വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിജ്ഞാന പ്രളയം നമ്മെ മുക്കിക്കളയുന്നുവോ?

വിജ്ഞാന പ്രളയം നമ്മെ മുക്കിക്കളയുന്നുവോ?

വിജ്ഞാന പ്രളയം നമ്മെ മുക്കിക്കളയുന്നുവോ?

അഭൗമസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ചന്ദ്രബിംബത്തിൽ ദൃഷ്ടികൾ പതിപ്പിച്ചുകൊണ്ട്‌ പശ്ചിമ ആഫ്രിക്കയിലുള്ള ഒരു മിഷനറി ദമ്പതികൾ കടൽത്തീരത്ത്‌ ഇരിക്കുകയായിരുന്നു. “ചന്ദ്രനെക്കുറിച്ച്‌ മനുഷ്യർ എത്രയധികം മനസ്സിലാക്കിയിരിക്കുന്നു. ഇനിയും എന്തെല്ലാം കാര്യങ്ങൾ അറിയാനിരിക്കുന്നു?” ഭർത്താവ്‌ അഭിപ്രായപ്പെട്ടു.

അപ്പോൾ ഭാര്യ പറഞ്ഞുതുടങ്ങി: “ശൂന്യാകാശത്തിലൂടെ നമ്മുടെ ഭൂഗോളം ഇങ്ങനെ ഒഴുകിനടക്കുന്നതു കാണാൻ നമുക്കു കഴിയുന്നതായി ഒന്നു സങ്കൽപ്പിച്ചുനോക്കൂ. ഈ ഗ്രഹത്തിലുള്ളവർക്ക്‌ ഇപ്പോൾത്തന്നെ എന്തുമാത്രം അറിവുണ്ട്‌. അവർ ഇനിയും എന്തെല്ലാം പഠിക്കാനിരിക്കുന്നു? ഒന്നോർത്തുനോക്കൂ! ഭൂമി സൂര്യനെ ചുറ്റുന്നതോടൊപ്പം നമ്മുടെ സൗരയൂഥം മൊത്തത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഇതിനർഥം, പ്രപഞ്ചത്തിലെ ഇതേ സ്ഥാനത്ത്‌ ഒരുപക്ഷേ ഇനിയൊരിക്കലും നാം വന്നെത്തുകയില്ല എന്നാണ്‌. യഥാർഥത്തിൽ, പരിചിതമായ മറ്റ്‌ ആകാശഗോളങ്ങളോടുള്ള ബന്ധത്തിൽ നമ്മുടെ സ്ഥാനം എവിടെയാണെന്നു മാത്രമേ നമുക്കറിയൂ. പല കാര്യങ്ങളെക്കുറിച്ചും നമുക്കു വർധിച്ച അറിവുണ്ട്‌. എന്നാൽ ഒരർഥത്തിൽ, നമ്മൾ എവിടെയാണു സ്ഥിതിചെയ്യുന്നത്‌ എന്നുപോലും നമുക്കറിയില്ല!”

ഇതെല്ലാം ചില അടിസ്ഥാന സത്യങ്ങളിലേക്കു വിരൽചൂണ്ടുന്നു. നമുക്കു പഠിക്കാൻ ഇനിയും ധാരാളം സംഗതികൾ ഉണ്ടെന്നു തോന്നുന്നു. നാം ഓരോരുത്തരും ദിവസവും പുതിയ പുതിയ കാര്യങ്ങൾ പഠിക്കുന്നു എന്നതിനു സംശയമില്ല. എന്നാൽ എന്തുമാത്രം പഠിച്ചാലും, ആഗ്രഹിക്കുന്നതെല്ലാം ആഗ്രഹിക്കുന്ന വേഗത്തിൽ പഠിക്കാൻ പലപ്പോഴും നമുക്കു കഴിയാതെപോകുന്നു.

പുതിയ വിവരങ്ങൾ ഗ്രഹിക്കാനുള്ള കഴിവിനു പുറമേ, അറിവ്‌ സംഗ്രഹിച്ചുവെക്കാനുള്ള പ്രാപ്‌തിയും അസാധാരണമാംവിധം വർധിച്ചിരിക്കുന്നു എന്നതു ശരിതന്നെ. സാങ്കേതിക വിദ്യയിലൂടെ മനുഷ്യൻ സൂക്ഷിച്ചുവെച്ചിരിക്കുന്ന വിജ്ഞാനത്തിന്റെ ആകെത്തുക അതിഭീമമാണ്‌. നിലവിലുള്ള കമ്പ്യൂട്ടർ ഹാർഡ്‌ ഡിസ്‌കുകളുടെ അതിശയിപ്പിക്കുന്ന കാര്യക്ഷമത നിമിത്തം അവയെ പരാമർശിക്കാൻ പുതിയ ഗണിതശാസ്‌ത്ര പദങ്ങൾതന്നെ കണ്ടെത്തേണ്ടതായിവന്നിട്ടുണ്ട്‌. ഒരു സാധാരണ സിഡി-റോം-ൽ സൂക്ഷിക്കാവുന്ന വിവരങ്ങൾ കുറച്ചൊന്നുമല്ല. അതിന്റെ ശേഷി 680 മെഗാബൈറ്റ്‌സോ അതിൽ കൂടുതലോ ആണ്‌. ഒരു സാമാന്യ ഡിവിഡി-യിൽ അതിനെക്കാൾ ഏകദേശം ഏഴിരട്ടി വിവരങ്ങൾ നിറയ്‌ക്കാൻ കഴിയും. കൂടുതൽ ശേഷിയുള്ളവയും ലഭിക്കാൻ തുടങ്ങിയിരിക്കുന്നു.

വിവരങ്ങൾ കൈമാറാൻ ആധുനിക മനുഷ്യൻ കണ്ടെത്തിയിരിക്കുന്ന ഉപാധികൾ മിക്കവാറും നമ്മുടെ ഗ്രാഹ്യത്തിനതീതമാണ്‌. റോട്ടറി പ്രസ്സുകൾ അവിശ്വസനീയമായ വേഗത്തിൽ വർത്തമാനപത്രങ്ങളും മാസികകളും പുസ്‌തകങ്ങളും അച്ചടിക്കുന്നു. നിസ്സീമമായ വിവരങ്ങളാണ്‌ ഇന്റർനെറ്റ്‌ ഉപയോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിനിൽക്കുന്നത്‌. ഇങ്ങനെ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ, നമുക്ക്‌ ഉൾക്കൊള്ളാൻ കഴിയുന്നതിലും വേഗത്തിൽ അറിവിന്റെ ചക്രവാളം വികസിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ വിജ്ഞാനപ്രളയത്തെ ചിലപ്പോഴൊക്കെ ഒരു സമുദ്രത്തോട്‌ ഉപമിക്കാറുണ്ട്‌. അതു മുഴുവൻ അകത്താക്കാൻ ശ്രമിക്കുന്നതിനു പകരം നാം അതിൽ നീന്തിത്തുടിക്കാൻ പഠിക്കേണ്ടതുണ്ട്‌. അളവറ്റ ഈ വിജ്ഞാനശേഖരത്തിൽനിന്ന്‌ ഏതെല്ലാം വിവരങ്ങൾ സ്വീകരിക്കണമെന്ന കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പു നടത്താൻ നാം നിർബന്ധിതരാകുന്നു.

വിജ്ഞാനം തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ വേണം എന്നു പറയുന്നതിന്റെ മറ്റൊരു കാരണം, ലഭ്യമായിട്ടുള്ള വിവരങ്ങളിൽ അധികവും എല്ലായ്‌പോഴും പ്രയോജനപ്രദമല്ല എന്നതാണ്‌. യഥാർഥത്തിൽ അവയിൽ ചിലത്‌ അനഭികാമ്യമാണ്‌ അഥവാ പ്രയോജനരഹിതമാണ്‌. പരിജ്ഞാനം അർഥമാക്കുന്നത്‌ അറിവിനെയാണ്‌, അതു നല്ലതോ ചീത്തയോ ആകാം, പരിപുഷ്ടിപ്പെടുത്തുന്നതോ അല്ലാത്തതോ ആകാം. അനേകരും സത്യമെന്നു കരുതുന്ന പല സംഗതികളും കൃത്യതയുള്ളതല്ല എന്നത്‌ സാഹചര്യത്തെ കൂടുതൽ കുഴപ്പിക്കുന്നു. ആദരണീയ സ്ഥാനങ്ങളിലുള്ളവരുടെപോലും ചില പ്രസ്‌താവനകൾ അബദ്ധമോ വ്യാജമോ ആയിരുന്നെന്നു പിന്നീടു തെളിയിക്കപ്പെട്ട എത്രയോ ഉദാഹരണങ്ങൾ നമുക്കറിയാം. പുരാതന എഫെസൊസിലെ പട്ടണമേനവന്റെ കാര്യമെടുക്കുക. തീർച്ചയായും, വളരെ അറിവുള്ള ഒരു വ്യക്തി ആയിട്ടാണ്‌ അവിടത്തുകാർ അദ്ദേഹത്തെ വീക്ഷിച്ചിരുന്നത്‌. “എഫെസൊസ്‌പട്ടണം അർത്തെമിസ്‌ മഹാദേവിക്കും ദ്യോവിൽനിന്നു [“സ്വർഗത്തിൽനിന്നു,” NW] വീണ ബിംബത്തിന്നും ക്ഷേത്രപാലക എന്നു അറിയാത്ത മനുഷ്യൻ ആർ?” എന്ന്‌ അദ്ദേഹം ചോദിച്ചു. (പ്രവൃത്തികൾ 19:35, 36) ഇക്കാര്യം എല്ലാവർക്കും അറിയാവുന്ന​—⁠അനേകരും പറഞ്ഞേക്കാവുന്നതുപോലെ നിസ്‌തർക്കംപോലും ആയ​—⁠ഒരു കാര്യമായി കാണപ്പെട്ടെങ്കിലും ആ ബിംബം സ്വർഗത്തിൽനിന്നു വീണു എന്നത്‌ സത്യമായിരുന്നില്ല. “ജ്ഞാനം എന്നു വ്യാജമായി പേർ പറയുന്ന” കാര്യങ്ങൾ ഒഴിവാക്കാൻ വിശുദ്ധ ബൈബിൾ ക്രിസ്‌ത്യാനികളെ ഓർമിപ്പിക്കുന്നത്‌ നല്ല കാരണത്തോടെയാണ്‌.​—⁠1 തിമൊഥെയൊസ്‌ 6:20.

പരിജ്ഞാനം സമ്പാദിക്കുന്നതിനോടുള്ള ബന്ധത്തിൽ നാം തിരഞ്ഞെടുപ്പു നടത്തേണ്ടതിന്റെ ശക്തമായ ഒരു കാരണം, ഇപ്പോഴത്തെ നമ്മുടെ ജീവിതം വളരെ ഹ്രസ്വമാണെന്നതാണ്‌. നിങ്ങളുടെ പ്രായം എന്തുതന്നെ ആയിരുന്നാലും, നിങ്ങൾ സൂക്ഷ്‌മപഠനം നടത്താൻ ആഗ്രഹിക്കുന്ന അനേകം വിജ്ഞാനശാഖകൾ ഉണ്ടെന്നതിനു സംശയമില്ല. എന്നാൽ അതിനു കഴിയുംവിധം ദീർഘകാലം നിങ്ങൾ ജീവിച്ചിരിക്കുകയില്ലെന്നു നിങ്ങൾക്കറിയാം.

ഈ അടിസ്ഥാന പ്രശ്‌നത്തിന്‌ എന്നെങ്കിലും ഒരു മാറ്റമുണ്ടാകുമോ? ആയുഷ്‌കാലത്തെ ശ്രദ്ധേയമായി​—⁠ശാശ്വതകാലത്തോളംപോലും​—⁠ദീർഘിപ്പിക്കുന്ന ഒരു വിജ്ഞാനമേഖല ഉദയം ചെയ്യുമോ? അത്തരം പരിജ്ഞാനം ഇപ്പോൾത്തന്നെ നിലവിലുണ്ടോ? ഉണ്ടെങ്കിൽ അത്‌ എല്ലാവർക്കും ലഭ്യമാക്കപ്പെടുമോ? നാം പ്രതീക്ഷിക്കുന്നതുപോലെ എല്ലാ വിജ്ഞാനവും സത്യം മാത്രമായിരിക്കുന്ന ഒരു നാൾ വന്നെത്തുമോ? മുമ്പു പരാമർശിച്ച മിഷനറി ദമ്പതികൾ ഈ ചോദ്യങ്ങൾക്കുള്ള തൃപ്‌തികരമായ ഉത്തരങ്ങൾ കണ്ടെത്തിയിരിക്കുന്നു. നിങ്ങൾക്കും അതിനു കഴിയും. ദയവായി അടുത്ത ലേഖനം വായിക്കുക. എന്നുമെന്നേക്കും പരിജ്ഞാനം സമ്പാദിക്കുന്നതിനുള്ള പ്രത്യാശ അതു നിങ്ങൾക്കു വെച്ചുനീട്ടും.