വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ വചനത്തിൽ ആശ്രയിക്കുക

യഹോവയുടെ വചനത്തിൽ ആശ്രയിക്കുക

യഹോവയുടെ വചനത്തിൽ ആശ്രയിക്കുക

‘ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നു.’—⁠സങ്കീർത്തനം 119:42.

1. 119-ാം സങ്കീർത്തനത്തിന്റെ രചയിതാവിനെയും അദ്ദേഹത്തിന്റെ മനോഭാവത്തെയും കുറിച്ച്‌ നിങ്ങൾക്ക്‌ എന്തു പറയാനാകും?

യഹോവയുടെ വചനത്തെ അഥവാ മൊഴികളെ 119-ാം സങ്കീർത്തനത്തിന്റെ രചയിതാവ്‌ വളരെയേറെ പ്രിയപ്പെട്ടിരുന്നു. യെഹൂദായിലെ രാജകുമാരനായ ഹിസ്‌കീയാവ്‌ ആയിരുന്നിരിക്കാം ആ രചയിതാവ്‌. ഈ നിശ്വസ്‌ത ഗീതത്തിൽ ഉൾക്കൊണ്ടിരിക്കുന്ന വികാരങ്ങൾ, യെഹൂദായിലെ രാജാവായിരിക്കെ “യഹോവയോടു ചേർന്നിരുന്ന” ഹിസ്‌കീയാവിന്റെ മനോഭാവത്തോടു സമാനമാണ്‌. (2 രാജാക്കന്മാർ 18:3-7) ഏതായാലും ഒരു കാര്യം ഉറപ്പാണ്‌: തന്റെ ആത്മീയ ആവശ്യം സംബന്ധിച്ച്‌ ഈ സങ്കീർത്തനക്കാരൻ ബോധവാനായിരുന്നു.​—⁠മത്തായി 5:​3, NW.

2. 119-ാം സങ്കീർത്തനത്തിന്റെ പ്രതിപാദ്യവിഷയം എന്ത്‌, ഇത്‌ ചിട്ടപ്പെടുത്തിയിരിക്കുന്നത്‌ എങ്ങനെ?

2 ദൈവത്തിന്റെ മൊഴികളുടെ മൂല്യമാണ്‌ 119-ാം സങ്കീർത്തനത്തിൽ അടങ്ങിയിരിക്കുന്ന ഒരു മുഖ്യാശയം. ഓർത്തിരിക്കാനുള്ള സൗകര്യത്തിനു വേണ്ടിയാകാം ആ രചയിതാവ്‌ അത്‌ അക്ഷരമാലാക്രമത്തിൽ രചിച്ചത്‌. അതിലെ 176 വാക്യങ്ങൾ എബ്രായ അക്ഷരമാലയുടെ അടിസ്ഥാനത്തിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്‌. മൂല എബ്രായയിൽ, ആ സങ്കീർത്തനത്തിന്റെ 22 ഖണ്ഡങ്ങളിൽ ഓരോന്നിനും ഒരേ അക്ഷരത്തിൽ തുടങ്ങുന്ന 8 വരികളുണ്ട്‌. ദൈവത്തിന്റെ വചനം, ന്യായപ്രമാണം (നിയമം), സാക്ഷ്യങ്ങൾ (അഥവാ ഓർമിപ്പിക്കലുകൾ), വഴികൾ, പ്രമാണങ്ങൾ (അഥവാ ആജ്ഞകൾ), ചട്ടങ്ങൾ, കൽപ്പനകൾ, ന്യായവിധികൾ എന്നിവയെക്കുറിച്ചൊക്കെ ഈ സങ്കീർത്തനം പ്രതിപാദിക്കുന്നു. ഈ ലേഖനത്തിലും അടുത്തതിലും 119-ാം സങ്കീർത്തനത്തെക്കുറിച്ച്‌ നാം ചർച്ച ചെയ്യുന്നതായിരിക്കും. കഴിഞ്ഞ കാലത്തെയും ഇക്കാലത്തെയും യഹോവയുടെ ദാസന്മാരുടെ അനുഭവങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത്‌ ഈ ദിവ്യനിശ്വസ്‌ത കീർത്തനം സംബന്ധിച്ച നമ്മുടെ ഗ്രാഹ്യവും ദൈവത്തിന്റെ ലിഖിത വചനമായ ബൈബിളിനോടുള്ള നമ്മുടെ കൃതജ്ഞതയും വർധിപ്പിക്കേണ്ടതാണ്‌.

ദൈവത്തിന്റെ മൊഴികൾ അനുസരിക്കുക, സന്തുഷ്ടരായിരിക്കുക

3. നിഷ്‌കളങ്കനായിരിക്കുക എന്നതിന്റെ അർഥം വിശദീകരിച്ച്‌ ദൃഷ്ടാന്തീകരിക്കുക.

3 യഥാർഥ സന്തുഷ്ടിയുടെ അടിസ്ഥാനം ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കുന്നതാണ്‌. (സങ്കീർത്തനം 119:1-8) അങ്ങനെ ചെയ്യുന്നപക്ഷം യഹോവ നമ്മെ ‘നടപ്പിൽ നിഷ്‌കളങ്കരായി’ അഥവാ നിർമലരായി വീക്ഷിക്കും. (സങ്കീർത്തനം 119:1) നിഷ്‌കളങ്കരായിരിക്കുക എന്നാൽ പൂർണരായിരിക്കുകയെന്ന്‌ അർഥമില്ല. നാം യഹോവയുടെ ഹിതം ചെയ്യാൻ കഠിനശ്രമം ചെയ്യുന്നുവെന്നാണ്‌ അതു സൂചിപ്പിക്കുന്നത്‌. ‘സത്യദൈവത്തോടുകൂടെ നടന്ന’ ഒരു വ്യക്തിയെന്ന നിലയിൽ നോഹ ‘തന്റെ തലമുറയിൽ നിഷ്‌കളങ്കനായിരുന്നു.’ യഹോവ നിർദേശിച്ചപ്രകാരമുള്ള ജീവിതഗതി പിൻപറ്റിയതിനാൽ വിശ്വസ്‌തനായ ആ പൂർവപിതാവും അദ്ദേഹത്തിന്റെ കുടുംബവും ജലപ്രളയത്തെ അതിജീവിച്ചു. (ഉല്‌പത്തി 6:9; 1 പത്രൊസ്‌ 3:​19, 20) സമാനമായി, ഈ ലോകം നശിപ്പിക്കപ്പെടുമ്പോഴുള്ള നമ്മുടെ അതിജീവനം ‘ദൈവത്തിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിച്ചുകൊണ്ട്‌’ അഥവാ പിൻപറ്റിക്കൊണ്ട്‌ അവന്റെ ഇഷ്ടം ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു.​—⁠സങ്കീർത്തനം 119:⁠4.

4. നമ്മുടെ സന്തുഷ്ടിയും വിജയവും എന്തിനെ ആശ്രയിച്ചിരിക്കുന്നു?

4 ‘പരമാർഥഹൃദയത്തോടെ യഹോവയ്‌ക്കു സ്‌തോത്രം ചെയ്യുകയും അവന്റെ ചട്ടങ്ങളെ ആചരിക്കു’കയും ചെയ്‌താൽ അവൻ നമ്മെ ഒരിക്കലും ഉപേക്ഷിക്കുകയില്ല. (സങ്കീർത്തനം 119:7, 8) ഇസ്രായേല്യ നേതാവായ യോശുവയെ ദൈവം കൈവിട്ടില്ല. കാരണം, ‘ന്യായപ്രമാണപുസ്‌തകത്തിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു അതു രാവും പകലും ധ്യാനിക്കാനുള്ള’ ബുദ്ധിയുപദേശം അവൻ ബാധകമാക്കി. അങ്ങനെ പ്രവർത്തിച്ചതിനാൽ അവൻ വിജയിക്കുകയും ജ്ഞാനപൂർവം പ്രവർത്തിക്കാൻ പ്രാപ്‌തനായിത്തീരുകയും ചെയ്‌തു. (യോശുവ 1:8) മരിക്കാറായപ്പോഴും യോശുവ ദൈവത്തിനു സ്‌തോത്രം ചെയ്‌തിരുന്നു അഥവാ അവനെ സ്‌തുതിച്ചിരുന്നു. അവൻ ഇസ്രായേൽ മക്കൾക്ക്‌ ഈ ഓർമിപ്പിക്കൽ നൽകി: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെക്കുറിച്ചു അരുളിച്ചെയ്‌തിട്ടുള്ള സകലനന്മകളിലുംവെച്ചു ഒന്നിന്നും വീഴ്‌ചവന്നിട്ടില്ലെന്നു നിങ്ങൾക്കു പൂർണ്ണഹൃദയത്തിലും പൂർണ്ണമനസ്സിലും ബോധമായിരിക്കുന്നു.” (യോശുവ 23:14) യോശുവയുടെയും 119-ാം സങ്കീർത്തനത്തിന്റെ രചയിതാവിന്റെയും കാര്യത്തിലെന്നപോലെ, യഹോവയെ സ്‌തുതിക്കുകയും അവന്റെ മൊഴികളിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നത്‌ നമുക്ക്‌ സന്തുഷ്ടിയും വിജയവും നേടിത്തരും.

യഹോവയുടെ മൊഴികൾ നമ്മെ നിർമലരായി കാക്കുന്നു

5. (എ) ആത്മീയമായി ശുദ്ധരായി നിലകൊള്ളാൻ എങ്ങനെ സാധിക്കുമെന്നു വിശദീകരിക്കുക. (ബി) ഗുരുതരമായ പാപംചെയ്‌ത ഒരു യുവവ്യക്തിക്ക്‌ ഏതു സഹായം ലഭ്യമാണ്‌?

5 ദൈവത്തിന്റെ വചനപ്രകാരം നാം നമ്മുടെ നടപ്പു സൂക്ഷിക്കുന്നെങ്കിൽ നമുക്ക്‌ ആത്മീയമായി ശുദ്ധിയുള്ളവരായിരിക്കാൻ കഴിയും. (സങ്കീർത്തനം 119:9-16) നമ്മുടെ മാതാപിതാക്കൾ നല്ലൊരു മാതൃക വെച്ചിട്ടില്ലെങ്കിൽപ്പോലും ഇതു സത്യമാണ്‌. പിതാവ്‌ ഒരു വിഗ്രഹാരാധകൻ ആയിരുന്നെങ്കിലും ഹിസ്‌കീയാവ്‌ ‘തന്റെ നടപ്പു നിർമലമാക്കി,’ സാധ്യതയനുസരിച്ച്‌ പുറജാതി സ്വാധീനങ്ങളിൽനിന്ന്‌. ദൈവത്തെ സേവിക്കുന്ന ഒരു യുവവ്യക്തി ഇന്ന്‌ ഗുരുതരമായ ഒരു പാപം ചെയ്യുന്നുവെന്നു കരുതുക. അനുതാപവും പ്രാർഥനയും മാതാപിതാക്കളുടെ സഹായവും ക്രിസ്‌തീയ മൂപ്പന്മാരുടെ സ്‌നേഹനിർഭരമായ പിന്തുണയും ഹിസ്‌കീയാവിനെപ്പോലെ ആകാനും ‘തന്റെ നടപ്പു നിർമലമാക്കി സൂക്ഷിക്കാനും’ ആ വ്യക്തിയെ സഹായിക്കും.​—⁠യാക്കോബ്‌ 5:13-15.

6. ഏതു സ്‌ത്രീകളാണ്‌ ‘തങ്ങളുടെ നടപ്പു നിർമലമാക്കി ദൈവത്തിന്റെ വചനപ്രകാരം അതിനെ സൂക്ഷിച്ചത്‌’?

6 119-ാം സങ്കീർത്തനം രചിക്കപ്പെട്ടതിന്‌ ദീർഘനാൾ മുമ്പാണു ജീവിച്ചിരുന്നതെങ്കിലും രാഹാബും രൂത്തും ‘തങ്ങളുടെ നടപ്പു നിർമലമാക്കുകയുണ്ടായി.’ രാഹാബ്‌ ഒരു കനാന്യ വേശ്യയായിരുന്നു. എന്നാൽ യഹോവയുടെ ഒരു ആരാധിക എന്ന നിലയിലുള്ള വിശ്വാസത്തിന്‌ അവൾ പേരുകേട്ടവളായിത്തീർന്നു. (എബ്രായർ 11:30, 31) മോവാബ്യ സ്‌ത്രീയായ രൂത്ത്‌ തന്റെ ദേവന്മാരെ ഉപേക്ഷിച്ച്‌ യഹോവയെ സേവിക്കുകയും ഇസ്രായേലിന്‌ അവൻ നൽകിയ ന്യായപ്രമാണത്തിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്‌തു. (രൂത്ത്‌ 1:14-17; 4:9-13) ‘ദൈവത്തിന്റെ വചനപ്രകാരം നടപ്പു സൂക്ഷിച്ച’ ഇസ്രായേല്യരല്ലാതിരുന്ന ഈ രണ്ടു സ്‌ത്രീകൾക്കും യേശുക്രിസ്‌തുവിന്റെ പൂർവമാതാക്കളായിരിക്കാനുള്ള മഹത്തായ പദവി ലഭിച്ചു.​—⁠മത്തായി 1:1, 4-6.

7. ആത്മീയ ശുദ്ധി നിലനിറുത്തുന്നതിൽ ദാനീയേലും മൂന്ന്‌ എബ്രായ യുവാക്കളും ഒരു ഉത്തമ മാതൃക വെച്ചത്‌ എങ്ങനെ?

7 “മനുഷ്യന്റെ മനോനിരൂപണം ബാല്യംമുതൽ ദോഷമുള്ള”താണ്‌. എന്നിരുന്നാലും സാത്താന്റെ നിയന്ത്രണത്തിലുള്ള ദുഷിച്ച ഈ ലോകത്തിൽപ്പോലും നിർമലമായ ഒരു ജീവിതം നയിക്കാൻ യുവജനങ്ങൾക്കു കഴിയും. (ഉല്‌പത്തി 8:21; 1 യോഹന്നാൻ 5:19) ബാബിലോണിൽ പ്രവാസത്തിലായിരുന്ന ദാനീയേലും മൂന്ന്‌ എബ്രായ യുവാക്കളും ‘ദൈവത്തിന്റെ വചനപ്രകാരം തങ്ങളുടെ നടപ്പു സൂക്ഷിച്ചു.’ ഉദാഹരണത്തിന്‌, “രാജാവിന്റെ ഭോജനംകൊണ്ടു” അവർ തങ്ങളെത്തന്നെ അശുദ്ധമാക്കിയില്ല. (ദാനീയേൽ 1:6-10) മോശൈക ന്യായപ്രമാണപ്രകാരം വിലക്കപ്പെട്ടിരുന്ന അശുദ്ധ ജന്തുക്കളെ ബാബിലോന്യർ ഭക്ഷിച്ചിരുന്നു. (ലേവ്യപുസ്‌തകം 11:1-31; 20:24-26) മൃഗങ്ങളെ കൊല്ലുമ്പോൾ രക്തം ഒഴുക്കിക്കളയുന്ന പതിവ്‌ അവർക്കില്ലായിരുന്നു. രക്തം കളയാത്ത മാംസം ഭക്ഷിക്കുന്ന അവരുടെ രീതി ദൈവനിയമത്തിന്റെ ലംഘനമായിരുന്നു. (ഉല്‌പത്തി 9:3, 4) ആ നാല്‌ എബ്രായ യുവാക്കൾ രാജഭോജനം നിരസിച്ചതിൽ യാതൊരു അതിശയവുമില്ല! ദൈവഭക്തരായ ആ യുവാക്കൾ ആത്മീയ ശുദ്ധി നിലനിറുത്തുകയും അങ്ങനെ ഒരു ഉത്തമ മാതൃക വെക്കുകയും ചെയ്‌തു.

ദൈവത്തിന്റെ മൊഴികൾ​—⁠വിശ്വസ്‌തരായിരിക്കുന്നതിന്‌ ഒരു സഹായം

8. ഏത്‌ മനോഭാവവും പരിജ്ഞാനവും ഉണ്ടായിരുന്നാൽ മാത്രമേ ദൈവത്തിന്റെ നിയമം മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും നമുക്കു സാധിക്കുകയുള്ളൂ?

8 യഹോവയോടു വിശ്വസ്‌തരായി നിലകൊള്ളാൻ നമ്മെ സഹായിക്കുന്ന ഒരു പ്രധാന ഘടകമാണ്‌ ദൈവത്തിന്റെ മൊഴികളോട്‌ ഉള്ള പ്രിയം. (സങ്കീർത്തനം 119:17-24) ആ നിശ്വസ്‌ത സങ്കീർത്തനക്കാരനെപ്പോലെയാണ്‌ നാമെങ്കിൽ, ദൈവത്തിന്റെ ന്യായപ്രമാണത്തിലെ ‘അത്ഭുതങ്ങൾ’ ഗ്രഹിക്കാൻ നാം അതിയായി ആഗ്രഹിക്കും. ‘യഹോവയുടെ വിധികൾക്കായി’ നാം സദാ ‘വാഞ്‌ഛിക്കുകയും അവന്റെ സാക്ഷ്യങ്ങളിൽ’ അഥവാ ഓർമിപ്പിക്കലുകളിൽ ‘പ്രമോദിക്കുകയും’ ചെയ്യും. (സങ്കീർത്തനം 119:18, 20, 24) നാം നമ്മെത്തന്നെ യഹോവയ്‌ക്ക്‌ സമർപ്പിച്ചിട്ട്‌ കുറച്ചു നാളുകളേ ആയുള്ളുവെങ്കിൽ ‘വചനം എന്ന മായമില്ലാത്ത പാൽ കുടിക്കാനുള്ള വാഞ്‌ഛ’ നാം വളർത്തിയെടുത്തിട്ടുണ്ടോ? (1 പത്രൊസ്‌ 2:​1-3) പ്രാഥമിക ബൈബിൾ പഠിപ്പിക്കലുകൾ ഗ്രഹിച്ചാൽ മാത്രമേ ദൈവത്തിന്റെ ന്യായപ്രമാണം അഥവാ നിയമം മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും നമുക്കു സാധിക്കുകയുള്ളൂ.

9. മനുഷ്യർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ദൈവനിയമങ്ങൾക്കു വിരുദ്ധമായി വരുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം?

9 നാം ദൈവത്തിന്റെ ഓർമിപ്പിക്കലുകളിൽ പ്രമോദിക്കുന്നുണ്ടാകാം അല്ലെങ്കിൽ അവയെ പ്രിയപ്പെടുന്നുണ്ടാകാം. എന്നാൽ, ഏതെങ്കിലും കാരണത്താൽ ‘പ്രഭുക്കന്മാർ’ അഥവാ അധികാരത്തിലിരിക്കുന്നവർ നമുക്കു വിരോധമായി സംസാരിക്കുന്നെങ്കിലോ? (സങ്കീർത്തനം 119:23, 24) ദൈവ നിയമങ്ങളെക്കാൾ മനുഷ്യരുടെ നിയമങ്ങൾക്കു പ്രാധാന്യം നൽകുന്നതിനു നമ്മെ പ്രേരിപ്പിക്കാൻ അധികാരത്തിലിരിക്കുന്നവർ ഇന്നു മിക്കപ്പോഴും ശ്രമിക്കുന്നുണ്ട്‌. മനുഷ്യർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ദൈവനിയമത്തിനു വിരുദ്ധമായി വരുമ്പോൾ നാം എന്തു ചെയ്യും? യഹോവയോടു വിശ്വസ്‌തത പാലിക്കാൻ ദൈവത്തിന്റെ മൊഴികളോടുള്ള പ്രിയം നമ്മെ സഹായിക്കും. പീഡനം സഹിക്കേണ്ടിവന്ന അപ്പൊസ്‌തലന്മാരെപ്പോലെ നാമും പറയും: “മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.”​—⁠പ്രവൃത്തികൾ 5:29.

10, 11. ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും നമുക്ക്‌ യഹോവയോടു വിശ്വസ്‌തത പാലിക്കാൻ എങ്ങനെ കഴിയുമെന്ന്‌ ദൃഷ്ടാന്തീകരിക്കുക.

10 ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിൽപ്പോലും യഹോവയോടു വിശ്വസ്‌തരായിരിക്കാൻ നമുക്കു സാധിക്കും. (സങ്കീർത്തനം 119:25-32) ദൈവത്തോടു നിർമലത പാലിക്കുന്നതിൽ വിജയിക്കണമെങ്കിൽ നാം പഠിപ്പിക്കപ്പെടാൻ സന്നദ്ധരായിരിക്കണം, ദൈവത്തിന്റെ പ്രബോധനത്തിനായി ആത്മാർഥതയോടെ പ്രാർഥിക്കണം. കൂടാതെ “വിശ്വസ്‌തതയുടെ മാർഗ്ഗം” നാം തിരഞ്ഞെടുക്കുകയും വേണം.​—⁠സങ്കീർത്തനം 119:26, 30.

11 119-ാം സങ്കീർത്തനത്തിന്റെ രചയിതാവായി കരുതപ്പെടുന്ന ഹിസ്‌കീയാവ്‌ “വിശ്വസ്‌തതയുടെ മാർഗ്ഗം” തിരഞ്ഞെടുത്തു. ചുറ്റും വ്യാജാരാധന നടമാടുകയും സാധ്യതയനുസരിച്ച്‌ കൊട്ടാരത്തിലുള്ളവരുടെ പരിഹാസത്തിനു പാത്രമാകുകയും ചെയ്‌തിട്ടും അവൻ അത്തരമൊരു ഗതി തിരഞ്ഞെടുത്തു. ‘അവിടത്തെ ആ സാഹചര്യങ്ങൾ നിമിത്തമായിരിക്കാം അവന്റെ പ്രാണൻ വിഷാദംകൊണ്ട്‌ ഉരുകിയത്‌.’ (സങ്കീർത്തനം 119:28) എന്നാൽ യഹോവയിൽ ആശ്രയിച്ച ഹിസ്‌കീയാവ്‌ നല്ലൊരു രാജാവായിരുന്നു. അവൻ “യഹോവയ്‌ക്കു പ്രസാദമായുള്ളതു ചെയ്‌തു.” (2 രാജാക്കന്മാർ 18:1-5) ദൈവത്തിൽ ആശ്രയിക്കുന്നെങ്കിൽ, പരിശോധനകൾ സഹിച്ചുനിന്നുകൊണ്ട്‌ വിശ്വസ്‌തത പാലിക്കാൻ നമുക്കും കഴിയും.​—⁠യാക്കോബ്‌ 1:5-8.

യഹോവയുടെ മൊഴികൾ ധൈര്യം പകരുന്നു

12. സങ്കീർത്തനം 119:36, 37 നമുക്ക്‌ വ്യക്തിപരമായി ബാധകമാക്കാൻ എങ്ങനെ കഴിയും?

12 ദൈവത്തിന്റെ മൊഴികളിലെ മാർഗനിർദേശം പിൻപറ്റുന്നത്‌ ജീവിതത്തിലുണ്ടാകുന്ന പരിശോധനകളെ തരണം ചെയ്യാനുള്ള ധൈര്യം നമുക്കു പകർന്നുതരുന്നു. (സങ്കീർത്തനം 119:33-40) യഹോവയുടെ നിയമങ്ങൾ “പൂർണ്ണഹൃദയത്തോടെ” പ്രമാണിക്കാൻ കഴിയേണ്ടതിന്‌ നാം താഴ്‌മയോടെ അവന്റെ പ്രബോധനം തേടുന്നു. (സങ്കീർത്തനം 119:33, 34) സങ്കീർത്തനക്കാരനെപ്പോലെ നാം ദൈവത്തോട്‌ ഇപ്രകാരം അഭ്യർഥിക്കുന്നു: “ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ എന്റെ ഹൃദയം ചായുമാറാക്കേണമേ.” (സങ്കീർത്തനം 119:36) അപ്പൊസ്‌തലനായ പൗലൊസിനെപ്പോലെതന്നെ നാമും ‘സകലത്തിലും നല്ലവരായി [“സത്യസന്ധരായി,” NW] നടക്കുന്നു.’ (എബ്രായർ 13:18) സത്യസന്ധമല്ലാത്ത ഏതെങ്കിലും ഒരു കാര്യം ചെയ്യാൻ തൊഴിലുടമ പറയുന്നപക്ഷം, ദൈവിക നിർദേശങ്ങളോടു പറ്റിനിൽക്കാനുള്ള ധൈര്യം നാം സംഭരിക്കുന്നു. നമ്മുടെ അത്തരം പ്രവർത്തനത്തെ യഹോവ എല്ലായ്‌പോഴും അനുഗ്രഹിക്കുന്നു. വാസ്‌തവത്തിൽ, നമ്മുടെ മോശമായ എല്ലാ ചായ്‌വുകളെയും നിയന്ത്രിച്ചുനിറുത്താൻ അവൻ നമ്മെ സഹായിക്കുന്നു. അതിനാൽ നമുക്ക്‌ ഇപ്രകാരം പ്രാർഥിക്കാം: ‘വ്യാജത്തെ [കൊള്ളരുതാത്തവയെ] നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിക്കേണമേ.’ (സങ്കീർത്തനം 119:37) ദൈവം വെറുക്കുന്ന മൂല്യരഹിതമായ യാതൊന്നിനെയും അഭികാമ്യമായി വീക്ഷിക്കാൻ നാം ഒരിക്കലും ആഗ്രഹിക്കുകയില്ല. (സങ്കീർത്തനം 97:10) അത്തരം കാര്യങ്ങളിൽ രണ്ടെണ്ണമാണ്‌ അശ്ലീലവും ആത്മവിദ്യയും.​—⁠1 കൊരിന്ത്യർ 6:9, 10; വെളിപ്പാടു 21:⁠8.

13. പീഡിപ്പിക്കപ്പെട്ടിട്ടും യേശുവിന്റെ ശിഷ്യന്മാർക്ക്‌ സാക്ഷീകരിക്കാനുള്ള ധൈര്യം ലഭിച്ചത്‌ എങ്ങനെ

13 സധൈര്യം സാക്ഷീകരിക്കാനുള്ള ആത്മവിശ്വാസം ദൈവത്തിന്റെ മൊഴികളെക്കുറിച്ചുള്ള സൂക്ഷ്‌മപരിജ്ഞാനത്തിലൂടെ നമുക്ക്‌ ലഭിക്കുന്നു. (സങ്കീർത്തനം 119:41-48) ‘നമ്മെ നിന്ദിക്കുന്നവനോട്‌ ഉത്തരം പറയാൻ’ നമുക്ക്‌ ധൈര്യം ആവശ്യമാണ്‌. (സങ്കീർത്തനം 119:42) ചിലപ്പോഴൊക്കെ നാം യേശുവിന്റെ ശിഷ്യന്മാരെപ്പോലെ ആയിരുന്നേക്കാം. പീഡനം സഹിക്കേണ്ടിവന്നപ്പോൾ അവർ പിൻവരുന്നവിധം പ്രാർഥിച്ചു: ‘[യഹോവേ], നിന്റെ വചനം പൂർണ്ണധൈര്യത്തോടെ പ്രസ്‌താവിപ്പാൻ നിന്റെ ദാസന്മാർക്കു കൃപ നല്‌കേണമേ.’ ഫലമെന്തായിരുന്നു? “എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ദൈവവചനം ധൈര്യത്തോടെ പ്രസ്‌താവിച്ചു.” തന്റെ വചനം ധൈര്യത്തോടെ പ്രസ്‌താവിക്കാൻ ഇതേ പരമാധീശ കർത്താവ്‌ നമ്മെയും ശക്തീകരിക്കുന്നു.​—⁠പ്രവൃത്തികൾ 4:24-31.

14. പൗലൊസിനെപ്പോലെ ധൈര്യത്തോടെ സാക്ഷീകരിക്കാൻ നമ്മെ സഹായിക്കുന്നത്‌ എന്ത്‌?

14 “സത്യത്തിന്റെ വചന”ത്തെ അമൂല്യമായി കരുതുകയും ‘ദൈവത്തിന്റെ ന്യായപ്രമാണം ഇടവിടാതെ പ്രമാണിക്കുകയും’ ചെയ്‌താൽ, ലജ്ജിതരാകുമെന്ന ഭയം കൂടാതെ സാക്ഷീകരിക്കാനുള്ള ധൈര്യം നമുക്കു ലഭിക്കും. (സങ്കീർത്തനം 119:43, 44) ‘രാജാക്കന്മാരുടെ മുമ്പിൽപ്പോലും ദൈവത്തിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കാൻ’ ദൈവത്തിന്റെ ലിഖിത വചനത്തിന്റെ ശുഷ്‌കാന്തിയോടുകൂടിയ പഠനം നമ്മെ സജ്ജരാക്കുന്നു. (സങ്കീർത്തനം 119:46) ഇതിനു പുറമേ, പ്രാർഥനയും യഹോവയുടെ ആത്മാവും ശരിയായ കാര്യങ്ങൾ ഉചിതമായ വിധത്തിൽ സംസാരിക്കാൻ നമ്മെ സഹായിക്കും. (മത്തായി 10:16-20; കൊലൊസ്സ്യർ 4:6) ഒന്നാം നൂറ്റാണ്ടിലെ ഭരണാധികാരികളോട്‌ പൗലൊസ്‌ ദൈവത്തിന്റെ ഓർമിപ്പിക്കലുകളെക്കുറിച്ച്‌ സധൈര്യം സംസാരിച്ചു. ഉദാഹരണത്തിന്‌, പൗലൊസ്‌ റോമൻ ഗവർണറായിരുന്ന ഫേലിക്‌സിനോട്‌ സാക്ഷീകരിച്ചു. അദ്ദേഹം ‘ക്രിസ്‌തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചുള്ള അവന്റെ പ്രസംഗം കേട്ടു.’ (പ്രവൃത്തികൾ 24:24, 25) അതിനു പുറമേ, ഗവർണറായ ഫെസ്‌തൊസിന്റെയും രാജാവായ അഗ്രിപ്പാവിന്റെയും മുമ്പാകെ പൗലൊസ്‌ സാക്ഷീകരിച്ചു. (പ്രവൃത്തികൾ 25:22-26:32) യഹോവയുടെ സഹായത്താൽ നമുക്കും ‘സുവിശേഷത്തെക്കുറിച്ച്‌ ലജ്ജയില്ലാത്ത’ ധീരസാക്ഷികളായിരിക്കാൻ കഴിയും.​—⁠റോമർ 1:16.

ദൈവവചനം ആശ്വാസദായകം

15. നാം പരിഹാസപാത്രമായിത്തീരുമ്പോൾ ആശ്വാസം പകരാൻ ദൈവവചനത്തിനു കഴിയുന്നത്‌ എങ്ങനെ?

15 യഹോവയുടെ ലിഖിത വചനം ആശ്വാസത്തിന്റെ ആശ്രയയോഗ്യമായ ഉറവാണ്‌. (സങ്കീർത്തനം 119:49-56) നമുക്ക്‌ ആശ്വാസം വിശേഷാൽ ആവശ്യമായിരിക്കുന്ന ചില സന്ദർഭങ്ങളുണ്ട്‌. യഹോവയുടെ സാക്ഷികളെന്ന നിലയിൽ നാം സധൈര്യം സംസാരിക്കുന്നുണ്ടെങ്കിലും “അഹങ്കാരികൾ” അഥവാ ദൈവത്തോട്‌ ധിക്കാരം കാട്ടുന്നവർ ചിലപ്പോഴൊക്കെ നമ്മെ ‘അത്യന്തം പരിഹസിക്കാറുണ്ട്‌.’ (സങ്കീർത്തനം 119:51) എന്നിരുന്നാലും, പ്രാർഥനാവേളയിൽ ദൈവവചനത്തിൽ അടങ്ങിയിരിക്കുന്ന പ്രോത്സാഹജനകവും സഹായകവുമായ കാര്യങ്ങൾ ഓർമയിലേക്കുവരുകയും അതു ‘നമുക്കുതന്നെ ആശ്വാസമായിത്തീരുകയും’ ചെയ്‌തേക്കാം. (സങ്കീർത്തനം 119:52) ദൈവത്തോടു നാം അപേക്ഷിക്കുമ്പോൾ, സമ്മർദപൂരിതമായ ഒരു സാഹചര്യത്തിൽ ആവശ്യമായ ധൈര്യവും ആശ്വാസവും പ്രദാനം ചെയ്യുന്ന ഒരു തിരുവെഴുത്തു നിയമമോ തത്ത്വമോ നമ്മുടെ മനസ്സിലേക്കു വന്നേക്കാം.

16. പീഡനത്തിന്മധ്യേപോലും ദൈവദാസർ എന്തു ചെയ്‌തിട്ടില്ല?

16 സങ്കീർത്തനക്കാരനെ പരിഹസിച്ച അഹങ്കാരികൾ ഇസ്രായേല്യരായിരുന്നു, അതായത്‌ ദൈവത്തിനു സമർപ്പിക്കപ്പെട്ട ജനതയിൽപ്പെട്ടവർ. എത്ര ലജ്ജാകരം! അവരുടെ ഗതിയിൽനിന്നു വ്യത്യസ്‌തമായി, നമുക്ക്‌ ദൈവത്തിന്റെ നിയമങ്ങളിൽനിന്ന്‌ ഒരിക്കലും വ്യതിചലിക്കാതിരിക്കാനുള്ള ഉറച്ച തീരുമാനം എടുക്കാം. (സങ്കീർത്തനം 119:51) വർഷങ്ങളിലുടനീളം ആയിരക്കണക്കിന്‌ ദൈവദാസർക്ക്‌ നാസികളുടെ പീഡനവും സമാനമായ ദുഷ്‌പെരുമാറ്റവും നേരിടേണ്ടിവന്നിട്ടുണ്ട്‌. അപ്പോഴൊന്നും അവർ ദൈവവചനത്തിൽ കാണുന്ന നിയമങ്ങളിൽനിന്നും തത്ത്വങ്ങളിൽനിന്നും വ്യതിചലിച്ചില്ല. (യോഹന്നാൻ 15:18-21) അതേ, യഹോവയെ അനുസരിക്കുക എന്നത്‌ ഭാരമുള്ള ഒരു കാര്യമല്ല. കാരണം, അവന്റെ ചട്ടങ്ങൾ നമുക്ക്‌ സാന്ത്വനദായകമായ ഒരു കീർത്തനംപോലെയാണ്‌.​—⁠സങ്കീർത്തനം 119:54; 1 യോഹന്നാൻ 5:⁠3.

യഹോവയുടെ മൊഴികളെപ്രതി നന്ദിയുള്ളവരായിരിക്കുക

17. ദൈവത്തിന്റെ മൊഴികളോടുള്ള വിലമതിപ്പ്‌ എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു?

17 ദൈവത്തിന്റെ മൊഴികൾക്കു ചേർച്ചയിൽ ജീവിച്ചുകൊണ്ട്‌ അതിനോടുള്ള നന്ദി നാം പ്രകടമാക്കുന്നു. (സങ്കീർത്തനം 119:57-64) ‘യഹോവയുടെ വചനങ്ങളെ പ്രമാണിക്കുമെന്ന്‌’ സങ്കീർത്തനക്കാരൻ ‘പറഞ്ഞു.’ കൂടാതെ അവൻ ‘ദൈവത്തിന്റെ നീതിയുള്ള ന്യായവിധികൾ ഹേതുവായി അവന്‌ സ്‌തോത്രം ചെയ്‌വാൻ അർധരാത്രിയിൽപ്പോലും എഴുന്നേറ്റു.’ രാത്രിയിൽ ഉറക്കമുണരുന്നെങ്കിൽ, പ്രാർഥനയിൽ ദൈവത്തിനു നന്ദി നൽകാനുള്ള എത്ര നല്ല അവസരമാണ്‌ അതു പ്രദാനം ചെയ്യുന്നത്‌! (സങ്കീർത്തനം 119:57, 62) ദൈവത്തിന്റെ മൊഴികളോടുള്ള വിലമതിപ്പ്‌ ദിവ്യബോധനം തേടാൻ നമ്മെ പ്രേരിപ്പിക്കുകയും നമ്മെ ‘യഹോവയെ ഭയപ്പെടുന്നവരുടെ’ അഥവാ ദൈവത്തോട്‌ ഭയാദരവുള്ളവരുടെ സന്തുഷ്ട ‘കൂട്ടാളികൾ’ ആക്കിത്തീർക്കുകയും ചെയ്യുന്നു. (സങ്കീർത്തനം 119:63, 64) ഇതിലും മെച്ചമായ ഏതു സഹവാസമാണ്‌ ഇന്നു ഭൂമിയിലുള്ളത്‌?

18. ‘ദുഷ്ടന്മാരുടെ പാശങ്ങൾ നമ്മെ ചുറ്റുന്ന’ സാഹചര്യങ്ങളിൽ യഹോവ നമ്മുടെ പ്രാർഥനകൾക്ക്‌ ഉത്തരമരുളുന്നത്‌ എങ്ങനെ?

18 മുഴുഹൃദയത്തോടെ പ്രാർഥിക്കുകയും ഞങ്ങളെ പഠിപ്പിക്കേണമേ എന്ന്‌ താഴ്‌മയോടെ യഹോവയോട്‌ അപേക്ഷിക്കുകയും ചെയ്യുമ്പോൾ നാം ‘അവന്റെ കൃപയ്‌ക്കായി യാചിക്കുകയാണ്‌’ ചെയ്യുന്നത്‌. ‘ദുഷ്ടന്മാരുടെ പാശങ്ങൾ നമ്മെ ചുറ്റുന്ന’ സാഹചര്യങ്ങളിൽ നാം പ്രത്യേകിച്ചും പ്രാർഥിക്കേണ്ടതുണ്ട്‌. (സങ്കീർത്തനം 119:58, 61) ശത്രുക്കൾ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളാകുന്ന പാശങ്ങളെ പൊട്ടിച്ച്‌ രാജ്യപ്രസംഗ-ശിഷ്യരാക്കൽ വേലയ്‌ക്കായി നമ്മെ സ്വതന്ത്രരാക്കാൻ യഹോവയ്‌ക്കു കഴിയും. (മത്തായി 24:14; 28:19, 20) നമ്മുടെ വേല നിരോധിച്ചിരിക്കുന്ന രാജ്യങ്ങളിൽ ഇത്‌ ആവർത്തിച്ചാവർത്തിച്ച്‌ പ്രകടമായിട്ടുണ്ട്‌.

ദൈവത്തിന്റെ മൊഴികളിൽ വിശ്വാസമുണ്ടായിരിക്കുക

19, 20. കഷ്ടത നമുക്കു ഗുണം ചെയ്യുന്നത്‌ എങ്ങനെ?

19 ദൈവത്തിലും അവന്റെ മൊഴികളിലും ഉള്ള വിശ്വാസം പ്രയാസങ്ങൾ സഹിച്ചുനിൽക്കാനും തിരുഹിതം ചെയ്യുന്നതിൽ തുടരാനും നമ്മെ സഹായിക്കുന്നു. (സങ്കീർത്തനം 119:65-72) ‘അഹങ്കാരികൾ തന്നെക്കുറിച്ച്‌ നുണ പറഞ്ഞുണ്ടാക്കിയെങ്കിലും’ സങ്കീർത്തനക്കാരൻ ഇപ്രകാരം പാടി: “ഞാൻ കഷ്ടതയിൽ ആയിരുന്നതു എനിക്കു ഗുണമായി.” (സങ്കീർത്തനം 119:66, 69, 71) കഷ്ടതയിൽ ആയിരിക്കുന്നത്‌ യഹോവയുടെ ദാസന്മാർക്ക്‌ എങ്ങനെയാണ്‌ ഗുണം ചെയ്യുക?

20 കഷ്ടതയിലായിരിക്കുമ്പോൾ നാം തീർച്ചയായും യഹോവയോട്‌ ആത്മാർഥമായി പ്രാർഥിക്കും. അതു നമ്മെ അവനിലേക്ക്‌ കൂടുതൽ അടുപ്പിക്കുന്നു. കൂടാതെ ദൈവത്തിന്റെ ലിഖിത വചനം പഠിച്ചുകൊണ്ട്‌ നാം ഏറെ സമയം ചെലവഴിക്കുകയും അതു ബാധകമാക്കാൻ കൂടുതലായി ശ്രമിക്കുകയും ചെയ്‌തേക്കാം. അത്‌ ജീവിതത്തെ ഏറെ സന്തോഷകരമാക്കുന്നു. എന്നാൽ, കഷ്ടപ്പാടുണ്ടാകുമ്പോൾ അക്ഷമയോ ദുരഭിമാനമോ പോലുള്ള അനഭിലഷണീയ സ്വഭാവവിശേഷങ്ങൾ പ്രകടമാക്കിക്കൊണ്ടാണ്‌ നാം അതിനോടു പ്രതികരിക്കുന്നതെങ്കിലോ? അത്തരം കുറവുകളെ തരണംചെയ്യുന്നതിനും ഏറെ പൂർണമായി പുതിയ വ്യക്തിത്വം അഥവാ ‘പുതിയ മനുഷ്യനെ ധരിക്കുന്നതിനും’ ആത്മാർഥമായ പ്രാർഥനയും ദൈവവചനവും അവന്റെ ആത്മാവും നമ്മെ സഹായിക്കും. (കൊലൊസ്സ്യർ 3:9-14) മാത്രമല്ല, പ്രതികൂല സാഹചര്യങ്ങൾ സഹിച്ചുനിൽക്കുന്നത്‌ നമ്മുടെ വിശ്വാസത്തിന്‌ കരുത്തുപകരുകയും ചെയ്യുന്നു. (1 പത്രൊസ്‌ 1:6, 7) തന്റെ കഷ്ടപ്പാടുകളിൽനിന്നു പൗലൊസ്‌ പ്രയോജനം നേടി. കാരണം, യഹോവയിലുള്ള ആശ്രയം ദൃഢമാക്കാൻ അത്‌ അവനെ സഹായിച്ചു. (2 കൊരിന്ത്യർ 1:8-10) നമ്മിൽ പ്രയോജനകരമായ ഫലം ഉളവാക്കാൻ നമ്മൾ കഷ്ടപ്പാടുകളെ അനുവദിക്കാറുണ്ടോ?

എല്ലായ്‌പോഴും യഹോവയിൽ ആശ്രയിക്കുക

21. അഹങ്കാരികളെ ദൈവം ലജ്ജിപ്പിക്കുമ്പോൾ എന്തു സംഭവിക്കുന്നു?

21 യഹോവയിൽ ആശ്രയിക്കാനുള്ള ഈടുറ്റ അടിസ്ഥാനം ദൈവത്തിന്റെ മൊഴികൾ നമുക്കു നൽകുന്നു. (സങ്കീർത്തനം 119:73-80) നമ്മുടെ സ്രഷ്ടാവിൽ യഥാർഥമായി ആശ്രയിക്കുന്നപക്ഷം നമുക്ക്‌ ലജ്ജിക്കാൻ യാതൊരു കാരണവും ഉണ്ടായിരിക്കുകയില്ല. എന്നാൽ, മറ്റുള്ളവരുടെ ചെയ്‌തികൾ നിമിത്തം നമുക്ക്‌ ആശ്വാസം വേണ്ടിവരുകയും ഇപ്രകാരം പ്രാർഥിക്കാൻ തോന്നുകയും ചെയ്‌തേക്കാം: “അഹങ്കാരികൾ . . . ലജ്ജിച്ചുപോകട്ടെ.” (സങ്കീർത്തനം 119:76-78) യഹോവ അവരെ ലജ്ജിപ്പിക്കുന്നതിന്റെ ഫലമായി അവരുടെ ദുഷ്‌ചെയ്‌തികൾ വെളിച്ചത്തുവരുകയും ദൈവത്തിന്റെ പവിത്രനാമം വിശുദ്ധീകരിക്കപ്പെടുകയും ചെയ്യും. ദൈവജനത്തെ പീഡിപ്പിക്കുന്നവർക്ക്‌ യഥാർഥത്തിൽ യാതൊന്നും നേടാനാവില്ലെന്നു നമുക്ക്‌ ഉറപ്പുള്ളവരായിരിക്കാൻ കഴിയും. ഉദാഹരണത്തിന്‌, പൂർണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുന്ന അവന്റെ സാക്ഷികളെ തുടച്ചുനീക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല, ഒരിക്കലും അതിനു കഴിയുകയുമില്ല.​—⁠സദൃശവാക്യങ്ങൾ 3:5, 6.

22. സങ്കീർത്തനക്കാരൻ “പുകയത്തു വെച്ച തുരുത്തിപോലെ” ആയിരുന്നത്‌ ഏത്‌ അർഥത്തിൽ?

22 പീഡിപ്പിക്കപ്പെടുമ്പോൾ, ദൈവത്തിന്റെ മൊഴികൾ യഹോവയിലുള്ള നമ്മുടെ ആശ്രയത്തെ കരുത്തുറ്റതാക്കുന്നു. (സങ്കീർത്തനം 119:81-88) അഹങ്കാരികളാലുള്ള പീഡനം നിമിത്തം, താൻ “പുകയത്തു വെച്ച തുരുത്തിപോലെ” ആണെന്ന്‌ സങ്കീർത്തനക്കാരനു തോന്നി. (സങ്കീർത്തനം 119:83, 86) വെള്ളമോ വീഞ്ഞോ മറ്റു ദ്രാവകങ്ങളോ ഒഴിച്ചുവെക്കാൻ തുരുത്തികൾ അഥവാ മൃഗചർമം കൊണ്ടുനിർമിച്ച കുടങ്ങൾ ബൈബിൾ കാലങ്ങളിൽ ഉപയോഗിച്ചിരുന്നു. ഉപയോഗിക്കാത്തപ്പോൾ, ഈ തുകൽക്കുടങ്ങൾ പുക ഏൽക്കുംവിധം തൂക്കിയിട്ടാൽ അവ ചുരുങ്ങിപ്പോകുമായിരുന്നു. പ്രയാസങ്ങളോ പീഡനമോ നിമിത്തം ‘പുകയത്തു വെച്ച തുരുത്തിപോലെയാണ്‌ ഞാൻ’ എന്ന്‌ നിങ്ങൾക്ക്‌ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ഉണ്ടെങ്കിൽ യഹോവയിലുള്ള ആശ്രയത്തോടെ ഇങ്ങനെ പ്രാർഥിക്കുക: “നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.”​—⁠സങ്കീർത്തനം 119:88.

23. സങ്കീർത്തനം 119:1-88 വരെയുള്ള ഭാഗത്തു നാം എന്താണു പരിചിന്തിച്ചത്‌, സങ്കീർത്തനം 119:89-176 വരെ പഠിക്കാനിരിക്കെ നമുക്ക്‌ സ്വയം ഏതു ചോദ്യം ചോദിക്കാം?

23 യഹോവയുടെ ദാസന്മാർ അവന്റെ മൊഴികളിൽ ആശ്രയിക്കുകയും അവന്റെ ചട്ടങ്ങൾ, സാക്ഷ്യങ്ങൾ, കൽപ്പനകൾ, നിയമങ്ങൾ എന്നിവയെ പ്രിയപ്പെടുകയും ചെയ്യുന്നതിനാൽ അവൻ അവരോട്‌ സ്‌നേഹദയ കാണിക്കുന്നതായി 119-ാം സങ്കീർത്തനത്തിന്റെ ആദ്യപകുതിയിൽ നാം പരിചിന്തിച്ചു. (സങ്കീർത്തനം 119:16, 47, 64, 70, 77, 88) യഹോവയുടെ അർപ്പിത ദാസന്മാർ അവന്റെ വചനപ്രകാരം നടപ്പു സൂക്ഷിക്കുന്നതിൽ അവൻ സംപ്രീതനാണ്‌. (സങ്കീർത്തനം 119:9, 17, 41, 42) മനോഹരമായ ഈ സങ്കീർത്തനത്തിന്റെ ശേഷിച്ച ഭാഗത്തെക്കുറിച്ചു പഠിക്കാനിരിക്കെ നിങ്ങൾക്ക്‌ സ്വയം ഇപ്രകാരം ചോദിക്കാവുന്നതാണ്‌: ‘എന്റെ പാതയെ പ്രകാശിപ്പിക്കാൻ ഞാൻ യഹോവയുടെ മൊഴികളെ യഥാർഥത്തിൽ അനുവദിക്കുന്നുണ്ടോ?’

നിങ്ങൾ എങ്ങനെ ഉത്തരം പറയും?

• യഥാർഥ സന്തുഷ്ടിയുടെ അടിസ്ഥാനമെന്ത്‌?

• യഹോവയുടെ മൊഴികൾ നമ്മെ ആത്മീയ ശുദ്ധിയുള്ളവരായി കാക്കുന്നത്‌ എങ്ങനെ?

• ഏതെല്ലാം വിധങ്ങളിലാണ്‌ ദൈവത്തിന്റെ മൊഴികൾ ധൈര്യവും ആശ്വാസവും പകരുന്നത്‌?

• യഹോവയിലും അവന്റെ മൊഴികളിലും നമുക്ക്‌ വിശ്വാസം ഉണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[11-ാം പേജിലെ ചിത്രങ്ങൾ]

രൂത്ത്‌, രാഹാബ്‌ എന്നിവരും ബാബിലോണിൽ പ്രവാസത്തിലായിരുന്ന എബ്രായ യുവാക്കളും ‘ദൈവത്തിന്റെ വചന പ്രകാരം തങ്ങളുടെ നടപ്പു സൂക്ഷിച്ചു’

[12-ാം പേജിലെ ചിത്രം]

പൗലൊസ്‌ സധൈര്യം ‘രാജാക്കന്മാരുടെ മുമ്പിൽ ദൈവത്തിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിച്ചു’