ. 7 എല്ലാം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
^ ഖ. 8 എല്ലാം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
^ ഖ. 9 എല്ലാം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
ഒരു നാഴികക്കല്ല്!
2003 മേയ് 17-ന് ദൈവരാജ്യത്തിന്റെ സുവാർത്ത വ്യാപിപ്പിക്കുന്നതിനുള്ള ശ്രമം ഒരു നിർണായക പുരോഗതി കൈവരിച്ചു. അന്നു സ്‌കോപ്‌യെയിൽ യഹോവയുടെ സാക്ഷികളുടെ ഒരു ഓഫീസ് സമർപ്പിക്കപ്പെട്ടു. മുമ്പ് ഉണ്ടായിരുന്നതിന്റെ നാലിരട്ടി സൗകര്യമുള്ള ഈ കെട്ടിടസമുച്ചയത്തിന്റെ നിർമാണം തുടങ്ങിയിട്ട് രണ്ടു വർഷം കഴിഞ്ഞിരുന്നു.
കാര്യനിർവഹണം, പരിഭാഷ എന്നിവയ്‌ക്കും താമസസൗകര്യം, അടുക്കള, അലക്കുശാല എന്നിവയ്‌ക്കും വേണ്ടിയുള്ള മൂന്നു വ്യത്യസ്‌ത കെട്ടിടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരു അംഗമായ ഗൈ പിയേഴ്‌സാണ് സമർപ്പണ പ്രസംഗം നടത്തിയത്. പത്തു രാജ്യങ്ങളിൽനിന്നുള്ള സന്ദർശകർ ഈ പരിപാടിയിൽ സംബന്ധിച്ചു. മനോഹരമായ ആ പുതിയ കെട്ടിടങ്ങൾ എല്ലാവരെയും പുളകംകൊള്ളിച്ചു.
[8, 9 പേജുകളിലെ ഭൂപടം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ബൾഗേറിയ
മാസിഡോണിയ
സ്‌കോപ്‌യെ
അൽബേനിയ
ഗ്രീസ്
[8-ാം പേജിലെ ചിത്രം]
സ്‌കോപ്‌യെ, മാസിഡോണിയ